സ്റ്റാറ്റസ്
(രചന: Raju Pk)
ഉറങ്ങുന്നതിന് മുൻപ് പതിവു പോലെ ആനിയുടെ സ്റ്റാറ്റസിൽ ഒന്ന് നോക്കിയതും മനസ്സാകെ വല്ലാതായി മോന് ഒരാക്സിഡന്റ് മെടിക്കൽ ട്രസ്റ്റിൽ എല്ലാരും പ്രാർത്ഥിക്കണം..
ഇശ്വരാ ഇന്ന് രാവിലേയും കണ്ട് സംസാരിച്ചതാണ് സ്കൂളിന് മുന്നിൽ വച്ച് കുഞ്ഞിന് എന്തുപറ്റിയതാവും.
സമയം രാത്രി പത്ത് മണി പെട്ടന്നിറങ്ങി അമ്മയോട് ഒരു പാട്ടിന്റെ ട്രയൽസ് ഉണ്ടെന്ന് കള്ളം പറഞ്ഞു വരാൻ വൈകുമെന്നും.
വാഹനം പുറത്തേക്ക് എടുത്തതും ഫോൺ എടുത്ത് ആനിയുടെ നമ്പർ ഡയൽ ചെയ്തു മോളാണ് എടുത്തത്
“പപ്പാ…
“മോളെവിടാ”
“ആശുപത്രിയിൽ വൈകിട്ട് സ്കൂൾ വിട്ട് വരുന്ന വഴി കിച്ചു മോനെ ഒരു വണ്ടി തട്ടി ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു…
അമ്മ ഓഫീസിൽ നിന്നും നേരെ എന്നെയും കൂട്ടി ആശുപത്രിയിൽ എത്തിയതാ എനിക്ക് പേടിയാവുകാ അമ്മ ഇവിടെ ഏങ്ങലടിച്ച് കരയുവാ മോനെ ഇതുവരെ കാണാൻ സമ്മതിച്ചിട്ടില്ല”
“മോള് പേടിക്കണ്ടാട്ടോ പപ്പ ഉടനെ എത്താം”
മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു തമ്മിൽ പിരിഞ്ഞിട്ടും കണ്ടിട്ടും സംസാരിച്ചിട്ടും.
പരസ്പരം പിരിഞ്ഞവർ പിന്നീട് എന്തിന് നേരിൽ കാണണം കോടതി പറഞ്ഞ പ്രകാരമുള്ള പണമെന്നുമല്ല മക്കൾക്കു വേണ്ടി ഇന്നും ചിലവഴിക്കുന്നത് അല്ലെങ്കിലും ഒരച്ഛന് മക്കളോടുള്ള ജന്മബന്ധം പണം കൊണ്ട് തീർക്കാൻ കഴിയുന്നതല്ലല്ലോ…
പേരെടുത്ത പാട്ടുകാരനായ ശരത്ചന്ദ്രനോട് കോളേജ് കാലം മുതൽ ആനിക്ക് തോന്നിയ തീവ്രപ്രണയം…
അവസാനം ബന്ധുക്കളുടെ എതിർപ്പിൽ അമ്പലത്തിലും പള്ളിയിലും വച്ച് നടത്താൻ കഴിയാതെ വന്നപ്പോൾ രജിസ്ട്രാർ ഓഫീസിൽ വച്ച് താലി ചാർത്തി സ്വന്തമാക്കുകയായിരുന്നു.
ജോലിയുടെ തിരക്കിൽ പലപ്പോഴും കൃത്യസമയത്തിനൊന്നും വീട്ടിൽ എത്താൻ കഴിഞ്ഞില്ല
അത് പലപ്പോഴും വലിയ പൊട്ടിത്തെറികളിൽ കലാശിച്ചു വിവാഹത്തോടെ ആനിയുടെ സംഗീതത്തോടുള്ള പ്രണയം അവസാനിച്ചു പ്രണയം എന്നോട് മാത്രമായി.
ജീവിക്കാനുള്ളതും അതിലുമപ്പുറവും സമ്പാധിച്ചില്ലേ ഇനി മതിയാക്ക് എന്ന് പലപ്പോഴും അവൾ ആവശ്യപ്പെട്ടു ഒരു കലാകാരന് കുടുംബത്തെ പോലെ തന്നെ പ്രിയപ്പെട്ടതാണ് കലയെന്നും അത് പണമുണ്ടാക്കാൻ വേണ്ടി മാത്രം കൊണ്ടു നടക്കുന്നതല്ലെന്നും എത്ര പറഞ്ഞിട്ടും അവൾ അംഗീകരിക്കാൻ തയ്യാറായില്ല.
അവസാനം ഒന്നുകിൽ നിങ്ങൾ കലയോടൊപ്പം ജീവിക്കുക അല്ലെങ്കിൽ എന്നോടും മക്കളോടും ഒപ്പം എന്നവൾ പറഞ്ഞപ്പോൾ…
ഒരു ഭാഗത്ത് ഏറ്റെടുത്ത ഒരുപാട് വർക്കുകൾ മറുഭാഗത്ത് കുടുംബം ആത്മഹത്യയെപ്പറ്റി പോലും ചിന്തിച്ച നാളുകൾ ഏറ്റെടുത്തവർക്കുകൾ തീരും വരെ ഒന്ന് ക്ഷമിക്കാൻ പോലും ആനി തയ്യാറായില്ല.
ഐ സി യു വിന്റെ മുന്നിൽ തന്നെ കസേരയിൽ ആകെ കരഞ്ഞ് തളർന്ന് വാടിത്തളർന്ന രൂപം അരികിൽ തന്നെ മകളും വല്ലാതെ ക്ഷീണിച്ചിരിക്കുന്നു എന്റെ, അല്ല ഇന്ന് എന്റെ അല്ലല്ലോ
തൊട്ടരികിൽ എത്തി ആനീ എന്ന് വിളിച്ചതും ഒരാശ്രയത്തിന് കാത്തിരുന്നതുപോലെ പൊട്ടിക്കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്കവൾ ചാഞ്ഞു.
മൂന്നാം ദിവസം കിച്ചു അപകട നില തരണം ചെയ്തു ആശുപത്രിയിൽ ഒരുമിച്ച് നിന്ന ദിവസങ്ങളിൽ ആനി പഴയതിലും സ്നേഹമുള്ളവളായി മാറി ഞങ്ങൾ പരസ്പരം വല്ലാതെ അടുത്തു…
ആശുപത്രിയിൽ നിന്നും തിരികെ മോനേയും കൂട്ടി ആനിയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോൾ ആനി പതിയെ എന്റെ തോളിൽ കൈകൾ അമർത്തി ഇടറിയ ശബ്ദത്തിൽ പറഞ്ഞു
“ഇനിയും തനിച്ചാക്കി പോവുകയാണോ..?
“തിനിച്ചുള്ള ഈ ജീവിതം മടുത്തു മക്കളെ ഓർത്താ ഞാൻ ഇതുവരെ ജീവിച്ചിരുന്നത് ഇനി എന്നെ തനിച്ചാക്കി തിരികെ പോയാൽ പിന്നെ എന്നെ ജീവനോടെ കാണില്ല എന്ന് പറഞ്ഞതും പൊട്ടിക്കരഞ്ഞ് കൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു”
തിരികെ വീട്ടിലേക്കുള്ള പടികൾ കയറുമ്പോൾ നിറഞ്ഞ കണ്ണുകളോടെ അമ്മയും ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു
എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാതെ രാത്രി പുലർന്നപ്പോൾ നെഞ്ചോട് പറ്റി കിടന്ന പ്രിയതമയോട് ഞാൻ വീണ്ടും വിവാഹിതരാവുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ടവൾ പറഞ്ഞു.
“വിവാഹം അതൊരു ഉടമ്പടി മാത്രമാണ് പരസ്പരം അറിഞ്ഞും വിട്ടു കൊടുത്തും സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉടമ്പടി കൊണ്ട് എന്ത് കാര്യം അന്നത്തെ ദേക്ഷ്യത്തിന് ഞാൻ പിരിഞ്ഞെങ്കിലും ഒരു വട്ടം പോലും എന്നെ ഒന്ന് കാണാനോ വിളിക്കാനോ ശ്രമിച്ചില്ലല്ലോ ഒന്ന് വിളിച്ചിരുന്നെങ്കിൽ ഈ മൂന്ന് വർഷം നമുക്ക് നഷ്ടപ്പെടില്ലായിരുന്നു”
അതെ ഒന്ന് മിണ്ടിയാൽ മനസ്സറിഞ്ഞ് ഒന്ന് ചിരിച്ചാൽ സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിച്ചാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളൂ തകർന്ന് വീണു പോകുന്ന പലജീവിതങ്ങളിലും…
പക്ഷെ പരസ്പരം ഒന്ന് വിട്ടു കൊടുക്കാൻ ആരും തയ്യാറാവില്ല എന്ന് മാത്രം പരസ്പരമുള്ള വാശിക്ക് മുന്നിൽ തകർന്ന് പോകുന്ന ബാല്ല്യങ്ങളും ഞാൻ എന്റെ ആനിയെ ഒന്നുകൂടി മുറുകെ ചേർത്ത് പിടിച്ചു ഇനി ഒരിക്കലും ആർക്കും വിട്ടുകൊടുക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ച്..