പിന്നെ ഇവിടെ അധികം കറങ്ങി നിൽക്കണ്ട കാര്യം നിങ്ങൾ കമ്പനിയിലെ പഴയ ആളൊക്കെയാണ് പുതിയ..

മാറാത്ത മനസ്സ്
(രചന: Raju Pk)

“എന്താ ജയാ ഇന്ന് പതിവില്ലാതെ നേരത്തെ എത്തിയല്ലോ എന്ത് പറ്റി ഇന്ന് സൂര്യൻ നേരത്തെ ഉദിച്ചോ..?

“സൂര്യൻ നേരത്തെ ഉദിച്ചതല്ല കുമാരേട്ടാ പുതിയ മാനേജർ വല്ലാത്ത ചൂടനാണെന്ന് കേട്ടു ഇന്നലെ വൈകി വന്ന അഞ്ച് പേരെ ഹെഡ് ഓഫീസിൽ പറഞ്ഞയച്ചത്രെ അവരെ നാട്ടിൽ വിടുകയാണെന്നാണ് അറിഞ്ഞത്..

രാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കുമ്പോൾ മുതൽ തുടങ്ങുന്നു നമ്മുടെ ക്യൂ കുളിക്കാൻ ഭക്ഷണം കഴിക്കാൻ വാഹനത്തിൽ കയറാൻ പഞ്ചിംഗ് മിഷ്യന് മുന്നിൽ നാട്ടിൽ എയർപോട്ടിൽ കയറുമ്പോൾ തുടങ്ങുന്ന ക്യൂ തിരികെ എയർപോട്ടിൽ നിന്നും പുറത്തെറങ്ങുമ്പോഴല്ലേ അവസാനിക്കുന്നത്”

“സത്യമാണ് ജയാ വേറെ വഴിയില്ലല്ലോ എല്ലാവരും പറയും നാട്ടിൽ പണിയില്ലാഞ്ഞിട്ടല്ലല്ലോ സാമ്പാദിച്ച് കൂട്ടാനായി പോകുന്നതല്ലേ എന്ന് നാട്ടിലെ കാര്യം അറിയാവുന്നതല്ലേ…

നമ്മൾ നാട്ടിൽ ജോലി ചെയ്യാത്തവരല്ലല്ലോ അന്നന്ന് കിട്ടുന്നത് അവിടെ തീരും വല്ല അത്യാവശ്യവും വന്നാൽ വട്ടിപ്പലിശക്കാരൻ്റെ പിന്നിൽ ഓടണം.

ഒരു രൂപ പോലും മിച്ചം പിടിക്കാൻ കഴിയാറില്ല ഇവിടെ വന്നതുകൊണ്ട് ചെറുതെങ്കിലും ഒരു വീട് വച്ചു മൂന്ന് പെൺമക്കളെ കെട്ടിച്ചയച്ചു വയസ് അൻപത്താറിലെത്തിയത് അറിഞ്ഞ് പോലുമില്ല മകന് ഒരു ജോലി ആയാൽ തിരികെ പോകണം…

ഇളയ മകൾ രേഖയെ കെട്ടിച്ചയക്കാൻ എടുത്ത ലോൺ അടച്ച് തീർത്താൽ പിറ്റേ മാസം മതിയാക്കണം എല്ലാം. വാർദ്ധക്യത്തിലെങ്കിലും കുറച്ച്നാൾ പ്രിയപ്പെട്ടവളോടൊപ്പം കഴിയണം കവി പാടിയതുപോലെ.. “

മരണമെത്തുന്ന നേരത്തെങ്കിലും അവൾ അരികിൽ ഉണ്ടാവണം ആ മടിയിൽ തല ചായ്ച്ച് അവസാന ശ്വാസം പതിയെ എടുക്കണം…

“കുമാരേട്ടാ നിങ്ങൾ രാവിലെ ചുമ്മാ കരയിക്കാതെ”

“പിന്നെ ഇവിടെ അധികം കറങ്ങി നിൽക്കണ്ട കാര്യം നിങ്ങൾ കമ്പനിയിലെ പഴയ ആളൊക്കെയാണ് പുതിയ മാനേജർ വല്ലാത്ത ചൂടനാണ്”

” ഞാൻ വരാം ജയാ പ്രായത്തിൻ്റെയാവും തണുപ്പ് തുടങ്ങിയതും വല്ലാത്ത തൊണ്ടവേദന ഓഫീസിൽ കയറി ഒരു ചായ ഇട്ട് കുടിച്ചിട്ട് വരാം”

“എന്നാൽ ശരി നമുക്ക് പിന്നീട് കാണാം”

ചൂടു ചായ പതിയെ കുടിക്കുമ്പോൾ നല്ലൊരു സുഖം തോന്നി പുറത്തേക്കിറങ്ങിയതും മാനേജർ രവി മുന്നിൽ.

