ഭാര്യയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണങ്ങളും വിറ്റുകഴിഞ്ഞു.. ഇനിയാകെ ശേഷിക്കുന്നത് കറുത്ത ചരടിൽ അവൾ കോർത്തിട്ടിരിക്കുന്ന..

കെട്ടുതാലി
(രചന: ശാലിനി)

അന്നും നഗരം മുഴുവൻ അലഞ്ഞുതിരിഞ്ഞിട്ടും വെറും കയ്യോടെ നിരാശനായി കയറിവരുന്ന ഭർത്താവിനെ കണ്ടപ്പോൾ അവൾക്ക് നെഞ്ചു വല്ലാതെ കലങ്ങി..

ദൈവമേ ഇന്നും കുഞ്ഞുങ്ങളെ പട്ടിണി കിടത്തേണ്ടി വരുമല്ലോ..

ചാരുകസേരയിൽ കണ്ണുകൾ അടച്ചു കിടക്കുന്ന അയാളുടെ മുൻപിലേക്ക് ഒരു കഷ്ണം പേപ്പർ വെച്ചുനീട്ടി അവൾ ..
വാടക കുടിശ്ശികയും കറന്റു ബില്ലും ! ഇതെങ്ങനെ അടയ്ക്കും ദൈവമേ..

“ദാ ഇപ്പോൾ ഇവിടെ കേറി കുറെ വഴക്കും  പറഞ്ഞിട്ട് പോയതേയുള്ളൂ.. ഒരാഴ്ച കൂടി കയ്യും കാലും പിടിച്ച് അവധി തന്നിട്ടുണ്ട്.. അതും കഴിഞ്ഞാൽ പിടിച്ചു പുറത്താക്കുമെന്നാ പറഞ്ഞേക്കുന്നത്.. ”

അതും പറഞ്ഞവൾ ചുരുട്ടി വച്ച കൈ അയാൾക്ക്‌ നേരെ തുറന്നു…  കൊട്ടും കുരവയുമായി ഒരിക്കൽ അയാൾ അവളുടെ കഴുത്തിൽ കെട്ടിയിരുന്ന താലിയായിരുന്നു അത് !
അതിലേക്ക് വീണ്ടുമൊന്നു നോക്കാൻ പോലും അയാൾ  ഭയന്നു..

ഒന്നും മിണ്ടാതെ നിന്ന അയാളുടെ അരികിൽ ആ താലിയും വെച്ച് അവൾ അകത്തേക്ക് കയറിപ്പോയി..
സർവ്വവും നഷ്ട്ടപ്പെട്ടവനെ പോലെ അയാൾ വിദൂരതയിലേക്ക് നോക്കി തളർന്നു കിടന്നു..

അടുക്കളയിൽ എന്തൊക്കെയോ പറയുകയും കരയുകയും ചെയ്തുകൊണ്ട് അനുപമ ജോലി തുടർന്നു.
ഗൾഫിലെ മണലാരണ്യത്തിൽ വർഷങ്ങളോളം കഷ്ട്ടപ്പെട്ടിട്ടും ഒഴിഞ്ഞ പോക്കറ്റും നിർദ്ദനമായ ഒരു കുടുംബവും മാത്രമാണ് അയാളുടെഇപ്പോഴത്തെ ആകെ സമ്പാദ്യം..

പെങ്ങന്മാരെ വിവാഹം കഴിപ്പിച്ചു വിട്ടും നല്ലൊരു വീട് വെച്ചും ബാധ്യതകളോരോന്നായി തീർക്കുമ്പോൾ ഓർക്കാപ്പുറത്താണ് ദുരന്തം അയാളുടെ ജീവിതത്തിൽ കരിനിഴലായി വീശിയത്..

അവിടെ വെച്ചുണ്ടായ ഒരപകടത്തിൽ അയാളുടെ രണ്ടു കൈപ്പത്തികളും അറ്റുപോവുകയും ജോലിചെയ്യാനാവാതെ നാട്ടിലേക്ക് തിരിച്ചു മടങ്ങുകയും ചെയ്യേണ്ടി വന്നു.. കിടപ്പിലായ ആ നാളുകളിൽ ആയിരുന്നു സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും വില അയാൾ മനസ്സിലാക്കുന്നത് !!

