നമ്മുടെ മക്കൾ ഒരുപാട് വളർന്നത് നമ്മൾ അറിഞ്ഞില്ലല്ലോ ഭാമേ, ആ സ്വരത്തിലെ പ്രാണൻ പിടയുന്ന വേദന നെഞ്ചിൽ..

(രചന: ശാലിനി)

കനത്ത ഇരുട്ടിലേക്ക് നോക്കി വീർപ്പടക്കി നിൽക്കുമ്പോൾ ഭാമയുടെ ഉള്ള് നിറയെ ആശങ്കകളായിരുന്നു.. എങ്ങോട്ട് പോയതായിരിക്കും..

പിച്ച നടക്കാറായപ്പോൾ മുതൽ ഒന്ന് വീണു പോയാൽ കുഞ്ഞിന് നൊന്തുപോകുമോ എന്നുപോലും പേടിച്ച് കയ്യ്ക്കുള്ളിൽ നിന്ന് എങ്ങോട്ടും വിടാതെ അടക്കിപ്പിടിച്ചു വളർത്തിക്കൊണ്ട് വന്നതാണ്.
ഇന്നവൻ ഒരുപാട് മുതിർന്നിരിക്കുന്നു എന്ന് മനസ്സിലായത് പോലും അൽപ്പനേരം മുൻപാണ്!

അമ്മയ്ക്ക് എന്നും മക്കൾ എത്ര വളർന്നാലും കുഞ്ഞുങ്ങൾ തന്നെ ആണ്. കുറച്ചു നാളുകളായി അച്ഛനും മകനും തമ്മിലുള്ള നിരന്തരമായ കലഹങ്ങളിൽ ഇടയ്ക്ക് നിന്ന് അവരുടെ മാതൃഹൃദയം കലങ്ങിപ്പോയിരിക്കുന്നു..

അരുതെന്ന വിലക്കുകളിലും, ആജ്ഞകളിലും അധികാരങ്ങളിലും ചോദ്യം ചെയ്യാനും എതിർത്തു നിൽക്കുവാനും ഇന്ന് അവൻ അച്ഛനോടൊപ്പം വളർന്നിരിക്കുന്നു!

വൈകി വന്ന മകനോട് കാര്യം ചോദിച്ച തന്നോട് എതിർത്തു സംസാരിക്കുന്നത് കേട്ടാണ് വിശ്വേട്ടൻ അങ്ങോട്ട്‌ വന്നത്.. കൂട്ടുകാരോടൊപ്പം കറങ്ങി നടക്കുന്ന നേരത്ത് നാലക്ഷരം പഠിച്ചു കൂടെ എന്ന് ചോദിച്ച അച്ഛനോട് അവൻ തർക്കുത്തരം പറയുന്നത് കേട്ട്, അരുത് എന്ന് കൈ എടുക്കുമ്പോഴേക്കും അവന്റെ മുഖത്ത് വിശ്വേട്ടൻ തല്ലിക്കഴിഞ്ഞിരുന്നു!

“എന്റെ ചിലവിൽ കഴിഞ്ഞിട്ട് എന്നോട് നീ അധികപ്രസംഗം പറയുന്നോടാ..”

“എല്ലാ മക്കളും അച്ഛൻമ്മാരുടെ ചിലവിൽ തന്നെയാണ് കഴിയുന്നത്.ചിലവിന് തരാൻ വയ്യെങ്കിൽ എങ്ങോട്ടെങ്കിലും ഇറക്കി വിട്.. ഞാൻ എവിടെയെങ്കിലും പോയി ജീവിച്ചോളാം.. ”

തന്റെ പൊന്നുമകൻ തന്നെയാണോ ഈ പറയുന്നത് എന്ന് അയാളും അവളും പരസ്പരം നോക്കി വെറുങ്ങലിച്ചു നിന്നു!

“അങ്ങനെ എവിടെയെങ്കിലും പോയി ജീവിക്കാനാണോടാ ഇത്രയും കാലം ഞങ്ങൾ കണ്ണിലെണ്ണയൊഴിച്ച് നിന്നെ വളർത്തിയത്..  അച്ഛനോട് നീ മാപ്പ് പറയെടാ..”

“വളർത്തിയതിന്റെ കണക്കൊന്നും പറയണ്ട.. എനിക്ക് ആവശ്യം ഉള്ളത് എന്തെങ്കിലും വാങ്ങിത്തന്നിട്ടുണ്ടോ..
ഒരു ഫോൺ വാങ്ങി തരാൻ പറഞ്ഞിട്ട് എത്ര നാളായി.. എന്റെ എല്ലാ കൂട്ടുകാർക്കും മൊബൈൽ ഫോണുണ്ട്. ഞാൻ മാത്രം ഒന്നുമില്ലാത്ത ഒരു തെണ്ടിയെപ്പോലെ..”

