അതേ ദിയയെ മോന് വേണ്ടി ആലോചിച്ചാലോ, അപ്രതീക്ഷിതമായി ആണ് അമ്മ അച്ഛനോട് പറയുന്ന..

മനംപോലെ
(രചന: ശ്യാം കല്ലുകുഴിയിൽ)

അച്ഛന്റെ പ്രീയ സുഹൃത്ത് മരിച്ചെന്ന ഫോൺ കാൾ കേട്ടാണ് ആ തണുത്ത വെളുപ്പാംകാലത്ത് ഉണർന്നത്. അച്ഛന്റെ സന്തതസഹചാരി ആയിരുന്നു മനോഹരേട്ടൻ. മരണവിവരം അറിഞ്ഞപ്പോൾ തൊട്ട് എന്ത് ചെയ്യണം എന്നറിയാതെ അച്ഛനിൽ ഒരു വെപ്രാളം തുടങ്ങി.

അടുത്ത വീട്ടിലെ സതീശനെ വിളിച്ചുണർത്തി അവൻ കാറുമായി വന്നപ്പോഴേക്കും അച്ഛനെകൊണ്ട് മുണ്ടും ഷർട്ടും ഇടീപ്പിച്ച് അമ്മയും ഒരു സാരി ചുറ്റി ഇറങ്ങി..

ആ വീട്ടിലേക്ക് ചെല്ലുമ്പോൾ ഉമ്മറത്തും മുറ്റത്തുമായി കുറച്ച് പേർ നിൽപ്പുണ്ട്. അച്ഛനും അമ്മയും വീട്ടിലേക്ക് കയറുമ്പോൾ അകത്ത് നിന്ന് നിയയുടെയും ദിയയുടെയും ഉച്ചത്തിലുള്ള കരച്ചിൽ മുഴങ്ങി തുടങ്ങി.

അമ്മ രണ്ടുപേരേയും ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ ജീവനറ്റ് കിടക്കുന്ന മനോഹരേട്ടനേയും നോക്കി നിൽക്കുകയായിരുന്നു അച്ഛൻ..

വർഷങ്ങൾക്ക് മുൻപ് സ്നേഹിച്ച പെണ്ണുമായി ഈ നാട്ടിൽ വന്നയാൾ ആണ് മനോഹരേട്ടൻ. ഒരു ജോലി തിരഞ്ഞ് നടക്കുമ്പോൾ ആണ് മനോഹരട്ടൻ അച്ഛനെ കാണുന്നത്, അന്നുമുതൽ തുടങ്ങിയതാണ് അവരുടെ സൗഹൃദം.

രണ്ടാമതും ഒരു പെൺകുട്ടിക്ക് ജന്മം നൽകി മനോഹരേട്ടൻ്റെ ഭാര്യ ഈ ലോകത്ത് നിന്ന് വിടപറയുമ്പോൾ ആ രണ്ട് മക്കളെയും ഒരുപാട് കഷ്ടപെട്ടാണ് അദ്ദേഹം വളർത്തിയത്.

അച്ഛനടക്കം എല്ലാവരും അദ്ദേഹത്തോട് വേറൊരു വിവാഹം കഴിക്കാൻ പറഞ്ഞെങ്കിലും ആ ആദ്യ പ്രണയത്തിന്റെ ഓർമ്മകളിൽ ജീവിക്കാൻ ആയിരുന്നു അദ്ദേഹത്തിനിഷ്ടം..

അൽപ്പനേരം മനോഹരേട്ടന്റെ ജീവനറ്റ ശരീരം നോക്കി നിന്ന ശേഷമാണ് അച്ഛൻ മുറ്റത്തേക്ക് ഇറങ്ങിയയ്,

മനസ്സിലെ ദുഃഖം പുറത്തേക്ക് കാണിക്കാതെ മുറ്റത്ത് വല്യ ഡാർപ്പ വലിച്ച് കെട്ടുന്നവരെ സഹായിക്കുകയും, മുറ്റത്ത്‌ കസേര നിരത്തിയിടുകയുമൊക്കെ ചെയ്യുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചിലാണ് വിഷമം കൂടിയത്…

