കുഞ്ഞു കുഞ്ഞു തോന്നലുകൾ
(രചന: Rejitha Sree)
റൂമിൽ ഇരുന്നു ടൈലിന്റെ എണ്ണമെല്ലാം എടുത്തുകഴിഞ്ഞപ്പോഴാണ് അകത്തു നിന്നും നീട്ടി ഒരു വിളി…
“ഹരീഷേട്ടാ..?
തലയിണയുടെ പുറത്തുനിന്നും തലപൊക്കി ഒന്ന് നോക്കി.. ആ വിളിയോടുള്ളആവേശം..
‘പെട്ടന്നാണ് തലയ്ക്ക് വെളിവ് വീണത്.. ന്റെ മനസ് അപ്പോഴേ പറഞ്ഞ്.. “മോനെ പോണ്ട.. മുട്ടൻ പണി തരാൻ ആണ്..
ഞാൻ കേൾക്കാത്ത ഭാവത്തിൽ അടുത്തത് ഫോണിന്റെ മണ്ടേൽ വീണ്ടും തോണ്ടി.. എവിടെ നിന്നോ അവളുടെ ശബ്ദം ഒരു എക്കോ പോലെ കാതിൽ..
എവിടെയാണെന്നറിയാൻ ചെവി വട്ടം തല തിരിച്ചു പിടിച്ചപ്പോൾ ഫോണിന്റെ ഡിസ്‌പ്ലേയിലും നോക്കി എന്റെ മെസ്സേജ് ഓരോന്നും മനസ്സിൽ വായിക്കയാണ്..
“ഒരു മുറുമുറുപ്പ് പോലെ ന്തോ.. പല്ല് ഞെരിച്ചു പറയുന്നപോലെ.. “
ഇപ്പോൾ ജാങ്കോ അല്ല പെട്ടത്.. ഞാൻ തന്നെയാണ്.. ഒരു കഥയുമില്ല.. വെറുതെ ഇരുന്നപ്പോൾ ഫേസ്ബുക് വഴി ഫ്രണ്ട് ആയ മഞ്ജുന്റെ മെസ്സേജ് ആണ് ഇപ്പോൾ അവൾ വായിച്ചുകൊണ്ടിരിക്കുന്നത്..
മഞ്ജുവിന്റെ പ്രൊഫൈൽ പിക് കണ്ടപ്പോൾ ലേശം കൗതുകം കൂടുതൽ തോന്നിപോയി..
മെസ്സേജിൽ ഇത്തിരി പഞ്ചാര.. കുറച്ചു കടുപ്പം..
ചായ പക്ഷെ പിന്നിൽ നിന്നും മെസ്സേജ് വായിച്ച ഭാര്യയാണ് ഉണ്ടാക്കിയത് ..
തീർന്നു.. 21 ദിവസത്തെ വീടുപണി മുഴുവൻ എനിക്ക് പെറ്റി അടിച്ചു തന്നു അവൾ.. എന്റെ സ്വന്തം ഭാര്യ..
എന്റെ കോറോണേ നിന്നെ എന്നേലും എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ ചതച്ചു ചതച്ചു ചമ്മന്തി പരുവം.. അല്ലെ വേണ്ട കുത്തി കൊല്ലുമെടാ നിന്നെ ഞാൻ…
ആത്മഗതം പറഞ്ഞുകൊണ്ട് അടുക്കളയിൽ പൊട്ടിച്ചു വച്ച രണ്ടു തേങ്ങ മൂന്നു മിനിറ്റുകൊണ്ട് ചെരണ്ടി തീർത്തു. പിന്നെ പാത്രം കഴുകൽ, തുണി കഴുകൽ, അടിച്ചു വാരൽ, ദൈവമേ അന്യരാജ്യത്തു നിന്നും വന്ന ഈ പന്ന വൈറസ് കാരണം നരകിക്കുവാനാണല്ലോ വിധി.
ആ.. അങ്ങനെ ഒരാഴ്ച…
രാവിലെ ഓഫീസിൽ പോകാൻ നേരം ഭാര്യയോട് “അതെടുത്തില്ലേ..? ഇതെന്തേ..? അതെന്താ ചെയ്യാഞ്ഞതെന്നും ചോദിച്ചു പേടിപ്പിച്ചു വളർത്തിയതായിരുന്നു ഞാൻ അവളെ.. ഇതിപ്പോൾ എല്ലാം കൈവിട്ടുപോയി ..
ഇപ്പൊ രാവിലെ ഉണർന്നാൽ ബെഡിൽ കിടന്നു അവൾ പറയും “ചായ…”
നിങ്ങൾ ഓർക്കും ഒരു ചായ അല്ലെ പോട്ടെ ന്ന്..
അതുകഴിഞ്ഞാൽ നൈസായി സോപ്പിട്ടു വീണ്ടും പറയും മാവ് അരച്ച് വച്ചിട്ടുണ്ട്. ദോശ ഒന്നുണ്ടാകുവോ.. ബാക്കി ഞാൻ ചെയ്യാം ന്ന്.. ന്നിട്ട്…
(കണ്ണുനിറഞ്ഞോ എന്തോ.. നോക്കണ്ട നിങ്ങളുടെ അല്ല എന്റെ.. )
ന്നിട്ട്.. ബാക്കി ജോലിയൊക്കെ കുപ്പിന്നു വന്ന ഭൂതത്തെകൊണ്ട് ചെയ്യിക്കുന്നപോലെ.. ഒന്ന് തീരുമ്പോൾ അടുത്തത്..
പുറത്തിറങ്ങിയാൽ പോലീസ് അടിച്ചു വീട്ടിൽ കേറ്റും.. വീട്ടിൽ ഇരുന്നാൽ ഭാര്യ….. പണി എടുത്തു പണ്ടാരടങ്ങി .. ഒന്ന് ദേഷ്യപ്പെടാൻ പോലും സ്വാതന്ത്ര്യമില്ല.. എങ്ങാനും ദേഷ്യം വന്ന് അരുതാത്ത വല്ലതും സംഭവിച്ചാൽ.. ദൈവമേ പുറത്തിറങ്ങി ഓടാൻ പോലും പറ്റില്ല… എന്നാലും വല്ലാത്ത ഒരു ചതി ആയിപോയി
ഫോണിൽ ഫ്രണ്ട് സോജന്റെ മെസ്സേജ്..
ഡാ നീ അവിടെ സേഫ് അല്ലെ ന്നും പുറത്തിറങ്ങല്ലേ കൊറോണ വരും ന്ന്.
ഞാൻ തിരിച്ചു മെസ്സേജ് ഇട്ടു..
“കോറോണയല്ലേ പേടിക്കാൻ ഒന്നൂല്ല… (വീട്ടിൽ ഇരിപ്പുതുടങ്ങിയപ്പോഴാണ് കോറോണ വെറും പാവമാണെന്നു മനസ്സിലായത്)
“ആഹ്.. അതൊക്കെ പോട്ടെ.. ഡാ കയ്യിൽ പൈസ ഇല്ല നീപോയി ഒരു ലിറ്റർ എടുത്തു വെയ്.. വൈകിട്ട് ഞാൻ അങ്ങോട്ട് വരാം. ” (നടന്ന് )..
എന്റെ ത്യാഗമനസ്ഥിതി കണ്ടപ്പോൾ അവന്റെ കണ്ണുനിറഞ്ഞ ഇമോജി..
“ഡാ.. ഷെയർ വേണ്ട.. ആദ്യമായല്ലെ.. സംഗതി ഞാൻ സെറ്റ് ആക്കാം.. “
“ആഹ്.. വൈകിട്ട് ഐസ് ഇട്ടു രണ്ടു പെഗ്ഗടിക്കാം.”.
” അങ്ങനേലും ഒരു മനസുഗം കിട്ടുമല്ലോ
ഇത് പണ്ടാരണ്ടു പറഞ്ഞപോലെ എത്രയെന്നും വച്ച ഒരേ മുഖം തന്നെ ഇങ്ങനെ കണ്ടും കൊണ്ട് 21 ദിവസം.. ന്റമ്മോ… ഡെയിലി ഇനി അത് വല്ലോം നോക്കാം..
“വെറുതെ ഇരുന്നിങ്ങനെ വെള്ളമടിക്കാൻ ആകും ഇങ്ങനൊരു അവധിക്കാലം..വൈകിട്ട് അവന്റെ വീട്ടിൽ പോകുന്ന കാര്യം ഓർത്തപ്പോൾ മനസ്സിൽ ഒരാശ്വാസം, ഒരു കുളിര്… “
ഹോ.. ഫോൺ എടുത്തു മേശ പുറത്തു വച്ചിട്ട് സുഗമായി ഒന്നുറങ്ങി. എണീറ്റപ്പോഴാണ് തോന്നിയത് ഇന്നത്തെ കൊറോണ എപ്പിസോഡ് എന്തായിന്നു നോക്കാം. ടീവി ഓൺ ആക്കി.
ഫ്ലാഷ് ന്യൂസ്… ബിവ്‌കോ എല്ലാം അടച്ചിടാൻ ഉത്തരവ്..
“ദൈവമേ ഉച്ചയ്ക്ക് തുണി അലക്കാൻ പോയി എന്റെ കണ്ണിന്റെ കാഴ്ച പോയതാണോ..?
” അല്ല… അപ്പൊ ചെവിക്ക് കേട്ടതോ..?
ചാനൽ വേറെ മാറ്റി ഇട്ടു നോക്കി..
“അയ്യോ സത്യം.. ഒന്നുറങ്ങി ഉണർന്നപ്പോൾ..
എന്തൊക്കെ പ്രതീക്ഷ ആയിരുന്നു.. ഇതിപ്പോ വല്ലാത്ത ഒരു ചെയ്തായിപോയല്ലോ ദൈവമേ..
(ഇല്ലാത്ത ശീലം വെറുതെയിരിക്കുമ്പോൾ തുടങ്ങാമെന്ന് ആർക്കേലും തോന്നുന്നുണ്ടേൽ മനസ്സിലിരിക്കട്ടെ.. ) “ആ.. നിന്നെ ഒന്നും ഒരു കാര്യോം ചെയ്യാൻ സമ്മതിക്കൂലെടാ” ന്നും പറഞ്ഞ് സമാധാനം തരാത്ത കോറോണേ.. ശോ..
ഇതിപ്പോ പ്ലാൻ A തീർന്നു..
ഇനി പ്ലാൻ B.ന്തായാലും വീട് വിട്ടു പുറത്തുപോകാൻ പറ്റൂല.. ഇനി..
ആലോചനയ്‌ക്കൊടുവിൽ വീണ്ടും ഞാൻ കണ്ടുപിടിച്ചു.. ഫോണിൽ ഗെയിം കളി സിനിമ കാണൽ. … എനിക്കും വേണ്ടേ എന്തേലുമൊക്കെ ഒരു ഇത്..
അങ്ങനെ ഫോണിൽ ഗെയിം കളി കഴിഞ്ഞു താഴെ വച്ചതും നടന്ന് വന്ന ഭാര്യയുടെ കാല് തട്ടി അപ്പുറത്തെ മുറിയിലേയ്ക്കു ഫോൺ തെറിച്ചു പോയതും എല്ലാം സെക്കൻഡുകൾക്കുള്ളിൽ നടന്നു.
ഇതെന്താ പണിക്കുപുറകേ വീണ്ടും പണിയൊ..എന്റെ ഫോൺ.. റൂമിൽ ഇരുന്ന ഫോൺ അങ്ങ് ഹാളിൽ വരെ പറന്നുപോകാനും മാത്രം ഇവളുടെ കാലിൽ റൊണാൾഡോയുടെ പ്രേതം വല്ലതുമാണോ.. ന്തായാലും പോകാനുള്ളത് പോയി. ഡിസ്പ്ലേ ആവിശ്യത്തിന് മാത്രം ഒന്ന് മിന്നിയാലായി..
ഒരു കുറ്റവാളിയെ പോലെ മുന്നിൽ നിൽക്കുന്ന അവൾക്കിട്ടു പൊട്ടിക്കണമെന്നുണ്ടായിരുന്നു. പക്ഷെ.. ഫോണിനെക്കാൾ വലുതുതാണ് ഇപ്പോഴത്തെ അവസ്ഥയിൽ” മനസമാധാനം “എന്ന മുദ്രാവാക്യം
അവസാനം ജയ് ജവാൻ ജയ് കിസാൻ
മനസിലായില്ലല്ലെ..
പറമ്പിലേക്കങ്ങിറങ്ങി…അല്ലപിന്നെ ഇനി കൊറോണ അല്ല ചൈന തന്നെ ഇങ്ങോട്ട് വന്നാലും ഇന്നാട്ടിലെ ആണുങ്ങളെ മര്യാദ പഠിപ്പിക്കാൻ ആവൂല്ല മക്കളെ ആവൂല്ല..
ഞാൻ നന്നയിന്ന് അങ്ങനങ്ങു സമ്മതിക്കാൻ പറ്റുവോ..(വീട്ടുജോലി കഴിഞ്ഞാൽ പറമ്പ്.. പറമ്പിന്ന് വന്നാൽ റസ്റ്റ്.. ഫോൺ ആവിശ്യത്തിന് മാത്രം..)
“സത്യത്തിൽ ഇപ്പോഴാ ഒരു വീട്ടിലാണ് താമസമെന്ന ബോധമുണ്ടായത്..
എല്ലാ ജോലിയും കഴിഞ്ഞു തളർന്നിരിക്കുമ്പോൾ അവൾക്കൊരു ചായ പോലും ഞാൻ ഉണ്ടാക്കി കൊടുത്തിട്ടില്ലല്ലോന്നോർത്തത്…..
ഒരുമിച്ചിരുന്നു ആഹാരം കഴിക്കുമ്പോൾ വയറിനൊപ്പം മനസ്സും നിറയുമെന്നറിയാൻ കഴിഞ്ഞത്..
ഒരുപാട് ചുംബനങ്ങളെക്കാൾ നെറുകയിൽ അവളുടെ സിന്ദൂരത്തിന്മേൽ ഉമ്മ വെക്കുന്നതാണ് അവൾക്കിഷ്ടമെന്നറിയാൻ കഴിഞ്ഞത്…
“ഇതാകാം അവൾ എപ്പോഴും ഓർമിപ്പിക്കാറുള്ള ആ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങൾ…. “