മോതിരം മാറുന്ന സമയം പോലും അവൻ ദിവ്യയുടെ മുഖത്തേക്ക് ഒരു വട്ടം പോലും നോക്കിയിരുന്നില്ല. മനപ്പൂർവമല്ല തന്നെ..

(രചന: അംബിക ശിവശങ്കരൻ)

“ഉണ്ണി ദേ ഈ കുട്ടിയെ ഒന്ന് നോക്കിയേ… നല്ല കുടുംബക്കാരാ.. രണ്ടു വീട്ടുകാരും പരസ്പരം സംസാരിച്ചു.രണ്ടുകൂട്ടർക്കും സമ്മതമാണ് ഇനി നിന്റെ സമ്മതം കൂടി അറിഞ്ഞാൽ മതി.”

ഭക്ഷണം കഴിച്ച് പതിവുപോലെ അനിയത്തി ചിന്നുവുമായി അടിപിടി കൂടിക്കൊണ്ടിരിക്കുന്നപ്പോഴാണ് അമ്മ അവിടേക്ക് വന്നത്.

“ഏതുനേരത്താണാവോ അമ്മയും അച്ഛനും കണ്ടെത്തുന്ന ഏത് പെൺകുട്ടിയെ ആയാലും വിവാഹം കഴിച്ചോളാം എന്ന് വാക്ക് കൊടുക്കാൻ തോന്നിയത്…?”

“അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ആത്മാർത്ഥമായി സ്നേഹിച്ചവൾ തനിക്ക് ഒരു പട്ടിയുടെ വില പോലും തരാതെ മറ്റൊരുത്തന്റെ സ്വന്തമാക്കുന്നത് കണ്ടു നിൽക്കേണ്ടി വന്ന നിമിഷം,അന്നുവരെ ശീലമില്ലാത്ത മദ്യം തന്നെ വിഴുങ്ങാൻ അനുവദിച്ചപ്പോഴും…

ബോധമില്ലാതെ ഏതോ ഒരു വണ്ടിയുടെ മുന്നിൽ ചാടി ചാവാൻ നോക്കിയപ്പോഴും ചിന്തിക്കണമായിരുന്നു ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്.

അന്ന് ആ വണ്ടിയിൽ ആരായിരുന്നാലും അവരുടെ കരുണ കൊണ്ട് രക്ഷപ്പെട്ടു. പക്ഷേ അതിനുശേഷം അമ്മയുടെ തോരാത്ത കണ്ണുനീർ കണ്ടപ്പോൾ മനസ്സില്ല മനസ്സോടെ ആണെങ്കിലും വാക്കു കൊടുക്കേണ്ടി വന്നു,ഇനി ഒരിക്കലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ലെന്നും എല്ലാം മറന്ന് അവർ പറയുന്ന പെൺകുട്ടിയെ വിവാഹം ചെയ്തോളാമെന്നും… പക്ഷേ ഇത്ര വേഗം അത് തനിക്ക് തന്നെ പാരയാകുമെന്ന് കരുതിയില്ല.

“എന്താടാ നീ ആലോചിക്കുന്നത്?നീ എന്താ മറുപടി പറയാത്തത്.?”

“എന്തിനാ അമ്മേ ഇപ്പോൾ തിരക്കുപിടിച്ച ഒരു കല്യാണാലോചന. അതിന് ഇനിയും സമയമുണ്ടല്ലോ…. ജോലി കിട്ടിയിട്ട് ഒരു മാസം പോലുമായില്ലലോ…. ഞാൻ അതൊക്കെ ഒന്ന് ആസ്വദിക്കട്ടെ..”

അവൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

” ഇനി എപ്പോഴാ ഉണ്ണി… മൂക്കിൽ പല്ല് വന്നിട്ടോ?നിനക്ക് ഈ വർഷം 30 തികയുകയാണ്. ഈ വർഷം തന്നെ വിവാഹം നടത്തണമെന്ന ജ്യോൽസ്യൻ പറഞ്ഞത്. അദ്ദേഹം പറഞ്ഞാൽ പറഞ്ഞതാണ് … ജോലി കിട്ടാൻ വേണ്ടിയാ ഇത്ര നാൾ ഞങ്ങൾ കാത്തിരുന്നത്… ഇനി നിനക്ക് വേണ്ടത് ഒരു കൂട്ടാണ്.. നിനക്ക് ഈ കുട്ടിയെ ഇഷ്ടമായില്ലെങ്കിൽ പറ നമുക്ക് വേറെ നോക്കാം… ”

അമ്മ തുനിഞ്ഞിറങ്ങിയ മട്ടാണ് ഇനി എന്ത്‌ പറഞ്ഞിട്ടും കാര്യമില്ല.

“വേണ്ട വേണ്ട ഇനി ഈ വയസ് കാലത്ത് അമ്മ ഇനി പെണ്ണിനെ തപ്പി ഇറങ്ങണ്ട എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ നടക്കട്ടെ…”

“അപ്പോൾ നിനക്ക് ആ കുട്ടിയെ പോയി ഒന്ന് കാണണ്ടേ?”

ഇഷ്ടമില്ലാത്ത വിവാഹത്തിന് ഇനിയെന്ത് പെണ്ണുകാണൽ???

” വേണ്ട അമ്മയും അച്ഛനും കണ്ടല്ലോ അതുമതി. ”

അവൻ അതും പറഞ്ഞ് അവിടെ നിന്നും തടിയൂരി.

അങ്ങനെ എല്ലാവരുടെയും ആഗ്രഹപ്രകാരമാണ് മോതിരം മാറ്റം ചടങ്ങ് നടത്തിയത്. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പേര് ദിവ്യ എന്നല്ലാതെ മറ്റൊന്നും തന്നെ അവന് ആ കുട്ടിയെ കുറിച്ച് അറിയില്ലായിരുന്നു.

മോതിരം മാറുന്ന സമയം പോലും അവൻ ദിവ്യയുടെ മുഖത്തേക്ക് ഒരു വട്ടം പോലും നോക്കിയിരുന്നില്ല. മനപ്പൂർവമല്ല തന്നെ ചതിച്ചവൾ ആണെങ്കിലും ഉണ്ണിമായയോടുള്ള സ്നേഹം അത്രവേഗം മായ്ച്ചു കളയാൻ പറ്റുന്ന ഒന്നായിരുന്നില്ല.

“എന്നാലും ഏട്ടൻ ഒന്ന് ദിവ്യ ചേച്ചിയോട് സംസാരിക്കാതെ പോലും വന്നത് മോശമായിപ്പോയി. പാവം ആ ചേച്ചിക്ക് വിഷമമായി കാണില്ലേ?”

ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയതും ചിന്നുവിന്റെ വക പരാതിയുടെ കെട്ടഴിഞ്ഞു.

” എനിക്ക് ഇതുവരെ പരിചയമില്ലാത്ത, ജീവിതത്തിൽ ആദ്യമായി കാണുന്ന ഒരു പെണ്ണിനോട് ഞാനെന്തു സംസാരിക്കാൻ ആണ്? പിന്നെ ഇതെല്ലാം നിങ്ങളുടെ ഇഷ്ടപ്രകാരം ആയിരുന്നില്ലേ ഞാൻ അതിന് നിന്നു തന്നു എന്ന് മാത്രം..”

ചിന്നുവിന്റെ വായടപ്പിക്കാൻ ഇതല്ലാതെ മറ്റൊന്നും അവന്റെ നാവിൽ വന്നില്ല.

” അതിന് ഏട്ടനല്ലേ ദിവ്യ ചേച്ചിയെ അറിയാത്തത് ദിവ്യ ചേച്ചിയ്ക്ക് ഏട്ടനെ നന്നായിട്ട് അറിയാമെങ്കിലോ… ”

യാതൊരു ഭാവ മാറ്റവുമില്ലാതെ അവൾ അത് പറയുമ്പോൾ ഉണ്ണി അത്ഭുതത്തോടെ അവളെ തുറിച്ചു നോക്കി.

