നല്ലപാതി
(രചന: Raju Pk)
രണ്ടു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാളെ നാട്ടിലേക്ക്. സത്യം പറഞ്ഞാൽ ദിവസങ്ങളായി ഒന്നുറങ്ങിയിട്ട്.
ഹരിയും ഹരീഷും പ്രിയയും മാത്രമാണ് മനസ്സിൽ. എത്രയും പെട്ടെന്ന് വീട്ടിലെത്തണം എന്ന ചിന്ത മാത്രം. ഇരട്ടക്കുട്ടികളാണ് ഹരിയും ഹരീഷും പഠിക്കാൻ മിടുക്കരും…
രാത്രിയിൽ ആണ് ഫ്ലൈറ്റ് സാധാരണപോലെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നല്ലൊരു പാർട്ടിയും നൽകി ലഗേജ്ന്റെ തൂക്കം ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി.
പാസ്പോർട്ടും ടിക്കറ്റും പോക്കറ്റിൽ ഉണ്ടെന്ന് ഒരിക്കൽക്കൂടി ഉറപ്പുവരുത്തി എല്ലാവരോടും യാത്ര പറഞ്ഞു എയർപോർട്ടിലേക്ക് യാത്രയാകുമ്പോൾ മനസ്സ് ചെറു കുളിർകാറ്റിൽ പാറിപ്പറക്കുന്ന അപ്പൂപ്പൻതാടി പോലെ….
ആ സുഖം അതൊരു വല്ലാത്ത അനുഭൂതിയാണ്..
എയർപോർട്ടിലെത്തി ലഗേജ് തൂക്കുമ്പോൾ രണ്ടുകിലോ കൂടുതൽ. പറഞ്ഞുനോക്കി രണ്ടുകിലോ അല്ലേ ഒന്നു വിട്ടുകൂടെ.
തൊട്ടടുത്ത ക്യൂവിൽ നാലു കിലോ വരെ വിട്ടുവീഴ്ച ചെയ്യുന്ന നോർത്ത് ഇന്ത്യക്കാരൻ. മലയാളി ആണല്ലോ എന്ന് കരുതി ഈ വരിയിൽ തന്നെ കയറാൻ തോന്നിയ എന്നെ വേണം പറയാൻ.
മനസ്സിൽ അവനെ കുറെ ശാപവാക്കുകൾ പറഞ്ഞുകൊണ്ട് ഓരോ കിലോയ്ക്ക് പോലും ഞങ്ങൾ പണം അടക്കേണ്ടി വന്നു,ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും രണ്ടു കുപ്പി മ ദ്യവുമായി നേരെ ബോർഡിങ് ഏരിയയിൽ പോയി കസേരയിൽ ഇരിപ്പുറപ്പിച്ചു.
ഓരോരുത്തരുടെയും മുഖങ്ങളിൽ തെളിഞ്ഞുകാണാം മനസ്സിലെ സന്തോഷം. പുറത്തെ കൊടുംചൂട് പോലും ആരുടെയും കണ്ണുകളിലെ തിളക്കം കുറച്ചില്ല.
ബോർഡിങ് കഴിഞ്ഞ വിമാനത്തിലെ ഇരുപത്തി നാലാം നമ്പർ സീറ്റിൽ ഇരിക്കുമ്പോൾ എന്റെ തൊട്ടടുത്ത് കരഞ്ഞുകലങ്ങിയ മുഖവുമായി ഇരിക്കുന്ന ഒരു മധ്യവയസ്കൻ.
എല്ലാവരും മനസ്സ് നിറയെ സന്തോഷവും ആയി യാത്രചെയ്യുമ്പോൾ ഇദ്ദേഹം മാത്രം…?
പതിയെ അദ്ദേഹത്തിന്റെ തോളിൽ കൈകൾ അമർത്തിയശേഷം ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
”എന്താ പേര്”
ഒരാശ്വാസത്തിന് പോലെ എന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട്. അദ്ദേഹം പറഞ്ഞു ”ഹരി…
”അവളോട് ഞാൻ പറഞ്ഞതാ മോന് ഇപ്പോൾ ബൈക്ക് വാങ്ങി കൊടുക്കേണ്ടെന്ന്. വാങ്ങി കൊടുത്തിട്ട് മൂന്നുമാസം പോലും ആയില്ല.
