അവൻ അലോഷി ഇപ്പോൾ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തിയിട്ടുണ്ടാകും, കരച്ചിലിനിടയിലും അവൾ..

വിഷാദമേഘങ്ങൾ പെയ്തൊഴിയുമ്പോൾ
(രചന: Remya Vijeesh )

“അലീന റിയലി ഐ ലവ് യൂ “….. അലോഷിയുടെ വാക്കുകൾ അവളിൽ അലയടിച്ചു കൊണ്ടിരുന്നു…. ഓർമ്മകൾ എല്ലാം തന്റെ ദൈർഖ്യമേറിയ യാത്രയെ വല്ലാതെ അലോസരമാക്കുന്നുണ്ട്…. വേദനിപ്പിക്കുന്നുണ്ട്…

പണ്ടൊക്കെ സൈഡ് സീറ്റിൽ ഇരുന്നുള്ള ബസ്‌ യാത്ര ഏറെ ആസ്വദിച്ചിരുന്നു… ഇതിപ്പോൾ ജീവിതം ഏതു വഴിക്കെന്നുപോലും അറിയാത്ത യാത്രയിൽ എങ്ങനെ കാഴ്ചകളെ ആസ്വദിക്കാനാകും……

അവൾ തന്റെ തൊട്ടടുത്തുള്ള യാത്രക്കാരെയൊക്കെ വെറുതെ നോക്കി… എല്ലാവരും മൊബൈൽ ഫോണിന്റെ  പിടിയിൽ അമർന്നിരിയ്ക്കുന്നു.

ബസ്‌ ഡ്രൈവറും താനും മാത്രമാണെന്ന് തോന്നുന്നു തല ഉയർത്തി ഇരിയ്ക്കുന്നവർ… ഏതു നിമിഷവും അലോഷിയുടെ കാൾ തന്നെ തേടിയെത്തും… അതുകൊണ്ടു അതു ഓഫ്‌ ചെയ്തു വച്ചു….

പ്രകൃതി ഒരുക്കിയിരിയ്ക്കുന്ന വശ്യ സുന്ദരമായ കാഴ്ചകൾ….. കുന്നും മലകളും തനിയ്‌ക്കൊപ്പം നീങ്ങുന്നു…

വെയിൽ മങ്ങിയും തെളിഞ്ഞും… അവയൊക്കെ എത്ര ഭംഗിയായി നിൽക്കുന്നു…. പഴമയുടെ ഭംഗിയോതുന്ന കൊച്ചു വീടുകൾ… നിറയെ പൂക്കൾ… മലഞ്ചെരുവുകളിൽ അങ്ങിങ്ങായി പൂത്തുലഞ്ഞു നിൽക്കുന്ന ഗുൽമോഹർ….

അതു കാണുമ്പോൾ ഉള്ളിൽ ഒരു വല്ലാത്ത പിടച്ചിൽ… എന്തിനാണ് ഗുൽമോഹർ നീയിത്ര പൂക്കൾക്കു ജന്മം നൽകുന്നത്…. പ്രണയത്തിന്റെ…. പ്രണയനഷ്ടങ്ങളുടെ സൗധങ്ങൾ തീർക്കുന്നത്…. മനസ്സിന്റെ തീവ്രമായ വേദനയിലും ചെമ്പട്ടണിഞ്ഞ നീയൊരു പ്രഹേളിക തന്നെ…

ഇപ്പോൾ അലോഷി തന്നെ തിരയുന്നുണ്ടാവും… നാളെ അവൻ എന്റെ ആരുമല്ലാതാകുന്ന ദിവസം ആണല്ലോ…. വയ്യാ അവൻ മറ്റൊരാളുടെതാകുന്നത് കണ്ടു നിൽക്കുവാൻ വയ്യാ….

ഒരു അനാഥ പെണ്ണായ താൻ ഒരിക്കലും അലോഷിയെപ്പോലെ സാമ്പത്തിക ഭദ്രതയുള്ള നല്ല കുടുംബത്തിൽ പിറന്ന ചെറുക്കനെ മോഹിക്കരുതായിരുന്നു… എങ്കിലും പ്രണയത്തിന്റെ വിത്തുകൾ മുളയ്ക്കുമ്പോൾ അതു പണക്കാരനെന്നോ പാവപ്പെട്ടവനോ എന്നൊന്നും നോക്കിയല്ലല്ലോ….

പറയാതെ അറിയാതെ ഇഷ്ടപ്പെട്ടു ഒരു മനസ്സും ഇരു ശരീരവുമായി മാറിയവർ…. അനാഥപെണ്ണിനെ സ്നേഹിക്കുന്ന വിവരം അറിഞ്ഞത് മുതൽ അവന്റെ അമ്മച്ചി അവനോട് മിണ്ടിയിട്ടില്ല ത്രേ… അതിനവരെ കുറ്റം പറയാൻ പറ്റുമോ…

ഏതു മാതാ പിതാക്കളും മക്കളെ എത്ര പ്രതീക്ഷയോടെ ആണ് വളർത്തുന്നത്… എങ്കിലും അലോഷി…

അവൻ തനിയ്‌ക്കൊപ്പം നിന്നു… നാളെ പള്ളിയിൽ മിന്നു കെട്ടിന് മുൻപേ എങ്ങോട്ടെങ്കിലും ഇറങ്ങി ചെല്ലാൻ അവൻ നിരന്തരം നിർബന്ധിച്ചു… എന്നാലും ആ അമ്മയുടെ കണ്ണീർ… അതു കണ്ടില്ലന്നു വയ്ക്കാൻ പറ്റുമോ…..

എന്റെ മാതാപിതാക്കൾ ആരെന്നോ എവിടെ ഉണ്ടെന്നോ ഒന്നും അറിയില്ല… എങ്കിലും താൻ അവരെ വല്ലാതെ സ്നേഹിക്കുന്നുണ്ട്….

റാഹേൽ അച്ഛനെ ഒന്നു കാണണം….എല്ലാം ഏറ്റു പറഞ്ഞോന്നു കരയണം… ആ കൈകളിൽ എന്നെ കോരിയെടുത്ത കഥകൾ ഒക്കെ നിറയെ കേട്ടിരിക്കുന്നു….

ബസിലെ യാത്രക്കാർ എല്ലാം ഒഴിഞ്ഞിരിയ്ക്കുന്നു.. ഇപ്പോൾ താൻ മാത്രം…. കണ്ടക്റ്റർ ഒരു മൂളിപ്പാട്ടും പാടി തന്റെ തൊട്ടടുത്തുള്ള സീറ്റിൽ വന്നിരിക്കുന്നു…. വാച്ചിൽ സമയം നോക്കി… നേരം 5 മണിയോടടുക്കുന്നു…

“പെങ്ങളെ തൊട്ടടുത്തുള്ള സ്റ്റോപ്പ്‌ ആണ് നിങ്ങൾക്കിറങ്ങേണ്ടത്.. ഇവിടെ നിങ്ങൾ ആരെ കാണുവാൻ പോവുകയാണ് ” കണ്ടക്ടർ അവളോടായി ചോദിച്ചു..

“ഇവിടെ അടുത്തൊരു കോൺവെന്റ് ഇല്ലേ.. എനിക്കവിടെക്കാണ്‌ പോകേണ്ടത് “

“ഓഹ് റാഹേൽ അച്ഛനെ കാണുവാൻ ആകും അല്ലെ ” അവൾ മെല്ലെ ചിരിച്ചു കൊണ്ടു തലയാട്ടി…

“അവിടെ ഇറങ്ങി ഓട്ടോയിൽ പോണം… കുറച്ചു ദൂരം നടക്കാനുണ്ട് “അയാൾ പറഞ്ഞു തീർന്നതും ബസ്‌ സ്റ്റോപ്പിൽ എത്തിയിരുന്നു…

അയാളെ നോക്കി മെല്ലെ തലയാട്ടികൊണ്ടവളും പുറത്തിറങ്ങി…. ഓട്ടോയിൽ നേരെ സ്ഥലത്തെത്തി….

സമയം 6 മണി… ഇന്നിനി അച്ഛനെ കണ്ടു സംസാരിക്കാൻ പറ്റുമോ… അവൾ ശങ്കിച്ചു നിൽക്കുമ്പോൾ “അലീനകുഞ്ഞേ “എന്നു ആരോ വിളിക്കുന്നത് പോലെ തോന്നി…

” ജാൻസി ചേച്ചി “അവൾ ഓടിച്ചെന്നു അവരെ കെട്ടിപിടിച്ചു……”ഞാൻ ജാൻസി ചേച്ചിയെ ഇവിടെ തീരെ പ്രതീക്ഷിച്ചതേയില്ല…. അവൾ അങ്ങനെ നിന്നുകൊണ്ട് തന്നെ പറഞ്ഞു..

“എല്ലാം ഒരു നിയോഗമാണ് മോളെ “

“എന്തായാലും ജാൻസി ചേച്ചിയെ കർത്താവായിട്ടു മുന്നിൽ കൊണ്ടു വന്നു നിർത്തിയതാ ” അവൾ വിങ്ങി വിങ്ങി ക്കരഞ്ഞു… അനാഥാലയത്തിൽ തനിയ്‌ക്കൊപ്പം വളർന്ന ജാൻസി അവൾക്കെല്ലാമായിരുന്നു…. ടീച്ചർ ആയി ഉദ്യോഗം നേടിയ ജാൻസി കല്യാണം ഒക്കെ കഴിച്ചു സുഖമായി ജീവിക്കുന്നു…

“നീ വന്നേ എനിക്കൊരുപാട് സംസാരിക്കാൻ ഉണ്ട്… നമ്മുടെ പഴയ മുറി തന്നെ ഞാൻ റെഡി ആക്കിയിട്ടുണ്ട്. അച്ഛനെ നമുക്ക് നാളെ കാണാം… “

അലീനയുടെ ദുഃഖങ്ങൾ അണപൊട്ടിയൊഴുകിയ രാത്രി ആയിരുന്നു അതു…. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ജാൻസി അവളുടെ ചുമലിൽ മെല്ലെ കൈകൾ അമർത്തി…. “നീയാണ് ശരി….

നീ മാത്രമാണ് അലീന ശരി…. എന്നെങ്കിലും ഒക്കെ നിന്നെ അനാഥ എന്ന വാക്കു വീണ്ടും വേദനിപ്പിച്ചേക്കാം…. നിന്നെ കർത്താവു കാക്കും തീർച്ച… “ജാൻസി അവളുടെ നെറ്റിയിൽ ഉമ്മ വച്ചു…

നേരം പുലർന്നപ്പോൾ അവരൊരുമിച്ചു പള്ളിയിൽ പോയി… തന്റെ ദുഃഖം പെരുമഴയായി പെയ്തു തോരുന്നതവൾ അറിഞ്ഞു… അവൻ അലോഷി….. ഇപ്പോൾ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തിയിട്ടുണ്ടാകും…. കരച്ചിലിനിടയിലും അവൾ ഒന്നു വെറുതെ ചിരിച്ചു….

“അലീന “റാഹേലച്ചന്റെ ശബ്ദം അവളെ ചിന്തകളിൽ നിന്നും ഉണർത്തി….. അവൾ ഓടിച്ചെന്നു അദ്ദേഹത്തെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു….

“എല്ലാം അറിഞ്ഞു മോളെ…. എല്ലാം ദൈവനിയോഗം….സഹിക്കുക… പ്രാർത്ഥിക്കുക… നമുക്ക് കുറച്ചു പുതിയ അന്തേവാസികൾ എത്തിയിട്ടുണ്ട്… കാണണ്ടേ അവരെ “

ജാൻസിക്കും റാഹേൽ അച്ഛനും ഒപ്പം അവളും നടന്നു നീങ്ങി…. അവിടെ പ്രായം ചെന്ന ഒരു സ്ത്രീയുടെ അടുത്തേക്കാണ് അവർ എത്തിയത്…. മാനസിക വൈകല്യം ഉള്ള അവർ എന്തൊക്കെയോ പുലമ്പുന്നുണ്ട്….

അച്ഛൻ അവരെ “ട്രീസ “എന്നു പേര് വിളിക്കുന്നത് കെട്ടു…

അലീന  ജാൻസിയുടെ കൈയിൽ മുറുകെ പിടിച്ചു….

“അലീന നീ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച നിന്റെ അമ്മ ആണിത്…. ട്രീസ യാദൃശ്ച്ചികമായി ഇവിടേയ്ക്ക് എത്തുക ആയിരുന്നു…. ട്രീസ ആണ് നിന്റെ അമ്മയെന്ന് നേരത്തെ തന്നെ ഞാൻ അറിഞ്ഞതാണ്… ഇനി അതൊക്കെയും കഴിഞ്ഞകഥകൾ…

നീ ഭാഗ്യവതിയാണ്…. നീ അനാഥയല്ല…. ഇനി ട്രീസയെ നമുക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരണം… അതിനു നിന്റെ സ്നേഹവും പരിചരണവും ഒക്കെ ആവശ്യമാണ്… എന്നിട്ട് നീ ഈ ലോകത്തോട് വിളിച്ചു പറയണം ഞാൻ അനാഥയല്ല എന്ന്…. “

ചുറ്റും നടക്കുന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഏറെ സമയമെടുത്തു അലീനക്കു.. അപ്പോൾ അവളുടെ മനസ്സിൽ പ്രണയവും പ്രണയ നഷ്ടവും ഒന്നുമുണ്ടായിരുന്നില്ല….

അവളുടെ അമ്മയോടുള്ള അടങ്ങാത്ത പ്രണയം അവളിൽ നാമ്പെടുത്തിരുന്നു…… അവൾ ട്രീസയെ കെട്ടിപിടിച്ചു അലറിക്കരഞ്ഞു…

“ആഹാ അമ്മയും മോളും തിരിച്ചറിഞ്ഞ നിമിഷം എനിക്കൊന്നു കാണാൻ പറ്റിയില്ല ല്ലോ ” ഒരു ചെറുപ്പക്കാരന്റെ ശബ്ദം കേട്ടു അവൾ കണ്ണുകൾ തുടച്ചു കൊണ്ടു മെല്ലെ എണീറ്റു..

“ട്രീസയെ പരിശോധിക്കുന്ന ഡോക്ടർ ആണ്” റാഹേൽ അച്ഛൻ പുഞ്ചിരിച്ചുകൊണ്ടു മെല്ലെ പ്പറഞ്ഞു…

“അലീന ഇതു ജോസ് കുട്ടി… എന്റെ ഭർത്താവിന്റെ അനിയൻ…. നിനക്കായി കാത്തിരിക്കുന്ന മറ്റൊരു വിസ്മയം “

അവൾ അമ്പരപ്പോടെ ജാൻസിയെ നോക്കി….. “എല്ലാം ഉൾക്കൊള്ളാനും മനസ്സിലാക്കാനും മറക്കാനും നിനക്കു വർഷങ്ങൾ വേണ്ടി വന്നേക്കുമെന്നു ഞങ്ങൾക്കറിയാം അലീന….

അതു വരെ കാത്തിരിക്കാൻ അവനു സമ്മതം ആണ്… സ്നേഹിക്കുന്നവരുടെ നല്ലതിന് വേണ്ടി നമ്മൾ ചിലതൊക്കെ വിട്ടു കൊടുക്കുമ്പോൾ അതിലും വിലപ്പെട്ടത് നമ്മെ തേടി വരും”

അപ്പോൾ അലീനയിൽ തന്റെ വിഷാദമേഘങ്ങൾ പെയ്തൊഴിഞ്ഞു പോയ്‌കൊണ്ടിരുന്നു………

Leave a Reply

Your email address will not be published.