നീ എന്തൊക്കെയാണ് പറയുന്നത് നീനു, ഇത്രയും നാളുമില്ലാതിരുന്ന സംശയങ്ങൾ ഇപ്പോൾ എന്തിനാ..

സ്കൂൾ ഡയറിയിലേ കത്ത്
(രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ)

” ആരാ മനുഷ്യാ ഈ ധന്യ…… നിങ്ങൾ എന്നോട് എല്ലാം മറച്ചു വെയ്ക്കുവായിരുന്നുവല്ലേ……

രാവിലെ അവളുടേ ഉറഞ്ഞു തുള്ളൽ
എന്നേ ദേഷ്യം പിടിപ്പിച്ചു…. നിനക്കെന്താ നീനു  ഭ്രാന്തുണ്ടോ രാവിലേ ഇങ്ങനെ കിടന്നു ബഹളം വെയ്ക്കാനും മാത്രം എന്താ ഇവിടേ സംഭവിച്ചത്….

നിങ്ങൾക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവെന്ന് എന്നോട് പറഞ്ഞിട്ടുണ്ട് പക്ഷേ ഇത്രയും അസ്ഥിയ്ക്ക് പിടിച്ച പ്രണയമായിരുന്നുവല്ലേ അത്…..

നീ എന്തൊക്കെയാണ് പറയുന്നത്
നീനു … ഇത്രയും നാളുമില്ലാതിരുന്ന സംശയങ്ങൾ ഇപ്പോൾ എന്തിനാ എടുത്തിടുന്നത്…. എന്താ നിന്റെ പ്രോബ്ലം………..

ഇവളാണ് എന്റെ പ്രോബ്ലം.. അവൾ എന്റെ സ്കൂൾ ഡയറി എന്റെ നേരെ നീട്ടി.. എസ് എസ് എൽ സി.. പ്ലസ് ടു പഠനകാലത്തെ നിറമുള്ള ഓർമ്മകൾ കുറിച്ചിട്ടിരുന്ന എന്റെ സ്കൂൾ ഡയറി…..

ഏതൊരു ആൺകുട്ടിയേപ്പോലെ എനിയ്ക്കും അന്നൊരു ചെറിയ  പ്രണയമുണ്ടായിരുന്നു… പ്രണയം തന്നെയാണോ എന്ന് ചോദിച്ചാൽ പ്രണയത്തോളം എത്തുമായിരുന്ന ഒരു സൗഹൃദം..

“മുടി ഇരു വശങ്ങളിലേക്ക് പിന്നി പല നിറത്തിലുള്ള റിബണുമിട്ടു വരുന്ന ഒരു ഇരുനിറമുള്ള പെണ്ണ്……
അവളായിരുന്നു ധന്യ…,,….പക്ഷേ അതൊക്കെ പ്രായത്തിന്റെ ചില രസമുള്ള തമാശകൾ മാത്രം…

അതൊക്കെ ഞാൻ ഈ കുരുപ്പിനോട് കല്യാണത്തിന് മുമ്പേ പറഞ്ഞതാണ്.. എന്നിട്ട് ഇപ്പോൾ ഒരു കാരണവുമില്ലാതെ എന്റെ സ്കൂൾ ഡയറിയും പൊക്കി കൊണ്ട് വന്നിരിയ്ക്കുവാണ്…….

എന്താ മനുഷ്യാ നിങ്ങൾക്ക് ഉത്തരം മുട്ടിയോ…?

ഇതിൽ എന്തൊക്കെ വാചകങ്ങളാണ്
നിങ്ങൾ അവൾക്കായി എഴുതി ചേർത്തിരിയ്ക്കുന്നതു…….

ആഹാ മനോഹരം,, അല്ലേലും സാഹിത്യകാരൻ അല്ലേ ഇങ്ങനെ എഴുതിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.. ഇത്രയും നാളായിട്ട് ഒരു നല്ല വാക്ക് എന്നോട് പറഞ്ഞിട്ടുണ്ടോ……

എന്നേ ഇങ്ങനെ പ്രണയിച്ചിട്ടുണ്ടോ…. ഇല്ലല്ലോ..

പിന്നേ പ്രണയിക്കാൻ പറ്റിയ ഒരു സാധനം.

എന്താ പറഞ്ഞത് ഞാൻ കേട്ടില്ല.. ഉറക്കേ പറ.

കേൾക്കണ്ട  നീ അടുക്കളയിൽ പോയി
വല്ല പണിയും നോക്കൂ… നീനു .. സത്യം പറ ഈ കൈയ്യക്ഷരം അവളുടേതല്ലേ ഡയറിയ്ക്കുള്ളിൽ നിന്നും ഒരു കത്ത് പുറത്തെടുത്തു അവൾ ചോദിച്ചു…..

അവൾ നിങ്ങൾക്ക് കത്തും എഴുതാറുണ്ടായിരുന്നുവല്ലേ.. മനസ്സിലായി..

ഇവൾക്ക് വിടാൻ ഉദ്ദ്യേശമില്ല എന്ന് തോന്നുന്നു.. നിങ്ങൾ മറുപടി പറയാതെ ഇനി ഒഴിഞ്ഞു മാറാമെന്ന് വിചാരിയ്ക്കണ്ടാ..

എനിക്കാകെ ദേഷ്യം വന്നു..

നീ പറഞ്ഞതൊക്കെ സത്യം തന്നെയാണ് അവളോട്‌ എനിയ്ക്ക് കടുത്ത പ്രണയം ആയിരുന്നു….  അവൾ ഒന്നു മൂളിയിരുന്നെങ്കിൽ നിന്നേ എനിക്ക് കെട്ടി എടുക്കേണ്ടി വരില്ലായിരുന്നു… അല്ല പിന്നേ ഇങ്ങനെയുണ്ടോ ഒരു സംശയം..

അല്ലേലും എനിക്കറിയാം.. നിങ്ങൾക്ക് എന്നോട് സ്നേഹമൊന്നുമില്ലയെന്ന്.. ഞാൻ വെറും ഒരു മണ്ടി…..

എന്റെ നീനു ഇത്രയും വിദ്യാഭ്യാസമുള്ള
നീ ഇങ്ങനെയൊക്കെ ചിന്തിയ്ക്കാമോ
അയ്യേ മോശം..

എനിക്ക് ഇനിയൊന്നും കേൾക്കണ്ടാ നിങ്ങളെ ഞാൻ കാണിച്ചു തരാം. ഇതാ നിങ്ങളുടെ പ്രണയഡയറി… ഈ കത്ത് ഞാൻ തരില്ല എല്ലാവരെയും കാണിയ്ക്കും.. ഇവിടെ എല്ലാവരും അറിയട്ടെ നിങ്ങളുടെ മനസ്സിലിരിപ്പ്.. ഇതും കെട്ടിപ്പിടിച്ചു ഇരുന്നോളൂ.. ഞാൻ ശല്യമാകുന്നില്ല…..

വേണമെങ്കിൽ അവളേയും കൂട്ടിനു വിളിച്ചോളൂ….. ആ ഡയറി എന്റെ മുഖത്തേയ്ക്ക്  അവൾ അടുക്കളയിലേയ്ക്ക് പോയി…… ഞാൻ ആ ഡയറി പതുക്കെ ഒന്നു മറിച്ചു നോക്കി..അതിൽ വിശേഷിച്ചൊന്നുമില്ല… .

മാത്രമല്ല എന്റെ സ്കൂൾ പ്രണയത്തെക്കുറിച്ചു  ഞാൻ ആദ്യമേ അവളോട് പറഞ്ഞിട്ടുള്ളതാണ്.. അവൾ അത് തമാശയായിട്ടേ എടുത്തിരിന്നുള്ളൂ.. എന്നാലും ധന്യയുടെ   കൈയ്യക്ഷരമുള്ള കത്ത്  എങ്ങനെ ഡയറിയിൽ  വന്നു എനിക്കൊരു  പിടിയും കിട്ടുന്നില്ല.

അതാണ്  ഇപ്പോൾ ആകേ കുഴപ്പമായതു……

ഒരു പിടിയും കിട്ടുന്നില്ല ഇതിപ്പോൾ ഒരു സ്കൂൾ ഡയറിയും അതിലെ കത്തും എന്റെ കുടുംബം കലക്കുമോ ഈശ്വരാ….

ആ കത്തിൽ എന്താണെന്ന് അറിയണം.. പിന്നേ അതെങ്ങനെ എന്റെ ഡയറിയിൽ വന്നുവെന്നും അറിഞ്ഞേ പറ്റൂ.. എന്തായാലും ആദ്യം അടുക്കളയിൽ പോയി നോക്കാം.. കാണിച്ചു തരാം എന്ന് പറഞ്ഞല്ലേ പോയത്….

ഇനി അവളും വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന സ്ത്രീ കഥാപാത്രത്തെ പോലേ  ആകുമോ എന്നാലെന്റെ കാര്യം പോക്കാണ്.. ….. നീനു .. ഞാൻ അടുക്കളയിലേയ്ക്ക് ചെന്നു… അപ്പോൾ അവിടേ കണ്ട കാഴ്ച.. കുടു കുടെ ചിരിയ്ക്കുന്ന എന്റെ കെട്ട്യോളെയും അനിയത്തിയേയുമാണ് കണ്ടത്…..

