മറ്റെന്തും സഹിക്കാം മിന്നു കെട്ടിയവന്റ്റെ മനസ്സിലും ശരീരത്തിലും ഒരു ഭാര്യയ്ക്ക് പൂർണ..

അനാഥ
(രചന: Rajitha Jayan)

” നീയൊരു പെണ്ണാണ്….,വെറും പെണ്ണ്….,, പോരാത്തതിന് അനാഥയും. അതു നീ മറക്കരുത്  ജീനെ….”’

ഇല്ലമ്മച്ചീ. ..,, ഞാൻ ഒന്നും മറക്കില്ല എനിക്കറിയാം ഞാനൊരു അനാഥയാണെന്ന് അതുപോലെ, ഒരുപെണ്ണും ആണെന്ന് ..

പക്ഷെ എന്നോടിതുപറയുന്ന അമ്മച്ചി മറന്നു പോയ ഒന്നുണ്ട് അമ്മച്ചിയുമൊരു പെണ്ണാണെന്ന്…. ഞാനും അമ്മച്ചിയെ പോലൊരുവൾ ആണെന്ന്. …

പതറാത്ത ശബ്ദത്തിൽ ഉറപ്പോടെ ജീനയത് മോളിയമ്മയുടെ മുഖത്തുനോക്കി പറയുമ്പോൾ  അവളെ നേരിടാനാവാതെ  മോളിയമ്മ മുഖം തിരിച്ചു. …

മോളെ  ഞങ്ങൾ പറയുന്നത്…..,

”എനിക്കറിയാം ചാച്ചാ ചാച്ചനെന്താണ് പറഞ്ഞു വരുന്നതെന്ന്. ….,

ഇനി വയ്യ ചാച്ചാ എനിക്ക് ഇതൊന്നും കണ്ടും സഹിച്ചുമിവിടെ നിൽക്കാൻ… അതുകൊണ്ട് തന്നെ എന്നെ നിങ്ങൾ എവിടെ നിന്ന് കണ്ടെത്തി നിങ്ങളുടെ മരുമകൾ ആക്കിയോ അവിടേക്ക് തന്നെ ഞാൻ മടങ്ങി പോവുകയാണ് ….’

നിന്ന് പ്രസംഗിക്കാതെ പോവാൻ നോക്കെടീ ചൂലേ…. നീയൊന്നും പോയാൽ എനിക്കൊന്നും സംഭവിക്കില്ല. നീ പോയാൽ വേറൊരുത്തി അത്രയേയുളളു ഈ ബെന്നിക്ക്. ..

അല്ലെങ്കിലും അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ അത് കിടക്കൂല അതെപ്പോഴും ചെളിക്കുണ്ട്  നോക്കി പോവും. .

പുച്ഛവും പരിഹാസവും കലർത്തി ബെന്നിയത് പറയുമ്പോൾ  നിർവികാരതയോടെ അയാളെ നോക്കി ജീന നിന്നു. ..

ശരിയാണ് ബെന്നിച്ചാ….. ഞാനെന്നുമൊരു അട്ടയാണ് .. മേക്കാട്ടിൽ ബെന്നിച്ചനെന്ന നിങ്ങൾ മിന്നുകെട്ടി ഈ അട്ടയ്ക്കൊരു പട്ടുമെത്ത നൽകിയിരുന്നില്ലേ…?

അനാഥയായയെന്നെ സനാഥയുമാക്കി,,പക്ഷേ നിങ്ങൾ നൽകിയ മിന്നിനെക്കാളും നിങ്ങൾ എനിക്കായ് വിരിച്ച പട്ടുമെത്തയെക്കാളും എനിക്കിന്നേറെ പ്രിയം നിങ്ങൾ പറഞ്ഞ ആ ചെളിക്കുണ്ടായ അനാഥാലയം തന്നെ ആണ്. ..

കാരണം അവിടെ ഞങ്ങൾക്കൊരു മേൽവിലാസമുണ്ട് അനാഥകളെന്ന മേൽവിലാസം… …

അതേടീ,, നിനക്കൊക്കെ എന്നും ആ പേരേ ചേരൂ,ആരോ കാമംതീർത്തപ്പോൾ  ഏതോ പിഴച്ചവൾ പെറ്റുപേക്ഷിച്ചതല്ലേടീ നിന്നെ…. എന്നിട്ടവൾ നിന്ന് പ്രസംഗിക്കുന്നു ത്ഫൂ…..

ശരിയാണ് ബെന്നിച്ചാ നിങ്ങൾ പറഞ്ഞത്..,എന്നെ പ്രസവിച്ചതാരാണെങ്കിലും അവർക്ക് നാണക്കേടുണ്ടാക്കുന്ന ഒരു ജന്മം തന്നെയായിരുന്നു ഞാൻ അതുകൊണ്ടാണല്ലോ അവരെന്നെ ഉപേക്ഷിച്ചത്….?

ഒരു പക്ഷേ എന്റെ അമ്മയുടെ വയറ്റിൽ എന്നെ നിക്ഷേപിച്ചവൻ എന്റ്റെ അമ്മയുടെ ഇഷ്ടക്കാരനാവാം…. പ്രണയിച്ച് ചതിച്ചവനുമാക്കാം…,

ഒരു പക്ഷേ സ്വന്തം ഭാര്യയെ കിടപ്പറയിൽ ഉറക്കി കിടത്തി  കൂട്ടുക്കാരന്റ്റെ ഭാര്യയെ തേടി പോവുന്ന നിങ്ങളെ പോലൊരുത്തനുമാവാം…..

ജീനേ…..

അമ്മച്ചി ഒച്ച വെക്കണ്ട….ചില സത്യങ്ങൾ എന്നും അങ്ങനെയാണ് ….അവയ്ക്കപ്പോഴും ചീഞ്ഞളിഞ്ഞ ശവങ്ങളെക്കാൾ ദുർഗന്ധം ഉണ്ടാവും…
ഇവിടെ അമ്മച്ചിക്കും ചാച്ചനും നേരത്തെ അറിയാമായിരുന്നില്ലേ  മകന്റെ സ്വഭാവം. …??

എന്നും എപ്പോഴും അന്യന്റ്റെ  കിടപ്പറകൾ തേടിയിറങ്ങുന്ന മകനുവേണ്ടി ചോദിക്കാനും പറയാനും ആരുമില്ലാത്തൊരു അനാഥ പെണ്ണിനെ വധുവായികണ്ടെത്തിയ നിങ്ങളുടെ ബുദ്ധി സമ്മതിക്കാതെ വയ്യ അമ്മച്ചി… എന്നിട്ടത് നേരിട്ട് കണ്ടു പിടിച്ച ഞാൻ തെറ്റുക്കാരി….

എന്നെ നിങ്ങളുടെ ഈ കൊട്ടാരത്തിലെ മരുമകളാക്കിയപ്പോൾ നിങ്ങൾ മറ്റുള്ളവരുടെ കണ്ണിൽ  വലിയവരായി…. സൽഗുണസമ്പന്നരായ്
പക്ഷേ ഞാനോ  ….ഞാൻ  ആരാണിവിടെ…..

അന്തിക്കൂട്ടിന് പുതിയ പുതിയ മേച്ചിൽ പുറങ്ങൾ തേടി നടക്കുന്ന നിങ്ങളുടെ മകന്റെ ആരായിട്ട് വരും ഞാനിവിടെ….??

താലിക്കെട്ടിയവന്റ്റെ ദുർനടപ്പുകൾ പെണ്ണ് സഹിക്കണമെന്ന് എവിടെ നിന്നാണ് അമ്മച്ചി  പഠിച്ചത്…. ഒരു  പെണ്ണുപിടിയന്റ്റെ ഭാര്യയെന്ന  മേൽവിലാസം എനിക്കാവശ്യമില്ലമ്മച്ചി. …

അതേടീ ഞാൻ അങ്ങനൊക്കെ തന്നെയാണ്. …
നിനക്ക് എന്ത് ചെയ്യാൻ പറ്റും എന്നെ…..?

ഇല്ല ബെന്നിച്ചാ,, എനിക്ക് നിങ്ങളെ ഒന്നും ചെയ്യാൻ സാധിക്കില്ല  എന്നുകരുതി  നിങ്ങളുടെ  ഈ പേക്കൂത്തുകൾ സഹിച്ചിവിടെ നിൽക്കാനും വയ്യ.

കാരണം മറ്റെന്തും സഹിക്കാം മിന്നുകെട്ടിയവന്റ്റെ മനസ്സിലും ശരീരത്തിലും ഒരു ഭാര്യയ്ക്ക്  പൂർണ അവകാശം ഇല്ലായെങ്കിൽ പിന്നെ അവിടെ നിൽക്കുന്നത് കൊണ്ട് യാതൊരു അർത്ഥവുമില്ല..

നിങ്ങൾക്ക് ഞാൻ നിങ്ങൾ നിത്യേന കാണുന്ന ധാരാളം സ്ത്രീകളിലൊരുവൾ മാത്രമാണ്. …ആ സ്ഥാനം എനിക്ക് വേണ്ട…. അതിനെക്കാളന്തസ് ഞാനെന്ന അനാഥയ്ക്കുണ്ട്….

പിന്നെ ഇവിടെ നിന്ന് പോവുന്നത് ഞാനൊറ്റയ്ക്കല്ല.. നിങ്ങൾ എനിക്ക് നൽകിയ നിങ്ങളുടെ ജീവന്റെ ഒരു തുടിപ്പ് എന്റ്റെ വയറ്റിനുളളിലുണ്ട്. …

മോളെ. ..നീ….

സത്യം ആണ് ചാച്ചാ… ബെന്നിച്ചന്റ്റെ ചോര എന്റെ വയറ്റിൽ വളരുന്നുണ്ട്. ..

നാളെ ഞാൻ ഒരനാഥയല്ലെന്ന് എനിക്ക് തോന്നാൻ  അതുമാത്രം മതി…..പിന്നെ, വരരുത് ആ കുഞ്ഞിലവകാശം ചോദിച്ചൊരാളും..,

കാരണം നിങ്ങൾ പെറ്റുവളർത്തിയ ഒന്നിനെ നേരായ വഴിയിലൂടെ നടത്താൻ നിങ്ങൾക്ക്സാധിച്ചില്ല നാളെ എന്റെ കുഞ്ഞിനുമാഗതി വരരുത്. …. അതുകൊണ്ട് പോവുകയാണ് ഞാൻ. .

പിന്നെ നിങ്ങളുടെ മകന്റെ കുഞ്ഞെന്ന നിങ്ങളുടെ സ്വപ്നം അതിന് ഞാൻ പ്രസവിക്കുന്ന ഈ കുഞ്ഞു തന്നെ വേണമെന്നില്ല കണ്ണുകൾ തുറന്നു ചുറ്റും നോക്കിയാൽ മതി കാണാൻ കഴിയും നിങ്ങൾക്ക് നിങ്ങളുടെ ഒരു പാട് പേരകുട്ടികളെ പലയിടത്തായ്….

പലരുടെയും മക്കളായ്…. അവരിലൊരാളാവാൻ എന്റ്റെ  കുഞ്ഞുമായി ഞാനിവിടെ നിൽക്കുന്നില്ല …. പോട്ടെ..

തലയുയർത്തിപിടിച്ചൊരു പെണ്ണായി ആ വീടിന്റെ പടിയിറങ്ങവേ ജീന തിരിച്ചറിയുന്നുണ്ടായിരുന്നു തന്റ്റെ ഉളളിലെ ജീവന്റെ സന്തോഷ  തുടിപ്പുകൾ. …

Leave a Reply

Your email address will not be published. Required fields are marked *