അവൾക്ക് അറിയാം അവരവിടെ ഉണ്ടെന്ന്, കിച്ചു തെറ്റിദ്ധരിക്കുമെന്ന് അഭിയ്ക്ക് മനസിലായി..

ഞങ്ങൾ
(രചന: രാവണന്റെ സീത)

മീര ആശുപത്രിയിൽ അഡ്മിറ്റ്‌ ആണ്. ഗ്ലൂക്കോസ് കേറുന്ന അവളുടെ കൈ തണ്ട നീരുവെച്ചിരുന്നു…

ആ ഭാഗം പതുക്കെ തിരുമ്മിക്കൊടുത്തു കൊണ്ടിരുന്നു കിച്ചു. അവളൊന്ന് പതുക്കെ നിരങ്ങി. മയക്കത്തിലാണ്.

അവിടെക്ക് അവളുടെ ഏട്ടൻ സന്ദീപ് വന്നു. കിച്ചുവും സന്ദീപും പരസ്പരം നോക്കി. ഇങ്ങനെ അങ്ങ് കൊണ്ട് പോയാലോ ഏട്ടാ കിച്ചു ചോദിച്ചു.

സന്ദീപ് അതിനുത്തരം നൽകുന്നതിനു മുന്നേ അവൾ കണ്ണ് തുറക്കാതെ തന്നെ മറുപടി നൽകി. ഞാൻ സമ്മതിക്കില്ല .. മയക്കത്തിൽ ആണെന്ന് കരുതി പറ്റിക്കേണ്ട . ഞാൻ എല്ലാം കേൾക്കുന്നുണ്ട്.

ക്ഷീണത്തിൽ ആണെങ്കിലും അവളുടെ ശബ്ദം ഉറച്ചതായിരുന്നു.

ഇവൾ നന്നാവില്ല ഏട്ടാ, കിച്ചുവിന് ദേഷ്യം വന്നു. എങ്കിലും കണ്ണുകൾ നിറഞ്ഞിരുന്നു. സന്ദീപ് അവളുടെ മിടിയിഴകളെ തലോടി . എന്താ കുഞ്ഞി നീയിങ്ങനെ എല്ലാരേം സങ്കടപ്പെടുത്തുന്നെ.

അവളുടെ കൺകോണുകളിൽ നിന്നും മിഴിനീർ ഒഴുകി. എന്താ ഏട്ടാ ഏട്ടനും അറിയാവുന്നതല്ലേ എന്നിട്ടും ഇങ്ങനെ. അവളുടെ കണ്ണുനീർ അവനെ വേദനയിലാഴ്ത്തി. സന്ദീപ് ഒന്നും മിണ്ടാതെ അവിടെ നിന്നിറങ്ങി. കിച്ചു പിന്നാലെയും.

എന്താ ചെയ്യുക ഏട്ടാ ഇവളിങ്ങനെ വാശി പിടിച്ചാൽ കാര്യങ്ങൾ എങ്ങനെ നടത്തും. അവർ അവിടെയുള്ള കസേരയിൽ ഇരുന്നു. സന്ദീപ് ആകെ ടെൻഷനിൽ ആണ്. എന്താ ചെയ്യേണ്ടതെന്ന് അറിയില്ല.

ഏറ്റവും സ്നേഹിച്ച തന്റെ അനിയത്തി ഇപ്പോ ഹോസ്പിറ്റലിൽ, ക്യാൻസർ ആണ്. കീമോ ചെയ്യാൻ പോലും സമ്മതിക്കുന്നില്ല .

ഭയങ്കര വാശിക്കാരിയാണ്, വിചാരിച്ചത് നടത്തുന്നത് വരെ അവളുടെ വാശി നിൽക്കും. ഇപ്പോഴും അതിനൊരു മാറ്റമില്ല.

ഇപ്പോഴെന്താണെന്നോ വാശി…. അവളുടെ ഫ്രണ്ട് ഉണ്ട്, അഭി അവനെ കാണണം പോലും. കുറെയായി കണ്ടിട്ട് അവനെ,

മീരയുടെയും കിച്ചുവിന്റെയും കല്യാണത്തിനൊക്കെ മുന്നേ ആണ്…

വീടിനടുത്തു വാടകയ്ക്ക് വന്നു താമസം തുടങ്ങിയത് മുതൽ കൂട്ടായതാ. കുറെ വർഷങ്ങൾ അതെ നാട്ടിൽ തന്നെയായിരുന്നു അഭിയും കുടുംബവും…

ഒന്നിച്ചാണ് അവർ കോളേജിൽ പോയിരുന്നത്, ചേച്ചിയും അനിയനുമെന്ന് അവരെ എല്ലാരും കളിയാക്കി.. രണ്ടുപേരും എപ്പോഴും ഒന്നിച്ചാണ്. മീരയുടെ പിന്നാലെ നടക്കുന്ന ചെക്കന്മാർ അഭിയെ സോപ്പിടാൻ തുടങ്ങി..

അവരിൽ നിന്നൊക്കെ അവളെ സംരക്ഷിച്ചിരുന്നത് അഭിയായിരുന്നു.. ചുരുക്കത്തിൽ സന്ദീപ് ന്റെ ജോലിയും ചേർത്ത് ചെയ്യുന്നെന്ന്.

രണ്ടുപേർക്കും പരസ്പരം ഒളിക്കാൻ ഒന്നുമില്ലായിരുന്നു. അഭിയ്ക്ക് ഒരു കുട്ടിയെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ കൂടെ നിന്നതും, തേഞ്ഞപ്പോൾ, താങ്ങിയതും മീരയായിരുന്നു..

ഇനിയെന്റെ ജീവിതത്തിൽ ഒരു പെണ്ണ് വേണ്ടെന്ന് അഭി തീരുമാനിച്ചപ്പോൾ മീര ഒരുപാട് കളിയാക്കിയിരുന്നു.

അവരെന്നും അങ്ങനെ ആണ്. മറ്റുള്ളവരിൽ അസൂയയും സംശയവും നിറയ്ക്കുന്ന, എന്നാൽ അതിലൊന്നും കാര്യമാക്കാത്ത ഒരു കൂട്ട്, അതാണവർ.

അവരുടെ വീട്ടുകാർ അവരെ സംശയിച്ചില്ല, അത് മതിയായിരുന്നു അവർക്ക്.

മീരയ്ക്ക് ആരോടും പ്രണയം ഇല്ലെന്നുള്ളത് എന്തുകൊണ്ട് എന്നവൻ ചോദിച്ചപ്പോൾ നീയും ഏട്ടനും കണ്ടു ഇഷ്ടപ്പെടുന്ന ചെക്കനെ മതി എനിക്കെന്നു അവൾ. മറുപടി നൽകി.

ഞങ്ങളുടെ മേൽ ഇത്രയും സ്നേഹം വെച്ചിരിക്കുന്ന അവൾക്ക് ഏറ്റവും നല്ല ചെറുക്കനെ തന്നെ കൊടുക്കണമെന്ന് അവർ തീരുമാനിച്ചു.

അങ്ങനെ കണ്ടെത്തിയതാണ് കിച്ചുവിനെ. നല്ല സ്വഭാവം, ജോലി, എന്തുകൊണ്ടും മീരയ്ക്ക് നല്ലൊരു ഭർത്താവ് ആയിരിക്കുമെന്ന് ഉറപ്പ.

കിച്ചുവിന്റെ വിവാഹലോചന വന്നപ്പോൾ അഭി അന്വേഷിച്ചു, പഴയ നാട്ടുനടപ്പൊക്കെ പിന്തുടരുന്ന ആളുകളാണ്.

ആൺപെൺ സൗഹൃദം അവർക്ക് ആലോചിക്കാൻ പോലും കഴിയില്ലെന്ന് സന്ദീപ് ന്റെ കൂടെ അവിടെ പോയപ്പോൾ മനസിലായി മീരയുടെയും സന്ദീപിന്റെയും സുഹൃത്താണെന്ന് പറഞ്ഞപ്പോൾ തന്നെ അവരുടെ മുഖഭാവം മാറി.

അപ്പോൾ തന്നെ ചിലതെല്ലാം തീരുമാനിച്ചാണ് അഭി അവിടെ നിന്നിറങ്ങിയത്. മീരയെ അവൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് .. താൻ കാരണം അവളുടെ ജീവിതത്തിൽ ഒരു കുഴപ്പവുമുണ്ടാവരുതെന്ന് അവൻ കരുതി.

അങ്ങനെ അവിടെ നിന്നും അവൻ പോയി, നാടുവിട്ടു. ആദ്യം ഒരു ജോലി എന്നായിരുന്നു കാരണം പറഞ്ഞത്, പിന്നീട് വീട്ടുകാരെയും കൂട്ടീട്ട് പോയി.

അവൾക്ക് സംശയം തോന്നിയിരുന്നില്ല. എങ്കിലും ഒരു അകൽച്ച അവൾക്ക് ഫീൽ ചെയ്തോ??? അറിയില്ല..

കല്യാണത്തിന് അവൻ വന്നിരുന്നു. എല്ലാം സന്ദീപ്ന്റെ കൂടെ നിന്നു നോക്കി ചെയ്തു. എന്നാൽ അവസാന നിമിഷം അവൾ പോകുന്നത് നോക്കി നിൽക്കാൻ അവനാകുമായിരുന്നില്ല.

അവൻ വേഗം തന്നെ അവിടെ നിന്നിറങ്ങി. അഭിയെ മീര അന്വേഷിച്ചു. കണ്ടില്ല . സമയമായതിനാൽ മനസ്സില്ലമനസ്സോടെ അവൾ ഇറങ്ങി.

പിന്നീട് സന്ദീപ് പറഞ്ഞാണ് കാര്യങ്ങൾ അറിയുന്നത് അപ്പോഴേക്കും ഫോണിൽ കൂടെയുള്ള മിണ്ടാട്ടവും നിന്നിരുന്നു. സന്ദീപ് നോട്‌ മാത്രം അവൻ മിണ്ടിയിരുന്നു അവളറിയാതെ, അവളുടെ കാര്യങ്ങൾ അറിഞ്ഞിരുന്നു അവൻ.

മീര കരുതിയത് അവൻ വിട്ട് പോയെന്നാണ്. അവളും അവനെ മറന്നെന്നു എല്ലാവരും കരുതി.

അവളുടെ കല്യാണം കഴിഞ്ഞ് കുറച്ചു കാലം കഴിഞ്ഞാണ് അവൾക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞത് .

കീമോ ചെയ്യാം ശരിയാകും എന്നാണ് ഡോക്ടർ പറഞ്ഞത് എങ്കിലും ഉറപ്പില്ലെന്ന് എല്ലാവർക്കും മനസിലായി തുടങ്ങി. ആയുസ്സ് നീട്ടികിട്ടുംഎന്നല്ലാതെ ബാക്കിയൊന്നും ഉറപ്പില്ലായിരുന്നെന്ന് തോന്നുന്നു.

അത് അവൾക്കും മനസിലായി, അതുകൊണ്ടാണ് അവളിങ്ങനെ വാശി പിടിക്കുന്നത്.

എങ്ങനെ എങ്കിലും ഏട്ടൻ അവൾക്കായ് അവനെ തേടി കൊണ്ടുവരുമെന്ന് അവൾക്കുറപ്പായിരുന്നു.

കിച്ചു സന്ദീപിനോട് ചോദിച്ചു, അഭിയെ കൂട്ടീട്ട് വരാൻ കഴിയില്ലേ ഏട്ടാ… സന്ദീപ് ചിന്തയിലാണ്ടു, കുറച്ചു ദിവസമായി അഭിയുടെ ഫോൺ ഓഫാണ്. മീര ഹോസ്പിറ്റലിൽ ആയതു പ്പോലും അവനറിയില്ല അറിഞ്ഞിരുന്നേൽ വന്നേനെ.

ഒടുവിൽ സന്ദീപ് അഭിയെ അന്വേഷിച്ചു ഇറങ്ങി. അവസാനം വിളിച്ചപ്പോൾ കൊടുത്ത അഡ്രസ് തേടി, കണ്ടെത്തി. കാര്യങ്ങൾ അറിഞ്ഞപ്പോൾ അഭി ആകെ വല്ലാതായി…

അവൻ വന്നു അവളുടെ അടുത്തേക്ക്. അവൾ മയക്കത്തിലാണെന്ന് കരുതി അഭി അവൾക്കരുകിൽ കസേരയിൽ ഇരുന്നു, അവളുടെ കൈ എടുത്തു തന്റെ കൈ ചേർത്ത് വെച്ചു.

അവൾ പതുക്കെ കണ്ണ് തുറന്നു. അവനെ കണ്ടതും മുഖം തിരിച്ചു. അവൾ പിണക്കത്തിലാണ്. അവനൊന്നു ചിരിച്ചു.

അവൾ അവനെ നോക്കി. അഭി അവളോട് ചോദിച്ചു, ഇനിയും പിണക്കം തീർന്നില്ലേ പെണ്ണെ…

അതുകേട്ടു അവൾ അവനെ നോക്കി. അവനോട് അടുത്ത് വന്നു കിടക്കാൻ ആവശ്യപെട്ടു. അവനൊന്നു ഞെട്ടി കിച്ചുവിനെയും സന്ദീപ് നെയും നോക്കി..

അവൾക്ക് അറിയാം അവരവിടെ ഉണ്ടെന്ന്. കിച്ചു തെറ്റിദ്ധരിക്കുമെന്ന് അഭിയ്ക്ക് മനസിലായി. എല്ലാവരും പരസ്പരം നോക്കി. കിച്ചുവും സന്ദീപും മുറിയിൽ നിന്നും പുറത്തിറങ്ങി.

അഭി എന്തുചെയ്യണമെന്ന് അറിയാതെ നിന്നു. അവൾ അവനെ അരികിലേക്ക് വിളിച്ചു…

തന്റെ കൂടെ അരികിൽ കിടക്കാൻ ഒന്നുടെ ആവശ്യപെട്ടു. അഭി അവളെ നോക്കി, അവൾ തന്റെ മുടി തലയിണയിലേക്ക് വിരിച്ചു ഇട്ടിരിക്കുന്നു..
അവൻ സംശയത്തോടെ അവളെ നോക്കി..

അവൾ പറഞ്ഞു. ഒരിക്കൽ എന്നോട് നീ പറഞ്ഞിരുന്നു.. എന്റെ മുടിയെ കുറിച്ച്. ഓർക്കുന്നുണ്ടോ…

അഭി ആ ഓർമ്മകളിലേക്ക്പ്പോയി…
അന്നൊരിക്കൽ മീര മുടി വിരിച്ചു വന്നിരുന്നു, കറുത്തു നീണ്ടു നിതംബം വരെ നിറഞ്ഞു നിൽക്കുന്ന മുടി.

അന്നവളുടെ മുടി നല്ല സോഫ്റ്റ്‌ ആയിരുന്നത് താൻ ശ്രദ്ധിച്ചു. അന്നവൻ പറഞ്ഞിരുന്നു. നിന്റെ മുടി ഇത്രയും സോഫ്റ്റ്‌ ആണേൽ അതിൽ മുഖം ചേർത്ത് കിടക്കാൻ നല്ല രസമായിരിക്കുമെന്ന്..

അന്നവൾ ദേഷ്യപെട്ടു, കണ്ട പൈങ്കിളി കഥകൾ വായിച്ചിട്ട് ന്നോട് കിണിക്കല്ലേ, താടിക്ക് തട്ടും ഞാൻ എന്നൊരു ഡയലോഗും.

അവനത് ഓർത്തു ചിരിച്ചു. അവളെ നോക്കി.. അവൾ പറഞ്ഞു.. അതിനാ ഇവിടെ വന്നു കിടന്നോ…

അവൻ ഒന്നും പറയാതെ അവളുടെ അരികിൽ കിടന്നു.. കഷ്ടിച്ച് കിടക്കാം എന്നെ ഉള്ളു.. എങ്കിലും അവൻ കിടന്നു. കണ്ണാടി വെച്ച വാതിലിലൂടെ കിച്ചു ഇതെല്ലാം കാണുന്നുണ്ടായിരുന്നു…

സഹിച്ചില്ല അവനു. എങ്കിലുംമീരയുടെ ആഗ്രഹം ആയതു കൊണ്ട് മിണ്ടാതെ ഇരുന്നു.. അവിടെ നിന്നും മാറി, അവന്നത് നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല.

അഭി അവളുടെ അരികിൽ കിടന്നു അവളോട് ചോദിച്ചു. ഈ ഒരു അവസ്ഥയിലും എന്നെ കുറിച്ചാണോ നീ ചിന്തിക്കുന്നേ.

നിനക്ക് വട്ടാണോ. അവളൊന്നു ചിരിച്ചു.. നീയെനിക്ക് എല്ലാമാണ്. മറ്റുള്ളവർ കരുതുന്നത് പോലെ അങ്ങനെ നിന്നെ വിട്ടു കളയാൻ എനിക്കാവില്ല. മറക്കാനുമാവില്ല.

നിന്നെ എനിക്ക് മിസ് ചെയ്യാൻ കഴിയില്ല എന്നിട്ടും ഇത്രയും കാലം ഞാൻ മിണ്ടാതെ ഇരുന്നത്. നിന്റെ മനസ്സ് അറിയാവുന്നത് കൊണ്ടാ. ഇപ്പോ ഞാൻ കീമോയ്ക്ക് സമ്മതിച്ചാൽ ഇനിയെന്റെ തലയിൽ മുടി ഉണ്ടാവില്ല..

മാത്രമോ ഞാൻ ജീവനോടെ തിരിച്ചു വരുമെന്ന് ഉറപ്പണോ… ഇല്ല.. അങ്ങനെ ആവുമ്പോൾ നിന്റെ ആഗ്രഹം എങ്ങനെ സാധിക്കും. അത് എനിക്കും വിഷമമല്ലേ..

നിന്റെ സന്തോഷമല്ലേ ചെക്കാ എന്റെയും സന്തോഷം. അപ്പോ ഞാൻ എന്റെ സന്തോഷത്തിനല്ലേ ഇതൊക്കെ ചെയ്യുന്നത്.

അവൻ അതുകേട്ടു അവളെ തന്നെ നോക്കി. ശരിക്കും ആരാ നീയെനിക്ക് അവൻ ചിന്തിച്ചു. അവൻ അവളുടെ മുടിയിൽ മുഖം ചേർത്ത് വെച്ച് കിടന്നു. അവൾ അവനെ പതുക്കെ തഴുകികൊണ്ടിരുന്നു.

അവളുടെ കണ്ണുകൾ ക്ഷീണംകൊണ്ട് അടഞ്ഞു. ആ സമയത്തു കിച്ചു അവിടേക്ക് വന്നു. അവൾ ഉറങ്ങിയെന്നു മനസിലായ അഭി എഴുന്നേറ്റു. കിച്ചുവിനെ നോക്കി ക്ഷമ പറഞ്ഞു.

അവർക്കിടയിലേക്ക് സന്ദീപ് വന്നു. അവൻ എല്ലാം കിച്ചുവിനോട് പറഞ്ഞിരുന്നു… ഇനിയവൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്, അവർ മൂന്നു പേരും, കൂടെ അവരുടെ കുടുംബവും….

Leave a Reply

Your email address will not be published. Required fields are marked *