പെണ്ണവൾ
(രചന: റിൻസി പ്രിൻസ്)
“കൊച്ചിയിൽ അർദ്ധരാത്രി നാലഅംഗ സംഘം ക്രൂരമായി പീ ഡിപ്പിച്ച പെൺകുട്ടി ആരോഗ്യ നില വീണ്ടെടുത്തു…”
പത്രത്തിലെ തലകെട്ടിലേക്ക് നോക്കി അനുരുദ്ധ്…
അവന്റെ മുഖത്ത് ദേഷ്യത്തിന്റെ ഞരമ്പുകൾ ഉണർന്നു….. കുറച്ചു ദിവസങ്ങൾ ആയി ഇത് തന്നെ ആണ് വാർത്ത…..
പീ ഡിപ്പിച്ച പെൺകുട്ടി…, അല്ലെങ്കിൽ ഇര… ഇത്തരം പേരുകളിൽ മാത്രേ കുറച്ചു നാളായി അവൾ അറിയപെടുന്നുള്ളു… അർദ്ധരാത്രിയിൽ ഇറങ്ങി നടന്നാൽ ഇത് അല്ല ഇതിനപ്പുറം നടക്കും എന്ന് പറഞ്ഞു കുറ്റം ചെയ്തവന്മാരെ പുകഴ്ത്തിപെടുന്നവരും…
പെണ്ണിന് അർദ്ധരാത്രിയിലും ഇറങ്ങി നടക്കാൻ ഉള്ള അവകാശം വേണം എന്ന് വാദിക്കുന്ന കുറച്ചു സ്ത്രീകളും അവളുടെ പേരിൽ ടീവി ഷോ വഴി കുറച്ച് പ്രശസ്തി നേടി….
ഇവർക്ക് ഒക്കെ അറിയുമോ സത്യത്തിൽ അവൾ ആരാണ് എന്ന്….? അവളുടെ സ്വഭാവം എന്തെന്ന്….?
അല്ലെങ്കിൽ അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്തെന്ന്….? അവരെ സംബന്ധിച്ചടത്തോളം അവൾ ഒരു വാർത്ത മാത്രം ആണ്….
ഹാഷ് ടാഗിന് ഒപ്പം ചേർക്കാൻ ഉള്ള ഒരു പോസ്റ്റ് മാത്രം ആണ്….
പക്ഷെ തനിക്ക്….. തനിക്ക് അങ്ങനെ ആണോ അവൾ…. അവൻ കണ്ണുകൾ അടച്ചിരുന്നു….
“ആർദ്ര… “
പേരുപോലെ ആർദ്രമായ ഒരു പെണ്ണ്.. വികലാംഗൻ ആയതുകൊണ്ട് ലോട്ടറി കച്ചവടം മാത്രം തൊഴിലാക്കിയ ഒരു അച്ഛന്റെ മകൾ…. ആർ സി സിയിൽ ക്യാൻസർ ബാധിച്ച അമ്മയെ കൊണ്ടു വരുമ്പോൾ ആണ് ആദ്യമായി വിഷാദം നിറഞ്ഞ കണ്ണുകൾ ആദ്യം ആയി കണ്ടത്….
കട്ടിയുള്ള പുരികങ്ങൾക്ക് ഇടയിൽ വിടർന്ന മാൻപേട മിഴികൾ…. തളം കെട്ടി കിടക്കുന്ന വിഷാദം പോലും അവളെ സുന്ദരി ആകുന്നു…. തുളസികതിര് പോലെ ഒരു പെൺകുട്ടി…. ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ കയറി….
അവളെ കാണാനായി മാത്രം ദിവസവും കാൻസർ വാർഡിൽ വരാൻ തുടങ്ങി….. ഒരിക്കൽ മുഖത്ത് നോക്കി തന്റെ ഇഷ്ട്ടം പറഞ്ഞു….. കേട്ടതെ എതിർത്തു…. താൻ അത് പ്രതീക്ഷിച്ചു….
ഡോക്ടർ ഞങ്ങൾ പാവങ്ങളാണ്…. ഡോക്ടർക്ക് നേരമ്പോക്കിന് ഇഷ്ട്ടം പോലെ പെൺകുട്ടികളെ കിട്ടും…. എന്നെ വെറുതെ വിട്ടേക്ക്…. അത് പറഞ്ഞു അവൾ പോയപ്പോൾ ഉള്ളിൽ ഒരു വാശി ആയിരുന്നു തനിക്ക് അവളോട് തോന്നിയത് ഒരു നേരമ്പോക്ക് അല്ലായിരുന്നു എന്ന് അവളെ കാണിച്ചുകൊടുക്കണം എന്ന്….
നേരെ ലീവ് എടുത്തു വീട്ടിലേക്ക് പോയി…. അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ ആണ്… കാര്യം വീട്ടിൽ പറഞ്ഞു…. പ്രതാപിയായ അച്ഛൻ ഒരുപാട് എതിർത്തു പറഞ്ഞു…. പക്ഷെ താൻ പിന്മാറാൻ തയ്യാറായിരുന്നില്ല…. ഒടുവിൽ തന്റെ വാശി ജയിച്ചു…..
അച്ഛനെയും അമ്മയെയും കൂട്ടി അവളുടെ അഡ്രെസ്സ് കണ്ടു പിടിച്ചു വീട്ടിൽ ചെന്നു…. തന്റെ ഇഷ്ട്ടം അറിയിച്ചു…. ഞെട്ടി പോയിരുന്നു അവൾ….
അവിടെ നിന്ന് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു…
“നേരമ്പോക്ക് അല്ലാരുന്നു എന്ന് ഇപ്പോൾ മനസ്സിലായോ…”
നാണത്താൽ ചുവന്നു തുടുത്ത ആ മുഖം ഇപ്പോഴും ഓർമയിൽ ഉണ്ട്…
വിവാഹം ഉറപ്പിച്ചു…. വിവാഹത്തിന് 10 ദിവസം ബാക്കി നിൽക്കേ ആണ്….. അന്ന് അമ്മയെകൊണ്ട് വന്നപ്പോൾ പുറത്ത് നിന്ന് എന്തോ മരുന്ന് വാങ്ങാനായി ആണ് അവൾ പുറത്തേക്ക് രാത്രിയിൽ പോകുന്നത്…. താനന്ന് ഓപ്പറേഷൻ ഡ്യൂട്ടി ഉള്ളതുകൊണ്ട് തീയേറ്ററിൽ ആയിരുന്നു….
അടുത്ത് കണ്ട മെഡിക്കൽ സ്റ്റോറിൽ ഒന്നും ആ മരുന്ന് കിട്ടാതെ വന്നപ്പോൾ ആണ് അവൾ കുറച്ചു ദൂരേക്ക് നടന്നത്…. അപ്പോഴാണ് മ ദ്യപിച്ചു വന്ന കുറച്ച് ചെറുപ്പക്കാര് അവരെ കാണുന്നത്….
ബാക്കി ഓർമ്മിക്കാൻ അനിരുദ്ധ് ഇഷ്ട്ടപെട്ടില്ല….
ചിലരോട് ദൈവം ഇങ്ങനെ ആണ് വേദനകൾ നൽകാൻ വേണ്ടി മാത്രം സൃഷ്ടിച്ചു വിട്ടവർ… ഒരു വേള ഈശ്വരനോട് പോലും ദേഷ്യം തോന്നി…. അവൾ ഹോസ്പിറ്റലിൽ നിന്ന് പോയിട്ട് ഒന്ന് പോയി കണ്ടില്ല…..
താൻ മറന്നു എന്ന് അവൾ വിചാരിച്ചു കാണും….
കാണാൻ ഉള്ള ശക്തി ഇല്ലാത്തകൊണ്ടാണ് പോകാഞ്ഞത്…. വിവാഹസ്വപ്‌നങ്ങൾ നെയ്തു നാണത്തിന്റെ ചുവപ്പ് രാശിയോട് തന്നെ നോക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം ആണ് കണ്ണിൽ നിറച്ചും….
ഉറച്ച ഒരു തീരുമാനം എടുത്തു അവൻ എഴുനേറ്റു…
കാർ എടുത്തു അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു….
വണ്ടി നിർത്തി ചെറിയ കൈ വഴി കയറി പോകുമ്പോൾ തന്നെ കണ്ടു ഉമ്മറത്തു ഇരിക്കുന്ന അവളുടെ അച്ഛനെ….
വൈകല്യം തളർത്തിയ ആ മനുഷ്യന് മകളുടെ ദുരവസ്ഥയിൽ വല്ലാതെ തളർന്നു പോയി എന്ന് തോന്നി…. തന്നെ കണ്ടതും ഒന്ന് ഞെട്ടിയപോലെ തോന്നി….
സാറെ എന്റെ മോൾ…. അറിയാതെ അയാൾ വിതുമ്പി പോയി….
എനിക്ക് ഒന്ന് കാണണം…
അകത്തുണ്ട് സാറെ…
അകത്തേക്ക് കയറി പോകുമ്പോൾ മനസ്സ് ശൂന്യം ആയിരുന്നു…. ജനലഴിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്ന അവളെ കാണുമ്പോൾ ഡോക്ടർ പറഞ്ഞ വാക്കുകൾ കാതിൽ അലയടിച്ചു…. ക്രൂരമായ ഒരു റേ പ്പിനാണ് ആ കുട്ടി ഇരയായത്…. ഒരാൾ അല്ല ഒന്നിൽ അധികം ആളുകൾ…
അവളോട് ഒപ്പം ഉള്ള ജീവിതം സ്വപ്നം കണ്ട തന്റെ കർണ്ണപുടങ്ങളെ തകർക്കാൻ കഴിയുന്ന വാക്കുകൾ… അവൻ ഒന്ന് കണ്ണടച്ച് ശ്വാസം വലിച്ചു വിട്ടു….
ആർദ്ര….
വിളിച്ചതും അവൾ തിരിഞ്ഞു നോക്കി…. അവളുടെ ശരീരത്തിനൊപ്പം മനസ്സും തകർന്നു പോയി എന്ന് തോന്നി അവളെ കണ്ടപ്പോൾ…. മുഖത്ത് പഴയ പ്രസരിപ്പ് ഇല്ല കണ്ണുകളിൽ അരുണ ഭാവം ഇല്ല….
തന്നെ അവൾ പ്രതീക്ഷിച്ചില്ല എന്ന് തോന്നി..
എന്ത് നിൽപ്പാണ്… നാളെ വിവാഹം നടക്കേണ്ടത് അല്ലേ…. നമ്മുക്ക് ഡ്രസ്സ് എടുക്കണ്ടേ…. വാ… തന്റെ വാക്കുകൾ കെട്ട് വിശ്വാസം ആവാതെ അവൾ നോക്കി….
ഡോക്ടറെ…
എന്താണ്…… നമ്മൾ തീരുമാനിച്ച പോലെ അല്ല രജിസ്റ്റർ ഓഫീസിൽ വച്ചു മതി…. എല്ലാം ഞാൻ ശരിയാക്കി ആണ് വന്നത്….
ഡോക്ടർ എന്നെ കളിയക്കുകയാണോ….?
എന്തിനു….
എന്നെ കല്യാണം കഴിക്കണ്ട…. ഞാൻ ചീത്തയാണ്…. അവൾ ഭ്രാന്തിയെ പോലെ പുലമ്പി…
ആർദ്ര…. നീ വഴിയിൽ കൂടെ നടന്നുപോയപ്പോൾ പേ പിടിച്ച കുറച്ചു പട്ടികൾ നിന്നെ കടിച്ചു…. അതിനുള്ള വാക്സിൻ എടുത്തു നീ തിരിച്ചു വന്നു…. ഒന്ന് നന്നായി സോപ്പിട്ടു കുളിച്ചാൽ പോകുന്ന മാലിന്യം മാത്രേ നിനക്ക് ഉള്ളു….
ഇല്ല ഡോക്ടറെ…. ഞാൻ സമ്മതിക്കില്ല….
സമ്മതിക്കും…. ഇല്ലങ്കിൽ പിടിച്ചു കൊണ്ടു പോയി കെട്ടും ഞാൻ….
ആർദ്ര….
ഇത്തവണ അവന്റെ ശബ്ദം പതിഞ്ഞു പോയി….
നിന്റെ ശരീരം എനിക്ക് വേണ്ട…. അതിനുള്ളിൽ കളങ്കപ്പെടാത്ത ഒരു മനസുണ്ട്…. എനിക്ക് അത് മതി…. ഒരു പെൺകുട്ടിയുടെ പ്യൂയിരിറ്റിയുടെ അളവുകോൽ ഇത് മാത്രം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല….
അറിഞ്ഞുകൊണ്ട് നീ ഒരു തെറ്റും ചെയ്തിട്ടില്ല….
പിന്നെ രജിസ്റ്റർ ഓഫീസിൽ വച്ച് മതി എന്ന് പറഞ്ഞത് എനിക്ക് നാണക്കേട് ഉണ്ടായിട്ടല്ല നിന്നെ കൊത്തികീറാൻ നിൽക്കുന്ന ഒരുപാട് പേർക്ക് മുന്നിൽ നിന്നെ ഇട്ടു കൊടുക്കണ്ട എന്ന് കരുതിയാണ്….
അവളോട് ഒന്നും പറയാതെ പുറത്തേക്കിറങ്ങി അവളുടെ അച്ഛനോട് കാര്യം പറയുമ്പോൾ അയാളും അത്ഭുതപെട്ടിരുന്നു…. കൈ തൊഴുതു തന്നെ നന്ദിയോടെ നോക്കിയ ആ മനുഷ്യനെ നോക്കി ഹൃദ്യമായി ഒന്ന് ചിരിച്ചു….
അച്ഛനും അമ്മയും കൂട്ടുകാരും കേട്ടവർ ഒക്കെയും എതിർത്തു… ആരുടേയും അഭിപ്രായം കണക്കിലെടുത്തില്ല അവൻ…. അവന്റെ മനസാക്ഷികോടതിയിൽ അവന്റെ തീരുമാനം ശരിയാരുന്നു….
വിവാഹം കഴിഞ്ഞതും എത്തി മാധ്യമ പ ട അവർക്ക് ഇതൊരു നല്ല ന്യൂസ് ആണല്ലോ…. ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറഞ്ഞില്ല…. വിവാഹം കഴിഞ്ഞു അവളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി….
അച്ഛനും അമ്മയും വിദ്വേഷം കാണിച്ചു…. അവൾ അത് പ്രതീക്ഷിച്ചു…. മുറിയിൽ ചെന്നപ്പോൾ പുറത്തേക്ക് നോക്കി നിൽക്കുന്ന അവളെ പുറകിൽ കൂടെ ചെന്ന് തന്നോട് ചേർത്തു…. അവൾ പെട്ടന്ന് പിടഞ്ഞു മാറി… അവളുടെ കണ്ണുകളിലെ ഭയം അവനിൽ നോവ് പടർത്തി…
നിനക്ക് എന്നെ പേടിയാണോ….
എനിക്ക്….. എനിക്ക് ഇപ്പോൾ എല്ലാരേം പേടിയാ….
ചിലമ്പിച്ച ഒച്ച കേട്ടതും അവളുടെ മാനസികാവസ്ഥ മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു….
നിന്റെ മനസിന്റെയും ശരീരത്തിന്റെയും മുറിവുകൾ ഉണങ്ങട്ടെ അതുവരെ നിന്നെ ചേർത്ത് പിടിച്ചു ഞാൻ ഉണ്ടാകും….
അവൻ പറഞ്ഞു….
അവൾ ഒരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…. ആ നെഞ്ചകത്തിൽ തന്റെ വേദന ഒഴുകി കളഞ്ഞു….
കാലങ്ങൾക്ക് ഇപ്പുറം അവൾ രണ്ടു പെൺകുട്ടികളുടെ അമ്മ ആണ്…. അവരെ സ്ട്രോങ്ങ് ആയി വളർത്താൻ കഴിയുന്ന ഒരു അമ്മ…. അവൾക്ക് കാൽ ഇടറുമ്പോൾ കൈ താങ്ങിനായി ഇന്നും അവൻ ഉണ്ട്….
“മാംസ നിബർത്ഥമല്ല രാഗം”
അവളുടെ കുറവുകളെ നോക്കാതെ അവൾക്ക് താങ്ങും തണലും ആയി കൂടെ നിൽക്കുന്ന ഒരു പുരുഷൻ ആണ് ഏത് പെണ്ണിന്റെയും ചുണ്ടിൽ വിരിയുന്ന ചിരിയുടെ കാരണം….