ആ മുറിക്കുള്ളിൽ എത്തിയ ദിവസം മുതൽ എന്നും തന്നെ കാണാൻ വരാറുണ്ട്, അങ്ങനെയാണ് അവർ..

അവളുടെ ചങ്ങാതി
(രചന: Sarath Lourd Mount)

അവളുടെ ആ ചങ്ങാതി  . അത്   മറ്റുള്ളവർക്ക് ഉള്ളത് പോലെ ഒരാൾ ആയിരുന്നില്ല. വെള്ള ചിറകുകളുള്ള മാലാഖയെ പോൽ ഒരുവൾ .

പെണ്ണ് തന്നെ ആകുമോ?? അങ്ങനെയാണ് അവൾ കരുതിയിരുന്നത്. അല്ലെങ്കിൽ അങ്ങനെ കരുതാൻ ആകും അവൾ ഇഷ്ടപ്പെട്ടത്.

ആ മുറിക്കുള്ളിൽ എത്തിയ ദിവസം മുതൽ എന്നും തന്നെ കാണാൻ വരാറുണ്ട്. അങ്ങനെയാണ് അവർ തമ്മിൽ സൗഹൃദത്തിലായത്… അസാധാരണമായ ഒരു സൗഹൃദം…

നിങ്ങൾക്കൊന്നും സംഭവം മനസ്സിലായില്ല അല്ലെ???
ഞാൻ പറഞ്ഞു തരാട്ടോ. ഈ അവൾ എന്ന് പറഞ്ഞാൽ സാറ. ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നവൾ.

സന്തോഷത്തോടെ തന്റെ കൊച്ചു കുടുംബത്തിലെ ജീവിതം ഒരു പക്ഷെ  ദൈവത്തിൽ പോലും അസൂയ ഉളവാക്കിയിട്ടുണ്ടാകും. അത് കൊണ്ടാകും  രക്തത്തിൽ കലർന്ന ക്യാൻസർ എന്ന രൂപത്തിൽ ദൈവവും അവളെ പരീക്ഷിക്കാൻ തീരുമാനിച്ചത്.
എങ്കിലും അവൾ സന്തോഷവതിയാണ് ട്ടോ .

ഇവിടെ വന്നത് കൊണ്ടല്ലേ അവൾക്ക് അവളുടെ ആ പ്രീയ കൂട്ടുകാരിയെ കൂട്ടിന് കിട്ടിയത്.
ഈ കൂട്ടുകാരിയെ ഇപ്പോളും നിങ്ങക്ക് അങ്ങട്ട് പിടികിട്ടിയില്ല അല്ലെ.

മാലാഖയെ പോലെ വെള്ള ചിറകുകളുള്ള അവളുടെ ആ കൂട്ടുകാരി ഒരു വെള്ളരിപ്രാവാണ്.
അവൾ ഈ മുറിക്കുള്ളിൽ എത്തിയ ദിവസം മുതൽ എന്നും അത് അവളെ തേടി വരും. തുറന്നിട്ട ജനലഴികളിലൂടെ അവൾ മാത്രമുള്ള സമയം നോക്കി ആ ചങ്ങാതി പറന്നെത്തും.

അവർക്കൊപ്പം കുറെ നേരമിരിക്കും, അവൾ പറയുന്നതെല്ലാം കേൾക്കും , മറുപടിയായി   അവൾ  നല്കുന്ന കുറുകലുകൾ സാറയെ  ഒരുപാട് സന്തോഷിപ്പിച്ചിരുന്നു. നിത്യവും അവളുടെ ഭക്ഷണത്തിൽ കുറച്ച് അവൾ മാറ്റി വയ്ക്കും .

തനിക്കായി പറന്നെത്തുന്ന തന്റെ ചങ്ങാതിക്കായി. എന്നും അവൾ കൊടുക്കുന്ന ഭക്ഷണം കൊത്തി തിന്നുന്ന   ആ കുറുമ്പി പെണ്ണിനോട് അവൾക്ക് വല്ലാത്തൊരിഷ്ടമായിരുന്നു.

