നിശബ്ദതയിലാണ്ട്‌ കിടക്കുന്ന ആ വലിയ വീടിനുള്ളിലേക്ക് എന്നെയും കൊണ്ട്..

അവളും ഞാനും (അവസാനഭാഗം )

നിശബ്ദതയിലാണ്ട്‌ കിടക്കുന്ന ആ വലിയ വീടിനുള്ളിലേക്ക് എന്നെയും കൊണ്ട് പ്രവേശിക്കുമ്പോൾ…

അവൾ പരിഭ്രമത്തോടെ ചുറ്റുപാടും നോക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

വൃത്തിയായി അലങ്കരിച്ചിരുന്ന ആ വീടിന്റെ ഉൾഭാഗത്തു മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളു എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ജനാലകളും വാതിലുകളും അടഞ്ഞു കിടന്നിരുന്നു.

വീടിനുള്ളിൽ എവിടെയോ ഒരു പൂച്ച അമർത്തി മുരളുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.

സ്വീകരണമുറിയും കടന്ന് അവൾ എന്നെയും കൊണ്ട് നടന്നെത്തിയത് ആ വീട്ടിലേ ഏറ്റവും ചെറിയ റൂം എന്ന് തോന്നിച്ച ഒരു കുടുസ്സുമുറിയിലേക്കായിരുന്നു.

അവിടുത്തെ ഒരു ചാരുകസേരയിൽ എന്നെ ഇരുത്തിയത്തിന് ശേഷം നടുനിവർത്തുന്ന പെങ്കൊച്ചിനെ ഞാൻ സൂക്ഷിച്ചു നോക്കി.

“ഇവിടാകെ ഇരുട്ടാണല്ലോ, ഈ വീട്ടിൽ വെട്ടവും വെളിച്ചവുമില്ലേ, ആ ലൈറ്റ് ഒന്നിടു കൊച്ചേ? “

ആ സംസാരം ഇഷ്ട്ടപെടാത്തതു പോലെഎന്നെയൊന്ന് തുറിച്ചു നോക്കിയത്തിന് ശേഷം ആ മുറിയുടെ വാതിൽ ചാരിയിട്ട് അവൾ ഭിത്തിയിലെ സ്വിച്ചിൽ വിരലമർത്തിയപ്പോൾ മുറിയിൽ പ്രകാശം പരന്നു.

അപ്പോഴാണ് ഞാനാ റൂം വിസ്തരിച്ചു കാണുന്നത്.കാൻവാസിൽ വരച്ച ഒരുപാട് ചിത്രങ്ങൾ ആ മുറിയിലെ ഭിത്തികളിൽ അങ്ങിങ്ങായി ഞാണ്ടുകിടപ്പുണ്ടായിരുന്നു.

ചിത്രം വരക്കാൻ ഉപയോഗിക്കുന്ന ബ്രഷുകളും പലനിറത്തിലുള്ള ചായകൂട്ടുകളും നിലത്ത് ചിതറികിടന്നിരുന്നു.

‘ഓഹ്, ഇവളപ്പോൾ ചിത്രകാരിയാണല്ലേ’ ഞാനത് മനസ്സിലോർത്തു.

“ദാഹിക്കുന്നു, കുടിക്കാനെന്തെങ്കിലും? ” ഞാനത് പറഞ്ഞപ്പോൾ അൽപ്പം നീരസത്തോടെയാണെങ്കിലും അവൾ ഒന്നും മിണ്ടാതെ വാതിൽ തുറന്ന് പുറത്തേക്ക് പോയി.

ആ മുറിയിൽ വീണ്ടും തനിച്ചായപ്പോൾ ക്യാൻവാസിൽ വരച്ചിട്ട ചിത്രങ്ങളിലേക്ക് വീണ്ടും ഞാൻ കണ്ണോടിച്ചു.

പൂക്കളുടെയും മനുഷ്യരുടെയും മൃഗങ്ങളുടെയും വിവിധതരം ചിത്രങ്ങൾ അതിൽ കോറിയിട്ടിരുന്നു….

വളരെ മനോഹരമായിരുന്നു അവയെങ്കിലും എന്തോ ഒരു കുറവ് അതിലെല്ലാത്തിലുമുള്ളതായി എനിക്കനുഭവപ്പെട്ടു. വീണ്ടും ഒരിക്കൽകൂടി ശ്രദ്ധിച്ചപ്പോൾ എനിക്കാ കുറവ് മനസിലായി.

ആ ചിത്രങ്ങളിൽ ഒന്നിൽ പോലും മഞ്ഞനിറം ചേർത്തിട്ടില്ല. മഞ്ഞനിറമില്ലാത്ത പൂക്കൾ, മനുഷ്യർ, മൃഗങ്ങൾ, ചിത്രശലഭം…

അപ്പോഴേക്കും ആ മുറിയിലേക്ക് കടന്നു വന്ന അവൾ കയ്യിലിരുന്ന ചില്ല് ഗ്ലാസ് എന്റെ നേർക്ക് നീട്ടി.

അതിലുള്ളത് എന്താണെന്ന് മനസിലാക്കാൻ എനിക്കാ പാനീയം രുചിക്കേണ്ട അവശ്യമുണ്ടായിരുന്നില്ല, അതിൽ നിന്നുയർന്ന, ആരെയും മത്തുപിടിപ്പിക്കുന്ന മണത്തിൽ നിന്നുതന്നെ ഞാനതെന്താണെന്ന് മനസിലാക്കി.

എന്നെ ആ ഇരിപ്പിരുത്താൻ കാരണക്കാരനായ, കൽക്കണ്ടത്തിന്റെ മധുരമുള്ള ആ മാമ്പഴം കൊണ്ടുള്ള ജ്യൂസ്‌ ആയിരുന്നു ഗ്ലാസ് നിറയെ. ഒറ്റവലിക്ക് പകുതിയോളം കുടിച്ചു ഞാനാ മാമ്പഴ സത്തിന്റെ രുചി കണ്ണടച്ചൊന്ന് ആസ്വദിച്ചു.

“ആഹാ, അസ്സലായിട്ടുണ്ട് “

അതിന് മറുപടിപറയാതെ അലക്ഷ്യമായെങ്ങോ മിഴികളൂന്നി അവൾ നിന്നപ്പോൾ ഞാൻ വീണ്ടും സംസാരിച്ചു തുടങ്ങി.

“ന്തൂട്ടാ കൊച്ചിന്റെ പേര്? “

“എസ്തേർ ” ഞാവൽപഴത്തിന്റെ നിറമുള്ള ചുണ്ടുകൾ പിളർന്ന് ആ മറുപടി വരാൻ അൽപ്പം താമസമെടുത്തു.

“എസ്തേർ.” ഞാനാ പേര് മനസിലൊരവർത്തി ഉരുവിട്ടു.

“എസ്ത്രേ, താനീ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാറില്ലേ? “

“ഇല്ല ” അവളുടെ ശബ്ദം താഴ്ന്നിരുന്നു.

“അതെന്താ? “

“പുറത്തേക്കിറങ്ങാൻ തോന്നാറില്ല, അത്രതന്നെ.”

“ഇടക്കൊക്കെ വീടിന് പുറത്തേക്കിറങ്ങി സൂര്യപ്രകാശമൊക്കെ ഒന്ന് കൊണ്ടൂടെ? വെറുതെയല്ല മുഖം വെളുത്തു വെളുത്തു ഇംഗ്ളീഷ് പടത്തിലെ പ്രേതത്തെപോലെയിരിക്കുന്നത്. “

“എന്നെ കാണാൻ പ്രേതത്തെപോലെയാണോ? “അത് ചോദിക്കുമ്പോൾ എസ്തേറിന്റെ മുഖത്തു ഒരു വല്ലായ്ക പ്രകടമായിരുന്നു.

“ആന്നേ, നാട്ടുകാർ പറയുന്നത് ഈ വീട്ടിൽ പ്രേതമുണ്ടെന്നാ, അത് മിക്കവാറും തന്നെ കണ്ടിട്ടായിരിക്കും. “

“ശ്യോ, പതുക്കെ.. മമ്മി കേൾക്കും. “പരിഭ്രമത്തോടെ വാതിൽ ചാരികൊണ്ടാണ് എസ്തേർ അത് പറഞ്ഞത്.

“ആഹാ, കുട്ടീടെ മമ്മിച്ചി.. സോറി, അമ്മച്ചി ഇവിടുണ്ടാർന്നോ? എന്നിട്ടെന്താ എന്നെ പരിചയപെടുത്താഞ്ഞത്? ” ഞാനത് ശബ്ദം താഴ്ത്തിയാണ് അവളോട് ചോദിച്ചത്.

“അപരിചിതരാരും വീട്ടിൽ വരുന്നത് മമ്മിക്ക് ഇഷ്ട്ടല്ല” അത് പറയുമ്പോൾ എസ്തറിന്റെ ശബ്ദത്തിൽ അൽപ്പം നിരാശകലർന്നതുപോലെ എനിക്ക് തോന്നി.

“എന്നിട്ട് കുട്ടീടെ അമ്മച്ചി എന്ത്യേ? “

“മമ്മി കഴിഞ്ഞ മാസം കാല് തെന്നിയൊന്ന് വീണു. നട്ടെല്ലിന് ഫ്രാക്ച്ചർ ഉണ്ട്, ഇപ്പൊ  എണീറ്റ് നടക്കാൻ ബുദ്ധിമുട്ടാ “

“ഓഹ്, ഏകദേശം എന്റെ ഇപ്പോഴത്തെ അവസ്ഥപോലെ അല്ലേ? ” ചാരുകസേരയിൽ ഇളകിയിരുന്നുകൊണ്ടായിരുന്നു എന്റെ ചോദ്യം.

“അതിന് എന്റെ മമ്മി മാമ്പഴം കട്ടെടുക്കാൻ പോയപ്പോഴല്ല വീണത് ” എസ്തേറിന്റെ ആ ഡയലോഗ് കേട്ടപ്പോൾ ഞാനൊന്ന് ചമ്മിപോയി. ആ ചമ്മൽ മാറ്റാൻ വേണ്ടി ഞാൻ മറ്റുകാര്യങ്ങൾ അവളോട് ചോദിക്കാൻ തുടങ്ങി.

“കുട്ടി വരച്ചതാണോ ഈ പെയിന്റിങ്ങുകൾ? “

“ഹമ് ”  എസ്തേർ ഒരു മൂളലിൽ മറുപടിയൊതുക്കി.

“കൊള്ളാം ട്ടാ, നന്നായിട്ടുണ്ട് ” ഞാനവളെ ചെറുതായൊന്നു അഭിനന്ദിച്ചുനോക്കി, പതയുമോന്ന് അറിയണല്ലോ..

“തനിക്ക് തനിയേ നടക്കാൻ കഴിയുമോ? ഞാൻ വാതിൽ തുറന്നുതരട്ടെ..? “എസ്തേർ എന്നെ വീട്ടീന്ന് പുറത്താക്കുവാൻ ധൃതികൂട്ടുന്നത് ഞാൻ മനസിലാക്കി.

“അല്ല എസ്ത്രേ, ഈ ചിത്രങ്ങളിൽ ഒന്നിൽപോലും മഞ്ഞനിറം ഉപയോഗിച്ചിട്ടില്ലല്ലോ? അതെന്തുപറ്റി? ” ക്യാൻവാസിൽ ചിത്രങ്ങൾ നോക്കിയായിരുന്നു എന്റെയാ ചോദ്യം.

“ഈ ചിത്രങ്ങളിൽ ഇവിടെയും അത് ചേർക്കേണ്ടതായി എനിക്ക് തോന്നിയില്ല, പിന്നെ എനിക്ക് മഞ്ഞനിറം ഇഷ്ടമല്ല “

‘മോള് തീട്ടമഞ്ഞ മാത്രേ കണ്ടിട്ടുണ്ടാവൂ,’ ഞാനത് പിറുപിറുത്തപ്പോൾ എസ്തേർ എന്നെ സൂക്ഷിച്ചു നോക്കി.

“താൻ എന്താ പറഞ്ഞേ? “

“അതുപിന്നെ കുട്ടി യഥാർത്ഥ മഞ്ഞനിറം കാണാത്തതുകൊണ്ടായിരിക്കും എന്ന് പറഞ്ഞതാ ” ഞാൻ സൂത്രത്തിൽ ഒരു നുണ പറഞ്ഞൊപ്പിച്ചു.

“ഓ, കുറ്റം പറഞ്ഞയാൾ എന്നാപിന്നെ ഇതുപോലൊരെണ്ണം വരച്ചു കാണിക്കാമോ? ” അവളുടെ സ്വരത്തിലെ പുച്ഛം കലർന്നിരുന്നതായി ഞാനറിഞ്ഞു.

“അത് പിന്നെ.. ” ഞാനത് പറഞ്ഞവസാനിപ്പിക്കുന്നതിന് മുൻപേ എസ്തേർ ചുണ്ടുകൾക്ക് മുകളിൽ വിരൽ കൂട്ടിപ്പിടിച്ചു ‘മിണ്ടല്ലേ ‘ എന്ന ആംഗ്യം കാണിച്ചുകൊണ്ട് ചെവി വട്ടംപിടിച്ചു എന്തോ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“മമ്മി ഉണർന്നെന്നു തോന്നുന്നു, ഞാൻ ഇപ്പൊ വരാം ” പരിഭ്രമത്തോടെ അത് പറഞ്ഞുകൊണ്ട് എസ്തേർ മുറിവിട്ടിറങ്ങിയപ്പോൾ ചുമരിൽ തൂങ്ങികിടക്കുന്ന ക്യാൻവാസുകളിലൊന്നിലേക്ക് ഞാൻ വീണ്ടും ശ്രദ്ധിച്ചു.

“മനോഹരമായി പുഞ്ചിരിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ മുഖമായിരുന്നു എസ്തേർ ആ ക്യാൻവാസിൽ വരച്ചുചേർത്തിരുന്നത്.

ആ ചിത്രത്തിന് എസ്തേറിന്റെ മുഖച്ഛായ ഉള്ളതുപോലെ എനിക്കൊരു നിമിഷം തോന്നി. വെളുത്തതും കറുത്തതുമായ നിറങ്ങൾ മാത്രമായിരുന്നു ആ മുഖം വരക്കാൻ അവൾ ഉപയോഗിച്ചിരുന്നത്.

പെട്ടെന്ന് മനസ്സിൽ ഉദിച്ച ഒരാശയത്തിന്റെ പുറത്ത് ചാരുകസേരയിൽ നിന്ന് പതിയെ എണീറ്റ് താഴെ കിടക്കുന്ന ബ്രഷുകളിലൊന്ന് ഞാൻ കയ്യിലെടുത്തു.

അൽപനേരം കഴിഞ്ഞ് എസ്തേർ ആ മുറിയിലേക്ക് കടന്നുവരുമ്പോൾ ഞാനാ കസേരയിൽ കണ്ണടച്ചിരിക്കുകയായിരുന്നു.

“അത് ശരി, കുറച്ച് നേരത്തേക്ക് ഇരിക്കാൻ വന്നയാൾ ജ്യൂസും കുടിച്ച് ഉറക്കമായോ? ” ആ ചോദ്യം കേട്ടപ്പോൾ കണ്ണുകൾ തുറന്ന് ഞാനവളെ നോക്കിയൊന്ന് മന്ദഹസിച്ചു.

“എസ്ത്രേ, വലതുവശത്തുള്ള ആ ജനാലയൊന്ന് തുറക്കാമോ? ഇതിനുള്ളിലിരുന്ന് എനിക്കാകെ ശ്വാസം മുട്ടുന്നത് പോലെ. “

അതവൾക്കത്ര പിടിച്ചില്ലെങ്കിലും എന്തോ ഭാഗ്യത്തിന് എസ്തേർ ആ ഒരു ജനാലയുടെ മാത്രം കൊളുത്തുമാറ്റി പുറത്തേക്ക് തുറന്നിട്ടു.

പുറത്തുനിന്നും സൂര്യകിരണങ്ങൾ തുറന്നുകിടക്കുന്ന ജനാലക്കിടയിലൂടെ ഇരച്ചുകയറി ആ മുറിയുടെ ഇടതുഭാഗത്ത്‌ തൂങ്ങികിടക്കുന്ന ക്യാൻവാസിൽ പുഞ്ചിരിച്ചുനിൽക്കുന്ന പെൺകുട്ടിയുടെ ചിത്രത്തിലേക്ക് പതിച്ചു.

ആ കവിളുകളിൽ പുതുതായി ചേർക്കപ്പെട്ട മഞ്ഞരാശിയിലേക്ക് സൂര്യരശ്മികൾ പതിച്ചപ്പോൾ അവ വെട്ടിതിളങ്ങി.

അപ്രതീക്ഷിതമായാണ് എസ്തേർ അത് ശ്രദ്ധിച്ചത്.എന്തോ ഒരു അത്ഭുതം കണ്ടപോലെ അവളുടെ കണ്ണുകൾ വിടരുന്നുണ്ടായിരുന്നു.

“ഇത്, ഇതെങ്ങനെ സംഭവിച്ചു? ” അവൾ ആശ്ചര്യത്തോടെ എന്നെനോക്കി.

“പറയാം, അതിന് മുൻപ് എസ്തേർ ആ കണ്ണടിയിലേക്ക് നോക്കി കണ്ണടച്ചൊന്ന് നിക്കാമോ? “ഞാനത് ചോദിച്ചപ്പോൾ അവൾ എന്നെയൊന്ന് നോക്കിയതിന് ശേഷം ചുമരിലേക്ക് ചേർത്തിട്ടിരുന്ന അലമാരയിലെ കണ്ണാടിയിലേക്ക് തിരിഞ്ഞു.

അതെ നിമിഷത്തിൽ കസേരയിൽ നിന്നെഴുന്നേറ്റ് ഞാവളുടെ പിറകിലെത്തിയിരുന്നു. ഇടത്തെ കയ്യിലിരുന്ന പെയിന്റിംഗ് ബ്രെഷ് എന്റെ വലത്തേ കയ്യിലെ ഗ്ലാസിലെ മാമ്പഴചാറിൽ ഒന്ന് മുക്കിയെടുത്തു.

അതിന്ശേഷം എനിക്ക് പുറം തിരിഞ്ഞ് കണ്ണാടിക്ക് മുൻപിൽ കണ്ണടച്ച് നിൽക്കുന്ന എസ്തേറിന്റെ പാൽനിറമാർന്ന ഇടത്തെ കവിളിലൂടെ മാമ്പഴചാറിൽ കുതിർന്ന ബ്രഷിന്റെ തുമ്പ് മൃദുലമായൊന്ന് തലോടി. ആ വെളുത്ത കവിളുകളിൽ മഞ്ഞരാശി പടർന്നു.

ഇക്കിളി എടുത്തെന്നോണം ഒന്ന് കുറുകികൊണ്ട് എസ്തേർ കണ്ണുതുറന്നപ്പോൾ തൊട്ടുമുൻപിലെ കണ്ണാടിയിലെ അവളുടെ പ്രതിബിംബത്തെയാണ് ആദ്യം കണ്ടത്. ആകാംക്ഷയോടെ ഞാനാ മുഖത്തുവിരിയുന്ന ഭാവങ്ങൾ ശ്രദ്ധിച്ചു.

ആദ്യത്തെ അമ്പരപ്പിന് ശേഷം എസ്തേറിന്റെ കവിളിൽ ഒരു കുഞ്ഞുനുണക്കുഴി വിരിഞ്ഞപ്പോൾ എനിക്ക് മനസിലായി അവൾ ഹൃദയംകൊണ്ട് പുഞ്ചിരിക്കുകയാണെന്ന്.

“എങ്ങിനെയുണ്ട് കൊള്ളാമോ? “അവളുടെ പിറകിൽ നിന്ന് ഒരിഞ്ചുപോലും മാറാതെയാണ് ഞാനത് ചോദിച്ചത്.

“മ്മ് ” മറുപടി ഒരു മൂളലിൽ ഒതുങ്ങി.

“ആ ചിത്രത്തിലെ പെൺകുട്ടിക്കും എസ്തേറിന്റെ അതേ മുഖച്ഛായയാണ്, ഇതേ വെളുപ്പായിരുന്നു ആ കവിളിനും,

അൽപ്പം മഞ്ഞ നിറം ചേർത്തപ്പോൾ ആ ചിത്രത്തിന് വന്ന മാറ്റം കണ്ടില്ലേ? പക്ഷെ തീർന്നില്ല ഒരു നിറം കൂടി ചേർന്നാലേ ആ ചിത്രം പൂർണ്ണതയിലേക്കെത്തൂ “

“അതേത് നിറം? ” എസ്തേർ കണ്ണാടിയിൽ കാണുന്ന എന്റെ മുഖത്തേക്ക് നോക്കികൊണ്ട് ആകാംഷയോടെ ചോദിച്ചു.

“അത്…അത് പറഞ്ഞുതരാൻ പറ്റിയ സ്ഥലം ഇതല്ല, എന്റെകൂടെ അപ്പുറത്തുള്ള പുഴയോരത്തേക്ക് വരുന്നോ? അവിടെ വെച്ച് ഞാനത് പറഞ്ഞുതരാം, സമ്മതമാണേൽ ഈ കയ്യേൽ പിടി ” അത് പറഞ്ഞുകൊണ്ട് ഞാനെന്റെ വലതു കൈപത്തി എസ്തേറിനു നേരെ നീട്ടി.

“അയ്യോ, അതൊന്നും പറ്റില്ല. മമ്മി അറിഞ്ഞാൽ വല്യ കൊഴപ്പാവും ” അവളത് താഴെ നോക്കിയാണ് പറഞ്ഞത്.

എന്റെ എസ്ത്രേ, താനീ വീട്ടീന്ന് പുറത്തിറങ്ങിയെന്ന് കരുതി ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോണില്ല. പിന്നെ മമ്മിച്ചി..സോറി അമ്മച്ചി അറിയുന്നതിന് മുൻപേ തനിക്കിങ്ങു തിരിച്ചു പോരാലോ? “

“എന്നാലും? ” എസ്തേർ ഒന്ന് മടിച്ചു.

സമയം സായാഹ്നത്തോട് അടുത്തിരുന്നു. പടിഞ്ഞാറ് അസ്തമിക്കാൻ തുടങ്ങുന്ന സൂര്യന്റെ പൊൻകിരണങ്ങൾ പുഴയോരത്തു നിൽക്കുന്ന എസ്തേറിന്റെ മുഖത്തേക്ക് പതിക്കുന്നുണ്ടായിരുന്നു.

സൂര്യപ്രകാശമേറ്റ് അവളുടെ തവിട്ടുനിറമാർന്ന കൃഷ്ണമണികൾക്ക് ഒരു പ്രത്യേക ഭംഗി കൈവരിക്കുന്നതും പുഴയോരത്തെ ഇളം കാറ്റ് ഇക്കിളിപെടുത്തുമ്പോൾ ആ മിഴികൾ കൂമ്പിയടയുന്നതും അവൾക്കരികിൽ നിന്നിരുന്ന ഞാൻ അറിയുന്നുണ്ടായിരുന്നു.

ജീവിതത്തിൽ ആദ്യമായിട്ടാകും ആ പെൺകുട്ടി ഇതെല്ലാം അനുഭവിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു.

“ഇവിടെ നിന്ന് മടുത്തോ? ” കുളിർകാറ്റേറ്റ് മാറിൽ കൈപിണച്ചു നിൽക്കുന്ന എസ്തേറിനെ നോക്കി ഞാൻ ചോദിച്ചു.

“ഹേയ്, നല്ല രസണ്ട് ഈ സ്ഥലം. എന്ത് സുഖാ
ഇങ്ങനെ നിക്കാൻ “

“വീട്ടീ പോണ്ടെ? കൊറെ നേരായില്ലേ ഇവിടെ വന്നിട്ട്?”

“പോണം, ഏതോ നിറത്തെപറ്റി പറയാമെന്നു പറഞ്ഞല്ലേ എന്നെയിവിടെ കൊണ്ടുവന്നത്.?  അതിനെപ്പറ്റി പറയൂന്നേ. “

“ഓഹ്, ഞാനത് മറന്നു. എസ്തേർ ഒന്ന് കണ്ണടച്ചേ. ”
ഇത്തവണ സംശയിക്കാൻനിക്കാതെ അവൾ എന്റെ വാക്കുകൾ കേട്ടമാത്രയിൽ കണ്ണുകൾ ഇറുക്കിയടച്ചു.

എനിക്ക് നേരെ തിരിഞ്ഞു മിഴിപൂട്ടിയങ്ങനെ നിൽക്കുന്ന എസ്തേറിന്റെ നിഷ്കളങ്കമായ മുഖത്തേക്ക് ഞാനൊരു നിമിഷം ഉറ്റു നോക്കി.

അടുത്തനിമിഷം പിറകിലൂടെ അവളിലേക്ക് ചേർന്നുനിന്നുകൊണ്ട് എസ്തേറിന്റെ നീണ്ടുകിടക്കുന്ന ചെമ്പൻ മുടിയിഴകൾ ഇടതു കൈകൊണ്ട് ഒതുക്കിവെച്ച് നീലഞെരമ്പുകൾ പടർന്നുകിടക്കുന്ന അവളുടെ വെളുത്ത കഴുത്തിൽ ഞാൻ പതിയെ ചുണ്ടമർത്തി.

ഒരുനിമിഷം.. തീക്കൊള്ളിയേറ്റതുപോലെ എസ്തേറിന്റെ ശരീരത്തിൽ ഒരു നടുക്കം പ്രകടമായി.

പെട്ടെന്ന് ഇക്കിളിയെടുത്തെന്നോണം തലവെട്ടിച്ചുകൊണ്ട് അവളൊന്ന് കുതറിമാറി എനിക്ക് നേരെ തിരിഞ്ഞു. പാലൊളിയാർന്ന ആ വെളുത്ത മുഖം ചുവന്നുതുടുത്തിരുന്നു.എനിക്ക് നേരെ നോക്കാതെ അവൾ താഴെ മണൽപരപ്പിലേക്ക് മിഴികളൂന്നിനിന്നു.

“എസ്തേർ “

“മ്മ് “

“നിന്റെ മുഖമിപ്പോൾ പ്രേതത്തെപോലെ വിളറിവെളുത്തതല്ല, ചുവപ്പുരാശി കലർന്ന് എതൊരാണിനും കണ്ടാൽ കൊതിതോന്നിപ്പിക്കുന്ന മുഖകാന്തിയാണ് നിനക്കിപ്പോൾ.

ഈ നിറമാകണം ഇനി എസ്തേർ വരക്കുന്ന സ്ത്രീരൂപങ്ങളുടെ മുഖങ്ങളിൽ വിരിയേണ്ടത് ”
ആ പറമ്പിനു ചുറ്റിനുമുള്ള വേലികെട്ട് എത്തുന്നത് വരെ ഒപ്പം നടക്കുന്ന എന്നോട് എസ്തേർ ഒരക്ഷരം പോലും സംസാരിച്ചില്ല.

വേലികെട്ട് നൂണ്ട് അകത്തേക്ക് കയറി വീടിനടുത്തേക്ക് സാവധാനത്തിൽ നടന്നുനീങ്ങുന്ന അവളെ ഞാനങ്ങിനെ നോക്കിനിന്നു.

ഒടുവിൽ നിറയെ മാമ്പഴങ്ങളുള്ള ആ മാവിൻചുവട്ടിലെത്തിയപ്പോൾ അവളൊന്ന് തിരിഞ്ഞു എന്നെനോക്കി.
ആ ഒരു നോട്ടത്തിന് വേണ്ടിയായിരുന്നു ഞാൻ കാത്തുനിന്നത്.

എസ്തേർ അപ്പോൾ എന്നെനോക്കി ചിരിക്കുകയായിരുന്നു .ചുവപ്പുരാശി കലർന്ന കവിളുകളിൽ നുണക്കുഴി വിരിയിച്ചു,  പഴുത്തുപാകമാകാൻ തുടങ്ങുന്ന ഞാവൽപഴത്തിന്റെ നിറമുള്ള ചുണ്ടുകൾ വിടർത്തി,അതിമനോഹരമായ പുഞ്ചിരി.

Leave a Reply

Your email address will not be published. Required fields are marked *