ആര് പറഞ്ഞു കുഞ്ഞുങ്ങളെ ഇഷ്ടം അല്ലെന്ന്, എനിക്ക് പ്രസവിക്കാൻ വയ്യ അത് തന്നെ..

ഖൽബ്
(രചന: Ammu Santhosh)

പ്രേമിച്ചു തുടങ്ങിയപ്പോൾ  ഒറ്റ ഡിമാൻഡേ അവൾ എനിക്ക് മുന്നിൽ വെച്ചുള്ളൂ…

“ഞാൻ പ്രസവിക്കുകേല “

“അതെന്താ പ്രസവിച്ചാൽ?  നീ പെണ്ണല്ലേ? “

“പെണ്ണായത് കൊണ്ട് പ്രസവിക്കണോ? എന്റെ ശരീരം, എന്റെ ഗർഭപാത്രം.. എനിക്ക് ഇഷ്ടമല്ല പ്രസവിക്കാൻ “

സ്വന്തം പെങ്ങളുടെ മക്കൾ അവധിക്ക് വന്നിട്ട് പോകുമ്പോൾ വലിയ വായിലെ കരയുന്ന ഞാൻ, പരിചയക്കാരന്റെ കുഞ്ഞിനെ വഴിയിൽ വെച്ചു കണ്ടാൽ പോലും വാരിയെടുത്തുമ്മ വെയ്ക്കുന്ന ഞാൻ. കുഞ്ഞുങ്ങൾ ജീവനായ ഞാൻ   ഇപ്പൊ പെട്ടെന്ന് സൈലന്റ് ആയി.

ആ ഡിമാൻഡ് ഒഴിച്ചാൽ അവൾ വളരെ നല്ല ഒരു പെൺകുട്ടി ആയിരുന്നു. സഹജീവികളെ സ്നേഹിക്കുന്ന, എല്ലാവരോടും നന്നായി പെരുമാറുന്ന നല്ല ഒരു പെൺകുട്ടി.

“നിനക്ക് എന്താ കുഞ്ഞുങ്ങളെ ഇഷ്ടം അല്ലാത്തത്?” ഒരിക്കൽ ഞാൻ ചോദിച്ചു…

“ആര് പറഞ്ഞു കുഞ്ഞുങ്ങളെ ഇഷ്ടം അല്ലെന്ന്? എനിക്ക് പ്രസവിക്കാൻ വയ്യ അത് തന്നെ. കുഞ്ഞുങ്ങളെ ഇഷ്ടം തന്നെ. ഒരു കുഞ്ഞിനെ ദത്ത് എടുത്താൽ പോരെ? ” അവൾ അലസമായ നോട്ടത്തോടെ പറഞ്ഞു…

“അങ്ങനെ ദത്ത് എടുക്കുന്ന കുഞ്ഞിന്റെ അമ്മയും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ആ കുഞ്ഞ് ജനിക്കുമായിരുന്നോ? “

എന്റെ ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല…

“ഏട്ടന്റെ  അഭിപ്രായമാണത്.  എന്റെ അഭിപ്രായം ഇതാണ്.  എന്നെ സംബന്ധിച്ച് ഇത് ഒന്നും വലിയ കാര്യം അല്ല.  പ്രസവം കുട്ടികൾ.. .ഒന്നും . “

“പിന്നെ എന്താണ് വലിയ കാര്യങ്ങൾ? “ഞാൻ ചോദിച്ചു

“ഈ സമൂഹത്തിൽ എന്തെല്ലാം ചെയ്യാം നമുക്ക്..? “അവൾ

“നമ്മുടെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധിയെ കുറിച്ച് കേട്ടിട്ടുണ്ടോ? “

“പിന്നെ കേൾക്കാതെ? ഏറ്റവും ബെസ്റ്റ് prime minister ആയിരുന്നില്ലേ? “

“പുള്ളിക്കാരിക്ക് ഒരു ഭർത്താവും രണ്ടു മക്കളും ഉണ്ടായിരുന്നു.. അത് പോട്ടെ . ന്യൂസിലാൻഡ്  പ്രസിഡന്റ്‌ ജസീന്ത  കേട്ടിട്ടുണ്ടോ ആവോ… പുള്ളിക്കാരിക്കും ഉണ്ട് ഒരു ഭർത്താവും ഒരു കുഞ്ഞും. “

“അതിനിപ്പോ ഞാൻ പ്രസവിക്കണോ?  എനിക്ക് മനസ്സില്ല പോരെ? “

“എടി.. ദൈവം ഈ കഴിവ് പുരുഷന് തന്നിരുന്നെങ്കിൽ നിന്റെ ഒക്കെ കാല് പിടിക്കണ്ടായിരുന്നു… നിന്നേ ഇഷ്ടപ്പെടും പോയി . ഓക്കേ ഞാൻ പോവാ “കൂടുതൽ പറഞ്ഞു പ്രശ്നം വഷളാക്കണ്ടല്ലോ.