“നിനക്ക് ആവശ്യം ഉള്ളതൊന്നും വാങ്ങിച്ചു തരാതെയാണോ ഇത്രയും നാൾ നിന്നെ വളർത്തിയത്? ഫോൺ ഉപയോഗിക്കാനുള്ള പ്രായം ആകുമ്പോൾ വാങ്ങിച്ചു തരും.. ”

“നിങ്ങൾക്ക് തോന്നുമ്പോൾ വാങ്ങിച്ചു തന്നാൽ മേടിക്കാൻ എനിക്കപ്പോൾ സൗകര്യം ഇല്ലെങ്കിലോ.. ”

“ഇവനെ ഇന്ന് ഞാൻ..”

വീണ്ടും ക്ഷമ നഷ്ടപെട്ട് വിശ്വേട്ടൻ തല്ലാൻ ഒരുങ്ങിയപ്പോൾ അവൻ ദേഷ്യപ്പെട്ട് വാതിൽ വലിച്ചു തുറന്ന് ഇറങ്ങി പോയതാണ്..  ഇപ്പോൾ നേരം പതിനൊന്നു കഴിഞ്ഞിരിക്കുന്നു. എവിടെപ്പോയി തിരക്കും.. വരും വരും എന്ന് കാത്തിരുന്നിട്ടു നേരം കുറെയായി!

വിശ്വേട്ടൻ മുറിയിലെ ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി നിൽപ്പുണ്ട്. പാവം! തന്നെക്കാൾ കൂടുതൽ സ്നേഹം അവനോട്  കാണിച്ചിട്ടുള്ളത് അദ്ദേഹമാണ്..

എങ്ങോട്ട് തിരിഞ്ഞാലും കൂടെ വലത്തെ കയ്യിൽ അവന്റെ കുഞ്ഞിളം കയ്യ് ചേർത്തു പിടിച്ചിട്ടുണ്ടാവും! ഉറങ്ങുന്നത് പോലും അവനോടൊപ്പം ആയിരുന്നു..
ഇന്ന് തനിക്ക് നേരെ നിന്ന് മറുപടി പറയുന്ന മകൻ അദ്ദേഹത്തെ തകർത്തിട്ടുണ്ടാവും…

“വിശ്വേട്ടാ”
മെല്ലെ ആ ചുമലിൽ പിടിച്ചു..
തിരിഞ്ഞു നോക്കാതെ തന്നെ ചോദിച്ചു.
“വന്നോ?”
“ഇല്ല.. വന്നില്ല.നേരം ഒരുപാട് ആയി! വിശ്വേട്ടൻ ഒന്ന് പോയി നോക്കിയിരുന്നെങ്കിൽ..”

പേടിച്ചാണ് ഭാമ അത് പറഞ്ഞത്.. മറുപടി ഒരു ദീർഘ നിശ്വാസം മാത്രമായിരുന്നു..

“നമ്മുടെ മക്കൾ ഒരുപാട് വളർന്നത് നമ്മൾ അറിഞ്ഞില്ലല്ലോ ഭാമേ..”

ആ സ്വരത്തിലെ പ്രാണൻ പിടയുന്ന വേദന നെഞ്ചിൽ കൊളുത്തിവലിച്ചു..

“ഒരു പ്രയാസങ്ങളും അറിയിക്കാതെ  പറയുന്നതെല്ലാം വാങ്ങിച്ചു കൊടുത്തു.. എന്നിട്ടും എനിക്കൊരു വിലയും തരാതെ എന്നെ ചോദ്യം ചെയ്യാൻ ആയിരിക്കുന്നു അവൻ ! ഇനിയാട്ടെ ഞാൻ കാണിച്ചു കൊടുക്കാം.”

“അയ്യോ അരുതേ.. അവൻ അറിയാതെ എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കേണ്ടത് നമ്മളല്ലാതെ വെറെ ആരാ.. വിശ്വേട്ടൻ ഒന്ന് പോയി നോക്ക്.. പാതിരാത്രി ആകുന്നു.എനിക്കൊരു സമാധാനവും ഇല്ല.”

ഭാമ കരഞ്ഞുപോയി.. കുറെ നിമിഷങ്ങൾക്കു ശേഷം ഒന്നും മിണ്ടാതെ അയാൾ ഷർട്ട്‌ എടുത്തിട്ട് പുറത്തേക്കിറങ്ങി..  ഭിത്തിയിലെ ഫോട്ടോയിൽ നോക്കി ഭാമ കൈകൾ കൂപ്പി കരഞ്ഞു..