അവസാനം   ഒരുനാൾ ഇനി ഒന്നും ചെയ്യാൻ ഇല്ല എന്ന് ഡോക്ടർ വിധിയെഴുതിയപോളും തന്റെ ജീവൻ നഷ്ടപ്പെടുന്നതിലേറെ അവളെ സങ്കടപ്പെടുത്തിയത് അവളുടെ ആ കൂട്ടുകാരിയെ പിരിയേണ്ടി  വരും എന്നത് തന്നെയാണ്.

എന്നായാലും ജനിച്ചാൽ ഒരിക്കൽ  മരിക്കണ്ടേ . സ്വയം മനസ്സിനെ   അത് പറഞ്ഞു പഠിപ്പിക്കാൻ അവൾ ശ്രമിച്ചുകൊണ്ടേയിരുന്നു .

മരണത്തിന് ദിവസങ്ങൾ എണ്ണി കഴിയുമ്പോളും   ദിവസവും തന്നെ തേടി എത്തുന്ന പ്രീയസൗഹൃദം അവൾക്ക് പ്രീയമേറുന്ന ഒരു  കുളിരായിരുന്നു.

ഒരു ദിവസം അവൾ ചോദിച്ചു . വൈകാതെ ഞാൻ പോകും നിനക്കും എനിക്കൊപ്പം വരാനാകുമോ???

അതിന് മറുപടിയായി കുഞ്ഞിക്കണ്ണുകളാൽ  നോക്കി നിന്ന ശേഷം അവളൊന്നു കുറുകി.

വസങ്ങൾ മുന്നോട്ട് നീങ്ങി . ഒരു ദിവസം പതിവ് പോലെ  ഉണർന്ന പുലരിയിൽ അവളെ തേടി  തന്റെ കൂട്ടുകാരി എത്തിയില്ല. അവൾ കാത്തിരുന്നു, വരുമെന്ന വിശ്വാസത്തോടെ . കാത്തിരുന്ന് കാത്തിരുന്ന്  കാണാതായപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

കരഞ്ഞു തളർന്ന അവൾ എപ്പോളോ ഉറങ്ങിപ്പോയി  .  ഒരിക്കലും എഴുന്നേൽകാത്ത ഒരു  ഉറക്കം. ശരീരം വിട്ട് മരണമെന്ന ലോകത്തേക്കുള്ള യാത്ര.

ആത്മാവായി ആ 4 ചുമരുകൾ വിട്ട് പുറത്തേക്ക് ഒഴുകുമ്പോൾ അവൾ കണ്ടു  ജനലിനോട് ചേർന്നുള്ള സിമന്റ് കെട്ടിൽ  പ്രാണൻ വെടിഞ്ഞു കിടക്കുന്ന തന്റെ കൂട്ടുകാരിയെ ,  ആത്മാവിന്റെ ചിറകേറി പറന്ന അവളുടെ കവിളിൽ എന്തോ ഒന്ന് തഴുകി നീങ്ങി,

അവർക്കൊപ്പം  ഒരു നിഴലുപോൽ  അവളുടെ ആ  കൂട്ടുകാരിയും യാത്രയായിരിക്കുന്നു.  ഏതോ ജന്മത്തിൽ അവർ ഒന്നായിരുന്നിരിക്കണം, സൗഹൃദമെന്നോ,

പ്രണയമെന്നോ  പേരിട്ട് വിളിക്കാൻ കഴിയാത്ത എന്തോ ഒന്നാൽ അവർ ബന്ധിക്കപ്പെട്ടിരുന്നിരിക്കാം അവളുടെ ചോദ്യത്തിന് മറുപടിയായി ആ കുഞ്ഞിക്കണ്ണുകൾ പറഞ്ഞത് വരാം എന്നായിരുന്നിരിക്കും അല്ലെ…

Leave a Reply

Your email address will not be published. Required fields are marked *