ഇന്നലെ കോളേജിലേക്ക് എന്നും പറഞ്ഞു പോയത് മൂന്നാറിലേക്ക്. അവനും കൂട്ടുകാരും പോകുന്ന വഴി ഉണ്ടായ അപകടത്തിൽ എന്റെ മോനും കൂട്ടുകാരനും” ബാക്കി പറയാൻ കഴിയാതെ രണ്ടുകൈകളും നെറുകയിൽ വച്ച് അദ്ദേഹം പൊട്ടിക്കരഞ്ഞു കൂടെ ഞാനും…
എന്തു പറഞ്ഞു ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിക്കും ആശ്വാസവാക്കുകൾ ഒന്നും എന്റെ നാവിൻതുമ്പിൽ വന്നില്ല.
അല്ലെങ്കിലും വാക്കുകൾ കൊണ്ട് സാന്ത്വനം നൽകാൻ കഴിയുന്നതാണോ ഈ പിതാവിന്റെ വേദന. പൊട്ടി കരയട്ടെ അങ്ങനെയെങ്കിലും ആ സങ്കടം കുറെ ഒഴുകി തീരട്ടെ.
ചിത്രശലഭങ്ങളേപ്പോലെ പറന്നിറങ്ങുന്ന മേഘപാളികൾക്കിടയിലൂടെ ജന്മനാടിന്റെ പച്ചപ്പിലേക്ക് വിമാനം താഴ്ന്നിറങ്ങുമ്പോഴും യാത്രയിൽ കിട്ടിയ കൂട്ടുകാരനെ കുറിച്ചുള്ള നൊമ്പരം മനസ്സിൽ ബാക്കിയായി.
ലഗേജുകൾ ഒന്നും കരുതാതെയിരുന്ന അദ്ദേഹം കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പുറത്തേക്ക് നടന്നു.
എന്റെ ലഗേജുകളും എടുത്ത് പുറത്തേക്ക് നടക്കുമ്പോൾ എന്നെയും കാത്തു നിറഞ്ഞ പുഞ്ചിരിയുമായി നിൽക്കുന്ന പ്രിയയേയും മക്കളേയും കണ്ടു.
മനസ്സിലെ നൊമ്പരത്തെ ഞാൻ പതിയെ മറക്കാൻ ശ്രമിച്ചുകൊണ്ട് അവരോടൊപ്പം ചേർന്നു. ഓരോന്നും പറഞ്ഞ് വീടെത്തിയതറിഞ്ഞില്ല.
രാവിലെ തന്നെ മക്കളോടൊപ്പം പെരിയാറിന്റെ കുളിർമ്മയിലേക്ക് ഊളിയിട്ടിറങ്ങുമ്പോൾ മനസ്സുകൊണ്ട് ഞാൻ ഒരു ചെറിയ കുട്ടിയായി മാറി മനസ്സും ശരീരവും തണുത്തപ്പോഴും ഹരിയുടെ മുഖം മാത്രം മനസ്സിലൊരു വിങ്ങലായി തെളിഞ്ഞു നിന്നു…
രാത്രി ഭക്ഷണം കഴിക്കുമ്പോഴും മക്കളുടെ പ്രിയ കൂട്ടുകാരൻ ശരത്തിനെ ഇങ്ങോട്ട് കാണാതിരുന്നത് എന്നെ അസ്വസ്ഥനാക്കി. പലപ്പോഴും എന്നെ കൂട്ടുന്നതിനായി അവനും വരാറുള്ളതാണ്.
ഭക്ഷണവും കഴിഞ്ഞു മുറ്റത്തെ കസേരകളിൽ നേരിയനിലാവത്ത് തണുത്ത കാറ്റിൽ ആകാശത്തിലെ നക്ഷത്രങ്ങളെയും നോക്കി ഇരിക്കുമ്പോൾ ഞാൻ മക്കളോട് ചോദിച്ചു..
”എന്തുപറ്റി ശരത്തിന് ഇങ്ങോട്ട് കണ്ടതെ ഇല്ലല്ലോ നിങ്ങൾ തമ്മിൽ എന്തെങ്കിലും..?
”വഴക്ക് ഒന്നും ഇല്ലച്ഛാ അവന് പുതിയ ബൈക്കും ആവശ്യത്തിലധികം പണവും കയ്യിൽ വന്നപ്പോൾപുതിയ സുഹൃത്തുക്കൾ ആയി പണ്ടത്തെപ്പോലെ ഞങ്ങളൊന്നും ഇപ്പോൾ അവന്റെ കമ്പനിക്ക് ചേരില്ല. വല്ലപ്പോഴും കണ്ടെങ്കിൽ ആയി”
”അത് ശരി അങ്ങനെയെങ്കിൽ ഞാൻ നിങ്ങൾക്കും നാളെത്തന്നെ ഒരു ബൈക്ക് വാങ്ങി തരാം. മറ്റുള്ളവരുടെ മുൻപിൽ എന്റെ മക്കൾ മോശക്കാരാണെന്ന തോന്നൽ വേണ്ട അവരുടെ മനസ്സ് അറിയാനായി ഞാൻ പറഞ്ഞു”
”വേണ്ട അച്ഛാ ഞങ്ങൾക്ക് എന്തിനാണ് ബൈക്ക് വീടിന്റെ മുമ്പിൽ നിന്ന് ബസ് കിട്ടും കോളേജിലെ ഗേറ്റ്ന് മുന്നിൽ ഇറങ്ങുകയും ചെയ്യാം എന്താ നമ്മുടെ റോഡിലെ തിരക്ക് പിന്നെ
ഞങ്ങളുടെ ക്ലാസ്സിൽ കൂടുതൽ പേരും ബൈക്കും മൊബൈലും ഇല്ലാത്തവരാണ് ഉണ്ടായിട്ടും കൊണ്ട് വരാത്തവരുമുണ്ട്.
നമ്മുടെ കൈയിലെ പണവും സുഖസൗകര്യങ്ങളും നോക്കി നമ്മളെ തേടി വരുന്ന എല്ലാ സൗഹൃദങ്ങളും സത്യസന്ധമായിരിക്കണം എന്നില്ലല്ലോ..?
എനിക്ക് അഭിമാനം തോന്നി എന്റെ മക്കളെ ഓർത്ത്. ഞാൻ അവരെ എന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
”നമ്മുടെ സത്യസന്ധമായ പെരുമാറ്റമാണ് ജീവിതത്തിൽ ഏറ്റവും വലുത് അതൊരിക്കലും നമുക്ക് പണം കൊടുത്തു നേടാൻ കഴിയുന്നതല്ല ഇപ്പോൾ നിങ്ങൾ പഠിക്കേണ്ട സമയമാണ് മറ്റുള്ളതെല്ലാം താനേ വന്നുചേരും.”
കൊച്ചു കൊച്ചു പരാതികളും പരിഭവങ്ങളും പറയുന്നതിനിടെ ഞാൻ പ്രിയയോട് പറഞ്ഞു.
”വല്ലപ്പോഴും കുറച്ചു ദിവസത്തെ അവധിക്ക് വിരുന്നുകാരനെ പോലെ നാട്ടിൽ വന്നു പോകുന്ന ഞാൻ നമ്മുടെ മക്കൾ അവരുടെ കാര്യത്തിൽ എനിക്ക് അഭിമാനം തോന്നുന്നു അവരെ ഇങ്ങനെ വളർത്തിക്കൊണ്ടു വരുന്നതിൽ നിന്നോട് ഞാൻ”?
ബാക്കി പറയാൻ എന്നെ അവളനുവദിച്ചില്ല.
”ഏട്ടാ അങ്ങനെ പറയരുത്. ഏട്ടൻ ഇവിടെ ഇല്ലെങ്കിലും ഏട്ടനെ അറിഞ്ഞാണ് അവർ വളരുന്നത് അവരുടെ അച്ഛനാണ് അവരുടെ മാതൃക ഞങ്ങളുടെ എല്ലാം ഏട്ടൻ അല്ലേ.”
”ഭാര്യക്ക് ഭർത്താവിനോടും ഭർത്താവിന് ഭാര്യയോടും ഉള്ള സ്നേഹത്തിന്റെ ദൃഢതയാണ് ഒരു കുടുംബത്തിന്റെ അടിത്തറ. എത്ര നാൾ ഒരുമിച്ച് കഴിഞ്ഞു എന്നതിലല്ല എങ്ങനെ കഴിഞ്ഞു എന്നതിലാണ് കാര്യം.
നല്ല അടിത്തറയിൽ വളരുന്ന കുട്ടികൾ തിരഞ്ഞെടുക്കുന്ന വഴികൾ മികച്ചതായിരിക്കും. ഇത്രയും പറഞ്ഞു പ്രിയയെ ഞാൻ എന്നോട് ചേർത്തണച്ചു…