“എന്റെ കൃഷ്ണാ.. ന്റെ കുഞ്ഞിനെ നീ കാത്തോളണേ.. അവന് ദുർബുദ്ധി ഒന്നും തോന്നിക്കല്ലേ.”

പത്താം തരത്തിൽ പഠിക്കുന്ന കുട്ടിയാണ്.. ഇപ്പോൾ അവനാവശ്യം പഠിത്തം ആണ്.  നല്ല മാർക്ക് വാങ്ങിക്ക് അപ്പോൾ ഫോൺ വാങ്ങിത്തരാം എന്ന് വിശ്വേട്ടൻ പറഞ്ഞതാണ്.. പിന്നെയും ഓരോ കൂട്ടുകാരെ കണ്ട് ഹാലിളകുന്നത് എന്തൊരു കാലക്കേടാണ് ദൈവമേ..

ഭാമയുടെ അന്തരംഗം അനുനിമിഷം അവളോട് തന്നെ പിറുപിറുത്തു കൊണ്ടിരുന്നു..
അറിയാവുന്ന അവന്റെ എല്ലാ കൂട്ടുകാരുടെയും വീട്ടിലേക്ക് ഇതിനോടകം അവർ വിളിച്ചു കഴിഞ്ഞിരുന്നു..  അവരുടെയൊന്നും വീട്ടിൽ അവൻ ചെന്നിട്ടില്ലത്രെ..
ഓർക്കുംതോറും ഭാമക്ക്‌ പേടികൂടി..

കാലം വല്ലാത്തതാണ്.. അവന്റെ പ്രായവും!

കൂട്ടിലടച്ച വെരുകിനെപ്പോലെ അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു..
ഇടയ്ക്ക് മുറിയിൽ എത്തി നോക്കിയപ്പോൾ മകൾ ഉറക്കം പിടിച്ചിരുന്നു..  അവൾക്ക് തുടരെ തുടരെ വീട്ടിൽ നടക്കുന്ന കലഹങ്ങളിലൊന്നും തീരെ താല്പര്യം ഉണ്ടായിരുന്നില്ല..
പഠനവും ചിത്രം വരയും മാത്രമാണ് അവളുടെ ലോകം ..

അവൾ അച്ഛനും അമ്മയ്ക്കും ഇതുവരെ വലിയ തലവേദനയ്ക്കിട നൽകിയിട്ടില്ല.. ചേട്ടന്റെ വാശികൾ കേൾക്കുമ്പോൾ പലപ്പോഴും തമാശ പറഞ്ഞ് അത് വളരെ നിസ്സാരമാക്കി കളയുന്നതിന് അവന്റെ കയ്യിൽ നിന്ന് ഇടയ്ക്ക് നല്ല തല്ലും വാങ്ങിക്കൂട്ടും പാവം!
മകന്റെ പല ചെയ്തികളിലും മുന്നറിയിപ്പ് തന്നിരുന്നത് പോലും മകളായിരുന്നു…

സ്കൂളിൽ ഫോൺ നോക്കി കൊണ്ടിരുന്ന കുറെ കുട്ടികളോടൊപ്പം ഏട്ടനെ പിടിച്ചതും, പതിവായി ബുക്സ് കൊണ്ടുവരാത്തതിനും മാർക്ക് കുറഞ്ഞതിനും എല്ലാം അവന് കിട്ടിയിരുന്ന ശിക്ഷകൾ അവൾ പറഞ്ഞു മാത്രമാണ് അവർ അറിഞ്ഞിരുന്നത്..  അപ്പോഴൊക്കെ വിശ്വേട്ടൻ ഭാമയെ മാത്രം കുറ്റം പറഞ്ഞു..

“നിന്റെ ശ്രദ്ധയില്ലായ്മ കൊണ്ടാണ് അവനിങ്ങനെ തോന്നിവാസം ആയിപ്പോയത് ”

എല്ലാം അങ്ങനെ തന്നെ ആണല്ലോ.. എല്ലാത്തിന്റെയും ഒടുവിൽ കുറ്റം മുഴുവനും അമ്മമാർക്ക് മാത്രമായിരിക്കും! എന്തിനും ഏതിനും ശാസനയും കുറ്റം പറച്ചിലും മാത്രമേയുള്ളെന്ന് മക്കൾ കേൾക്കേയാണ് അയാൾ ഭാര്യയെ ശകാരിച്ചിരുന്നത്.
വീട്ടിലേക്ക് കയറി വന്നാൽ ഒരു സമാധാനവും തരില്ല, അമ്മയും മക്കളും എന്ന് പറഞ്ഞു പറഞ്ഞു മക്കളും ഇപ്പോൾ അമ്മയ്ക്ക് ഒരു വിലയും തരാതെയായി!!

