അമ്മ ഇങ്ങനെയാണ് എപ്പോഴും അവനുവേണ്ടി മാത്രമേ എന്നോട് വാദിച്ചിട്ടുള്ളൂ അച്ഛന്റെ പഴയ പലചരക്ക് കട ഏറ്റെടുക്കുമ്പോൾ..

(രചന: J. K)

“”” ചേട്ടാ.. ദേ മാലതി വിളിക്കുന്നു അമ്മ ഹോസ്പിറ്റലിൽ ആണെന്ന് ചേട്ടനോട് പെട്ടെന്ന് അങ്ങോട്ട് ചെല്ലാൻ.. “”

അത് പറഞ്ഞപ്പോൾ ഓടി കിത ഹോസ്പിറ്റലിൽ എത്തി അജയൻ അമ്മ പറഞ്ഞാൽ കേൾക്കാതെ എവിടെയോ എണീറ്റ് നടന്ന വീണ് കാലിന്റെ മസിലിന് ചതവുണ്ട് ഭാഗ്യത്തിന് എല്ലിന് ഒന്നും പറ്റിയില്ല പക്ഷേ അന്ന് അവിടെ പിടിച്ചു കിടത്തി പിന്നെ ഹോസ്പിറ്റലിലേക്ക് ഇതൊരു ബിസിനസ് ആണല്ലോ..

രാജീവാണ് കൂടെ ഉണ്ടായിരുന്നത് സ്ത്രീകൾ ആരുമില്ലേ എന്ന് ആശുപത്രിയിൽ നിന്ന് ചോദിക്കുന്നുണ്ട് അവൻ ഇല്ല എന്ന് പറയുന്നത് കേട്ടു..

എന്നെ കണ്ടതും അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല..
പിന്നെ പിറുപിറുക്കുന്നത് കേട്ടു, ഇപ്പോൾ തന്നെ ഹോസ്പിറ്റലിൽ അയ്യായിരം രൂപയായി അത് മുഴുവൻ ഞാനാ അടച്ചത് എന്നൊക്കെ….

“” അമ്മേ എന്ന് വിളിക്കാൻ മാത്രമേ ആളുകൾ ഉള്ളൂ എന്തെങ്കിലും കാര്യം എന്ന് ഒരാൾ പോലും തിരിഞ്ഞുനോക്കില്ല ഞാൻ വേണമല്ലോ എല്ലാത്തിനും ഓടാൻ എന്നെല്ലാം അവൻ അവിടെ നിന്ന് പറയുന്നത് കേട്ടു എന്നോടാണ് പറയുന്നത് എന്ന് എനിക്ക് വ്യക്തമായിരുന്നു.

പക്ഷേ ഞാൻ അത് മൈൻഡ് ചെയ്യാതെ അവിടെ ഇരുന്നു. അപ്പോൾ എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കിൽ ഹോസ്പിറ്റലിൽ ആണെന്ന് പോലും നോക്കാതെ പ്രവർത്തിക്കേണ്ടിവരും എന്ന് ഉറപ്പായിരുന്നു…

അമ്മയുടെ കാലിൽ ബാൻഡേജ് ഇടാൻ വേണ്ടി പ്രൊസീജിയർ റൂമിലേക്ക് കൊണ്ടുപോയതാണ് അതിനു പുറത്താണ് ഞങ്ങൾ രണ്ടുപേരും വെയിറ്റ് ചെയ്യുന്നത് കുറച്ചു കഴിഞ്ഞപ്പോൾ അമ്മയെ പുറത്തേക്ക് കൊണ്ടുവന്നു. ഇന്ന് കാഷ്വാലിറ്റിയിൽ കിടക്കാനാണ് ഡോക്ടർ പറഞ്ഞത് നാളെ രാവിലെ വേറെ ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ പോകാം എന്ന് സിസ്റ്റർ വന്നു പറഞ്ഞു.

“” കാഷ്വാലിറ്റിയിൽ എന്തിനാണ് കിടക്കുന്നത് നാളെ രാവിലെ ഡോക്ടർ വരുമ്പോൾ ഞങ്ങൾ അപ്പോഴേക്ക് കൊണ്ടുവന്നാൽ പോരെ എന്ന് ചോദിച്ചപ്പോൾ സിസ്റ്റർ ഒന്നുകൂടി ഡോക്ടറുടെ അടുത്തേക്ക് പോയി

അത് ചോദിച്ചു കൺഫോം ചെയ്യാൻ അങ്ങനെയാണെങ്കിൽ അത് മതി എന്ന് അവർ വന്നു പറഞ്ഞു അങ്ങനെ അമ്മയെയും കൊണ്ട് ഞാൻ വീട്ടിലേക്ക് പോയി അവന്റെ കാറിൽ…

പോകുന്ന വഴി അമ്മയുടെ കാല് മടിയിൽ വച്ച് ഞാനാണ് പുറകിലെ സീറ്റിൽ ഇരുന്നത് അപ്പോഴൊക്കെയും രാജീവിന്റെ കഷ്ടപ്പാടുകളെ കുറിച്ച് അമ്മ വാചാലയായിരുന്നു അവന്റെ കയ്യിൽ ഒരു രൂപ പോലും എടുക്കാൻ ഇല്ല എല്ലാം എനിക്ക് വേണ്ടി ചെലവാക്കുകയാണ് എന്നെല്ലാം പറഞ്ഞ് അമ്മ കണ്ണുതുടക്കുന്നത് കണ്ടു..

അമ്മ ഇങ്ങനെയാണ് എപ്പോഴും അവനുവേണ്ടി മാത്രമേ എന്നോട് വാദിച്ചിട്ടുള്ളൂ അച്ഛന്റെ പഴയ പലചരക്ക് കട ഏറ്റെടുക്കുമ്പോൾ എനിക്ക് കിട്ടിയത്, വലിയൊരു പറ്റ് ബുക്കും പിന്നെ കുറെ കടങ്ങളും മാത്രമായിരുന്നു എന്നെക്കൊണ്ടാവുന്ന വിധം അത് വീട്ടി…

അനിയന് നല്ല ജോലിയുണ്ടായിരുന്നു എങ്കിലും അമ്മയ്ക്ക് അവന്റെ കഷ്ടപ്പാടിനെ കുറിച്ച് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ അവൻ അങ്ങനെയാണ് ഇല്ലായ്മ എല്ലാം അമ്മയുടെ അരികിൽ പോയിരുന്ന ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും…
ഞാൻ നേരെ തിരിച്ചും, എന്റെ ഒരു കഷ്ടപ്പാടും അമ്മ അറിയരുതെന്നാണ് എനിക്ക്…

പക്ഷേ അതുകൊണ്ട് അമ്മയുടെ വിചാരം ഞാൻ സുഖിച്ചു ജീവിക്കുകയാണ് അവനുള്ള കഷ്ടപ്പാടുകൾ മുഴുവനും ഉണ്ട് എന്നാണ്…

ഓണമാണ് വരുന്നത് കുഞ്ഞുങ്ങൾക്ക് ഡ്രസ്സ് എടുത്തിട്ട് പോലുമില്ല ആഗ്രഹമില്ലാഞ്ഞിട്ടല്ല പണമില്ലാഞ്ഞിട്ടാണ് അതിനും കൂടി ചെലവാക്കിയാൽ പിന്നെ ഈ മാസം നിക്കളി ഇല്ലാതാവും ഒരു ഹോസ്പിറ്റൽ കേസ് വരുമ്പോൾ നെഞ്ചിൽ തീയാണ് കാരണം മാസം അങ്ങോട്ടുമിങ്ങോട്ടും എത്തിക്കാൻ പറ്റില്ല എന്ന് പിന്നെ ഉറപ്പാണ്…

വീടുപണി പാതിയെ തീർത്തിട്ടുള്ളൂ അത് അങ്ങനെ കിടപ്പാണ് അതിന്റെ മുകളിലേക്ക് ഒന്ന് നോക്കാൻ പോലും സാധിച്ചിട്ടില്ല… അങ്ങനെയിരിക്കുന്നു എന്റെ കാര്യം…

എല്ലാംകൊണ്ടും കടിച്ചുപിടിച്ചു നിൽക്കുകയാണ്… വെറുതെ ഒരു പ്രശ്നം ഞാനായിട്ട് ഇവിടെ ഉണ്ടാക്കണ്ട എന്ന് കരുതി….

വീട്ടിലെത്തിയതും അവന്റെ ഭാര്യ എന്തോ അവനോട് കുശുകുശുക്കുന്നത് കേട്ടിരുന്നു അത് കഴിഞ്ഞ് അവൻ അവിടെ വന്നു പറഞ്ഞു..

