നിന്റെ തലമുടിക്ക് ഒടുക്കത്തെ സുഗന്ധമാണല്ലോ പെണ്ണേ, എന്ന് ഞങ്ങൾ പറയുമ്പോൾ ചിറികോട്ടി..

അവളുടെ സുഗന്ധത്തിന്റെ   രഹസ്യം
(രചന: സഫി അലി താഹ)

ഒരു വേനലവധികാലത്താണ് മാമയുടെ മകൾ അമീറ വീട്ടിലെത്തിയത്. ആഹാരകാര്യത്തിൽ ഞങ്ങളേക്കാൾ ഏറെ മുന്നിലായിരുന്ന ആ സമപ്രായക്കാരി ആകാരത്തിലും അതെ മികവ് പുലർത്തിയിരുന്നതിനാൽ ഞങ്ങളുടെ വസ്ത്രങ്ങളൊന്നും  അവൾക്ക് പാകമല്ലായിരുന്നു.

ഒരാഴ്ച ഞങ്ങളോടൊപ്പം നിൽക്കാൻ വന്നപ്പോൾ  അതിനാവശ്യമായ വസ്ത്രങ്ങളും,  ‘സ്ഥാവര ജംഗമ  പുരാതന അലങ്കാര’ വസ്തുക്കളും അവൾ കൊണ്ടുവന്നിരുന്നു.

കുളി ഒരു ആഡംബരമാണെന്നും, ജലനഷ്ടം ഭൂമിയിലെ ആവാസവ്യവസ്ഥ തകർക്കുമെന്നും എണ്ണ സോപ്പ് പോലുള്ളവയുടെ വിലകയറ്റം പിടിച്ചുനിറുത്താൻ നാം കുളി ഉപേക്ഷിക്കേണ്ടത്

അത്യന്താപേക്ഷിതമാണെന്നും നിരന്തരം അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ഞങ്ങളുടെ പേര് ചീത്തയാക്കാനായി അവൾ നിത്യവും കുളിക്കുമായിരുന്നു.

കുളികഴിഞ്ഞ് പുറത്തിറങ്ങി വരുമ്പോൾ അവളിൽനിന്നും ഉടലെടുക്കുന്ന ഒരു വാസനയുണ്ട്. “ന്റെ സാറേ പറയാൻ വാക്കുകളില്ല. കിളി പറക്കും അത്രേം ഗന്ധമുണ്ട്. “

“നിന്റെ തലമുടിക്ക് ഒടുക്കത്തെ സുഗന്ധമാണല്ലോ പെണ്ണേ” എന്ന് ഞങ്ങൾ പറയുമ്പോൾ ചിറികോട്ടി കെറുവിച്ച് അവൾ പറയും, ” നിങ്ങളൊക്കെ കണ്ണുവെച്ചിട്ടാണ് എനിക്കിത്ര മുടികൊഴിച്ചിൽ. ഒന്ന് പോകുന്നുണ്ടോ? “

അവളുപയോഗിക്കുന്ന അതേ സോപ്പും ഷാമ്പുവും ഞങ്ങളും ഉപയോഗിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. നിത്യവും കുളിക്കുകയെന്ന വിപ്ലവകരമായ മാറ്റം ഞങ്ങളിലേക്ക് കൂടി അടിച്ചേൽപ്പിക്കാൻ വന്ന  വിപ്ലവകാരിയായി അവൾ  മാറി

പലപ്പോഴും  കുളിച്ചിട്ട് വരുമ്പോഴുള്ള   ആ വാസനാ രഹസ്യം ചോദിച്ചെങ്കിലും “പ്രത്യേകിച്ചു ഒന്നുമില്ല നിങ്ങൾ ഉപയോഗിക്കുന്നത് തന്നെയാണ് ഞാനും ഉപയോഗിക്കുന്നത് ” എന്നത് അവളും ആവർത്തിച്ചുകൊണ്ടിരുന്നു.

ഞങ്ങളുടെ നോട്ടം കാണുമ്പോൾ ക്രുദ്ധയായി അവൾ വീണ്ടും പറയും “അതേ എന്റേത് സ്പെഷ്യൽ കുളിയാ നിങ്ങൾക്ക് എന്താ “എന്നിട്ടും വിശ്വാസമാവാത്തതിനാൽ രഹസ്യമായി അവളുടെ ബാഗ് പരിശോധിക്കുക വരെ ചെയ്തു. പക്ഷേ, നിരാശയായിരുന്നു ഫലം.

എങ്കിലും  അവളുടെ കുളിയുടെ രഹസ്യം എന്താവും എന്ന് അറിഞ്ഞിട്ട് തന്നെ കാര്യമെന്നുറപ്പിച്ച്  അവൾ കുളിക്കാൻ കയറിയപ്പോൾ  ഞങ്ങൾ മുറിയിൽതന്നെ പുസ്തകം വായിച്ചിരിപ്പായി.

അവൾ കുളിച്ചിട്ട് ഇറങ്ങുന്നത് കണ്ടപ്പോൾ ഞങ്ങൾ പുസ്തകം കൊണ്ട് മുഖം മറച്ചു ഏറ് കണ്ണിട്ട് നോക്കി.

അവൾ, ഞങ്ങളെല്ലാം ഉപയോഗിക്കാറുള്ള അതേ ഷാമ്പുവിന്റെ ബോട്ടിൽ എടുത്തു. അതിൽനിന്നും കുറച്ച് കയ്യിൽ ഒഴിച്ചു മുടിയിലേയ്ക്ക് പുരട്ടി. ആ ചെയ്തി കണ്ടപ്പോൾ സത്യമായും എന്റെയും അനിയത്തിയുടെയും കണ്ണുകൾ തള്ളീയെന്ന് മാത്രമല്ല പരസ്പരം കൂട്ടിമുട്ടുക കൂടി ചെയ്തു.

“എടീ നീയെന്താ ഈ കാണിക്കുന്നത്.?  കുളി കഴിഞ്ഞിട്ട് ഷാമ്പു തേയ്ക്കുകയോ കുളിക്കുമ്പോഴല്ലേ ഉപയോഗിക്കേണ്ടത്..? ” എന്ന് ചോദിച്ചപ്പോൾ അവൾ ദേഷ്യത്തോടെ അതിലേറെ പുച്ഛത്തോടെ ഞങ്ങളെ നോക്കി. എന്നിട്ട് പറഞ്ഞു.

“ “എനിക്ക് ഇംഗ്ലീഷ് വായിക്കാനൊക്കെ  അറിയാം. നിങ്ങൾക്കറിയാത്തതിന് ഞാനെന്ത് ചെയ്യാൻ..! കണ്ണ് തുറന്ന് നോക്ക്. ഇതിൽ എഴുതിയിരിക്കുന്നത് എന്തെന്ന്?  ന്നാ വായിച്ചു നോക്ക് “

ആത്മവിശ്വാസത്തോടെ അത്രയും പറഞ്ഞ് അവൾ ആ ബോട്ടിൽ എനിക്ക് നേരെ നീട്ടി.

ഇത്രയുംകാലം ഞങ്ങൾ തലയിൽ തേച്ച് പതപ്പിച്ച്  കഴുകി കളഞ്ഞിരുന്ന ഷാംപൂ ഉപയോഗിക്കേണ്ടിയിരുന്നത് ഇപ്രകാരമായിരുന്നു എന്നോർത്ത് ഞങ്ങളുടെ അറിവില്ലായ്മയെ  പഴിച്ച് അവളെ മിഴിച്ച് നോക്കി.

ഞങ്ങളുടെ കൺഫ്യൂഷൻ കണ്ട് അവൾ ആ ബോട്ടിലിൽ എഴുതിയിരിക്കുന്ന ഉപയോഗരീതിയിലേക്ക് വിരൽ ചേർത്തുവെച്ച് “ദാ വായിക്ക്” എന്ന്  പറഞ്ഞു.

അവളുടെ മുഖത്തുനിന്നും കണ്ണുപറിച്ച് അവൾ വിരൽ ചൂണ്ടിയിടത്തേക്ക് സൂക്ഷിച്ചുനോക്കി.

ശരിയാണ് അവിടെ ഇപ്രകാരം എഴുതിയിരുന്നു. “Apply to wet hair. “

ഇത്തവണയും എന്റെയും അനിയത്തിയുടെയും കണ്ണുകൾ പുറത്തേക്ക് തള്ളുകയും നോട്ടം കൂട്ടിമുട്ടുകയും ചെയ്തു.

ശേഷം, ഞങ്ങൾ അതിന് തൊട്ടുതാഴെയായി എഴുതിയിരിക്കുന്നതിലേക്ക് വിരൽ  ചൂണ്ടിക്കാണിച്ചു.

Rinse thoroughly. Repeat if necessary.
നനഞ്ഞ മുടിയിൽ അപ്ലൈ ചെയ്ത് കഴുകി കളയാനാണ് പറഞ്ഞേക്കുന്നതെന്നും,

നിന്റെ  മുടി കൊഴിയുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല എന്നും പറഞ്ഞപ്പോൾ അവളും അതിലേക്ക് തുറിച്ച് നോക്കി. ശേഷം ജാള്യതയോടെ ഞങ്ങളെ നോക്കി. പക്ഷേ തോറ്റുതരാൻ അവളിലെ വിപ്ലവകാരി തയ്യാറുണ്ടായിരുന്നില്ല.

“എന്തിന്?  എന്റെ സുഗന്ധം മോഷ്ടിക്കാൻ എത്തിയ കള്ളികൾ ന്നെ പഠിപ്പിക്കാൻ വന്നേക്കുന്നു. പിന്നേ പണം കൊടുത്തു വാങ്ങി പുരട്ടിയിട്ട്  കഴുകി കളയാനല്ലേ…

ആ അമീറാ ഇപ്പോൾ ഹയർ സെക്കണ്ടറി ബയോളജി അധ്യാപികയാണ്. കുട്ടികളുടെ കാര്യം എന്താകും ന്ന കമന്റ് നിരോധിച്ചിരിക്കുന്നു. കാരണം, അവളെ കാണുമ്പോൾ ഇപ്പോഴും ഞങ്ങൾ  ചോദിക്കാറുണ്ട്. ഇനി നിങ്ങൾ കൂടിയായാൽ പിഞ്ചു ഹൃദയമാ വാടിപോകും…

Leave a Reply

Your email address will not be published. Required fields are marked *