“എന്ത്…ദിവ്യയ്ക്ക് എന്നെ ഇതിനുമുൻപ് അറിയാമെന്നോ… നീ വെറുതെ കളി പറയാതെ ചിന്നു..”

അവന്റെ ആകാംക്ഷ ഇരട്ടിയായി.

” അതെ.. ദിവ്യ ചേച്ചി ഏട്ടനെ കണ്ടിട്ടുമുണ്ട്. ഏട്ടന്റെ കാര്യങ്ങൾ അന്വേഷിക്കാറുമുണ്ട്. ”

” ചിന്നു നീ ഒരുമാതിരി ആളെ പൊട്ടനാക്കാതെ കാര്യം തെളിച്ചു പറയാണുണ്ടോ? ”

അവന് എന്തെന്നില്ലാത്ത ദേഷ്യം കയറി.

” എന്റെ ഏട്ടാ… മുൻപൊരിക്കൽ കുടിച്ചു ബോധമില്ലാതെ ഏട്ടൻ ഒരു വണ്ടിയുടെ മുന്നിൽ ചാടിയത് ഓർക്കുന്നുണ്ടോ…?. അന്ന് ആ വണ്ടിയിൽ ഉണ്ടായത് മറ്റാരുമല്ല ദിവ്യ ചേച്ചിയും ദിവ്യ ചേച്ചിയുടെ മൂത്ത ഏട്ടനും ആയിരുന്നു…ഏട്ടന്റെ ഫോൺ എടുത്ത് അന്ന് അമ്മയെ വിളിച്ചതും, ഏട്ടനെ ആ രാത്രി അവിടെ ഇട്ടിട്ട് പോകാതെ ഇവിടെ കൊണ്ടാക്കിയതും അവരാണ്.

അന്നുമുതൽ ചേച്ചി ഇടയ്ക്കിടയ്ക്ക് വിളിച്ച് ഏട്ടന്റെ വിശേഷങ്ങൾ അന്വേഷിക്കാറുണ്ട്. ഏട്ടനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ചേച്ചിക്ക് അറിയാം.ഏട്ടനെ കൊണ്ട് പഠിച്ച് ജോലി വാങ്ങിക്കാനുള്ള വാശി കയറ്റിയതിന് പിന്നിൽ ആരാണെന്ന വിചാരം? അതും ദിവ്യ ചേച്ചി തന്നെയാണ്.

ഇതൊന്നും ഒരിക്കലും ഏട്ടൻ അറിയരുതെന്ന് ചേച്ചി പറഞ്ഞിരുന്നു.അമ്മയ്ക്ക് ദിവ്യ ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്. സ്വന്തം മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന കുട്ടിയെ തന്നെ മരുമകളായി കിട്ടണമെന്ന് അമ്മയ്ക്ക് നിർബന്ധമായിരുന്നു. അത് കൊണ്ടാണ് ഏട്ടനോടു പോലും ചോദിക്കാതെ ജോലി കിട്ടിയ ഉടനെ അമ്മയും അച്ഛനും കൂടെ പോയി പെണ്ണ് ചോദിച്ചത്.”

ചിന്നു പറഞ്ഞ കാര്യങ്ങൾ അത്രയും വിശ്വസിക്കാനാകാതെ അവൻ നിന്നു. അന്ന് അബോധാവസ്ഥയിൽ ഒരു മിന്നായം പോലെ കണ്ട ആ രൂപത്തിന് തന്റെ മനസ്സിൽ ദൈവത്തിന്റെ സ്ഥാനം തന്നെയായിരുന്നു.

പക്ഷേ ദൈവം വന്ന് കൺമുന്നിൽ നിന്നിട്ട് പോലും ഒരു നോക്ക് കാണാൻ വിസമ്മതിച്ച താൻ എത്ര പാപിയാണ്? മറഞ്ഞിരുന്നു കൊണ്ട് എന്റെ നന്മ ആഗ്രഹിച്ചവൾ… ഞാൻ പോലും അറിയാതെ എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവൾ… എന്നിട്ടും ഒരു നന്ദി വാക്ക് പോലും പറയാൻ ആകാതെ മുഖം തിരിച്ചുകൊണ്ടുവന്ന താൻ എത്ര സ്വാർത്ഥനാണ്? ”

അവന് വല്ലാത്ത കുറ്റബോധം തോന്നി.

അന്ന് രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല. ദിവ്യയെ കുറിച്ച് ഓർത്ത് മനസ്സ് വല്ലാതെ അസ്വസ്ഥമായി കൊണ്ടിരുന്നു. എങ്ങനെയൊക്കെയാ ആണ് നേരം വെളുപ്പിച്ചെടുത്തത്. നേരം വെളുത്തതും അവൻ ആദ്യം ഓടിയത് അടുക്കളയിലേക്കാണ്.

“അമ്മേ ആ കുട്ടിയുടെ ഫോട്ടോ ഇപ്പോഴും അമ്മയുടെ കയ്യിൽ ഉണ്ടോ?”

“ഏതു കുട്ടിയുടെ കാര്യമാണ് നീ രാവിലെ തന്നെ ഈ പറയുന്നത്?”

അടുക്കളയിൽ ഓടി നടന്ന് പണിയെടുത്തു കൊണ്ട് അവർ ചോദിച്ചു.

“അത് പിന്നെ…. ദിവ്യയുടെ..”

അതുകേട്ടതും ചെയ്തുകൊണ്ടിരുന്ന ജോലി അവസാനിപ്പിച്ചുകൊണ്ട് അവരൊന്ന് അവനെ നോക്കി.

“ഏഹ് അതെന്തിനാ നീ ഇപ്പോ അന്വേഷിക്കുന്നത്? ഇന്നലെയല്ലേ നിശ്ചയം കഴിഞ്ഞുള്ളൂ..”

അവർ സംശയദൃഷ്ടിയോടെ അവനെ നോക്കി.

“എനിക്ക് വേണ്ടിയല്ല അമ്മേ…എന്റെ ഓഫീസിൽ കാണിക്കാനാ. അവരൊന്നും ദിവ്യയെ കണ്ടിട്ടില്ലല്ലോ…”

അപ്പോ നാവിൻ തുമ്പത്ത് വന്ന ഒരു കള്ളമാണെങ്കിലും അത് ഫലപ്രദമായി എന്ന് അവന് മനസ്സിലായി.

കെട്ടാൻ പോകുന്ന പെണ്ണിനെ നിശ്ചയത്തിനു പോലും നോക്കിയില്ലെന്ന് അറിഞ്ഞാൽ ചിലപ്പോൾ പ്രായം മറന്ന് അമ്മ എടുത്തിട്ട് പെരുമാറും.

ഫോട്ടോയും പോക്കറ്റിലിട്ട് റൂമിലേക്ക് തടിതപ്പും നേരം ചിന്നുവിന്റെ കയ്യിൽ നിന്ന് ഒരുവിധം നമ്പറും സംഘടിപ്പിച്ചു. ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയുടെ നമ്പർ അവളോട് ഇരന്നു വാങ്ങിയതിന് കളിയാക്കാൻ കിട്ടിയ ചാൻസ് അവൾ പാഴാക്കിയില്ല.

നേരെ മുറിയിൽ വന്ന് വാതിലിന്റെ കൊളുത്തിട്ട് അവൻ ബെഡിലേക്ക് കിടന്നു. പോക്കറ്റിൽ നിന്നും ആ ഫോട്ടോയെടുത്ത് തന്റെ കണ്ണുകൾക്ക് അഭിമുഖമായി വയ്ക്കുമ്പോൾ അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു കുളിർമഴ പെയ്തു. ആ ചിരിയിൽ തന്നെ അവളുടെ മനസ്സിലെ നന്മ പ്രകടമാണ്. എത്ര നിഷ്കളങ്കമായ മുഖം. അവൻ പോലും അറിയാതെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

അതെ… നശിച്ചു പോയിരുന്ന പ്രണയത്തിന്റെ നാമ്പുകൾ താൻ പോലും അറിയാതെ തന്റെ ഹൃദയത്തിൽ തളിർത്ത് തുടങ്ങിയെന്നു അവൻ തിരിച്ചറിഞ്ഞു.

