നീ എന്നെ വിട്ട് പോകുവാണോ ടാ, തന്റെ കണ്ണുകളിലേക്ക് നോക്കി നിറകണ്ണുകളോടെ ദീപ…

വിധിയെ തോല്പിച്ച പ്രണയകഥ
(രചന: Sarath Lourd Mount)

നീ എന്നെ വിട്ട് പോകുവാണോ ടാ?

തന്റെ കണ്ണുകളിലേക്ക് നോക്കി നിറകണ്ണുകളോടെ ദീപ അത് ചോദിക്കുമ്പോൾ വരുണിന്റെ കണ്ണുകൾ  അനുസരണയില്ലാതെ നിറയുന്നുണ്ടായിരുന്നു. ….

എന്നാൽ പുറത്തേക്ക് വരാൻ  കണ്ണുനീർ  മടിക്കുന്ന പോലെ അത് കൺപോളകളിൽ തന്നെ  തടഞ്ഞു നിന്നു, അവൻ തടഞ്ഞു നിർത്തി എന്ന് പറയുന്നതാകും ശരി….

ഒരുനാൾ പോയല്ലേ പറ്റു ദീപ …

വിറക്കുന്ന ചുണ്ടുകളോടെ അത് പറയുമ്പോൾ അവന്റെ ചിന്തകൾ മുഴുവൻ 2 ദിവസം മുൻപ്  ഡോക്ടർ തനിക്ക് കൈമാറിയ മെഡിക്കൽ   റിപ്പോർട്ടിനെ പറ്റിയായിരുന്നു.

ശരീരത്തെ കാർന്ന് തിന്നുന്ന രോഗം തനിക്കിനി ബാക്കി വച്ചിരിക്കുന്നത് ദിവസങ്ങൾ മാത്രമാണ്….
എങ്ങനെയാണ്  ദീപയോടിത് പറയുക?

ഇതറിഞ്ഞാൽ ഒരിക്കലും അവൾ  മറ്റൊരു ജീവിതം സ്വീകരിക്കാൻ തയാറാകില്ല.  തന്റെ ജീവിതത്തിനൊപ്പം അവളുടെ ജീവിതവും നശിപ്പിക്കണോ??? പാടില്ല ….. അതുണ്ടാകരുത്……….

അങ്ങനെ പോകാൻ ആണെങ്കിൽ നീ എന്തിനാണ്  വരുൺ എന്നെ സ്നേഹിച്ചത്?

പെട്ടെന്നൊരു ദിവസം ഞാനെങ്ങനെയാണ് നിന്റെ ആരുമല്ലാതായത്? ഇങ്ങനെ വിട്ട് പോകാൻ മാത്രം ചെറുതാണോ വരുൺ ഞാനും എന്റെ പ്രണയവും?

എനിക് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണ്  ദീപ  .
അവൾ നിന്നെക്കാൾ സുന്ദരിയാണ്, നിന്നെക്കാൾ എന്ത് കൊണ്ടും  മേലെയാണ് അവൾ , ഇനി നമ്മുടെ ഇഷ്ടത്തിന്റെ പേരും പറഞ്ഞ്  എന്റെ പുറകെ വരരുത് ദീപ …

എന്റെ ജീവിതം നീ നശിപ്പിക്കരുത്….  അവളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെന്നോണം അത്രയും പറഞ്ഞ് നടന്നകലുമ്പോൾ   താൻ ജീവനായി കണ്ടിരുന്നവളുടെ നിറഞ്ഞൊഴുകുന്ന  കണ്ണുകൾ മനപ്പൂർവം അവൻ  അവഗണിച്ചു.

ഇല്ല വരുൺ ഇത്… ഇത് നീയല്ല…… നിനക്കൊരിക്കലും എന്നെ വേദനിപ്പിക്കാൻ കഴിയില്ല. എന്തിനാ വരുൺ എന്നോടിങ്ങനെ?

മനസ്സിന്റെ തേങ്ങലുകൾ ചോദ്യങ്ങളായി പുറത്ത് വന്നപ്പോൾ   പിന്തിരിഞ്ഞുനടക്കുന്ന അവനെ നോക്കി അവൾ പൊട്ടിക്കരഞ്ഞു.

ദീപ നിന്നെ ആശ്വസിപ്പിക്കാൻ എനിക്ക് ഇപ്പോൾ  കഴിയില്ലെടാ …. ഓടി വന്ന് നിന്നെ നെഞ്ചോട് ചേർത്ത് കരയല്ലേ എന്ന് പറയണമെന്നുണ്ടെനിക്ക്, ആ കണ്ണുനീർ തുടച്ച് നിനക്ക് ഞാനുണ്ടെന്ന് പറയണമെന്നുണ്ടെനിക്ക്…

പക്ഷെ ഇപ്പോൾ… ഇപ്പോൾ നീ എന്നെ വെറുത്തെ മതിയാകു.  വിങ്ങുന്ന  മനസ്സിനെ കല്ലാക്കി കൊണ്ട്  അവൻ ആ നടത്ത തുടർന്നു. …

കുറച്ചു  ദിവസങ്ങൾക് ശേഷം  ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ   ആണ് ദീപയുടെ കല്യാണ വാർത്ത അവന്റെ ചെവിയിലെത്തിയത്.   അവസാനം വീട്ടുകാരുടെ വാക്കുകൾക്ക്  മുന്നിൽ അവൾ സമ്മതിച്ചു…..

ഒരുപാടിഷ്ടമായിരുന്നെടാ  അവൾക്ക് നിന്നെ …..
കൂട്ടുകാരൻ    സങ്കടത്തോടെ പറയുമ്പോൾ അവൻ പുഞ്ചിരിക്കുകയെ ചെയ്തുള്ളൂ…..

അവസാനം ഞാൻ ജയിച്ചു അല്ലെടാ???…

നിറകണ്ണുകളോടെ വരുണത് ചോദിക്കുമ്പോൾ      കൂട്ടുകാരന്റെ മുഖത്ത് നിർവികാരത ആയിരുന്നു.

ഇല്ല വരുൺ നീ ജയിച്ചതല്ല  അവൾ, ദീപ നിന്നെ ജയിപ്പിച്ചതാണ് … അവൾക്ക് എല്ലാം അറിയാമായിരുന്നു വരുൺ , എല്ലാം അറിഞ്ഞിട്ട് തന്നെയാണ് അവൾ നിന്റെ ജീവിതത്തിൽ തുടർന്നത്.

പിന്നെ ഈ കല്യാണം  അതും നിനക്ക് വേണ്ടി മാത്രം….. സ്വയം ഉരുകി നീ ആഗ്രഹിച്ചത് അവളുടെ ജീവിതം മാത്രമായിരുന്നില്ലെ? അതിന് വേണ്ടി മാത്രം ഒരു താലി…….

അതാണ് അവളുടെ കല്യാണം……അവളുടെ കല്യാണം ആരുമായിട്ടായിരുന്നു എന്ന് നിനക്ക് അറിയണ്ടേ വരുൺ?

ആ ചോദ്യത്തിന് ഉത്തരമില്ലാതായപ്പോൾ   കൂട്ടുകാരൻ വരുണിന്റെ മുഖത്തേക്ക് നോക്കി.
ചെറിയൊരു പുഞ്ചിരിയോടെ കിടക്കുന്ന ആ ശരീരത്തിൽ നിന്ന് ജീവൻ വായുവിലേക്ക് അലിഞ്ഞു ചേർന്ന് കഴിഞ്ഞിരുന്നു…..

നീ പോയോ വരുൺ?  സന്തോഷത്തോടെ നീ പോയല്ലേ? അവൾ അവൾ സ്വീകരിച്ചത് നിന്റെ താലി തന്നെ ആണെടാ…..

നിന്നെ വെറുക്കാൻ അവൾക്ക് എങ്ങനെയാടാ കഴിയുക…. എന്തിനാടാ…. എന്തിനാടാ നീ ഞങ്ങളെയെല്ലാം വിട്ട് പോയത്?

ജീവനറ്റ വരുണിന്റെ ശരീരത്തെ മുറുകെ ചേർത്ത് പിടിച്ചുകൊണ്ട് പൊട്ടികരയുമ്പോൾ തന്റെ പ്രാണനായവന്റെ ഫോട്ടോക്ക് മുന്നിൽ  ഒരു ആലിലതാലി അവൾ സ്വയം കഴുത്തിൽ അണിഞ്ഞിരുന്നു….

നിങ്ങൾ കാണാനാഗ്രഹിച്ച പോലെ ഈ മകൾ താലി അണിഞ്ഞിരിക്കുന്നു അമ്മാ….. തന്റെ അമ്മയുടെ മുഖത്തേക്ക് നോക്കി ഉറപ്പോടെ അവൾ പറഞ്ഞു…

ചില ഇഷ്ടങ്ങളോട് ദൈവത്തിന് പോലും അസൂയതോന്നിയേക്കും അല്ലെ അച്ഛാ?
അത് കൊണ്ടാകുമല്ലേ ദൈവം ഒരിക്കലും പിരിയാൻ കഴിയാത്ത ഹൃദയങ്ങളിൽ  ഒന്നിനെ മാത്രം പറിച്ചെടുക്കുന്നത്?

അവളുടെ കണ്ണുകൾ അത് പറയുമ്പോൾ അനുസരണയില്ലാതെ  നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

എന്നാൽ വിധിയെ തോൽപ്പിച്ച ദൈവത്തിന്റെ തീരുമാനങ്ങളെ പോലും തോൽപ്പിച്ച പ്രണങ്ങളുമുണ്ടല്ലോ?

അതിൽ ഞങ്ങളുടേതും എഴുതി ചേർക്കപ്പെടുമായിരിക്കും അല്ലെ അച്ഛാ……..
നിറഞ്ഞൊഴുകുന്ന  അവളുടെ കണ്ണുനീർ  ആ അച്ഛനമ്മമാരുടെ കാലുകളെ നനച്ച്  തറയിലേക്ക്  പതിഞ്ഞു..

അച്ഛന്റെയും അമ്മയുടെയും ആശീർവാദത്തോടെ   ആ താലി കഴുത്തിലണിഞ്ഞ്  ജീവനറ്റ തന്റെ പ്രാണനെ കാണാനായി അവൾ പുറപ്പെട്ടു.

ആ യാത്രയിൽ വിധി കൊണ്ട് അവരെ പിരിക്കാൻ ശ്രമിച്ച ദൈവം പോലും തോറ്റ് പോയിട്ടുണ്ടാവാം  ………..

അത് കൊണ്ടാകും  ആരുടെയോ കണ്ണുനീർ പോലെ വാനം ആർത്തലച്ചു പെയ്തു തുടങ്ങിയത്……..

Leave a Reply

Your email address will not be published. Required fields are marked *