ചുരിദാറിന്റെ ഷാൾ കൊണ്ട് വയറ് മുഴുവനും മൂടി കൊണ്ടാണ് അഭിരാമി വീണ്ടും മൊബൈൽ ഫോൺ എടുത്തത്..

മധുരനൊമ്പരം
(രചന: ശാലിനി)

കിടന്നിട്ട് ഒരു സമാധാനവും ഇല്ല. നടന്നും ഇരുന്നും ഒക്കെ നോക്കി. പക്ഷെ, ഇരിപ്പുറക്കുന്നില്ല. ചുരിദാറിന്റെ ഷാൾ കൊണ്ട് വയറ് മുഴുവനും മൂടി കൊണ്ടാണ് അഭിരാമി വീണ്ടും മൊബൈൽ ഫോൺ എടുത്തത്..

ഇത് എത്രാമത്തെ തവണയാണ് ഒരേയൊരു നമ്പറിലേക്ക് വിളിക്കുന്നത് എന്ന് അവൾക്ക് തന്നെ നിശ്ചയം ഇല്ല..

രണ്ട് ദിവസം മുതൽ ഇതുതന്നെ ആയിരുന്നു അവളുടെ ഏക ജോലിയും !
പക്ഷെ,  വിളിക്കുമ്പോഴൊക്കെയും മറുപ്പുറത്തു സ്വിച്ചഡ് ഓഫ്‌ എന്ന് പറയുന്നത് കേട്ട് അവൾ മടുത്തു.

അഭിരാമിക്ക് ഇത് ഏഴാം മാസമാണ്.
കടിഞ്ഞൂൽ ഗർഭം !
രണ്ട് ദിവസം മുൻപായിരുന്നു ഭർത്താവിന്റെ വീട്ടിൽ നിന്ന് അവളെ സ്വന്തം വീട്ടിലേക്ക് പ്രസവത്തിനു വിളിച്ചു കൊണ്ട് വന്നത്..

തന്റെ സ്വന്തം  വീട്ടിലേക്കാണെങ്കിൽ കൂടിയും രാജീവിനെ വിട്ട് പോരുന്നതിൽ അവൾ വല്ലാതെ വിഷമിച്ചിരുന്നു..
ജോലിക്ക് പോകുന്ന നേരത്ത് വേണ്ടുന്നതെല്ലാം  രാജീവിന്റെ കയ്യിൽ കൊണ്ട് കൊടുത്താലേ ആളിന് തൃപ്തി വരികയുള്ളൂ.
ഒന്നും തനിയെ കണ്ടു പിടിച്ച്  എടുക്കുന്ന ശീലമില്ല..
മിനിട്ട് വെച്ച്  അഭീ…യെന്ന് വിളിച്ചു കൊണ്ടേയിരിക്കും.

ഷർട്ടും പാന്റ്സും,  മേശപ്പുറത്ത് ജോലിക്ക് പോകുന്ന നേരത്ത്  തേച്ചു മടക്കി വെച്ചിരിക്കുന്നത് കണ്ടില്ലെങ്കിൽ പിന്നെ വല്ലാത്ത ദേഷ്യമാണ്.

ഗർഭിണി ആയതിൽ പിന്നെ ആ സ്വഭാവത്തിനൊക്കെ കുറച്ചു മാറ്റം വെച്ചിട്ടുണ്ട്. അതും അമ്മ വഴക്ക് പറഞ്ഞു പറഞ്ഞ് !

“വയറ്റിൽ ഒരു കുഞ്ഞുള്ളതാണ് അതിന്റെ നേരെ ഇങ്ങനെ ചാടാതെടാ.. ”

അതുകേൾക്കുമ്പോൾ ഒരു  കള്ളച്ചിരിയോടെ അയാൾ അവളെയൊന്ന് നോക്കും.

“പിന്നെ..വയറ്റിലെ കുഞ്ഞിന്റെ അച്ഛൻ ഞാൻ തന്നെയല്ലേ.. അവന് എന്നെയറിയാം”

“അവനോ.. അതങ്ങു മനസ്സിൽ വെച്ചാൽ മതി. അവനല്ല അവളാണ്.
അവള് മതി.. ”

അതുകേട്ടു രാജീവിന്റെ മുഖം ഒന്ന് കൂടി വിടരും..
പെൺകുഞ്ഞിനെയാണ് അയാൾക്കും ഇഷ്ടമെന്ന് അവൾക്കറിയാം..

വാലിട്ടു കണ്ണെഴുതി പൊട്ടു തൊട്ട് കയ്യ് നിറയെ കരിവളകളും കാലിൽ നിറയെ കിലുക്കമുള്ള പാദസരവും ഒക്കെയിട്ട് പൂമുറ്റമാകെ പിച്ചനടക്കുന്ന ഒരു കുസൃതി പെൺകുരുന്നിനെയാണ് അയാൾ കൊതിക്കുന്നതെന്ന് അവൾക്ക് മാത്രമല്ലാതെ മറ്റാർക്കാണ് നന്നായി അറിയുക..

മന്ത്രകോടിയുടെ ബ്ലൗസ് വല്ലാതെ ഇറുകിയിരുന്നു.. കുറച്ചു നാളുകൊണ് താൻ വല്ലാതെ തടിച്ചു പോയിരിക്കുന്നു.
കല്യാണ പുടവയും ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെയണിഞ്ഞു കൊണ്ട് അവൾ സ്വന്തം വീട്ടിലേയ്ക്കുള്ള യാത്രയ്ക്കായി ഭർത്താവിനോട്‌ യാത്ര ചോദിക്കുന്നത് കണ്ടു അമ്മ വിലക്കി..

“അരുത് മോളെ ആരോടും യാത്ര പറയരുത്..തിരിഞ്ഞ് നോക്കാതെ വേണം ഇറങ്ങാൻ, കേട്ടോ. ”

അവൾ കണ്ണുനീർ ആരും കാണാതെ പുറം കൈകൊണ്ട് തുടച്ചു കളഞ്ഞു..
എന്തൊക്കെ ആചാരങ്ങളാണ് !

അന്ന് മുറിയിൽ കൂടിയിരുന്ന എല്ലാവരെയും അഭിമാനത്തോടെയാണ് രാജീവേട്ടന്റെ പേഴ്സ് എടുത്തു തുറന്നു കാണിച്ചത്..

അവളുടെ മനോഹരമായ ഒരു ചെറിയ ഫോട്ടോ പഴ്സിന്റെ ഉള്ളറയിലിരുന്നു ചിരിതൂകുന്നു..
അതുകണ്ടു മറ്റുള്ളവരും നിറഞ്ഞ സന്തോഷത്തോടെ ചിരിച്ചു..

രാജീവ്‌ സ്വതവേ വലിയ ഗൗരവക്കാരനായിരുന്നു.. സ്നേഹം മുഴുവനും ഉള്ളിലടക്കുന്ന ഒരു കപട ഗൗരവക്കാരൻ !

അന്ന്,  പക്ഷെ അഭിരാമി യാത്ര പറയാനായി അയാളുടെ അടുത്ത് വന്നപ്പോൾ

“അമ്മ പറഞ്ഞത് കേട്ടില്ലേ യാത്രയൊന്നും ഇപ്പൊ പറയാൻ നിൽക്കണ്ട.. സമയം കഴിയുന്നതിനു മുൻപ് ഇറങ്ങാൻ നോക്ക്.. ”

എന്ന് പറഞ്ഞു കൊണ്ട് ആള് വലിയ ഗൗരവം നടിച്ചു നിന്നു..
കയ്യിൽ ആരോ പിടിപ്പിച്ച കുഴമ്പിന്റെ കുപ്പിയും,  ഇഞ്ചയും പിടിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ അവൾ പടിക്കൽ കാത്തുകിടന്ന കാറിലേക്ക് മെല്ലെ കയറി.

കാറിൽ മൂകമായിരിക്കുമ്പോൾ വയറ്റിലെ ചെറിയ അനക്കങ്ങളും കുതിപ്പുകളും അവൾ അറിയുന്നുണ്ടായിരുന്നു..

അന്ന് വൈകുന്നേരം അപ്രതീക്ഷിതമായി രാജീവിന്റെ ബൈക്കിന്റെ ചിരപരിചിതമായ സ്വരം കേട്ട് അവൾ കട്ടിലിൽ നിന്ന് ഉത്സാഹത്തോടെ പിടഞ്ഞെഴുന്നേറ്റു..

ഒരുപാട് നാളുകൾക്കു ശേഷം പരസ്പരം  കാണുന്ന ഒരു പ്രണയിനിയുടെ ലജ്ജ കലർന്ന ഭാവത്തോടെ അവൾ അയാളുടെ മുൻപിൽ വാക്കുകൾ നഷ്ടപ്പെട്ടവളെപ്പോലെ എല്ലാം മറന്ന് നിന്നു !!

“മോളെ ദാ ഈ ചായ രാജീവിന് കൊടുക്ക്.”

അമ്മ ചായക്കപ്പുമായി വിളിക്കുന്നത് കേട്ട് അവൾ കപ്പ് വാങ്ങി അയാൾക്ക് നേരെ നീട്ടി.. ചായ കുടിച്ച് കപ്പ് തിരികെ കൊടുത്ത് lകൊണ്ട് അയാൾ ധൃതി കൂട്ടി..

“നേരം വൈകുന്നു. അമ്മ തനിച്ചേയുള്ളു.. ഞാൻ ഇറങ്ങുവാ.. ”

അയാൾ പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്ത് കുറെ നോട്ടുകൾ അവൾക്ക് നേരെ നീട്ടി..

” കയ്യിലിരിക്കട്ടെ.. ”

അപ്പോൾ വല്ലാത്തൊരു  കരച്ചിൽ വന്നു അവളുടെ തൊണ്ടയെ ഞെരുക്കി..
അരികിൽ നിന്ന് മാറി നിൽക്കുമ്പോൾ പിടിച്ചടുപ്പിക്കുന്ന സ്നേഹം ഇത്രയ്ക്കും നൊമ്പരപ്പെടുത്തുന്നതായിരുന്നുവെന്ന് ഇന്നാണ് അവൾ തിരിച്ചറിയുന്നത്..
ഇതിനായിരിക്കുമോ  വിരഹവേദന എന്ന് പറയുന്നത് !!

“ഇന്നിനി പോകണോ ഏട്ടാ .. നാളെ രാവിലെ പോയാൽ പോരെ.. ”

“ഛേ ! നാണക്കേട് പറയാതെടീ.. നിന്റെ പിറകെ വന്നു ഞാനും ഇവിടെ പൊറുതി തുടങ്ങിയെന്നു നാട്ടുകാരെക്കൊണ്ടും,  വീട്ടുകാരെക്കൊണ്ടും പറയിപ്പിക്കണോ.. ”

അപ്പോൾ അഭിരാമിയുടെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി വിരിഞ്ഞു..

“ഹോസ്പിറ്റലിൽ പോകാൻ വിളിച്ചാൽ മതി. ഞാനും വരാം.. ”

സമ്മതത്തോടെ അവൾ തല കുലുക്കി..
പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ രാജീവേട്ടൻ തന്നെ ഒന്ന് കെട്ടിപിടിച്ചിരുന്നെങ്കിൽ എന്ന് അവൾ വെറുതെ ആശിച്ചു..

പക്ഷെ അയാൾ അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട്
ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ഇരുട്ട് വീഴാൻ തുടങ്ങുന്ന പാതയിലേക്ക് മെല്ലെ  മെല്ലെ മറഞ്ഞു..

അന്ന് പോയതാണ് രാജീവ്‌. ഇപ്പോൾ രണ്ട് ദിവസം കഴിഞ്ഞിരിക്കുന്നു.. ഒന്ന് വിളിക്കുക കൂടി ചെയ്തിട്ടില്ല. താൻ വിളിച്ചിട്ടാണെങ്കിൽ ഫോൺ എടുക്കാതെ സ്വിച്ചഡ് ഓഫ്‌ ആക്കി വെച്ചിരിക്കുന്നു..

എന്ത് പറ്റിയതായിരിക്കും..
രണ്ട് ദിവസം കഴിഞ്ഞ് ഹോസ്പിറ്റലിൽ പോകേണ്ടതാണെന്ന് രാജീവേട്ടന് അറിയാവുന്നതാണല്ലോ. പിന്നെ എന്തുകൊണ്ടാണ് ഒരു വിവരവും ഇല്ലാത്തത്.. അവൾക്ക് മുറിയടച്ചിട്ടു പൊട്ടിക്കരയാൻ തോന്നി..
അമ്മയും ഏടത്തിയും വാതിൽക്കൽ വന്നു മുട്ടി വിളിച്ചു..

കണ്ണും മുഖവും തുടച്ചു  കൊണ്ടാണ് വാതിൽ തുറന്നത്.. അവളുടെ മുഖം കണ്ടപ്പോൾ അമ്മയ്ക്ക് തോന്നി എന്തോ കാര്യമുണ്ടെന്ന്.. ഈ സമയത്ത് ഇങ്ങനെ വിഷമിച്ചിരിക്കാൻ പാടുള്ളതല്ലെന്ന് ഇവൾക്ക് അറിയാവുന്നതല്ലേ..

“എന്താ പറ്റിയത്. രാജീവ്‌ ഫോൺ എടുത്തോ..നീ അവനോട് എന്തെങ്കിലും പിണങ്ങി സംസാരിച്ചോ.. ”

“ഇല്ല. ഞാൻ ഒന്നും പറഞ്ഞിട്ടില്ല.. ഇവിടുന്ന് പോയതിൽ പിന്നെ രാജീവേട്ടൻ ഒന്ന് വിളിച്ചിട്ടും കൂടിയില്ല. ഇന്ന് ഹോസ്പിറ്റലിൽ പോകേണ്ടതാണെന്ന് ഞാൻ പറഞ്ഞിട്ടുള്ളതുമാണ്.. ”

“നിനക്കൊന്ന് അമ്മയെ വിളിച്ചു കൂടായിരുന്നോ.. ”
രാജീവേട്ടന്റെ കയ്യിൽ എപ്പോഴും ഫോൺ ഉള്ളത് കൊണ്ടാണ് അതിലേക്ക് വിളിച്ചത്.. അവൾ വേഗം വീട്ടിലെ ഫോണിലേക്ക് വിളിച്ചു.. ഭാഗ്യം റിങ് ചെയ്യുന്നുണ്ട്..

“ഹലോ.. ”

“അമ്മേ ഇത് ഞാനാ അഭി.. രാജീവേട്ടൻ എവിടെ പോയതാ അമ്മേ.. രണ്ട് ദിവസമായിട്ട് ഒരു വിവരവും ഇല്ലല്ലോ. ഫോണും സ്വിച്ചഡ് ഓഫ്‌ ആണ്.. ”

അമ്മ മറുപടി പറയാൻ വല്ലാതെ വൈകുന്നത് പോലെ തോന്നി..

“അവന്റെ  കൂട്ടുകാരൻ സുമേഷ് ആശുപത്രിയിൽ ആണ് മോളെ.അവന്റെ കൂടെ അവിടെയിരിക്കാൻ ആരുമില്ലാത്തതു കൊണ്ട് രാജീവാണ് കൂട്ടിരിക്കുന്നത്.. ”

“എങ്കിൽ ഫോൺ വിളിക്കുമ്പോൾ ഒന്നെടുത്താലെന്താ.. എന്തിനാ ഫോൺ ഓഫ്‌ ചെയ്ത് വെച്ചിരിക്കുന്നത്.. ”

“ഫോണിൽ ചാർജ്ജ് കാണത്തില്ലായിരിക്കും.. മോൾക്ക് ഹോസ്പിറ്റലിൽ പോകേണ്ടത് ഇന്നല്ലേ..”

“അതെ അമ്മേ.. ഞാൻ രണ്ട് ദിവസമായി ഏട്ടനെ വിളിക്കുന്നു. ഇനിയിപ്പോൾ രാജീവേട്ടനെ നോക്കിയിരുന്നാൽ പോകാൻ പറ്റില്ല. നേരം ഒത്തിരി വൈകി.. ”

“മോള് വിഷമിക്കണ്ട കേട്ടോ.. അവൻ വരുമ്പോൾ അങ്ങോട്ട് പറഞ്ഞു വിടാം.. ഹോസ്പിറ്റലിൽ പോയിട്ട്  വന്നിട്ട് അമ്മേ വിളിക്കണേ..മോളെ.”

“ശരി അമ്മേ വിളിക്കാം.. ”
ഫോൺ വെച്ച് കഴിഞ്ഞപ്പോൾ കുറച്ച് ആശ്വാസം തോന്നി.. പക്ഷെ  അമ്മ പറഞ്ഞതിൽ എവിടെയൊക്കെയോ പൊരുത്തക്കേടുകൾ പോലെ…

ഹോസ്പിറ്റലിൽ നിന്ന് ചെക്കപ്പും കഴിഞ്ഞു തിരികെ എത്തുമ്പോൾ അച്ഛൻ കാത്തിരിക്കുന്നു.. അമ്മ വിവരങ്ങളൊക്കെ പറയുന്നത് കേട്ടു കൊണ്ട് അഭിരാമി മുറിക്കുള്ളിലേക്ക് പോയി..
വല്ലാത്തൊരു ക്ഷീണം പോലെ.. ഹോസ്പിറ്റലിൽ നല്ല തിരക്കായിരുന്നു.. ഇരുന്നും നിന്നും മടുത്തിരുന്നു.

എന്തോരം ഗർഭിണികൾ ആണ്..ഡോക്ടർ പറഞ്ഞത് മനസ്സിന് എപ്പോഴും നല്ല സന്തോഷം കൊടുക്കണമെന്നാണ്.. എങ്ങനെ സന്തോഷിക്കാനാണ്.  ശരീരത്തെക്കാൾ ക്ഷീണം മനസ്സിനാണ് തോന്നിയത്.. രാജീവേട്ടന്റെ സ്വരമൊന്നു കേൾക്കാൻ വല്ലാത്തൊരു കൊതി !!

അന്ന് ക്ഷീണം കൊണ്ട് അവൾ ഏറെ ഉറങ്ങി. എന്തോ ചെറിയൊരു അനക്കം പോലെ കേട്ടാണ് കണ്ണുകൾ മെല്ലെ വലിച്ചു തുറന്നത്..

ഞെട്ടിപ്പോയി ! തന്നെത്തന്നെ ഉറ്റുനോക്കി അടുത്തിരിക്കുന്ന രാജീവേട്ടൻ !!
പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചതാണ്..
പക്ഷെ രാജീവ്‌ അവളെ സമ്മതിച്ചില്ല..

“നിന്നോട് എത്ര വട്ടം പറഞ്ഞിരിക്കുന്നു
ഇങ്ങനെ ചാടിയെഴുന്നേൽക്കരുതന്ന്.”

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി  ഒഴുകിയിറങ്ങി..

“ഞാനെത്ര തവണ വിളിച്ചു. എന്നിട്ട് എന്നെയൊന്നു തിരിച്ചു വിളിക്കാൻ തോന്നിയില്ലല്ലോ.. ”

“അത് പിന്നെ ഫോണിൽ ചാർജ്ജ്  ഇല്ലായിരുന്നു. അതാ..അമ്മ നിന്നോട് പറഞ്ഞതല്ലേ.. ”

“പിന്നെ..ഞാൻ അതങ്ങു വിശ്വസിച്ചു.. എന്നോട് കള്ളം പറയുമ്പോൾ ഓർത്തോണം ഇതെല്ലാം കേട്ടോണ്ട് ഒരാളിവിടെ ഉണ്ടെന്ന്.. ”

തന്റെ വീർത്ത വയറിൽ കൈ വെച്ചുകൊണ്ടാണ് അവളത് പറഞ്ഞത്..
അയാളുടെ മുഖം പെട്ടെന്ന് വല്ലാതായി..

തന്റെ പരുക്കനായ കൈത്തലം കൊണ്ട് അവളുടെ വയറ്റിൽ അയാളപ്പോൾ മെല്ലെയൊന്ന് തലോടി..

“നിന്നെക്കാൾ നല്ലതുപോലെ എന്റെ കുഞ്ഞിന് എന്നെയറിയാം.. എനിക്കതുമതി.. ”

അവൾ അയാളെ ഉറ്റുനോക്കി.. അന്ന് കണ്ടതിലും കുറച്ചു ക്ഷീണമുണ്ടോ മുഖത്ത്.. നേരാം വണ്ണം ഒന്നും കഴിക്കുന്നുണ്ടാവില്ലേ??

ചോദിച്ചാൽ ഇഷ്ടപ്പെടില്ലെന്ന് അറിയാവുന്നത് കൊണ്ട് അവൾ ഉത്തരം കിട്ടാത്ത എല്ലാ ചോദ്യങ്ങളും ആശങ്കകളും ഉള്ളിലടക്കി..

അന്ന് ഉച്ചയൂണും കഴിഞ്ഞായിരുന്നു രാജീവ്‌ മടങ്ങിയത്.. അയാളുടെ പ്ളേറ്റിലേക്ക് ഇഷ്ടപ്പെട്ട കറികളൊക്കെ വിളമ്പി കൊടുക്കുമ്പോൾ അവൾ പഴയ സ്നേഹമയിയായ
ആ ഭാര്യയായി മാറിയത് എത്ര പെട്ടെന്നാണ്..

രാജീവ്‌  യാത്ര പറഞ്ഞു പോകുന്നത് വരെയും അവൾ അയാളോടൊപ്പം ചുറ്റിപ്പറ്റി നിന്നു..

“ഏട്ടനെന്നെ മിസ്സ്‌ ചെയ്യുന്നില്ലേ.. ”

ഇടയ്ക്ക് അയാളുടെ മുഖത്തേക്ക് ഒന്ന് ചുഴിഞ്ഞു നോക്കികൊണ്ടാണ് അവൾ ചോദിച്ചത്

” എന്തിന് ?  ഞാൻ അതിന് നിന്നെപ്പോലെ ഒരു ജോലിയും ഇല്ലാതിരിക്കുവല്ലല്ലോ.. ”

അവളാ മറുപടി കേട്ട് മുഖവും വീർപ്പിച്ചു നിന്നു..
അവളുടെ വീർത്തു കെട്ടിയ മുഖത്തേക്കും പിന്നെ ഉന്തിയ വയറ്റിലേക്കും  ഒന്ന്‌ നോക്കിയിട്ട് രാജീവ്‌ ഇറങ്ങി..

സ്നേഹംകാണിക്കുന്നത് കുറച്ചിലാണെന്ന് കരുതുന്ന
ഒരു മനുഷ്യൻ !!
അപ്പോളവളുടെ ചിന്ത
അതായിരുന്നു..

തിരികെ വീട്ടിനുള്ളിലേക്ക് കയറുമ്പോൾ അമ്മയും അച്ഛനും തമ്മിലുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങൾ അവളുടെ കാതിലെത്തിയത് കേട്ട് അവിടെ തന്നെ അഭിരാമി തറഞ്ഞു നിന്നു..
രാജീവേട്ടനെക്കുറിച്ചാണല്ലോ അച്ഛൻ പറയുന്നത്..

“അതേന്നെ.. അവൻ ഇന്നലെയാണ് ഡിസ്ചാർജ് ആയത്.. അഭിയെ അറിയിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. അതല്ലേ അവൻ വരാതിരുന്നത് .. ”

“നമ്മുടെ മോള് പറയുന്നത് അവന് പക്ഷെ അവളോട് തീരെ സ്നേഹമില്ലെന്നാണല്ലോ.
ഇവളിനി ഇതൊക്കെ എന്നാണ് തിരിച്ചറിയുന്നത്. ”

കർട്ടൻ പാളികൾ കാറ്റിൽ ഇളകി മാറിയപ്പോൾ വാതിൽക്കൽ നിൽക്കുന്ന അഭിരാമിയെ കണ്ട് അമ്മ ഒന്ന് ഞെട്ടി.. മുറിയിലേക്ക് കയറി വന്ന മകളെ കണ്ട് അച്ഛനും വല്ലാതായി !

“എന്താണമ്മേ എന്നോട് നിങ്ങളൊക്കെ കൂടി മറച്ചുവെയ്ക്കുന്നത്.. ഞാനറിയാത്ത എന്ത്‌ രഹസ്യമാണ് നിങ്ങളുടെ ഉള്ളിലുള്ളത്.. ”

അമ്മയും അച്ഛനും പരസ്പരം ഒന്ന്‌ നോക്കി.. ഒടുവിൽ അച്ഛൻ തന്നെ അത് വെളിപ്പെടുത്തി..

“മോളെ..രാജീവ്‌ സുഖമില്ലാതെ രണ്ട് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. അതാണ് അവൻ ഫോൺ ഓഫ്‌ ആക്കിവെച്ചതും മോളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വരാതിരുന്നതും.. ”

അത് അവൾക്കൊരു പുതിയ അറിവായിരുന്നു.. കൂട്ടുകാരന് വേണ്ടി കൂട്ടിരുന്നതാണെന്ന് അപ്പോൾ കള്ളം പറഞ്ഞതായിരുന്നോ  !!

“ഇന്നലെ രാജീവിന്റെ അമ്മ എന്നെ വിളിച്ചിരുന്നു..
നിന്നെ ഞങ്ങൾ  കൂട്ടിക്കൊണ്ട് പോന്ന അന്ന് രാത്രിയിൽ അവന് പെട്ടെന്ന് ഒരു വയ്യാഴിക പോലെ വന്നത്രെ ! അമ്മയും കൂട്ടുകാരും കൂടി ചേർന്നാണ് അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. ഡോക്ടർ പറഞ്ഞത് എന്താണെന്ന് അറിയ്യോ അഭിക്ക് ?? ”

അവൾഒരക്ഷരം മിണ്ടാതെ  അമ്മയെ തന്നെ തുറിച്ചു നോക്കി നിന്നു.

“വൈഫ് പോയതിന്റെ ടെൻഷൻ കൊണ്ടാണെന്ന് ! ഡ്രിപ്പ് ഒക്കെയിട്ട് രണ്ട് ദിവസം അവിടെ കിടന്നു… നമ്മളറിഞ്ഞാൽ അഭി വിഷമിക്കും എന്ന് പറഞ്ഞാണ് ഇവിടേയ്ക്ക് പോലും ഒന്നും വിളിച്ചു പറയാതിരുന്നത്.. പിന്നെ അഭിയുടെ വിളി പേടിച്ചിട്ടാണത്രെ അവൻ ഫോൺ ഓഫ്‌ ആക്കി വെച്ചത്.. ”

“നമ്മളൊക്കെ കൂടി അവനെ വല്ലാതെ തെറ്റിദ്ധരിച്ചു ! പാവം…സ്നേഹമുള്ള ചെക്കനാണവൻ..”

അച്ഛന്റെ സ്വരത്തിലെ സന്തോഷവും അഭിമാനവും അവളപ്പോൾ തിരിച്ചറിഞ്ഞു..

ഒന്നും പറയാനില്ലാതെ സ്വന്തം മുറിയിലേക്ക് നടക്കുമ്പോൾ അവൾക്ക് തന്റെ ഭാരമെല്ലാം കുറഞ്ഞത് പോലെ തോന്നി ! ഒരു തൂവൽ പോലെ താനിപ്പോൾ അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കുകയാണെന്നും !!

വയറ്റിനുള്ളിലിരുന്ന് കൊണ്ട് ഒരു കുഞ്ഞ് ശബ്ദം അപ്പോൾ അവളെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു !!

“യ്യേ.. ഈ അമ്മച്ച് ഒന്നും അറീല്ല്യ.. “