” അൽപ്പനേരം ഒന്ന് ഇരിക്ക് അച്ഛ…”

എന്ന് പറഞ്ഞ് അച്ഛന്റെ കൈ പിടിച്ച് ഒരു കസേരയിൽ ഇരുത്തുമ്പോൾ അച്ഛൻ എന്നെ വിടാതെ എന്റെ കയ്യിൽ മുറക്കെ പിടിച്ചിരുന്നു. ഞാൻ അച്ഛന്റെ കയ്യും പിടിച്ച് അടുത്ത് തന്നെ നിന്നു…

മനോഹരേട്ടന്റെ ശരീരം അന്ത്യ കർമ്മങ്ങൾക്ക് വേണ്ടി പുറത്തേക്ക് എടുക്കുമ്പോൾ അകത്ത് നിന്ന് വീണ്ടും നിയയുടെയും ദിയയുടെയും കരച്ചിൽ ഉച്ചത്തിൽ മുഴങ്ങി. രണ്ടു പേരെയും മാറോട് ചേർത്ത് ആശ്വസിപ്പിക്കാൻ അമ്മ ഒരുപാട് ബുദ്ധിമുട്ടി..

അതികം ബന്ധുക്കളുമായി അടുപ്പം ഇല്ലാത്തത് കൊണ്ട് ചിതയ്ക്ക് തീ പടർന്ന് തുടങ്ങിയപ്പോഴേക്കും ഓരോരുത്തരായി അവിടെനിന്ന് കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു..

കരഞ്ഞു തളർന്ന് കിടക്കുന്ന നിയയെയും ദിയയെയും തനിച്ചാക്കി പോകാൻ കഴിയാത്തത് കൊണ്ടണ് അച്ഛൻ  എന്നെക്കൊണ്ട് വീട്ടിൽ നിന്ന് അച്ഛന്റെയും അമ്മയുടെയും ഡ്രെസ്സ് എടുപ്പിച്ചത്.

ഭക്ഷണം കഴിക്കാതെ കരഞ്ഞു കിടക്കുന്ന രണ്ടുപേരേയും അച്ഛനും അമ്മയും എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുന്നുണ്ടയിരുന്നു..

അഞ്ചിന്റെയന്ന് ചടങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ അച്ഛനും അമ്മയും അവരെയും കൂട്ടിയിരുന്നു. നമ്മളുമായും വീടുമായും നല്ല പരിചയമുള്ളത് കൊണ്ടാകും രണ്ടാളും പെട്ടെന്ന് തന്നെ വീടും സാഹചര്യങ്ങളുമായി ഇണങ്ങി.

അമ്മ മാത്രം കഷ്ടപ്പെട്ട് നട്ട് വാടി തളർന്ന മുറ്റത്തെ ചെടികൾക്ക് മാത്രമല്ല വീടിന് ആകെ പുതുജീവൻ വച്ചു അവർ വന്നപ്പോൾ.

കൂട്ടത്തിൽ ദിയയുയാണ് മൂത്തത് എങ്കിലും പക്വതയാർന്ന സ്വഭാവം നിയയ്ക്കായിരുന്നു.

ദിയ എപ്പോഴും കളിച്ചും ചിരിച്ചും സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുമ്പോൾ നിയ ആരോടും വല്യ അടുപ്പം കാണിക്കാതെ അവളുടെ ലോകത്ത് ഒതുങ്ങി കൂടാനാണ് താല്പര്യം കാണിച്ചത്.

ഇടയ്ക്ക് എപ്പോഴോ ദിയയോട് ഒരിഷ്ടം കൂടിയത് കൊണ്ടാകും ക്ലാസ് കഴിഞ്ഞു വരുന്ന അവൾക്കൊപ്പം സംസാരിച്ചു വരുന്ന ആ ചെറുപ്പകരനോട് കാരണമില്ലാതെ ദേഷ്യം ഉണ്ടായത്.

