കൂടെ പഠിക്കുന്നതാണ് പോലും. കെട്ടിപ്പിടിച്ചാണ് നടപ്പ്. കൂടെ കിടക്കുന്നുണ്ടോ എന്ന് ആർക്കറിയാം. ഓരോ പരിഷ്ക്കാരങ്ങള്..

(രചന: ശാലിനി)

“അറിഞ്ഞോ ചന്ദ്ര വിഹാറിലെ സാറിന്റെ

മോൻ ഒരു മദാമ്മയെയും കൊണ്ട് വന്നിരിക്കുന്നു.

നാട്ടുകാര് പറയുന്നത് അവര് തമ്മിൽ  കല്യാണം കഴിച്ചതാണെന്നാ.. ”

“ങേഹേ ! ആ കറുത്ത് അരണ വാല് പോലിരിക്കുന്ന ആ പയ്യനോ !”

“അരണ ആയാലും എരുമ അയാലും നല്ല കിടിലൻ സാധനത്തിനെയാണ് കൊണ്ട് വന്നേക്കുന്നത്. നിങ്ങള് കണ്ടില്ലല്ലോ. ”

“ഇല്ല ഇപ്പൊ എങ്ങനെയാ ഒന്ന് കാണുന്നത്… ഞാനാണെങ്കിൽ ഒരു മദാമ്മയെപ്പോലും ഇതുവരെ അടുത്ത് കണ്ടിട്ടില്ല. ”

“അതിനിപ്പോ എന്താ ഇത്ര പാട്.

എന്നും നേരം വെളുക്കുമ്പോൾ നിക്കറും ബനിയനും ഇട്ടുകൊണ്ട് രണ്ടാളും കൂടി ഈ വഴിനീളെ ഓട്ടമാണ് . പോരെങ്കിൽ നാടിന്റെ ഭംഗി കാണാനെന്നു പറഞ്ഞു ഉള്ള തോട്ടിലും കാട്ടിലുമൊക്കെ അവൻ അതിനെയും കൊണ്ട് നടക്കുവല്ലയോ.. ”

“യോഗം വേണം യോഗം.. ”

ഒരു വലിയ ദീർഘ നിശ്വാസം ഞെളിപിരികൊണ്ട് തൊണ്ടക്കുഴിയിലൂടെ അതിന്റെ പാട്ടിനു പോയി..

മദാമ്മയെയും കൊണ്ട് നാട്ടിൽ വിലസുന്ന ഈ താരത്തിന് തന്റെ പ്രായം മാത്രമേയുള്ളൂ എന്നതാണ് ഏറ്റവും സങ്കടകരം!

പഠിക്കാനും പഠിപ്പിക്കാനും സൗകര്യം ഒരുപാട് ഉള്ളത് കൊണ്ട് വിഷ്ണു സ്കോളർഷിപ്പ് വാങ്ങി ഓരോ ക്ലാസും പഠിച്ചു. ആ മിടുക്ക് കൊണ്ട് ഉയർന്ന വിദ്യാഭ്യാസത്തിന് ജർമനിയിൽ പോയി പഠിക്കാനുള്ള അവസരവും കിട്ടിയപ്പോൾ ആ നാട്ടിലെ ഒരേയൊരു പഠിപ്പിസ്റ് എന്നൊരു തലക്കനവും പട്ടവും അവന് സ്വന്തമായി.

പോരെങ്കിൽ ഗസറ്റഡ് ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ  ഒരേയൊരു ആൺ തരിയും.

നാട്ടിൽ ജോലിയും കൂലിയുമില്ലാതെ മെനക്കേട് മുക്കിലിരുന്ന് പെൺപിള്ളേരുടെ ജാതകം കുറിക്കുന്ന തനിക്ക് അസൂയ തോന്നിയിട്ടും കാര്യമൊന്നുമില്ല..

മീൻ വിൽക്കാനായി സാറിന്റെ വീട്ടിൽ ചെല്ലുന്ന കമലാക്ഷിയെ കാര്യമായി ഒന്ന് സോപ്പിട്ടു  .

കാര്യങ്ങൾ ധരിപ്പിച്ചു. എല്ലാം വിശദമായി അറിഞ്ഞിട്ട് വന്നാൽ കൊട്ടയിലെ മീൻ മുഴുവനും പത്തു പൈസക്ക് വരുമാനം ഇല്ലാത്ത ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ എടുത്തു കൊള്ളാമെന്നു പറഞ്ഞത് അവർ അത്രയ്ക്ക് വിശ്വസിച്ചിട്ടില്ലെന്നു മുഖഭാവത്തിൽ നിന്ന് പിടികിട്ടി. പക്ഷെ കൂടുതൽ ഓഫറുകൾ പ്രഖ്യാപിക്കുന്നതിനു മുൻപ് അവർ സമ്മതിച്ചു..

പെണ്ണല്ലേ വർഗ്ഗം. പുതിയ വാർത്തകൾക്ക് വേണ്ടി കാത്തിരിക്കുകയല്ലേ..

പച്ചമീനുകൾ തരം തിരിച്ചെടുക്കുമ്പോൾ ആണ് സാറിന്റെ ഭാര്യ കൈ ചൂണ്ടിയത്.

“ദാ അത് മതി കേട്ടോ.. ”

കൈ ചൂണ്ടിയ ഭാഗത്ത്‌ കുറച്ചു ചാള ദയനീയാവസ്ഥയിൽ കിടപ്പുണ്ട്.

“അയ്യോ ചേച്ചി. ദേ ഇത് കണ്ടോ നല്ല പച്ച കേരയാണ്. രണ്ട് കിലോ യേയുള്ളൂ.

ഇത് എടുക്കട്ടെ. ”

“ഏയ് വേണ്ട, ചാള മതി. ആ കുട്ടിക്ക്

ഇത് വറുത്തത് ഭയങ്കര ഇഷ്ടം ആണ്.. ”

ഒന്നുമറിയാത്ത മട്ടിൽ കമലാക്ഷി അവരെ സൂക്ഷിച്ചു നോക്കി.

“ആഹാ വിരുന്നുകാരൊക്കെ ഉണ്ടായിട്ടാണോ ഈ ഇത്തിരിയുള്ള മീൻ വാങ്ങുന്നത്. ”

“ഓഹ്. ഇത് ഇവിടെയെങ്ങുമുള്ള കുട്ടിയല്ലന്നെ.

മോന്റെ കൂടെ പഠിക്കുന്നതാണ്. അങ്ങ് ജർമനിയിൽ. അവൾക്ക് കൊച്ചു മീനുകളോടാണ് താല്പ്പര്യം. ”

“അയ്യോ മദാമ്മയാണോ. ഞാൻ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ.ഇവിടുണ്ടേൽ ഒന്ന് കാണായിരുന്നു.. ”

മീനും കൊണ്ട് അകത്തേക്ക് കയറിപ്പോയ സാറിന്റെ ഭാര്യ വന്നത് വെള്ള കൊറ്റി പോലൊരു മദാമ്മയുമായിട്ടാണ് !

എന്തൊക്കെയോ ഇംഗ്ലീഷിൽ പരസപരം പറയുകയും പെട്ടന്ന് മദാമ്മ ഓടി അകത്തു പോയി ഒരു വലിയ ക്യാമറയുമായി വന്നു തന്റെ ഫോട്ടോയും മീൻകുട്ടയുടെ ഫോട്ടോയുമൊക്ക പല പോസിൽ നിന്ന് എടുക്കുന്നത് ഒരു സ്വപ്നം പോലെയാണ് അവർ കണ്ടത്.

കൊച്ചു പെൺകുട്ടികൾ ഇടുന്ന പെറ്റിക്കോട്ട് പോലൊരു ഉടുപ്പുമിട്ട് ചുവന്നു തുടുത്ത കവിളും നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും ചന്ദനക്കുറിയും തൊട്ട് നിൽക്കുന്ന മദാമ്മയെ അന്തം വിട്ട് നോക്കുമ്പോൾ അകത്തു നിന്ന് കാത്തൂ എന്ന് നീട്ടി വിളിച്ച് സാറിന്റെ നരന്തു പയ്യൻ പുറത്തേക്ക് വന്ന്  എന്തൊക്കെയോ കുശുകുശുത്തുകൊണ്ട് അവളെയും കെട്ടി പിടിച്ചു കൊണ്ട് പുറത്തേക്ക് പോയി.

എല്ലാം ഞൊടിയിട കൊണ്ട് കഴിഞ്ഞു. കണ്ണും മിഴിച്ചു അവർ പോയ ദിക്കും നോക്കി നിൽക്കുന്ന കമലാക്ഷിയെ നോക്കി വോൾട്ടേജ് പോയ നൂറിന്റെ ബൾബ് പോലെ സാറിന്റെ ഭാര്യ ഒന്ന് മുരടനക്കി.

“അവര് വലിയ  കൂട്ടാണ് കേട്ടോ.

ആ കൊച്ചിന് നമ്മുടെ നാടൊക്കെ ഭയങ്കര ഇഷ്ടമാണ്..
അവധിക്ക് നാടു കാണാൻ വേണ്ടി വന്നതാ.. ”

“ആയിക്കോട്ടെ ചേച്ചി. അതിനെന്താ.
നല്ല കൊച്ച്. മോന് നന്നായി ചേരുന്നുണ്ട്..
നല്ല മലയാളിപ്പേര്  ! ”

“അയ്യോ കാതറീൻ എന്നാണ്. അവൻ ചുരുക്കി കാത്തൂ എന്ന് വിളിക്കുന്നതാ. ”

വിളറിയ മുഖത്തോട്ട് നോക്കാതെ പെട്ടെന്ന് കുട്ടയും തലയിലെടുത്തു പിന്തിരിഞ്ഞു.

ഓഹോ അപ്പോൾ നാട്ടുകാര് പറയുന്നത് വെറുതെയല്ല..

മെനക്കേട് മുക്കിൽ തന്നെയും കാത്തിരിക്കുന്ന വായിനോക്കികളെ കണ്ട് അവർ ധൃതിയിൽ
നടന്നു.

“ചേച്ചി കണ്ടോ ആ സാധനത്തിനെ.അവൻ കെട്ടിയതു തന്നെ ആണോ..?”

“കൂടെ പഠിക്കുന്നതാണ് പോലും.കെട്ടിപ്പിടിച്ചാണ് നടപ്പ്. കൂടെ കിടക്കുന്നുണ്ടോ എന്ന് ആർക്കറിയാം. ഓരോ പരിഷ്ക്കാരങ്ങള്.
ത്ഫൂ.”

അവർ നീട്ടി തുപ്പി.

അപ്പോൾ ഏതാണ്ട് സമാധാനം ആയിരിക്കുന്നു..

കൊട്ടയിലെ മീൻ മുഴുവനും  എല്ലാവരും
കൂടി  വീതിച്ച് എടുത്തു .പറഞ്ഞ പൈസയും എല്ലാവരും കൂടി വീതിച്ചു കൊടുത്തു കമലാക്ഷിയെ പറഞ്ഞു വിട്ടു. അല്ലെങ്കിൽ തന്നെ അവർ ആള് ഒരു സംഭവമാണ്.

നാടു മുഴുവനും നാറ്റിച്ചു കളയും. മീനിന്റെ വാടയെക്കാൾ സഹിക്കാൻ പറ്റാത്തതാണ് അവരുടെ വായിലെ വർത്തമാനം !!

എന്തായാലും കാണാൻ കൊതിച്ചിരുന്ന മദാമ്മയെ നാട്ടിലുള്ളവർ മൊത്തോം കണ്ടു.
ഒളിഞ്ഞും തെളിഞ്ഞും, ചരിഞ്ഞും മറിഞ്ഞും പല പോസുകളിൽ കണ്ടവർ കണ്ടവർ വായിൽ നിറഞ്ഞ വെള്ളം മുഴുവനും അറിയാതെ ഇറക്കി..¡

അവൻ അമ്പലത്തിലും
പള്ളിയിലും ആറ്റിലും കുളത്തിലും എന്തിന്,
പണ്ട് അക്ഷരം പഠിച്ച ആശാൻ പള്ളിക്കൂടത്തിൽ വരെ പെണ്ണിനേയും കൊണ്ട്
സവാരിഗിരിഗിരി നടത്തി.. പല സ്റ്റൈലിലുള്ള കിടിലൻ സെൽഫിയും, ഫോട്ടോയും കൊണ്ട് ഫോണിന്റെ ഗാലറി നിറഞ്ഞു… മദാമ്മയുടെ ഇറക്കം കുറഞ്ഞതും, ഇറുകിപ്പിടിച്ചതുമായ വേഷം കണ്ടു കാഴ്ചക്കാരുടെ മനസ്സും നിറഞ്ഞു !!

