നിനക്ക് ഓർക്കാൻ
(രചന: Rejitha Sree)
തറവാടിന്റെ മുറ്റത്തേയ്ക്ക് കയറി കാർ ബ്രേക്കിട്ടപ്പോൾ ഒരു വലിയ യാത്രയുടെ അവസാനമാകുകയിരുന്നു. സ്റ്റിയറിങ്ങിൽ തലകുമ്പിട്ടു കുറെ നേരം അങ്ങനെ തന്നെ നിന്നു.
അകത്തുനിന്നു അമ്മ ഇറങ്ങിവന്നു ഗ്ലാസിൽ തട്ടിയപ്പോൾ ആണ് കണ്ണുകൾ തുടച്ചുകൊണ്ട് കാറിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങിയത്..
“എന്താ ലയ മോളെ പതിവില്ലാതെ..?
ലക്ഷ്മിയമ്മയുടെ നോട്ടം ലഗേജുകളിലെയ്ക്ക് പാളി പോകുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു…
“ഒന്നുമില്ലമ്മേ.. ഇത് എന്റെ വീടല്ലേ.. എനിക്ക് ഇങ്ങോട്ടൊന്ന് വന്നൂടെ..?
മുഖത്ത് കൃത്രിമമായ പുഞ്ചിരി ഫിറ്റ് ചെയ്ത് അമ്മയുടെ മുന്നിലൂടെ എന്റെ റൂം ലക്ഷ്യമാക്കി കയറി. മുകളിലേയ്ക്കു കയറുന്നതിനിടയിൽ പറഞ്ഞു…
” ഒരു ചായ വേണം ലക്ഷ്മിയമ്മേ. അമ്മേടെ സ്പെഷ്യൽ കടുപ്പം കൂടിയ ചായ… “
ഒന്നുമറിയാതെ ലക്ഷ്മിയമ്മ അല്പം പരിഭ്രമത്തോടെ അടുക്കളയിലേയ്ക്ക് പോയി. അനിയന്റെ ഭാര്യ അടുക്കളയിൽ അമ്മയോട് ചുറ്റിപറ്റിനിന്നു ചോദിച്ചു
“ചേച്ചി എന്താമ്മേ വല്യ ലഗേജ് ഒക്കെയായി..?
ഒന്നും മിണ്ടാതെ സാരിയുടെ തലപ്പ് പിടിച്ചു എളിയിൽ തിരുകി ചായയുമായി സ്റ്റെയർ കയറുന്ന അമ്മയെ നോക്കി അസ്വസ്ഥതയോടെ നീരജ നിന്നു…
“ലയ “കുളി കഴിഞ്ഞിറങ്ങി വന്ന് കണ്ണാടിയുടെ മുൻപിൽ അന്നുവരെ നിന്നിട്ടില്ലാത്ത നിർവികാരതയോടെ നിന്നു.. തന്റെ നെഞ്ചോട് പറ്റിച്ചേർന്നുകിടക്കുന്ന മഞ്ഞ ചരടിൽ കോർത്തിട്ട താലിയുടെ ചൂട് ഹൃദയത്തെ വല്ലാതെ പൊള്ളിക്കുന്നുണ്ടായിരുന്നു..
മിഴികൾ നിറഞ്ഞു തുളുമ്പിയപ്പോഴും ഹൃദയത്തിന്റെ ഭാരത്തിന്റെ ഒരംശം പോലും ആ വെള്ളത്തുള്ളികൾക്കു തന്നിൽ നിന്നും ആവാഹിക്കാൻ കഴിഞ്ഞില്ലന്നുള്ള ചിന്ത മനസ്സിനെ കൂടുതൽ വേദനിപ്പിച്ചു… എന്തോ ഓർത്തുമറന്ന നിമിഷത്തിൽ അമ്മ പുറകിൽ നിന്ന് വിളിച്ചു…
“മോളെ… ഇതെന്താ ഇങ്ങനെ ദേഹമാസകലം വെള്ളമാണല്ലോ.. ന്റെ ദൈവമേ.. ” സാരിയുടെ തലപ്പഴിച്ചു ലക്ഷ്മിയമ്മ ലയയുടെ തലതുവർത്തി.
തലയിലും ശരീരത്തിലും പടർന്ന വെള്ളത്തുള്ളികൾ അതുവരെ ഇല്ലാത്ത തണുപ്പിന്റെ പുതപ്പുകൊണ്ട് അവളുടെ ദേഹമാസകലം മൂടി.. കുളിരിന്റെ സൂചിനൂലുകൾ ഉള്ളംകാലുമുതൽ ഞരമ്പുകളിലേയ്ക്ക് തണുത്ത ഒരു പ്രവാഹം പോലെ സിരകളെ തഴുകി…
പിന്നീട് ഒന്നും ഓർമയുണ്ടായിരുന്നില്ല. കണ്ണുതുറന്നപ്പോൾ ഹോസ്പിറ്റൽ റൂമിലെ ദുഷിച്ച ഗന്ധം തലച്ചോറിലേക്ക് അരിച്ചിറങ്ങി.. മനസിന്റെ ബോധത്തിൽ ആരോ പറയുന്നത് കേട്ടു.
“ഷീ ഈസ് ഓൾ റൈറ്റ്. ഇനി പേടിക്കാൻ ഒന്നുമില്ല..” അമ്മയുടെ കൈകൾ തലയ്ക്കുമീതെ തഴുകി കൊണ്ടിരുന്നു.. ഒപ്പം കണ്ണുകളും നിറഞ്ഞൊഴുകി…
“ഇന്നുതന്നെ പോകാം.. ” ഡോക്ടറിന്റെ മുഖത്തുവരുത്തിയ പുഞ്ചിരിയിലെ ആശ്വാസം അമ്മയുടെ മുഖത്തും നിഴലിച്ചു. തനിക്ക് എന്തുസംഭവിച്ചതാണെന്നോ എങ്ങനെ വന്നു എന്നോ ഒന്നും വീടെത്തും വരെയും അവൾ ആരോടും ചോദിച്ചില്ല.
ഡ്രൈവിംങ്ങിനിടയ്ക്ക് അനിയൻ അമ്മയോട് എന്തൊക്കെയോ ചോദിക്കുന്നപോലെ കാതുകളിൽ മുഴങ്ങി. രാത്രിയിൽ കിടക്കയിൽ തലയിണപൊക്കി വച്ച് അമ്മയുടെ തോളിൽ ചാരി ഇരിക്കുമ്പോൾ ആരോടോ എന്നപോലെ അവൾ പറഞ്ഞുതുടങ്ങി…
“നേരം വെളുക്കുമ്പോൾ തൊടിയിലൊക്കെ ഇറങ്ങി നടക്കണം.. എന്റെ ഉള്ളിൽ ആരോ ഉണ്ട് അമ്മേ.. ഇടയ്ക്ക് എന്നെ “അമ്മേ ” ന്നു വിളിക്കും. ചിലപ്പോൾ പിണങ്ങി മാറി നിൽക്കും.. അപ്പോൾ എനിക്ക് കൂടുതൽ വിഷമമാകും..” ലയയുടെ തുടക്കമില്ലാത്ത വാക്കുകളിലെ വേദന ലക്ഷ്മിയമ്മയുടെ നെഞ്ചിൽ ഭാരമായി പതിച്ചു..
