അപ്പുവും മീനുവും തമ്മിലുണ്ടായിരുന്ന ഇഷ്ടത്തെ കുറിച്ച് മീനുവിൽ നിന്ന്..

പ്രണയലേഖനം
(രചന: Sadik Eriyad)

സിയാദ് കിടക്കുന്ന റൂമിന്റെ ജനലിലൂടെ അവനെയും നോക്കി നിൽക്കുകയാണ് അപ്പു…

സിയാദിന്റെ ഉമ്മ അവനരികിലിരുന്ന് ഒരുപാട് ദിക്കുറുകളും സ്വലാത്തും ചൊല്ലുന്നുണ്ട്..

ഉമ്മാന്റെ കരഞ്ഞു കൊണ്ടുള്ള ദിക്കറുകൾ കേട്ട്. നീറുന്ന മനസ്സോടെ അപ്പു തന്റെ ചങ്ങാതിയെയും നോക്കി നിന്നു… അപ്പുവിന്റെ അമ്മയും മറ്റു അയല്പക്കക്കാരുമുണ്ട് സിയാദിന്റെ വീട്ടിൽ…

എല്ലാവരുടെയും മനസ്സ് നീറുകയാണ് സിയാദിന്റെ അസുഖം വളരെ കൂടുതലാണ് ഡോക്ടറിപ്പൊ വന്ന് നോക്കി പോയപ്പോൾ പറഞ്ഞു.
ഇനിയൊന്നും ചെയ്യാനില്ല എന്ന്..

ശബ്ദം താഴ്‌ത്തി സിയാദിന്റെ രണ്ട് ചെവിയിലുമായി ആരൊക്കയോ ചേർന്ന് ദിക്ക്റ്കൾ ചൊല്ലി കൊടുക്കുന്നതും നോക്കി നിൽക്കുമ്പോൾ അപ്പു കേട്ടു. എന്റെ മോനെ എന്ന ഉമ്മയുടെ അലർച്ച..

അതെ ഓർമ വച്ച നാൾ മുതലുള്ള അപ്പുവിന്റെ പ്രിയ ചങ്ങാതി ഈ ലോകത്ത് നിന്ന് പോയിരിക്കുന്നു..

കൂട്ട നിലവിളികൾ ഉയരുമ്പോൾ സിയാദിന്റെ ഉപ്പയെയും ഉമ്മയെയും സമാധാനിപ്പിക്കാൻ കഴിയാത്തത് പോലെ അവന്റെ ചങ്ങാതി അപ്പുവിനെയും ആർക്കും സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല…

കുഞ്ഞിലെ മുതൽ കൂട്ടായ് ചേർന്ന നന്മയുള്ള രണ്ട് സൗഹൃദങ്ങൾ അപ്പുവും സിയാദും..

അവരുടെ വീടുകളിൽ നിന്ന് റോഡിലേക്ക് പോകുന്ന വഴിയോട് ചേർന്നാണ് വിശാലമായ് കിടക്കുന്നൊരു കാലി പറമ്പുള്ളത്.

ആ പറമ്പിലാണ് കുട്ടികളെല്ലാം കളിക്കാൻ കൂടിയിരുന്നത്.

ചെറുപ്പം മുതൽ സിയാദിന് ഹൃദയസംബന്ധമായ അസുഖമായിരുന്നു എത്ര ചികിത്സിച്ചിട്ടും അവനെ വിട്ട് പോകാൻ മടിച്ചിരുന്ന അസുഖം.

മറ്റു കുട്ടികളെ പോലെ ഓടി ചാടി കളിക്കാൻ കഴിയാത്ത തന്റെ ചങ്ങാതിക്ക് കൂട്ടായ് അപ്പുവും അധികം കളിക്കാൻ കൂടാറില്ലായിരുന്നു..

കളി പറമ്പിനടുത്തുള്ള വീട്ടിലെ ഗെയ്റ്റിന് മുന്നിൽ അപ്പുവും സിയാദും കളികാണാൻ നിൽക്കുമ്പോൾ
അവർ കാണുമായിരുന്നു ആ വീടിന്റെ സിറ്റൗട്ടിൽ പല പല കളിപ്പാട്ടങ്ങളിൽ കളിക്കുന്ന ഒരു കൊച്ചു സുന്ദരിയെ..

വലിയ ശബ്ദത്തിലുള്ള പാവകളും വണ്ടികളും കാണുന്ന അപ്പുവിന്റെ കുഞ്ഞ് മനസ്സിന് അതെല്ലാം അത്ഭുതമായിരുന്നു.

മറ്റു കുട്ടികൾ കളിക്കുമ്പോൾ അപ്പു ഗെയ്റ്റിൽ തൂങ്ങി കിടന്ന് അവൾ കളിക്കുന്ന കളിപ്പാട്ടങ്ങൾ കാണുകയായിരുന്നു..

വർഷങ്ങൾ നീങ്ങിയപ്പോൾ പത്താം ക്ലാസ്സ് കാരനായ അപ്പു ഇന്ന് സ്കൂൾ വിട്ട് വന്നാൽ ആ ഗെയ്റ്റിന് മുന്നിലേക്ക് പോകുന്നത് പറമ്പിലെ കളികാണാനൊ.

മുൻപ് താൻ കൊതിയോടെ നോക്കി നിന്നിട്ടുള്ള കളിപ്പാട്ടങ്ങൾ കാണാനൊ അല്ല. ആ കളിപ്പാട്ടങ്ങളിൽ കളിച്ചിരുന്ന സുന്ദരിയെ കാണാനാണ്..

ടൗണിലെ ഇഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന മീനുവിനെ കാണാൻ. ഹാഫ് പാവാടയും ടൈ കെട്ടിയ വെള്ള ഷർട്ടുമിട്ട് സ്കൂൾ ബസ്സിൽ നിന്നിറങ്ങി അവൾ വീട്ടിലേക്ക് നടന്ന് വരുന്നത് കാണാൻ..

അപ്പുവിനൊരു പുഞ്ചിരിയും സമ്മാനിച്ച് ഗെയ്റ്റ് തുറന്നവൾ അകത്തേക്ക് പോകുമ്പോൾ. പലപ്പോഴും കൂട്ട് കാരനെ കെട്ടിപ്പിടിച്ച് അപ്പു പറയുമായിരുന്നു
അവൾക്കെന്നെ ഇഷ്ട്ടമാണ് സിയാദെയെന്ന്..

അവനൊരു പ്ലസ് ടു കാരനായിട്ടും അവരുടെ പ്രണയം നോട്ടങ്ങളിലും പുഞ്ചിരിയിലും മാത്രം ഒതുങ്ങി നിന്നു..

ഒരു ദിവസം സ്കൂൾ വിട്ട് വന്ന അപ്പു. കൂട്ട് കാരൻ സിയാദിന്റെ വീട്ടിലേക്ക് ചെന്നു. അസുഖം മൂലം അന്ന് സ്കൂളിൽ പോകാൻ കഴിയാതെ വീട്ടിലിരുന്ന സിയാദിനോട്‌ അപ്പു പറഞ്ഞു..

നീ എനിക്കൊരു പ്രണയ ലേഖനം എഴുതി തരണം മീനുവിന് കൊടുക്കാൻ..

സ്കൂളിലെ കുട്ടികൾക്ക് ഓട്ടോഗ്രാഫിൽ എഴുതാൻ പൈങ്കിളി വാക്കുകൾ എഴുതി കൊടുത്തിരുന്ന സിയാദ്. പ്രണയ ലേഖനം എഴുതാനും മിടുക്കനായിരുന്നു…

എട്ട് വരികളിൽ സ്നേഹമൂറും പ്രണയ ലേഖനം തന്റെ ചങ്ങാതിക്ക് വേണ്ടി എഴുതിയെടുത്തു സിയാദ്..

സുഖമില്ലാതിരുന്നിട്ടും അപ്പുവിന്റെ മനസ്സിലെ പ്രണയം എഴുത്തിലൂടെ പ്രണയിനിക്ക് നൽകുന്നത് കാണാൻ സിയാദും അപ്പുവിനൊപ്പം നടന്നു നീങ്ങി…

സ്കൂൾ ബസ്സിൽ നിന്നിറങ്ങി പതിവ് പുഞ്ചിരിയുമായി മീനു നടന്നടുത്തപ്പോൾ.
മറ്റാരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തികൊണ്ട്. അപ്പു ആ എഴുത്ത് അവൾക്ക് നേരെ നീട്ടി..

അപ്രതീക്ഷിതമായ അപ്പുവിന്റെ ആ പ്രവർത്തിയിൽ ഒരു നിമിഷം സ്തംഭിച്ചു പോയ മീനു. പെട്ടന്ന് എഴുത്ത് വാങ്ങി കയ്യിൽ കൂട്ടിപിടിച്ച് ഗെയ്റ്റ് തുറന്ന് അകത്തേക്ക് പോകുമ്പോൾ..

സിയാദ് അവളോട് പറഞ്ഞു മീനുവിനെ അപ്പുവിന് ജീവനാട്ടൊ..

സിയാദിനെ നോക്കിയൊന്ന് പുഞ്ചിരിച്ച് കൊണ്ട് മീനു അകത്തേക്ക് നടന്നു നീങ്ങി…

കുറച്ച് നേരം കളിയും കണ്ട് നിന്ന് കൂട്ട് കാരനെയും കെട്ടിപ്പിടിച്ച് അപ്പു സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു…

അച്ഛൻ നാട്ടിലില്ലാത്തത് കൊണ്ട് പുറത്തേക്കൊന്നും അധികം പോകാറില്ലാത്ത മീനുവിനെ സ്കൂളിലേക്കും അമ്പലത്തിലേക്കും പോകുമ്പോൾ മാത്രമാണ്
അപ്പുവിനൊന്ന് കാണാൻ കഴിഞ്ഞിരുന്നത്..

അവളോടൊന്ന് സംസാരിക്കാൻ പോലും അപ്പുവിന് അവസരം കിട്ടിയില്ല..

ദിവസങ്ങൾ കൊഴിഞ്ഞു പോകവെ പലപ്പോഴായി മൂന്ന് നാല് എഴുത്തുകൾ കൂടി മീനുവിന് കൈമാറിയിരുന്നു അവൻ…

അപ്പു നൽകുന്ന എഴുത്തുകൾ അവൾ വാങ്ങുമെങ്കിലും അതിനൊരു മറുപടി എഴുത്തിലൂടെയോ വാക്കിലൂടയോ മീനു നൽകിയിരുന്നില്ല..

ഒരു ദിവസം സ്കൂൾ വിട്ട് വരുമ്പോൾ അപ്പു കണ്ടു മീനുവിന്റെ വീട്ടിലെ ഗെയ്റ്റ് താഴിട്ട് പൂട്ടിയിരിക്കുന്നത്..

ആരോട് ചോദിച്ചറിയുമെന്ന് ചിന്തിച്ച് അപ്പുവിന്റെ മനസ്സ് വല്ലാതെ നീറി പുകയാൻ തുടങ്ങിയിരുന്നു..

രാത്രിയായിട്ടും വെളിച്ചമൊന്നുമില്ലാതെ ഇരുട്ട് മൂടി കിടക്കുന്ന മീനുവിന്റെ വീട് കണ്ടപ്പോൾ അപ്പു ആകെ അസ്വസ്ഥനാകുകയായിരുന്നു..

പിറ്റേന്ന് അപ്പു അറിഞ്ഞു, മീനുവിന്റെ അച്ഛൻ എന്തൊ ചെക്ക് കേസിൽ പെട്ട് വിദേശത്ത് ജയ്ലിലായെന്നും. അത് കൊണ്ടാണ് മീനുവും അമ്മയും ദൂരെയുള്ള അമ്മയുടെ വീട്ടിലേക്ക് പോയതെന്നും..

മീനുവിനെ കണ്മുന്നിൽ കാണാതെ വർഷങ്ങൾ കടന്ന് പോയിട്ടും അപ്പുവിന്റെ മനസ്സിൽ അവളോടുള്ള ആത്മാർത്ഥമായ അളവറ്റാത്ത സ്നേഹം നിറഞ്ഞ് തന്നെ നിന്നു..

പ്ലസ് ടു കഴിഞ്ഞ് ഒരു ഡിസൈനിംഗ് കമ്പനിയിൽ ജോലി ചെയ്യുമ്പോളാണ് സിയാദിന്റെ മരണം..

മനം നിറയെ പ്രണയിച്ച പെണ്ണ് പെട്ടന്ന് കൺമുന്നിൽ നിന്ന് അകന്ന് പോയതും.
കൂട്ട് കാരൻ സിയാദിന്റെ വേർപാടും അപ്പുവിന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു..

രണ്ട് വർഷങ്ങൾക്ക് ശേഷം അപ്പു ഇന്ന് ദുബായിൽ നിന്ന് നാട്ടിലെത്തുകയാണ്..

തന്റെ വീട്ടിലേക്ക് കാറ് തിരിയുമ്പോൾ അപ്പു കണ്ടു.. തുറന്നു കിടക്കുന്ന മീനുവിന്റെ വീടിന് മുന്നിലെ ഗെയ്റ്റ്..

വീട്ടിലെത്തി കുളിയല്ലാം കഴിഞ്ഞ് തന്റെ വീടിന് സിറ്റൗട്ടിൽ നിൽക്കുമ്പോൾ മീനുവിന്റെ വീട്ടിലേക്ക് നോക്കിയ അപ്പു അമ്മയോട് ചോദിച്ചു.. ആ വീട്ടിൽ പുതിയ താമസക്കാർ വന്നു അല്ലെ..

പുതിയ താമസക്കാരല്ല മോനെ അവിടെ ഉണ്ടായിരുന്ന പ്രഭാകരേട്ടന്റെ മകനും കുടുംബവും തന്നെയാണ്.

അപ്പു പിന്നീടൊന്നും വിസ്ത്തരിച്ച് അമ്മയോട് ചോദിച്ചില്ല
അവൻ മനസ്സിൽ മീനുവിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു.

മീനുവിന്റെ വിവാഹം കഴിഞ്ഞു കാണുമൊ.. ദൈവമെ ഒരു വട്ടം കൂടി തനിക്ക് ആ മുഖമൊന്ന് കാണാൻ കഴിഞ്ഞെങ്കിൽ

പിറ്റേന്ന് പുറത്തേക്ക് പോകാൻ ബൈക്ക് സ്റ്റാട്ട് ചെയ്യാൻ തുടങ്ങുമ്പോൾ അപ്പു കണ്ടു. തന്റെ വീട്ടിലേക്ക് നടന്നടുക്കുന്ന അതിഥികളെ. രണ്ട് പേരിൽ ഒരാളുടെ മുഖം അപ്പുവിന് ഓർമ വന്നു. മീനുവിന്റെ അമ്മ..

ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത അതിഥികളെ അപ്പുവും അമ്മയും സ്വീകരിച്ചിരുത്തി. ഒരു മുഖവുരയും കൂടാതെ മീനുവിന്റെ അച്ഛൻ അവർ വന്ന വിഷയത്തിലേക്ക് കടന്നു..

അപ്പുവും മീനുവും തമ്മിലുണ്ടായിരുന്ന ഇഷ്ടത്തെ കുറിച്ച് മീനുവിൽ നിന്ന് അറിഞ്ഞത് കൊണ്ടാണ് ഞങ്ങൾ വന്നത്… വർഷങ്ങൾ കാണാതിരുന്നിട്ടും ഇന്നും എന്റെ മകളുടെ മനസ്സ് നിറയെ അപ്പുവാണ്..

അപ്പുവിനറിയുമൊ എന്നറിയില്ല മീനുമൊളൊരു മിണ്ടാൻ കഴിയാത്ത കുട്ടിയാണ്..

അപ്രതീക്ഷിതമായ അവരുടെ വരവും സംസാരവും കേട്ട് സ്വപ്നലോകത്തെന്ന പോലെ നിന്നിരുന്ന അപ്പു. ആ വാക്കുകൾ കേട്ട് ഞെട്ടലോടെ
സ്വയം മനസ്സിൽ ചോദിച്ചു.
ദൈവമെ മീനു സംസാരിക്കാൻ കഴിയാത്ത കൂട്ടിയായിരുന്നൊ…

അതാണൊ അന്നെല്ലാമവൾ പുഞ്ചിരിയിലൂടെയും കണ്ണുകളിലൂടെയും മാത്രം തന്നോട് പ്രണയം പറഞ്ഞത്..

അപ്പുവിന്റെ ചിന്തകൾക്കിടയിൽ മീനുവിന്റെ അച്ഛൻ പറഞ്ഞു…

അപ്പുവും അമ്മയും ഒന്നും പറഞ്ഞില്ല.. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിൽ നിൽക്കുന്ന അപ്പു പറഞ്ഞു.

എത്ര വർഷങ്ങൾ കാണാതിരുന്നാലും എന്റെ ഹൃദയത്തിൽ നിന്ന് മീനു മറയില്ല..
പിന്നെ മീനു ഒരു മിണ്ടാൻ കഴിയാത്ത കുട്ടിയാണെന്നറിഞ്ഞപ്പോൾ അവളോടുള്ള സ്നേഹമെനിക്ക് പതിന്മടങ്ങ് കൂടിയിട്ടേ ഉള്ളു..

എന്റെ മകന്റെ നന്മയുള്ള ഒരിഷ്ട്ടത്തിനും ഞാൻ എതിരെല്ല ആ പൊന്ന് മോളെ ഞങ്ങൾക്ക് വേണം അപ്പുവിന്റെ അമ്മയും പറഞ്ഞു..

കുറച്ച് നേരത്തെ സംസാരത്തിന് ശേഷം യാത്ര പറഞ്ഞവർ നടക്കാൻ തുടങ്ങവെ മീനുവിന്റെ അച്ഛൻ അപ്പുവിനോടായ് പറഞ്ഞു..

ഫോർമാൽറ്റിയൊന്നും നോക്കേണ്ട മീനുവിനെ കാണണമെങ്കിൽ അമ്മയേം കൂട്ടി എപ്പോ വേണേലും അപ്പു വന്നോളൂട്ടോ..

നഷ്ട്ട പെട്ടന്ന് കരുതിയ മീനുവിനെ തിരിച്ചു തന്ന ദൈവത്തിനോട് നന്ദി പറഞ്ഞ്.. സന്തോഷത്തോടെ അമ്മയെ കെട്ടിപിടിച്ച് അകത്തേക്ക് തിരിയുമ്പോൾ അപ്പു കണ്ടു.

വീടിന്റെ ബാൽക്കണിയിൽ തന്നെ നോക്കി നിൽക്കുന്ന മീനുവിനെ.

സന്തോഷകണ്ണീർ പൊഴിയുന്ന കണ്ണുകൾ തുടച്ച്. വിദൂരതയിൽ നിൽക്കുന്ന മീനുവിനെ നോക്കി കൈകൾ വീശുമ്പോൾ.

അപ്പുവിന്റെ മനസ്സ് കൊതി തീരാത്ത അവന്റെ പ്രണയവുമായ് അവൾക്കരികിലേക്ക് പറന്നടുക്കുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *