ഇച്ചു ഒന്നും ബേണ്ട അച്ഛൻ അമ്മൂട്ടീടെ കൂടെ മാമുണ്ണാൻ ബന്ന മതി, എത്ര ദൂസായി അമ്മൂട്ടി..

ഉരുള
(രചന: Sana Hera)

“അച്ഛാ….. ഇന്ന് അമ്മൂട്ടീടെ പെറന്നാളാണല്ലോ……” കാലത്ത് ജോലിക്കുപോകാനൊരുങ്ങിയിറങ്ങുന്ന കൃഷ്ണന്റെ മടക്കികുത്തിയ മുണ്ടിൽപ്പിടിച്ച് അമ്മുക്കുട്ടി ചിണുങ്ങി.

“ആണോ…. ഇന്നാണോ അച്ഛന്റെ ചക്കരേടെ പിറന്നാള് മോളൂട്ടിക്ക് അച്ഛൻ എന്താ കൊണ്ട് വരണ്ടത്?”

അവൾക്കുമുന്നിൽ മുട്ടുകുത്തിനിന്ന് കുഞ്ഞിരിപ്പല്ലുകാട്ടി ചിരിക്കുന്ന ആ കുഞ്ഞിന്റെ ഇരുകവിളിലും പിടിച്ചുകൊഞ്ചിച്ചുകൊണ്ട് കൃഷ്‌ണൻ ആരാഞ്ഞു.

“ഇച്ചു ഒന്നും ബേണ്ട….. അച്ഛൻ അമ്മൂട്ടീടെ കൂടെ മാമുണ്ണാൻ ബന്ന മതി. എത്ര ദൂസായി അമ്മൂട്ടി അച്ഛന്റെ കയ്യിന്നു ഉരുള വാങ്ങി തിന്നിട്ട്….”

കീഴ്ചുണ്ട് പുറത്തേക്കുന്തി പരിഭവം പറയുന്ന അമ്മുക്കുട്ടിയെ വാരിയെടുത്ത് ഇരുകവിളിലും മുത്തിക്കൊണ്ടയാൾ അവളുടെ കുഞ്ഞുനെറ്റിയിൽ നെറ്റിമുട്ടിച്ചു.

“അതിനെന്താ… അച്ഛൻ ഇന്ന് അമ്മൂട്ടിക്ക് ഉരുളവായിൽ വച്ചു തരുമല്ലോ അച്ഛപോയിട്ട് വേഗം വരാം ട്ടോ….”

“പോമിസ്?”

പ്രതീക്ഷയോടെ അയാൾക്കുമുന്നിൽ വലതുകൈ നീട്ടി വിടർന്നകണ്ണുകളാൽ തന്നെ നോക്കിനിൽക്കുന്ന കുഞ്ഞിന് വാക്കുനൽകുന്നപോലെ…

അയാളുടെ  കൈകൾ ആ കൈകളിലമർന്നപ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ അച്ഛന്റെ മൂക്കിനറ്റത് ചുണ്ടുചെർത്ത അവളുടെ കുഞ്ഞുമനസ്സ് സന്തോഷംകൊണ്ട് തുള്ളിച്ചാടുകയായിരുന്നു.

“ബേഗം ബായോ ട്ടോ അച്ഛാ……”

പടികടന്നുപോകവേ  ഇരുകൈകളും വീശികാണിച്ച് അച്ഛനെ യാത്രയാക്കുമ്പോൾ അവളുറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.

കൺവെട്ടത്തുനിന്നയാൾ മറഞ്ഞതും അടുക്കളയിലേക്ക് കൊച്ചടികൾവച്ച് ആകാംഷയോടെ അമ്മക്കരിലേക്ക് നടക്കുമ്പോൾ പതിലേറെ ഉത്സാഹമായിരുന്നു ആ കുരുന്നിന്.

“അമ്മേ… അച്ഛൻ ഇന്ന് അമ്മൂട്ടിടെ കൂടെ മാമുണ്ണുമല്ലോ…. അമ്മൂട്ടിക്ക് ഉരുള വായിൽ തരുമല്ലോ….”

അത്ര പഴകാത്തൊരു പട്ടുസാരിവെട്ടി തൈച്ചുകൊടുത്ത കുഞ്ഞുടുപ്പിനറ്റംപിടിച്ചു കറങ്ങിക്കൊണ്ടവൾ പറയുന്നതുകേട്ട് അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന വെള്ളത്തിലേക്ക് കഴുകിവച്ച അരിയിടുന്ന ദേവു ചെറുചിരിയോടെ നോക്കിയിരുന്നു.

“അമ്മേ… ചദ്യ ബേണം, പായച്ചം ബേണം, ഇലയിട്ട് ദീപം കത്തിക്കണം. ചിന്നൂന്റെ പെറന്നാളിന് ഇണ്ടായിരുന്ന പോലെ ബേണം”

വിരലിലെണ്ണി അമ്മൂട്ടി പറയുന്ന ഓരോന്നും എങ്ങനെ സാധിച്ചുകൊടുക്കുമെന്ന് ചിന്തയവളെ വേട്ടയാടിക്കൊണ്ടിരുന്നു.

എന്നാലതൊന്നുമറിയാതെ അച്ഛനൊപ്പം സദ്യയുണ്ണുന്ന സ്വപ്നവും കണ്ട് നിലത്തു വീണുകിടന്ന കരിക്കട്ടയെടുത്ത് അടുക്കളച്ചുവരിൽ മൂന്നു രൂപങ്ങൾ കോറിയിടുന്ന കുഞ്ഞിനെ നോക്കിയവൾ നെടുവീർപ്പിട്ടു.

കൺകോണിൽ തങ്ങിനിന്നെ തുള്ളികളെ പിഞ്ഞിത്തുടങ്ങിയ സാരിത്തലപ്പാൽ തുടച്ച് പുകഞ്ഞുതുടങ്ങിയ അടുപ്പിലേക്കവൾ ഊതിക്കൊണ്ടിരുന്നു.

അമ്മുക്കുട്ടിക്ക് ഇത് മൂന്നാം വയസ്സാണ്. അടുത്ത വർഷം സ്കൂളിൽ വിടണം പക്ഷെ, എങ്ങനെ? അന്യവീട്ടിൽ  അടുക്കളപ്പണിക്കുപോയികിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടുമാത്രം പട്ടിണിയില്ലാതെ കഴിയുന്ന കുടുംബമാണ്.

രോഗിയായ അച്ഛൻ കണ്ണടയുംമുൻപ് തന്നെ കൈപിടിച്ചേൽപ്പിച്ചതാണ് കൃഷ്ണേട്ടന്. യോഗ്യനായ ചെറുപ്പക്കാരൻ, ആ നാട്ടിലെ ഏറ്റവും മികച്ച മരപ്പണിക്കാരൻ, അങ്ങനെ മേന്മകളേറെയായിരുന്നു.

പാതിവഴിയിൽ നിന്നുപോയ പഠിപ്പുവരെ തുടരാനുള്ള അനുവാദം ലഭിച്ചപ്പോൾ പൂർണമനസ്സോടെയാണ് ആ മനുഷ്യന്റെ പാതിയായത്.

നല്ലമനസ്സായിരുന്നു, എന്നും പണിക്കുപോകുമായിരുന്നു, പക്ഷെ മദ്യപാനം…. അതിനെപ്പറ്റിയാരും പറഞ്ഞുകേട്ടില്ലെങ്കിലും സന്ധ്യമയങ്ങിയാൽ കാല് തറയിലുറക്കില്ലായിരുന്നെന്ന് വിവാഹശേഷമാണ് മനസ്സിലായത്.

തുടർന്ന് പഠിപ്പിക്കാമെന്നത് വെറും വാഗ്ദാനമായിരുന്നെന്നറിഞ്ഞപ്പോഴും മറുത്തൊന്നും പറഞ്ഞില്ല.

വയ്യാതെ കിടക്കുന്ന അച്ഛന്റെയും സ്വന്തമായൊരു കൈത്തൊഴിലുള്ളതുകൊണ്ട് ചെലവുകൾ നടത്തിയിരുന്ന അമ്മയുടെയും മുഖമായിരുന്നു മനസ്സിൽ. ഒരു ആങ്ങളയുണ്ടായിരുന്നെങ്കിലെന്ന് അറിയാതെ ആഗ്രഹിച്ചുപോയി.

അമ്മുക്കുട്ടികൂടെ വന്നപ്പോൾ അത്യാവശ്യ ചെലവുകൾക്ക് വേണ്ടി അടുത്തുള്ള വീടുകളിൽ പാത്രം കഴുകാനും മുറ്റമടിക്കാനും അലക്കാനും പോയിത്തുടങ്ങി. അമ്മയിൽ നിന്നുപടിച്ച തയ്യൽ തന്റെയും കൈത്തൊഴിലാക്കി.

“അമ്മേ… ഇത് നോക്ക്യേ…. അച്ഛൻ, അമ്മ, മോള്……”

ചുവരിൽ വരച്ചിട്ട ചിത്രത്തിലേക്ക് വിരൽചൂണ്ടി ചിരിക്കുന്ന അമ്മുക്കുട്ടിയുടെ വിളിയവളെ ചിന്തയിൽനിന്നുണർത്തി.

സദ്യയൊരുക്കാൻ തക്ക ഒന്നുംതന്നെ ഇരിപ്പില്ലായിരുന്നതിനാൽ ഊണിന് പരിപ്പിൽ തക്കാളിയും മുളകുമിട്ടൊരു കറിയും, തേങ്ങാചമ്മന്തിയും, ഉപ്പിലിട്ട കണ്ണിമാങ്ങയും മാത്രമായി ചുരുങ്ങിയിരുന്നു.

കുഞ്ഞിന് നൽകാനായി തലേന്ന് വാങ്ങിയ രണ്ടുനേന്ത്രപഴത്തിന്റെ തൊലിയിൽ കറുപ്പുവീണതുകണ്ട് അതുപുഴുങ്ങി പത്രത്തിൽ ബാക്കിവന്ന ശർക്കരയുമിട്ട് വറ്റിച്ച് പായസംമെന്ന് പേരുനൽകുമ്പോൾ ദേവു ഉള്ളിൽ തേങ്ങുകയായിരുന്നു.

ഇലവെട്ടാൻ അടുത്തവീട്ടിൽ ചെന്നപ്പോൾ കേട്ടു ചിന്നുവിനെ കഥപറഞ്ഞൂട്ടുന്ന അവളുടെ അച്ഛനെ. അറിയാതെ കണ്ണുകൾ നിറഞ്ഞു. തന്റെ കുഞ്ഞിന് ഇതെല്ലാം അന്യമായിരുന്നു എന്നത് അവളുടെ മനസ്സിനെ കുത്തിനോവിച്ചു.

മൂന്നുമണികഴിഞ്ഞും അയാളെ കാണാതായപ്പോൾ ആ കുഞ്ഞിക്കണ്ണുകളിലെ തിളക്കം മങ്ങിവരുന്നത് നിർവികരയായി നോക്കിനിൽക്കാനേ അവൾക്കായുള്ളു.

അന്നും അച്ഛനെക്കാത്ത്‌ ഉമ്മറപ്പടിയിലിരുന്ന് ഉറക്കംതൂങ്ങുന്ന കുഞ്ഞിനെയുണർത്തി ചോറുകൊടുത്തുറക്കി അയാളുടെ വരവിനായി കാത്തിരിക്കുമ്പോൾ ഉള്ളം ശൂന്യമായിരുന്നു.

പാതിരയോടടുത്തപ്പോൾ കണ്ടു നിലാവെട്ടത്തിൽ ആടിക്കുഴഞ്ഞുവരുന്ന രൂപത്തെ. കണ്ടു തഴമ്പിച്ച കാഴ്ചയായിരുന്നതിനാൽ പുതുമയൊന്നും തോന്നിയില്ലെങ്കിലും കുഞ്ഞിന്റെ നിറം മങ്ങിയ മുഖം അവളെ നോവിച്ചുകൊണ്ടിരുന്നു.

ഇലയിട്ടു വിളമ്പിയ ചോറ് ഉരുളയാക്കി ചമ്മന്തിയിൽ മുക്കി വായിലേക്കിടുന്ന  അയാളെ അവൾ ശിലപോലെ നോക്കിനിന്നു. അവളുടെ കണ്ണുകൾ ഉറക്കത്തിലും അച്ഛനെന്നുരുവിട്ടുകൊണ്ടിരുന്ന കുഞ്ഞിലേക്ക് നീണ്ടു.

ആ കുഞ്ഞുമനസ്സ് കൊതിച്ചതും ഒരുരുളയായിരുന്നു. അച്ഛന്റെ കൈകൊണ്ട് ഒരുരുള. കഴിച്ചെഴുന്നേറ്റ് കൈകഴുകി പായയിലേക്ക് മറിഞ്ഞതും അയാൾ മയക്കത്തിലേക്ക് വീണിരുന്നു.

ഉറങ്ങുന്ന കുഞ്ഞിനെ ചേർത്തുപിടിച്ച് കിടക്കുമ്പോൾ അയാളിൽ നിന്നുമിനിയൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്നവൾ തിരിച്ചറിയുകയായിരുന്നു.

രാത്രിയിലെപ്പോഴോ പിച്ചും പേയും പറഞ്ഞ് വിറക്കുന്ന കുഞ്ഞിന്റെ ശബ്ദംകേട്ട് ഞെട്ടിയുണർന്ന് നെറുകയിൽ കൈവച്ചുനോക്കിയപ്പോൾ ചുട്ടുപൊള്ളുന്ന പനിയായിരുന്നു.

പുതപ്പുകൊണ്ട് കഴുത്തറ്റം മൂടിക്കൊടുത്ത് പെട്ടന്നുതന്നെ തുണിനനച്ച് നെറ്റിയിലിട്ടുകൊടുക്കുമ്പോൾ ബോധമറ്റപോലെ കിടന്നിരുന്ന കൃഷ്ണനിലേക്ക് അവജ്ഞയോടെ നോക്കി.

ഉറക്കമൊഴിഞ്ഞ് അമ്മുക്കുട്ടിക്കരികിലിരിക്കുമ്പോൾ എന്തൊക്കെയോ ഭീതി അവളെ വന്നു പൊതിഞ്ഞു.

പനിചൂടേറിവന്നു തുടങ്ങിയതും വെപ്രാളപ്പെട്ടുകൊണ്ടവൾ അയാളെ കുലുക്കിവിളിച്ചെങ്കിലും പ്രതികരണമില്ലാതെ മദ്യലഹരിയിൽ മയങ്ങുകയായിരുന്നയാൾ.

കുഞ്ഞിനെയുമെടുത്ത് തനിച്ചാരാത്രിയിൽ ആശുപത്രിയിലേക്കോടുമ്പോൾ ആ അമ്മയുടെ  കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു.

രാവിലെ ഉറക്കമുണർന്ന് കണ്ണുതിരുമ്മിയെഴുന്നേറ്റപ്പോൾ ചുറ്റും മൂകാന്തരീക്ഷമായിരുന്നു എന്നത് അയാളെ ആശ്ചര്യപ്പെടുത്തി.

അപ്പോഴാണ് മോൾക്ക് പിറന്നാളായിട്ട് ഒരുരുളച്ചോറുനൽകാൻ കഴിയാഞ്ഞത് ഓർമയിൽ വന്നത്. ഇനിയുമുണ്ടല്ലോ പിറന്നാൾ അന്ന് കൊടുക്കാമെന്ന് സ്വയം പറഞ്ഞുകൊണ്ടായാൾ കിടക്കപ്പായയിൽനിന്ന് എഴുന്നേറ്റു.

കുത്തഴിഞ്ഞ മുണ്ടുമുറുക്കിയുടുത്ത് തുറന്നുകിടക്കുന്ന മുൻവാതിലിലൂടെ വെളിയിലേക്കിറങ്ങി മൂരിനിവർന്ന് ഉമ്മറത്തുവച്ചിരുന്ന കോപ്പയിൽ വെള്ളം നിറച്ച് മുഖം കഴുകുമ്പോൾ കാതിൽ ആംബുലൻസിന്റെ സയറിൻ തുളച്ചുകയറി.

വീട്ടുമുറ്റത്ത് വന്നുനിന്ന് അതിൽനിന്നാരെല്ലാമോ ചേർന്ന് ഒരു ചില്ലുപെട്ടി പുറത്തിറക്കുന്നത് സംശയത്തോടെ അയാൾ നോക്കിനിന്നു. അതിനുള്ളിൽ വെള്ളപുതപ്പിച്ച് ശാന്തയായുറങ്ങുന്ന അമ്മുക്കുട്ടിയെക്കണ്ട് കണ്ണുകളെ വിശ്വസിക്കാനാവാതെ തറഞ്ഞുനിന്നുപോയി.

അതിനുപിറകിൽ നിർവികാരയായി നടന്നുവരുന്ന അവൾക്കു ജന്മം നൽകിയവളെ ഉള്ളുനുറുങ്ങുന്ന വേദനയിലും അയാൾ വ്യക്തമായിക്കണ്ടു.

അലറികരഞ്ഞുകൊണ്ട് ഇറയത്തുകിടത്തിയ ആ ചില്ലുപെട്ടിയെ പുണരുമ്പോഴും ഉള്ളിൽ ആ കുഞ്ഞിന്റെ സ്വരം ഉയർന്നുകേട്ടു.

“എത്ര ദൂസായി അമ്മൂട്ടി അച്ഛന്റെ കയ്യിന്നു ഉരുള വാങ്ങി തിന്നിട്ട്….”

കർമങ്ങൾക്കായി പെട്ടിയിൽ നിന്നവളെ പുറത്തെടുത്ത് പൂക്കളർപ്പിച്ച് തൊഴുകുമ്പോൾ ദേവു വേദനയെ പുറംതള്ളാൻ കഴിയാതെ തേങ്ങലുകൾ തൊണ്ടക്കുഴിയിൽ തങ്ങി ശ്വാസമുട്ടുകയായിരുന്നു.

” ഇനി ആരെങ്കിലും പൂക്കൾ അർപ്പിക്കാൻ ബാക്കിയുണ്ടോ? “

കർമിയുടെ സ്വരം കേട്ടതും മുറ്റത് വെറും തറയിലിരുന്നിരുന്ന കൃഷ്ണൻ എഴുന്നേറ്റ് അകത്തേക്ക് ദൃതിയിൽ നടന്നു. ഒരു കിണ്ണത്തിൽ തലേന്ന് മിച്ചം വന്ന ചോറുമായി ഓടിപ്പിടഞ്ഞുവരുന്ന അയാളെ എല്ലാവരും ആശ്ചര്യത്തോടെ നോക്കുനിന്നു.

ആ പൂമേനിയാകെ മൂടിയ വെള്ളത്തുണിനീക്കി കുഞ്ഞുമുഖത്ത് ഭ്രാന്തമായി ചുംബിച്ചുകൊണ്ട് കിണ്ണത്തിലെ ചോറിൽനിന്ന് ഒരുരുളയുരുട്ടി വരണ്ട അവളുടെ ചുണ്ടോടുമുട്ടിച്ചയാൾ ഏങ്ങിയേങ്ങിക്കരഞ്ഞു.

“മോളേ……. അച്ഛന്റെ പൊന്നുമോളേ……”

നെഞ്ചുപൊട്ടുന്ന വേദനയിലും അയാൾ ഉരുവിട്ടുകൊണ്ടിരുന്നു.

“എന്താ അച്ഛാ….. അച്ഛൻ എന്തിനാ കയ്യുന്നേ….. അമ്മേ…. ദാ അച്ഛൻ ഒക്കത്തിൽ കയ്യുന്നു……”

കഞ്ഞിക്കലം അടുപ്പത്തുനിന്നുമിറക്കിവച്ച്  സാരിത്തുമ്പിൽ കൈത്തുടച്ചുകൊണ്ട് ദേവു കുഞ്ഞിനരികിലേക്ക് വന്നപ്പോൾ കാണുന്നത് പായിൽകിടന്ന് നെഞ്ചത്തടിച്ചു കരയുന്ന കൃഷ്ണനെയാണ്.

കൈക്കുമ്പിളിൽ നിറച്ചവെള്ളം അയാളുടെ മുഖത്തേക്ക് കുടയുമ്പോൾ അയാൾക്കെന്തെങ്കിലും സംഭവിച്ചുകാണുമോയെന്നുള്ള ആവലാതിയിലായിരുന്നവൾ.

കണ്ണുതുറന്നയാൽ ചാടിയെഴുന്നേറ്റപ്പോൾ കണ്ടു തനിക്കരികിൽ താടിക്കുകൈകൊടുത്ത് പേടിച്ചിരിക്കുന്ന അമ്മുക്കുട്ടിയെ. അവളെ കൈകളിൽ വാരിയെടുത്ത് തുരുതുരെ ചുംബിക്കുമ്പോൾ കണ്ടെതെല്ലാം സ്വപ്‌മനാണെന്ന ആശ്വാസം അയാളെ വലയം ചെയ്‌തിരുന്നു.

അയാൾക്കരികിൽനിന്നെഴുന്നേറ്റ് അടുക്കളയിലേക്ക് നടക്കാനൊരുങ്ങിയ ദേവുവിനെ തനിക്കരികിലേക്കയാൾ ബാലമായി പിടിച്ചിരുത്തി. കുഞ്ഞിനെ മടിയിൽവച്ച് ഇടയ്ക്കിടെ അവളുടെ നെറുകയിലും കുഞ്ഞികൈകളിലും മുത്തിക്കൊണ്ടിരുന്നു.

അയാളുടെ പ്രവർത്തിയിൽ ദേവു ആകെ അമ്പരന്നിരുന്നു. തന്റെ സമീപ്യമാഗ്രഹിക്കുന്ന കൃഷ്ണേട്ടനെ  അവൾക്ക് നഷ്ടമായിട്ട് രണ്ടുവർഷത്തിലേറെയായിരുന്നു.

അതുകൊണ്ടുതന്നെ അയാളെ ഇമചിമ്മാതെ നോക്കിയിരുന്ന അവളിൽ പ്രതീക്ഷയുടെ നാമ്പുകൾ മൊട്ടിട്ടുതുടങ്ങിയിരുന്നു.

“ഇന്നലെ മോൾ ഉച്ചക്ക് ആഹാരം കഴിച്ചോ?”

ഇല്ലെന്ന് തലയാട്ടിക്കൊണ്ടവൾ കുഞ്ഞിന്റെ കവിളിൽ മെല്ലെ തലോടി.

“കൊറേ കാത്തിരുന്നു അച്ഛൻ വരുമെന്ന് പറഞ്ഞ്…. ഇരുട്ടിയിട്ടും കാണാതായപ്പോ ഞാൻ ഇച്ചിരി വാരികൊടുക്കുമ്പോഴും പറഞ്ഞിരുന്നു അച്ഛൻ വരുമെന്ന്. ന്നിട്ടും കണ്ടില്ല, അപ്പൊ ഉറക്കി.”

രണ്ടുവാക്കിൽ കൂടുതൽ അയാളോട് മിണ്ടിയതിന്റെ ആശ്ചര്യമായിരുന്നു അവളിലപ്പോൾ.

“ഞാൻ….. മാപ്പ് പറഞ്ഞാൽ കുറഞ്ഞു പോകുമെന്നറിയാം പറയാനുള്ള അർഹത നഷ്ടപ്പെടുത്തിയിട്ട് ഒരുപാട് നാളായി. എന്നാലും എന്റെ കുഞ്ഞിന്റെ ഒരു ചെറിയ ആഗ്രഹംപോലും നിറവേറ്റാൻ കഴിയാത്ത അച്ഛനാവാൻ ഇനിയും വയ്യ.

പെട്ടന്ന് നിർത്താൻ പറ്റില്ല ഈ കുടി. എന്നാലും കുറക്കാം….. ക്രമേണ ഇല്ലാതാക്കാം. ന്റെ മോളുടേം നിന്റേം കൂടെ ജീവിക്കണം കൊറേ കാലം കൂടെ…”

അയാളെത്തന്നെ ഉറ്റുനോക്കികൊണ്ടിരുന്ന അവളുടെ മുഖത്ത് പലപല ഭാവങ്ങൾ മിന്നിമാഞ്ഞു. അവളുടെ ചുണ്ടിൽ പ്രതീക്ഷയുടെ പുഞ്ചിരി തത്തിക്കളിച്ചു.

അയാളുടെ തോളിലേക്ക് ചായുമ്പോൾ നടന്നതൊന്നും മനസ്സിലാവാതെ അമ്മുക്കുട്ടി അച്ഛനെയും അമ്മയേയും നോക്കി കൈകൊട്ടി ചിരിച്ചു.

ആ സംഭവങ്ങൾ കഴിഞ്ഞ് ഇന്നത്തേക്ക് ഒരുവർഷം തികയുമ്പോൾ നാക്കിലയിൽ വിളമ്പിയ പിറന്നാൾ സദ്യയിൽനിന്നൊരു ഉരുളയെടുത്തയാൾ അമ്മുക്കുട്ടിയെ ഊട്ടുകയായിരുന്നു.

“മതിയച്ഛ വയറുനിറഞ്ഞു. അമ്മയെവിടെ?”

അയാളെനോക്കി കുഞ്ഞുവയർ ഉഴിഞ്ഞുകൊണ്ട് അവൾ സ്റ്റീൽ ഗ്ലാസ്സിലൊഴിച്ചിരുന്ന അടപ്രഥമൻ ചുണ്ടോടുചേർത്ത്‌ നുണഞ്ഞുകൊണ്ടിരുന്നു.

“അമ്മക്ക് നാളെ പരീക്ഷയല്ലേ… മുറിയിലിരുന്ന് പഠിക്കുകയാ…. മോൾക്കും പോവണ്ടേ പഠിക്കാൻ? പുതിയ ബാഗും കുടയും ഉടുപ്പുമൊക്കെയിട്ട്!”

വേണമെന്ന് ആവേശത്തിൽ തലയാട്ടിക്കൊണ്ടവൾ ചുണ്ടിൽ നിന്നോഴുകുന്ന പായസം നാക്കിനാൽ  തുടച്ചെടുത്തുകൊണ്ടിരുന്നു.

ഒരു സ്വപ്നം ജീവിതത്തെ മാറ്റിമറിക്കുമോ എന്നൊന്നും ഉറപ്പുപറയാൻ കഴിയില്ലെങ്കിലും ഇടക്കെല്ലാം നമ്മളെ സ്നേഹിക്കുന്ന, നമ്മളോടൊപ്പം കുഞ്ഞുകുഞ്ഞു നിമിഷങ്ങൾ ആഗ്രഹിക്കുന്ന, നമ്മുടെ പ്രിയപ്പെട്ടവരെ പറ്റിയും ചിന്തിക്കുക. ജീവിതം ചെറുതാണ്….

സ്വന്തം സുഖങ്ങൾക്കൊപ്പം നമ്മളെ സ്നേഹിക്കുന്നവർക്കുവേണ്ടിയും ജീവിക്കുമ്പോൾ അത് കൂടുതൽ സന്തോഷവും സംതൃപ്തിയും പകർന്നുനൽകും.

Leave a Reply

Your email address will not be published. Required fields are marked *