താലി ചാർത്തുന്ന സമയം നന്ദന്റെ സാന്നിധ്യം പോലെ, അവന്റെ ആശിർവാദം പോലെ..

നന്ദൻ
(രചന: Nisha L)

“അമ്മേ…… ” നന്ദൻ വേദന സഹിക്കാൻ വയ്യാതെ അലറി കരഞ്ഞു.

“ദൈവമേ നീ എന്തിനാ എന്റെ കുഞ്ഞിനോട് ഈ ദ്രോഹം ചെയ്തത്.?”.. രാധ വിലപിച്ചു.

നന്ദനെ കാണാൻ വന്ന മീനു, അവിടെ കയറാതെ തിരികെ വീട്ടിലേക്ക് പോയി… മീനുവിന്റെ ഓർമ്മകൾ പിറകിലേക്ക് സഞ്ചരിച്ചു….

“ഈശ്വര… എട്ടു മണിയായോ… “അവൾ ഓടി ജനലരികിൽ എത്തി മറഞ്ഞു നിന്നു. ആ….
ബൈകിന്റെ സൗണ്ട് കേൾക്കുന്നുണ്ട്.

നന്ദൻ പോകുന്നത് അവൾ മറഞ്ഞു നിന്നു കണ്ടു. ഇതിപ്പോ ഒരു ശീലമായിരിക്കുന്നു. ഇങ്ങനെ വായിനോക്കുമ്പോൾ ചുമ്മാ ഒരു മനസുഖം…അത്രേയുള്ളൂ…

” ഹോ… കറുപ്പിന് ഏഴ് അഴകാണെന്നുള്ള പഴഞ്ചൊല്ല് ഇയാളെ കണ്ടിട്ട് ഉണ്ടാക്കിയതാണെന്ന് തോന്നുന്നു. എന്തൊരു ഐശ്വര്യം ആണ് ഈ മനുഷ്യന്..”

“മീനു നിനക്ക് പോകാറായില്ലേ…”? അമ്മ വിളിച്ചു ചോദിച്ചു.

” ദേ വരുന്നു അമ്മേ…”

അവൾ പെട്ടെന്ന് റെഡി ആയി കോളേജിൽ പോകാൻ സ്കൂട്ടിയും എടുത്ത് ഇറങ്ങി… പോകും വഴിയിൽ ചങ്ക് കൂട്ടുകാരി പ്രിയയെയും കൂട്ടി.

കോളേജ് എത്തി സ്കൂട്ടി ഒതുക്കി അവർ ക്ലാസ്സിലേക്ക് നടന്നു..

“ഡി ആ നന്ദൻ സാറിന് നിന്നെ കാണുമ്പോൾ ഒരു ഒളിഞ്ഞു നോട്ടം പോലെ ഉണ്ടെന്ന് തോന്നുന്നു…”പ്രിയ പറഞ്ഞു.

“ങ്‌ഹേ എന്നെയോ.. “

“അതിനു നീ ഇങ്ങനെ തുള്ളി ചാടുന്നത് എന്തിനാ…. സത്യം പറയെടി… ഞാൻ അറിയാതെ രണ്ടും കൂടി ലൈൻ വലിക്കുവായിരുന്നോ…? “

“അല്ലെടി… ഞാൻ എന്നും പുള്ളി പോകുമ്പോൾ ഒളിഞ്ഞു നോക്കുമായിരുന്നു. പുള്ളിയും എന്നെ നോക്കുന്നു എന്ന് കേട്ടപ്പോ ഒരു സന്തോഷം അത്രേയുള്ളൂ. “

“ഡി.. ആരെ വായിനോക്കിയാലും നമ്മൾ ഒരുമിച്ചല്ലേ നോക്കാറുള്ളത്. എന്നിട്ട് ഇതു നീ എന്നോട് പറഞ്ഞില്ലല്ലോ”… പ്രിയ പരിഭവം പറഞ്ഞു.

“അങ്ങനെ ഇപ്പൊ നീ നോക്കണ്ട….. “

“എന്താടി പ്രേമമാണോ…? “

” അറിയില്ല… സാറിനെ കാണുമ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം. പ്രേമം ആണോ എന്നൊന്നും എനിക്ക് അറിയില്ല..”

പ്രേമമാണോ അതോ ഒരു നേരമ്പോക്കോ… മീനു ആലോചിച്ചു… ആവോ… അറിയില്ല..

നന്ദൻ പഠിപ്പിക്കുന്ന കോളേജിൽ ആണ് മീനുവും പ്രിയയും പഠിക്കുന്നത്… കൂടാതെ അയൽക്കാരുമാണ്. നന്ദൻ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ്ലും മീനു സയൻസിലും ആണ്… അയല്പക്കം ആണെങ്കിലും മീനു  നന്ദനോട് സംസാരിച്ചിട്ടില്ല.

നന്ദൻ വീട്ടുകാർക്കും,  നാട്ടുകാർക്കും, അധ്യാപകർക്കും, കുട്ടികൾക്കും എല്ലാം ഒരു പോലെ പ്രിയപ്പെട്ടവനാണ്. മിതഭാഷി.. പക്വതയുള്ള പെരുമാറ്റം..

“മീനു ഒന്ന് നിൽക്കു… .”നന്ദൻ വിളിച്ചു… അവൾ തിരിഞ്ഞു നോക്കി…

നന്ദൻ സാറോ….?

“ഇന്ന് ജനലരികിൽ കണ്ടില്ലല്ലോ.. എന്തു പറ്റി…? “അവൾ ഒന്ന് ഞെട്ടി..

“ദൈവമേ എന്റെ ഒളിഞ്ഞു നോട്ടം ഈ മനുഷ്യൻ കാണുന്നുണ്ടായിരുന്നൊ…. ഛെ…. നാണക്കേട് ആയല്ലോ…

“അല്ല ഒന്നും പറഞ്ഞില്ല… “

“അതു… പിന്നെ… ഞാൻ… “

“തനിക്കു എന്നോട് പ്രേമമാണോ… “

“അയ്യോ അല്ല സാർ.. “

“പിന്നെ എന്തിനാ എന്നെ ഒളിഞ്ഞു നോക്കുന്നത്..? “

“അത്.. ഞാൻ… “

“കൂടുതൽ ഉരുളണ്ട… എനിക്ക് തന്നെ ഇഷ്ടമാണ്… കോഴ്സ് കംപ്ലീറ്റ് ആകുമ്പോൾ ഞാൻ വന്നു ചോദിക്കട്ടെ തന്റെ വീട്ടിൽ…. തന്നെ എനിക്ക് കെട്ടിച്ചു തരുമോ എന്ന്… “

മീനു അന്തം വിട്ടു നിന്നു…

ഞാൻ സ്വപ്നം കാണുവാണോ… അവൾ സ്വന്തം കൈയിൽ നുള്ളി നോക്കി..

“ഡോ.. താനിത് ഏത് ലോകത്താ… “നന്ദൻ വിരൽ നൊടിച്ചു ചോദിച്ചു…

“എനിക്ക് ഈ കോളേജ് പിള്ളേരെ പോലെ പ്രണയം പറയാൻ ഒന്നും അറിയില്ല… അതു പോലെ പാർക്കിലും ബീച്ചിലും ചുറ്റി കറങ്ങാനും പറ്റില്ല.. തനിക്കു ഇഷ്ടമാണെങ്കിൽ പറഞ്ഞോളൂ..”

“മ്മ്…”അവൾ അറിയാതെ തലയാട്ടി…
നന്ദൻ ഒരു ചെറു ചിരിയോടെ നടന്നു പോയി

ലൈബ്രറിയിൽ നിന്ന് വന്ന പ്രിയ കിളി പോയി നിൽക്കുന്ന മീനുവിനെയാണ് കണ്ടത്..

“ഡി..നിനക്ക് എന്താ പറ്റിയത്..? “

മീനു അവളെ കെട്ടിപിടിച്ചു… “ഡി നന്ദൻ സർ എന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞു.. “

“ങ്‌ഹേ.. ഞാൻ ഒരു പത്തു മിനിറ്റ് മാറിയപ്പോഴേക്കും ഇത്രയും ഇവിടെ നടന്നോ…? “പ്രിയ അത്ഭുതത്തോടെ ചോദിച്ചു..

“എന്നിട്ട് നീ എന്തു പറഞ്ഞു.. “?

“ഇഷ്ടമാണെന്നു.. “

“ങ്‌ഹേ…”

“ങ്ഹാ… സർ ചോദിച്ചപ്പോഴാ എനിക്ക് മനസിലായത് എനിക്കും സാറിനോട് പ്രേമമാണെന്ന്… “മീനു ചിരിയോടെ പറഞ്ഞു…

ഇടയ്ക്കിടെയുള്ള കുഞ്ഞു കുഞ്ഞു നോട്ടത്തിലൂടെയും പുഞ്ചിരികളിലൂടെയും അവർ നിശബ്ദമായി പ്രണയിച്ചു കൊണ്ടിരുന്നു…

എക്സാം അടുത്തു വന്നു.. പിന്നീട് അതിന്റെ തിരക്കുകൾ ടീച്ചേഴ്സിനും കുട്ടികൾക്കും തുടങ്ങി..
നല്ല മാർക്ക്‌ വാങ്ങി ജയിച്ചോണം എന്ന നന്ദന്റെ വാക്കുകൾ കേട്ട് അവൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു…

“ഭാമേ നീയറിഞ്ഞോ..? ആ നന്ദന് ബ്രെയിൻ ട്യുമർ ആണെന്ന്…. “

എക്സാം എല്ലാം കഴിഞ്ഞ ആശ്വാസത്തിൽ പത്തു മണി വരെ കിടന്നു ഉറങ്ങിയിട്ട് എഴുന്നേറ്റു വന്ന മീനു,,  അടുത്ത വീട്ടിലെ ശാരദ ആന്റി അമ്മയോട് പറയുന്നത് കേട്ട് ഞെട്ടി തരിച്ചു നിന്നു പോയി…

അവൾ ഓർത്തു… കഴിഞ്ഞ കുറച്ചു ദിവസം മുൻപ് നന്ദനെ കണ്ടപ്പോൾ വല്ലാത്ത ക്ഷീണത്തിൽ മുഖം ഇരിക്കുന്നത് കണ്ടു താൻ ചോദിച്ചിരുന്നു…

“എന്തു പറ്റി … സുഖമില്ലേ…? “

” ഓഹ്… വല്ലാത്ത തലവേദന… രണ്ടു ദിവസം ലീവ് എടുക്കുകയാണെടോ.. “

പിന്നെ സാറിനെ താൻ കണ്ടില്ല… എക്സാം തിരക്ക് ആയതു കൊണ്ട് ആയിരിക്കും എന്ന് കരുതി.. പക്ഷേ… ആ ഒരു തലവേദന ഇത്രയും വലിയ ഒരു അസുഖത്തിന്റെ മുന്നോടിയായിരുന്നു എന്ന് താൻ ഒരിക്കലും വിചാരിച്ചില്ല…

ദൈവമേ…. എന്തിനാ ഇങ്ങനെ ഒരു പരീക്ഷണം…  ഒന്ന് പൊട്ടിക്കരയാൻ അവൾ ആഗ്രഹിച്ചു… പക്ഷേ അമ്മ ചോദിച്ചാൽ താൻ എന്തു പറയും…

അപ്പോഴാണ് അടുക്കളയിലേക്ക് വന്ന ഭാമ അവളെ കണ്ടത്…

“മോളെ അറിഞ്ഞോ നന്ദന് ബ്രെയിൻ ട്യൂമർ ആണെന്ന്… “

“മ്മ്… ശാരദാന്റി പറയുന്നത് കേട്ടു. കരച്ചിൽ അടക്കി പിടിച്ച് അവൾ പറഞ്ഞു.. ഞാൻ കുറച്ചു കൂടി ഉറങ്ങട്ടെ അമ്മേ… ഉറക്കം തികഞ്ഞില്ല…. “

“ചായ കുടിച്ചിട്ട് പോ മോളെ…. “

“വേണ്ട… പിന്നെ മതി… ” മുറിയിൽ എത്തിയ അവൾ പൊട്ടി കരഞ്ഞു… നെഞ്ചിൽ ആകെ ഒരു നീറ്റൽ…. തല പൊട്ടി പിളരുന്നു… നന്ദന്റെ മുഖം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..

ഓർക്കുമ്പോൾ ശ്വാസം മുട്ടി മരിക്കാൻ പോകും പോലെ…. ഈശ്വര…. സാറിന്റെ അസുഖം പെട്ടന്ന് മാറ്റി കൊടുക്കണേ. അവൾ കരച്ചിലിന് ഇടയിലും മനസ്സുരുകി പ്രാർത്ഥിച്ചു..

അപ്പോഴേക്കും വിവരം അറിഞ്ഞു പ്രിയ ഓടിയെത്തി. അവൾ പ്രിയയെ കെട്ടിപിടിച്ചു കരഞ്ഞു. പ്രിയ പലതും പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും അവളുടെ വിഷമം മാറ്റാൻ ഉതകിയില്ല…

“ഭാമേ നന്ദനെ ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് വന്നു. ഞാൻ വരുന്ന വഴി കയറി കണ്ടു. പാവം കുട്ടി. പഴയ രൂപം തന്നെ മാറി പോയി.. നീ മോളെയും കൂട്ടി ഒന്ന് പോയി കണ്ടിട്ട് വാ… “അച്ഛൻ പറഞ്ഞു..

“മോള് വരുന്നോ..? “

“വരുന്നമ്മേ… “

“എന്റെ കുഞ്ഞിന് ഈ ഗതി വന്നല്ലോ ഭാമേ.”…

അമ്മയെ കണ്ടതേ രാധമ്മ കരയാൻ തുടങ്ങി..

“കരയാതെ രാധമ്മേ… നന്ദൻ പെട്ടെന്ന് സുഖമായി വരും.. വിഷമിക്കാതെ.. “

ഭാമ രാധയെ ആശ്വസിപ്പിച്ചു പുറത്തേക്ക് കൊണ്ട് പോയി..

മീനു നന്ദന് അരികിൽ ഇരുന്നു. അവന്റെ കൈ എടുത്തു മടിയിൽ വച്ചു തലോടി..

മുടിയൊക്കെ പോയിരിക്കുന്നു. മുഖം ചീർത്തു വല്ലാതെ ആയിരിക്കുന്നു. കണ്ണുകളിൽ തളർച്ച. ശരീരം ആകെ ക്ഷീണിച്ചു പോയത് പോലെ.. അവൻ അവളെ കണ്ണെടുക്കാതെ നോക്കി കിടന്നു..

“തനിക്കു തന്ന വാക്ക് പാലിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ലെടോ… ” അവൾ അവന്റെ വാ പൊത്തി.

“ഒന്നും സംഭവിക്കില്ല.. തിരിച്ചു വരും. എനിക്ക് ഉറപ്പുണ്ട്. “

എന്തൊക്കെയോ പറഞ്ഞു അവനെ ആശ്വസിപ്പിക്കണം എന്നുണ്ട് പക്ഷേ വാക്കുകൾ ഒന്നും പുറത്തു വരുന്നില്ല. ഒക്കെയും തൊണ്ടയിൽ കുടുങ്ങി കിടക്കുന്നു. എന്തെങ്കിലും സംസാരിച്ചാൽ താൻ ഉറക്കെ കരഞ്ഞു പോയേക്കുമോ എന്നവൾ ഭയന്നു…

“സഹിക്കാൻ പറ്റാത്ത വേദനയാടോ, അപ്പോൾ മരിച്ചാൽ മതിന്ന് തോന്നും… നിന്നെ കുറിച്ച് ഓർക്കുമ്പോൾ വിഷമമാണ്. വെറുതെ മോഹം തന്നു ഞാൻ.. ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുവാ…”

” മീനു….. എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ നീ മറ്റൊരു കല്യാണം കഴിക്കണം… എന്നെ ഓർത്തു ജീവിതം കളയരുത് “.. തകർന്നു പോകരുത് നീ….

അവൾ ദയനീയമായി അവനെ നോക്കി. ഒന്നും മിണ്ടാതെ അവന്റെ തലയിൽ ഒന്ന് തലോടി അവൾ പുറത്തേക്ക് പോയി…

പിന്നീട് ഇന്നാണ് നന്ദനെ കാണാൻ വന്നത്. പക്ഷേ അവന്റെ നിലവിളി കേട്ട് അവൾ അവനെ കാണാൻ കൂട്ടാക്കാതെ തിരികെ പോയി. ഈ അവസ്ഥയിൽ തനിക്കു തന്റെ നന്ദൻ സാറിനെ  കാണണ്ട എന്നവൾക്ക് തോന്നി……

“ഭാമേ…….. “

കോളേജിൽ പോകാൻ ഒരുങ്ങി കൊണ്ടിരുന്ന മീനുവും, അടുക്കളയിൽ തിരക്കിട്ട പണിയിൽ ആയിരുന്ന ഭാമയും അച്ഛന്റെ വിളി കേട്ട് മുറ്റത്തേക്ക് ഇറങ്ങി.

“നമ്മുടെ നന്ദൻ കുഞ്ഞു മരിച്ചു..”

“അയ്യോ…. “അമ്മ നിലവിളിച്ചു.

കേട്ടത് വിശ്വസിക്കാൻ ആകാതെ,  ഒന്നുറക്കെ കരയാൻ പോലുമാകാതെ മീനു അവിടെ തന്നെ മരവിച്ചു നിന്നു പോയി. അവളുടെ നിൽപ്പ് കണ്ടു ഭയന്നു ഭാമ അവളെ വലിച്ചു അകത്തേക്ക് കൊണ്ട് പോയി. സെറ്റിയിൽ അവളെ ഇരുത്തി ഭാമ അടുത്തിരുന്നു.

“മോൾക് നന്ദനെ ഇഷ്ടമായിരുന്നോ…? “

ആ ചോദ്യം കേട്ടപ്പോൾ തന്നെ അവൾ അമ്മ യെ കെട്ടിപിടിച്ചു പൊട്ടി പൊട്ടി കരഞ്ഞു. അത്രയും നാൾ മനസ്സിൽ അടക്കി വെച്ച സങ്കടം ഒക്കെയും അവൾ ഒഴുക്കി കളഞ്ഞു. ഭാമ അവളുടെ തലയിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

“എനിക്ക് മനസ്സിലായിരുന്നു മോളെ. നന്ദനെ കാണുമ്പോൾ നിന്റെ കണ്ണിൽ തിളങ്ങിയ സ്നേഹം….  നിന്റെ അമ്മയല്ലേ ഞാൻ.എനിക്ക് മനസിലാകില്ലേ നിന്നെ..” വിഷമിക്കാതെ…. എല്ലാം നേരിടാൻ ഉള്ള ശക്തി എന്റെ കുഞ്ഞിന് ദൈവം തരട്ടെ…. “

തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാൻ കോളേജിൽ നിന്ന് കുട്ടികളും അധ്യാപകരും അടക്കം ആ നാടു മുഴുവൻ വന്നു. അവരിൽ ഒരാളായി മീനുവും.. പ്രിയ ഒരു ആശ്വാസം പോലെ അവളുടെ ഒപ്പം തന്നെ നിന്നു…

നന്ദൻ മരിച്ചിട്ട് ആറ് വർഷം കഴിയുന്നു. അവന്റെ മരണത്തോടെ മീനു ഒരുപാട് മാറിപോയി. കളിചിരികൾ നിന്നു. ബഹളങ്ങൾ ഇല്ലാതെയായി. വല്ലാതെ പക്വത വന്നത് പോലെ.

നന്ദന്റെ ആഗ്രഹം പോലെ നന്നായി പഠിച്ചു. ഇന്നവൾ ഒരു ഹൈസ്കൂൾ ടീച്ചർ ആണ്. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്ന് പറയുന്നത് പോലെ നന്ദൻ നോവുള്ള ഒരു സത്യമായി അവളുടെ മനസിന്റെ ഒരു കോണിൽ ആരും കാണാതെ ഇടം പിടിച്ചു.

ഇന്നാണ് മീനുവിന്റെ വിവാഹം.. ഐടി പ്രൊഫഷണൽ ആയ കിരണുമായി. താലി ചാർത്തുന്ന സമയം നന്ദന്റെ സാന്നിധ്യം പോലെ, അവന്റെ ആശിർവാദം പോലെ ഒരു മന്ദമാരുതൻ അവളെ തലോടി കടന്നു പോയി….

നന്ദനെ കുറിച്ച് കിരണിനോട് അവൾ പറഞ്ഞിട്ടില്ല. കിരൺ വളരെ ഫ്രണ്ട്‌ലി ആണ്. എന്തും തുറന്നു പറയാനുള്ള അടുപ്പവും അവനോട്  ആയിട്ടുണ്ട്. പക്ഷേ എന്തു കൊണ്ടോ നന്ദനെ കുറിച്ച് അവനോട് പറയാൻ മനസു വന്നില്ല.

അവൻ തന്റെ മാത്രം സ്വകാര്യമായി ഇരിക്കുന്നതാണ് അവൾക്കു ഇഷ്ടം. മറ്റൊരാൾക്കും പങ്കു വയ്ക്കാൻ താല്പര്യമില്ലാത്ത സ്വന്തം സ്വകാര്യ ദുഃഖം. തന്റെ മാത്രം… തന്റെ മാത്രം സ്വന്തം…

Leave a Reply

Your email address will not be published. Required fields are marked *