അകക്കണ്ണ്
(രചന: Sana Hera)
“ഒറ്റക്കണ്ണിയെ എന്റെ മോന് വേണ്ടാന്നാ പറയുന്നത്….. അവനെ കുറ്റം പറയാൻ പറ്റില്ലല്ലോ? കെട്ടാൻ പോകുന്ന പെണ്ണിനെക്കുറിച്ച് അവനുമുണ്ടാവില്ലേ കാഴ്ചപ്പാടുകൾ….
ഇതിപ്പോ പാതിക്കാഴ്ച്ചയില്ലാത്ത കണ്ണുപൊട്ടിയെ എന്റെ മോന്റെ തലയിൽ കെട്ടിവെക്കാമെന്ന് ആരും വിചാരിക്കണ്ട”
കിഷോറിന്റെ അച്ഛൻ പറഞ്ഞ ഓരോ വാക്കുകളും ഇരുട്ട് തളം കെട്ടിനിന്നിരുന്ന ആ മുറിയുടെ മൂലയിലിരുന്ന് കാൽമുട്ടിൽ മുഖംപൂഴ്ത്തിക്കരഞ്ഞിരുന്ന അവളുടെ നെഞ്ചിൽ കൂരമ്പുപോലെ ചെന്നുപതിച്ചു.
“വലിയ കാരാട്ടെ ടീച്ചറാ എന്നൊക്കെ പറഞ്ഞു കേട്ടപ്പോഴേ ഞാൻ പറഞ്ഞതാ അവനോട് ഈ ബന്ധം വേണ്ട എന്ന്.
പക്ഷെ അന്നവന് നാലാളുടെ മുന്നിൽ ഭാര്യ കാരാട്ട ടീച്ചറാണെന്ന് പറഞ്ഞുനടക്കാനുള്ള പൂതി…. തുഫ്”
അയാൾ മുറ്റത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട് മേശക്കുമുകളിൽ വച്ചിരുന്ന പേഴ്സ് കക്ഷത്തിനടിയിലേക്ക് തിരുകി പടിയിറങ്ങിപ്പോകുന്നത് ശേഖരനും രേണുകയും നെഞ്ചുപൊട്ടുന്ന വേദനയോടെ നോക്കിനിന്നു.
അയാളോടൊപ്പം പടിയിറങ്ങിയത് സ്വന്തം മകളുടെ സ്വപ്നങ്ങളും സന്തോഷങ്ങളും കൂടെയാണെന്ന തിരിച്ചറിവ് ആ മാതാപിതാക്കളെ തീരാനോവിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടു.
കണ്ണിൽനിന്നും ഉതിർന്നുവന്ന കണ്ണുനീർ ഭാര്യയിൽനിന്നും മറച്ചുകൊണ്ട് ആ അച്ഛൻ എങ്ങോട്ടെന്നില്ലാതെ പുറത്തേക്കിറങ്ങി നടക്കുമ്പോൾ കണ്ടു മതിലിനുമുകളിലൂടെ തങ്ങളെ വീക്ഷിക്കുന്ന അനേകം കണ്ണുകൾ.
എല്ലാം കണ്ടില്ലെന്നു നടിച്ചുകൊണ്ട് തലതാഴ്ത്തിപ്പിടിച്ചുതന്നെ നടന്നകലുന്ന ശേഖരൻ കൺവെട്ടത്തുനിന്ന് മറഞ്ഞതും രേണുക ചായ്പ്പിലേക്ക് പതിയെ നടന്നു.
വെറും നിലത്ത് ചുരുണ്ടുകൂടിയിരുന്നു തേങ്ങുന്ന ശ്രീക്കുട്ടിയെ ഒരു നോക്കുകണ്ടതും അടക്കിവച്ച തേങ്ങലുകളെല്ലാം പുറത്തുവന്നു.
കണ്ണീരും ഉമിനീരും വറ്റിയ ശ്രീക്കുട്ടി പതിയെ കാൽമുട്ടിൽ പൂഴ്ത്തുവച്ചിരുന്ന മുഖമുയർത്തി ഇരുട്ടിനെ ഭേദിച്ചുകൊണ്ട് വെളിച്ചം ഇരച്ചുകയറുന്ന വാതിലിൽ ചാരി നിൽക്കുന്ന അമ്മയെ നോക്കി.
“എന്തിനാ മോളേ ഇങ്ങനെ ഇരുട്ടത്ത് ഇരിക്കണേ?”
രേണുക വിറയാർന്ന സ്വരത്തിൽ അവളെ നോക്കി ചോദിക്കുമ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ച് പുഞ്ചിരിച്ചു.
“പാതി ഇരുട്ടിലാണ് ഇപ്പൊ ഞാൻ…. വലതുവശം കരിനീലിച്ചൊരു പാടകെട്ടിയപോലെ. അമ്മക്കറിയില്ല്യേ കരിനീല നിക്ക് പണ്ടേ ഇഷ്ടായിരുന്നില്ല പക്ഷെ ദാ ഇപ്പൊ എന്നെന്നേക്കുമായി ഈ നിറം ന്റെ ഒരു വശത്തുണ്ടാവും.
കിഷോർ…. അവനും പോയി. അതോടെ മുന്നിൽ കണ്ടിരുന്ന നേരിയ വെട്ടം പോലും അണഞ്ഞു. ഇതിലും ഭേദം ന്റെ മുഴുവൻ വെളിച്ചവും അങ്ങിട്ട് എടുക്കുന്നതായിരുന്നു.
ആശുപത്രീന്ന് അവജ്ഞയോടെ ന്നെ നോക്കിനിന്ന അവന്റെ മുഖാണ് ഈ ഒറ്റക്കണ്ണിക്ക് കണ്ണ് തുറന്നാൽ കാണുന്നത്….. “
മകളെ എന്തുപറഞ്ഞാശ്വസിപ്പിക്കണമെന്ന് പോലും അറിയാതെ അവർ അവളുടെ നെറുകയിൽ തലോടിയതും നെഞ്ചുപൊട്ടിയവൾ അലറികരഞ്ഞുകൊണ്ട് അമ്മയുടെ മടിയിലേക്ക് ചാഞ്ഞു.
മണിക്കൂറുകൾ അനങ്ങാതെ അമ്മയും മകളും ആ ഇരുട്ടുമുറിയിൽ മൗനത്തെ കെട്ടിപ്പുണർന്നുകൊണ്ടിരുന്നു.
പതിയെ നിശബ്ദതയെ തുടച്ചുമാറ്റിക്കൊണ്ട് ഒരു കാലൊച്ച അവിടേക്കൊഴുകിയെത്തിയതറിഞ്ഞ് അവൾ നിവർന്നിരുന്ന് ഒഴുക്കുനിന്നുപോയ കണ്ണുകൾ അമർത്തിത്തുടച്ചു.
“ഹും….. ചത്ത കണ്ണാണെങ്കിലും ഉറവ വറ്റിയിട്ടില്ല!”
വലതുകൺപോളയിൽ കൈചേർത്തുവച്ചുകവൾ തെല്ലും പതർച്ചയില്ലാതെ പറഞ്ഞത് ഒരുഞെട്ടലോടെയാണ് അവർ കേട്ടത്.
എന്തോ പറയാൻ മുതിർന്നുവെങ്കിലും ആ കാലൊച്ച മുറിക്കുള്ളിലേക്ക് പ്രവേശിച്ചതറിഞ്ഞ് അവർ നാക്കിലേക്ക് അലയടിച്ച വാക്കുകളെ വിഴുങ്ങിക്കൊണ്ട് കണ്മുന്നിൽ നിന്ന രൂപത്തെ നിർജീവമായി നോക്കിയിരുന്നു.
“ശ്രീക്കുട്ടീ……”
തലയുയർത്തിയവൾ ആ സ്വരത്തിന്റെ ഉടമയെ നോക്കിയെങ്കിലും പ്രകാശം അന്യമായ വശത്തുനിന്നിരുന്ന രൂപത്തെ അവൾക്ക് കാണാനായില്ല! പക്ഷെ ആ സ്വരം…. അതവൾക്കന്യമായിരുന്നില്ല!
“അപ്പേട്ടൻ…..”
വറ്റിവരണ്ട തൊണ്ടയിലുരസി ഒരു നേർത്ത സ്വരം അവളിൽനിന്ന് പുറത്തുവന്നു. അവളുടെ വലതുകയ്യിൽപിടിച്ചെഴുന്നേൽപ്പിച്ച് മുഖത്തേക്ക് വീണുകിടക്കുന്ന പാറിപ്പറന്ന കുറുനിരകളെ വിരലുകളാൽ ഒതുക്കിക്കൊണ്ടവൻ പൊട്ടിച്ചിരിച്ചു.
“എന്ത് കോലമാ ശ്രീക്കുട്ടി ഇത്? ഒരുമാതിരി ഭ്രാന്തിപ്പെണുങ്ങളെ പോലെ… കുളിച്ചിട്ട് എത്ര ദിവസായി? പോയി കുളിച്ച് ഈ ഉടുപ്പൊക്കെ മാറിയിട്ട് വാ. നിന്റെ കരാട്ടെ അക്കാദമിയിലേക്ക് പോവാം ന്നിട്ട്.”
“ഞാൻ എങ്ങിട്ടും ഇല്ല്യ കണ്ണുപൊട്ടിക്ക് ഇനി കരാട്ടെ പഠിപ്പിക്കാൻ പറ്റില്ല്യാന്ന് അറിയില്ല്യേ അപ്പേട്ടന്. എതിരാളിയുടെ നീക്കങ്ങൾ വീക്ഷിക്കാൻ പോലും നിക്ക് കഴിയില്ല്യ ഒറ്റക്കണ്ണ്യാ ഞാനിപ്പോ…. ഒന്നിനും കൊള്ളാത്തവൾ.”
കാർമേഘങ്ങൾ വീണ്ടും അവളുടെ മിഴികളെ പുണർന്നുതുടങ്ങിയിരുന്നു. എന്നാൽ അവനിൽ മാത്രം യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല…
അവളുടെ വാക്കുകൾക്ക് ചെവികൊടുക്കാതെയവൻ കട്ടിലിൽ വലിച്ചുവാരിയിട്ടിരുന്ന അവളുടെ ഏറ്റവും പ്രിയപ്പെട്ട ആ വെള്ള വസ്ത്രം കയ്യിലെടുത്തു.
“പോയി കുളിച്ച് ഇതിട്ടൊണ്ട് വാ…. നിനക്കൊരു സർപ്രൈസുണ്ട്”
അവൻ അവൾക്കു നേരെയത് നീട്ടിപ്പിടിച്ചുകൊണ്ട് അല്പനേരം നിന്നെങ്കിലും അവളിൽനിന്നും ഒരുതരത്തിലുള്ള പ്രതികരണവും ഇല്ലാതായപ്പോൾ…
ബാലമായി അവളുടെ കയ്യിലതുപിടിപ്പിച്ചുകൊണ്ട് കുളിമുറിയിലേക്ക് ഉന്തിത്തള്ളിവിടുമ്പോഴും അവളിലെ നിർജീവത, അതവളിലെ പ്രസരിപ്പിനെ ഇല്ലാതാക്കിയെന്നെ യാഥർത്ഥ്യം അവൻ വേദനയോടെ തിരിച്ചറിഞ്ഞു.
“ശ്രീക്കുട്ടീ….. എന്താ നീ ചെയ്യണേ?”
കുളിമുറിയിൽ നിന്നും ശബ്ദമൊന്നും കേൾക്കത്തതിനാൽ വാതിലിൽ മുട്ടിക്കൊണ്ടവൻ ചോദിച്ചപ്പോഴാണ് വെള്ളം വീണുതുടങ്ങിയത്.
നിമിഷങ്ങൾക്കകം കതകുതുറന്നവൾ പുറത്തുവന്നതും അവനവളെ അടിമുടിയൊന്നുനോക്കി.
ഈറനായ നീളൻ മുടിയിഴകൾ അലസമായി വിടർത്തിയിട്ടിരുന്നതിനാൽ ജലകണങ്ങളിറ്റുവീണ് വെള്ളവസ്ത്രം നനയുന്നുണ്ടായിരുന്നു. നിസംഗത തളംകെട്ടിനിന്ന മുഖം പൂഴിയിലേക്കെന്നതുപോലെ താഴ്ന്നുപോയിരുന്നു.
“ഇതും കൂടെ കെട്ടിയേക്ക്”
തലകുനിച്ചവൾ പതിയെ അവനരികിലേക്ക് നടന്നെത്തിയതും അവൾക്കുനേരെ ആ കറുത്ത ബെൽറ്റ് നീട്ടിക്കൊണ്ടവൻ പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെയവൾ അരക്കുമുകളിലതുകെട്ടി.
വലതുകയ്യിലവളുടെ ഇടതുകൈ ചേർത്തു പിടിച്ചുകൊണ്ട് മുറ്റത്തു നിർത്തിയിട്ടിരുന്ന ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ…
ഉമ്മറത്ത് മനസ്സു തളർന്നിരിക്കുന്ന രേണുകയോട് സഹതപിക്കുന്ന അയല്പക്കക്കാരെക്കണ്ട് അവൻ ഉള്ളിലടക്കയിരുന്ന അഗ്നിപർവതത്തിൽ നിന്നും തീജ്വാലകൾ പുറത്തുവന്നു.
“എന്താ എല്ലാവർക്കുമിവിടെ കാര്യം? ഇവൾ കരാട്ടെ അക്കാദമി തുടങ്ങിയതിൽപ്പിന്നെ മുഖം തിരിച്ചുനടന്നിരുന്നവരാണല്ലോ ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് ഇവരൊക്കെ.
ഉള്ളിൽ പരിഹസിക്കുന്നുണ്ടാവും എന്നിട്ട് പുറമെ അഭിനയിക്കുന്നതുകണ്ടാൽ ഓസ്കാർ എടുത്ത് കയ്യികൊടുക്കാൻ തോന്നും. ഇറങ്ങിക്കോണം ഈ നിമിഷം! ആരുടേയും സഹതാപം ഇവിടെയാവശ്യമില്ല. ഇവളിവിടെ അടച്ചിരിക്കാനും പോകുന്നില്ല.”
ശാന്തത കൈവെടിഞ്ഞവൻ പൊട്ടിത്തെറിക്കുമ്പോൾ അവൾ താഴ്ന്നിരുന്ന ശിരസ്സ് പതിയെയുയർത്തി അവനെ ആദ്യമായി കാണുന്നതുപോലെ നോക്കിനിന്നു.
“ഒരുപാട് നെഗളിച്ചതിനിപ്പോ കിട്ടിയല്ലോ കണക്കിന്…. എന്തായിരുന്നു മകളെ കരാട്ടെ പഠിപ്പിക്കുന്നു, അക്കാദമി തുടങ്ങിക്കൊടുക്കുന്നു, കണ്ടോടത്തിക്കൊക്കെ മത്സരത്തിന് വിടുന്നു….. ന്നിട്ടിപ്പോ എന്തായി? കിട്ടിയിട്ടും പഠിക്കുന്നില്ലല്ലോ!”
കൂട്ടത്തിലൊരാളുടെ പുച്ഛച്ചുവയുള്ള വാക്കുകൾകേട്ട് അവൻ നിയന്ത്രണം വിട്ടയാളുടെ കഴുത്തിനുകുത്തിപിടിച്ചപ്പോൾ എല്ലാവരും ഭീതിയോടെ അവനിൽനിന്ന് അകന്നുമാറി നിന്നു.
“നാക്കിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറഞ്ഞാലുണ്ടല്ലോ നിങ്ങൾക്ക് ശരിക്കറിയില്ല അപ്പുവിനെ…. എന്ത് തെറ്റാടോ അവൾ ചെയ്തത്? മറ്റുള്ളവരിൽനിന്ന് വ്യത്യസ്ഥമായൊരു ലക്ഷ്യം തിരഞ്ഞെടുത്തതോ?
ഒരു പെൺകുട്ടിയായ അവൾ തിരഞ്ഞെടുത്ത മാർഗ്ഗത്തെ വീട്ടുകാർ എതിർത്തില്ല എന്നതാണോ നിങ്ങളൊക്കെ കാണുന്ന പ്രശ്നം? ശ്രീക്കുട്ടി ഒരാണായിരുന്നെങ്കിൽ നിങ്ങൾക്ക് ഈ കണ്ണിക്കടിയുണ്ടാവില്ലായിരുന്നല്ലോ!”
അവന്റെ കയ്യിക്കിടന്ന് പിടയുകയായിരുന്ന അയാളിൽ നിന്നവൻ പിടി അയച്ചപ്പോൾ ചുമച്ചുകൊണ്ടായാൾ നിലത്തേക്ക് വീണിരുന്നു.
“കൊൽക്കത്തയിൽ നടന്ന ടൂർണമെന്റിൽ ഇവളെയും ഇവളുടെ ശിഷ്യരായ കുട്ടികളെയും പരാജയപ്പെടുത്താൻ എതിർ ടീമംഗങ്ങൾ…
നടത്തിയ ആക്രമണത്തിൽ നിന്ന് ആ കുട്ടികളെയെല്ലാം ഒറ്റക്കുനിന്നിവൾ രക്ഷപ്പെടുത്തുന്നതിനിടെ സംഭവിച്ചതാണ് ഇവളുടെ വലത്തെ കണ്ണിൽ പടർന്ന ഇരുട്ട്.
എന്നിട്ടും തോൽവിസമ്മതിക്കാതെ അതിൽ പങ്കെടുത്ത് നല്ല പ്രകടനം കാഴ്ചവച്ചിട്ടാണ് ഇവൾ അവരുമായി മടങ്ങിയെത്തിയത്.
ആ കുട്ടികളുടെ ദേഹത്ത് ഒരു പോറൽപോലും ഏറ്റിട്ടില്ല! ചങ്കൂറ്റം കൈവിടാതെ തിരിച്ചെത്തിയ ഇവൾ ഇന്നീ നിലയിലെത്താൻ കാരണക്കാർ നിങ്ങൾ നാട്ടുകാരും വിരലിൽ മോതിരമണിയിച്ച് ആശനൽകിയുപേക്ഷിച്ച ആ ചെറ്റയുമാണ്.
ഈ നാടിന്റെ അഭിമാനമായവളെ കുറ്റപ്പെടുത്തലുകൾ മാത്രം നൽകി സ്വീകരിച്ച നല്ലവരായ നാട്ടുകാർക്ക് ഇനി ഈ പടിക്കുപുറത്താണ് സ്ഥാനം. എത്ര വേഗം സ്ഥലം കാലിയാക്കുന്നോ അത്രയും പണി എന്റെ കയ്യിനു കുറയും.”
താക്കീതുനൽക്കികൊണ്ട് അവൻ ഷർട്ടിന്റെ കൈച്ചുരുട്ടിക്കയറ്റി മുണ്ടു മടക്കിക്കുത്തി നെഞ്ചുവിരിച്ചുനിന്ന അവനോട് എതിർത്തൊരു വാക്കുരിയാടാൻ അവിടെക്കൂടിയ ആർക്കും ധൈര്യമുണ്ടായിരുന്നില്ല…
തലതാഴ്ത്തിയിറങ്ങിപ്പോക്കുന്ന അവരെനോക്കി ശ്രീക്കുട്ടി അവനരികിലേക്ക് പതിയെ ചുവടുവച്ചു.
“അപ്പേട്ടാ…..”
“മോളേ….. നീ എന്തിനാ വെഷമിക്കണേ?
നിന്റെ വലതുകണ്ണല്ലേ പിണങ്ങിയിട്ടുള്ളു നിന്നിലെ വിശ്വാസം നീ കൈവെടിയാതിരിക്കുവോളം നിന്റെ അകക്കണ്ണ് നിനക്കു വെളിച്ചം പകർന്നുനൽകും. ആ കാഴ്ചയുടെ ആയുസ്സ് നിശ്ചയിക്കുന്നത് നീയാണ്…..
നീ തളരാത്തടുത്തോളം നിന്റെ വിജയം നിന്റെ കൈക്കുള്ളിൽ ഭദ്രമാണ്. സ്വന്തം കഴിവിൽ വിശ്വസിക്ക്. പിന്നെ നിന്റെ ആകക്കണ്ണ് പിണങ്ങിയാൽ ഞാനില്ലേ അതിന്റെ പിണക്കം മാറ്റാൻ…… “
അവന്റെ നെഞ്ചിൽവീണുകൊണ്ട് ദുഖങ്ങളെല്ലാം കഴുകിക്കളയുമ്പോൾ ആ സഹോദരന്റെ ചേർത്തുനിർത്തലിൽ അവളെ തളർത്തിയിരുന്ന വലതുവശത്തെ അന്ധകാരം പരാജയമേറ്റുവാങ്ങുകയായിരുന്നു.
“ടി പെണ്ണേ….. മതി കരഞ്ഞത് ഇനിയെന്തായാലും സർപ്രൈസ് നീട്ടിക്കൊണ്ട് പോകുന്നില്ല.”
തലയുയർത്തിയവൾ അവന്റെ മുഖത്തേക്ക് ഇമചിമ്മാതെ ആകാംഷയോടെ നോക്കിനിന്നു.
“ഇന്റർനാഷണൽ ടൂർണമെന്റിൽ നിന്റെ കുട്ടികൾക്ക് സെലെക്ഷൻ കിട്ടി. അവരെല്ലാം അക്കാദമിയിൽ ഗുരുവിനെയും കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരമൊരുപാടായി. ഇനിയുമവരുടെ ക്ഷമ പരീക്ഷിക്കണോ?”
അവന്റെ വാക്കുകൾകേട്ട് പൂർവാധികം സന്തോഷത്തോടെ അതിലുപരി അഭിമാനത്തോടെയവൾ അവനെ പുണരവേ അവൾ തിരിച്ചറിയുകയായിരുന്നു തന്റെ ആകക്കണ്ണുതുറപ്പിച്ച തന്നെ ഇത്രമേൽ വിശ്വസിക്കുന്ന ആ ഏട്ടന്റെ സ്നേഹം.
ഇതെല്ലാം കണ്ടുനിന്ന ആ അമ്മ നെഞ്ചിത്തുകൈവച്ച് മക്കളെ നിറഞ്ഞ മനസ്സോടെ അശ്ലീർവദിക്കുകയായിരുന്നു.
വീണുപോകുമ്പോൾ പിടിച്ചുയർത്താൻ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കരങ്ങളുണ്ടെങ്കിൽ നമ്മെ തളർത്തുകയെന്നത് അസാധ്യം.