ഇനി ഇതിൽ കൂടുതൽ നീ എന്തെങ്കിലും പറഞ്ഞാൽ അതിനുള്ള മറുപടി തരുന്നത്..

വാ ട്ട്‌സപ്പ് സ്റ്റാറ്റസ്
(രചന: Sarya Vijayan)

“ഞാൻ ഒരുപാട് സ്നേഹിച്ചു വളർത്തിയ എന്റെ നാ യയ്ക്ക് പേ പിടിച്ചു. അതെന്നെ കടിക്കാൻ വന്നു.

എന്റെ അച്ഛന്റെയും അമ്മയുടെയും ഭാഗ്യം കൊണ്ട് എനിക്കൊന്നും സംഭവിച്ചില്ല.”

അഞ്ജലി പറഞ്ഞത് കേട്ടു ഗായത്രി ഞെട്ടി. ഇവൾക്കിത് എന്തുപറ്റി എന്ന മട്ടിൽ ഗായത്രി അന്തംവിട്ടു കുന്തം വിഴുങ്ങി അഞ്ജലിയെ നോക്കി.

“ഞാൻ അതിന് നിന്നോട് ഒന്നും ചോദിച്ചില്ലല്ലോ, അഞ്ജലി മുഖമെന്താ വിഷമിച്ചിരിക്കുന്നത് എന്നല്ലേ ചോദിച്ചത്. അതിന് നീയെന്താ ഇങ്ങനെയൊക്കെ പറയുന്നത്.”

“ഒന്നുമില്ല”

ഒരു നിസ്സംഗതയോടെ എതിരെ നിന്ന മിഥുനെ നോക്കിയശേഷം അഞ്ജലി ക്ലാസ്സിലേയ്ക്ക് കയറി പോയി.

ബെഞ്ചിൽ ചെന്നിരുന്നപ്പോഴേയ്ക്കും മിഥുനും അകത്തേയ്ക്ക് കടന്നു വന്നു. അഞ്ജലിയുടെ തൊട്ടടുത്ത ബെഞ്ചിൽ വന്നിരുന്നു. പിറകിലേയ്ക്ക് തിരിഞ്ഞവളെ ഫേസ് ചെയ്തിരുന്നു.

“അഞ്ജലി നീ ഞാൻ പറയുന്നത് ഒന്ന് മനസിലാക്കാൻ ശ്രമിക്ക്.” പ്ലീസ്…”

ഒന്നും പറയാതെ ദേഷ്യത്തിൽ തലനിവർത്തി അവനെ നോക്കി.

“ലുക്ക്, നമ്മുടെ വീട്ടിൽ ഈ റിലേഷൻ സപ്പോർട്ട് ചെയ്യുമെന്ന് എനിക്കും നിനക്കും ഒരുറപ്പുമില്ല. അതുകൊണ്ട് ഒരു സേഫ്റ്റിയ്ക്ക് വേണ്ടി.”

“എന്ത് സേഫ്റ്റി? ഇത്തരത്തിൽ റിലേഷന്ഷിപ്പിന് സേഫ്റ്റി കണ്ടെത്തുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല. അതിനൊക്കെ നാടൻ ഭാഷയിൽ മറ്റു പലതുമാണ് പറയുന്നത്.”

അവളുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു.

“നീ എന്തറിഞ്ഞിട്ടാണ് അഞ്ജലി ഈ സംസാരിക്കുന്നത്. ഈ കാലത്തെ റിലേഷന്ഷിപ്പിൽ ഇങ്ങനെയൊക്കെ തന്നെയാണ്. അതിൽ ഒരു തെറ്റുമില്ല.

വിവാഹത്തിന് ശേഷം നമുക്ക് പരസ്പരം ഓർത്തു ചിരിക്കാൻ കഴിയുന്ന നമ്മുടെ കുറച്ചു നല്ല നിമിഷങ്ങൾ .”

ഇരുന്നയിടത്തു നിന്ന് ചാടിയെഴുന്നെറ്റ ശേഷം ഉച്ചത്തിൽ പറഞ്ഞു.

“ഇനി ഇതിൽ കൂടുതൽ നീ എന്തെങ്കിലും പറഞ്ഞാൽ അതിനുള്ള മറുപടി തരുന്നത് എന്റെ കാലിലെ ചേരുപ്പായിരിക്കും.

ഇതുപോലെ പണ്ടും നീ ചാറ്റിങ് ടൈമിൽ എന്റെ പലരൂപത്തിലുള്ള ഫോട്ടോയും ചോദിച്ചിട്ടുണ്ട്.

അന്നൊക്കെ നിന്നോടുള്ള എന്റെ പ്രണയം കൊണ്ട് എനിക്കൊന്നും തോന്നിയില്ല. തരില്ല എന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. അന്നേ ഗുഡ് ബൈ പറയേണ്ടിയിരുന്നു. എല്ലാം എന്റെ തെറ്റാണ്.”

ശബ്‌ദം കേട്ട് ക്ലാസ്സിലേയ്ക്ക് മറ്റുള്ളവർ കടന്നു വന്നു. അപ്പോൾ മിഥുൻ പുറത്തേയ്ക്ക് ഇറങ്ങി പോയി.

“ഹലോ”

“ഹായ്”

“എന്താ അഞ്ജലി ഒന്നും മിണ്ടാതെ പോകുന്നേ.”

“ഹേയ് ഒന്നുമില്ല മിഥുൻ.”

“നീ വരുന്നില്ലേ നിന്നോട് ഞാൻ പറഞ്ഞതല്ലേ. ഇന്നത്തെ ട്രിപ്പിനെ പറ്റി.”

“ഞാൻ വരുന്നില്ല,നീയും നിന്റെ ഫ്രണ്ട്സും അതിനിടയിൽ ഞാൻ എന്തിന്?”

“അവരുടെ ഗേൾ ഫ്രണ്ട്സും ഉണ്ടല്ലോ,പിന്നെന്താ??”

“ഞാൻ വരുന്നില്ല,ഈ വീക്കേന്റ് ഞാൻ വീട്ടിൽ ചെല്ലാമെന്നു പറഞ്ഞു പോയി. ഇനി മാറ്റാൻ വയ്യ വീട്ടിൽ പറഞ്ഞു പോയി.”

“എങ്കിൽ നിന്നെ കൊണ്ടാക്കാൻ ഞാനും കൂടി വരാം, ആ ട്രിപ്പ് ഞാൻ ക്യാൻസൽ ചെയ്തോള്ളാം.”

“അതൊന്നും വേണ്ട,നീ പൊയ്ക്കോ. എനിക്ക് തനിച്ചു പോയല്ലേ ശീലം. എനിക്ക് വേണ്ടി ട്രിപ്പ് മുടക്കണ്ട.”

“നീയില്ലാതെ ഞാൻ പോയിട്ട് എന്ത് പ്രയോജനം. ഞാൻ പോകുന്നില്ല. നീ പോയി ബാഗും മറ്റും എടുത്തിട്ട് വാ..”

ഹോസ്റ്റലിൽ ചെന്ന് ബാഗും പായ്ക്ക് ചെയ്ത് ഇറങ്ങി. ഹോസ്റ്റലിൽ നിന്നും റെയിൽ വേ സ്റ്റേഷൻ വരെ മിഥുനൊപ്പം ബൈക്കിൽ.

അവനോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടവയാണ്..

അപ്പോഴൊക്കെ ഞങ്ങളെ കടന്നു പോകുന്ന ഋതുക്കൾക്ക് പ്രത്യേക വികാരമാണ്. ചുട്ടുപൊള്ളുന്ന വെയിലിന് കുളിരും തണുത്തു വിറങ്ങലിച്ച പ്രഭാതങ്ങൾക്ക് അതുവരെ ഇല്ലാതിരുന്ന സുഖമാണ്..

സ്റ്റേഷനിൽ ബൈക്ക് പാർക്ക് ചെയ്തു.

“അഞ്ജലി നമുക്കൊരു കോഫി ആയാലോ.”

“മും.. കുടിക്കാം വണ്ടി വരാൻ ഇനിയും സമയമുണ്ട്.”

“അഞ്ജലി ഇന്ന് വീട്ടിൽ ചെല്ലണമെന്ന് നിനക്ക് നിർബന്ധമുണ്ടോ?”

“എന്ത്?”

“അല്ല നമുക്ക് ഇന്ന് ഇവിടെയെവിടെയെങ്കിലും തങ്ങിയിട്ട് നാളെ പോയാൽ പോരെ?”

“നീയെന്താ ഉദ്ദേശിച്ചത്?”

“നിനക്ക് മനസിലായില്ലേ? അത് തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്..”

അവന്റെ മുഖത്ത് ദേഷ്യത്തോടെ നോക്കിയ ശേഷം ബാഗും എടുത്ത് മിണ്ടാതെ ഇറങ്ങി പോയി.. അതിന് ശേഷം ഇന്ന് കോളേജിൽ വച്ചാണ് അവനെ കാണുന്നത്.

“അഞ്ജലി നീ രാവിലെ പറഞ്ഞ ആ ഡയലോഗ് ഒന്നുകൂടി പറയുമോ??”

“ഡയലോഗ് ഏത് ഡയലോഗ്?”

“നീ ഏറെ സ്നേഹിച്ചു വളർത്തിയ.. അത്??”

“എന്തിനാ”

“ചുമ്മാ,വാട്ട്സാപ്പ് സ്റ്റാറ്റസ് ഇടാൻ വേണ്ടിയാണ്??”

“ആഹാ,അങ്ങനെയിപ്പം നീ എന്റെ വാക്കേടുത്ത് സ്റ്റാറ്റസ് ഇടേണ്ട. ഇപ്പോ മോള് ചെല്ല് ഗായത്രി.”

“ഓഹ് ജാഡയാണെങ്കിൽ വേണ്ട .ഞാൻ ചോദിച്ചു എന്നേ ഉള്ളൂ.”

ഒരു ചിരി നല്കിയവൾ പോയി.
ക്ലാസ്സ് കഴിഞ്ഞു റെഡിയായി വീട്ടിലേയ്ക്ക് തിരിച്ചു. പോകുന്ന വഴിയിൽ ഫോണെടുത്തു അതെ വരികൾ ചുമ്മാ സ്റ്റാറ്റസ് ഇട്ടു.

അപ്പോഴേയ്ക്കും ഫോണിന്റെ ചാർജും കഴിഞ്ഞു. ഫോൺ പൂട്ടി നല്ലൊരു ഉറക്കം അങ്ങുറങ്ങി. വീട്ടിൽ എത്തി, എന്നത്തേയും പോലെ കുളി, ഭക്ഷണം. ശേഷം കട്ടിലേയ്ക്ക് വീണത് മാത്രം ഓർമയുണ്ട്.

സ്വപ്നത്തിൽ തെളിഞ്ഞു .

“ഹലോ മിഥുൻ നീയെന്താ ഒന്നും മിണ്ടാത്തത്? പ്ലീസ് ഫോൺ കട്ട് ചെയ്യരുത്.”

“നീ ഫോൺ ഒന്ന് വയ്ക്കുമോ? എനിക്ക് നിന്നോട് സംസാരിക്കുവാൻ ഒന്നുമില്ല അഞ്ജലി.”

“ഇപ്പോ നിനക്ക് എന്നോട് സംസാരിക്കുവാൻ ഒന്നുമില്ല അല്ലേ, രണ്ടാഴ്ച മുൻപ് വരെ നിനക്ക് എന്നോട് സംസാരിക്കാൻ എന്തുമാത്രം ഉണ്ടായിരുന്നു. ഇപ്പോ എന്താ ഒന്നുമില്ലാത്തത്.”

“പ്ലീസ് എന്നെ ഒന്ന് വെറുതെ വിടുമോ?”

“ഓഹ് മനസിലായി,എന്റെ ചൂടു പറ്റി ഉറങ്ങും വരെ നിനക്ക് എന്നെ വേണമായിരുന്നു ..എന്തേ നിനക്ക് ആ ചൂട് പിടിച്ചില്ലേ??”

“Wht the …..,നീ ഒരുമാതിരി തരംതാണ പെണ്പിള്ളേരേ പോലെ എന്നോട് സംസാരിക്കരുത്. എനിക്ക് നിന്നോട് ഇനി ഒന്നും സംസാരിക്കാനില്ല വച്ചിട്ട് പോടീ… …

ഫോൺ വച്ച ശേഷം.. കൈയ്യിൽ കരുതിയ വി ഷ കുപ്പിയെടുത്തു അടപ്പ് തുറന്നു. ക ളങ്കമായ ഒരു ശ രീരവുമായി മറ്റൊരു താലിയ്ക്ക് മുന്നിൽ തല നീട്ടി കൊടുക്കാൻ എനിക്ക് കഴിയില്ല.. അച്ഛനുമമ്മയും എന്നോട് ക്ഷമിക്കണം.

ടക്.. ടക്…

“അഞ്ജലി മോളെ വാതിൽ തുറക്ക് എന്ത് ഉറക്കമാ ഇത്‌..”

അമ്മയുടെ വിളി കെട്ടാണ് കണ്ണ് തുറന്നത്.

“ആ അമ്മേ ഞാൻ എഴുന്നേറ്റു അമ്മ പൊയ്ക്കോ”.

എഴുന്നേറ്റു ചെന്ന് കണ്ണാടിയ്ക്ക് മുന്നിൽ നിന്നു. ഇന്നുമുതൽ ഞാൻ പുതിയ ഒരാളായിരിക്കും. എന്റെ അച്ഛന്റെയും അമ്മയുടെയും പുന്നാരമകളായി ജീവിക്കണം.

അവര് ചെയ്ത പുണ്യം കൊണ്ട് എനിക്കൊന്നും സംഭവിച്ചില്ല. നേരെ ചെന്ന് കുളിച്ചൊരുങ്ങി അമ്പലത്തിലേയ്ക്ക് പോയി. മനസ്സു നിറയെ കൃഷ്ണനെ കണ്ടൊന്നു തൊഴുതു.

“എന്റെ കൃഷ്ണാ ഇതുവരെ സംഭവിച്ചതിൽ നിന്നെല്ലാം പുതിയ ഒരു പാഠം എനിക്ക് കിട്ടി. സ്നേഹം എന്തെന്ന് മനസ്സിലാക്കുന്നതിൽ എനിക്ക് തെറ്റുപറ്റി …

ഇപ്പോൾ ആരിലും ആരുടെ സ്നേഹത്തിലും എനിക്ക് വിശ്വാസമില്ല.. എന്റെ അച്ഛന്റെയും അമ്മയുടെയും ഒഴികെ.. മറ്റുള്ളവയെല്ലാം വെറും പ്രഹസ്സനം മാത്രം. ഇപ്പോഴെങ്കിലും നീ അത് മനസിലാക്കി തന്നുവല്ലോ അതുമതി.”

അമ്പലത്തിൽ നിന്നിറങ്ങി ഫോൺ എടുത്തു വെറുതെ വാട്ട്സാപ്പ് തുറന്നു. ഗായത്രിയുടെ സ്റ്റാറ്റസ് കണ്ടു ഞെട്ടി..

“ഗാഢമായ ഒരു ആലിംഗനത്തിന് ശേഷം.. വീണുടയുന്ന ശില്പമത്രേ അനശ്വരപ്രണയങ്ങൾ.. ആ ശിൽപം കണ്ടു മോഹിച്ച നീയോ വെറും മണ്ടി……”

ഇവൾ എനിക്കിട്ട് കുത്തിയതാണോ?

ആ ആർക്കറിയാം സ്റ്റാറ്റസിന് റീപ്ലേ ആയി കണ്ണ് തള്ളുന്ന ഒരു സ്മൈലി തിരികെ അയച്ചു.. അതിനല്ലേ പാവം എനിക്കിപ്പോ കഴിയൂ..

Leave a Reply

Your email address will not be published. Required fields are marked *