എന്റെ സകല നിയന്ത്രണവും പോയി…..

അമ്മയ്ക്ക് പ്രാണവേദന മകൾക്ക് വീണവായന ഇത്രയും പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയിട്ട് അവളുടെ നിൽപ്പ് കണ്ടില്ലേ ഒന്നും അറിയാത്ത പോലേ ഒരെണ്ണം പൊട്ടിച്ചു കൊടുത്താലോ…. കാത്തൂ ദാ നിന്റെ ഏട്ടൻ വരുന്നുണ്ട് എന്നേ കടിച്ചു തിന്നാൻ മാത്രം ദേഷ്യമുണ്ട് ആ മുഖത്തു.. കണ്ടോ..

എന്താ ഏട്ടാ ഒരു ക്ലാവിയ മുഖം.. എന്തോ കളഞ്ഞു പോയ അണ്ണാനെ പോലേ….. നിനക്കൊന്നും അറിയില്ലല്ലോ ഇവൾ കുറച്ചു മുമ്പേ ഇവിടേ കിടന്നു കാണിച്ചത്.. അതും എന്റെ ഈ ഡയറി കാരണം….

ഇതങ്ങു കത്തിച്ചേക്കാം എല്ലാ പ്രശ്നങ്ങളും അതോടെ തീരുമല്ലോ……

അത് കേട്ടു രണ്ടു പേരും പൊട്ടിച്ചിരിച്ചു…. …

എന്തിനാ രണ്ടാളും ചിരിയ്ക്കുന്നതു എനിക്ക് ചിരിയൊന്നും വരുന്നില്ല ഞാൻ ഈ ഡയറി കത്തിയ്ക്കാൻ പോകുവാണ്.. ഡയറി കത്തിച്ചാലും കത്ത് ഇവിടെയുണ്ടല്ലോ… പ്രശ്നങ്ങൾ അങ്ങനെ തീരില്ല…… ഞാൻ ആ കത്ത് തട്ടിപ്പറിച്ചു ശരിയ്ക്കും ഞെട്ടിപ്പോയി ധന്യയുടെ അതേ കൈയ്യക്ഷരം

നോട്ട് എഴുതാനെന്നു പറഞ്ഞു അവളുടെ ബുക്ക്‌ വാങ്ങി കൈയ്യിൽ വെയ്ക്കുന്ന സ്വഭാവമുണ്ടായിരുന്നു.. പിന്നീട് അവൾ പുറകേ നടന്നു ചോദിച്ചാലേ ബുക്ക്‌ കൊടുക്കുമായിരുന്നുള്ളൂ…

ഒരിയ്ക്കൽ ഒരുപാട് ആരാധിച്ചിരുന്ന കൈയ്യക്ഷരം അങ്ങനെ പെട്ടെന്ന് മനസ്സിൽ നിന്നും മായില്ല.
എന്നാലും എനിയ്ക്കായി ഒരിയ്ക്കൽ പോലും അവൾ  കത്തെഴുതിയിട്ടില്ല…എന്റെ മുഖഭാവം കണ്ടിട്ട് അവളുമാർക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല..

ഈ കത്ത് എങ്ങനെ എന്റെ ഡയറിയിൽ വന്നു സത്യം പറഞ്ഞോണം രണ്ടാളും…

അതേ ഏട്ടാ ഒരുപാട് ആലോചിച്ചു തല ചൂടാക്കണ്ടാ.. ഇതിന്റെ പിന്നിൽ കളിച്ചതു ഞാനാണ്.. കൂട്ട് നിന്നത്‌ ഏട്ടത്തിയും….

നിനക്കൊക്കെ എന്തിന്റെ കേടാണ് മനുഷ്യനെ വെറുതെ ടെൻഷനാക്കാൻ…..

അതേ. ഏട്ടാ  ദാ കലണ്ടറിലേയ്ക്കൊന്നു നോക്കിക്കേ. ഇന്ന് എന്താ ഡേറ്റ്..

നവംബർ ഒൻപത്.. ഞങ്ങളുടെ വിവാഹ വാർഷികം അതിനെന്താ..?

അപ്പോൾ അതോർമ്മയുണ്ടല്ലേ നിങ്ങൾക്ക്…

ഉണ്ടല്ലോ നീനു..

എന്നിട്ട് ഏട്ടൻ എന്തു ഗിഫ്റ്റാണ് കൊടുത്തത് ഏട്ടത്തിയ്ക്കു….

അത് പിന്നേ ഒരു സർപ്രൈസ്‌ ഗിഫ്റ്റ് വൈകുന്നേരം ഞാൻ വാങ്ങി വരുന്നുണ്ട്….. ഇവൾക്ക് വേണ്ടി..

എന്നാലേ അതിനു മുൻപേ ഏട്ടനൊരു സർപ്രൈസ്‌ ഗിഫ്റ്റ് തരാമെന്നു ഞങ്ങൾ കരുതി.. അതാണ് ഇവിടെ കണ്ടത്… എങ്ങനുണ്ട്……,.

എന്നാലും ഈ കൈയ്യക്ഷരം അവളുടേത്‌ പോലേ തന്നെയുണ്ടല്ലോ. ഇതെങ്ങനെ..?

അതിന്റെ പിന്നിൽ ദാ നിങ്ങളുടെ ഈ അനിയത്തിയുടെ കൈകളാണ്…

മനസ്സിലായില്ല…

എന്റെ ഏട്ടാ ആരുടെ കൈയ്യക്ഷരവും അതേപടി പകർത്താൻ എനിക്ക് ചെറിയ
ഒരു കഴിവുണ്ട്.. അറിയില്ലേ..?.

ഇങ്ങനെ നല്ലൊരു സർപ്രൈസ്‌ തന്നതിന് ഞങ്ങളോട് നന്ദി പറയണം. ഒന്നുമില്ലെങ്കിലും പഴയ പ്രണയം പൊടി തട്ടി എടുത്തില്ലേ അല്ലേ ഏട്ടത്തി..

ഇതൊരു ചെറിയ കഴിവല്ല ഇത്തിരി വലിയ കഴിവാണ്….. ഇതിന് പകരം രണ്ടെണ്ണത്തിനും ഞാൻ വെച്ചിട്ടുണ്ട് ഗിഫ്റ്റ്…

എന്താ ഗിഫ്റ്റ്…..

ആട്ടിൻ സൂപ്പ്……അതാണ് ബെസ്റ്റ് ശരിയാക്കി തരാട്ടോ..

നല്ലൊരു വിവാഹ വാർഷികം കുളമാക്കിയ കുരുപ്പുകളെ ഇല്ലാത്ത കത്തിന്റെ പേരിൽ എന്നേ വട്ടം ചുറ്റിച്ച നിനക്കൊക്കെ പിന്നേ ഞാൻ എന്താ തരേണ്ടത്…… എനിക്കൊന്നും വേണ്ടാ ഏട്ടാ ഇവിടേ ഒരാൾ നല്ലൊരു ഗിഫ്റ്റുമായി കാത്തിരിയ്ക്കുവാണ്…….

വേഗം പോയി കുറച്ചു മധുരപലഹാരങ്ങൾ വാങ്ങി വാ.. കൂടേ കുറച്ചു പുളി മാങ്ങയും….. ശുഭ കാര്യങ്ങൾ ചെയ്യും മുമ്പ് മധുരം മാത്രമല്ല അല്പം കയ്പ്പും എരിവും ആകാം… അല്ലേ ഏട്ടാ…

എന്നാലും ഇത് വല്ലാത്തൊരു ട്രീറ്റ് ആയിപ്പോയി…. ഭയങ്കരം… എന്തായാലും ആ കുട്ടിയ്‌ക്കൊരു
നന്ദി പറയണം… ഇതിയാനെ ഇങ്ങനെ
ഒന്നു പറ്റിക്കാൻ ഒരവസരം ഉണ്ടാക്കി തന്നതിന്……

എന്തായാലും ഇന്നത്തോടെ ഞാൻ
ഡയറി എഴുത്ത് നിർത്തി…. എന്തിനാ വെറുതെ ഒരു കുടുംബ പ്രശ്നം ഉണ്ടാക്കുന്നത്….. ഉടനേ തന്നേ കോളേജ് ഡയറി റൂമിൽ നിന്നും മാറ്റണം അല്ലെങ്കിൽ നാളെ ഇത് പോലേ കോളേജ് കാമുകിയും പൊങ്ങി വന്നാലോ….

ഇവളുമാര് ചിലപ്പോൾ അത്  വൈറലാക്കും…. എന്നോടാ ഇവളുമാരുടെ കളി ഒരു മുൻകരുതൽ നല്ലതാണ് എനിക്ക് ഞാനെ തുണ.. മൗനം വിദ്വാന് ഭൂഷണം എന്നല്ലേ ചൊല്ല്…

Leave a Reply

Your email address will not be published. Required fields are marked *