“തനിക്കെന്താ ഇവിടെ കാര്യം ഓഫീസിലാണോ തന്റെ ജോലി”

“അല്ല സാർ രാവിലെ വല്ലാത്ത അസ്വസ്ഥത അതു കൊണ്ട് ഒരു ചായ കുടിക്കാൻ”

“ഇത് സ്റ്റാഫിൻ്റെ ക്യാൻറീൻ ആണെന്ന് തനിക്കറിയില്ലേ എന്താ നിൻ്റെ പേര്”

“കുമാരൻ”

“നീ ഓഫീസിലേക്ക് വന്നേ…

പിന്നിൽ നടക്കുമ്പോൾ ഓർത്തു ഇവൻ്റെ അച്ഛൻ്റ പ്രായം ഉണ്ട് എനിക്ക് ആ ഒരു മര്യാദപോലും തരാതെ.

ഓഫീസിൽ എത്തിയതും എൻ്റെ പേരും എപ്ളോയ്നമ്പറും ഒരു പേപ്പറിൽ എഴുതി അതിന് താഴെ ക്യാൻസൽ എന്നും അതെൻ്റെ കയ്യിൽ തന്നിട്ട് അഡ്മിനെ പോയി കാണാൻ പറഞ്ഞു

പണി പോയ കാര്യം പേപ്പറിൽ നിന്നും മനസ്സിലായി ഒന്നും പറയാതെ പുറത്തേക്കിറങ്ങി നേരെ അഡ്മിൻ സഹദേവൻ്റെ അടുത്തേക്ക് ചെന്നതും സ്നേഹത്തോടെ ഇരിക്കാൻ പറഞ്ഞു പേപ്പർ ആ കൈയ്യിൽ കൊടുത്തതും അമ്പരപ്പോടെ എന്നെ ഒന്ന് നോക്കി

“ഇയാൾക്കിത് എന്തിൻ്റെ കേടാണപ്പാ ഇന്നലെ അഞ്ച് പേരെ വിട്ടതേ ഉള്ളൂ ഇതിപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ കുമാരേട്ടാ…

“പോകുന്നതിൽ വിഷമം ഒന്നും ഇല്ല ഞാൻ ഇവിടെ വരുമ്പോൾ നിങ്ങൾ ആരുമില്ല കമ്പനി ആദ്യമെടുത്ത സിവിൽ വർക്കിന് വന്ന പതിനഞ്ച് പേരിൽ ഒരാളാണ് ഞാൻ ഇരുപത്തി ആറ് വർഷം അവസാനം ഇങ്ങനെഒരു പിരിച്ചുവിടൽ”

“അയാളൊരു വട്ടനാണ് കുമാരേട്ട പറഞ്ഞിട്ട് കാര്യമില്ല ചേട്ടൻ ഹെഡ് ഓഫീസിൽ പോയി രഹാനെ ഒന്ന് കാണ് നിങ്ങൾ അന്ന് വന്ന പതിനഞ്ച് പേരിൽ ഇനി ബാക്കിയുള്ള രണ്ട് പേരല്ലേ..?

പിറ്റേന്ന് ഓഫീസിലെത്തിയതും രഹാൻ പറഞ്ഞു “പ്രായം കൂടുതൽ ആയവരെ പിരിച്ച് വിടണം എന്നാണ് മാനേജ്മെൻ്റിൻ്റെ തീരുമാനം എന്നിട്ടും ഞാൻ അയാളുമായി സംസാരിച്ച് നോക്കി കുമാരേട്ട നേപ്പോലുള്ളവരെ വേണ്ടെന്നാണ് പുതിയ മാനേജരുടെ തീരുമാനം”

മറുത്തൊന്നും പറയാതെ പുറത്തേക്കിറങ്ങി എത്ര പിടിച്ച് നിർത്താൻ ശ്രമിച്ചിട്ടും കണ്ണുകളിലൂടെ സങ്കടം പെരുമഴയായി പൊട്ടി ഒഴുകി കണ്മുന്നിലുള്ളതൊന്നും കാണാൻ കഴിയാത്തതു പോലെ പോകുന്നതിൽ ഒരു വിഷമവും ഇല്ല…

പക്ഷെ ഇത്രയും വർഷം ആത്മാർത്ഥമായി ജോലി ചെയ്തിട്ട് ഒരു കറിവേപ്പില പോലെ വലിച്ചെറിഞ്ഞപ്പോൾ മനസ്സ് വല്ലാതെ നൊന്തു.

പെട്ടന്ന് രണ്ട് കരങ്ങൾ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു

“എന്ത് പറ്റി കുമാര വീട്ടിൽ ആർക്കെങ്കിലും എന്തെങ്കിലും”

പാതി കാഴ്ച്ച മറഞ്ഞ കണ്ണുകളിലൂടെ കണ്ടു ഹസ്സൻ മുതലാളി.

എല്ലാം അവസാനിപ്പിച്ച് കമ്പനി പറഞ്ഞയക്കുന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു എന്നേയും കൂട്ടി അദ്ദേഹം അകത്തേക്ക് നടന്നു.

ഫ്ളാസ്ക്കിൽ നിന്നും അദ്ദേഹം ഒരു ചായ പകർന്ന് തന്നു. എല്ലാം അദ്ദേഹത്തോട് പറഞ്ഞപ്പോൾ മനസ്സ് ശാന്തമായി.

“ഇതാണോ കാര്യം അതു നമുക്ക് ശരിയാക്കാമെന്ന്”

പെട്ടന്ന് ഒരു പേപ്പറിൽ എന്തൊക്കെയോ എഴുതി സീൽ ചെയ്ത് അദ്ദേഹം എൻ്റെ കയ്യിൽ ഏൽപ്പിച്ചു.

“ഇതുമായി എൻ്റെ വണ്ടിയിൽ വന്നിടത്തേക്ക് തന്നെ കുമാരൻ തിരികെ പോകണം ഈ കവർ മനേജരെ ഏൽപ്പിക്കണം പിന്നെ ഇനി ശബളത്തിന് വേണ്ടി കുമാരൻ ഇവിടെ നിൽക്കണമെന്നില്ല കുമാരന്റെ കാലം വരെ ശമ്പളം നാട്ടിൽ എത്തിക്കാനുള്ള ഏർപ്പാട് ഞാൻ ചെയ്തിട്ടുണ്ട് അതൊരു ഔദാര്യമല്ല തന്റെ അവകാശമാണ്”

പെട്ടന്ന് അദ്ദേഹം ഒരു മീറ്റിംഗ് വിളിച്ച് കുട്ടി അദ്ദേഹത്തിൻ്റെ അടുത്ത് തന്നെ എനിക്ക് സീറ്റും നൽകി.

“എല്ലാവരോടുമായി അദ്ദേഹം ഇത്രയും പറഞ്ഞു. ജീവിതകാലം മുഴുവൻ കമ്പനിയുടെ ഉയർച്ചക്ക് വേണ്ടി  കഷ്ടപ്പെട്ടതാണ് കുമാരനേപ്പോലുള്ള കുറച്ച് പേർ ഞാൻ അന്ന് കമ്പനി തുടങ്ങുമ്പോൾ…

ഉണ്ടായ പതിനഞ്ച് പേരിൽ മൂന്ന് പേരേ ഇനി ഉള്ളു ഞാനും രഹാനും കുമാരനും വിദ്യാസമ്പന്നരായ നിങ്ങളേപ്പോലെ ഉള്ളവരെ എത്ര പേരേ വേണമെങ്കിലും എനിക്ക് കൊണ്ടുവരാൻ കഴിയും പക്ഷെ കുമാരനേപ്പോലുള്ളവരെ കിട്ടില്ല.

പണ്ട് ചെറിയ പണി കളുമായി ഞങ്ങൾ വളർന്ന് വരുന്ന കാലത്ത് സലാലയിലെ പണിസ്ഥലത്ത് അയിരം ചാക്ക് സിമൻ്റ് കോൺക്രീറ്റ് ന് വേണ്ടി ഇറക്കി എല്ലാവരും ജോലി കഴിഞ്ഞ് ക്ഷീണിതരായി റൂമിലെത്തിയതും…

അന്തരീക്ഷം പെട്ടന്ന് മാറി മഴയുടെ ലക്ഷണം കണ്ട കുമാരൻ ആ രാത്രിയിൽ രണ്ട് കിലോമീറ്റർ തനിയെ നടന്ന് സറ്റോറിൽ നിന്നും ടാർപോളിൻ ഷീറ്റുകൾ എടുത്ത് സിമൻ്റ് ചാക്കുകൾ മൂടി മഴ നനയാതെ’  കാറ്റിൽ പായകൾ പറന്ന് പോകാതെ കല്ലുകളും മറ്റും എടുത്ത് വച്ച് പുലരുവോളം ആ മഴയത്ത് കാവലിരുന്നു.

അങ്ങനെ കുമാരനേപ്പോലുള്ളവർ പടുത്തുയത്തിയതാണ് ഇന്ന് നിങ്ങൾ വലിയ ശബളം വാങ്ങുന്ന ഈ കമ്പനി.

അവസാനം ഇന്നലെ വന്ന എതോ ഒരുത്തൻ കുമാരനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടിരിക്കുന്നു.

കുമാരനെ പിരിച്ച് വിട്ടവനെ പിരിച്ച് വിട്ടുകൊണ്ടുള്ള ടെർമിനേഷൻ ലെറ്റർ ഞാൻ കുമാരൻ്റെ കൈവശം കൊടുത്തയക്കുകയാണ് ഇതൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് നിങ്ങൾ ഓരോരുത്തർക്കും”

തിരികെ എല്ലാവരുടേയും മുന്നിൽ വച്ച് മലയാളിയായ മാനേജർ രവിയുടെ ടെർമിനേഷൻ ലറ്റർ നൽകുമ്പോൾ. എൻ്റെ മനസ്സ് ശാന്തമായിരുന്നു.

അതെ ഗൾഫ് നാടുകളിൽ ഒരു മലയാളി മറ്റൊരു മലയാളിക്ക് സഹായി ആകുമ്പോഴും ഇടയിൽ ഉണ്ട് രവിയേപ്പോലുള്ള ചില പുഴുക്കുത്തുകൾ..

Leave a Reply

Your email address will not be published. Required fields are marked *