കിടപ്പറയിൽ പോലും അവൾ വേർതിരിവ് കാണിക്കുന്നു, ഇപ്പോൾ കട്ടിലിനു താഴെയാണ് അവളുടെ ഉറക്കം..

അവൾ പറയാതെ പോയത്
(രചന: രാവണന്റെ സീത)

കുറച്ചു ദിവസമായി വിശാൽ അപർണയെ ശ്രദ്ധിക്കുന്നു .. എന്തോ സംഭവിച്ചിട്ടുണ്ട് അവൾക്ക് , മിണ്ടാട്ടം കുറവാണ് , പഴയ സ്നേഹം ഒന്നും കാണുന്നില്ല..

എല്ലാവരോടും വഴക്കിടുന്നു , മക്കളെ പോലും ശരിക്കും ശ്രദ്ധിക്കുന്നില്ല .. കിടപ്പറയിൽ പോലും അവൾ വേർതിരിവ് കാണിക്കുന്നു, ഇപ്പോൾ കട്ടിലിനു താഴെയാണ് അവളുടെ ഉറക്കം,..

ചോദിക്കാൻ പോയാൽ ഉത്തരം തരില്ല.. വഴക്കാവുകയും ചെയ്യും  അതുകൊണ്ട് വിശാൽ ഒന്നും പറഞ്ഞില്ല.  അവൾക്ക് തോന്നുമ്പോൾ പറയുമെന്ന് കരുതി ….,

പക്ഷെ നേരത്തെ തന്നെ കാര്യം ചോദിച്ചു മനസ്സിലാക്കേണ്ടതായിരുന്നു എന്ന് അയാൾക്ക് തോന്നിയത് അവൾ ഒരു കത്തെഴുതി വെച്ചിട്ട് ആരോടും പറയാതെ രാത്രിയിൽ ഇറങ്ങി പോയപ്പോഴായിരുന്നു ..

കത്ത് ഇപ്രകാരം ആയിരുന്നു  “എന്നോട് എല്ലാവരും ക്ഷമിക്കണം കുറച്ചു മാസങ്ങളായി എന്നോട് ഒരാൾക്ക് പ്രണയം ആണ്  ഇതുവരെ ഞാൻ പറയാതെ ഇരുന്നത് നിങ്ങളെ ഓർത്താണ് ..

ഏട്ടനെയും കുഞ്ഞുങ്ങളെയും എനിക്ക് ജീവനാണ്… നിങ്ങളെ വിട്ടൊരു  ജീവിതം എനിക്കില്ലെന്ന് ഞാൻ കരുതി ..

പക്ഷെ എന്റെ കാമുകനെ ചതിക്കാനും എനിക്ക് കഴിയില്ല… അയാൾ അത്രയ്ക്ക് എന്നുള്ളിൽ നിറഞ്ഞു നിൽക്കുകയാണ്, എന്റെ ശരീരം ഞാനറിയാതെ തന്നെ എന്റെ കാമുകന് കൊടുത്തു …. ഇനി നിങ്ങളെ വിഷമിപ്പിച്ചു ഞാനും വിഷമിച്ചു ഒന്നിച്ചൊരു ജീവിതം ശരിയാവില്ല….

ആരെയും ചതിക്കാൻ എനിക്ക് വയ്യ  ഞാൻ എന്റെ കാമുകന്റെ കൂടെ പോകുന്നു ഞങ്ങളെ അന്വേഷിക്കേണ്ട .. ഞാൻ പോയാലും ഏട്ടൻ , നമ്മുടെ മക്കളെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ കല്യാണം കഴിക്കണം , സ്വന്തം അമ്മയേക്കാൾ ഒന്നും വലുതല്ല എന്നറിയാം  , എങ്കിലും ഞങ്ങളോട് ക്ഷമിക്കുക …”

ആണ് കത്ത് വായിച്ചു അയാൾ നെഞ്ചിൽ കൈ വെച്ച് ഇരുന്നു ..പക്ഷെ ആരോടും പറഞ്ഞില്ല  അവൾ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയതാണെന്ന് മാത്രം പറഞ്ഞു…..

വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ .. പിന്നെ ബാക്കി എല്ലാം എല്ലാവരും അറിയുമ്പോൾ അറിഞ്ഞോളും … അവളെ അത്രക്ക് സ്നേഹിക്കുന്നുണ്ടായാൾ ,,

അപർണ … അവൾ വീട്ടിൽ നിന്നും വളരെ കുറച്ചു പണം മാത്രം എടുത്തു , രാത്രിയിൽ മുറിയിൽ സുഖമായി കിടന്നുറങ്ങുന്ന മക്കളുടെ നെറ്റിയിൽ ഓരോ മുത്തം കൊടുത്തു …

വിശാൽ നെ നോക്കി …. എന്നോട് ക്ഷമിക്ക് ചേട്ടാ എനിക്കിതല്ലാതെ വേറെ വഴിയില്ല  എന്ന് പറഞ്ഞു അയാളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു .. പതുക്കെ വീട്ടിൽ നിന്നിറങ്ങി …

അവൾ പോകുന്നത് കുറച്ചു ദൂരെയുള്ള ഒരു ഗ്രാമത്തിലേക്കാണ് … അവിടെ ആണ് അവളുടെ പ്രിയപ്പെട്ട ഫേസ്ബുക് സുഹൃത്ത്‌ കിരണിന്റെ വീട് …അവനു അവളെ വളരെ ഇഷ്ടമായിരുന്നു ….

പ്രണയം എന്ന് പറയാൻ കഴിയില്ലെങ്കിലും അതിനോളം….. അവനു ഒരു ചെറിയ ജോലി ഉണ്ട് .. അവളെക്കാൾ ചെറിയവൻ ആണ് … അവൻ അവളിൽ കണ്ടത് പെണ്ണിന്റെ എല്ലാ രൂപവും ആയിരുന്നു …. അമ്മയായി സഹോദരിയായി കൂട്ടുകാരിയായി കാമുകിയായി …

എല്ലാം ….അവനവിടെ കുടുംബത്തോടൊപ്പം ആണ് താമസം ..അമ്മയില്ല അവനു, അപർണ , കിരണിന് അപ്പു ആണ് , അവന്റെ മാത്രം അപ്പു .അവൾക്ക് കിരൺ കിച്ചുവും ..

രാവിലെ വരെ അടുത്തുള്ള അമ്പലത്തിൽ കഴിച്ചു കൂട്ടി , അവിടുന്ന് അവന്റെ വീട്ടിൽ എത്തി, രാവിലെ അവളെ കണ്ടതും അവൻ വാ പൊളിച്ചു നിന്നു .. അവന്റെ വീട്ടുകാർ  രണ്ടുപേരെയും മാറിമാറി നോക്കി  അവൻ നോക്കുന്നത് കണ്ടു അപർണ പറഞ്ഞു, ഞാൻ കിരണിന്റെ ഫ്രണ്ട് ആണ് ..കുറച്ചു ദൂരെ നിന്നാണ് ..

വീട്ടിലേക്ക് പോകുന്ന വഴി ഒന്ന് കേറിയതാ ,വീട്ടിൽ ആരുമില്ല, എല്ലാവരും കുടുംബക്ഷേത്രത്തിൽ പോയി എന്ന് പറഞ്ഞു ..അപ്പൊ ഇന്നിവിടെ നിൽക്കാമെന്ന് കരുതി നാളെ അവരൊക്കെ എത്തും  ഞാൻ പൊക്കോളാം….

ഇതുകേട്ട അവർ അവളെ സന്തോഷത്തോടെ വീട്ടിനുള്ളിലേക്ക് കൂട്ടീട്ട് പോയി … കിരൺ ഒന്നും മനസ്സിലാവാതെ വാ തുറന്ന പടിയെ അങ്ങനെ തന്നെ നിൽക്കുന്നുണ്ടായിരുന്നു …

ഒന്ന് കുളിച്ചു അടുക്കളയിൽ കയറി  അപ്പു , കിരണിന് ഇഷ്ടമുള്ള ഇഡ്ഡലി, നാളികേര ചട്ണി ഉണ്ടാക്കി… കൂടെ അവൾ ഇടയ്ക്കിടെ അവനെ ഫോട്ടോ അയച്ചു കൊതിപ്പിക്കുന്ന ചുവന്നു  മൊരിച്ചെടുത്ത ദോശയും പിന്നെ മുളക് ചട്ണിയും …..

കിരണിന് സന്തോഷമായി, പക്ഷെ അപ്പുവിന്റെ വരവിനെ കുറിച്ച് അവനു സംശയം തോന്നി …അന്ന് കിരൺ ജോലിക്ക് പോയില്ല, അപ്പുവിനോട് സംസാരിച്ചു , അവൾ പറഞ്ഞു … ഇന്ന് മുഴുവൻ നിന്റെ കൂടെ ഇരിക്കണം എനിക്ക് ….

അതിനു വേണ്ടി കിരൺ അപർണയെ കൂട്ടി നാടുചുറ്റാൻ പോയി …പലയിടങ്ങളിലും അവർ കമിതാക്കളെ പോലെ ചുറ്റി നടന്നു… രാത്രിയായി ..വീട്ടുകാർ വരാൻ കുറച്ചു കൂടെ വൈകും എന്ന് പറഞ്ഞു അപർണ മറ്റുള്ളവരെ വിശ്വസിപ്പിച്ചു …

കിരൺ മാത്രം അത് വിശ്വസിച്ചില്ല  എങ്കിലും അവൻ കൂടുതൽ ഒന്നും ചോദിച്ചില്ല…. എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന് തോന്നിയെങ്കിലും അവൾ പറഞ്ഞിരുന്നു…. ഒരു ദിവസമെങ്കിലും നിന്റെ കൂടെ ജീവിക്കണമെന്ന് ആഗ്രഹം ഉണ്ടെന്ന്,

എങ്കിലും കിരണിന് ഒരു പേടി തോന്നി…. എന്തായിരിക്കും അവളുടെ ഉദ്ദേശം ….

രാത്രിയിൽ എല്ലാവരും കിടന്നു , അവൾക്ക് ഉറക്കം വന്നില്ല … പതുക്കെ കിരണിന്റെ റൂമിലേക്ക് നടന്നു ..അവനും ഉറങ്ങിയിരുന്നില്ല … അവളെ അവൻ പ്രതീക്ഷിച്ചിരുന്നുവോ ….

അവൾ അകത്തേക്ക് കടന്ന് അവന്റെ കട്ടിലിൽ ഇരുന്നു  അവൻ എഴുന്നേൽക്കാതെ ചോദിച്ചു  എന്തുപറ്റി അപ്പു … പെട്ടന്ന് ഇങ്ങനെ ഒരു വരവ് .. എന്താ ഉദ്ദേശം… എനിക്ക് മനസ്സിലാവുന്നില്ല .. എന്റെ ഇഷ്ടം പറഞ്ഞപ്പോൾ പോലും , കുടുംബത്തെ അല്ലാതെ വേറെ ഒന്നും സ്നേഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ആളല്ലേ ..പിന്നെന്തിനു എന്നെ തേടി വന്നു …

അപർണ അവനെ തന്നെ നോക്കി നിന്നു .അവൾ പറഞ്ഞു  കിച്ചു ഒരിക്കൽ പറഞ്ഞത് ഓർക്കുന്നുണ്ടോ … ഒരിക്കലെങ്കിലും നമ്മൾ ഒന്നിച്ചു ഒരു വീട്ടിൽ കഴിയണം എന്ന് , ഒരു സ്വപ്നം ആണെങ്കിൽ പോലും ….

ഇപ്പോൾ ഞാൻ വന്നത് കിച്ചുവിന് ബുദ്ധിമുട്ട് ആയെന്ന് മനസിലായി…. എന്റെ മുഖം മാത്രമല്ലെ നീ കണ്ടിട്ടുള്ളൂ … ശരീരം കണ്ടപ്പോൾ അറപ്പ് തോന്നുന്നുണ്ടോ രണ്ട് മക്കളുടെ അമ്മയായപ്പോൾ ഇടിഞ്ഞു തൂങ്ങുന്ന ഈ ശരീരത്തിനോട് ആർക്കും ഇഷ്ടം തോന്നില്ല… ഞാൻ തള്ള ആയിപ്പോയില്ലേ ..

അവളുടെ കണ്ണുകൾ നിറഞ്ഞു … അവൾ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവൻ അവളെ തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി .

എന്നിട്ട് പറഞ്ഞു  ഞാൻ സ്നേഹിച്ചത് നിങ്ങളുടെ മുഖമോ ശരീരമോ അല്ല… ഞാനെന്നും അത് ആഗ്രഹിച്ചിട്ടില്ല ..

എന്നെ കളങ്കമറ്റു  സ്നേഹിക്കാനുള്ള ഈ മനസ്സുണ്ടല്ലോ  അതേ ആഗ്രഹിച്ചുള്ളൂ ഞാൻ.. ഒരു ദിവസം മുഴുവൻ ഒരു വീട്ടിൽ താമസിക്കണം എന്ന് പറഞ്ഞത് ശരീരം പങ്കു വെക്കാനല്ല.. എന്റെ അമ്മയുടേത് പോലെ  ഈ മടിയിൽ തലചായ്ച് ഉറങ്ങാനാണ് … അമ്മയായ ആ സ്നേഹത്തിൽ അലിയാനാണ്….

അന്ന് രാത്രി മുഴുവൻ അവൻ അവളുടെ മടിയിൽ തലവെച്ചു ഉറങ്ങി .. അവൾ അവന്റെ മുടിയിൽ തലോടികൊണ്ടിരുന്നു ….

നേരം പുലരുന്നതിനു മുൻപ് തന്നെ അവൾ അവനെ വിളിച്ചുണർത്തി…. പോവുകയാണെന്ന് പറഞ്ഞു ….അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു അവൾ പോകുവാൻ തിരിഞ്ഞപ്പോൾ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചു അവൻ കുറച്ചു നേരം നിന്നു ..

അവൾ പതുക്കെ അവനെ വിടുവിച്ചു തിരിഞ്ഞു നോക്കാതെ ഇറങ്ങി… തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൻ കാണാതിരിക്കാൻ  ..

പിറ്റേന്ന് രാവിലെ അപർണയുടെ ഭർത്താവ് വിശാൽ ന്റെ ഫോണിലേക്ക് ഒരു കാൾ വന്നു .. അതിൽ പറഞ്ഞ അഡ്രസ് ലേക്ക് അയാൾ വേഗം പോയി …

മോർച്ചറിയിൽ നിന്നും കൊണ്ടുവന്ന ശരീരം അപര്ണയുടേതാണെന്ന് ഉറപ്പിച്ചു ഒപ്പിട്ടു കൊടുത്തു അയാൾ വീട്ടിലേക്ക് കൊണ്ടുവന്നു .. എല്ലാവരും വാവിട്ട് കരയുകയായിരുന്നു… വിശാൽ മാത്രം മുറിയിൽ കയറി ഇരുന്നു … കരയാൻ പോലും അയാൾക്ക് ശക്തി ഉണ്ടായിരുന്നില്ല ..

അപ്പോൾ അവിടേക്ക് ഒരാൾ കടന്ന് വന്നു . വക്കീൽ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ അയാൾ കാര്യങ്ങൾ പറഞ്ഞു തുടങ്ങി  ഞാൻ അപര്ണയുടെ സുഹൃത്തു കൂടിയാണ്  കാര്യങ്ങൾ എല്ലാം അവൾ പറഞ്ഞിട്ടുണ്ട് … സത്യം എന്താണെന്നാൽ അവൾക്ക് എ യ്ഡ്‌സ്  ആയിരുന്നു …

ആരോടും പറഞ്ഞില്ലെന്നു മാത്രം, ഒരു വലിയ ഹോസ്പിറ്റലിന്റെ ക്യാമ്പ് ഉണ്ടായിരുന്നു . അവിടെ ഒരു ടെസ്റ്റ്‌ ന് വേണ്ടി പോയതാണ്…. ഇ ൻജെ ക്ഷൻ ചെയ്തതിൽ പ്രശ്നം ആയതാണ് .. ആർക്ക് പറ്റിയ തെറ്റാണെന്ന് അറിയില്ല .. പക്ഷെ അവൾ തെറ്റ് ചെയ്തിട്ടില്ലെങ്കിലും ഈ സമൂഹം എപ്പോഴും അത് അംഗീകരിച്ചു തരില്ലെന്ന് ഉറപ്പാണല്ലോ …

നിങ്ങൾക്കും പ്രശ്നം ആവാതിരിക്കാൻ ആണ് ഇത് രഹസ്യമായി വെച്ചതും  നിങ്ങളിൽ നിന്ന് അകന്നതും.. മരണം പോലും നിങ്ങളെ അറിയിക്കരുതെന്ന് പറഞ്ഞിരുന്നു . പക്ഷെ ….
എല്ലാത്തിനും അവളുടെ കയ്യിൽ തെളിവ് ഉണ്ടായിരുന്നു .. ഹോസ്പിറ്റലിൽ നിന്നും വലിയൊരു തുക നഷ്ടപരിഹാരമായി കിട്ടി ..

സത്യം തുറന്നു പറയാതെ നിങ്ങൾക്കത് തരാൻ കഴിയില്ലെന്ന് ഉറപ്പായത് കൊണ്ടാണ് ഞാൻ അവൾക്ക് കൊടുത്ത വാക്ക് പാലിക്കാഞ്ഞത് . റിപ്പോർട്ടിൽ പോലും കാര്യങ്ങൾ പുറത്തു പോയിട്ടില്ല .. കുഞ്ഞുങ്ങളുടെ ഭാവി ഓർത്താണ്, .

അവൾക്ക് എന്നോടെങ്കിലും കാര്യം പറഞ്ഞു കൂടായിരുന്നോ വിശാൽ കരഞ്ഞു, അതുകേട്ടു അയാൾ പറഞ്ഞു ..

അവൾ അവസാനമായി പറഞ്ഞത്  എല്ലാം കഴിഞ്ഞു അവളുടെ ഡയറിയിൽ ഒരു നമ്പർ ഉണ്ട് അതിൽ വിളിച്ചു അവളുടെ മരണവാർത്ത പറയണമെന്നും വേറെ ആരെയും അറിയിക്കരുതെന്നും

അയാൾ പോയി കഴിഞ്ഞപ്പോൾ വിശാൽ അവളുടെ ഡയറി എടുത്തു നോക്കി  അവളുടെ ജീവനില്ലാത്ത ശരീരത്തിന്റെ കൂടെ ഉണ്ടായിരുന്ന ബാഗിൽ ഡയറി കിടപ്പുണ്ടായിരുന്നു…

അതിൽ അവസാനം എഴുതിയ പേജിൽ … കിച്ചു വിനെ കുറിച്ചായിരുന്നു … അവനെ കണ്ടത് …അവന്റെ നമ്പർ കിട്ടിയപ്പോൾ അയാൾ അവനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു…

അവളുടെ ശരീരം വീടിനു പുറത്തു വെച്ചു, അവളുടെ ഇഷ്ടം അതായിരുന്നു,ഒരിക്കൽ അവൾ തമാശയെന്നപോലെ പറഞ്ഞത്…. മുറ്റത്ത് വെച്ചേക്കണം എന്റെ ശരീരം .. അവിടെ ആണ് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സ്ഥലം..

കിച്ചു വന്നു, അവന്റെ മുഖം കല്ല് പോലെ ഉറച്ചിരുന്നു … എന്താണ് ഭാവമെന്ന് മനസ്സിലാവുന്നില്ല … വിശാൽ ന് ആളെ മനസ്സിലായി, പെട്ടന്ന് കിച്ചു അവളുടെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു നെറ്റിയിൽ ഉമ്മ വെച്ചു….

ഒരു പൊട്ടിക്കരച്ചിലോടെ അവൻ അവിടേക്ക് വീണു … കൂടിയിരുന്നവർക്ക് ഒന്നും മനസ്സിലായില്ല… ആരാണെന്നോ എന്താണെന്നോ ….

വിശാൽ വന്നു അവനെ എഴുന്നേൽപ്പിച്ചപ്പോൾ അവൻ ആ നെഞ്ചിലേക്ക് വീണു കരഞ്ഞു … എന്റെ അമ്മയാണ് ഏട്ടാ … എനിക്ക് രണ്ടാമതും നഷ്ടപ്പെട്ടു എന്റെ അമ്മയുടെ സ്നേഹം ..

അപ്പോൾ വിശാൽ നോക്കിയത് അമ്മയുടെ ശരീരം കണ്ടു കരഞ്ഞു തളർന്നിരിക്കുന്ന മക്കളുടെ മുഖത്താണ് …

Leave a Reply

Your email address will not be published. Required fields are marked *