അത്‌ എന്നെ ചേർത്തുപിടിക്കുന്ന സ്നേഹമാണ് കരുതലാണ്, എനിക്ക് വേണ്ടി..

വേണ്ടതും വേണ്ടാത്തതും
(രചന: സഫി അലി താഹ)

ഗൾഫിൽ നിന്നും വന്നതിന്റെ പിറ്റേന്ന് തന്നെ ബുക്ക്‌ ചെയ്തിരുന്ന പുതിയ വണ്ടി  ഷോറൂമിൽ നിന്നും അൻവർ  പോയി എടുത്തുകൊണ്ടു വന്നു.

വണ്ടി  പോർച്ചിൽ ഒതുക്കി അതീവ സന്തോഷത്തോടെ താക്കോലും കറക്കി  അകത്തേക്ക് വന്നപ്പോൾ വീർപ്പിച്ച മുഖവുമായിരിക്കുന്ന പ്രിയതമയെ കണ്ട അൻവർ ചോദിച്ചു. “എന്ത് പറ്റി ഡീ, നീയിങ്ങോട്ട് വന്നേ പുത്തൻ വണ്ടി കാണണ്ടേ? “

“വേണ്ട കാണണ്ട “

എത്രയൊക്കെ പറഞ്ഞിട്ടും മൈൻഡ് വെയ്ക്കാതെ ഇരിക്കുന്ന പെണ്ണിനെ നോക്കിയപ്പോൾ അവന്റെ മനസ്സ് ആകെ സങ്കടത്തിലായി.

“സുലു നീ നോക്കിയേ നിനക്കും മക്കൾക്കും വേണ്ടിയല്ലേ, ഞാനാ മണലാരണ്യത്തിൽ ഒരു മിനിറ്റ് പോലും വിശ്രമമില്ലാതെ  കഷ്ടപ്പെടുന്നത്? നിങ്ങളുടെ സന്തോഷത്തിനല്ലേ ഇത്രയും വലിയൊരു വീടും വളപ്പും ഇപ്പോൾ പുതിയ വണ്ടിയും എല്ലാമെല്ലാം സമ്പാദിച്ചത്? “

നിറഞ്ഞ കണ്ണുകളോടെ അവൾ അവനോട് ചോദിച്ചു, “എനിക്കിതൊക്കെ കിട്ടിയാൽ സന്തോഷമുണ്ടാകുമെന്നു ഇക്കയോടാരാണ് പറഞ്ഞത്? “

അൻവർ അന്തം വിട്ടു.

“പിന്നെ? “

“നിങ്ങളിലുള്ള  എനിക്കേറെ ഇഷ്ടമായ സമ്പത്ത്  എടുത്തുപയോഗിക്കാതെ ഇത്രയേറെ കഷ്ടപ്പെട്ടു സമ്പാദിക്കാൻ  ഞാൻ പറഞ്ഞോ? “

“ങേ. എന്നിലുള്ള സമ്പത്തോ? അതൊക്കെ ഞാൻ അധ്വാനിച്ചുണ്ടാക്കിയതല്ലേ സുലു. അത്‌ നിനക്കുള്ളതല്ലേ? “

“അതെ. നിങ്ങളിലുള്ളത്. അത്‌ എന്നെ ചേർത്തുപിടിക്കുന്ന സ്നേഹമാണ്. കരുതലാണ്. എനിക്ക് വേണ്ടി നാട്ടിൽ വന്നാലെങ്കിലും ഒരു അഞ്ചു മിനിറ്റ് ചെലവഴിക്കാൻ ഇക്കാക്ക് സമയമുണ്ടോ?

എന്നോടൊപ്പമിരിക്കാൻ എനിക്ക് പറയാനുള്ളത് കേൾക്കാൻ ക്ഷമയുണ്ടോ? എനിക്കതാണ് സന്തോഷം നൽകുന്നത്.”അവൾ പിന്നെയും പറഞ്ഞു.

“കുറെ സമ്പത്ത് ആർക്ക് വേണമെങ്കിലും ഉണ്ടാക്കാം. പക്ഷെ നിങ്ങളുടെ സ്നേഹം നിങ്ങളിൽ നിന്നും മാത്രമേ എനിക്ക് ലഭിക്കു “

അൻവർ സുലുവിനെ നോക്കി. എത്രയോ കാലമായി അവളുടെയുള്ളിൽ വീർപ്പുമുട്ടിപ്പിടയുന്നതൊക്കെയും വാക്കുകളായി പുറത്തേയ്ക്കൊഴുക്കിയപ്പോൾ ശ്വാസംകിട്ടിയ  സമാധാനത്തിൽ കണ്ണുനിറഞ്ഞുകൊണ്ട് കിതയ്ക്കുന്ന തന്റെ പെണ്ണിനെയാണവന് ദർശിക്കാനായത്.

“അവരവർക്ക് ആവശ്യമുള്ളത് മാത്രമേ സന്തോഷം നൽകൂ അൻവറേ, അതിനി എന്തായാലും. അവൾക്ക് വേണ്ടത് നിന്നെയാണ്. നിന്റുമ്മയെ ഞാൻ മറന്നു നിങ്ങൾക്കായി കഷ്ടപ്പെട്ടത് പോലെ നീയും….. നിന്റുമ്മാക്കും എന്നെയായിരുന്നു ആവശ്യം.  “

ഇതൊക്കെ കേട്ടുകൊണ്ട് വന്ന അവന്റെ ഉപ്പയുടെ ഇടറിയ  ശബ്ദമായിരുന്നു അത്‌.

Leave a Reply

Your email address will not be published. Required fields are marked *