പിന്നീട് ഒരു നിമിഷം പോലും ചിന്തിക്കാതെ അവൻ ഫോണെടുത്ത് ആ നമ്പറിലേക്ക് വിളിച്ചു

“ഹലോ..”

മറുതലക്കൽ നിന്ന് ആ ശബ്ദം കേട്ടതും അവന്റെ ഹൃദയം തുടിച്ചു. ബോധം മറയാൻ നേരം കേട്ട ശബ്ദം…. അതെ അത് ഇതുതന്നെയാണ്…

“ഞാൻ ഉണ്ണിയാണ്.”

“ആ ഉണ്ണിയേട്ടാ പറയൂ….”

ആ ശബ്ദം കൂടുതൽ പ്രണയാർദ്രമായി.

“എനിക്ക് ദിവ്യയെ ഒന്ന് അത്യാവശ്യമായി കാണണമായിരുന്നു. ദിവ്യക്ക് പറ്റിയ ഒരു സമയം പറയുകയാണെങ്കിൽ ഞാൻ വരാം. എനിക്ക് ഒന്ന് സംസാരിക്കണം ആയിരുന്നു.”

“എന്താ ഉണ്ണിയേട്ടാ ശബ്ദം വല്ലാതെ ഇരിക്കുന്നത്?എന്തെങ്കിലും പ്രശ്നമുണ്ടോ?”

അവളുടെ ശബ്ദത്തിൽ പരിഭ്രാന്തി നിറഞ്ഞു.

” ഏയ് പ്രശ്നം ഒന്നുമില്ല കാണണം എന്ന് തോന്നി അത്രമാത്രം. ”

“ശരി ഉണ്ണിയേട്ടാ ഞാൻ ഇന്ന് വൈകിട്ട് എന്റെ വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ വരാം. ഉണ്ണിയേട്ടന് എത്താൻ പറ്റുമോ?”

“ശെരി ഞാൻ വരാം…”

ആ സംഭാഷണം അവസാനിക്കുമ്പോൾ അവനു എന്തെന്നില്ലാത്ത ആശ്വാസം തോന്നി.

വൈകിട്ട് കുളിച്ച് റെഡിയായി തനിക്ക് ഏറ്റവും പ്രിയപ്പെട്ട നീല ഷർട്ടും മുണ്ടും ഉടുത്ത് അമ്പലത്തിൽ എത്തുമ്പോൾ ദിവ്യയും അവളുടെ ഏട്ടനും അവിടെ എത്തിയിട്ടുണ്ടായിരുന്നു. ഉണ്ണി എത്തിയതിനുശേഷം ആണ് അവർ അമ്പലത്തിനുള്ളിലേക്ക് പ്രവേശിച്ചത്. ഭഗവാനെ തൊഴുമ്പോഴും അവന്റെ നോട്ടം താൻ പോലും അറിയാതെ അവളിലേക്ക് പാളിപ്പോയി.

വഴിപാട് കഴിച്ച പ്രസാദം വാങ്ങാനായി അവൾ കാത്തു നിന്നപ്പോൾ ഉണ്ണിയേയും കൂട്ടി അവളുടെ ഏട്ടൻ പുറത്തേക്ക് വന്നു.

സത്യത്തിൽ അവളുടെ ഏട്ടന്റെ മുഖത്ത് നോക്കാൻ തന്നെ അവന് വല്ലാത്ത ചമ്മൽ തോന്നി. കാരണം ആദ്യത്തെ കണ്ടുമുട്ടൽ അത്ര സുഖകരമായിരുന്നില്ലല്ലോ…

” ഇനി ചമ്മൽ ഒന്നും വേണ്ട ഉണ്ണി, നമ്മൾ അളിയന്മാരായില്ലേ… കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി അതും മനസ്സിൽ ഇട്ടുകൊണ്ട് നടക്കേണ്ട.
അവന്റെ തോളിൽ തട്ടികൊണ്ട് ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് എന്നപോലെ അയാൾ പറഞ്ഞു.”

” പിന്നെ എനിക്ക് ഉണ്ണിയോട് ഒരു അപേക്ഷയുണ്ട്. സ്വന്തം മകളെ പോലെയാണ് ഞാൻ അവളെ വളർത്തിയത്. അച്ഛന്റെ മരണശേഷം ആ ഒരു വിടവ് നികത്താൻ ഞാൻ എന്നെക്കൊണ്ടാവുന്നതുപോലെയൊക്കെ അവൾക്കുവേണ്ടി ചെയ്തിട്ടുണ്ട്. സുധിയുടെ കയ്യിൽ അവളെ ഏൽപ്പിക്കുമ്പോഴും ആ ഒരു കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ. എന്റെ അനിയത്തിയെ പൊന്നുപോലെ നോക്കണം. അവളുടെ ഒരു തുള്ളി കണ്ണുനീർ വീഴാൻ പോലും ഇടയാകരുത്.”

അത്രനേരം ദൃഢമായിരുന്ന ശബ്ദം ഇടറിയപ്പോൾ തന്നെ ആ ഏട്ടന്റെയുള്ളിൽ അനിയത്തിയോട് എത്രമാത്രം സ്നേഹമുണ്ടെന്ന് അവന് ഊഹിക്കാമായിരുന്നു.

” ഞാനിന്ന് ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ തന്നെ അതിലൊരു വലിയ പങ്ക് ഏട്ടന്റെ അനിയത്തി കുട്ടിയുടെ കൂടിയാണ്. എനിക്ക് ജീവനുള്ളിടത്തോളം കാലം ഞാൻ അവളുടെ കണ്ണ് നനയിക്കില്ല വാക്ക്.. ”

ആ ഒരു ഉറപ്പു മാത്രം മതിയായിരുന്നു അയാൾക്ക് ആശ്വസിക്കാൻ. അയാളുടെ സമ്മതത്തോടെ തന്നെ മാറിയിരുന്നു സംസാരിക്കുമ്പോഴും അവൻ ദിവ്യയുടെ മുഖത്തേക്ക് കൗതുകത്തോടെ തന്നെ നോക്കിയിരുന്നു. എത്ര വേഗമാണ് തന്റെ ഹൃദയത്തെ കവർന്നെടുക്കാൻ ആ കണ്ണുകൾക്ക് കഴിഞ്ഞതെന്ന് അവൻ ആശ്ചര്യത്തോടെ തന്നെ ഓർത്തു.

” ചിന്നു എല്ലാം എന്നോട് പറഞ്ഞു. എല്ലാം അറിഞ്ഞുകൊണ്ടായിരുന്നല്ലേ താൻ എന്റെ മുന്നിൽ ഒന്നും അറിയാത്തവളെ പോലെ നിന്നത്.. ”

അവൾ മറുപടിയൊന്നും പറഞ്ഞില്ല.പകരം ഒരു പുഞ്ചിരി മാത്രംമറുപടിയായി നൽകി.

” എനിക്കറിയില്ല ദിവ്യ സത്യത്തിൽ ഞാൻ എങ്ങനെയാണ് തന്നോട് നന്ദി പറയേണ്ടത് എന്ന്. സ്വപ്നത്തിൽ പോലും ഞാൻ കരുതിയതല്ല അന്ന് എന്റെ മുന്നിൽ വന്ന ആ നല്ല മനസ്സിനുടമ തന്നെ പിന്നീട് എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന്. ”

” സത്യത്തിൽ ഞാൻ അന്ന് തന്റെ മുന്നിലേക്ക് ആദ്യമായി കടന്നുവരുമ്പോൾ ഒരു തികഞ്ഞ മദ്യപാനി ആയിരുന്നില്ലേ… ആ എന്നോട് ഒരിക്കൽപോലും തനിക്ക് ദേഷ്യം തോന്നിയിട്ടില്ലേ.. ആ എന്നെ വഴിയിൽ ഉപേക്ഷിച്ച് പോണ്ടതിനു പകരം എന്തിനാണ് കരുണ കാണിച്ചത്? ഞാൻ പോലും അറിയാതെ എന്തിനാണ് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.,?

അവൾ വീണ്ടും പുഞ്ചിരിച്ചു.

“മറുപടി വേണമെന്ന് ഉണ്ണിയേട്ടന് നിർബന്ധമാണെങ്കിൽ ഞാൻ പറയാം.. ഒന്നും പ്രതീക്ഷിച്ചല്ല ഉണ്ണിയേട്ടാ ഞാൻ മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത്. ഒരാൾ ഒരു തെറ്റ് ചെയ്താൽ ചുറ്റും കൂടി നിന്ന് കുറ്റപ്പെടുത്താൻ ആയിരം പേർ കാണും.

എന്നാൽ എന്തുകൊണ്ടാണ് അയാൾ അത് ചെയ്തത്? എന്താണ് അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥ എന്ന് എത്രപേർ ചിന്തിക്കുന്നുണ്ടാകും? ഒരാൾ തെറ്റ് ചെയ്യുമ്പോൾ അയാളെ ഒറ്റപ്പെടുത്തി പോകുന്നതല്ല മറിച്ച് ആ തെറ്റിൽ നിന്ന് അയാളെ കൈപിടിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതാണ് മനുഷ്യത്വം.

“അന്ന് വേണമെങ്കിൽ ഉണ്ണിയേട്ടനെ ഞങ്ങൾക്ക് അവിടെ ഉപേക്ഷിച്ചു പോരാമായിരുന്നു.പക്ഷേ ബോധം വന്നു കഴിഞ്ഞാൽ വീണ്ടും ഉണ്ണിയേട്ടൻ ആത്മഹത്യയ്ക്ക് ശ്രമിക്കില്ലെന്ന് എന്താ ഉറപ്പ്..?പിറ്റേന്ന് അത്തരം ഒരു വാർത്ത പത്രത്തിലൂടെയോ മറ്റൊ അറിയേണ്ടി വരുമ്പോൾ ഉള്ള മാനസികാവസ്ഥ പിന്നെ എന്തായിരിക്കും? പിന്നീടുള്ള ജീവിതം മനസ്സമാധാനത്തോടെ ജീവിച്ചു തീർക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ ഉണ്ണിയേട്ടാ….?”

അവളുടെ വാക്കുകൾ കേട്ടതും അവൻ കുറച്ചു സമയത്തേക്ക് മൗനമായിരുന്നു.
എന്താണ് തിരികെ പറയേണ്ടത് എന്ന് പോലും അവന് നിശ്ചയമില്ലാത്ത വിധം വാക്കുകൾ തൊണ്ടയിൽ ഉടക്കി നിന്നു. ചിലരുടെ സ്നേഹത്തിനു മുന്നിൽ വാക്കുകൾ പോലും തോറ്റുപോകും എന്ന് പറയുന്നത് എത്രമാത്രം സത്യമാണ്.

ആൽത്തറയിൻ മേൽ ഭഗവാനെ സാക്ഷിയാക്കി അവളുടെ കൈ അവൻ മുറുകെ പിടിക്കുമ്പോൾ മരണമല്ലാതെ മറ്റൊന്നിനും അവരെ വേർപ്പെടുത്താൻ കഴിയരുതേ എന്ന് മാത്രമായിരുന്നു അവന്റെ മനസ്സിൽ അപ്പോൾ…