പിന്നെ കുറച്ചു ദിവസങ്ങൾക്കു ശേഷം അവൻ മദാമ്മയെയും, ഒപ്പം തങ്ങളുടെ കുറെ പൊക്കണവും കൊണ്ട് വിമാനം കേറി.  അതോടെ  കൊക്കും കാക്കയും കുളവും ഒന്നുമില്ലാതെ നാട് ശൂന്യമായത് പോലെ എല്ലാവർക്കും തോന്നി..

” കണ്ടോ ഞാൻ അന്നേ പറഞ്ഞതല്ലേ
അവൻ നാട് കാണിക്കാൻ കൊണ്ട് വന്നത് തന്നെയാണ് അതിനെ. വന്നത് പോലെ തന്നെ തിരിച്ചു പോയത് കണ്ടോ.. ”

മുക്കിലെ ചായക്കടയിൽ നല്ല ചൂട് ചായയും പരിപ്പ് വടയും കയ്യിലെടുത്ത് ആ നാട്ടിലെ പരദൂഷണം പാച്ചു പിള്ള എന്നറിയപ്പെടുന്ന പിള്ളേച്ചൻ എല്ലാവരും കേൾക്കാൻ
പാകത്തിൽ ചവച്ചരച്ചു..

വർഷങ്ങൾ നാലഞ്ച് കഴിഞ്ഞു. മെനക്കേട് മുക്ക് ഇപ്പോൾ പുതിയ ഒരു  മൊബൈൽ ഷോപ്പിന്റെ പേരിലാണ് അറിയപ്പെടുന്നത്. തൊഴിലില്ലാതിരുന്ന വായിനോക്കികളൊക്കെ
രണ്ടും മൂന്നും പിള്ളേരുടെ തന്തമാരായി നാട്ടിലെ പ്രമുഖന്മ്മാരായി  വിലസുന്നു.

ഗൾഫിൽ ഒരു കമ്പനിയിൽ കമ്പ്യൂട്ടർ അക്കൗണ്ടന്റ് ആയി ജോലി കിട്ടിയ  അവൻ
അവധിക്ക്

വന്നിട്ട് രണ്ട് ദിവസമേ ആയുള്ളൂ.

കൂടെ ജോലി ചെയുന്ന സുഹൃത്തിന്റെ വീട്ടിൽ അവൻ തന്നു വിട്ട കുറച്ചു സാധനങ്ങൾ കൊണ്ട് കൊടുത്തിട്ട് തിരികെ വരുമ്പോഴായിരുന്നു
ആ കാഴ്ച കാണുന്നത്.

വെളുത്തു കൊലുന്നനെയുള്ള ഒരു മദാമ്മ, റോസാപുഷ്പം പോലുള്ള ഒരു കുഞ്ഞിനെയും  വോക്കറിൽ കിടത്തി നട വഴിയിലൂടെ വൈകുന്നേരത്തെ ഇളം കാറ്റ് കൊള്ളുന്നു.

“ങേഹേ ഇത് അവരല്ലേ. പണ്ടത്തെ ആ മദാമ്മ. വിഷ്ണു നാട് നീളെ കൊണ്ട് നടന്ന കാത്തൂ
എന്ന കാതറീൻ !”

ചന്ദ്ര വിഹാറിലെ ഗേറ്റിൽ ചാരി നിൽക്കുന്ന വിഷ്ണുവിനെ കണ്ടപ്പോൾ ഏതാണ്ട് എല്ലാം പിടികിട്ടി..

വീർത്തു തടിച്ചു കണ്ടാൽ തിരിച്ചറിയാത്ത പോലെയായ  വിഷ്‌ണുവിനെ നോക്കി ചിരിക്കുമ്പോൾ ചോദിക്കാതിരിക്കാനായില്ല.

“പുതിയ റിസേർച്ച് ആയിരിക്കും ല്ലേ..?!
ചമ്മിയ അവന്റെ മുഖം കാണേണ്ടത് തന്നെ ആയിരുന്നു!

അപ്പോൾ പിന്നിൽ വിഷ്‌ എന്നൊരു കളമൊഴി കേട്ട് തിരിഞ്ഞു നോക്കുമ്പോൾ  കാത്തു.. അല്ലല്ല, കാതറീന്റെ കയ്യിലിരുന്നു കൊണ്ട് കൊച്ചു വിഷ്‌ അവരെ നോക്കി പുഞ്ചിരിതൂകി !!