ഹോസ്പിറ്റൽ ചിലവ് താങ്ങാൻ കഴിയുന്നില്ല മാഡം അതുകൊണ്ട് മക്കളെല്ലാവരും ചേർന്ന് തീരുമാനമെടുത്ത്‌..

(രചന: ലിസ് ലോന)

“ഹോസ്പിറ്റൽ ചിലവ് താങ്ങാൻ കഴിയുന്നില്ല മാഡം അതുകൊണ്ട് മക്കളെല്ലാവരും ചേർന്ന് തീരുമാനമെടുത്ത്‌  ഡോക്ടറെ അറിയിച്ചു വെന്റിലേറ്റർ ഊരി.. ഇനിയിപ്പോ കിടത്തിയിട്ടും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലെങ്കിൽ പിന്നെന്തിനാ പാഴ്ചിലവ് എന്നാ എല്ലാവരും ചോദിച്ചത്..”

നാട്ടിലേക്ക് പോയ ഒരാളെ വിളിച്ച് അച്ഛന്റെ അസുഖവിവരങ്ങൾ അന്വേഷിച്ചപ്പോൾ അറിഞ്ഞ മറുപടിയാണ്. എന്നോട് സംസാരിച്ച മകളടക്കം നാല്‌ മക്കളുണ്ട് ആ അച്ഛന്. നാട്ടിലും വിദേശത്തുമായി എല്ലാവരും അത്യാവശ്യം നല്ല നിലയിലാണ്.

വെന്റിലേറ്റർ ബില്ലുകൾ താങ്ങാനുള്ള കഴിവ് അധികദിവസത്തേക്ക് സാധാരണക്കാരന്റെ പോക്കറ്റിനുണ്ടാകില്ല എന്നറിയാം അതോടൊപ്പം രോഗിയുടെ വയസ്സ് ഇനി മുൻപോട്ട് അവരെക്കൊണ്ട് എന്താണ് ആവശ്യം എന്നതെല്ലാം

പ്രാഥമിക ഘടകങ്ങൾ ആയി വരുമ്പോൾ വെന്റിലേറ്റർ ഊരി അവരെ സാധാരണ മരണത്തിന് വിട്ടുകൊടുക്കുന്നത് കണ്ടുനിൽക്കേണ്ട നിസ്സഹായാവസ്ഥ മുൻപും അനുഭവിച്ചിട്ടുണ്ട്.

അച്ഛന്റെ ആയുസ്സ് ഇത്രയും മതിയെന്ന് മക്കളുടെ പോക്കറ്റ് തീരുമാനിച്ച ഫോൺകാൾ അവസാനിപ്പിച്ചപ്പോഴേക്കും  മനസ്സ് ഒരുപാട് വർഷം പുറകിലേക്ക് യാത്ര ചെയ്ത്  വേറൊരു അച്ഛനിലും മകനിലും തടഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

ഹോസ്പിറ്റൽ ഡ്യൂട്ടികളിൽ നിന്നും ജീവിതം മാറിയൊഴുകാൻ തുടങ്ങിയിട്ട് വർഷം ഏറെയായിട്ടും  ഇന്നും മായാതെ മനസ്സിൽ നിൽക്കുന്ന ചില മുഖങ്ങളാണ് അതെല്ലാം.

മറവിയിലാഴാത്ത ആ മുഖങ്ങളിൽ ചിലത് കണ്ണ് നിറയുന്ന ആഹ്ലാദമെങ്കിൽ ചിലത് ഹൃദയമുരുക്കുന്ന നോവുകളാണ്..

മെഡിക്കൽ ഐസിയുവിലെ ഒരു പകൽ ഡ്യൂട്ടിക്കിടയിലാണ് എനിക്ക് മുൻപിൽ അവനെത്തിയത് പത്തൊൻപത് വയസ്സുള്ള ഒരു പയ്യൻ.. മിഴികൾക്ക് മുൻപിൽ അവന്റെ മുഖമിപ്പോഴും ഉണ്ടെങ്കിലും പേര് ഓർമയിലില്ല.

അല്ലെങ്കിലും പേരിലെന്താണ് അവനെ പോലുള്ളവരുടെ ഐഡന്റിറ്റിയെന്നത് ആശുപത്രിയിൽ വെന്റിലേറ്റർ പേഷ്യന്റ് എന്ന് മാത്രമാണല്ലോ..

അച്ഛനും അമ്മയ്ക്കും പ്രിയപ്പെട്ട മൂത്തമകൻ..
എട്ടും പൊട്ടും തിരിയാത്ത രണ്ട് അനിയത്തികുട്ടികളുടെ ഏട്ടൻ.. സാധാരണക്കാരായ അച്ഛനും അമ്മയും ഏറെ പ്രതീക്ഷകളോടെയായിരുന്നിരിക്കണം അവന്റെ ഭാവിയെക്കുറിച്ച് സ്വപ്നം കണ്ടിരുന്നത്.

ദുശീലങ്ങളൊന്നുമില്ല അമ്മയെയും അച്ഛനെയും സ്നേഹിക്കുന്ന മകനാണ്..നന്നായി പഠിക്കും..ചിത്രം വരക്കുമെന്നൊക്കെ പിന്നെയെപ്പൊഴോ അച്ഛനോട് സംസാരിച്ചപ്പോൾ അറിഞ്ഞിരുന്നു..

വൈകുന്നേരം കൂട്ടുകാരുമൊത്തുള്ള ക്രിക്കറ്റ് ഭ്രാന്തിന് മാത്രം അമ്മയും അച്ഛനുമായി വഴക്കുണ്ടാക്കും..

അന്നും അച്ഛനവനെ വഴക്ക് പറഞ്ഞിരുന്നു..
പനിച്ചൂട് ചെറിയതാണെങ്കിലും ശരീരമിളകി കളിക്കാൻ പോകേണ്ടെന്ന് അച്ഛൻ ആവതു പറഞ്ഞിട്ടും അവനിറങ്ങിപോയി..

സ്നേഹത്തോടെയുള്ള ശാസനയോടെയാണ് അവൻ കളിക്കാൻ പോകുന്നതും നോക്കി , പനി പിടിച്ച് കിടപ്പിലായാൽ ഞങ്ങൾ നോക്കില്ല കൂട്ടുകാരെ വിളിച്ച് കൂടെ നിർത്തിക്കോയെന്ന് അച്ഛൻ പറഞ്ഞതും..

ഏകദേശം ഡ്യൂട്ടി കഴിയാൻ നേരമാണ് അവനെയും കൊണ്ട് അത്യാഹിതവിഭാഗത്തിൽ നിന്നും സ്ട്രെക്ചർ വന്നത്..

അവിടുന്നേ ഇന്റുബെറ്റ് ചെയ്തിട്ടുണ്ടെന്നും വെന്റിലേറ്റർ തയ്യാറാക്കി വെക്കണമെന്നും നിർദ്ദേശങ്ങൾ കിട്ടിയിരുന്നത്കൊണ്ട് വെന്റിലേറ്റർ ബെഡ് എല്ലാം ഐ സി യുവിൽ തയ്യാറാക്കി വച്ചിട്ടുണ്ട്..

ഒറ്റനോട്ടത്തിൽ അവനെ കണ്ടതും എന്റെ ഇടനെഞ്ചിലൊരു കൊളുത്ത് വീണു..എന്റെ ചെറിയ അനിയന്റെ ഛായയാണ് അവന് ..പ്രായവും ഏകദേശം അതുതന്നെ..

നാടും വീടും കുടുംബവും വിട്ട് നിൽക്കുന്ന സമയമാണ് ആ മുഖം കണ്ടതോടെ മനസ്സിന്റെ സമാധാനം പോയി..

ഡ്യൂട്ടി കഴിഞ്ഞിറങ്ങാൻ നേരവും ഞാൻ ഒന്നുകൂടെ അവന്റെ ബെഡിനരികിലേക്ക് ചെന്നു.
വെന്റിലേറ്ററിന്റെ സഹായത്താലെടുക്കുന്ന ശ്വാസത്താൽ   നെഞ്ച് ഉയർന്നു താഴുന്നത് കാണാം..

ഒരുവശം ചെരിച്ചുകിടത്തിയ അവന്റെ മുഖത്തിന്റെ ഒരുവശത്തേക്ക് ET ട്യൂബ് ഒട്ടിച്ചുവച്ച പ്ലാസ്റ്ററുണ്ട്..
കണ്ണുകൾ ഐ പാഡ് വച്ച് മൂടിയിരുന്നു.
ഉയരക്കൂടുതലായതുകൊണ്ട് കാലുകൾ കട്ടിലിന്റെ പുറത്തേക്ക് നിൽക്കുന്നത് ഒഴിവാക്കാൻ ചെറുതായി മുട്ട് മടക്കി വച്ചിട്ടുണ്ട്.

മൂടിക്കെട്ടിയ മനസ്സോടെ കേസ് ഫയൽ എടുത്ത് നോക്കി മലേറിയ ആണ്.. കുറച്ചുദിവസമായുള്ള പനി ശ്രദ്ധിച്ചില്ല കളിക്കാൻ പോയ ഗ്രൗണ്ടിൽ കുഴഞ്ഞുവീണപ്പോൾ നാട്ടുകാർ എടുത്തുകൊണ്ട് വന്നതാണ്..

സമയം കഴിഞ്ഞിട്ടും ഞാൻ പോകാതെ നിൽക്കുന്നത് കണ്ടിട്ടാകും ഐസിയുവിന്റെ ചാർജ് ഉള്ള ഡ്യൂട്ടി ഡോക്ടർ എനിക്കരികിലേക്ക് വന്നു..

“ബ്രെയിൻ ഡെത്ത്‌ ആണ് സിസ്റ്ററെ… കൊണ്ടുവന്ന നാട്ടുകാരോടും രോഗിയുടെ വീട്ടുകാരോടും വിവരം അറിയിച്ചിട്ടില്ല കൺസെന്റ് എടുത്ത് വെന്റിലേറ്ററിൽ ഇട്ടതാണ്..”

ഐ സി യുവിന് പുറത്ത്  പ്രതീക്ഷകളോടെ നിൽക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖം ഓർമ വന്നതും അടിവയറ്റിൽ നിന്നൊരു എരിച്ചിൽ തള്ളിക്കയറി വന്നു..

എന്തെല്ലാം സ്വപ്നങ്ങളായിരിക്കാം അവൻ കണ്ടത്… ഇപ്പോഴും ചിലപ്പോൾ ഞങ്ങൾ സംസാരിക്കുന്നത് അറിഞ്ഞ് അവന്റെ ഉള്ളുരുകുന്നുണ്ടാവില്ലേ..

ഇനിയൊരു മടക്കം സ്നേഹിക്കുന്നവരുടെ അടുത്തേക്കില്ലെന്ന് അറിഞ്ഞ് അവൻ തേങ്ങുന്നുണ്ടാകില്ലേ.. അമ്മയെ കെട്ടിപ്പിടിക്കാൻ …

അച്ഛനോട് ഒന്നുകൂടെ വഴക്കിടാൻ..
അനിയത്തിമാരെ സ്നേഹിച്ചു മതിയായില്ലല്ലോ എന്നെല്ലാം അവനും ചിന്തിക്കുന്നുണ്ടാകില്ലേ എന്നോർത്തതും നെഞ്ച് പിടയാൻ തുടങ്ങി..

എന്താണ് ഇനി ഡോക്ടറോട് ചോദിക്കേണ്ടതെന്ന് അറിയാതെ ആ മുഖത്തേക്ക് നോക്കി ഞാൻ പതറി നിന്നു..

മരണം പലപ്പോഴും രംഗബോധമില്ലാതെ  തിമിർത്താടുന്നത് കണ്ടിട്ടുണ്ട് അപ്പോഴെല്ലാം നിർവികാരമായി നിൽക്കാൻ ശ്രമിച്ചാലും നിയന്ത്രണമില്ലാത്ത മനസ്സോടെ സാഹചര്യം നേരിടാൻ പരമാവധി ശ്രമിച്ച്  ഞാൻ അതിഗംഭീരമായി പരാജയപെടാറുണ്ട് .

അന്ന് പക്ഷേ വിവരിക്കാൻ  കഴിയാത്തൊരു വേദനയിലും അസ്വസ്ഥതയിലും നെഞ്ചുരുകിയത് ഒരുപക്ഷെ ആ പയ്യന് എന്റെ അനിയന്റെ മുഖച്ഛായ തോന്നിയതുകൊണ്ട് കൂടി ആയിരിക്കാം..

പുറത്തേക്ക് നടന്ന് വരുമ്പോൾ വാതിലിനു അരികെ കാത്തുനിൽക്കുന്ന അവന്റെ അച്ഛനിൽ നിന്നും ചോദ്യമുയർന്നു..

“മോൻ കണ്ണ് തുറന്നോ സിസ്റ്ററെ..”

“മരുന്നിന്റെ മയക്കത്തിലാകും പേടിക്കണ്ട കേട്ടോ സമാധാനമായിരുന്നോളു..”

നുണകൾ എത്ര അനായാസമായാണ് ഇങ്ങനെയുള്ള സാഹചര്യത്തിൽ വന്നു ചേരുന്നത്..

അല്ലെങ്കിലും ആ മകനിനി കണ്ണ് തുറക്കില്ലെന്ന് എങ്ങനെയാണ് എനിക്ക് പറയാൻ കഴിയുന്നത് ദൈവമെയെന്നോർത്ത് ഞാൻ ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു..

ഏറെ പ്രതീക്ഷകളോടെ കാത്തുനിൽക്കുന്ന അവരോട് ഇനിയും വെന്റിലേറ്ററിൽ ഇട്ടിട്ട് കാര്യമില്ലെന്ന് ഡോക്ടർ പലതവണ സൂചിപ്പിച്ചിട്ടും അവൻ തിരിച്ചുവരുമെന്ന് പ്രതീക്ഷയായിരുന്നു അവർക്ക്..

സാധാരണക്കാരന്റെ പോക്കറ്റിന് താങ്ങാൻ കഴിയുന്നതിനപ്പുറമുള്ള ബില്ല് പക്ഷേ പ്രതീക്ഷകൾക്കൊപ്പം നിൽക്കാൻ തയ്യാറല്ലായിരുന്നിട്ട് കൂടി കടം വാങ്ങിയിട്ടാണെങ്കിലും അവർ പണം തയ്യാറാക്കിയിരുന്നു.

പണം മുൻകൂറായി അടച്ചിരുന്നത് തീർന്നെന്നും ഒന്നോ രണ്ടോ ദിവസത്തിൽ ബാക്കി അടച്ചില്ലെങ്കിൽ വെന്റിലേറ്റർ ഊരി മാറ്റുന്നതാണ്

ഹോസ്പിറ്റൽ പോളിസിയെന്നും അറിയിച്ചവരോട് ഞങ്ങൾക്കുള്ളതെല്ലാം വിറ്റായാലും ബില്ലടക്കും ഞങ്ങളവനെ നോക്കുമെന്നാണ് അച്ഛൻ ഉത്തരം കൊടുത്തത് ..

എഴുന്നേറ്റ് നടന്നില്ലെങ്കിൽ പോലും അവൻ ജീവനോടെ ഞങ്ങളുടെ മുൻപിൽ ഉണ്ടായാൽ മതിയെന്ന ആഗ്രഹത്തിൽ എന്റെ മോൻ തിരിച്ചുവരുമോയെന്ന ചോദ്യവുമായി മുൻപിൽ നിൽക്കുന്ന അച്ഛന് ഒരുത്തരം കൊടുക്കാൻ കഴിയാതെ ഡോക്ടറും നിൽക്കുന്നുണ്ടായിരുന്നു..

തിരികെ കിട്ടില്ല എന്ന് തീർത്തുപറഞ്ഞിട്ടും ഈ മെഷീനിൽ കിടക്കുന്നിടത്തോളം അവനെ ഞങ്ങൾക്ക് കാണാമല്ലോ എന്നറിയിച്ച്

എവിടൊക്കെയോ ഓടി നടന്ന് കടം വാങ്ങി പൊന്നിന്റെ പൊട്ടും പൊടിയും വിറ്റ് അവരടച്ച പണത്തിന് പക്ഷേ അവന്റെ ജീവനെ വെന്റിലേറ്ററിലൂടെ പോലും പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.

അന്ന് കുടുംബം നോക്കാനുള്ള മകനെന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് ആരുണ്ടെന്ന ഭയത്തേക്കാളും മാതാപിതാക്കളുടെ കണ്ണടയും വരെയും മക്കളെ ജീവനോടെയും ആരോഗ്യത്തോടെയും കാണണമെന്ന നിസ്വാർത്ഥമായ പ്രാര്ഥനയായിരുന്നു കണ്ടത്.

ഇല്ലായ്മയിലും മകനെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് ആഗ്രഹിച്ച ഒരച്ഛന്റെ സ്നേഹമായിരുന്നു അറിഞ്ഞത്..

ഇന്ന് ആയുസ്സ് മുഴുവൻ മക്കൾക്കായി ഹോമിച്ച ഒരച്ഛനെ ചികിത്സിക്കാൻ മക്കൾ മത്സരമാണ് ആര് ബില്ലടക്കും..ഇനി ബില്ലടച്ചു അദ്ദേഹം രക്ഷപ്പെട്ടാൽ ശേഷകാലം ആര് നോക്കും..

രക്ഷപെട്ടു കിട്ടിയാലും എന്ത് ഉപകാരമാണ് ഉള്ളത് അങ്ങനെ ചിന്തിക്കാൻ നൂറായിരം കാര്യങ്ങൾക്ക് എല്ലാ മക്കളും കൂടി ഒറ്റകെട്ടായി കണ്ടെത്തിയ ഉത്തരമാണ് ഇനി വെന്റിലേറ്റർ വേണ്ട എന്നത്.

തൊണ്ണൂറും നൂറും ദിവസങ്ങളും അച്ഛനമ്മമാരെ വെന്റിലേറ്ററിൽ കിടത്തി ചികിത്സിച്ച് ഒന്നോ രണ്ടോ വട്ടം ട്രക്കിയോസ്റ്റമി ചെയ്ത് മൂക്കിലെ ട്യൂബിലൂടെ ഭക്ഷണം നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മക്കളും ഉണ്ടായിരുന്നെന്ന് മറന്നിട്ടില്ല..

എങ്കിലും ഇത്തരം സാഹചര്യത്തിൽ ഇനി വേണ്ട അല്ലെങ്കിൽ ചികിത്സ മതിയെന്ന കാര്യത്തിൽ  അച്ഛനമ്മമാരുടെ അല്ലെങ്കിൽ വയസ്സായവരുടെ വിഷയം പെട്ടെന്ന് തീരുമാനമാകുന്നോ എന്ന ചിന്തയില്ലാതില്ല.

എന്റെ മാത്രം അച്ഛനാണ് എന്റെ മാത്രം അമ്മയാണ് എന്ന വാശിയിലുള്ള കുട്ടികളുടെ തർക്കങ്ങൾ കേൾക്കുമ്പോൾ സ്വപ്‌നങ്ങൾ നെയ്തുകൂട്ടേണ്ട നിന്റെയും കൂടി അമ്മയും അച്ഛനുമാണ് നിനക്കും നോക്കാമെന്ന വാക്കിലേക്കുള്ള മാറ്റം കാലമാണ്.

Leave a Reply

Your email address will not be published. Required fields are marked *