“എന്റെ പൊന്നുമോൾ വിഷമിക്കാതെ.. മോൾടെ കുഞ്ഞിന് ആയുസ്സില്ലായിരുന്നു ന്നു കരുതിയാൽ മതി.. അനുരഞ്ജൻ വിളിച്ചിരുന്നു.. എല്ലാം അവൻ പറഞ്ഞപ്പോഴാണ് ഞങ്ങൾ അറിഞ്ഞത്.
ഒരു അബോർഷൻ കഴിഞ്ഞ് മോളെന്തിനാ ഇത്ര ദൂരം തനിയെ വണ്ടി ഓടിച്ചു വന്നത്…??
“അബോർഷൻ.. ” ലയയുടെ ശബ്ദത്തിലെ പുച്ഛവും അസ്വാഭാവികതയും അമ്മയുടെ ഉള്ളിൽ തീപടർത്തി..
“മോളെ… നീ പറഞ്ഞുവരുന്നത്….??
“എന്റെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നുകളഞ്ഞതാണമ്മേ ഞാൻ…. “
“ഈ ലോകത്തിൽ ഇങ്ങനെയൊരു നശിച്ച വയറിൽ പിറക്കാതെ നല്ല ഒരമ്മയുടെ വയറിൽ പിറക്കാനുള്ള ഭാഗ്യം എന്റെ കുഞ്ഞിനുണ്ടാകും . “
8 മാസം മുൻപാണ് ഫോറൻസിക് നർക്കോട്ടിക്‌സ് വിഭാഗത്തിൽ ജോലിയുള്ള ലയയും ഐ ടി ഫീൽഡിൽ ജോലിയുള്ള അനുരഞ്ജനുമായുള്ള വിവാഹം നടക്കുന്നത്.
അനുരഞ്ജന്റെ മനസ്സിലെ ലയയോടുള്ള ഇഷ്ടംവെറുമൊരു പരിചയത്തിൽ ഒതുക്കാതെ ആരോടും പറയാതെ വിവാഹാലോചനയായിട്ടാണ് മുന്നോട്ട് വച്ചത്.. അതായിരുന്നു പണത്തിന്റെയും പ്രതാപത്തിന്റെയും മികവ് ഒട്ടും കുറയാത്ത ആ കല്യാണം.
പക്ഷെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അനുരഞ്ജന്റെ രോഗം പെട്ടന്ന് തലപൊക്കി.
പെണ്ണ് ഉടുത്തൊരുങ്ങി പന്തലിൽ വന്നിരുന്നപ്പോൾ പെട്ടന്നുണ്ടായ വിറയൽമൂലം അനുരജ്ഞൻ ബോധംകെട്ടുവീണു.വീട്ടുകാരെല്ലാവരും ടെൻഷൻ കൊണ്ടാണെന്നു കരുതി. താലികെട്ടും ചടങ്ങും ഓർമയുടെ ഏടുകളിൽ സൂക്ഷിക്കാൻ ഫോട്ടോയും വീഡിയോയുമായി പല പോസുകളിലുള്ള മുഖത്തെ പകർത്തിയപ്പോഴും മനസ്സിൽ സംശയങ്ങൾ നിഴലായി നിന്നു.
തന്റെ ചിന്തകൾക്കുള്ള മറുപടിയായി ആദ്യരാത്രിയിൽ എ.സി. യിൽ തനിക്കരികിലിരിക്കുമ്പോഴും അനുരഞ്ജൻ വെട്ടിവിയർക്കാൻ തുടങ്ങി. എല്ലാവരും കൂടി അപ്പോഴേ ഹോസ്പിറ്റലിൽ കൊണ്ടുപോയി തക്കസമയത്ത് ഡോക്ടർ മെഡിസിൻ ഇൻജക്ട് ചെയ്തു.
“ഫിക്സ്” എന്ന രോഗം അനുരഞ്ജന്റെ കൂടെ കൂടിയിട്ട് വർഷങ്ങൾ പലതുകഴിഞ്ഞുന്ന് ഡോക്ടർ പറഞ്ഞപ്പോൾ…
അനുരഞ്ജന്റെ അമ്മ തന്നെ ആശ്വസിപ്പിച്ചുകൊണ്ട് “ഇനി മോള് വേണം കൂടെ എല്ലാത്തിനും” എന്ന് പറഞ്ഞ് സ്വയമൊഴിഞ്ഞു.
കല്യാണ ദിവസം തന്നെ തനിക്ക് ഈ ഗതി വന്നല്ലൊന്നുള്ള ചിലരുടെ സഹതാപനോട്ടത്തിൽ താൻ സ്വയമുരുകിപോകുന്നപോലെ അവൾക്കു തോന്നി. അനുരഞ്ജൻ മെഡിസിന്റെ കെട്ടു വിട്ടുറക്കമുണർന്നപ്പോഴേയ്ക്കും നേരം വെളുത്തിരുന്നു. മിഴികൾ തുറന്നപ്പോൾ ആദ്യം ആ കണ്ണുകൾ പരതിയത് ലയയുടെ മുഖമായിരുന്നു..
ജനൽ പാളികൾക്കിടയിലൂടെ പകുതിമാറിയ കർട്ടന്റെ ഇടയിലെ നഗരത്തിന്റെ ആഴമളന്നുനിന്ന ലയയുടെ അരികിലേയ്ക്ക് അനുരഞ്ജന്റെ മുഖം തിരിഞ്ഞു…
“ലയ.. നേരത്തെ ഒന്നും പറയാതിരുന്നതിൽ തനിക്ക് എന്നോട് പരിഭവം തോന്നരുത്… തന്നെ നഷ്ടപെടുമോന്നുള്ള പേടികൊണ്ടായിരുന്നു… അത്രയ്ക്ക്… അത്രയ്ക്ക് എനിക്ക് തന്നെ ഇഷ്ടമാണ്.. “”
വേദനയുടെ ഉപ്പുനീർ കാച്ചിയ കുഞ്ഞു മഴത്തുള്ളികൾ ലയയുടെ കണ്ണുകളിൽ നിന്നും പൊഴിഞ്ഞതല്ലാതെ കുറ്റപ്പെടുത്തലിന്റെ രീതിയിൽ ഒരു വാക്കുപോലും അവൾ പറഞ്ഞതേയില്ല.. ഹോസ്പിറ്റലിൽ നിന്നും തിരികെ വീട്ടിലെത്തിയപ്പോൾ മുതൽ അനുരഞ്ജൻ പുതിയൊരാളാകാൻ ശ്രമിക്കുകയായിരുന്നു..
ജീവിതത്തിലെ ഓരോ ദിവസവും അവളെ അത്ഭുതപ്പെടുത്തും വിധമായിയിരുന്നു അനുരഞ്ജന്റെ സ്നേഹം..
ഒരു കുഞ്ചുവേദനയുടെ പോലും നിഴൽ അവളിൽ അറിയുമ്പോഴേ അവന്റെ കണ്ണ് നിറയുകയും അസ്വസ്ഥനാവുകയും ചെയ്തിരുന്നു…
ഇടയ്ക്കിടെ ഉള്ള ട്രീട്മെന്റിന്റെ ഭാഗമായി “അരുൺ ഡോക്ടറിനെ” കാണാൻ രണ്ടുപേരും പോകുമായിരുന്നു..
വളരെ മാന്യനായ അദ്ദേഹം ലയയോട് അനുരഞ്ജന്റെ രോഗത്തിന് പണ്ടത്തേക്കാൾ ഒരുപാട് കുറവുണ്ടെന്നും മാറ്റമുണ്ടെന്നും പറഞ്ഞപ്പോൾ അവളിലെ ഭാര്യയ്ക്ക് പുതുജീവൻ വീണപോലെ തോന്നി..
“അപ്പോൾ ഡോക്ടർ ഇനിമുതൽ മെഡിസിൻ കഴിക്കുകയും റെഗുലർ ആയ ജീവിതരീതിയും മതിയാകും അല്ലെ..?
ലയയുടെ ചോദ്യം കേട്ടപ്പോൾ അയാൾ പുഞ്ചിരിച്ചു..” മതി.. ഇങ്ങനെ ഒരു ഭാര്യ ഉള്ളപ്പോൾ മെഡിസിന്റെ ആവിശ്യമില്ല മിസ്റ്റർ അനുരജ്ഞൻ…എങ്കിലും … ചില ടെസ്‌റ്റുകൾക്കായി ഞാൻ വീണ്ടും എഴുതിയിട്ടുണ്ട് കേട്ടോ…. ബ്ലഡ് കൊടുത്തിട്ടു പോകണം… റിസൾട്ട് ആകുമ്പോൾ വന്ന് എന്നെ കണ്ടാൽ മതി.
ആ പിന്നെ..”ഒരു ടാബ്‌ലറ് കൂടി ഞാൻ എഴുതിയിട്ടുണ്ട്. രാത്രിയിൽ മാത്രം കഴിക്കാൻ.. കഴിച്ചുകൊണ്ടിരുന്ന രണ്ടുമൂന്നു മെഡിസിൻ സ്റ്റോപ് ചെയ്തു. “
മെഡിസിൻ എഴുതിയ ഹിസ്റ്ററി ഫയൽ അയാൾ അവൾക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു
“ഇവിടത്തെ ഫാർമസിയിൽ കിട്ടും..”
നന്ദിയറിയിച്ചവർ രണ്ടുപേരും യാത്ര പറഞ്ഞിറങ്ങിയപ്പോൾ പുറത്തുകാത്തുനിന്ന അടുത്തയാൾ ഡോക്ടറിനെ കാണാനായി അകത്തേയ്ക്ക് കയറി. രണ്ടാഴ്ച കഴിഞ്ഞ് റിസൾട്ട് ഓൺലൈൻ ആയി കിട്ടിയപ്പോൾ ലയ ഡോക്ടറിന്റെ വാട്സ്ആപ്പിലേയ്ക്ക് സെൻറ് ചെയ്തു.
ക്ലിനിക്കിൽ പേഷ്യന്റിനെ കൺസൾട്ട് ചെയ്യുന്നതിനിടയിലാണ് ലയയുടെ മെസ്സേജ് ഫോണിൽ ബീപ് ശബ്ദം അടിച്ചുനിന്നത്. ലാസ്റ്റ് പേഷ്യന്റ് അടുത്തുണ്ടായതുകൊണ്ട് പോയിട്ടു നോക്കാമെന്നു കരുതി.
മെസ്സേജ് ഓപ്പൺ ചെയ്തിട്ട് “റിസൾട്ട് ok യാണ്. ഇനി പേടിയ്ക്കാൻ ഒന്നുമില്ലെന്ന് ” അരുൺ മെസ്സേജ് ഇട്ടു. വാട്സ്ആപ്പിൽ പ്രൊഫൈൽ ഇട്ടിരിക്കുന്ന പിക് ലയയുടെ ആണോന്നുള്ള ആകാംക്ഷയിൽ “ഈസ് ഇറ്റ് യൂ “??എന്ന് ചോദിച്ചു.
” യെസ് ഡോക്ടർ “എന്ന് തിരികെ മറുപടി വന്നു..
പിന്നെയും എന്തോ പറയാൻ ടൈപ്പ് ചെയ്തശേഷം അരുൺ ബാക്ക് കൊടുത്തു. പകരം “പറ്റിയാൽ റിസൾട്ട് കൊണ്ട് ഈ ആഴ്ച വീട്ടിൽ വരണം. അനുരഞ്ജന്റെ ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും വീടിന്റെ ലൊക്കേഷൻ അയച്ചുതരാമെന്നും മെസ്സേജ് അയച്ചു.
പിറ്റേന്ന് പതിവില്ലാതെയുള്ള ലയയുടെ ക്ഷീണം കണ്ടപ്പോൾ അമ്മയ്ക്കൊരു സംശയം..
“രണ്ടുപേരും ഡോക്ടറിനെ ഒന്നുപോയി കാണുന്നതാണ് നല്ലത്..”
ലയയുടെ നോട്ടം അനുരഞ്ജനിലേയ്ക്ക് പതിയ്ക്കും മുൻപേ അവളെ അയാൾ കണ്ണടച്ചു കാട്ടി.. ജീവിതത്തിൽ അന്നോളം അറിയാത്ത ഒരു നാണം അവളുടെ കവിളിൽ തിളങ്ങി.. സ്കാനിംഗ് റിപ്പോർട്ടിൽ ഒന്നര മാസം വളർച്ചയെത്തിയെന്നറിഞ്ഞപ്പോൾ…. നെറുകയിലെ നിണമണിഞ്ഞ സിന്ദൂരം അനുരഞ്ജന്റെ ചുംബനത്താൽ വീണ്ടും തുടുത്തു…
പിറ്റേന്ന് അനുരഞ്ജന് അത്യാവശ്യമായി ഒരു മീറ്റിങ്ങിനായി ബാംഗ്ളൂർ പോകണമെന്ന് പറഞ്ഞപ്പോൾ . ഇപ്പോൾ പോകണ്ടെന്നു അവൾ ആവുന്നത്ര വാശിപിടിച്ചെങ്കിലും അടുത്തദിവസം തന്നെ അനുരഞ്ജൻ ബാംഗ്ളൂരിന് തിരിച്ചു…
അസുഖത്തിന്റെ ആഴ്ചതോറുമുള്ള ചെക്കപ്പ് കാരണം ലയയ്ക്ക് ഉണ്ടായിരുന്ന ജോലി ഉപേക്ഷിക്കേണ്ടി വന്നതിൽ അനുരഞ്ജന് വിഷമമുണ്ടായിരുന്നെങ്കിലും രോഗത്തിന്റെ ശമനം ഒരു വലിയ നേട്ടമായിത്തന്നെ രണ്ടുപേർക്കും തോന്നി.
രാത്രിയിൽ കിടക്കയിൽ അനുരഞ്ജന്റെ സ്ഥാനത്തേയ്ക്ക് അവളുടെ കൈകൾ മെല്ലെ തഴുകി… ആ തലയിണയിൽ ഒന്ന് മുഖമമർത്തി… അതേ ഗന്ധം… കണ്ണുകൾ അറിയാതെ ഒന്ന് നിറഞ്ഞൊഴുകി.. മനസിൽ അനുരഞ്ജൻ ഇത്രമാത്രം ഉണ്ടായിരുന്നു ന്ന് ഒന്ന് യാത്ര പോയപ്പോഴാണ് അറിഞ്ഞത്… പെട്ടന്ന് ഫോൺ റിങ് ചെയ്തു . ടേബിൾ ലാമ്പിന്റെ അടുത്തിരുന്ന ഫോൺ കയ്യിലെടുത്തു..
“അനു കാളിങ്… “” കാൾ അറ്റന്റ് ചെയ്തപ്പോൾ അപ്പുറത്തെ അനുരഞ്ജന്റെ ശബ്ദം വളരെ നേർത്തതായിരുന്നു…
പരസ്പരം എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നിട്ടും വേദന മറച്ചുവച്ചു രണ്ടുപേരും വിശേഷങ്ങൾ പങ്കുവച്ചു.. എന്നിട്ടും എന്തോ പറയാൻ വന്നത് മാറ്റിവച്ചപോലെ രണ്ടുപേരും കാൾ കട്ട് ചെയ്തു. വാട്സ്ആപ്പിൽ അനുരഞ്ജന് മെസ്സേജ് അയക്കാമെന്നു കരുതി ഓപ്പൺ ആക്കിയപ്പോൾ അരുണിന്റെ.മെസ്സേജ്..
നോക്കിയപ്പോൾ വീട്ടിലേയ്ക്കുള്ള ലൊക്കേഷൻ ആണ്… നേരത്തെ എപ്പോഴോ സെൻറ് ചെയ്തതാണ്. അനുരഞ്ജനോട് പറഞ്ഞപ്പോൾ ഞാൻ ഇല്ലെങ്കിലും നീ നാളെ തന്നെ പോകണം ന്ന് പറഞ്ഞു വാശിപിടിച്ചു. ശെരി പോകാമെന്നു മെസ്സേജ് അയച്ചു..
ഇരുനിലയുള്ള വീടിന്റെ മുറ്റം വലിയ മരങ്ങൾ തണൽ വിരിച്ചുനിൽകുന്നു. ഒരു മരത്തണലിൽ അവൾ കാർ ഒതുക്കിയിട്ടു. കാളിങ് ബെല്ലിൽ കയ്യമർന്നപ്പോഴേ ജനലിന്റെ ഒരു പാളി മെല്ലെത്തുറക്കുന്ന ശബ്ദം കേട്ടു. അവൾ ഡോറിന്റെ അടുത്തു തന്നെ നിന്നു.
കള്ളിമുണ്ടും ടീഷർട്ടും ഇട്ട് അരുണിനെ കണ്ടപ്പോൾ ഒരു ഗൃഹാതുരത്വം അവൾക്കും ഫീൽ ചെയ്തു.
“വരണം ലയ.. “” അയാൾ അവളെ അകത്തേയ്ക്ക് ക്ഷണിച്ചു അടുത്തുള്ള സെറ്റിയിലേയ്ക്ക് കൈ കാട്ടി ഇരിക്കാൻ പറഞ്ഞു…
ആദ്യമായി ലയയെ കാണും പോലെ അരുൺ അവളുടെ മുഖത്തേയ്ക്കു നോക്കി. ലയയുടെ മുഖത്തും ചെറിയ ഒരു ബുദ്ധിമുട്ടുള്ളപോലെ അയാൾക്ക് തോന്നി.. അവൾ ക്ഷമകെട്ട് ആകാംഷയോടെ ചോദിച്ചു “എന്താണ് ഡോക്ടർ പറയാനുണ്ടെന്ന് പറഞ്ഞത്… “
“അത്… “അരുൺ ഫോണിലേക്കും ലയയുടെ മുഖത്തേക്കും മാറി മാറി നോക്കി.. ശേഷം ഫോൺ എടുത്തു മേശപ്പുറത്തു വച്ചു..
“ചില പേർസണൽ ആയ കാര്യങ്ങൾ ആണ് ഞാൻ ചോദിക്കാൻ പോകുന്നത്.. ട്രീറ്റ്മെന്റിന്റെ ഭാഗമായി കണ്ട് സത്യം മാത്രം പറഞ്ഞാൽ മതി.. “
“നിങ്ങളുടെ വിവാഹജീവിതം എങ്ങനെയുണ്ട്..?? ചോദ്യത്തിന്റെ ആഴത്തിലുള്ള അർഥം മനസിലാകാതെ അവൾ ചോദിച്ചു..
“എന്താ ഡോക്ടർ ഉദ്ദേശിക്കുന്നത്??
“ഐ മീൻസ് നിങ്ങൾ തമ്മിലുള്ള ദാമ്പത്യജീവിതം…”
ലയ മടിച്ചു മടിച്ചു പറഞ്ഞു..
” സാധാരണപോലെ.. പ്രശ്നങ്ങൾ ഒന്നുമില്ല ഡോക്ടർ.. “
“പക്ഷെ റിസൾട്ടിൽ പ്രേശ്നമാണല്ലോ കാണിക്കുന്നത്… “
ലയ ഒന്നും മിണ്ടിയില്ല..
“കുറവുകൾ ഉള്ള ആണൊരുത്തനെ എങ്ങനെ തനിക്ക് സ്നേഹിക്കാൻ കഴിയുന്നു… “
“മരുന്നുകളിലൂടെ അയാളിൽ പല മാറ്റങ്ങളും ഉണ്ട്… അതിൽ എല്ലാം ഉണ്ട്.”
” എന്നിട്ടും നിങ്ങളുടെ പരിചരണം കൊണ്ട് അയാൾ നോർമൽ ആയി വരുന്നു ന്നറിഞ്ഞപ്പോൾ… ” ലയയുടെ ചുവന്നു തുടുത്ത മുഖത്തേയ്ക്കു നോക്കി അയാൾ പറഞ്ഞു
“ലയ… എപ്പോഴും എന്തു ഭംഗിയാണ് തന്റെ മുഖത്ത്. പിന്നെ മൊത്തത്തിൽ ഓഹ്..സമനിലതെറ്റും..”” അയാൾ തന്റെ മുഖം പൊത്തി കൈകൾ തലയിലേക്കമർത്തി..
“എനിക്കുമുണ്ട് ഭാര്യ.. ഭർത്താവിന്റെ ഇഷ്ടങ്ങൾ ഒന്നും മാസിലാകാതെ അവളുടെ മാത്രം കുറെ ഇഷ്ടങ്ങൾക്കു പുറകെ പോകുന്നവൾ… എന്തുപറഞ്ഞാലും അവയെല്ലാം വിലകുറച്ചു കാണുന്നവൾ… എന്തിനേറെ എല്ലാ കാര്യങ്ങളിലും ഭർത്താവിനെ മനസിലാക്കാതെ കെയർ തരാതെ ഒരു പ്രതിമപോലെ കൂടെ ജീവിക്കുന്നവൾ… ” അയാളുടെ മുഖത്ത് നിരാശയും ദേഷ്യവും കലർന്ന ഭാവം മാറി മാറി വന്നു..
ലയയെ കണ്ട നാൾ മുതൽ തന്നോട് ഒരു കാര്യം പറയണമെന്ന് കരുതി..
” എന്തിനിങ്ങനെ ഇയാൾ സ്വന്തം ജീവിതം നശിപ്പിക്കുന്നു.. തനിക്ക് താല്പര്യമെങ്കിൽ നമുക്ക് ഒരു ധാരണയിൽ അങ്ങുപോകാം… എന്തുപറയുന്നു..???
അതായത്… “അനുരഞ്ജനിൽ കുറവുള്ളത് ഞാൻ തരാൻ തയാറാണ്.. ” അയാൾക്കൊപ്പം ഇയാളെയും ഞാൻ പേഷ്യന്റ് ആക്കി ന്ന് കരുതിയാൽ മതി.. ഇതുപോലെ ഇടയ്ക്കിടെ ഒന്ന് ഒറ്റയ്ക്ക് വന്നാൽ മതിയെന്നേ… “” ഒരു ഭാവവ്യത്യാസവുമില്ലാതെ ഇത്രയും പറഞ്ഞു നിർത്തിയ അയാളുടെ മുഖത്തുനോക്കി അവൾ പറഞ്ഞു..
“നിങ്ങൾക്കെങ്ങനെ പറയാൻ തോന്നി ഇങ്ങനൊക്കെ… ഒന്നുമില്ലെങ്കിലും താൻ ഒരു ഡോക്ടർ അല്ലെ???
“തന്നെ മോഹിച്ചല്ല ആരും തന്നെ സമീപിക്കുന്നത്. താൻ ഒരു ഡോക്ടർ ആയതിന്റെ പേരിൽ മാത്രമാണ്.. . “”
“ഓരോ രോഗവും നൽകുന്ന മാനസികവും ശാരീരികവുമായ വേദനകൾ ഒരു ഡോക്ടറിനോടാണ് രോഗി പങ്കുവെക്കുന്നത് അല്ലാതെ ആ വ്യക്തിയോടല്ല.. “
തനിക്കൊക്കെ നാണമില്ലെ ഇങ്ങനെ സംസാരിക്കാൻ… ” അരുൺ പകയോടെ അവളെ നോക്കി ചോദിച്ചു..
“”ഡോക്ടർ എന്താ മനുഷ്യരല്ലേ… അവർക്ക് മറ്റുള്ളവരിൽ ആഗ്രഹം തോന്നരുതെന്ന് ഏത് വേദപുസ്തകത്തിലാണ് എഴുതിവച്ചിരിക്കുന്നത്.. “
അയാൾ അവളുടെ കൈ പിടിച്ചു തിരിച്ചു തന്നിലേക്ക് അടുപ്പിച്ചു..
ഒരുപാട് കുതറി മാറാൻ നോക്കി ബഹളമുണ്ടാക്കിയ അവളുടെ വായും മുക്കൂംശക്തിയായി കൈകൊണ്ട് പൊത്തിപിടിച്ചു.. അയാളുടെ ശക്തിയ്ക്കുള്ളിൽ അവൾക്ക് പിടിച്ചുനിൽക്കാനായില്ല…. അവളുടെ സ്വന്തമായതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്ന വേദന പച്ചയോടെ അനുഭവിക്കേണ്ടിവന്നപ്പോൾ അവളുടെ ബോധം മറഞ്ഞു…
‘എടോ .. ജ്യൂസ് കുടിക്ക് “” തോളിൽ തട്ടിയപ്പോഴാണ് ലയ കണ്ണ് തുറന്നത് .
നീട്ടിപ്പിടിച്ച ഗ്ലാസുമായി പുഞ്ചിരിച്ചു നിൽക്കുന്ന ഡോക്ടർ അരുണിനെ കണ്ടതും ലയ പിടഞ്ഞെഴുന്നേറ്റു .അരുണിന്റെ കണ്ണുകളിലെ തിളക്കത്തിൽ നിന്നും തന്റെ ശരീരത്തിന്റെ ഭാഗങ്ങൾ കയ്യിൽ കിട്ടിയ തുണികൊണ്ട് മറച്ചുപിടിച്ചവൾ പുറകോട്ട് വലിഞ്ഞു .
“ഇതൊക്കെ ശരീരത്തിന് മാത്രം ബാധിക്കുന്ന മുറിവുകൾ ആണ്… തന്റെ ഒഫീഷ്യൽ ഡ്രെസ്സിലുള്ള ഫോട്ടോ കണ്ടപ്പോഴാണ് ഞാൻ പണ്ട് ഹോസ്പിറ്റലിൽ നടന്ന ഒരു സംഭവം ഓർത്തത്.. “
“ഫിക്സും മാനസിക രോഗവും ഉള്ള ഒരു സുന്ദരിയായ പെൺകുട്ടി എന്നെ സ്ഥിരം കാണാൻ വരുമായിരുന്നു.. ചികിത്സയുടെ ഭാഗമായി ഞാൻ അവളുടെ മനസ്സിലും കയറി കൂടി.. പക്ഷെ അവൾക്ക് ആവിശ്യം സമാധാനം പറയുന്ന ഒരു യന്ത്രത്തെ ആയിരുന്നു.. പക്ഷെ അവൾക്കെന്നെ വലീയ വിശ്വാസവും ആയിരുന്നു. എനിക്ക് പറ്റിയ ഒരവസരം കിട്ടിയപ്പോൾ തന്നെ പോലെ അവളും വന്നു…”
“”ഞാൻ അവൾക്ക് എന്നെന്നും ഓർത്തിരിക്കാനുള്ള സമ്മാനം കൊടുത്തപ്പോൾ അന്ന് രാത്രിയിൽ അവള് പോയി ആത്മഹത്യ ചെയ്തു..””
“”പെണ്ണുങ്ങൾക്ക് ഇത്ര ബുദ്ധിയില്ലാതായിപോയല്ലോ… അവളുണ്ടായിരുന്നെങ്കിൽ ഇപ്പോഴും.”” ബാക്കി അയാൾ ഒരു വഷളൻ ചിരിയിൽ ഒതുക്കി.. പക്ഷെ പിന്നീട് അതിന്റെ പിന്നാലെ പിന്നെ കേസ്.. കോടതി…
അന്വേഷണഭാഗമായി നർകോർടിക് വിഭാഗം മേധാവി ലയന ചന്ദ്രന്റെ കൈകളിലും ആ കേസ് എത്തി. ….
അന്ന് ചോദ്യം ചെയ്യാനായി എന്റെ ഭാര്യയെ നീ വിളിപ്പിച്ചു.. ഓർമ്മയുണ്ടോ?? അതിൽ പിന്നെ.. ഞാൻ പറയുന്നതെന്തും മറുചോദ്യമില്ലാതെ വിശ്വസിച്ചിരുന്ന അവൾ ഇപ്പോൾ.. എന്നെ അറപ്പോടെയും വെറുപ്പോടെയുമാണ് നോക്കുന്നത്… ” അവൾ അന്ന് അവളുടെ വീട്ടിൽ പോയതാണ്. ഫോൺ ചെയ്താൽ പോലും സംസാരിക്കില്ല.
ആ കഥ ഒന്നും നിനക്ക് ഓർമ കാണില്ല… ഇനി എന്തായാലും മറക്കാനും പോകുന്നില്ല.. ദൈവമായാണ് നിന്നെ എന്റെ മുൻപിൽ എത്തിച്ചത്.. “”
“ഇനി നീ എന്തുപറഞ്ഞു പരാതി കൊടുക്കും…
ഡീ.. പെണ്ണ് എന്നും പെണ്ണ് തന്നെയാണ്.. അത് ഓർമയിൽ വച്ചോ.. “
ഒന്നും മിണ്ടാനാകാതെ ലയ കാറിന്റെ കീ എടുത്തുപുറത്തേയ്ക്കിറങ്ങിയപ്പോൾ അരുൺ വാതില്പടിമേൽ കൈ താങ്ങി മീശയുടെ തുമ്പ് പിടിച്ച് ഒരു വീരപുരുഷനെപോലെ നില്പുണ്ടായിരുന്നു ..
തലയ്ക്കുള്ളിൽ മിന്നൽ പോലെ എന്തോ ഒന്ന് മാഞ്ഞു. ലയ കണ്ണുതുറന്നു.. ഗൈനകോളജി ഡോക്ടർ സുജയുടെ മുഖം കണ്ടപ്പോഴാണ് താൻ ഹോസ്പിറ്റലിൽ ആണെന്ന് അവൾക്ക് മനസിലായത്..
പെട്ടന്നവളുടെ കൈ അടിവയറിൽ മുറുകി.. “”എന്റെ… “”
“സംഭവിക്കാനുള്ളത് സംഭവിച്ചു.. നീ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിക്കണം ലയ..””
“കംപ്ളീറ്റ് റസ്റ്റ് പറഞ്ഞിട്ടും തനിയെ ഡ്രൈവ് ചെയ്ത് ഇങ്ങ് വന്നപ്പോഴേയ്ക്കും നിന്റെ ബോധം പോയിരുന്നു.. “
“നല്ല ബ്ലീഡിങ് ഉണ്ടായിരുന്നു.. പിന്നെ ഞാൻ അനുരഞ്ജനെ വിളിച്ചു.. അയാളുടെ അറിവോടു കൂടിയാണ് ബാക്കി ട്രീറ്റ്മെന്റ് ചെയ്തത്.. “
കാർ ഡ്രൈവ് ചെയ്യുമ്പോൾ ഇടയ്ക്ക് എപ്പോഴോ അടിവയറ്റിൽ കൊളുത്തിപിടിച്ച ഒരു വേദന തോന്നിയത് അവൾ ഓർത്തു .. പെട്ടന്ന് ഡ്രൈവ് ചെയ്ത് ഹോസ്പിറ്റലിന്റെ മുൻപിൽ എത്തിയത് മാത്രം ഓർമയുണ്ട്…
“ഈവെനിംഗ് ഡിസ്ചാർജ് എഴുതിത്തരാം.. റസ്റ്റ് എടുത്തോളൂ” ന്നും പറഞ്ഞത് ഡോക്ടർ പുറത്തേയ്ക്കു പോയി..
ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തിയ ശേഷം ” ഞാൻ എന്റെ വീട്ടിലേയ്ക്ക് പോകുവാണെന്നു ” മാത്രം മെസ്സേജ് ടൈപ്പ് ചെയ്ത് അനുരഞ്ജന് അയച്ചു. മറുപടി വരാൻ നോക്കിനിൽക്കാതെ അപ്പോൾ തന്നെ ഇറങ്ങി…
മീറ്റിംഗ് കഴിഞ്ഞ് പിറ്റേന്ന് ലയയുടെ വീട്ടിലേയ്ക്കാണ് അനുരജ്ഞൻ എത്തിയത്. അബോർഷൻ ആയതിന്റെ വിഷമമാകും അവളുടെ സ്വഭാവത്തിലെ മാറ്റം എന്നയാൾ കരുതിയെങ്കിലും അനുരഞ്ജന്റെ സ്നേഹത്തിനു മുൻപിൽ അധികസമയം അവൾക്കു പിടിച്ചുനിൽക്കാനായില്ല.
തനിക്ക് സംഭവിച്ചത് ലോകത്തിൽ ഒരു പെണ്ണിനും ഉണ്ടാകരുതെന്നു പറഞ്ഞവൾ അയാളുടെ മുന്നിൽ പൊട്ടികരഞ്ഞു. ലയയുടെ വാക്കുകളിലെ വേദനകൾ മുഴുവനും അയാൾ തന്റെ ഉള്ളിലൊതുക്കാൻ നന്നേപാടുപെട്ടു.
അനുരജ്ഞൻ ലയയെ തന്റെ മാറിലേയ്ക്ക് ചേർത്തുപിടിച്ചു. ആ കൈകൾക്കുള്ളിൽ മാത്രമാണ് അവളുടെ ലോകമെന്നു അവൾ പറഞ്ഞത് ഓർത്തപ്പോൾ അയാളുടെ മിഴികൾ നിറഞ്ഞു…
നേരം സന്ധ്യയായി… അമ്മ പൂജമുറിയിൽ വിളക്കുവച്ചു പ്രാർത്ഥിച്ചു. മുകളിലെ ബാൽകണിയിലേയ്ക്ക് നോക്കി നീട്ടി വിളിച്ചു. ലയമോളെ വന്നു പ്രാർത്ഥിക്ക്.. അപ്പോൾ ഒന്നിനും പിടികൊടുക്കാനാകാത്ത അവളുടെ മനസ്സിലെ വേദനകൾക്കൊപ്പം അയാളും സഞ്ചരിക്കുകയായിരുന്നു….
ചില കരുതലുകളും ചില തീരുമാനങ്ങളുമായി പിറ്റേന്നവർ തറവാട്ടിൽ നിന്നും അനുരഞ്ജന്റെ വീട്ടിലേയ്ക്ക് തന്നെ തിരിച്ചു.. റൂമിലെത്തി ചില ഫോൺകോളുകളിൽ അനുരജ്ഞൻ വളരെ നേരം സംസാരിച്ചു..
“ലയ.. ഒരു സ്ട്രോങ്ങ് കോഫി..” അടുക്കളയിലേയ്ക്ക് നോക്കി അയാൾ പറഞ്ഞു..
കോഫിയുമായി വരുന്ന ലയയെ കണ്ടപ്പോൾ അതുവരെ ഉണ്ടായിരുന്ന വിഷമങ്ങൾ അവളുടെയും തന്റെയും മനസ്സിൽ ഒന്ന് മങ്ങിയപോലെ അയാൾക്കു തോന്നി….
“നിനക്ക് ഒരു സർപ്രൈസ് ഉണ്ട് ലയ…” എന്താണെന്നുള്ള ആകാംഷയിൽ അവൾ കണ്ണുകൾ കൂർപ്പിച്ചു.. കോഫി ഒന്ന് ചുണ്ടോടു ചേർത്തശേഷം ടേബിളിലേയ്ക്ക് വച്ചുകൊണ്ട് അനുരജ്ഞൻ തുടർന്നു..
“താൻ തന്റെ പ്രൊഫഷണൽ ലൈഫ് വീണ്ടും സ്റ്റാർട്ട് ചെയ്യാൻ പോകുന്നു.. അതും കൊച്ചിയിലെ ലീഡിങ് ടീമിന്റെ കൂടെ…”
“താൻ ഒരുപാട് ആഗ്രഹിച്ച ക്രൈം ബ്രാഞ്ച് ഓഫീസിൽ തന്നെ…” അയാൾ തന്റെ ലാപ്പിൽ മെയിൽ ഓപ്പൺ ചെയ്തു അവൾക്കു നേരെ നീട്ടി.. അത് വായിച്ചതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി..
“അവളുടെ നിറഞ്ഞ മിഴികളിൽ നോക്കി അയാൾ തുടർന്നു… “താൻ എത്ര ബോൾഡ് ആയിരുന്നു ഇപ്പൊ ഇങ്ങനൊക്കെ.. ..
“മുറിവുകളുടെ ഓർമപ്പെടുത്തുന്ന പാടുകൾ മാത്രമേ മനസ്സിൽ കാണാവൂ.. വേദന നിനക്കുള്ളതല്ല…”
“ചതിക്കുന്നവനെ ശിക്ഷ കൊടുത്തു നേരെയാക്കണം. സമൂഹത്തിൽ നന്മ ചെയ്യേണ്ടവൻ തന്നെ കഴുത്തറുക്കുമ്പോൾ അവനിലെ ചെകുത്താനെ നശിപ്പിക്കണം.. അയാളുടെ കണ്ണുകൾ ചുവന്നു…”
“ലയ..നീ വീണ്ടും ജോബിൽ ജോയിൻ ചെയ്തുകഴിഞ്ഞാൽ നിനക്ക് ചെയ്യാൻ ഒരുപാടുണ്ട്.എല്ലാത്തിനും വ്യക്തമായ ഒരുപ്ലാൻ നിന്റെ മനസ്സിൽ കാണുംന്ന് എനിക്കറിയാം””
അയാൾ അവളുടെ കണ്ണുകളിലേയ്ക്ക് മാത്രം നോക്കി അത് പറയുമ്പോൾ അവളുടെ കണ്ണുകൾ തീഗോളമായി ജ്വലിക്കുന്നുണ്ടായിരുന്നു. ഓഫീസിൽ എത്തിയ ശേഷം ലയ ആദ്യം തിരഞ്ഞത് “നീലിമ ശശിധരൻ ” എന്ന പെൺകുട്ടിയുടെ കേസ് ഫയൽ ആയിരുന്നു.
അന്ന് അവരുടെ മാതാപിതാകൾ ശക്തമായി വിശ്വസിച്ചിരുന്നു അവൾ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന്…പക്ഷെ അന്നത്തെ റിപ്പോർട്ടിൽ അവൾ മയക്കുമരുന്നിന് അടിമയാണെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ കള്ളം പറയരുതേ ന്ന് പറഞ്ഞു അവളുടെ അമ്മ പൊട്ടിക്കരഞ്ഞു..
അന്നത്തെ റിപ്പോർട്ടിൽ മെഡിസിൻ കണ്ടന്റ് എഴുതിയിട്ടുണ്ടായിരുന്നു.. അവൾ ധൃതിയിൽ റിപ്പോർട്ടുകൾ ഓരോന്നായി വായിച്ചു… ശെരിയാണ് ഇതേ കണ്ടെന്റുള്ള മെഡിസിൻ ആണ് അന്ന് രാത്രിയിൽ കഴിക്കാൻ എന്ന് പറഞ്ഞു അനുരഞ്ജനുവേണ്ടി എഴുതിയിരുന്നത്.
പക്ഷെ താൻ അടുത്തുള്ളപ്പോൾ അതിന്റെ ആവിശ്യം ഇല്ലെന്ന് അനുരജ്ഞൻ സ്വയമെടുത്ത തീരുമാനം…അന്നോടുകൂടി മെഡിസിൻ എല്ലാം സ്റ്റോപ്പ് ചെയ്യാനായിരുന്നു… ഉച്ചയ്ക്ക് 3 മണിയ്ക്കു ശേഷം ഡോക്ടർ അരുണിന്റെ ക്ലിനികിൽ നല്ല തിരക്കാണ്. പ്രൈവറ്റ് ആയി കാണാൻ വരുന്നവരാകുമ്പോൾ അവരുടെ വിശേഷങ്ങൾ എല്ലാം അയാൾ വിശദമായി ചോദിച്ചറിയാറുണ്ടായിരുന്നു.
അതിലൂടെ അയാൾ നേടിയത് വിശ്വാസമെന്ന വിലമതിക്കാനാകാത്ത വസ്തു തന്നെയാണ്. ഒപ്പം എഴുതുന്ന മരുന്നുകളിൽ ഇടയിലൂടെ ഡ്രഗ്സ് സപ്ലൈ ചെയ്യുന്നുണ്ടായിരുന്നു. രോഗിയുടെ ആസ്വസ്ഥതകൾ കൂടുമ്പോൾ മാത്രം കഴിക്കാൻ എന്നുപറഞ്ഞു എഴുതുന്ന ഡ്രഗ്സ്…പതിയെ അവരെ മയക്കുമരുന്നിന് അടിമകളാക്കുന്നവ ആയിരുന്നു.
ക്ലിനിക്കിന്റെ ഒഴിഞ്ഞ ഭാഗത്തായി റോഡിന്റെ സൈഡിൽ ലയ തന്റെ കാർ പാർക്ക് ചെയ്തു..കാറിന്റെ ഡാഷിൽ നിന്നും എടുത്ത പെൻഡ്രൈവും ഐഡികാർഡും ജീൻസിന്റെ പോക്കറ്റിലേയ്ക്ക് തിരുകി..അരുണിന്റെ ക്ലിനിക്കിന്റെ ഡോർ തുറന്ന് അകത്തേയ്ക്ക് കയറി..
സമയം 7 നോട് അടുക്കുന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കും തിരക്കുകൾ ഏകദേശം ഒഴിഞ്ഞുതുടങ്ങി. റിസെപ്ഷനിലെ പെൺകുട്ടിയോട് ഐഡി കാർഡ് കാട്ടിയിട്ട് അവൾ ഉൾപ്പെടെ അകത്തുപോകും ന്ന് പറഞ്ഞപ്പോൾ അവൾ സിസ്റ്റത്തിന്റെ മുൻപിലെ ചെയർ ലയനചന്ദ്രനായി ഒഴിഞ്ഞുകൊടുത്തു.
ലയ തനിക്കാവശ്യമുള്ളതെല്ലാം പെൻഡ്രൈവിൽ കോപ്പി ചെയ്തു.. ഇറങ്ങാൻ നേരം പുറത്തുള്ള നെയിം ബോർഡിൽ അരുൺ ന്നുകണ്ടപ്പോൾ അവളുടെ ഷർട്ടിന്റെ കൈച്ചുരുട്ടി മുകളിലേയ്ക്ക് തിരുകി മുഷ്ടി ചുരുട്ടി മനസ്സിൽ ഓർത്തു
“നിനക്കും എനിക്കും മാത്രമായി ഇനി ഒരു ദിവസം കൂടി ഉണ്ട്.. “
ആറു മാസത്തിനോടകം ലയ അരുണിനെ വേരോടെ നശിപ്പിക്കാനുള്ളതെല്ലാം നീലിമയുടെ മാതാപിതാക്കളുടെ കയ്യൊപ്പോടുകൂടി കോടതി മുൻപാകെ സമർപ്പിച്ചു. കേസ് റീ ഓപ്പൺ ചെയ്തു. കേസ് വിസ്താരത്തിനായി പ്രതികൂട്ടിൽ നിൽകുമ്പോൾ അരുൺ നന്നായി വിയർക്കുന്നുണ്ടായിരുന്നു.
“തന്റെ തൊട്ടു തൊട്ടുമുൻപിൽ ലയയും നീലിമയുടെ അച്ഛനമ്മമാരും…” ഇങ്ങനെയൊരു കൂടിക്കാഴ്ച അയാൾക്ക് സ്വപ്നത്തിൽ പോലും താങ്ങാവുന്നതിനും അപ്പുറമായിരുന്നു..
ചോദ്യങ്ങളുടെ ശരവർഷങ്ങൾ ഒന്നൊന്നായി അയാൾക്കുനേരെ അഭിഭാഷകൻ മാറി മാറി എയ്യുമ്പോൾ അയാളുടെ മുഖത്തുണ്ടാകുന്ന യാചനയുടെ പലഭാവങ്ങൾ ലയയുടെ മനസ്സിലെ കനലുകളെ തണുപ്പിക്കാൻ പോന്നവ ആയിരുന്നില്ല.
മാസങ്ങൾ നീണ്ടു..കേസ് പല അവധി കഴിഞ്ഞു . മണിക്കൂറിന് വില കൊടുത്തുവാങ്ങിയ അരുണിന്റെ അഭിഭാഷകന് ലയ സമർപ്പിച്ച തെളിവുകൾക്കുമീതെ കോട്ടിട്ടു പറക്കാനായില്ല.. കോടതി അനുവദിച്ച ഏറ്റവും വലീയ ശിക്ഷ വാങ്ങി അരുൺ വിലങ്ങുമായി ജയിലിലേയ്ക്ക് പോകാൻ ജീപ്പിൽ കയറും മുൻപ് ലയയും അനുരഞ്ജനും ഒന്നുകൂടി അയാളെ കണ്ടു…
അനുരജ്ഞൻ സംസാരിച്ചുതുടങ്ങി…
“””മിസ്റ്റർ അരുൺ….,
പല മനുഷ്യർക്കും പല കുറവുകളും കാണും. തനിക്കും എനിക്കും എല്ലാം.. പക്ഷെ എല്ലാത്തിനും പകരം കൊടുക്കാൻ പറ്റിയെന്നു വരില്ല. പക്ഷെ ഇത് പകരം തന്നതുതന്നെയാണ്.. “”
“”പിന്നെ….. .. പല തെമ്മാടിത്തരങ്ങളും ഇനിയും ചെയ്യാൻ തോന്നുമ്പോൾ ദേ… അങ്ങോട്ട് നോക്കിയേ.. നീ പറഞ്ഞ നിന്റെ ഒന്നിനും കൊള്ളാത്ത വികാരമില്ലാത്ത ഭാര്യ വേദനകൊണ്ട് കരയുന്നത് നീ കണ്ടോ..
അതിലും നന്നായി നീ കാണണ്ടത് ആ വിരൽത്തുമ്പിൽ ഇപ്പോൾ ഒന്നുമറിയാതെ അമ്മയുടെ വേദനയ്ക്ക് കാരണം തിരയുന്ന ആ രണ്ടു കുഞ്ഞു കണ്ണുകൾ ആണ്. ആ കണ്ണുകൾ വളരും അന്ന് അവൻ നിന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരവും കൂടി കണ്ടുവച്ചിട്ട് വേണം നീ തിരികെ വരാൻ…”
പോലീസ് വാഹനം അരുണിനെയും കൊണ്ട് മുൻപോട്ട് നീങ്ങിയതും കാറിൽ ചാരി നിന്ന ലയ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി…
“ആഹാ.. മോൾക്കിത് എത്രാമത്തെ മാസമാണെന്ന് ഓർമയുണ്ടോ???
“മൂന്ന് മാസവും പതിനഞ്ചു ദിവസവും..”
“”ഓർമയുണ്ടല്ലോ… അപ്പൊ ഇങ്ങോട്ടിറങ്ങെടി കാന്താരി.. പോ പോ പോയി സെക്കന്റ് സീറ്റിൽ ഇരുന്നേ…””
“”ഇയ്യോ.. എന്റെ ചെവിന്ന് വിട് അനുവേട്ടാ…”” അനുരജ്ഞൻ അവളുടെ ചെവിയിൽ നിന്നും പിടിവിട്ടു. ലയ ഡോർ തുറന്ന് സെക്കന്റ് സീറ്റിൽ പോയിരുന്നു..
“അപ്പൊ എങ്ങനെ..പോവ്വല്ലേ..”