ഇല്ല മോനെ അവൾക്ക് ആരെയും തിരിച്ചറിയാൻ കഴിയില്ല, അങ്ങനെ കഴിഞ്ഞിരുന്നെങ്കിൽ..

ജീവിതതാളം
(രചന: Sarya Vijayan)

“മനു..പ്ലീസ് ഒന്ന് കണ്ണടയ്ക്കൂ..”

“ഉം….അടച്ചു”

“ഇനി എന്റെ കൈകളിൽ പിടിക്കൂ.. നമുക്കൊരു യാത്ര പോകാം.. മലമുകളിലെ വസന്തം കാണാൻ..
വാകമരങ്ങളുടെ ഇടയിലൂടെ. വരൂ മനു…”

ഉറക്കത്തിൽ നിന്ന് ഒരു ഞെട്ടലോടെ അവൻ കണ്ണുകൾ തുറന്നു. കട്ടിലിൽ നിന്നെഴുന്നേറ്റ് പതുക്കെ മുറിയ്ക്ക് പുറത്തേയ്ക്ക് വന്നു. ബാൽക്കണിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

ഒരിക്കൽ വേണ്ടന്ന് കരുതി ദൂരെയ്‌ക്കെറിഞ്ഞ സി ഗരറ്റുകുറ്റികൾ വീണ്ടും ചുണ്ടിൽ സ്ഥാനം പിടിച്ചിരിക്കുന്നു. അകത്തേയ്ക്ക് ചെന്ന് ഡ്രോയർ തുറന്ന്, ഒരു സി ഗരറ്റ് എടുത്ത് കത്തിച്ചു .

ഒരു തവണ പുക ഉള്ളിലേയ്ക്ക് എടുത്തു. ഇതുവരെ തോന്നാത്ത എന്തോ ഒന്ന് പോലെ?. ശരിക്കും ശ്വാസകോശം ഒരു സ്പോഞ്ച് പോലെയോ? രണ്ടുകൂടി ഹൃദയം പിടിച്ചു ഞെരിച്ചു.

“മനു ഇനി താനൊരിക്കലും സി ഗരറ്റ് കൈ കൊണ്ട് തൊടരുത്. കേട്ടോ,തന്റെ ഈ സ്വരമാധുര്യം അതുപോലെ തന്നെ നിലനിർത്തണം. എനിക്ക് വേണ്ടിയെങ്കിലും… ഒരിക്കൽ തന്റെ രാഗത്തിനൊത്ത് ഞാൻ ചുവട് വയ്ക്കും..’

കൈയിലിരുന്ന സി ഗരറ്റ് മടക്കി ദൂരെയെറിഞ്ഞു. മറ്റൊരു നഷ്ടപ്പെട്ട നീലാംബരി കൂടി പിറവിയെടുക്കേണ്ട എന്നപോലെ. അകത്തേയ്ക്ക് ചെന്ന് ബാഗെടുത്ത് കൈയ്യിൽ കിട്ടിയതൊക്കെ കുത്തി നിറച്ചു.

ഫേ സ്ബുക്ക്,വാ ട്ട്സാപ്പ് അങ്ങനെ ഇന്റർനെറ്റിന്റെ ആധുനിക സാധ്യതകൾ ഉണ്ടായിരുന്നിട്ടും ഒരിക്കൽ പോലും അവളുടെ മുഖം ഒന്ന് കാണാൻ ശ്രമിച്ചില്ല. ആ മുഖമൊന്നു കാണുണെങ്കിൽ അത് നേരിൽ മാത്രം.

Every night in my dream… “ഓഹ് ആരാ ഈ രാവിലെ തന്നെ.”

പുതപ്പ് കണ്ണിൽ നിന്ന് പാടുപെട്ട് മാറ്റി. കൈകൾ കൊണ്ട് കണ്ണു തിരുമ്മി, ടേബിളിൽ നിന്ന് കണ്ണാടി എടുത്ത് വച്ച്. ഫോൺ എടുത്ത് ചെവിയിൽ ചെർത്തു. അങ്ങോട്ടെന്തെങ്കിലും പറയും മുന്നേ

“ഹലോ, ഇന്ദു നീയൊന്നു പെട്ടെന്ന് വരുമോ? ഞാൻ എത്ര നേരമായി വെയിറ്റ് ചെയ്യുന്നു.”

“ഹലോ, നമ്പർ നോക്കി വിളിക്കു മാഡം, മാഡം പറഞ്ഞിടത്ത് എന്തായാലും ഇപ്പോ എനിക്കെത്താൻ കഴിയില്ല.”

തിരികെ ഒരു മറുപടി പോലും പറയാതെ ഫോൺ കട്ടായി. ആരെങ്കിലും ആകട്ടെ. ഫോൺ കട്ട് ചെയ്തു വീണ്ടും ഉറക്കത്തിലേയ്ക്ക് പോയി. ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു പോയി.
അങ്ങനെ ഇരിക്കേ ..

ടെന്നീസ് കളിച്ചു കൊണ്ടിരിക്കെ ഫോൺ റിങ് ചെയ്യുന്ന ശബ്‌ദം കേട്ടാണ് കളി നിർത്തി ഓടി വന്നത്.

“ഹലോ”

“ഹലോ, ഇന്ദു..”

“എന്റെ പൊന്നു കുഞ്ഞേ തന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ നോക്കി വിളിക്കാൻ.” (അല്പം ദേഷ്യം കലർന്ന സ്വരത്തിൽ ചോദിച്ചത് കൊണ്ടോ എന്തോ, മറുത്തലയ്ക്കൽ പതിഞ്ഞ സ്വരത്തിൽ..

“സോറി ഇന്നും നമ്പർ തെറ്റി.”

“അത് മനസിലായത് കൊണ്ടല്ലേ നോക്കി വിളിക്കാൻ പറഞ്ഞത്.”

ഇത്തവണ അവിടുന്ന് എന്തെങ്കിലും പറയും മുന്നേ ഫോൺ കട്ട് ചെയ്തു കളിക്കാൻ പോയി. വൈകിട്ട് എല്ലാം കഴിഞ്ഞു വീട്ടിൽ ചെന്നിട്ടാണ് ഫോൺ ഒന്നെടുത്തത്. നോക്കിയപ്പോൾ ഒരു മെസ്സേജ് ,ഓപ്പൺ ചെയ്തു.

“ഞാൻ അറിയാതെ മാറി വിളിച്ചതാണ്, ഡിസ്റ്റർബ് ആയെങ്കിൽ ക്ഷമിക്കണം.”

ഇതാരണാവോ ഇങ്ങനെ ക്ഷമ ചോദിക്കുന്നത്. നമ്പർ നോക്കിയപ്പോൾ അതെ ആൾ. അപ്പോഴേയ്ക്കും സമയം 9 ആയി. തിരികെ വിളിച്ചാൽ എടുക്കുമോ? ഈ രാത്രി ഇനി ഒരു പെൺകുട്ടിയെ വിളിക്കുന്നത് ശരിയാണോ? ഒടുവിൽ രണ്ടും കല്പിച്ചങ്ങ് വിളിച്ചു.

റിങ് കേട്ടയുടൻ മറുത്തലയ്ക്കൽ ഫോൺ എടുത്തു.

“ഹലോ”

“ഹലോ,എന്നെ മനസ്സിലായോ.”

“ഉം….”

“ഇതെന്താ താൻ മൂളുക മാത്രമേ ചെയ്യുള്ളോ?സംസാരിക്കില്ലേ.”

“സംസാരിക്കുമല്ലോ”

“എന്റെ നമ്പർ കണ്ടപ്പോൾ മനസ്സിലായോ, അതോ സേവ് ചെയ്തോ.”

“എനിക്കിപ്പോൾ അത് മനഃപാഠമാണ് ഇന്ദുവിന്റെ നമ്പറിൽ നിന്ന് ഒരു നമ്പർ വ്യത്യാസം.”

“അതെയോ എങ്കിൽ ആ നമ്പർ ഒന്ന് പറയൂ.”

“അതെന്തിനാ അതൊന്നും വേണ്ട.”

“അതെന്താ അതൊന്നും വേണ്ടത്താത്?”

“പെൺകുട്ടികളുടെ നമ്പർ അങ്ങനെ കൊടുക്കുന്നത് ശരിയല്ലല്ലോ.”

“ഓഹ് അങ്ങനെ ഞാൻ കരുതി ഞാൻ വിളിക്കുന്നത് ഇഷ്ടമല്ലതോണ്ടാണെന്ന്.”

“എന്താ എനിക്ക് മനസ്സിലായില്ല.”

“എന്നെ മറ്റാരും വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണെന്ന്.”

“ആര് വിളിച്ചാലും എനിക്കെന്താ??എനിക്ക് നോ പ്രോബ്ലം”.

“ഒക്കെ ഗുഡ് നൈറ്റ്.”

“ഗുഡ് നൈറ്റ്”

“ഹലോ ഇതെന്താ റിങ്ടോൺ ”

“എന്തേ മനസിലായില്ലേ”

“ചിലങ്ക”

“ആഹാ എന്റെ പേരും പഠിച്ചുവോ?”

“തന്റെ പേര് അങ്ങനെ ആയിരുന്നോ ഞാൻ ഇന്നലെ ചോദിക്കാൻ മറന്നു.”

“ഞാനും മറന്നു എന്താ പേര്?’

“മനു..മനു കൃഷ്ണൻ”

“നൈസ് നെയിം”

“എന്നേക്കാൾ തന്റെ നെയിം ആണ് വെറൈറ്റി,ചിലങ്ക.. ചിലങ്ക അണിയാറുണ്ടോ ഈ ചിലങ്ക.”

“ഉണ്ടല്ലോ”

“ആഹാ ഗുഡ്”

“മനു സോറി അങ്ങനെ വിളിക്കാമോ ?”

“അതെന്താ വിളിക്കാല്ലോ.”

“പഠിക്കുകയാണോ ”

“അതെ കലാക്ഷേത്രയിൽ ഡാൻസ് പഠിക്കുന്നുണ്ട് .”

“മനുവിന് എന്ത് ചെയ്യുന്നു.”

“ഞാൻ എഞ്ചിനീയറിംഗ് സ്റ്റുഡന്റ് ആണ്.”

“ഒക്കെ മനു”

ദിവസങ്ങൾ വീണ്ടും ആർക്കു വേണ്ടിയും കാത്തുനിൽക്കാതെ പോയ് കൊണ്ടിരുന്നു..

“മനു ഒരു പാട്ട് പാടുമോ?”

“ഞാനോ പാടാനോ എന്റെ സ്വരം കേട്ടിട്ട് അങ്ങനെ തോന്നുന്നോ?”

“തോന്നുന്നു അതുകൊണ്ടല്ലേ പറഞ്ഞത്.”

“ഞാൻ അത്ര വലിയ പാട്ടുകാരൻ ഒന്നുമല്ലടോ.”

“പക്ഷെ ചെറിയ പാട്ടുകാരൻ ആണല്ലോ അതുമതി.”

“ഒരു ലൈനെ പാടു..”

“ഓഹ് ജാഡയാണെങ്കിൽ വേണ്ട.”

“നിൽക്ക് ഞാൻ പാടാം.”

“ഏക്ക് ലടക്കി കോ …”

“ആഹാ നന്നായി പാടുന്നുണ്ടല്ലോ.”

“ഒന്ന് പോയെ”

“സത്യം ഒന്നുകൂടി പാടു പ്ലീസ്.”

“ഹേയ് വേണ്ട ഒരു ലൈനെ പാടുയെന്ന് ഞാൻ നേരത്തെ പറഞ്ഞില്ലേ.”

“വേണ്ടായെ പാടണ്ട, ഞാൻ പോകുന്നു ബൈ.”

ആദ്യമായ് ഒരു മൗനം അവിടെ പിറവിയെടുത്തു.

“ഹലോ”

“ഉം..”

“എന്തേ പോകുന്നില്ലേ, പോകുകയാണെന്ന് പറഞ്ഞിട്ട്.”

“എന്നെ പറഞ്ഞു വിടാൻ ഇത്രയ്ക്ക് തിടുക്കം ആണല്ലേ, ശരി ഞാൻ പോയേക്കാം.”

“അപ്പോഴേയ്ക്കും പിണങ്ങിയോ??”

“ഞാൻ എന്തിനാ പിണങ്ങുന്നത് എനിക്ക് ആരോടും പിണക്കം ഇല്ല.”

“എങ്കിൽ ഞാൻ ഒരു കീർത്തനം പാടട്ടേ.”

“കീർത്തനമോ??”

“ഞാൻ അത്യാവശ്യം പാട്ടൊക്കെ പഠിച്ചിട്ടുണ്ട്.”

“ആഹാ എന്നിട്ടാണോ എന്നോട് ജാഡയിട്ടത്.”

ഹേമന്തവും ശിശിരവും അങ്ങനെ ഋതുക്കൾ മാറി മാറി പോയി. വസന്തത്തിൽ ഇതലിട്ട പൂക്കൾ പ്രണയത്തിൽ സുഗന്ധമായ്‌ മാറിയെന്നറിയില്ല.

തന്റെ രാഗത്തിൽ ആ ചിലങ്കകൾ ചുവടു വയ്ക്കുന്നതും തന്റെ ചുവടുകൾക്കൊത്ത് ആ രാഗം ശ്രുതി മീട്ടുന്നതും അവർ പരസ്പരം സ്വപ്നം കണ്ടു.

“നാളെ തനിക്കൊരു സർപ്രൈസ് ഉണ്ടാകും.”

“എനിക്കോ ,എന്ത് സർപ്രൈസ്??”

“അതൊക്കെ ഉണ്ട്‌”

“അല്ല ഈ ഫോണിലൂടെ എന്ത് സർപ്രൈസ്??”

“നാളെ അറിഞ്ഞാൽ പോരെ.”

“ഓ..വേണ്ട. ശരി ഞാൻ പോകുന്നു. ബൈ”

പിന്നീടുള്ള എന്റെ ഒരു ഫോൺ കോളും അവൾ എന്തായിരിക്കാം അറ്റൻഡ് ചെയ്യാതിരുന്നത്?

അവൾക്ക് എന്നോട് തോന്നിയിരുന്നു എന്ന് ഞാൻ കരുതിയിരുന്ന പ്രണയം വെറും നാട്ട്യം ആയിരുന്നുവോ? എനിക്ക് മാത്രമേ പ്രണയമെന്ന ഒരുവികാരം ഉണ്ടായിരുന്നുള്ളോ?

ബാഗ് കൊണ്ട് വന്നു ബൈക്കിൽ വച്ചു. ഒരു ലക്ഷ്യവുമില്ലാത്ത യാത്രകളായിരുന്നു ജീവിതത്തിൽ ഉടനീളം ആദ്യമായ് ഒരു ലക്ഷ്യം വച്ചു പോകുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി എന്റെ ആത്മാവ് എന്നിൽ നിന്നും നഷ്ട്ടമായിട്ട്.

എന്റെ സംഗീതവും ശ്വാസവും എല്ലാം തന്നെ ആ ചിലങ്കയുടെ പദനിസ്വനങ്ങളായിരുന്നു എന്നിട്ടും എന്തേ ഇന്നവ എന്നോടൊപ്പമില്ല.

നഗരത്തിന്റെ ചൂടും ചൂരും താണ്ടി, ഗ്രാമീണതയുടെ മടിത്തട്ടിൽ വന്നതും ഒരു ശാന്തത കൈ വന്നതുപോലെ.

“മനു തനിക്ക് ഗ്രാമപ്രദേശം ഇഷ്ടമാണോ??”

“ഗ്രാമപ്രദേശം ഇഷ്ടമല്ലാത്ത ആരെങ്കിലും ഉണ്ടാകുമോ?”

“എന്റെ വീട് ഒരു ഗ്രാമത്തിൽ ആണ്. ജന്നൽ തുറന്നാൽ കാണുന്നത് വയലാണ്. വയലിന്റെ അക്കരെ കൃഷ്ണക്ഷേത്രം ,ക്ഷേത്രത്തിലെ പാട്ടുകേട്ട് രാവിലെ ഉണരണം..”

“ഇതൊക്കെ കേട്ടിട്ട് കൊതിയാകുകയാണ്, ഞാൻ അങ്ങോട്ട് വന്നോട്ടെ.”

“ഇങ്ങോട്ടോ ,ആ എങ്കിൽ വന്നോട്ടെ.”

“അതെ,എന്തേ തനിക്ക് ഇഷ്ടമല്ലേ.”

“വന്നോളൂ, വരണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ.”

“വരും.. ഒരിക്കൽ നോക്കിക്കോ.”

ഒരിക്കൽ എന്ന വാക്കിന് യുഗങ്ങളോളം എന്നൊരു അർത്ഥം കൂടി ഉണ്ടെന്ന് ഇപ്പോൾ ഞാനറിയുന്നു. സമയം പുലർച്ചയായിരിക്കുന്നു. ഗ്രാമത്തിന്റേതായ എല്ലാ നിഷ്കളങ്കതയും ഇന്നും ഈ ഗ്രാമത്തിൽ നിലനിൽക്കുന്നുണ്ടല്ലോ.

പാൽപാത്രവുമായി സൈക്കിളിൽ പോകുന്ന പാൽക്കാരൻ, പത്രവുമായി പത്രക്കാരൻ ,എന്നും എന്റെ ചിലങ്കയെ ഉണർത്തിയിരുന്ന സുപ്രഭാതം.

എന്റെ ചിലങ്ക, ഹേയ് അവൾ ഇപ്പോൾ മറ്റാരുടെങ്കിലും ആയി തീർന്നെങ്കിലോ..
വഴിയിൽ കണ്ട കടയ്ക്ക് മുന്നിൽ ബൈക്ക് നിർത്തി. കടയിൽ കയറി.

“ചേട്ടാ, ഈ ഡാൻസൊക്കെ പഠിപ്പിക്കുന്ന ചിലങ്കയെന്ന കുട്ടിയുടെ വീട് എവിടെയാ?”

“ചിലങ്കയോ??” ചോദ്യം കേട്ട് അടുത്തിരുന്ന ഒരു ചേട്ടൻ ഇടയ്ക്ക് കയറി പറഞ്ഞു.

“ശങ്കരേട്ടന്റെ മോളില്ലേ?അതാകും?”

“അതാണോ മോനെ ആ കുട്ടി പണ്ടു ഡാൻസ് പഠിച്ചിരുന്നു, അന്ന് അത് പഠിപ്പിച്ചിരുന്നു, എന്നാൽ ഇപ്പോ?”

എന്റെ മുഖത്തെ പരിഭ്രാന്തിയോ നിരാശയോ കണ്ടിട്ടോ,അയാൾ പറഞ്ഞു.

“ദേ കുറച്ചു കൂടി അങ്ങോട്ട് ചെന്നാൽ കൃഷ്ണസ്വാമി ക്ഷേത്രം അതിനടുത്ത് പാടത്തിന് അക്കരെയ്ക്ക് വഴിയുണ്ട്, അതുവഴി പോയാൽ ആദ്യത്തെ വീട് ആണ്.”

അവരുടെ സംസാരം കേട്ടിട്ട് എനിക്കെന്തോ പോലെ തോന്നി. കൂടുതൽ ചോദ്യങ്ങൾക്കൊന്നും നിൽക്കാതെ നേരെ വണ്ടി ലക്ഷ്യമാക്കി ഓടി. പുറംകാഴ്ചകൾ ഒന്നും എന്റെ ശ്രദ്ധയെ ആകർഷിച്ചില്ല.

നേരെ പാടത്തിന്റെ ഇടയിലൂടെ വണ്ടിയും എടുത്ത് പോയി. ചെന്ന് നിന്നത് തറവാട് പോലൊരു പഴകി ദ്രവിച്ച വീട്ടിന് മുന്നിൽ ആയിരുന്നു.

വണ്ടിയുടെ ശബ്‌ദം കേട്ടിട്ട് ഉള്ളിൽ നിന്നും നല്ല പ്രായമുള്ള ഒരു മനുഷ്യൻ പുറത്തേയ്ക്ക് വന്നു. പ്രായത്തിന്റെ അവശതയിൽ വീണ് പോയൊരു മനുഷ്യൻ. ഐശ്വര്യം തുളുമ്പുന്ന മുഖം ..

“ആരാ??”

ആരെയും ചിരിച്ചു മയക്കുന്ന എനിക്കെന്തോ ചിരിക്കാൻ തോന്നിയില്ല.

“ഞാൻ മനു ചിലങ്കയുടെ ഫ്രണ്ട് ആണ്.”

“മോളെ കാണാൻ വന്നതാണോ,വരൂ കയറി ഇരിക്കൂ.”

ഞാൻ ഉള്ളിലേയ്ക്ക് കയറി ഇരുന്നു. അപ്പോഴും എന്റെ കണ്ണുകൾ അകത്തേയ്ക്ക് അവളെ പരതുകയായിരുന്നു. അദ്ദേഹം ഉള്ളിലേയ്ക്ക് പോയി. എന്തുകൊണ്ടോ ഒരു ഫോട്ടോ പോലും കണ്ണിൽ പെടാൻ ഞാൻ അനുവദിച്ചില്ല.

കിഴക്കേ ചക്രവാളത്തിൽ നിന്ന് അപ്പോഴും സൂര്യൻ മുകളിലേയ്ക്ക് തലയുയർത്തി വന്നു.

ആ സൂര്യൻ എന്നോട് ചോദിക്കുന്നത് പോലെ തോന്നി.

“നീ എന്തേ ഇത്ര വൈകി…”

സൂര്യനെ നോക്കി നിന്ന ഞാൻ പിറകിലേയ്ക്ക് നോക്കിയത് എന്തോ ഉരുണ്ടു വരുന്ന ശബ്‌ദം കേട്ടാണ്. വീൽ ചെയറിൽ എന്റെ അടുത്തേയ്ക്ക് വന്ന പെൺകുട്ടിയെ ഞാൻ കൗതുകത്തോടെ നോക്കി…

“ഇതാ മോനെ നീ കാണാൻ വന്ന ആൾ. ആക്‌സിഡന്റിന് ശേഷം അവളെ കണ്ടാൽ ആർക്കും മനസിലാകില്ല. അവൾക്കും”

ഉള്ളിൽ ഒരു വിങ്ങലോടെ അവൾക്കരികിൽ മുട്ട് കുത്തിയിരുന്നു. എന്ത് പറയണമെന്നറിയില്ല.
ആ കൈകളിൽ പിടിച്ചു എന്റെ മുഖത്തോട് ചേർത്തു.

“ചിലങ്ക നിന്നെ ഈ രൂപത്തിൽ കാണുമെന്ന് ഞാൻ ഒരിക്കൽ പോലും കരുതിട്ടില്ല ,എന്റെ മനസ്സിലെ നീയെന്നും ചിലങ്കയണിഞ്ഞു നിൽക്കുന്നവളാണ്.”

എന്റെ സ്വപ്നങ്ങളിൽ ഞാൻ കണ്ടിരുന്ന കരിനീല മിഴികൾ …അതും കണ്ടില്ല. മുദ്രകളാൽ അവൾ വരച്ചിരുന്ന ചിത്രങ്ങൾ ചിലങ്ക അണിഞ്ഞിരുന്ന പാദങ്ങൾ..

“ചിലങ്ക നിനക്ക് എന്നെ മനസിലാകുന്നുണ്ടോ?, എന്നെ ഒന്ന് നോക്ക് ??”

“ഇല്ല മോനെ അവൾക്ക് ആരെയും തിരിച്ചറിയാൻ കഴിയില്ല, അങ്ങനെ കഴിഞ്ഞിരുന്നെങ്കിൽ അവൾ എന്നെ എന്നെയും അവളുടെ അമ്മയെയും തിരിച്ചറിഞ്ഞേനെ..”

കൂടുതൽ ഒന്നും പറയാൻ കഴിഞ്ഞില്ല. ആ അച്ഛനോട് യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി.

ബൈക്കിൽ കയറിയപ്പോഴും അനേകം എന്ത് ചെയ്യാനെന്നറിയില്ലായിരുന്നു.

“എന്റെ ചിലങ്ക ഒരിക്കൽ ഞാൻ വരും, അന്ന് എന്റെ കൈകൾ കൊണ്ട് ഞാൻ കെട്ടുന്ന ചിലങ്ക അണിഞ്ഞു നീ എന്റെ സ്വരത്തിനൊത്ത് ചുവട് വയ്ക്കും. ആ ദിനം വിദൂരമല്ല. എന്റെ ഒരായിരം ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു നീ..

എന്നാൽ ചോദ്യങ്ങൾ കൊണ്ടെന്നെ വീർപ്പുമുട്ടടിക്കുകയായിരുന്നു എന്നും നീ..
പ്രണയം എന്ന പദത്തിന്റെ അർത്ഥം പോലും…

എന്നാൽ ഇന്ന് അതിനർത്ഥവുമായി ഞാൻ വന്നപ്പോൾ നീ അത് ചെവികൊണ്ടില്ലല്ലോ.. എന്റെ വാക്കുകൾ നീ കേൾക്കുന്നൊരാ നാളിൽ ഞാൻ വരും .. നീ ഏറെ കൊതിച്ചൊരാ രാഗവും പാടി. നമ്മുടെ ജീവിതതാളത്തിനായ്..

Leave a Reply

Your email address will not be published. Required fields are marked *