പാഠങ്ങൾ പറഞ്ഞു കൊടുക്കാനുള്ള വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും മക്കളെ കുറെ ക്ലാസുകൾ വരെ അവളായിരുന്നു ട്യുഷനുപോലും വിടാതെ പഠിപ്പിച്ചിരുന്നത്.. പിന്നീട് മുതിർന്ന ക്ലാസ്സിലായതോടെ അവളുടെ അറിവുകൾക്കും മേലെയായി പുസ്തകങ്ങളുടെ വലിപ്പവും കുട്ടികളുടെ വിവരവും!!

“ഈ അമ്മയ്ക്കൊന്നും അറിയില്ല..
ടീച്ചർ ഇങ്ങനെയൊന്നും അല്ല പറഞ്ഞു തന്നിരിക്കുന്നത്..”
മക്കളുടെ മുന്നിൽ ഒന്നുമറിയാത്ത..

ഒരു വിവരവും ഇല്ലാത്ത വെറുമൊരു അമ്മയായി പുനർജനിക്കുമ്പോൾ അവളുടെ ആത്മാവ് കേഴുന്നത് ആരും അറിഞ്ഞില്ല.. അങ്ങിനെ സ്വയം ഒഴിഞ്ഞു മാറി നല്ലൊരു ട്യുഷൻ ഏർപ്പാടാക്കുമ്പോൾ മനസ്സിനൊരു സമാധാനമൊക്കെ തോന്നിയതായിരുന്നു ..
പക്ഷേ ഇപ്പോൾ ആവശ്യമില്ലാത്ത വാശികളും ആഗ്രഹങ്ങളും കൊണ്ട് പൊറുതി മുട്ടിക്കുന്ന മകന് മുന്നിൽ പരാജയപ്പെട്ടു പിന്മാറേണ്ടി വരുന്ന ഒരവസ്ഥയിൽ എത്തിയിരിക്കുന്നു കാര്യങ്ങൾ!

ചുവരിലെ ക്ലോക്കിന്റെ മണിമുഴക്കങ്ങൾ കേട്ട് ഭാമ വേവലാതിയോടെ എത്തി നോക്കി.. പന്ത്രണ്ട് മണിയും കഴിഞ്ഞിരിക്കുന്നു!!
ദൈവമേ! തിരക്കാൻ പോയ ആളിനെയും കാണുന്നില്ലല്ലോ.. മകൾ ഒറ്റയ്ക്ക് ആണ് അല്ലെങ്കിൽ ഇറങ്ങി എങ്ങോട്ടെങ്കിലും ഓടി പോയി തിരക്കാമായിരുന്നു..

ഫോൺ എടുത്തു വിളിച്ചു നോക്കാം.. ബെല്ലടിക്കുന്നുണ്ട് പക്ഷേ എടുക്കുന്നില്ല.  സാരിത്തുമ്പ് കശക്കിയും നെഞ്ചിലെ പെടപെടപ്പ് മാറ്റാൻ കുറെ വെള്ളമെടുത്തു മോന്തിയും ഒക്കെ അവൾ ഉള്ളിലെ ഉഷ്ണം അകറ്റാൻ നോക്കി..
പെട്ടെന്നാണ് ഒരോട്ടോ മുറ്റത്ത്‌ വന്ന് നിന്നത്.  അതിൽ നിന്ന് ആരൊക്കെയോ വിശ്വേട്ടനെ താങ്ങിപ്പിടിച്ച് ഇറക്കുന്നു..

“ദൈവമേ!!” ഞാനെന്താണീ കാണുന്നത്. അല്പം മുൻപ് മകനെ തിരക്കിയിറങ്ങിയ ആളാണല്ലോ..

“വിശ്വേട്ടാ.. എന്താ പറ്റിയത് മോനെന്തിയെ?..”

“പേടിക്കാനൊന്നുമില്ല ചേച്ചീ.. ഞങ്ങൾ ആൽത്തറ വഴി വരുമ്പോൾ ചേട്ടൻ അവിടെ വീണു കിടക്കുന്നു.. പെട്ടെന്ന് പൊക്കിയെടുത്തു വെള്ളമൊക്കെ കൊടുത്തു.. ”

“ബാലു..”
അറച്ചാണ് ചോദിച്ചത്..  കൂടെ അതുവരെ മിണ്ടാതെ നിന്ന ആളിനെ അപ്പോഴാണ് ശ്രദ്ധിച്ചത്.. ബാലു!  അവന്റെ മുഖം കുനിഞ്ഞിരുന്നു..

“ചേച്ചീ, രാത്രി അമ്പലക്കുളത്തിൽ ഒരു  പൂച്ച എങ്ങനെയോ വീണു.. അതിന്റെ ബഹളം കേട്ട് എല്ലാവരും ചുറ്റിനും കൂടിനിൽക്കുവായിരുന്നു.. ഞങ്ങൾ അതുകണ്ടു തിരിച്ചു ബൈക്കിൽ വരുമ്പോൾ ബാലുവാണ് അച്ഛൻ വീണ് കിടക്കുന്നത് കണ്ടത്.. !”

വിശ്വേട്ടനെ മുറിയിലെ കട്ടിലിൽ മെല്ലെയിരുത്തി വന്നവർ ആശ്വാസ വാക്കുകൾ പറഞ്ഞു തിരിച്ചു പോയി..
ഒരു വല്ലാത്ത നിശബ്ദത അവിടെയാകെ പടർന്നു നിന്നു..  ഒരു മൂലയിൽ കൈ കെട്ടി മാറി നിന്ന മകന്റെ അടുത്തേയ്ക്കു ഒരു കൊടുംകാറ്റ് പോലെയാണ് ഭാമ ചെന്നത് !

“മനസ്സിലായോ ഇപ്പോഴെങ്കിലും നിനക്ക് അച്ഛന്റെ സ്നേഹം.. ”

കുറ്റബോധം കുനിച്ച ശിരസ്സുമായി നിന്ന അവൻ മുഖമുയർത്തിയപ്പോൾ കണ്ണിൽ നിന്നടർന്ന് വീണത് രണ്ട് നീർതുള്ളികൾ..  കൂടുതൽ ഒന്നും പിന്നെ പറയാൻ അവൾക്ക് തോന്നിയില്ല..
മുറിയിലേക്ക് ചെല്ലുമ്പോൾ മച്ചിലേക്കു തുറിച്ചു നോക്കി കിടക്കുന്ന വിശ്വേട്ടൻ..
മെല്ലെ അടുത്ത് ചെന്ന് ആ നെഞ്ചിൽ ഒരാശ്വാസവചനം പോലെ തലോടി..
പെട്ടന്ന് ഭാമയുടെ കയ്യ് തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് അയാൾ വിങ്ങി..

“ഞാൻ വിചാരിച്ചത്..
ആ അമ്പലക്കുളത്തിൽ.. ”

“വേണ്ട വിശ്വേട്ടാ.. ഇനിയതിനെ കുറിച്ചൊന്നും പറയണ്ട… അവൻ വന്നല്ലോ.. ഇപ്പോഴാ നെഞ്ച് ഒന്നടങ്ങിയത്.”

പെട്ടന്ന് ഒരു വിങ്ങിപ്പൊട്ടൽ കേട്ട് രണ്ട് പേരും ഞെട്ടിത്തിരിഞ്ഞു..
അച്ഛന്റെ കാലിൽ കെട്ടിപ്പിടിച്ചു കരയുന്ന മകൻ!

“എന്നോട് ക്ഷമിക്ക് അച്ഛാ.. ഞാനിനി എങ്ങും പോവില്ല.. നിങ്ങളെ ആരെയും വിഷമിപ്പിക്കില്ല.. ”

ആ വാക്കുകൾ ഒരു ജീവാമൃതം പോലെയാണ് അവരുടെ മേലേയ്ക്ക് വർഷിച്ചത്‌..  ഇതുവരെ അനുഭവിച്ച എല്ലാം പ്രയാസങ്ങളും ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതായതു പോലെ..
ടപ്പ്.. ടപ്പ്‌..  ഒരു കയ്യടി ശബ്ദം കേട്ടാണ് മൂന്നുപേരും ഞെട്ടി തിരിഞ്ഞു നോക്കിയത്! വാതിൽക്കൽ മകൾ ആ ആനന്ദ നിമിഷം കണ്ട് കയ്യടിക്കുന്നു!!

“മോൾ ഉറങ്ങിയില്ലേ..?”

“ഇവിടുത്തെ ഈ ബഹളം കാരണം  എങ്ങനെ ഉറങ്ങാനാ.. അച്ഛാ ആ ഫോൺ ഒന്ന് തന്നേ. ഒരു സെൽഫി എടുക്കട്ടെ.. ”

അതുകേട്ടു പാതിരാവിൽ ആ വീട്ടിൽ  ഒരു കൂട്ട ചിരി മുഴങ്ങി.. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒരു വലിയ ചിരി!!