ഇല്ല തീരുമാനം മാറ്റാൻ ഇനി മനസില്ല, അത്രമേൽ ഭീകരമാണീ ഒറ്റപ്പെടൽ ഏഴ് വർഷം..

(രചന: നിഹാരിക നീനു)

“ഇയാൾക്കിത് എന്തിന്റെ കേടാ? അതും ഈ എഴുപതാം വയസിൽ?”

ഒരു നാട് അടക്കം പറയുന്നത് രാമചന്ദ്രൻ കേട്ടില്ലെന്ന് നടിച്ചു. ഏറെ വൈകിയില്ല, മകൻ വന്ന് അവന്റേതായ രീതിയിൽ ഭീഷണികൾ മുഴക്കി.

വന്നു ചേരാൻ കഴിയാത്തതിനാൽ മകൾ ഫോണിലൂടെയും… എല്ലാവരും ഉയർത്തിക്കാട്ടുന്നത് എഴുപതെന്ന തന്റെ ഈ വയസ്സാണ്. ഭാര്യ മരിച്ചു, ഏഴ് വർഷം താൻ മാത്രമായി കഴിഞ്ഞു.

പരിഹസിച്ചവരും ഭീഷണിപ്പെടുത്തുന്നവരും ഈ വഴി വന്നിട്ടേ ഇല്ല. ഇപ്പോൾ താനായിട്ട് സ്വന്തം ജീവിതത്തിൽ ഒരു തീരുമാനമെടുത്തപ്പോൾ അതെല്ലാവർക്കും നാണക്കേടായി പോലും.

ഇല്ല തീരുമാനം മാറ്റാൻ ഇനി മനസില്ല. അത്രമേൽ ഭീകരമാണീ ഒറ്റപ്പെടൽ… ഏഴ് വർഷം…ഏഴ് വർഷം മുമ്പാണ് അവൾ എന്നേന്നേക്കുമായി അരങ്ങൊഴിഞ്ഞത്, തന്റെ എല്ലാമായിരുന്നവൾ ധനലക്ഷ്മി.

‘ധനം’ എന്ന് വിളിക്കുമ്പോഴേക്ക് കൺമുന്നിലെത്തിയിരുന്നവൾ, തന്റെ ഓരോ വിളിയുടെയും അർത്ഥമറിഞ്ഞ് നിവൃത്തിച്ച് തന്നവൾ, ഷർട്ടിന്റെ ബട്ടൻ ഇടാൻ പോലും എന്നെ സമ്മതിക്കാത്തവൾ.

ഒടുവിൽ വേദന താങ്ങാതെ നെഞ്ച് പൊത്തി കരഞ്ഞ അവളെ വിറയ്ക്കുന്ന കൈകാളാൽ താങ്ങി കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുമ്പോൾ…

പാതി വഴിയിൽ വച്ച് പെയ്തിറങ്ങിയ എന്റെ മിഴികൾ തുടച്ച് അവ്യക്തമായി പറഞ്ഞിരുന്നു, സുമംഗലിയായി മരിക്കുന്നതാണവളുടെ ജൻമസുകൃതം എന്ന്.

ജീവിതത്തിൽ താൻ സ്വന്തമായി ഒന്നും ചെയ്യാറില്ലായിരുന്നു എന്ന് അവൾ പോയതിന് ശേഷമാണ് അറിഞ്ഞത്. പിന്നെ ഒന്നിൽ നിന്നും പഠിച്ചു തുടങ്ങേണ്ടി വന്നു.

മകൻ വിളിച്ചു, കൂടെ ചെന്ന് താമസിക്കാൻ.

എകാന്തതയിൽ പേരക്കുഞ്ഞുങ്ങൾ കൂട്ടാവും എന്ന് കരുതി ക്ഷണം സ്വീകരിച്ച് പോയതാണ്, പുതിയ വീട്ടിൽ ചുമരിൽ തൊടരുത്, മുറ്റത്ത് നിന്ന് തുപ്പരുത്… ദിവസം കൂടും തോറും അരുതുകളും കൂടി വന്നു.

ജയിലിലെ പ്രതീതിയായി തുടങ്ങി.

തൊടിയിൽ നിന്ന് കേറാത്ത തനിക്കാ ഒറ്റമുറി അസഹനീയമായി തോന്നി. വിളിക്കുമ്പോഴത്തെ ആവേശം പിന്നീടില്ല എന്നും,

അവർക്ക് യഥാർത്ഥത്തിൽ താനൊരു ശല്യമാണ് എന്നതും ജീവിതത്തിലെ ചില തിരിച്ചറിവുകൾ ആയിരുന്നു.

അവിടെയാരും തന്നെ ആഗ്രഹിക്കുന്നില്ല.

തിരിച്ച് വീട്ടിൽ പോകുകയാണെന്ന് പറഞ്ഞപ്പോൾ അധികം ബലം പിടിക്കാതെ മകൻ സമ്മതം മൂളിയിരുന്നു.

“അച്ഛന് തറവാട് വിട്ട് എവിടെയും അധികനാൾ നിൽക്കാൻ കഴിയില്ല” എന്നൊരു ന്യായീകരണം പ്രായമായെങ്കിലും ഈ കാതുകളിൽ എത്തിയിരുന്നു. മകൾ വിളിച്ചപ്പോൾ പിന്നെ പുതിയൊരു കാരണം തേടിയില്ല, തറവാടിനെ വിട്ട് പോരാത്തവനായി സ്വയം ചമഞ്ഞു.

“അച്ഛന്റെ അഹമ്മതി” എന്ന് പറഞ്ഞപ്പോൾ വീണ്ടും മനസ് പറഞ്ഞു ഒരിക്കൽ കൂടി, മകന്റെ വീട്ടിലെ അനുഭവത്തേക്കാൾ ഭേദം ഇതല്ലേ എന്ന്. ഒരഹമ്മതിക്കാരനായി മനപ്പൂർവ്വം.

പനിച്ചൂടിലുരുകി ഒരു ദിവസം കിടന്നപ്പഴാ അറിഞ്ഞത്, ദിവസത്തിന് ദൈർഘ്യമേറെയെന്ന്…

വിശപ്പിന് കാഠിന്യമാണെന്ന്…

പൊടിയരി കഞ്ഞിക്ക് ഒരു പാട് കടമ്പകൾ ഉണ്ടെന്ന്… അന്നൊരു സഹായം കൂടാതെ കഴിയില്ലായിരുന്നു. ചൂടുള്ള പാത്രത്തിൽ ഇത്തിരി ഉണങ്ങല്ലരി കഞ്ഞി സാരിത്തലപ്പിന് മുകളിൽ വച്ച്,

അവൾ വീട്ടിൽ നിന്ന് കൊണ്ട് വന്നു.

എല്ലാരുമുണ്ടായിട്ടും തനിച്ചായ എന്നെ പോലെ ആരുമില്ലാത്ത മറ്റൊരു ഏകാന്ത ജീവി.

എണീറ്റിരുന്നു കുടിക്കാൻ എന്റെ ബുദ്ധിമുട്ട് കണ്ടിട്ടാവണം, മടിച്ചാണെങ്കിലും കഞ്ഞി ഒരു കരണ്ടിയിൽ കോരി എന്റെ നേരെ നീട്ടിയത്.

വിശപ്പിന് ചിലപ്പോൾ ഭയങ്കര ശക്തിയാണ്. ഔചിത്യം നോക്കാതെ പ്രവർത്തിക്കാൻ അത് നമ്മെ പ്രേരിപ്പിച്ച് കളയും. അന്ന് അവളുടെ കയ്യിൽ നിന്ന് കഞ്ഞി സ്വീകരിച്ചപ്പോൾ ഉള്ളിൽ വിശപ്പിനൊപ്പം ഏകാന്തതയും ശമിക്കുന്നത് പോലെ,

രണ്ട് ഓലയും ടാർ പായയും കൊണ്ട് കുത്തി മറിച്ച വീട്ടിൽ നിന്നും ഒന്നും എടുക്കാനുണ്ടായിരുന്നില്ല അവൾക്കും. കണ്ണിലെ കൃഷ്ണമണി പോലെ ഞാൻ നോക്കിക്കോളാം എന്നവൾ മന്ത്രിക്കുന്നുണ്ടായിരുന്നു നിശബ്ദമായി.

എതിർപ്പും കൊണ്ട് വന്നവരെ ഒരു വിളിപ്പാടകലെ നിർത്തി. പലരും പലതും പറഞ്ഞ് വ്യാഖ്യാനിച്ചു. ചിതക്ക് തീ കൊളുത്താൻ പോലും കാക്കണ്ട എന്ന് പറഞ്ഞ് മകനും, ബലിച്ചോർ പോലും തീറ്റിക്കില്ല എന്ന് മകളും.

അതിൽ കൂടുതൽ അവർക്കെന്ത് ചെയ്യാൻ കഴിയും എന്നോട്?

ആരും കണ്ടില്ലെങ്കിലും ഇതിൽ എന്റേതായ ന്യായമുണ്ടെനിക്ക്. എന്റേതായ ശരിയും.. ശാരീരിക സുഖത്തിലുപരി ബന്ധങ്ങൾക്ക് വില കൽപ്പിക്കാനാവാത്ത വികലമായ നിങ്ങടെ അംഗീകാരം വേണ്ട എനിക്കെന്നും പറഞ്ഞ്, അവളെയും കൂട്ടി..

പടിവാതിൽ കൊട്ടിയടച്ച് തിരിഞ്ഞപ്പോൾ, തെക്കേ അറ്റത്തൊരു മാവിൻ കൊമ്പത്തൊരു ബലിക്കാക്ക സന്തോഷത്താൽ ചിറകടിച്ചു പറന്നുയർന്നു.

Leave a Reply

Your email address will not be published. Required fields are marked *