കുറച്ച് അകലെ വച്ചുള്ള  ദിയയുടെ പരീക്ഷയ്ക്ക് അവർക്കൊപ്പം പോകാൻ അച്ഛൻ എന്നോട് പറഞ്ഞപ്പോൾ ഉള്ളിലെ ഇഷ്ടം അവളോട് പറയാൻ പറ്റിയ സമയം അതാണെന്ന് ഞാൻ ഉറപ്പിച്ചു.

ബസ്സിൽ ഒരിമിച്ചിരിക്കുമ്പോൾ ദിയ ഹെഡ് ഫോൻ ചെവിയിലേക്ക് തിരുകി പാട്ടും കേട്ട് ഇരുന്നു. ഇടയ്ക്ക് ഇടയ്ക്ക് വരുന്ന മെസ്സേജുകൾക്ക് ചിരിച്ചുകൊണ്ട് റിപ്ലേ കൊടുക്കുന്നത് അല്ലാതെ ആ യാത്രയിൽ ദിയ വലുതായി ഒന്നും എന്നോട് മിണ്ടിയിരുന്നില്ല…

“അതേ ദിയയെ മോന് വേണ്ടി ആലോചിച്ചാലോ…”

അപ്രതീക്ഷിതമായി ആണ് അമ്മ അച്ഛനോട് പറയുന്ന ആ വാക്കുകൾ ഞാൻ കേട്ടത്..

” ആദ്യം മോളോട് ഒന്ന് ചോദിക്ക് എന്നിട്ട് മതി ആലോചനയൊക്കെ ഇപ്പോഴത്തെ പിള്ളേരുടെ മനസ്സ് ഒന്നും ആർക്കും അറിയില്ല…”

അച്ഛൻ അത് പറയുമ്പോൾ ശരിയെന്ന് അമ്മ തലയാട്ടി ഇരുന്നു. അമ്മ എപ്പോഴാണ് അവളോട് ചോദിക്കുന്നത് എന്നറിയാൻ പിന്നീടുള്ള ദിവസങ്ങളിൽ അമ്മയുടെ പുറകെ ആയിരുന്നു ഞാൻ.

രാത്രി ഭക്ഷണം കഴിച്ച് അടുക്കളയും ഒതുക്കി എല്ലാവരും മുറിയിലേക്ക് പോയപ്പോൾ അമ്മ ദിയയുടെയും നിയയുടെയും മുറിയിലേക്ക് നടക്കുന്നത് കണ്ടപ്പോൾ അവർ സംസാരിക്കുന്നത് അറിയാൻ ഞാൻ ജന്നലിന്റെ മറവിൽ നിന്നു…

“അയ്യോ അമ്മേ ഞാൻ അനിയേട്ടനെ സ്വന്തം എട്ടാനായി അല്ലാതെ മറ്റൊരു കണ്ണിൽ കൂടി കണ്ടിട്ടില്ല അങ്ങനെ കാണാനും എനിക്ക് കഴിയില്ല….”

അമ്മ കല്യാണത്തെ കുറിച്ച് ചോദിച്ചതിന് ദിയയുടെയും മറുപടി കേട്ടതും അതുവരെ ഇല്ലാത്ത ഒരു നഷ്ടബോധത്തിൽ മനസ്സ് വിങ്ങി, പിന്നെയും അവൾ എന്തൊക്കെയോ അമ്മയോട് പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ മുറിയിലേക്ക് നടന്നു.

അവൾക്ക് ഞാൻ സ്വന്തം ഏട്ടനെ പോലെ ആകും മനസ്സിൽ, ഞാനാണല്ലോ അവളെ മറ്റൊരു രീതിയിൽ കാണാൻ ശ്രമിച്ചത് എന്റെ തെറ്റാണ്.

ഇടയ്ക്കെങ്കിലും അവളെ മറ്റൊരു രീതിയിൽ കാണാൻ ശ്രമിച്ച കുറ്റബോധത്താൽ അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. പിന്നീടുള്ള ദിവസങ്ങളിൽ ദിയയുടെ മുന്നിൽ അതികം വരാനോ മിണ്ടാനോ ശ്രമിക്കാതെ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു…

ഒരാഴ്ച കഴിഞ്ഞ് ദിയയെ പെണ്ണുകാണാൻ വന്ന ചെക്കന് അന്ന് ബസ്റ്റോപ്പിൽ വച്ചുകണ്ട പയ്യന്റെ മുഖമായിരുന്നു. അച്ഛൻ അവളുടെ ഇഷ്ടം നോക്കി ആ കല്യാണം ഉറപ്പിച്ചപ്പോൾ മുതൽ കല്യാണം ഭംഗിയായി നടത്താനുള്ള ഒട്ടപ്പാച്ചിലിൽ ആയിരുന്നു അച്ഛനും ഞാനും.

പലപ്പോഴും രാത്രി ദിയ ഫോണിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ അറിയാതെ എന്റെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടാകുന്നത് ഇപ്പോഴും മനസ്സിന്റെ ഏതോ കോണിൽ അവൾ ഉള്ളത് കൊണ്ടാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു…

കല്യാണ തലേന്ന് ഓരോന്ന് ചെയ്ത് തീർക്കാൻ ഓടി നടക്കുമ്പോഴും സന്തോഷത്തോടെ നിൽക്കുന്ന അവളുടെ മുഖം കുറച്ചെങ്കിലും എന്നെ വേദനിപ്പിക്കാതെ ഇരുന്നില്ല.

കല്യാണം കഴിഞ്ഞ് അവർ ചെക്കന്റെ വീട്ടിലേക്ക് തിരിക്കുമ്പോൾ എന്നെ തന്നെ ശകുനം നിർത്തുമ്പോൾ അവർക്ക് നല്ലത് വരണേ എന്ന പ്രാർത്ഥന മാത്രമായിരുന്നു മനസ്സ് നിറയെ….

കല്യാണവും തിരക്കും കഴിഞ്ഞ് തിരികെ വീട്ടിൽ എത്തിയപ്പോൾ എന്തോ  ഒരു ശൂന്യത ആയിരുന്നു മനസ്സ് നിറയെ.

രണ്ടു മൂന്ന് ദിവസത്തെ ഓട്ടവും ഉറക്കകുറവും കാരണം ശരീരത്തിന് നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് കട്ടിലിലേക്ക് കിടക്കുമ്പോൾ തന്നെ ഉറക്കം വന്ന് കണ്ണടഞ്ഞു പോയി..

പിന്നെയും ദിവസങ്ങൾ ഓരോന്നായി കടന്ന് പൊയ്ക്കൊണ്ടേയിരുന്നു. ഇടയ്ക്ക് ദിയയും ഭർത്താവും വിരുന്നിന് വന്നുപോകുമ്പോൾ നിയയെയോടും കൂടെ ചെല്ലാൻ ദിയ ഒരുപാട് നിർബന്ധിച്ചെങ്കിലും അവൾ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുക ആയിരുന്നു.

രാത്രി അത്താഴം കഴിച്ച് മുറിയിൽ കയറി ലൈറ്റ് അണച്ച് കിടന്ന് കണ്ണിൽ ഉറക്കം പിടിക്കുമ്പോൾ ആരോ വാതിൽ തുറന്ന് വരുന്നത് അറിഞ്ഞു. കൈ എത്തിപിടിച്ച് മുറിയിലെ ലൈറ്റ് ഒൺ ആകുമ്പോൾ കട്ടിലിൽ ചാരി നിൽക്കുന്ന നിയയുടെ മുഖം കണ്ടു..

“നി എന്താ ഈ സമയത്ത്..”

കട്ടിലിൽ എഴുന്നേറ്റ് ഇരുന്നുകൊണ്ട് ചോദിക്കുമ്പോൾ അവൾ തല കുമ്പിട്ട് നിൽക്കുക ആയിരുന്നു

” ദിയ വീണ്ടും വിളിച്ചു, അവിടെ ചെന്ന് നിൽക്കാൻ അവൾ നിർബന്ധിക്കുന്നുണ്ട്,,,, അവളുടെ ഭർത്താവിന്റെ ഒരുമാതിരി നോട്ടവും,സംസാരവും എന്തോ എനിക്ക് പറ്റുന്നില്ല,,, ഞാൻ കൂടി അവിടെ പോയാൽ  ചിലപ്പോൾ അവളുടെ ജീവിതം കൂടി ഇല്ലാണ്ടാകും….”

നിയ അത് പറയുമ്പോൾ ഇടയ്ക്ക് അവളുടെ ഷാൾ കൊണ്ട് കണ്ണുനീർ തുടയ്ക്കുന്നുണ്ടായിരുന്നു. എന്ത് പറയണമെന്നറിയതെ ഞാൻ കട്ടിലിൽ തന്നെയിരുന്നു…

” താൻ വിഷമിക്കേണ്ട… തന്റെ സമ്മതം ഇല്ലാതെ എന്തായാലും തന്നെ കൊണ്ട് പോകില്ല, ഞാൻ അച്ഛനോടും അമ്മയോടും സൂചിപ്പിച്ചേക്കാം. ഇപ്പോൾ പോയി സമാധാനമായി ഉറങ്ങിക്കോ….”

ഞാൻ അത് പറയുമ്പോൾ തലയാട്ടിക്കൊണ്ടു അവൾ മുറിയിൽ നിന്ന് പുറത്തേക്ക് പോയി..

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് വരുമ്പോൾ കുളിച്ച് കയറി വരുന്ന നിയയെയാണ് കാണുന്നത്. പാതിവില്ലാതെ അവളുടെ മുഖത്തുള്ള ചിരി അവളെ കൂടുതൽ സുന്ദരി ആക്കിയത് പോലെ, അതോ ആ മുഖം ഇതുവരെ ശ്രദ്ധിക്കാതെ പോയത് ആണോ എന്നറിയില്ല..

രാവിലെ കാപ്പി തരുമ്പോഴും അതുവരെ ഇല്ലാതിരുന്ന  ചെറിയ മാറ്റങ്ങൾ അവളിൽ ഞാൻ ശ്രദ്ധിച്ചു…

അവൾ പറഞ്ഞ കാര്യം അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ പെട്ടെന്ന് തന്നെ നിയയുടെയും വിവാഹം നടത്തണം എന്ന് അച്ഛൻ പറഞ്ഞു, അത് തന്നെയാണ് നല്ലത് എന്നും ഞാനും അമ്മയും പറഞ്ഞു.

അടുത്ത ആഴ്ച്ച തന്നെ അവളെ കാണാൻ ഒരു കൂട്ടർ വന്നപ്പോൾ നിയയുടെ മുഖത്ത് സന്തോഷം ഇല്ലാതിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.

ചെക്കനും കൂട്ടുകാർക്കും ഇഷ്ടം ആയെങ്കിലും നിയയുടെ മുഖം തെളിയാത്തത് കൊണ്ട് വിവരങ്ങൾ അറിയിക്കാം എന്ന് പറഞ്ഞു അവരെ അച്ഛൻ മടക്കി അയച്ചു..

” മോൾക്ക് ഇഷ്ടമല്ലാത്ത ഒരു വിവാഹത്തിന് നമ്മൾ ആരും നിർബന്ധം പിടിക്കില്ല…”

അച്ഛൻ അത് പറയുമ്പോൾ അവൾ ഒന്ന് ചിരിച്ചതെ ഉള്ളു.. പിന്നെയും ദിവസങ്ങൾ കടന്ന് പോകുമ്പോൾ അതുവരെ ഒരുപാട് മിണ്ടാതെയും എന്റെ മുന്നിലും കടന്ന് വരാതേയും ഇരുന്ന നിയയിൽ ചെറിയ മാറ്റങ്ങൾ കടന്ന് വരുന്നത് ഞാൻ അറിഞ്ഞിരുന്നു.

രാവിലെ കാപ്പി എടുത്തു വയ്ക്കുന്നതും, ഉച്ചയ്ത്തേക്കുള്ള ചോറു പൊതിഞ്ഞു വയ്ക്കുന്നതും നിയ ഏറ്റെടുത്തു, രാത്രി ജോലി കഴിഞ്ഞു വരുമ്പോൾ അമ്മയുടെ പുറകിൽ എന്നെയും കാത്ത് ഇരിക്കുന്ന ആ കണ്ണുകളെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി…

” എന്നെ കെട്ടിച്ചു വിടാൻ വല്യ ധൃതി അണല്ലോ എല്ലാവർക്കും….”

