നമുക്കു ഈ കല്യാണം വേണ്ട മോളേ, ധ്രുവിന്റെ സ്ഥിതി മോൾ കണ്ടില്ലേ എത്ര കാലം എന്ന് വെച്ചാ..

രുദ്രാക്ഷം
(രചന: Rivin Lal)

കുറേ നാളുകൾക്കു ശേഷം മാട്രിമോണി സൈറ്റിലെ ഇൻബോക്സ് നോക്കുമ്പോളാണ് ഒരുപാട് പ്രൊഫൈലുകൾക്കിടയിൽ നയേത്രയുടെ പ്രൊഫൈൽ ധ്രുവ് കാണുന്നത്.

സെറ്റ് സാരിയുടുത്ത പ്രൊഫൈൽ ഫോട്ടോ കാണാൻ കൊള്ളാം, തൃശൂർകാരി. സ്കൂൾ ടീച്ചറാണ് ജോലി. ഇങ്ങോട്ട് ഒരു ആറു മാസം മുമ്പേ വന്ന റിക്വസ്റ്റ് ആണ്.

തിരക്ക് കാരണം ധ്രുവ് സൈറ്റ് ഒന്നും നോക്കാറില്ലായിരുന്നു. ധ്രുവ് റിക്വസ്റ്റ് ആക്‌സെപ്റ്റ് ചെയ്തു. ഫോൺ നമ്പർ നോട്ട് ചെയ്തു അമ്മയ്ക്ക് അയച്ചു കൊടുത്തു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വീട്ടുകാർ വിളിച്ചു അങ്ങോട്ടും ഇങ്ങോട്ടും അന്വേഷിക്കലും പെണ്ണ് കാണൽ ചടങ്ങും മോതിര മാറ്റം കഴിയലും എല്ലാം ഒരൊറ്റ മാസം കൊണ്ട് തീർന്നു.

നിശ്ചയം കഴിഞ്ഞത് കൊണ്ട് രണ്ടു പേർക്കും പ്രണയിക്കാൻ അല്പം സമയം കിട്ടിയിരുന്നു.

ഒരിക്കൽ രാത്രിയ്ക്കത്തെ പ്രണയാതുര ഫോൺ സംസാരത്തിനിടയ്ക്ക് നയേത്ര ചോദിച്ചു

“ഞാൻ ഒരു കാര്യം പറയട്ടെ ഏട്ടാ..? കേട്ടാൽ വിശ്വസിക്കുമോ..??”

“നീ പറ മോളേ..” ധ്രുവ് കേൾക്കാൻ തയ്യാറായിരുന്നു.

“നമ്മൾ പരിചയപെടുന്ന മുൻപേ, അതായതു കഴിഞ്ഞ ആറ് മാസങ്ങളായി എനിക്ക് ഏട്ടനെ അറിയാം.” അവൾ പറഞ്ഞു നിർത്തി.

ധ്രുവ് പെട്ടെന്ന് ഞെട്ടി കിടക്കയിൽ നിന്നും എണീറ്റു തലയിണ ചാരി വെച്ചു ഇരുന്നു.

“മുൻപേ അറിയാമെന്നോ..?? എവിടെ വെച്ചു..?? എങ്ങിനെ..?? ധ്രുവ് ആകാംഷാഭരിതനായി.

അവൾ പറഞ്ഞു തുടങ്ങി.

“മാട്രിമോണിയിൽ ഒരുപാട് പെൺകുട്ടികൾ അയച്ച റിക്വസ്റ്റിൽ ഒരു സാധാരണ പെൺകുട്ടി മാത്രമാവും ഏട്ടന് ഞാൻ..

പക്ഷെ എനിക്ക് അങ്ങിനെയല്ല. പല ചെക്കന്മാരും ഇങ്ങോട്ടു അയച്ച ഒരുപാട് റിക്വസ്റ്റിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരേയൊരാൾ ഏട്ടനായിരുന്നു.

അത് കൊണ്ട് തന്നെ അന്ന് മുതൽ ഏട്ടനെ ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു.

എല്ലാ സോഷ്യൽ മീഡിയയിലും ഏട്ടന്റെ പ്രൊഫൈൽ ഞാൻ അന്നേ തപ്പി കണ്ടു പിടിച്ചതാണ്. ഫേസ്ബുക്.. ഇൻസ്റ്റഗ്രാം.. ലിങ്ക് ഡിൻ.. അങ്ങിനെ പലതിലും..

എല്ലാത്തിലും ഏട്ടന്റെ സ്റ്റാറ്റസും ഇഷ്ടങ്ങളും പോസ്റ്റുകളും ഞാൻ നോക്കാറുണ്ട്.

എന്റെ ഫോൺ ഗാലറിയിൽ കഴിഞ്ഞ ആറ് മാസത്തെ സോഷ്യൽ മീഡിയയിലെ ഏട്ടന്റെ എല്ലാ ഫോട്ടോകളും ഉണ്ട്.

പല തവണ ഇൻബോക്സിൽ വന്നു മെസേജ് അയക്കണം എന്ന് കരുതിയിരുന്നു ഒന്ന് പരിചയപ്പെടാൻ,

പക്ഷെ എന്തോ എന്നെ കുറിച്ച് തെറ്റായി വിചാരിക്കും എന്ന് കരുതി ടൈപ്പ് ചെയ്തു വെച്ച പലതും പല തവണ ഡിലീറ്റ് ചെയ്‌തിട്ടുണ്ട്.

പക്ഷെ വടക്കുംനാഥനോടുള്ള എന്റെ പ്രാർത്ഥന കൊണ്ടാവും ഇപ്പോൾ ഈ നിമിഷം ഏട്ടനെ ദൈവമായി എന്റെ കയ്യിൽ തന്നെ കൊണ്ടെത്തിച്ചത്.”

എല്ലാം കേട്ടപ്പോൾ ധ്രുവ് ശരിക്കും സ്തംഭിച്ചു ഇരിക്കുകയായിരുന്നു.
“നയേത്ര.. നീ പറയുന്നതൊക്കെ സത്യമാണോ..?? എന്നെ അത്രയ്ക്കും ഇഷ്ടമായിരുന്നോ..??

പക്ഷെ എനിക്കൊന്നും അറിയില്ലായിരുന്നു. എന്റെ പിന്നാലെ ഇങ്ങിനെ ഒരാൾ ഉള്ള കാര്യം ഈ നിമിഷം വരെ ഞാൻ അറിഞ്ഞിരുന്നില്ല.

നീ ഇത്രയും പറഞ്ഞ സ്ഥിതിക്കു നാളെ തന്നെ എനിക്ക് നിന്നെ കാണണം. വടക്കുംനാഥ ക്ഷേത്രത്തിനു മുന്നിൽ വാ. അവിടെ വെച്ചു നമുക്കു കാണാം”.

ധ്രുവിന്റെ ആവശ്യം നയേത്ര സമ്മതിച്ചു. അവളും വരാമെന്നു പറഞ്ഞു.

അടുത്ത ദിവസം വടക്കും നാഥ ക്ഷേത്രത്തിനു മുൻപിൽ വെച്ചു അവർ കണ്ടു മുട്ടി.

സത്യം പറഞ്ഞാൽ നയേത്രയ്ക്ക് ധ്രുവിന്റെ കണ്ണിലേക്കു നോക്കാൻ തന്നെ അല്പം നാണമായിരുന്നു. ആറ് മാസം പ്രേമിച്ച ആളോട് ഇഷ്ടം ആയിരുന്നെന്ന് പറഞ്ഞതിന്റെ നാണം.

ആൽ മരച്ചോട്ടിലെ അവരുടെ സംസാരത്തിനിടയ്ക്ക് ധ്രുവ് ചോദിച്ചു, “നയേത്രയ്ക്ക് എവിടെയൊക്കെ യാത്ര പോവാനാണ് ഇഷ്ടം..??”

“എനിക്ക്…. ഹിമാലയം വരെ ഒന്ന് പോണം എന്നുണ്ട്..

അവിടെയുള്ള അമ്പലങ്ങളിലും ആശ്രമങ്ങളിലും വിവാഹം കഴിക്കാത്ത ഒരുപാട് സ്ത്രീകൾ സ്വാമിമാരായി ജീവിക്കുന്നുണ്ട്.

അവരെ പോലെ ജീവിക്കണം എന്നൊക്കെ പണ്ട് ആഗ്രഹം ഉണ്ടായിരുന്നു. അല്ലേൽ അവിടെ വരെ ഒന്ന് പോകാൻ എങ്കിലും പറ്റണം.” അവൾ ആഗ്രഹം പറഞ്ഞു.

“ഹ..ഹ.. നല്ല ആഗ്രഹം.. നമ്മൾ കെട്ടി കഴിഞ്ഞാൽ നീ സ്വാമി ആവില്ല.. എന്നാലും നമുക്കു പോണം. ഹിമാലയം വരെ. നിന്റെ ആഗ്രഹം അല്ലേ. അത് എന്തായാലും ഞാൻ നടത്തി തരുന്നുണ്ട് കേട്ടോ.” ധ്രുവ് വാക്ക് കൊടുത്തു.

അത് കേട്ടപ്പോൾ നയേത്ര ഒരുപാട് സന്തോഷിച്ചു. ഇഷ്ടപെട്ട ആളെ തന്നെ കെട്ടാൻ പോണ സന്തോഷം.

കൂടെ നടക്കാത്ത ആഗ്രഹങ്ങൾ നടക്കാൻ പോണ സന്തോഷവും കൂടി ഒരുമിച്ചു അവളുടെ മുഖത്തു തെളിഞ്ഞു വന്നു.

അവിടുന്ന് വൈകുന്ന മുൻപേ അവർ പിരിഞ്ഞു. ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി.

വിവാഹത്തിന് ഒരു മാസം മുൻപേയാണ് നയേത്ര ആ വാർത്ത അറിയുന്നത്. ധ്രുവിനു പെട്ടെന്നൊരു തല ചുറ്റൽ വന്നു ആശുപത്രിയിലാണ്. അല്പം സീരിയസ് ആണ്.

അച്ഛനും മാമനുമാണ് ബാക്കി കാര്യങ്ങൾ വീട്ടിൽ പറഞ്ഞത്. ധ്രുവിന്റെ രണ്ടു വൃക്കകളും അസുഖം കാരണം നശിച്ചു തുടങ്ങിയിട്ടുണ്ട്. വൃക്ക മാറ്റി വെക്കൽ ശസ്ത്ര ക്രിയ ഉടൻ തന്നെ ചെയ്യണം.

ആ വാർത്ത കേട്ടതും നയേത്രയുടെ ജീവന്റെ പാതി ആവിയായ പോലെ അവൾക്കു തോന്നി. വീട്ടിൽ ഭയങ്കര ചർച്ചയാണ് അച്ഛനും മാമനും.

അവസാനം മൂന്ന് മണിക്കൂറിനു ശേഷം അച്ഛൻ അവളെ വിളിച്ചു.

“മോളേ അച്ഛൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം. ഉൾകൊള്ളാൻ അല്പം ബുദ്ധിമുട്ടുണ്ടാവും.

എന്നാലും നിന്റെ നല്ല ഭാവിക്കു വേണ്ടിയാണ് ഞങ്ങൾ ഇനി പറയുന്നത്. നീ ഞങ്ങളുടെ ആകെയുള്ള ഒരു മോളാണ്.. സ്നേഹിച്ചും താലോലിച്ചു ഒരു കുറവും വരുത്താതെ വളർത്തിയ മോൾ. നമുക്കു ഈ കല്യാണം വേണ്ട മോളേ..

ധ്രുവിന്റെ സ്ഥിതി മോൾ കണ്ടില്ലേ.. എത്ര കാലം എന്ന് വെച്ചാ മോൾ സഹിക്കുക അവനെ അങ്ങിനെ.. മോളൊന്നു ശരിക്കും ആലോചിച്ചു നോക്കിയേ..

അവനെക്കാൾ നല്ല ഒരാളെ പറഞ്ഞ മുഹൂർത്തത്തിൽ അച്ഛൻ മോൾക്ക് കൊണ്ട് തരും. അതല്ലേ മോളേ നല്ലത്.?

നയേത്ര ഒന്നും മിണ്ടിയില്ല. കരഞ്ഞു കൊണ്ട് നേരെ പോയി റൂമിന്റെ വാതിൽ അടച്ചു. ഒരു രണ്ടു മിനിറ്റ് ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ അവളുടെ അമ്മ ഓടി വന്നു വാതിലിൽ മുട്ടി.

“മോളേ.. വാതിൽ തുറക്ക്.. അമ്മയാ
വിളിക്കുന്നെ.. നയേത്രാ.. വാതിൽ തുറക്കാനാ പറഞ്ഞെ.. ഏട്ടാ.. എത്ര മുട്ടിയിട്ടും അവൾ വാതിൽ തുറക്കുന്നില്ല..” അമ്മ അവളുടെ അച്ഛനോടായി പറഞ്ഞു.

അവളുടെ അച്ഛനും മാമനും വാതിൽ തള്ളി തുറന്നപ്പോൾ ചെയറിൽ നിന്ന് കൊണ്ട് കഴുത്തിൽ ഷാൾ കൊണ്ട് കുരുക്ക് ഇട്ടു മുറുക്കി കൊണ്ടിരിക്കുന്ന മോളെയാണ് കണ്ടത്.

അവർ മൂന്ന് പേരും ഓടി വന്നു അവളെ ചെയറിൽ നിന്നും പിടിച്ചിറക്കി.

“എന്താ മോളേ നീയിപ്പോൾ കാണിച്ചേ..?? ഒരു നിമിഷം വൈകിയിരുന്നെങ്കിലോ?” അവളുടെ അച്ഛന്റെ കണ്ണ് നിറഞ്ഞു.

“അച്ഛാ.. ഏട്ടനില്ലാതെ എനിക്ക് പറ്റില്ല.. ഈ കല്യാണത്തിൽ നിന്നും ഞാൻ പിന്മാറില്ല. ഏട്ടനെ കെട്ടി വിധവ ആയി ജീവിച്ചാലും വേണ്ടില്ല,

ഞാൻ വേറെ ആരെയും ഈ ജീവിതത്തിൽ കേട്ടില്ല.” അവൾ അമ്മയെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു.

അവളുടെ തീരുമാനം കേട്ട് വീട്ടുകാർ എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരുന്നു.

ഒരു വർഷം വീണ്ടും കടന്നു പോയി.

അതിനുള്ളിൽ ധ്രുവിന്റെ ഓപ്പറേഷൻ കഴിഞ്ഞു. ഒരു വൃക്ക മാറ്റി വെച്ചു. അച്ഛന്റെയും വീട്ടുകാരുടെയും നിർബന്ധം കാരണം ആ കല്യാണം ഒരിക്കലും നടക്കില്ല എന്ന സത്യം നയേത്ര തിരിച്ചറിഞ്ഞു.

ഇനിയുള്ള ജീവിതം ഒരൊറ്റ വൃക്കയിൽ ആണെന്ന സത്യം കൂടി അറിഞ്ഞപ്പോൾ ധ്രുവ് തന്നെ നയേത്രയോട് വിവാഹത്തിൽ നിന്നും പിന്മാറാൻ പറഞ്ഞു.

അവസാനമായി അവർ ഒരിക്കൽ കൂടി വടക്കും നാഥക്ഷേത്രത്തിനു മുറ്റത്തു വെച്ചു കണ്ടു മുട്ടി.

അവൾ നന്നേ ക്ഷീണിച്ചതായി തോന്നി ധ്രുവിന്. മുഖത്തെ സന്തോഷം എല്ലാം പോയിരിക്കുന്നു.

അവനവളുടെ കൈ പിടിച്ചു ക്ഷേത്രത്തിലേക്കു കടന്നു. രണ്ടു പേരും ഒരുമിച്ചു കുറേ സമയം പ്രാർത്ഥിച്ചു. രണ്ടു പേരുടെ പേരിലും വഴിപാട് കഴിച്ചു.

പുറത്തിറങ്ങി ആൽ മരചോട്ടിൽ വെച്ചു അവൻ കയ്യിലെ രുദ്രാക്ഷത്തിന്റെ കൈ ചെയിൻ അഴിച്ചു അവളുടെ ഉള്ളം കൈയിൽ വെച്ചു കൊടുത്തു, എന്നിട്ടു പറഞ്ഞു.

“എന്റെ ഓർമയ്ക്കായി ഇത് നിന്റെ കയ്യിൽ ഇരിക്കട്ടെ നയേത്രാ.. പിന്നെ ദാ.. ഈ ഭഗവാനെ സാക്ഷിയാക്കി നമ്മൾ പങ്കു വച്ച കുറേ നല്ല നിമിഷങ്ങളും.. ഇതേയുള്ളൂ എന്റെ കയ്യിലിപ്പോൾ തരാൻ ബാക്കി..”

അപ്പോളേക്കും അവൾ കരഞ്ഞു തുടങ്ങിയിരുന്നു. “നമ്മുടെ വിവാഹം കഴിഞ്ഞു ഏട്ടൻ കെട്ടിയ താലിയും നെറ്റിയിൽ സിന്ദൂരവുമായി ഇത് പോലെ ഒരുമിച്ചു വന്നു പ്രാർത്ഥിക്കാനൊക്കെ ഞാൻ ആഗ്രഹിച്ചതാ..

പക്ഷെ ഇപ്പോൾ.. എല്ലാം ഇങ്ങിനെ അവസാനിപ്പിക്കാൻ ആണോ വിധി..?” അവൾ അവന്റെ മാറോടു ചേർന്നു.

ഇനി ഒരു കണ്ടു മുട്ടൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല നയേത്ര.. നീ നന്മയുള്ള കുട്ടിയാ.. നിനക്ക് നല്ലതേ വരൂ.. വാക്കുകൾ തൊണ്ടയിൽ നിന്നും ഇടറുമ്പോളേക്കും അവൻ നിറകണ്ണുമായി തിരിഞ്ഞു നടന്നു.

അവൻ കൊടുത്ത രുദ്രാക്ഷവുമായി കണ്ണിൽ നിന്നും മായും വരെ അവളവനെ തന്നെ കണ്ണ് നിറച്ചു നോക്കി നിന്നു.

മുപ്പത് വർഷങ്ങൾക്ക് ശേഷമുള്ള ഒരു പ്രഭാതം.

“അപ്പൂപ്പാ.. നമ്മൾ ഏതോ വലിയ അമ്പലത്തിലേക്കാ പോണേ എന്നാ അമ്മ പറഞ്ഞത്. ശരിയാണോ അപ്പൂപ്പാ..?”

“അതേ മോളേ.. ഭഗവാൻ വടക്കും നാഥനെ കാണാനാ നമ്മൾ പോണേ.” ധ്രുവ് എട്ടു വയസായ കൊച്ചു മോൾ മാളുവിന്റെ കവിളിൽ സ്നേഹത്തോടെ തട്ടി കൊണ്ട് പറഞ്ഞു.

എട്ടു മണിക്ക് മുൻപേ ധ്രുവും ഭാര്യ പൗർണ്ണമിയും മകളും ഭർത്താവും രണ്ടു കൊച്ചു മക്കളും വടക്കും നാഥന്റെ അടുക്കൽ എത്തി.

നയേത്രയുമായി പിരിഞ്ഞു മൂന്ന് വർഷം കഴിഞ്ഞപ്പോൾ തന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു കൊണ്ടാണ് അമ്മാവന്റെ മകൾ പൗർണ്ണമിയെ ധ്രുവിനു കെട്ടേണ്ടി വന്നത്.

അവൾക്കും കുട്ടി കാലം മുതലേ തന്നെ ഇഷ്ടമായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്.

അത് കൊണ്ടാവും അവളുടെ സ്നേഹവും ശുശ്രൂഷ കൊണ്ടും ഇത്രയും നാൾ ഒരു വൃക്കയുമായി കുഴപ്പമില്ലാതെ ജീവിച്ചു പോന്നത്. നടന്നതെല്ലാം ഓർത്തപ്പോൾ ധ്രുവിനു എല്ലാമൊരു സ്വപ്നം പോലെ തോന്നി.

നമ്പൂതിരിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങി തൊഴുതു എല്ലാരും പുറത്തിറങ്ങി.

ആ ഗ്രൗണ്ടിലൂടെ നടക്കുമ്പോൾ ആൽ മരം ധ്രുവ് ശ്രദ്ധിച്ചു. ഒരിക്കൽ ഇവിടെ വെച്ചാണ് എല്ലാം അവസാനിച്ചത് എന്ന് ധ്രുവ് ഓർത്തു. കണ്ണുകൾ നിറയുന്ന മുൻപേ മുൻപോട്ടു കണ്ണുകൾ പായിച്ചു നടന്നു.

അപ്പോളാണ് മകൾ ചോദിച്ചത്. “അച്ഛാ.. നമ്മുടെ മാളു മോൾ എവിടെ..?? അയ്യോ.. മോളേ കാണുന്നില്ല..!”

ശരിയാണല്ലോ.. മോളേ കാണുന്നില്ല.. ധ്രുവും മരുമകനും മാളു മോളെ തിരയാനായി അമ്പലത്തിലേക്ക് തിരിഞ്ഞു നടന്നു. അപ്പോളുണ്ട് മാളു മോൾ ഓടി കിതച്ചു വരുന്നു.

അടുത്തെത്തിയപ്പോൾ ധ്രുവ് അവളെ ചേർത്തു പിടിച്ചു ചോദിച്ചു,
“അപ്പൂപ്പന്റെ മോൾ എവിടെക്കാ പോയെ..?? പേടിപ്പിച്ചു കളഞ്ഞല്ലോ ന്റെ കുട്ടി..!”

“അത് അപ്പൂപ്പാ .. അവിടെ.. അവിടെയിരുന്നു ഒരു അമ്മൂമ്മ നമ്മൾ പ്രാർത്ഥിക്കുമ്പോൾ അപ്പൂപ്പനെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

ആ അമ്മൂമ്മ പൂജയ്ക്കുള്ള പൂക്കൾ കൊണ്ടുള്ള മാല ഉണ്ടാക്കുകയായിരുന്നു.

ഞാൻ അമ്മൂമ്മയെ നോക്കുന്നത് കണ്ടപ്പോൾ എന്നെ അടുത്തേക്ക് വിളിച്ചു പറഞ്ഞു “അമ്മൂമ്മ ദൂരെ ഏതോ ഒരു മലയിലേക്കൊരു യാത്ര പോവാണ്. ഇത്രയും നാൾ അപൂപ്പൻ ഇവിടെ വരാൻ കാത്തിരിക്കായിരുന്നു.

പോണതിനു മുൻപേ ഇത് അപ്പൂപ്പന് തരാൻ പറഞ്ഞു എന്നെ ഏല്പിച്ചു.” അത്രയും പറഞ്ഞവൾ ആ കുഞ്ഞി കൈ ധ്രുവിന്റെ നേരെ നീട്ടി.

അവളുടെ കുഞ്ഞി കൈ മെല്ലെ നിവർത്തി നോക്കിയപ്പോൾ കണ്ടു പണ്ട് താൻ നയേത്രക്ക് തന്റെ ഓർമയ്ക്കായ് കൊടുത്ത രുദ്രാക്ഷതിന്റെ കൈ ചെയിൻ.

അത് മുറുക്കെ പിടിച്ചു മാളു മോളെ കെട്ടി പിടിച്ചു ധ്രുവ് കരയുമ്പോളേക്കും തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും

നോർത്ത് ഇന്ത്യയിലേക്കുള്ള ട്രെയിനിന്റെ വിൻഡോ സീറ്റിലിരുന്നു ആ വയസായ സ്ത്രീ ആരുടെയോ ഓർമ്മകളിലൂടെ യാത്ര പറയുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *