മാസത്തിൽ ഒരിക്കൽ വയർ വേദന വരുമ്പോ ഓൾക്ക് ഉമ്മച്ചിനെ കാണണം, ഉമ്മച്ചി ഉണ്ടാക്കി തരുന്ന..

(രചന: Shanif Shani)

“പോത്ത് പോലെ ഉറങ്ങാ പെണ്ണേ.. എന്നാ ആ റൂമിലെങ്ങാനും പോയി കിടന്നൂടെ അനക്ക്.. ഈ അടുക്കളേലെ മഞ്ചയേ ഇജ്ജ് കണ്ടൊള്ളൂ..”

ഉമ്മച്ചിന്റെ ആട്ട് കേട്ട് ഒന്നൂടെ ചുരുണ്ട് കൂടി സുമി. കെട്യോന്റെ പൊരേന്ന് ഒരാഴ്ചത്തെ പരോളിന് സ്വന്തം വീട്ടിലെത്തിയതാണ് സുമയ്യ.

“ഒന്ന് നേരത്തെ കുളിച്ചൂടെ പെണ്ണേ അനക്ക്‌
ആ പറിക്കിടക്ക്ണ മുടിയൊക്കെ കണ്ടാൽ ഏതോ അണ്ണാച്ചി പെണ്ണുങ്ങളെ പോലെണ്ട്.. ഇജ്ജവ്ടുന്നും ഇങ്ങനാണോ ബാലാലേ..”

ഉമ്മച്ചി നിർത്താനുള്ള ഭാവമൊന്നും ഇല്ലാന്ന് കണ്ടപ്പോ.. ഓളൊന്ന് എണീറ്റ് കണ്ണ് തിരുമ്മി

“ന്റെ പുന്നാരുമ്മച്ചിയെ ആകെ ഇവടെ വരുമ്പോള ഒന്ന് നല്ലപോലെ ഉറങ്ങാറ്, അവിടെ ഇങ്ങനൊക്കെ പറ്റോ..

നേരത്തെ എണീക്കണം മുറ്റമടിക്കണം വെച്ചുണ്ടാക്കണം ഒരു ലോഡ് അലക്കണം, ഉച്ചക്കൊന്ന് നടുനിവർത്തി കിടക്കുമ്പോൾ ആയിരിക്കും ഏതേലും വിരുന്നുകാരെ വരവ്. അയ്‌നും മാണം ഞാൻ എണീക്ക, ഇങ്ങളെന്തിനാ ഇന്നെ കെട്ടിച്ച് വിട്ടത്”

“ഹാ ഇപ്പോ കെട്ടിച്ചതിനായോ കുറ്റം. ന്റെ കെട്ട്യോൻ അൻവറ്ന്ന് പറഞ്ഞ് മരിക്കലാണല്ലോ ഇജ്ജ്..”

“ന്റെ കെട്യോനെ പറയണ്ടട്ടോ.. ഇങ്ങളെ കെട്ടിയോൻ മജീദിനെ പറഞ്ഞോളി ഇങ്ങള്ന്ന് പറഞ്ഞ് ഓളും കൊത്ത് കൂടാൻ തൊടങ്ങി..

അപ്പോഴേക്ക് നീരറുത്ത വെളിച്ചെണ്ണ കുപ്പി ഓളെ തലേൽ കമിഴ്ത്തിയിരുന്നു ഉമ്മച്ചി. അവ്ടെപോയാൽ പക്വതയാർന്ന വീട്ടമ്മയും ഇവിടെ എത്തിയാൽ ഉമ്മാന്റെ ഇള്ള കുട്ടിയും..

മുടി നല്ലോണം കെട്ടറുത്ത് കുളിമുറിയിലേക്ക് ഉന്തി തള്ളിവിട്ടു. നേരെ പോയിരുന്നത് അലക്കുകല്ലിൽ.

ഉമ്മച്ചി വടിയെടുക്കും എന്ന് കണ്ടപ്പോൾ ഓടി കുളിമുറിയിൽ കയറി വാതിലടച്ചു.

സുമിന്റെ കെട്ടിയോൻ അൻവർ ഗൾഫിലാണ്.
ഓന്റെ വീട്ടിൽ ഓൾക്ക് പരമസുഖാണ്. എന്നാലും ഓനവിടെ ഇല്ലാത്തോണ്ട് ദിവസങ്ങൾ എണ്ണിയാണവളവിടെ നിൽക്കാറ്.

ഭർത്താവ് കൂടെയില്ലേൽ എല്ലാർക്കും സ്വന്തം വീട് തന്നെയാണെപ്പോളും സ്വർഗം. ഇനീപ്പോ അൻവർ നാട്ടിലുള്ളപ്പോ ആണേലും ഓൾക്ക് ഇടക്കൊന്ന് വീട്ടിൽപോയി നിൽക്കണം.

മാസത്തിൽ ഒരിക്കൽ വയർ വേദന വരുമ്പോ ഓൾക്ക് ഉമ്മച്ചിനെ കാണണം.. ഉമ്മച്ചി ഉണ്ടാക്കി തരുന്ന കുവതെളി വെള്ളവും വയറിൽ ചൂട് പിടിച്ച് ആ മടിയിൽ കിടന്ന് കാല് തടവിത്തരുമ്പോ കിട്ടുന്ന സമാധാനവും സുരക്ഷിതത്വമൊന്നും വേറെ എവിടേം കിട്ടൂല..

കുളിയൊക്കെ കഴിഞ്ഞ് നേരെപോയി ഫോണെടുത്ത് കളിക്കുമ്പോഴാണ്,

‘നേരത്തിന് ഒന്നും കഴിക്കാഞ്ഞിട്ടാ അന്റെ കോലം ഇങ്ങനെ’ എന്ന് പറഞ്ഞ് ഉമ്മച്ചി കഞ്ഞിപ്പാത്രം മുന്നിലേക്ക് നീട്ട്ണണത്.

ചീത്തവിളി ഇനിയും കേൾക്കും വിചാരിച്ച് രണ്ട് കയിൽ കഞ്ഞി മുക്കിക്കുടിച്ച് അച്ചാർപാത്രവും എടുത്ത് മെല്ലെ സ്ഥലം കാലിയാക്കി.

ടിവിയുടെ റിമോട്ടും പിടിച്ച് ഒരു മൂലേല് സൈഡായപ്പോഴാണ് അമ്മായിമ്മാന്റെ ഫോൺവിളി. എന്തെപ്പോ മരുമോളോട് സ്നേഹംന്ന് പറഞ്ഞ് ഫോണെടുത്തപ്പോ,

“എന്തേ സുമിയേ ഇജ്ജ് ഇങ്ങോട്ട് പോര്ണില്ലേ പോയിട്ട് കൊറേ ദിവസായല്ലോ..”

വന്നിട്ടാകെ നാല് ദിവസായിട്ടൊള്ളൂ അപ്പോളേക്ക് തിരിച്ച് വരാൻ ഓർഡർ.. ദേഷ്യം പെറുവിരലിന്ന് അരിച്ച് കേറിയെങ്കിലും അൻവറിക്കാനേ ഓർത്ത് ഓള് ഒന്നും പറഞ്ഞില്ല..

“രണ്ടോസം കഴിഞ്ഞിട്ട് വരാം ഉമ്മച്ചിയേ” എന്ന് പറഞ്ഞു.. അങ്ങേ തലക്കൽ ഒരു സുഖമില്ലാത്ത മൂളലും കേട്ടുകൊണ്ട് സുമി ഫോൺ വെച്ചു..

അവിടേം ഉണ്ടല്ലോ ഒരു പെൺകുട്ടി. ഓളെ കെട്ടിച്ചു വിടുമ്പോ അറിയും ഇന്റെ മനസ്സിലെ ഇടങ്ങേറ്ന്ന് പറഞ്ഞ് പിറുപിറുക്കാൻ തുടങ്ങിയപ്പോഴാണ് ഉമ്മച്ചീന്റെ വരവ്.

“മ് തിരിച്ച് വരാനുള്ള ഓർഡർ കിട്ടി ലേ..

ഞങ്ങളൊക്കെ ഈ അവസ്ഥ കഴിഞ്ഞാ സുമിമോളേ ഇവിടെ എത്തിയത്. കെട്ടിച്ച് വിട്ടാൽ പിന്നെ നമ്മളെ വീടും വീട്ടാരുമൊക്കെ അവിടാണ്..

അവരെ സ്വന്തം ആയി കാണണം. സ്വന്തം വീട്ടിലേക്ക് പിന്നെ ഒരു വിരുന്ന്കാരെ പോലെയാ വരേണ്ടത്.

ഇവിടേം ഉണ്ടല്ലോ ഒരു മരുമോള്, ഇജ്ജ് വരുമ്പോഴല്ലേ ഓളും ഓൾടെ വീട്ടിൽ പോവാറ്.

അനക്കിപ്പോ അവിടെ ബുദ്ധിമുട്ടൊന്നുല്ലല്ലോ..
അന്റെ കെട്ടിയോൻ അവിടെ ഇല്ലെന്നുള്ള വിഷമം മാത്രല്ലേ ഉള്ളൂ. ഓൻ ഇങ്ങളെ എല്ലാരേം പോറ്റാൻ വേണ്ടിയല്ലേ അക്കരെപോയി കഷ്ടപ്പെടുന്നത്..

ഓരോരോ വീട്ടിൽ അമ്മായിമ്മപ്പോരും മറ്റുപ്രശ്നങ്ങളൊക്കെ ഇജ്ജും കേൾക്ക്‌ണതല്ലേ..
അതൊക്കെ നോക്കുമ്പോ ഇന്റെ കുട്ടിക്ക് എല്ലാം കൊണ്ടും ഹൈറാണവിടെ..

ഉമ്മച്ചീന്റെ വർത്താനം കേട്ടപ്പോ ഓൾക്ക് കൊറച്ചൊക്കെ സമാധാനായി..

ഞാൻ നാളെ തന്നെ പോവാണുമ്മാ.. ഇനി ഉമ്മ അൻവറിക്കനോട് വിളിച്ച് പറഞ് ഒരു സൊയ് ര്യവും കൊടുക്കൂല. ഇക്കാക്ക് പിന്നെ അതൊരു വെഷമാവും,

ഞങ്ങളെ കാണാതെ ആ മരുഭൂവിൽ ഒറ്റക്ക് നിൽക്കല്ലേ.. ഇവിടുത്തെ പ്രയാസങ്ങൾ പറഞ്ഞ് ഇക്കാനെകൂടി ഇടെങ്ങാറാക്കണ്ട എന്നും പറഞ്ഞ് സുമി കൊണ്ട് പോവാനുള്ള ഡ്രെസെല്ലാം ബാഗിലാക്കാൻ തുടങ്ങി..

ഇനി അടുത്ത വിരുന്നിന് വരുമ്പോ കൊറേ ദിവസം ഞാനിവിടെ നിൽക്കും. അപ്പോൾ ഇൻക്കിഷ്ടള്ള പലഹാരം ഉണ്ടാക്കി തന്നോണ്ടീ എന്ന് പറഞ്ഞ് ഉമ്മാനോട് സലാം പറഞ്ഞിറങ്ങുമ്പോൾ

‘ഇന്റെ കുട്ടിക്ക് അവിടെ ഒരു ബുദ്ധിമുട്ടും വരുത്തരുതേ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ഉമ്മച്ചി ഉതിർന്ന് വീണ കണ്ണുനീർ അവൾ കാണാതെ തട്ടംകൊണ്ട് തുടക്കുന്നുണ്ടായിരുന്നു..

അപൂർവം ചില പെൺകുട്ടികൾക് വന്നുകയറുന്ന വീട് സ്വർഗ്ഗമായി തോന്നാറുണ്ട്, എന്നാലും സ്വന്തം വീട്ടിൽ വിരുന്നുകാരി തന്നെയാണവൾ. സ്വന്തം വീട്ടിലേക് ഒന്ന് പോകാൻ കൊതിക്കുമ്പോൾ തന്നെ മനസിന് എന്തെന്നില്ലാത്ത ആശ്വാസമാണ്.
മരുമക്കളെ മക്കളായിട്ട് തന്നെ കാണാന്‍ശ്രമിക്കുക.. തിരിച്ചും .

അവളുടെ ശിഷ്ടജീവിതം തുടരേണ്ടത് അവിടെ തന്നെയാണ്. നമ്മള്‍ പോറ്റി വളര്‍ത്തിയ മക്കളേക്കാള്‍ നമ്മുക്ക് ഉപകരിക്കുക
കേറി വന്നവള്‍ തന്നെയാണ്.

‘ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത വീട്ടിലെ വീട്ടുകാരി ആവാനും ജനിച്ചു വീണ സ്വന്തം വീട്ടിലെ വിരുന്ന്‌കാരി ആവാനും നിനക്കേ കഴിയൂ പെണ്ണേ….’

Leave a Reply

Your email address will not be published. Required fields are marked *