അമ്മക്ക് ഒന്നൂടി പെറ്റുടായിരുന്നോ, എന്നാൽ എനിക്ക് ഒരു കുഞ്ഞനുജത്തി ഉണ്ടായേനെ..

(രചന: Rivin Lal)

പെങ്ങളുടെ ആറു വയസായ ഉണ്ട മോളെ കളിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അമ്മയോട് തമാശക്ക് പറഞ്ഞു. അമ്മക്ക് ഒന്നൂടി പെറ്റുടായിരുന്നോ..

എന്നാൽ എനിക്ക് ഒരു കുഞ്ഞനുജത്തി ഉണ്ടായേനെ. അപ്പോൾ ധാ ചേച്ചിയുടെ കമെന്റ്.. അതെന്താടാ ഞാൻ നേരത്തെ വന്നത് നിനക്ക് പിടിച്ചില്ലേ.?? ഞാൻ വിട്ടു കൊടുക്കുമോ.?? നീ രണ്ടാമത് വന്നാലും മതി ആയിരുന്നു.

അനിയത്തിയെ കിട്ടാൻ വീട്ടിൽ മൂന്ന് മക്കളെ വേണം എന്നില്ല. നീ രണ്ടാമത് വന്നാലും മതി ആയിരുന്നു.

എടുത്ത വഴിക്കു അമ്മയുടെ കട്ട മറുപടി.

“ഈ പ്രായത്തിൽ എനിക്കിനി പെറാനൊന്നും വയ്യാ മക്കളെ.. പെണ്ണ് കെട്ടി ഒരു കൊച്ചുണ്ടാവാൻ സമയം ആയി.. അപ്പോളാ അവന്റെ ഒരു കിന്നാരം പറച്ചിൽ. എണീറ്റ് പോടാ കളിക്കാതെ.”

തള്ളേന്റെ പേറു എടുക്കാൻ വന്നിരിക്കുന്നു അവൻ. അമ്മയുടെ മുഖം തുടുത്തു.

‘അമ്മ അങ്ങിനെയാണ്. പുറമെ എന്തൊക്കെ കാണിച്ചാലും ഉള്ളിൽ സ്നേഹത്തിന്റെ നിറ കുടമാണ്. ഇളയ കുട്ടിയായ എന്നെ അല്പം ലാളിച്ചു വളർത്തിയത് കൊണ്ട് പോക്കിരിത്തരത്തിനു മാത്രം ഒരു കുറവും എനിക്ക് ഇല്ല.

അമ്മ ഉണ്ടാക്കിയ കറിയുടെ ടേസ്റ്റ്…. ഗൾഫിൽ അഞ്ചു കൊല്ലം നിന്നിട്ടും എവിടെയും  ആ ടേസ്റ്റ് മാത്രം കിട്ടീല.

ഒരു ദിവസം ചേച്ചി വിളിച്ചു പറഞ്ഞു.. “ഡാ പോത്തേ.. നാളെ അമ്മയുടെ പിറന്നാൾ ആണ്.. ഒന്ന് വിഷ് ചെയ്തെക്കടാ.. പാവമല്ലേ…

പിന്നെ വൈകീല.. ഫോൺ എടുത്തു ഞാൻ ഡയൽ ചെയ്തു..അല്ല മാതാ ശ്രീ.. ഇങ്ങള് ഫിഫ്റ്റി അടിച്ചെന്ന് കേട്ടു.. ആഘോഷിക്കണ്ടേ.
അപ്പോൾ അതാ ‘അമ്മയുടെ കട്ട ഡയലോഗ്..
“നീയില്ലാതെ എനിക്കെന്തു ആഘോഷമെടാ” എന്ന്.

കേട്ടപ്പോൾ എനിക്ക് കുളിരു കോരിയോ എന്നൊരു സംശയം. കോരും.. കോരും.. ഞാൻ അല്ലെ മോൻ.

അപ്പോളാണ് എനിക്കൊരു ഭയങ്കര പ്രേമം.. അവളെ ഞാൻ അങ്ങ് കെട്ടാൻ വിചാരിച്ചപ്പോൾ അവൾ എനിക്കൊരു മതില് തേച്ചു തന്നു വേറെ ഒരുത്തന്റെ കൂടെ പോയി കളഞ്ഞു.. ഞാൻ ദേ പോസ്റ്റ്.

നിരാശ കാമുകൻ ആയ എന്റെ തോളിൽ തട്ടിയിട്ട് ‘അമ്മ പറഞ്ഞു.. “അവൾ പോയി സുഖമായി സന്തോഷത്തോടെ ജീവിക്കട്ടെടാ. നിനക്കുള്ളത് എവിടെയോ കാത്തിരിക്കുന്നുണ്ട്..

നമുക്കു കണ്ടു പിടിക്കാമെന്നേ.” ദേ അമ്മ വീണ്ടും എന്നെ ഇൻസ്പിറേഷൻ ആക്കി കളഞ്ഞു.
അപ്പോളുണ്ട് നമ്മുടെ ഉണ്ട മോളുടെ കമന്റ്..” മാമൻ എന്താ കല്യാണം കഴിക്കാതെ.?? അപ്പുറത്തെ വീട്ടിലെ മാമന്റെ കൂടെ നടക്കുന്ന മാമന്മാർ ഒക്കെ കഴിച്ചല്ലോ.

ആ കുഞ്ഞു മനസിലെ ചിന്തയുടെ പോക്ക് കണ്ടു ഞാൻ അന്തം വിട്ടോ എന്നൊരു സംശയം. ഞാൻ ഇങ്ങിനെ ആ കുഞ്ഞു മനസിലെ ചിന്തകളും ഓർത്തു ഉമ്മറത്തെ ആ ചാരു കസേരയിൽ ഇരുന്നു ഒന്ന്‌ കണ്ണടച്ചു കിടന്നു.

“അതേയ് .. എണീക്കുന്നെ.. സമയം എത്ര ആയി… പോകണ്ടേ.. എത്ര നേരമായി വിളിക്കുന്നു.. എന്തൊരു മയക്കം ആണിത്.??

ശബ്ദം കേട്ടു ഞാൻ കണ്ണ് തുറന്നു. ഇങ്ങള് എന്ത് ആലോചിച്ചു കിടക്കാ മനുഷ്യ

ഉണ്ട മോളുടെ അനിയത്തിയുടെ കല്യാണത്തിന് പോകണ്ടേ.  കെട്ട്യോൾടെ പരാതി തുടങ്ങി.
ആഹ്.. അടുത്തിരുന്ന വയസ്സൻ കറുത്ത കണ്ണട എടുത്തു ഞാൻ കണ്ണിൽ വെച്ചു.

അടുത്തിരുന്ന വാക്കിങ് സ്റ്റിക് എടുത്തു എണീക്കാൻ തുനിഞ്ഞു.. അപ്പോൾ അവൾ എന്റെ കൈ പിടിച്ചു.. ശ്രദ്ധിച്ച്…

ഞാൻ ഒരു 32 വർഷം പിന്നോട്ടു പോയി. 2018 ലേക്ക്. ഈ ഉമ്മറത്തിരുന്ന ഓരോ ഓർമ്മകൾ ഓർത്തു പോയി. എല്ലാരേയും.. കാലം ആരെയും കാത്തു നിന്നില്ല.. അല്ലെ.!! എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോയത്.

എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.. എല്ലാരും ഒരു ദിവസം ഈ ലോകം വിട്ടു പോണം. ഇനി എന്നാണാവോ എന്റെ ടിക്കറ്റ്. നിയും പൊരില്ലേടി എന്റെ കൂടെ.?? ഞാൻ ശബ്ദം വിറച്ചു കൊണ്ട് ചോദിച്ചു. ഇല്ല..

ഈ വയസാം കാലത്തു ഇങ്ങിനെ വേണ്ടാത്ത ഓരോന്ന് പറഞ്ഞു നിങ്ങളുടെ അവസാനം എന്റെ കൈ കൊണ്ടാകും തീരുക എന്നു അവൾ പരിഭവിച്ചു കൊണ്ട് എന്റെ കൈ പിടിച്ചു മെല്ലെ മെല്ലെ  അകത്തളത്തിലേക്കു ഞാനും അവളും  നടന്നു നീങ്ങി…

Leave a Reply

Your email address will not be published. Required fields are marked *