ഷർട്ട് തേയ്ച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അതും പറഞ്ഞു നിയ മുറിയിലേക്ക് കടന്ന് വന്നത്..

” എപ്പോഴയാലും വേണ്ടത് അല്ലെ…”

അത് പറഞ്ഞുകൊണ്ട് ഞാൻ വീണ്ടും ഷർട്ട് തേച്ചു..

” മാറിക്കെ ഞാൻ തേച്ചുതരാം…”

അധികാരത്തോടെ നിയ അത് പറഞ്ഞ് എന്നെ തട്ടി മാറ്റുമ്പോൾ ഞാൻ ചിരിച്ചുകൊണ്ട് കട്ടിലിൽ ഇരുന്നു…

“അതേ നിങ്ങൾ ആണുങ്ങൾക്ക് ഒരു സ്വഭാവം ഉണ്ട് നിങ്ങളെ ഇഷ്ടം അല്ലാത്തവരെ അങ്ങ് കയറി ആത്മാർത്ഥമായി സ്നേഹിക്കും, എന്നാൽ നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ നിങ്ങളൊട്ട് കാണുകയും ഇല്ല, കണ്ടലോട്ട് മനസ്സിലാക്കത്തും ഇല്ല….”

അവൾ അതും പറഞ്ഞ്‌ ഷർട്ട് തേയ്ക്കുമ്പോൾ ഞാൻ ഒന്നും മനസ്സിലാകാതെ വായ് പൊളിച്ചിരിക്കുക ആയിരുന്നു,

” ആ  വായ് അടച്ചുവയ്ക്ക്…”

തേയ്ക്കുന്നതിന്റെ ഇടയ്ക്ക് എന്നെ നോക്കി നിയ പറഞ്ഞു…

” ഇപ്പോഴും മനസ്സിൽ നിന്ന് ദിയ പോയിട്ടില്ലല്ലേ….”

നിയ അത് ചോദിച്ചപ്പോൾ ഒന്ന് ഞെട്ടി, ഇവൾക്ക് എങ്ങനെ അറിയാം എന്ന സംശയത്തോടെ നിയയെ നോക്കിയിരുന്നു…

” അന്ന് അമ്മ കല്യാണക്കാര്യം ദിയയോട് ചോദിക്കുമ്പോൾ ജന്നലിന്റെ മറവിൽ നിൽക്കുന്ന ആ മുഖം ഞാൻ കണ്ടിരുന്നു. മുൻപ് ഉണ്ടായിരുന്ന ഉത്സാഹവും സന്തോഷവും അതോടെ കുറയുന്നത് ഞാൻ കണ്ടിരുന്നു. കല്യാണ തലേന്ന് ഓടി നടന്ന് ഓരോന്ന് ചെയ്യുമ്പോഴും ഇടയ്ക്കൊക്കെ നിറയുന്ന കണ്ണുകൾ ശ്രദ്ധിച്ചിരുന്നു….”

അത് പറഞ്ഞ് കയ്യും കെട്ടി മേശയിൽ ചരിനിന്ന് അവൾ എന്നെ നോക്കുമ്പോൾ ഞാൻ തലകുമ്പിട്ടിരിക്കുക ആയിരുന്നു…

” അതേ എനിക്ക് എന്തായാലും വേറെ പ്രണയം ഒന്നുമില്ലാട്ടോ, കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി ഏവനെങ്കിലും കെട്ടിച്ചു കൊടുക്കുന്നതിലും നല്ലത് ആ പൈസ ബാങ്കിൽ ഇട്ടു നമുക്ക് സുഖമായി ജീവിച്ചൂടെ….”

അവൾ പറഞ്ഞത് മനസ്സിലാക്കി വരുമ്പോഴേക്കും ചിരിച്ചുകൊണ്ട് അവൾ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി കഴിഞ്ഞിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *