മുടിയും കൊഴിഞ്ഞു പ്രാകൃത രൂപമായ തന്നെ കണ്ടു കണ്ണുനീർ വാർക്കുന്ന ആരും തന്റെ മുന്നിലുണ്ടാവണ്ട. അങ്ങനെയൊരു സഹതാപം..

(രചന: ശാലിനി)

“ഇനിയെനിക്ക് ഈ രൂപത്തിൽ തന്നെ ഇവിടെ നിന്നും പോയാൽ മതി. ദയവു ചെയ്ത് ആരും എന്നെ ഇനിയൊന്നിനും നിർബന്ധിക്കരുത്.. ”

എല്ലാവരും ധർമ്മസങ്കടത്തോടെ പരസ്പരം നോക്കി. ഇനിയെന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല..
പണ്ടേ വലിയ വാശിക്കാരിയാണ് ഭദ്ര..
ഇനിയിപ്പോൾ അവളുടെ വാശികളും, നിർബന്ധങ്ങളും അനുവദിച്ചു കൊടുക്കാതെ നിവൃത്തിയും ഇല്ല.

മകന്റെ മൗനിച്ച മുഖത്ത് നോക്കിയപ്പോൾ ഭദ്രക്ക് സങ്കടം അടക്കാനായില്ല..

അവനെ സ്നേഹിച്ചു കൊതി തീർന്നിട്ടില്ല. വിധി ഇങ്ങനെ ഒരു ശിക്ഷ തനിക്കു തരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
പക്ഷേ ഒരിക്കലും ആരുടെയും മുന്നിൽ കരയില്ലെന്ന കടുത്ത വാശിയിലായിരുന്നു അവൾ.

രണ്ട് ആണ്മക്കൾക്കു വേണ്ടി താൻ മെനഞ്ഞെടുത്ത സ്വപ്‌നങ്ങളൊക്കെയും പാഴായി പോകുമോ എന്നുള്ള നൊമ്പരം മാത്രമേയുള്ളൂ അവശേഷിപ്പ് ആയി..

മൂത്ത മകനെ എൻജിനീയറിങ്ങിനു വിടണമെന്ന നിർബന്ധം തനിക്ക് മാത്രം ആയിരുന്നു.. ഇളയ ആളും പഠിക്കാൻ മോശമായിരുന്നില്ല.. അതുകൊണ്ട് അവനെ കുറിച്ചും വലിയ വേവലാതി ഇല്ല.. പക്ഷേ പറന്നു നടന്ന ഒരു കിളിയെ പിടിച്ചു കൂട്ടിലടച്ചത് പോലെ തനിക്ക് ചുറ്റിനും ബന്ധങ്ങൾ കൊണ്ട് തീർത്ത ബന്ധനങ്ങൾ മാത്രമായിരിക്കുന്നു ഇന്ന് !!

വിധിയുടെ ഓരോ വിളയാട്ടങ്ങളിൽ അവൾക്ക് കടുത്ത അമർഷം തോന്നി.. കുറച്ചു നാളുകൾ കൂടി ഈ ലോകത്ത് ജീവിക്കാൻ അനുവദിച്ചിരുന്നെങ്കിൽ.. വല്ലാത്തൊരു ആവേശവും, തുടിപ്പും ഹൃദയത്തിലുണർന്നു..

വല്ലപ്പോഴും മാത്രം ജോലിക്ക് പോകുന്ന മടിയനായ ഒരു ഭർത്താവിന്റെയും രണ്ട് മക്കളുടെയും കൂടെ ജീവിച്ചു കൊതിതീർന്നില്ലല്ലോ..!

മക്കളുടെ ആവശ്യങ്ങൾ നടത്താനും, വീട്ടിലെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും ഒരു ജോലി അത്യാവശ്യമായി വന്നപ്പോഴാണ് നാഗ്പൂരിൽ ഉള്ള സാധന എന്ന കൂട്ടുകാരിയുടെ നമ്പറിലേക്കു അന്ന് വിളിച്ചത്..

അവൾ ഫാമിലിയായി അവിടെ സെറ്റിലായിട്ട് കുറെ വർഷങ്ങൾ ആയിരുന്നു. ഒരു ക്ലിനിക്കിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററിന്റെ ഒഴിവിലേക്ക് ആളെ ആവശ്യം ഉണ്ട് നിനക്ക് പറ്റുമോ എന്ന് അവൾ അറിയിച്ചപ്പോൾ മറ്റൊന്നും നോക്കിയില്ല..

അല്ലെങ്കിലും ഒരു കച്ചിതുരുമ്പിനായി കൈ നീട്ടിയിരിക്കുകയായിരുന്നല്ലോ. ലോകത്തിന്റെ ഏത് കോണിൽ പോയിട്ടായാലും തനിക്കു തന്റെ മക്കളെ വളർത്തിയെ പറ്റൂ.

രണ്ടു മക്കളെയും ഭർത്താവിനെ ഏൽപ്പിച്ചു ട്രെയിനിൽ തനിയെ യാത്ര തിരിക്കുമ്പോൾ മനസ്സിൽ ശുഭ പ്രതീക്ഷകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മക്കളെ പിരിയുന്നതിൽ വലിയ വിഷമം ഉണ്ട്., പക്ഷേ വഴിമുട്ടുന്ന ജീവിതം ഒരു പ്രഹേളിക പോലെ മുന്നിൽ കണ്ണ് തുറിച്ചു നോക്കുമ്പോൾ ഭയന്നു പിന്മാറാനല്ല തോന്നിയത്.. അതിനോട് പോരിട്ടു മുന്നേറാനായിരുന്നു !

ജോലിക്ക് പോയിത്തുടങ്ങിയതോടെ മക്കളുടെ കാര്യങ്ങൾ അല്ലലില്ലാതെ നീങ്ങാൻ തുടങ്ങിയിരുന്നു..

മൂത്ത മകൻ പ്ലസ്ടു കഴിഞ്ഞപ്പോൾ അവനെ എൻട്രൻസ് എഴുതിക്കാനും ദൂരെ പുതിയൊരു കോളേജിൽ എൻജിനീയറിങ്ങിനു ചേർക്കാനുമൊക്കെ ഉത്സാഹത്തോടെയാണ് അവധിയെടുത്ത് ഓടിവന്നിരുന്നത് !

അല്ലലില്ലാത്ത ജീവിതം മനസ്സിനെ കുളിർപ്പിച്ചു കൊണ്ട് പൂവണിഞ്ഞു തുടങ്ങവെയാണ് ഒരു നാൾ ജോലിക്കിടയിൽ പെട്ടെന്ന് രക്തം ഛർദ്ദിച്ചതും കുഴഞ്ഞു വീണതും !

ക്ലിനിക്കിലെ ഡോക്ടർ വിശദമായി തന്നെ പരിശോധിച്ചു..  പക്ഷേ ഒടുവിൽ ഒരു സംശയം തീർക്കാൻ വേണ്ടിയാണു ബയോപ്സിക്ക് അയച്ചു കൊടുത്തത്.. റിസൾട്ട്‌ കയ്യിൽ തരുമ്പോൾ ഒന്നും മിണ്ടാതെ അദ്ദേഹം അവളുടെ തോളത്ത് തട്ടി !! ആ ഒരു നിമിഷം മതിയായിരുന്നു എല്ലാം പിടിച്ചെടുക്കാൻ.. !

“എത്ര നാള് കൂടി ഉണ്ട് ഡോക്ടർ..?”

ചോദിക്കാൻ അതുമാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു..

ഉള്ളു മുഴുവൻ പടർന്നു കഴിഞ്ഞ കുറെ മുൾക്കാടുകൾ തല്ലിക്കൊഴിച്ചു കളയുക ഇനി അസാധ്യമാണെന്ന അറിവ് ഹൃദയത്തെ മുഴുവനായി ചുട്ടുപൊള്ളിച്ചു.

എത്രയും പെട്ടെന്ന് നാട്ടിലേക്കു മടങ്ങാനാണ് ഡോക്ടർ നിർദ്ദേശിച്ചത്..  അവിടെ ചെന്നാലും താൻ മരിച്ചു പോവുകയല്ലേ ഉള്ളൂ അതുകൊണ്ട് കഴിയുന്ന കാലമത്രയും ഇവിടെത്തന്നെ ജോലിചെയ്‌തോളാമെന്നു കെഞ്ചി പറഞ്ഞുവെങ്കിലും ആരും സമ്മതിച്ചില്ല..

ഇപ്പോൾ സുഭദ്രയ്ക്കൊരു വിശ്രമം ആണ് ആവശ്യം. പണത്തിന് ആവശ്യം വന്നാൽ വിളിക്കാൻ മടിക്കേണ്ട എന്ന് പറഞ്ഞു സാധനയും ഭർത്താവും ഒരു കവർ കയ്യിൽ പിടിച്ചേൽപ്പിച്ചു..
ഇനിയൊരു തിരിച്ചു7 വരവ് അവരും പ്രതീക്ഷിക്കുന്നില്ലെന്നു തോന്നി.

തിരികെയുള്ള യാത്ര കാറ്റിൽ കെട്ടുപോയ ഒരു ദീപ നാളം പോലെ ഇരുണ്ടതും മൗനമേറിയതുമായിരുന്നു..
ഇനിയങ്ങോട്ട് എങ്ങനെ..
എന്നുള്ള എണ്ണമില്ലാത്ത ചിന്തകൾ ആധിയും വ്യാധിയും വർധിപ്പിച്ചതേയുള്ളൂ..
വേണ്ടാ ഇനിയങ്ങോട്ട് ഇതുപോലെ തന്നെ പോകട്ടെ.. ഒടുവിൽ മനസ്സ് ഒരു തീരുമാനത്തിലെത്തി..

പൂവിടാത്ത ഒരു ചെടിയെ ആർക്ക് വേണം.  എത്ര നനച്ചുകൊടുത്താലും മണ്ണിലൊറ്റപ്പെട്ടു നിൽക്കുന്ന അവയോടുള്ള താല്പര്യം ഒടുവിൽ കെട്ടുപോവുക തന്നെ ചെയ്യും..

ഇതു  വരെ കരുതിയതെല്ലാം ഒടുവിൽ തനിക്കായി മാത്രം ചിലഴിക്കാനായിരുന്നില്ലല്ലോ ഈ കഷ്ടപ്പാടുകളൊക്കെ സഹിച്ചത്..
കുറെ സ്വപ്‌നങ്ങൾ നെയ്തുകൂട്ടിയപ്പോൾ കാലം ഒരു കോമാളിയായി കണ്ടിരിക്കുന്നു തന്നെ..!!

ഇനിയുള്ളതൊക്കെയും ഇവിടെ തന്നെ, ഇങ്ങനെ തന്നെ തീരട്ടെ..
തനിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്ന നീണ്ടു ചുരുണ്ട മുടി അവൾ കയ്യിലെടുത്ത് തഴുകി തലോടി..
പനങ്കുല പോലുള്ള ഈ നീണ്ട മുടിയിൽ കണ്ണുടക്കിയിട്ടുള്ളവർ എത്ര പേർ !!
വേണ്ടാ..
മരിക്കുന്നെങ്കിൽ ഇങ്ങനെ തന്നെ മരിച്ചോട്ടെ !

മുടിയും കൊഴിഞ്ഞു പ്രാകൃത രൂപമായ തന്നെ കണ്ടു കണ്ണുനീർ വാർക്കുന്ന ആരും തന്റെ മുന്നിലുണ്ടാവണ്ട.
അങ്ങനെയൊരു സഹതാപം ഈ ഭദ്രക്കു വേണ്ട. സഹതാപങ്ങൾ എപ്പോഴും പ്രതീക്ഷകളെ കെടുത്തുകയേയുള്ളൂ..
ഈ ജീവിതം അണയുന്നത് ഒരു ചെറു പ്രതീക്ഷയിലാവട്ടെ.. തന്റെ കുടുംബം എന്ന  ശുഭ  പ്രതീക്ഷയിൽ !

“എനിക്കിനി ഒരു ചികിത്സയും വേണ്ട..
ഒരു വിരൂപയായിട്ട് ആരുടെ മുന്നിലും എനിക്ക് മുഖം കാട്ടണ്ട.”

മൗനിച്ചിരിക്കുന്ന ഭർത്താവിന്റെ അരികിലിരുന്ന് അവൾ മന്ത്രിച്ചു.

“പോകുന്നത് വരെ ഇങ്ങനെ തന്നെ നിങ്ങളോടൊപ്പം ഒന്ന് സന്തോഷിച്ചോട്ടെ.. ”

അതും പറഞ്ഞ് തന്റെ നഖങ്ങളിൽ അവൾ കടും നിറത്തിലുള്ള നെയിൽ പൊളീഷ് പുരട്ടുവാൻ തുടങ്ങി.

അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് പക്ഷേ അവൾ കണ്ടില്ല. അവൾക്ക് മുന്നിലപ്പോൾ കൈകൾ നീട്ടി തന്നോടടുക്കുന്ന ഒരു തണുത്ത കാറ്റും കുറെ നനഞ്ഞ നിശ്വാസങ്ങളും മാത്രമായിരുന്നു !!