ആദ്യമൊക്കെ വിനുവിനോട് വലിയ സ്നേഹം പ്രകടിപ്പിച്ചിരുന്ന അവന്റെ രണ്ടാനച്ചൻ..

എന്റെ കൂട്ട് കാരൻ
(രചന: Sadik Eriyad)

നല്ല തിരക്കുള്ള സമയമായിരുന്നു. വിനുവിന്റെ റസ്റ്റോറന്റിൽ… ക്യാഷ് കൗണ്ടറിലിരുന്ന് കൊണ്ട് ഇടക്കിടെ പുറത്തേക്ക് നോക്കിയ വിനു.

സംശയം തീരാതെ വീണ്ടും വീണ്ടും നോക്കിയിട്ട് മനസ്സിലുറപ്പിച്ചു. അതെ അത് ആശാൻ ചേട്ടൻ തന്നെയെന്ന്..

റോഡിനപ്പുറത്തെ സൈഡിൽ അടഞ്ഞു കിടക്കുന്ന പീടികതിണ്ണയിൽ ഒരു ബാണ്ട കെട്ടുമായ് മുഷിഞ്ഞു നാറിയ വേഷത്തിലിരിക്കുന്നത് ആശാൻ ചേട്ടൻ തന്നെയെന്ന്…

റസ്റ്റോറന്റിലെ ഒരു ജോലിക്കാരനെ വിളിച്ച് ക്യാഷ് കൗണ്ടറിൽ ഇരുത്തിയിട്ട്.
അവൻ റോഡ് മുറിച്ച് അപ്പുറം കടന്നു.. ശരിക്കൊന്നുകൂടി നോക്കിയിട്ട് അവൻ വിളിച്ചു ആശാൻ ചേട്ടാ…

ഒറ്റ വിളിയിൽ തന്നെ പരിഭ്രമിച്ചു കൊണ്ട് വിനുവിന്റെ മുഖത്തേക്ക് നോക്കി അദ്ദേഹം… അവൻ വേഗം ചെന്ന് ആശാൻ ചേട്ടന്റെ കൈകളിൽ പിടിച്ച് കൊണ്ട് ചോദിച്ചു…

എന്നെ മനസ്സിലായോ ചേട്ടന്.

ഇല്ല മോനെ എനിക്ക് മനസ്സിലായില്ല .

വിനു അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു… ചേട്ടൻ വാ പറയാം..

നടക്കാൻ ശ്രമിച്ച ആശാൻ ചേട്ടൻ കാലിലെ വേദന കൊണ്ട് അവനോട് പറഞ്ഞു.. എനിക്ക് നടക്കാൻ പറ്റണില്ല മോനെ കാല് വല്ലാതെ വേദനിക്കുന്നു..

ആശാൻ ചേട്ടന്റെ കാലിലേക്ക് നോക്കിയ വിനു കണ്ടു. ഒരു കാല് നീര് വന്ന് വീർത്തിരിക്കുന്നു.. അദ്ദേഹത്തെ വിനു താങ്ങി പിടിച്ച് തന്റെ കടയിലേക്ക് കൊണ്ട് പോയി..

വൃത്തിയായി കുളിച്ച് വന്ന അദ്ദേഹത്തിന് വയറു നിറയെ ഭക്ഷണം കൊടുത്ത ശേഷം.. അദ്ദേഹത്തെയും കൊണ്ടവൻ ഹോസ്പിറ്റലിലേക്ക് പോയി..

ആശാൻ ചേട്ടന്റെ കാലിൽ മരുന്നെല്ലാം വെച്ച് കെട്ടി.. തന്റെ കാറിൽ തിരിച്ചു പോരുമ്പോൾ. വിനു അദ്ദേഹത്തോട് ചോദിച്ചു. ചേട്ടൻ എങ്ങനെ ഈ മുംബൈ നഗരത്തിൽ എത്തി പെട്ടുവെന്ന്..

നാട്ടിൽ ചേട്ടന് വീടുണ്ടായിരുന്നില്ലെ. ഭാര്യയുണ്ടായിരുന്നില്ലെ.. പിന്നെ എന്തിനാ ഇവിടെ ഇങ്ങനെ അലഞ്ഞു തിരിയുന്നത്… ഒരു നിശ്വാസമുതിർത്തുകൊണ്ട് ആശാൻ ചേട്ടൻ അവനോട് പറഞ്ഞു….

കുട്ടികളില്ലാതിരുന്ന ഞങ്ങളിൽ നിന്ന് എന്റെ ജാനു കൂടി പോയപ്പൊ ഞാനൊറ്റക്കായില്ലെ മോനെ.. കുറേ നാൾ മിട്ടായികളുമായി കറങ്ങി നടന്നു ഞാൻ.

പിന്നെ പിന്നെ ആരും വാങ്ങാതെയായി…
എന്റെ രൂപം കണ്ട് എന്റെ മിട്ടായിക്കും വൃത്തിയില്ലാന്ന് പറഞ്ഞു തുടങ്ങി ആളുകൾ.. എന്റെ ഈ കാലിന് വേദന തുടങ്ങിയപ്പോൾ അതിനും പോകാൻ കഴിയാതെയായി…

ആരും നോക്കാനില്ലാത്ത ഈ വൃദ്ധൻ എങ്ങനെയൊക്കയോ ഇവിടെ ഈ നാട്ടിൽ വരെ എത്തിപ്പെട്ടു…. അല്ല മോനെ ഇപ്പഴും എനിക്ക് മോനെ കുറിച്ച് ഓർമ കിട്ടുന്നില്ല..

ചേട്ടന്റെ വീടിനടുത്ത് താമസിച്ചിരുന്ന. മന്നം പടിയിലെ മരിച്ചു പോയ ശിവദാസന്റെ മകനാണ് ഞാൻ. വിനു ശിവാദസൻ..

ദൈവമെ ആ ചെറുതിലെ നാട് വിട്ട് പോയ കുട്ടിയോ..

അതെ ആശാനെ ആ കുട്ടി തന്നെയാണ് ഞാൻ.

താൻ ചെറുതിലെ വീട്ടിൽ നിന്ന് നാട് വിട്ട് പോന്നതിൽ പിന്നെ നാട്ടിൽ നടന്ന കഥകളോരോന്നായ് ആശാൻ ചേട്ടനിൽ നിന്നും വിനു അറിയുമ്പോൾ.. ഒരു കാര്യം അദ്ദേഹത്തിൽ നിന്നും കേട്ടപ്പോൾ അവന്റെ മനസ്സ്. വല്ലാതെ വേദനിക്കുകയായിരുന്നു…

ആ വേദനയിൽ വിനുവിന്റെ മനസ്സ് ഒരു തീരുമാനത്തിലും എത്തിയിരുന്നു…

ചെറിയൊരു നാട്ടിൻ പുറത്തായിരുന്നു വിനുവിന്റെ നാട്.. വിനു ആറിൽ പഠിക്കുമ്പോഴായിരുന്നു അവന്റെ അച്ഛന്റെ മരണം..

അച്ഛൻ മരിച്ച് രണ്ട് വർഷം കഴിഞ്ഞപ്പോൾ അമ്മയുടെ പുനർവിവാഹം കഴിഞ്ഞിരുന്നു… ആദ്യമൊക്കെ വിനുവിനോട് വലിയ സ്നേഹം പ്രകടിപ്പിച്ചിരുന്ന അവന്റെ രണ്ടാനച്ചൻ..

പയ്യെ പയ്യെ കാര്യമില്ലാതെ പോലും അവനെ വഴക്ക് പറയാനും അടിക്കാനും തുടങ്ങിയിരുന്നു.. ആദ്യമൊക്കെ.. അവൻ കുട്ടിയല്ലെ പോട്ടെ ക്ഷമിച്ചേക്കെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്ന വിനുവിന്റെ അമ്മ..

അവർക്ക് മറ്റൊരു കുട്ടി കൂടി വന്നപ്പോൾ അതും നിർത്തിയതായ് അവന്റെ കുഞ്ഞു മനസ്സിൽ തോന്നി തുടങ്ങിയിരുന്നു…

വിനു പത്താം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ദിവസം.

രണ്ടാനച്ഛന്റെ പോക്കറ്റിൽ നിന്ന് അവൻ കാശ് കട്ടെടുത്തു എന്നും പറഞ്ഞ് കുടിച്ച് വന്ന അയാൾ. അവനെ ഒരുപാട് തല്ലുകയും അവന്റെ കയ്യിൽ കമ്പി പഴുപ്പിച്ച് വെക്കുകയും ചെയ്തു…

അന്ന് അവന്റെ കുഞ്ഞു മനസ്സിൽ താൻ ഒറ്റപ്പെട്ടുവെന്ന് തോന്നിയത് കൊണ്ടും. ശരീരത്തിലേറ്റ സഹിക്കാൻ കഴിയാത്ത വേദനകൊണ്ടും.. അന്നത്തെ ആ രാത്രി ആരോടും പറയാതെ വിനു നാട് വിടുകയായിരുന്നു…

വിനുവിന്റെ സ്കൂൾ കാലത്ത് സ്കൂളിന്റെ പടിക്കൽ മിട്ടായി വിറ്റിരുന്ന ആശാൻ ചേട്ടനെ..

പതിനാറ് വർഷങ്ങൾക്ക് ശേഷം മുബൈ നഗരത്തിൽ വെച്ച് അവൻ കണ്ട് മുട്ടിയതും. അദ്ദേഹത്തിൽ നിന്ന് അവന്റെ കളികൂട്ട്കാരനായ അപ്പുവിന്റെ അന്നത്തെ അവസ്ഥയെ കുറിച്ച് അറിയാൻ കഴിഞ്ഞതും അവന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചിരുന്നു….

ഇന്നേക്ക് പതിനൊന്ന് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു വിനു ആശാൻ ചേട്ടനെ കണ്ട് മുട്ടിയിട്ട്.. കേരളത്തിലെ വലിയൊരു മെന്റൽ ഹോസ്‌പിറ്റലിലാണിപ്പോൾ വിനു ഉള്ളത്…

നാളെ വിനുവിന്റെ ബാല്യകാല കളി കൂട്ട് കാരനായിരുന്ന അപ്പുവിനെ.
അപ്പുവിന്റെ അസുഖമെല്ലാം ഭേദമായ് ഡിസ്ചാർജ് ചെയ്യുന്ന ദിവസമാണ്…

പതിനൊന്ന് മാസമായി വിനുവും ആ ഹോസ്പിറ്റലിലാണ്. തന്റെ കൂട്ട് കാരന് കാവലായ് അവനെ പരിചരിച്ച് കൊണ്ട്…

നാളെ ഹോസ്പിറ്റലിൽ നിന്ന് തന്റെ കളികൂട്ട് കാരനെയും കൊണ്ട് പോകാനുള്ള ഒരുക്കങ്ങൾക്കിടയിൽ വിനുവിന്റെ മനസ്സ് വീണ്ടും ഓർക്കുകയായിരുന്നു ആശാൻ ചേട്ടൻ തന്നോട് പറഞ്ഞ ഓരോ കാര്യങ്ങളും…

താൻ വർഷങ്ങൾക്ക് മുൻപ് തന്റെ വീട്ടിൽ നിന്ന് നാട് വിട്ട് പോന്ന രാത്രിയുടെ
പിറ്റേന്ന്… നാട്ടുകാരെല്ലാം തന്നെ തിരഞ്ഞു നടക്കുമ്പോൾ.

എന്റെ കൂട്ടാളി അപ്പു അവന്റെ കുഞ്ഞ് സൈക്കിളിൽ.

കാണാതായ അവന്റെ കൂട്ട് കാരനെയും തിരഞ്ഞ് ആ നാട്ടിലൂടെ പരക്കം പായുകയായിരുന്നു… കുറെ അകലെയുള്ള ടൗണിലൂടെയെല്ലാം അവന്റെ കൂട്ട് കാരനായ എന്നെയും അന്ന്വഷിച്ച് സൈക്കിൾ ചവിട്ടി അവൻ അലയുമ്പോഴാണ്..

എന്റെ അപ്പുവിന്റെ സൈക്കിളിൽ ഒരു കാറ് വന്നിടിച്ച്. ആ അപകടമുണ്ടാകുന്നത്.. തലയിടിച്ച് റോട്ടിൽ വീണ് തലക്ക് ക്ഷതമേറ്റ എന്റെ അപ്പുവിന്റെ ഓർമ്മകൾ പിന്നീട് പല പല ചികിത്സകൾ ചെയ്തിട്ടും നേരെ നിന്നില്ല..

ഞങ്ങൾ അഞ്ചിൽ പഠിക്കുമ്പോൾ ഒരു തവണ വീടിനടുത്തുള്ള കല്ല് വെട്ട് മടയിൽ അപ്പു കാല് തെന്നിവീണിട്ടുള്ളത് കൊണ്ട് അവന്റെ കുഞ്ഞ് മനസ്സിൽ അന്നേ ഒരു ഭയം നിന്നിരുന്നു….

രണ്ടാമതും സംഭവിച്ച ഈ അപകടം കൂടിയായപ്പോൾ അപ്പുവിന്റെ മനസ്സ് ഒരു ഭ്രാന്തമായ നിലയിലേക്ക് നീങ്ങുകയായിരുന്നു….

അപ്പുവിന്റെ അവസ്ഥയറിഞ്ഞ് അവനെ കാണാൻ നാട്ടിലെത്തിയ ഞാനന്ന് കണ്ടു…

എന്റെ കളികൂട്ട്കാരനായ അപ്പു. അവന്റെ വീട്ടിലെ ഒരു മുറിയിൽ താടിയും മുടിയുമെല്ലാം വളർന്ന്. കഴിക്കാൻ കൊടുത്ത ഭക്ഷണമെല്ലാം മുഖത്തും ശരീരത്തിലും തേച്ച്. ആരെയും തിരിച്ചറിയാൻ കഴിയാതെ ജീവിക്കുന്നത്…

വളരെ ചെറുപ്പം മുതൽ വലിയ കൂട്ട് കാരായിരുന്നു. ഞാനും എന്റെ അപ്പുവും..

ഞങ്ങടെ കുഞ്ഞ് കരളുകൾ ഒന്നായ് ചേർന്ന കൂട്ട്കാർ. രണ്ടിലാർക്കെന്ത് കിട്ടിയാലും പങ്കിട്ടെടുത്തിരുന്ന കൂട്ട്കാർ… ഒരുപാട് വർഷങ്ങൾക്ക് ശേഷം ആ ഞങ്ങൾ വീണ്ടും ഒന്നിച്ചിരിക്കുന്നു..

ഞങ്ങളുടെ സ്കൂൾ കാലത്ത് സ്കൂളിന്റെ പടിക്കൽ മിട്ടായി വിറ്റിരുന്ന ആശാൻ ചേട്ടനെ. പതിനാറ് വർഷങ്ങൾക്ക് ശേഷം. മുംബൈ നഗരത്തിൽ വച്ച് ഞാൻ കണ്ട് മുട്ടിയത് കൊണ്ട്…

അപ്പുവിന്റെ ഞാനെന്ന കൂട്ട് കാരനെ തിരഞ്ഞ് അവൻ നടക്കുമ്പോൾ സംഭവിച്ച അപകടത്തിൽ,.. മനസ്സിന്റെ താളം തന്നെ നഷ്ട്ടപ്പെട്ട അപ്പുവിനെ കുറിച്ച്. ആ മനുഷ്യനിൽ നിന്ന് എനിക്ക് അറിയാൻ കഴിഞ്ഞതുമെല്ലാം… ഒരു നിയോഗമായിരിക്കും അല്ലെ…

ഇന്ന് എന്റെ. ചങ്ങാതിയായ അപ്പുവിന്റെ അസുഖമെല്ലാം പൂർണ്ണമായും ഭേദമായിരിക്കുന്നു എന്ന് ഡോക്ടർമാർ പറഞ്ഞിരിക്കുന്നു..

നാളെ അപ്പുവിനെ വീട്ടിലേക്ക് കൊണ്ട് പോകാൻ അവന്റെ അച്ഛനും അമ്മയും അളിയനും പെങ്ങളുമെല്ലാം ഹോസ്പിറ്റലിൽ വന്നിട്ടുണ്ട്..

അവരോടെല്ലാം എന്റെ അപ്പു പറഞ്ഞു കഴിഞ്ഞു വിനുവുമായി താൻ മുംബൈക്ക് പോകുവാണെന്ന്..

കുറച്ചു നാൾ അവന്റെ കൂട്ട് കാരനായ ഞാനുമൊത്ത് അവിടെ കഴിഞ്ഞിട്ട് വരാമെന്ന്.. അപ്പുവിന്റെ വിവരമറിഞ്ഞ് ഞാൻ നാട്ടിലേക്ക് വന്നത് മുതൽ എന്റെ കട നോക്കുന്നത് ആശാൻ ചേട്ടനാണ്…

ഞാനും അപ്പുവും നാളെ പോകുകയാണ് മുംബൈയിലെ എന്റെ കടയിലേക്ക്..

പിന്നെ ഒരു സന്തോഷം കൂടി എന്റെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നു.. വർഷങ്ങൾക്ക് മുൻപ് നാട് വിട്ട് പോയ മകൻ. അവന്റെ കൂട്ട് കാരനെ കാണാൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ.

ആ മകനെ കാണാൻ അവന്റെ അമ്മയും രണ്ടാനച്ഛനും വന്നിരുന്നു… ഒരിക്കെ എന്നെ ഒരുപാട് തല്ലിയിട്ടുള്ള എന്റെ രണ്ടാനച്ചൻ. അദ്ദേഹം ഒരിക്കെ പൊള്ളിച്ച എന്റെ ആ കയ്യിൽ പിടിച്ച് എന്നോട് പറഞ്ഞു.

ഒരു കാലത്ത് വിവേകമില്ലാതിരുന്ന ഈ അച്ഛനോട് നീ പൊറുക്കു മോനെ. അന്ന് നിന്റെ കുഞ്ഞ് മനസ്സ് നോവിച്ച് നിന്നെ ഞങ്ങളിൽ നിന്ന് ഓടിച്ചു വിട്ടതിന്…

എന്റെ മുന്നിൽ നിന്ന് കരയുന്ന അവരുടെ മുഖം കണ്ടപ്പോൾ. ഒരുപാട് വർഷമായി എന്റെ മനസ്സിൽ തളം കെട്ടി നിന്ന വേദനകളെല്ലാം അപ്പോൾ അലിഞ്ഞില്ലാതാകുകയായിരുന്നു…

എത്രയായാലും എനിക്ക് ജന്മം നൽകിയ എന്റെ അമ്മയെയും കാണാൻ കഴിഞ്ഞതിൽ ഞാനിന്ന് വലിയ സന്തോഷവാനാണ്…

ഞാനെന്ന കളിക്കൂട്ടുകാരന്റെ സാമിപ്യവും. നല്ലൊരു ഡോക്ട്ടറുടെ ചികിത്സയും ഇന്ന് എന്റെ കൂട്ട് കാരൻ അപ്പുവിന്റെ അസുഖം പൂർണമായും മാറിയിരിക്കുന്നു.. ദൈവത്തിന് സ്തുതി..

കൂട്ട്……. സൗഹൃദം……… ഫ്രൻഡ്ഷിപ്പ്……… അതൊരു സ്നേഹത്തിൻ ഭ്രാന്താണ് ലഹരിയാണ്… സ്നേഹത്തോടെ…. നന്മയോടെ… നിങ്ങളുടെ കൂട്ട് കാരൻ..

Leave a Reply

Your email address will not be published. Required fields are marked *