കെട്ടിപ്പൊക്കിയ കിനാക്കളെല്ലാം തകർന്ന് വീഴുന്ന പോലെ തോന്നി, ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന്..

ആദ്യാനുരാഗം
(രചന: Shanif Shani)

പോളിടെക്‌നിക്ക് കഴിഞ് കാര്യമായിട്ട് പണിയൊന്നും ഇല്ലാതെ തെക്ക് വടക്ക് നടക്കുന്ന സമയം. ചാലിയാറിൽ പോയി ബ്ലാക്കിൽ മണൽ വാരി നട്ടപാതിരാക്ക് വീട്ടിലെത്തി നട്ടുച്ച വരെ കിടന്നുറങ്ങി രാവിലത്തെ ചായയും ഉച്ചകത്തെ ചോറും എല്ലാംകൂടെ ഒരുമിച്ചടിക്കും…

അപ്പോയേക്ക് ഞമ്മളെ ഹൈസ്കൂളിൽ നിന്ന് ജനഗണമന കേൾക്കാം.. ഞമ്മള് പ്ലസ്ടു വരെ പഠിച്ചത് ആ സ്കൂളിലാണേ.. അത്കൊണ്ട് തന്നെ ഒരു നിമിഷം അറിയാതെ എണീറ്റ് നിന്ന് ഓർമകളും ഒന്നയവിറക്കും.

നീട്ടിയുള്ള ലാസ്റ്റ് ബെല്ലടിക്കണേന് മുന്നേ പുറത്ത് നിന്ന് ബൈക്കിന്റെ ഹോണടി കേട്ടു.
ഇജ്ജോന്ന് വേഗം വാ ഷാനിയേന്ന് പറയുമ്പോയേക്ക് കുപ്പായമെടുത്ത് ഞമ്മളോരോട്ടമാണ്.

ഇങ്ങളിപ്പോ വിജാരിക്ക്ണ്ടാവും ഞമ്മളെ കിളിയെ കാണാൻ പോവാണെന്ന്..

എവടെ,,, ഞമ്മക്കൊക്കെ ആര് വീഴാനാ..
അവർക്കൊക്കെ ഓരോന്ന് സെറ്റായീണ്. അവര്ടെ പഞ്ചാരടിക്ക് എസ്‌കോട്ട് നിൽക്കാനാ ഞമ്മളെ മാറ്റിയൊരുക്കി കൊണ്ടോവ്ണത്.

പ്രധാന സൈറ്റടി കേന്ദ്രമാണ് സ്കൂളിനും അങ്ങാടിക്കും ഇടയിലുള്ള പാടം..

വാഴയും നെല്ലും വെള്ളരിയും പയറും എല്ലാം നിറഞ് നിൽക്ക്ണ ആ പാടത്തൂടെ നടക്കുമ്പോ തന്നെ ആർക്കും ഒന്ന് പ്രേമിക്കാൻ തോന്നും. ഒരു പ്രത്യേകതരം കാറ്റാണവിടെ.

അങ്ങേ തല മുതൽ പാടത്തിന്റെ ഇങ്ങേ അറ്റം വരെ കിന്നാരം പറഞ് അവരൊക്കെ നടന്ന് വരുന്നത് കാണുമ്പോ ഞമ്മക്ക് അസൂയ തോന്നാതില്ലാതില്ല..
വരുന്ന പെൺകുട്ട്യോളെ മുന്നിൽ അവരൊക്കെ നല്ല കാമുകന്മാരും ഞമ്മള് മാത്രം വായിനോക്കിയും.

സ്കൂളിലെ യുവജനോത്സവത്തിന് സകല ഏർപ്പാടുകളും മാറ്റിവെച്ച് കുളിച്ച് മാറ്റി രാവിലെ തന്നെ സ്കൂൾ കോംബൗണ്ടിലെ മതിലിൽ സ്ഥാനം പിടിച്ചു..

കോലൈസും ഈമ്പി ആദ്യപരിപാടിയായ  ലളിതഗാനത്തിന്റെ മധുരഗീതം കേട്ടിരിക്കുമ്പോഴാണ് പിറകിൽ നിന്ന് ഒരു കിളിനാദം.

പടച്ചോനേ.. ഞമ്മളെ പേരാണല്ലോ വിളിക്ക്ണത്. തിരിഞ് നോക്കിയപ്പോ ഞമ്മളെ പത്തിലെ ക്ലാസ്മേറ്റായ റസിയ ആണ്.

ഒക്കത്തൊരു കുട്ടീനേം എടുത്ത് നിൽക്ക്ണ ഓളെ ആദ്യം കണ്ടപ്പോ മനസിലായില്ല.
വിശേഷങ്ങളൊക്കെ പറഞ് പോകാൻ നിൽക്കുമ്പോളാണ് ഓളെ ഷാളിന്റെ മറവിൽ മറഞ്ഞിരിക്ക്ണ മൊഞ്ചത്തികുട്ടിനെ ശ്രദ്ധിച്ചത്.

ഇതാരാന്ന് ചോയ്ച്ചപ്പോ അതോളെ അനിയത്തിയാണെന്ന് പറഞ്ഞു.

“ആഹാ അന്നെപ്പോലല്ല, കാണാൻ നല്ല മൊഞ്ചുണ്ടല്ലോ.. ഓളെ ഞമ്മക്ക് നിക്കാഹ് കഴിച്ച് തന്നാളാ എന്നങ്ങട്ട് ചാമ്പി”

പോടാ ബാലാലേന്ന് പറഞ് ഓള് ആട്ടിയില്ലെന്നേയുള്ളൂ.. യാത്രപറഞ് പോകുമ്പോ ആ മൊഞ്ചത്തി ഞമ്മളെ നോക്കി ചിരിച്ച് കൊണ്ട് റെസിയായോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

പടച്ചോനെ പാടവരമ്പത്ത് കോലം വെച്ചത് പോലെയുള്ള ഞമ്മളെ എസ്‌കോട്ട് നിറുത്തം എങ്ങാനും ആണേൽ റെസിയാക്ക്‌ ഞമ്മളോടുള്ള മാർക്കറ്റ് മുഴുവൻ തീർന്ന്..

എന്തായാലും വേണ്ടില്ല..ആദ്യ കാഴ്ചയിൽ തന്നെ ഈ മൊഞ്ചത്തി ഞമ്മളെ ഖൽബിൽ കയറിക്കൂടി.. ആദ്യാനുരാഗത്തിന്റെ ചെറുപൂമൊട്ടിട്ട നിമിഷം..

ഓൾ ഒമ്പതാം ക്ലാസിലാണ്,, വയസ്സ് കൂട്ടിനോക്കി..
ഇനി ഒന്നും നോക്കാനില്ല. ഇതെന്നെ ഞമ്മളെ കിനാവിലെ ഹൂറി.

പിറ്റേന്ന് രാവിലെതന്നെ ഓളെ കാണാനിറങ്ങി. വീട്ടിൽന്ന് റോഡിലേക്കിറങ്ങി ഷർട്ടിന്റെ കൈ മടക്കിവെക്കുന്നതിനിടയിലാണ് ഞമ്മളെ മുന്നിലൂടെ ഏതോ സ്വപ്നത്തിലെന്ന പോലെ ഓളതാ നടന്ന് പോവ്ണ്..

കണ്ണ് തിരുമ്മി ഒന്നൂടെ നോക്കി.. അതെ ഓള് തന്നെ.. കണ്ണിൽ കരിമഷി എഴുതി,,

സൈഡോപ്പണില്ലാത്ത യൂണിഫോം ചുരിദാറും ഷാളോക്കെ വി ഷെയ്പ്പിലിട്ട് ഭൂമിക്ക്‌പോലും ഭാരമേല്പിക്കാതെ മന്ദം മന്ദം നടന്ന് പോവ്ണതാ ഞമ്മളെ കിനാവിലെ രാജകുമാരി.. അറിയാതെ ഞമ്മളെ മുഖത്തൊരു ചിരി വന്നു.

പടച്ചോനേ.. ഓളും അതാ ചിരിക്ക്ണു..
ഇത്ര പെട്ടെന്ന് വീണോ.. ഇത്രേം ദിവസായിട്ട് ഞമ്മളെ വീടിന്റെ മുന്നിലൂടെ ഈ സാധനം നടന്ന് പോയിട്ട് ഞമ്മള് കണ്ടീല്ലല്ലോ.. അതെങ്ങനെ കാണാനാ.. അതിന് മുന്നേ പാടത്ത് കോലം കെട്ടാൻ പോവലല്ലേ.

അന്ന് തൊട്ട് ഞമ്മളെ സൈറ്റ് മാറ്റി.. ചെങ്ങായിമാരോട് ഞമ്മളില്ലെന്ന് പറഞ് ഓളെ കാണാൻ വേണ്ടി രാവിലേം വൈകുന്നേരവും ഓൾടെ വരവും കാത്ത് അയൽപക്കത്തെ ബാബുകാക്കാന്റെ കോലായിൽ പോയിരിക്കും.

എന്തൊക്കെ പരിപാടി ഉണ്ടെങ്കിലും നാല് മണിയാകുമ്പോ ഞമ്മളാ കോലായിൽ ഹാജരുണ്ടാവും..

ദിവസങ്ങളങ്ങനെ കടന്ന് പോയി. പരസ്പരമുള്ള  ചിരികൾ മാത്രം. ഇതിപ്പോ എങ്ങനെ ഓളോടൊന്ന് പറയാ..

അങ്ങനെ മുൻപരിചയമുള്ള ഞമ്മളെ ടീമ്സിന്റെ നിർബന്ധത്താൽ ഓൾക്കൊരു ലൗ ലെറ്റർ കൊടുക്കാൻ തീരുമാനിച്ചു. രാത്രി നല്ലൊരു റൊമാന്റിക് പാട്ടും വെച്ച് ജനലിലൂടെ നിലാവും നോക്കി പേനയും പേപ്പറും എടുത്ത് ഒരെഴുത്തെഴുതി.

എഴുത്ത് വായിച്ച് ഞമ്മക്ക് ഞമ്മളോട് തന്നെ ഒരു ബഹുമാനം തോന്നി. കുറേ ഉമ്മയൊക്കെ കൊടുത്ത് കത്ത് മടക്കി ഒട്ടിച്ച് ദൂതർ മുഖേന ഓളെ കയ്യിലെത്തിച്ചു.

രാത്രിയായപ്പോ ഒരു ലാന്റ്‌ഫോൺ നമ്പറിൽ നിന്നൊരു കാൾ, എടുത്തപ്പോ റസിയയാണ്.

“എന്ത് എഴുത്താ ചെങ്ങായ്‌ ഇജ്ജ് എഴുതിയേ.. വായിച്ചിട്ട് എന്റെ കിളി തന്നെ പോയി. ഇജ്‌ജീ ചെറിയ കുട്ടിക്ക് ഇമ്മാതിരി എഴുത്തൊക്കെ കൊടുത്താലോ..

ഞാൻ കണ്ടത് കൊണ്ട് ഭാഗ്യം.. ഇതെങ്ങാനും ബാപ്പാന്റെയോ  കാക്കാന്റെയോ കയ്യിൽ കിട്ടിയാ പിന്നെ ബാക്കിയുണ്ടാവൂല.. ഉമ്മാന്റെ കുട്ടി ആ വെള്ളം അങ്ങോട്ട് വാങ്ങി വെച്ചാളാ,,” എന്നും പറഞ് ഓള് ഫോൺ വെച്ചു.

കെട്ടിപ്പൊക്കിയ കിനാക്കളെല്ലാം തകർന്ന് വീഴുന്ന പോലെ തോന്നി. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. റസിയ പറഞ്ഞത് കേട്ട് പേടിച്ച് പിന്മാറാനൊന്നും ഞമ്മളെ കിട്ടൂല.

രാവിലെയായി നേരെ പാടത്തേക്ക് പോയി.
ഓള് വരുന്നതും കാത്തിരുന്നു. ഇപ്രാവശ്യം ഞമ്മക്ക് കാവലായി ഞമ്മളെ ചെങ്ങായിമാരും ഉണ്ട്.

ഓള് വന്നപ്പോ കുറച്ച് ഗൗരവത്തിൽ തന്നെ നിന്നു.
“അനക്ക് തന്ന കത്ത് എന്തിനാ താത്താക്ക് കൊടുത്തത്.. ഇജ്ജ് പിന്നെ എന്ത് ഒലക്കക്കാണ് ഞമ്മളോട്‌ എന്നും ചിരിച്ചത്..”

“അത് പിന്നെ ഇങ്ങള് താത്താന്റെ ഫ്രണ്ടല്ലേന്ന് വിജാരിച്ച് ചിരിച്ചതാ..”

“അപ്പൊ അനക്ക് ഞമ്മളെ ഇഷ്ടല്ലേ..?”

“ഇഷ്‌ട്ടൊക്കെ ണ്ട്….”  മനസ്സിൽ ഒരൊന്നൊന്നര ലഡു പൊട്ടി,പൊട്ടിയ ലഡ്ഡു പുറത്തുകാണിക്കാതെ,

“പിന്നെന്താ കുഴപ്പം അനക്ക്”

“ഇഷ്‌ട്ടൊക്കെ ആണ്,, പക്ഷേങ്കിൽ ഇൻക്ക് ഇങ്ങളെ ഒരാങ്ങള ആയിട്ടേ കാണാൻ പറ്റൂ..”

മനസ്സിൽ പൊട്ടിയ ലഡ്ഡുവെല്ലാം ഒറ്റയടിക്ക് പൊട്ടിച്ചിതറി. ചെങ്ങായിമാര് വന്ന് തലക്ക് കൊട്ടിയപ്പോഴാണ് പോയ ബോധം തിരിച്ചുകിട്ടിയത്. അപ്പോഴേക്ക് ഓള് സ്കൂളിലെത്തിയിരുന്നു.

ആവശ്യത്തിന് പെങ്ങന്മാരുണ്ട്. ഇനിയൊരു പെങ്ങളെ കൂടി താങ്ങാനുള്ള കെൽപ്പില്ല.
ആദ്യാനുരാഗവും മാണ്ട ഓരൊലക്കയും മാണ്ടാന്ന് പറഞ് അപ്പൊ തന്നെ ഗൾഫിലുള്ള എളാപ്പനെ വിളിച്ചു.

“ഇങ്ങള് നാളെ തന്നെ ആ പറഞ്ഞ വിസ ഇങ്ങോട്ടയച്ചോളീ.. ഞമ്മള് പോരാൻ റെഡിയാണെന്ന് അറിയിച്ചു.

വിസ അടിച്ച്‌ വന്നു. ടിക്കറ്റ് ഓക്കേ ആയി. നാളെയാണ് പോവേണ്ടത്. കൊണ്ടുപോവാനുള്ള പലഹാരങ്ങളൊക്കെ വാങ്ങി വരുമ്പോളാണ് ഞമ്മളെ ആങ്ങള ആക്കിയോൾ നടന്ന് വര്ണത് കണ്ടത്. പെങ്ങളോട് ഒന്ന് യാത്ര പറയട്ടേന്ന് പറഞ് ഓളെ അരികിൽ വണ്ടി നിർത്തി.

“ഞാൻ നാളെ ഗൾഫിലേക്ക് പോവാണ്. ഇഷ്ടപ്പെടാത്തത് എന്തേലും എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായീണേൽ പൊറുത്ത് തരണം, ഇനിയെന്റെ ശല്യം ഉണ്ടാവില്ല എന്ന് പറഞ്ഞപ്പോ മറുപടിയായി ഓൾടെ കണ്ണ് നിറഞ്ഞതാണ് ഞമ്മള് കണ്ടത്.

“ഇങ്ങള് എവ്ടെക്കും പോവണ്ടാ..ഇൻക്ക് ഇങ്ങളെ എന്നും കാണണം. അന്ന് ഞാനങ്ങനെ പറഞ്ഞത് ന്റെ ഉപ്പാനേം കാക്കാനേം പേടിച്ചിട്ടാ..” പടച്ചോനേ.. ഇനിയിപ്പോ എന്താ ചെയ്യാ.. എളാപ്പയെ വിളിച്ചു.

“എളാപ്പാ ഇന്നെ കൊല്ലാതിരിക്കാൻ പറ്റുമോ..
സോറി മാറി… എനിക്കീ വിസ വേണ്ട. ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ പറ്റുമോ ?”

മൂപ്പര് തെറി പറഞ്ഞില്ലെന്നേ ഉള്ളൂ.. “ഇത്രേം പൈസ മുടക്കീട്ട് ഇജ്ജ് പോരുന്നില്ലന്നോ,, മര്യാദക്ക് നാളെ ഇങ്ങോട്ട് കേറിപ്പോര്..”

പാസ്പോർട്ട് കീറി വലിച്ചെറിയാൻ തോന്നി.. മനസ്സിലാകെ ഇരുട്ട് കയറി. അവസാനം ഒരുപാടാലോചിച്ച് ഒരു തീരുമാനമെടുത്തു. അന്ന് രാത്രി ഓളെ വീട്ടിലെ ലാൻഡ്‌ഫോണിലേക്ക് വിളിച്ചു. ഭാഗ്യത്തിന് ഓള് തന്നെയാണ് ഫോണെടുത്തത്.

“ഇജ്ജ് സങ്കടപെടണ്ട ഡോ, ഇവിടെ നിന്നാൽ ഞമ്മക്ക് അന്നെ സ്വന്തമാക്കാൻ കഴിയൂല.
ഇജ്ജ് നല്ലോണം പഠിക്കണം, ഞമ്മക്ക് നല്ല ജോലിയൊക്കെ കിട്ടാൻ വേണ്ടി പടച്ചോനോട് അഞ്ച് നേരവും നിസ്കരിച്ച് പ്രാർത്ഥിക്കണം.

അവിടെ എത്തി നമ്പറൊക്കെ ആയിട്ട് ഞാൻ വിളിച്ചോളാം.. അന്നെ സ്വന്തമാക്കാൻ കടൽ കടന്ന് അന്റെ മാരൻ വരും,, കാത്തിരിക്കണം “

ഓളെല്ലാം മൂളികേട്ടു.. ഇക്കാനെ ഒരുപാടൊരുപാടിഷ്ട്ടാ,,  ഞാൻ കാത്തിരിക്കാം…
സലാം പറഞ് ഫോൺ വെച്ചു.

ആദ്യാനുരാഗത്തിന്റെ നിറവാർന്ന സ്വപ്നങ്ങളുമായി ഞമ്മള് സ്വപ്നങ്ങളുടെ പറുദീസയിലേക്ക് വിമാനം കയറി. ആ സ്വപ്നങ്ങൾക്കെല്ലാം നിറമേകി സർവ്വശക്തന്റെ അനുഗ്രഹത്താൽ ഇന്നിപ്പോൾ കുഞ്ഞിപ്പാത്തൂന്റെ ഉമ്മച്ചിയായി എന്റെ പ്രിയപ്പെട്ട മുത്തൂസ് എന്നോടൊപ്പം ഈ സ്വപ്നങ്ങളുടെ പറുദീസയിൽ സന്തോഷത്തോടെ ജീവിക്കുന്നു…

(അന്നോള് ഞമ്മളെ ആങ്ങള ആക്കിയത് പറഞ് ഇപ്പോഴും ഞമ്മള് ഓളെ കളിയാക്കാറുണ്ട്)

Leave a Reply

Your email address will not be published. Required fields are marked *