“” അതെ അമ്മ എന്റെ മാത്രം ഉത്തരവാദിത്വം ഒന്നുമല്ല ഇതിപ്പോ കഴിഞ്ഞതാവണ ആശുപത്രിയിൽ കൊണ്ടുപോയതിന് ചെലവ് ഞാൻ തന്നെയാണ് വഹിച്ചത് ഇനി എന്നെ കൊണ്ടൊന്നും പറ്റില്ല.. എനിക്കും കുടുംബവും കുട്ടികളും ഒക്കെയുണ്ട് അവരുടെ കാര്യം കൂടി എനിക്ക് നോക്കണം.. എല്ലാവരും കൂടി ഒരു തുക ഏൽപ്പിച്ചാൽ ഞാൻ വേണേൽ അമ്മയെ നോക്കാം… “”

എന്ന്…

അത്രയും നേരം അടക്കിവെച്ചതെല്ലാം അപ്പോൾ എനിക്ക് അണപൊട്ടി ഒഴുകി അവന്റെ മുഖത്ത് നോക്കി തന്നെ ചോദിച്ചു,

“” ഇപ്പോ അമ്മയ്ക്ക് എത്ര രൂപയുണ്ട് പെൻഷൻ എന്ന്??

അത് കേട്ടതും വലിയ ഷോ കാണിച്ച അവന്റെ മുഖം ആകെ ഭാവം മാറുന്നത് ഞാൻ കണ്ടിരുന്നു..

“” അതല്ലല്ലോ ഇപ്പോ പ്രശ്നം അമ്മയുടെ കാര്യങ്ങൾ നോക്കാൻ തന്നെ അതിലേറെ വേണം അതെല്ലാം ഞാൻ എന്റെ കയ്യിൽ നിന്നാണ് എടുക്കുന്നത്… “””
എന്നെല്ലാം വിദഗ്ധമായി അവൻ പറഞ്ഞു പക്ഷേ ഞാൻ എനിക്ക് പറയാനുള്ളത് പറഞ്ഞു.

“” ഞങ്ങളുടെ എല്ലാവരുടെയും പോലെ നിനക്കൊരു ഷെയർ പാർട്ടീഷൻ സമയത്ത് തന്നതാണ് പോരാത്തതിന് ഈ തറവാട് അമ്മയുടെ ഷെയർ ആയിരുന്നു അതും നിന്റെ പേരിലാണ് അമ്മ എഴുതിത്തന്നത്..

ഈ വീട് പുതുക്കി പണിതിട്ട് അധികനാളൊന്നും ആയിട്ടില്ലല്ലോ ഞങ്ങൾ എല്ലാവരും കൂടി തന്നെയാണല്ലോ അത് ചെയ്തത്.. ആര് കണ്ടാലും കുറ്റം പറയാത്ത അത്യാവശ്യം വലിയ വീട് തന്നെയാണ് ഇത്. ഇതിന്റെ മേലെ നിനക്ക് ഒന്നും ഇനി ചെയ്യാനില്ല…

തന്നെയുമല്ല വെറും നാലു കൊല്ലമല്ല ആയിട്ടുള്ളൂ ഞങ്ങൾ ഇവിടെ നിന്നും മാറിയിട്ട് അന്ന് തന്നെ അമ്മയ്ക്ക് പതിനൊന്നായിരം രൂപ പെൻഷൻ ഉണ്ട് ഇപ്പോൾ അത് എന്തായാലും കൂടിയിട്ടുണ്ടാവും എന്നല്ലാതെ കുറഞ്ഞിട്ടുണ്ടാവില്ല

അമ്മയുടെ ഒരാളുടെ കാര്യം നോക്കാനും അത്യാവശ്യം ഹോസ്പിറ്റൽ ചെലവിനും ഉള്ളതെല്ലാം അമ്മയ്ക്ക് തന്നെ കിട്ടുന്നുണ്ട് പിന്നെ അമ്മയുടെ ഒരു മാസത്തെ മരുന്നിന്റെ പൈസ എത്രയാണെന്ന് നീ എന്നെ പഠിപ്പിക്കേണ്ട അത് ആയിരം രൂപ പോലും ആവുന്നില്ല എന്ന് എനിക്കറിയാം..

എന്നിട്ടും ഓരോ തവണ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോഴും ഞാൻ വന്ന് അമ്മയുടെ കയ്യിൽ എന്തെങ്കിലും വച്ചു കൊടുക്കാറുണ്ട്…

തന്നെയുമല്ല നീയും നിന്റെ ഭാര്യയും അമ്മയെ നോക്കി കഷ്ടപ്പെടേണ്ട എന്ന് കരുതി ഞങ്ങൾ ആവും പോലെ അമ്മയെ നോക്കാൻ വേണ്ടി ഹോസ്പിറ്റലിലും മറ്റും വന്ന് നിൽക്കാറുണ്ട് നിങ്ങൾക്ക് എങ്ങോട്ടെങ്കിലും പോകണമെങ്കിൽ കൂടി ഞങ്ങൾ ഇവിടെ വന്ന് അമ്മയെ നോക്കാറുണ്ട്…

ഇനി നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ പറഞ്ഞോ അമ്മയെ ഞാൻ കൊണ്ടുപോയിക്കോളാം….””

അത്രയും നേരം ഉറഞ്ഞുതുള്ളി അവന്റെ നാവടങ്ങുന്നത് ഞാൻ കണ്ടു അവന്റെ ഭാവം പാടെ മാറി..

ഒന്നും മിണ്ടാതെ അവൻ അവിടം വിട്ടു പുറത്തേക്ക് ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടു. അതേ വെപ്രാളം അവന്റെ ഭാര്യയുടെ മുഖത്തും ഉണ്ടായിരുന്നു പെട്ടെന്നാണ് എനിക്ക് ഒരു ഗ്ലാസ് ചായ കൊണ്ട് തന്നത്…

“” ഏട്ടാ ചായ””” എന്ന് പറഞ്ഞ്…
അവന് പറ്റിയ ഭാര്യ തന്നെ ഞാൻ അപ്പോൾ മനസ്സിൽ ഓർത്തത് അതാണ്…

അമ്മയുടെ അടുത്തേക്ക് നടന്നു, നന്നായി റസ്റ്റ് എടുക്കണം ഇനി ഇങ്ങനെ വെറുതെ ആവശ്യമില്ലാതെ എണീറ്റ് നടക്കരുത് എന്ന് പറഞ്ഞ് യാത്രയും പറഞ്ഞു….

അമ്മ ഒന്നും മിണ്ടിയില്ല അല്ലെങ്കിൽ അനിയന്റെ പ്രാരാബ്ദങ്ങളെ പറ്റി വലിയൊരു ക്ലാസ് എടുക്കാറുള്ള ആളാണ്..

“”” അമ്മ എന്റെ കൂടെ വരുന്നോ?? ”

എന്ന് ഞാൻ ചോദിച്ചപ്പോഴേക്കും അവന്റെ ഭാര്യ ഓടിവന്ന് പറഞ്ഞിരുന്നു അമ്മയ്ക്ക് ഇവിടെ വിട്ട് വേറെ എവിടെയും നിൽക്കാൻ ഇഷ്ടമില്ല ഞങ്ങൾ നോക്കിക്കോളാം ഏട്ടാ എന്ന്..

അവരുടെ പൊന്മുട്ടയിടുന്ന താറാവാണ് അമ്മ അങ്ങനെ എളുപ്പത്തിൽ ഒന്നും ആരുടെയും കൂടെ പറഞ്ഞയക്കില്ല എന്നെനിക്കറിയാമായിരുന്നു…

കിട്ടുന്നതൊക്കെ പോന്നോട്ടെ എന്ന് കരുതി നടത്തിയ ഒരു നാടകമായിരുന്നു നേരത്തെ. അത് പൊളിഞ്ഞു എന്ന് മനസ്സിലായപ്പോൾ ഇപ്പോൾ രണ്ടുപേരും ട്രാക്ക് മാറ്റിയതാണ്..

അതിനു വേണമെങ്കിൽ എനിക്ക് പൊട്ടനെ പോലെ നിന്നു കൊടുക്കാമായിരുന്നു. പക്ഷേ അങ്ങനെ ഒരു കൂട്ടരും മാത്രം സാമർത്ഥ്യക്കാരായാൽ പോരല്ലോ…

അവിടെ നിന്ന് ഇറങ്ങുമ്പോൾ എനിക്ക് അറിയാമായിരുന്നു ഇനി ഇതുപോലുള്ള ഒരു സംസാരവും എന്നോട് ഉണ്ടാവില്ല എന്ന്…

ബന്ധുക്കളായാലും ശരി സ്വന്തക്കാരായാലും ശരി പറയാനുള്ളത് മുഖത്തുനോക്കി പറയുക തന്നെ വേണം ഇല്ലെങ്കിൽ നമ്മളെ അവർ കൂടുതൽ വിഡ്ഢികളാക്കി കൊണ്ടിരിക്കും..