പിന്നെ ചിന്തിച്ചു അവളെന്തു കൊണ്ടാവും അങ്ങനെ പറഞ്ഞത്? ഒരു കാരണം ഉണ്ടാവില്ലേ? അവൾ ഈ പറഞ്ഞത് ഒന്നുമല്ല യഥാർത്ഥ കാരണം എന്നെനിക്ക് തോന്നി

കുറെ ചോദിച്ചപ്പോൾ അവൾ പറഞ്ഞു അവളുടെ അമ്മ പ്രസവത്തോടെ ആണ് മരിച്ചത് എന്ന്. അവളുടെ ചേച്ചിയും പ്രസവത്തോടെ മരിച്ചു പോയി..

സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. ഇപ്പൊ അവളുടെ ഭാഗം ശരിയാണ്. അവൾക്ക് പേടി ഉണ്ട്.. നല്ല പേടി. അതാണ് യഥാർത്ഥ കാരണം.

“ശരി പ്രസവിക്കണ്ട കല്യാണം കഴിക്കാം.. ഉം? “

അവൾ സംശയത്തോടെ എന്നെ ഒന്ന് നോക്കി…

“ഞാൻ മാറ്റി പറയില്ല.. എഗ്രിമെന്റ് ഒപ്പിടണോ? ” അവൾ ചിരിച്ചു

കല്യാണം കഴിഞ്ഞു…

പെങ്ങളുടെ മക്കൾ ഒക്കെ വീട്ടിൽ വരുമ്പോൾ അവളോടായി കൂടുതൽ അടുപ്പം. അവൾക്ക് അവരെ പിരിയുമ്പോൾ എന്നേക്കാൾ വലിയ കരച്ചിൽ..

എനിക്ക് അത് കാണുമ്പോൾ ചിരി വരും. പെങ്ങൾ നാലാമതും ഗർഭിണി ആയി വീട്ടിൽ വന്നപ്പോൾ ഞങ്ങൾ ഹാപ്പി ആയി.. അവൾ ഫുൾ ടൈം അവർക്കൊപ്പം തന്നെ.. സ്കാൻ ചെയ്തപ്പോൾ പെങ്ങൾക്ക്  ഇരട്ട കുട്ടികൾ.

“അതേയ് ചേച്ചിയോട് ഒരു കുഞ്ഞിനെ നമുക്ക് തരുമോന്നു ചോദിക്ക്.. ചേച്ചിക്ക് ഇത് കൂടി ചേർത്ത് അഞ്ചു കുഞ്ഞുങ്ങളാകും.. എല്ലാരേം വളർത്താൻ പാടല്ലേ? “അവൾ എന്നെ ഒന്ന് തോണ്ടി

“ഓ. ഒരു പ്രയാസവുമില്ല. അവർ  വളർത്തി കൊള്ളും.. ചേച്ചി വേണെങ്കിൽ ഇനിം പ്രസവിക്കും. അവൾ നിർത്തുകയൊന്നുമില്ല. ചേച്ചിക്കു  കുഞ്ഞുങ്ങളെ..വലിയ ഇഷ്ടമാണ്.  പ്രസവിക്കാൻ പേടിയുമില്ല”

അവൾ മിണ്ടിയില്ല

“എടി പത്തെണ്ണം ഉണ്ടെങ്കിലും ഒരമ്മ കുഞ്ഞിനെ വല്ല നിവൃത്തിയുമുണ്ടെങ്കിൽ ആർക്കും കൊടുക്കില്ല. ഇനി ലോകം കൈക്കുമ്പിളിൽ വെച്ചു കൊടുത്താലും..ചോദിച്ചാൽ എനിക്ക് തല്ലു കിട്ടും. നീ പോയെ”

അവൾ മിണ്ടാതെ ചേച്ചിയുടെ മുറിയിലേക്ക് പോയി..

ചേച്ചി ലേബർ റൂമിലേക്ക്‌ പോയപ്പോൾ അവൾക്കായിരുന്നു പേടി. കുഞ്ഞുങ്ങളെ കണ്ടപ്പോൾ ആ കണ്ണുകൾ നിറഞ്ഞ് തുളുമ്പി.. പാവം കുറച്ചു ദിവസങ്ങൾ കഴിഞ്ഞു രാത്രി കിടക്കുമ്പോൾ അവൾ എന്നെ ഒന്ന് തോണ്ടി…

“അതേയ് ഞാൻ ചേച്ചിയോടെല്ലാം  വിശദമായി ചോദിച്ചു.. ഈ പ്രസവത്തിന്റെ കാര്യം ഒക്കെ.. ചേച്ചി പറഞ്ഞത് നല്ല വേദന ഒക്കെ ഉണ്ടാകും പക്ഷെ കുഞ്ഞിന്റെ മുഖം കാണുമ്പോൾ ഒക്കെ മറക്കും എന്നാ”

“അയിന്..? “

“എനിക്കും വേണം… “

“ങ്ങേ? “ഞാൻ ഞെട്ടി…

“എനിക്കും പ്രസവിക്കണം “

“അല്ല നീ എന്തോന്നോ സമൂഹത്തിൽ എന്തൊ കാര്യങ്ങൾ ഒക്കെ.. ചെയ്തു തീർക്കാൻ പോവാണെന്നോ മറ്റോ “ഞാൻ കള്ളച്ചിരി ചിരിച്ചു…

“പോ അവിടുന്ന്. നിങ്ങളല്ലേ പറഞ്ഞത് ഇന്ദിര ഗാന്ധിക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നു ന്നു പറഞ്ഞത്? “ഞാൻ പൊട്ടിച്ചിരിച്ചു…

“പക്ഷെ മോളെ എനിക്കിപ്പോ ആ മൈൻഡ് അല്ല. നീ പറഞ്ഞത് ആണ് സത്യം.. പ്രസവത്തിൽ നിനക്ക് എന്തെങ്കിലും വന്നാലോ…? “

“അത് പേടിച്ചിട്ട്…അന്ന് അങ്ങനെ പറഞ്ഞതല്ലേ?  “അവൾ മുഖം വീർപ്പിച്ചു…

“ഈ കുടുംബത്തിൽ ഇപ്പൊ നാലഞ്ച് കുഞ്ഞുങ്ങൾ ഇല്ലേ?  അത് മതി “

“അവരൊക്കെ പോവില്ലേ…? നമുക്കും വേണം കുറെ കുഞ്ഞുങ്ങൾ.. എനിക്കും ഇത് പോലെ വലിയ വയർ ഒക്കെ ആയിട്ട് നടക്കണം.

വയറ്റിൽ വാവ അനങ്ങുന്നത് അറിയണം.. എന്റെ കുഞ്ഞ് ഭൂമിയിൽ ജനിച്ചു വീഴുമ്പോൾ ആദ്യം എനിക്ക് കാണണം.  പാല്  കൊടുക്കണം..

എന്നെ അമ്മേ എന്ന് വിളിക്കുമ്പോൾ… “അവളുടെ ഒച്ച ഇടറി. “കുറെ  കുഞ്ഞുങ്ങൾ.. വീട് നിറച്ചും.. എന്ത് രസാ അല്ലെ? “കണ്ണീരിനിടയിലൂടെ അവൾ ചിരിച്ചു.

“മോളെ.. നിനക്ക് പേടി അല്ലെ? “

ഞാൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു..

“ഞാൻ മരിച്ചാലും സാരോല്ല. എനിക്ക് കുഞ്ഞിനെ വേണം. നൊന്തു പ്രസവിക്കണം.. എന്നോട് ദേഷ്യമുണ്ടോ ഏട്ടാ? ഞാൻ അങ്ങനെ ഒക്കെ അന്ന് പറഞ്ഞതിന്?”

ഞാൻ ആ നെറ്റിയിൽ ചുണ്ടമർത്തി. സത്യത്തിൽ ഒരക്ഷരം മിണ്ടാൻ എനിക്ക് പറ്റുന്നില്ലായിരുന്നു

അവൾ ഒരിക്കലും പ്രസവിക്കില്ല എന്ന് പറഞ്ഞെങ്കിലും ഞാൻ ഇത് പോലെ തന്നെ സ്നേഹിച്ചേനെ.. കാരണം എനിക്ക് അവളെ മനസിലായി എന്നത് തന്നെ.

എന്റെ ഖൽബ്.. എന്റെ പെണ്ണ്…

Leave a Reply

Your email address will not be published. Required fields are marked *