സ്നേഹിക്കാൻ മത്സരിച്ച ആളുകളെയൊന്നും പിന്നെ പിന്നെ  കാണാൻ കിട്ടാതെയായി..
ജോലിക്ക് പോകാൻ ആകാത്ത കുറെ നാളുകളിൽ കൈയിലുണ്ടായിരുന്ന സമ്പാദ്യങ്ങളെല്ലാം ഒന്നൊന്നായി തീർന്നുകൊണ്ടിരുന്നു..
ഒടുവിൽ വീട് വിറ്റ് കടം തീർക്കേണ്ട അവസ്ഥയിലുമെത്തിയിട്ടും സഹായിക്കാൻ ആരുടെയും കരങ്ങൾ അയാൾ കണ്ടതില്ല..

ഇപ്പോൾ ഒരു വാടക വീട്ടിൽ ഭാര്യയും രണ്ട് പൊടിക്കുഞ്ഞുങ്ങളുമായി ദുരിതത്തോടു മല്ലടിച്ചുകൊണ്ടിരിക്കുമ്പോഴും വിധിയെ പഴിക്കാൻ അയാൾക്ക് തോന്നിയില്ല..
വരുന്നതൊക്കെ അനുഭവിക്കാതെ തരമില്ലല്ലോ..

അപകടത്തിന് ശേഷം ജോലി ചെയ്യുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.. ജോലി തിരക്കി ചെല്ലുന്നവരൊക്കെ തന്റെ അവസ്ഥ കാണുമ്പോൾ തല്ക്കാലം ഒഴിവൊന്നുമില്ലെന്ന് പറഞ്ഞു വിടും..  എല്ലാവർക്കും തങ്ങളുടെ ബിസിനസിൽ ചുണയും മിടുക്കും ഉള്ളവരെയാണ് താല്പര്യം.

അയാൾ തിരിച്ചു വന്നതോടെ വീടിന്റെ താളം തെറ്റി തുടങ്ങി. വിശപ്പ് കൊണ്ട് വലയുന്ന മക്കളെ കണ്ടു ആരും കാണാതെ അയാൾ നെഞ്ചു തിരുമ്മും.
അങ്ങനെ ആണ് അനു ഒടുവിൽ ജോലിക്ക് പോകാൻ തീരുമാനിച്ചത്.
ടൗണിൽ ഉള്ള ഒരു വലിയ ടെക്സ്റ്റയിലെ സെയിൽസ് ഗേൾ ആകാൻ അവൾക്ക് അവസരം കിട്ടിയത് ആദ്യം അംഗീകരിക്കാൻ അയാൾക്ക് ആയില്ല .

എങ്കിൽ എല്ലാവർക്കും കൂടി വിഷം കുടിച്ചു മരിക്കാം എന്ന് പറഞ്ഞു കൊണ്ട് അവൾ ചാടിത്തുള്ളി പോയി.
പിറ്റേന്ന് രാവിലെ അവൾ വീട്ടിലെ സകല പണികളും തിരക്കിട്ടു തീർക്കുന്നതുകണ്ടു ഒന്നും മിണ്ടാതെ അയാൾ ഉമ്മറത്തിരുന്നു..

പോകാനായി ബാഗും തൂക്കി ഒരുങ്ങി ഇറങ്ങിയ അവൾ തിരിഞ്ഞു നിന്നു.

“എനിക്ക് എന്റെ കുഞ്ഞുങ്ങളുടെ വിശപ്പാണ് പ്രധാനം. അതിനു വേണ്ടി എന്ത് ജോലിക്കും പോകാനും എനിക്ക് മടിയില്ല.
ഞാൻ കഴിക്കാനുള്ളത് എല്ലാം മേശപ്പുറത്ത് എടുത്തു വെച്ചിട്ടുണ്ട്.. ”

കനത്ത മുഖത്തോടെ അനു ഇറങ്ങിപ്പോയി.
അവൾ പുറത്ത് എവിടെ എങ്കിലും പോയി ജോലി ചെയ്യുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല.
ഒരിക്കലും അവളെ കഷ്ടപ്പെടുത്തരുത് എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവളുടെ ഇഷ്ടം അതാണെങ്കിൽ പോകട്ടെ എന്ന് ഒടുവിൽ അയാളും തീരുമാനിച്ചു.
രാവിലെ ഏഴരയ്ക്ക് പോയാൽ അവൾ തിരിച്ചു വരുമ്പോൾ രാത്രി എട്ടര ആകും. ടൗണിലെ അവസാന ബസ് ആണ്.
വന്നു കഴിഞ്ഞു പിന്നെ എല്ലാം പണികളും കഴിഞ്ഞു കിടക്കുന്നത് ഒരു സമയത്തും.
ദിവസവും ഒരേ നിൽപ്പും, ബാത്‌റൂമിൽ പോകാനുള്ള ബുദ്ധിമുട്ട് ഒക്കെക്കൂടി വല്ലാത്ത അവസ്ഥയിലായി.

“ഞാൻ എന്തെങ്കിലും വഴി നോക്കാം. നീ ഇല്ലാത്ത അസുഖം ഒന്നും വരുത്തി വെയ്ക്കണ്ട..”

പക്ഷെ, ഏട്ടന് എന്തെങ്കിലും ആകുന്നത് വരെ പോകാം എന്ന് പറഞ്ഞു കൊണ്ട് അവൾ ശമ്പളം കിട്ടിയ കാശ് അയാളുടെ മടിയിൽ വെച്ചു കൊടുത്തു.
അമ്പരപ്പോടെ അയാൾ ഭാര്യയെ നോക്കി.

“ഇത് എനിക്ക് എന്തിനാണ്. നീ ഈ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട പൈസയാണ്. അത് നിന്റെ ഇഷ്ടം പോലെ ചെയ്യാനുള്ളതാണ്.”

അങ്ങനെ കുറെ നാളുകൾ വലിയ അല്ലലും അലട്ടലും ഇല്ലാതെ പോയി.
പക്ഷെ, വിധി വീണ്ടും അവരെ പരീക്ഷണങ്ങൾ കൊണ്ട് ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു.

ഒരിക്കൽ കടയിൽ വലിയ തിരക്ക് ഉള്ള ഒരു ദിവസം അനു ജോലിക്കിടയിൽ കുഴഞ്ഞു വീണു.
അന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയത് കടയിലുള്ള സ്റ്റാഫ് ആയിരുന്നു.
തിരികെ അവർ അവളെ വീട്ടിൽ കൊണ്ട് വീട്ടിട്ട് പോകുമ്പോൾ ഒന്നും മനസ്സിലായില്ല.
അവളും ഒന്നും വീട്ടു പറഞ്ഞില്ല.
പിറ്റേന്ന് ജോലിക്ക് പോകാതെ അവൾ കട്ടിലിൽ തന്നെ ചുരുണ്ടു കൂടി.

ചൂട് കാപ്പി അവൾക്ക് അരികിൽ കൊണ്ട് വെച്ച് അയാൾ അവളെ വിളിച്ചു.

“നീ എന്നോട് ഒന്നും പറയണ്ട, എല്ലാം മനസ്സിൽ തന്നെ വെച്ചോ. ഞാൻ എങ്ങോട്ടെങ്കിലും പോവാണ്. എന്നെ കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് ഒരു തോന്നലുണ്ടാവും. അത് കൊണ്ട് ഇനി നിനക്ക് നിന്റെ വഴി.”

തിരിഞ്ഞു നടക്കാൻ തുടങ്ങിയ അയാളെ അവൾ പിടിച്ചു നിർത്തി.
എന്നിട്ട്, അവൾ കരയാൻ തുടങ്ങി.
അന്ന് ഹോസ്പിറ്റലിൽ പോയതും ഡോക്ടർമാർ പറഞ്ഞതും എല്ലാം കരച്ചിലിനിടയിലൂടെ അവൾ പറഞ്ഞു.
യൂട്രസ് എത്രയും പെട്ടന്ന് എടുത്തു കളയണം എന്നാണത്രേ ഡോക്ടർ പറഞ്ഞത്. കടയിലെ ഒരേ നിൽപ്പും, വിശ്രമം ഇല്ലാത്ത ജോലിയും കാരണം കുറെ നാളായി അവൾക്ക് നടുവിന് വല്ലാത്ത വേദന തോന്നിയിരുന്നു. എന്നിട്ടും അതൊക്കെ അവഗണിച്ചു ജോലി ചെയ്തതിന്റെ ഫലം ആയിരുന്നു അന്ന് അവൾ കടയിൽ വെച്ച് കുഴഞ്ഞു വീണത്.
ഗർഭപാത്രം താഴേയ്ക്ക് ഇറങ്ങി വരുന്നതായിരുന്നു അവളുടെ പ്രശ്നം.
അതിനു പൂർണ്ണ വിശ്രമം ആണ് ഡോക്ടർ പറഞ്ഞത്. പിന്നീട് അത് എടുത്തു കളയുകയും വേണം. ഇതിനൊക്കെ എവിടുന്നാണ് പൈസ??
എല്ലാം ഓർത്തപ്പോൾ ആരോടും തത്കാലം ഒന്നും പറയണ്ട എന്നാണ് അവൾ തീരുമാനിച്ചത്.
പക്ഷെ, ഭർത്താവിന്റെ മുൻപിൽ അവൾക്ക് ഒന്നും മറച്ചു വെയ്ക്കാൻ കഴിഞ്ഞില്ല.

ഇനി പട്ടിണി ആയാലും ശരി, നീയിവിടെ നിന്നും ഒരു ജോലിക്കും പോകണ്ടെന്ന് അയാൾ അന്ത്യ ശാസനം പോലെയാണ് പറഞ്ഞത്.

അയാൾ പല വഴികളും ആലോചിച്ചു.
വാടക കുടിശിക എങ്ങനെ വീട്ടുമെന്ന്
ഒരു പിടിയുമില്ല..
ഭാര്യയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണങ്ങളും വിറ്റുകഴിഞ്ഞു..
ഇനിയാകെ ശേഷിക്കുന്നത് കറുത്ത ചരടിൽ അവൾ കോർത്തിട്ടിരിക്കുന്ന ചെറിയൊരു താലിമാത്രം!
ഒടുവിൽ ഗത്യന്തരം ഇല്ലാതെ
ആ താലിയും ഊരി അവൾ ഇപ്പോൾ തനിക്കു നേരെ നീട്ടിയിരിക്കുന്നു!

ദേഹം മുഴുവനും സ്വർണ്ണമണിഞ്ഞ് വലിയ ആർഭാടത്തോടെ തന്റെ ജീവിതത്തിലേക്ക് കയറി വന്നവൾ !!

എല്ലാ കഷ്ടപ്പാടിന്റെയും വിഷമങ്ങളുടെയും ഇടയിലും തനിക്ക് ഊർജ്ജമായി നിന്നവൾ..
ഒരിക്കൽ വളരെ വിഷമത്തോടെയാണ് തന്റെ മുഖത്ത് നോക്കാതെ അവൾ ചോദിച്ചത്..
ഇത്തിരി വിഷം വാങ്ങിച്ചു എല്ലാവർക്കും കൂടിയങ്ങു കുടിക്കാമെന്ന് !
അപ്പോൾ ആ മുഖം വല്ലാതെ കരുവാളിച്ചും മുറുകിയുമിരുന്നു !

എല്ലാം ശരിയാകും എന്ന് മാത്രം പറയുമ്പോൾ സ്വരം ഇടറാതിരിക്കാൻ വല്ലാതെ പണിപ്പെട്ടു..
വലിയ സ്വപ്‌നങ്ങൾ നെയ്താണ് ഒരു വീട് വെച്ചത് പോലും..
മോഹത്തോടെ ഒന്നിച്ചു താമസിക്കാൻ പോലും വിധി അനുവദിച്ചില്ല..
ഇപ്പോൾ ആ വീട്ടിൽ വേറെയാരൊക്കെയോ, തങ്ങളുടെതായിരുന്ന ആ സ്വപ്നങ്ങളിൽ ചവിട്ടിയും മെതിച്ചും ജീവിക്കുന്നുണ്ടാവും !

ഉറങ്ങിപ്പോയെന്നു തോന്നുന്നു..

ഭാര്യ കുലുക്കി വിളിച്ചപ്പോളാണ് കണ്ണുതുറന്നത്..

മുറ്റത്ത്‌ അപരിചിതരായ രണ്ടു പേർ. കയറി ഇരുന്ന് കഴിഞ്ഞാണ് അവർ കാര്യത്തിലേക്കു കടന്നത്..
നഗരത്തിലെ ഒരു വലിയ തുണിക്കടയുടെ നടത്തിപ്പുകാരാണ്..

വരുന്ന ക്രിസ്തുമസ്സ് പ്രമാണിച്ച് കടയുടെ മുൻപിൽ ക്രിസ്മസ്സ് ഫാദറിന്റെ വേഷം കെട്ടാൻ അവർക്ക് ഒരാളെ വേണമത്രേ !
ആരോ പറഞ്ഞനുസരിച്ചാണ് അവർ അയാളെ തേടിയെത്തിയത്.

“സതീഷിനു വേറെ ജോലിക്കൊന്നും പോകാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഇതാവുമ്പോൾ വെറുതെ ആ വേഷമണിഞ്ഞു കടയ്ക്കു മുൻപിൽ ഒന്നിരുന്നാൽ മതി..”

വന്നവരിലൊരാൾ പറഞ്ഞത് കേട്ട് അയാൾ അവളെ തിരിഞ്ഞു നോക്കി.. അവളുടെ മുഖത്ത് പ്രേത്യേകിച്ചൊരു ഭാവവും തിരിച്ചറിയാൻ അയാൾക്ക്‌ പറ്റിയില്ല..

“സമ്മതമാണെങ്കിൽ ഞങ്ങൾ ഇപ്പോൾ കുറച്ചു ക്യാഷ് അഡ്വാൻസ് ആയിട്ട് തരാം.. എന്ത് പറയുന്നു..”

ഒരു വല്ലാത്ത നിശബ്ദത കുറച്ചു നേരം അവിടെയാകെ വട്ടമിട്ടു..

വന്നവർ പരസ്പരം നോക്കി..

ഒരു കോമാളിയായി തന്റെ ഭർത്താവ് മഴയും വെയിലും തണുപ്പുമേറ്റ് മണിക്കൂറുകളോളം ആ കടയ്ക്കു മുൻപിൽ നിൽക്കുന്ന രംഗമായിരുന്നു അപ്പോൾ അവളുടെ മനസ്സിൽ..

“സമ്മതമാണ് സാർ.. ”

അയാളുടെ അടഞ്ഞ ശബ്ദം അവൾ വിദൂരതയിലെന്നപോലെ കേട്ടു..
കയ്യ് ഇല്ലാത്തവൻ ഏത് വേഷത്തിനുള്ളിലായാലെന്താ.. അയാളപ്പോൾ വിചാരിച്ചത് അത് മാത്രമാണ്..
അയാളുടെ പോക്കറ്റിലേക്ക് വെച്ചുകൊടുക്കുന്ന ആ നോട്ടുകൾ അപ്പോൾ അവരെ നോക്കി പുഞ്ചിരിച്ചു

‘സാരമില്ല, എല്ലാം ശരിയാകും’

“എന്ത് ജോലിയായാലും വേണ്ടില്ല.. നമുക്കിപ്പോളിത് അത്യാവശ്യമാണ്.. നിന്നെയും കുഞ്ഞുങ്ങളെയും
ഇനീ പട്ടിണി കിടത്താൻ വയ്യ.. ”

അയാൾ അതും പറഞ്ഞ് അവളുടെ കൈക്കുള്ളിലേയ്ക്ക് ആ താലി വെച്ചുകൊടുക്കുമ്പോൾ അവളുടെ കണ്ണുകളിലപ്പോൾ ഒരു
ക്ഷമാപണത്തിന്റെ രജതരേഖകൾ
മിന്നി മറഞ്ഞുകൊണ്ടിരുന്നു..