മോൾക്ക് അച്ഛനില്ലന്ന് അമ്മ മാത്രേ ഉള്ളു എന്ന് പറഞ്ഞിട്ടും അച്ഛനെ കാണണം എന്ന് വാശി പിടിച്ചു..

(രചന: ശിവാനി കൃഷ്ണ)

കേട്ട വാർത്ത അവളുടെ നെഞ്ചിലൊരു പിടച്ചിലുണ്ടാക്കിയിരുന്നു… താനിപ്പോ മിഥ്യയുടെ ലോകത്തായിരിക്കണേ എന്ന് അവൾ വെറുതെ ആശിച്ചു പോയി…

മരിച്ചു പോയി….അച്ഛൻ മരിച്ചു പോയി…

തന്റെ അച്ഛന്റെ ശരീരം ചാരമാവാൻ മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു എന്ന സത്യം അവളെ പിടിച്ചുലച്ചിരുന്നു…

അഗ്നിസാക്ഷിയായി മിന്നു കെട്ടിയവൻ അതേ താലി പിടിച്ചുവാങ്ങി കൊണ്ട് പോയി മറ്റൊരുവൾക്ക് അണിയിച്ചു കൊടുത്തപ്പോൾ പകരമായി അവൻ നൽകിയ ആ ചോരകുഞ്ഞിനേയും മാറോട് ചേർത്ത് കണ്ണുനീർ വറ്റിയ കണ്ണുമായി നോക്കിയിരുന്നവൾ ആണവളുടെ അമ്മ…

മോൾക്ക് അച്ഛനില്ലന്ന് അമ്മ മാത്രേ ഉള്ളു എന്ന് പറഞ്ഞിട്ടും അച്ഛനെ കാണണം എന്ന് വാശി പിടിച്ചു കരഞ്ഞ അവൾക്ക് മുന്നിൽ മുട്ട് മടക്കി അവിടേക്ക് കൊണ്ട് പോകുമ്പോഴും ഉള്ളിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നിരിക്കണം…

ആ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചു അവിടെ നിന്ന് ഒരു ദാക്ഷിണ്യവും ഇല്ലാതെ ഇറക്കി വിട്ടപ്പോൾ അച്ഛനായവന്റെ കണ്ണുകളിൽ കണ്ട അവഗണന അവളുടെ ഹൃദയത്തെ പൊള്ളിച്ചു കാണണം…

അമ്മക്കോഴിയുടെ ചിറകിൽ ഒളിക്കുന്ന കുഞ്ഞിക്കോഴിയെ പോലെ ആ മാറിൽ ചേർന്ന് ഉറങ്ങുമ്പോൾ പിന്നീട് ഉള്ള ദിവസങ്ങൾ അച്ഛനെ ഓർത്ത് അവളുടെ കുഞ്ഞ് മിഴികൾ നിറഞ്ഞില്ല…

പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ആട്ടി ഓടിച്ച അച്ഛനെ കാണാൻ വീണ്ടും ഉള്ളിൽ തല പൊക്കിയ ആഗ്രഹം മുൻകണ്ട് അവൾ വീണ്ടും പോയി… പക്ഷേ ഇത്തവണ അച്ഛനെ കിട്ടി… കൂടെ മൂന്ന് കുഞ്ഞനിയന്മാരും…

പിന്നങ്ങോട്ട് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു…. എന്ത് ജോലി ചെയ്യാനും ചുറുചുറുപ്പോടെ നിന്നിരുന്നത് അനിയന്മാരെ ഓർത്താണ്… അവരുടെ സന്തോഷത്തിന് വേണ്ടിയാണു…

മൂന്ന് പേർക്കും വേണ്ടി അറിയാവുന്നവരോട് ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കി ഗൾഫിൽ ആണെങ്കിൽ പോലും നല്ല ജോലി ആണ് തരപ്പെടുത്തിയത്… അതിനൊന്നും ഒരു കണക്കും ഒരിക്കൽ പോലും തോന്നിയിട്ടില്ല…

എന്റേത് എന്ന് കരുതുന്നവർക്ക് വേണ്ടി ചെയ്യുന്നതിനൊന്നും കണക്ക് വെയ്ക്കില്ലല്ലോ… വെച്ചാൽ പോലും ഒരിക്കലും മടക്കി കൊടുക്കാനാവാത്ത വിധമുള്ള കണക്കായിരിക്കും…

വൈകി ആണെങ്കിൽ പോലും അച്ഛൻ വെച്ച് നീട്ടിയ സ്നേഹം അവൾക്ക് ഒരു തരം ലഹരിയായിരുന്നു… എത്ര കിട്ടിയാലും വീണ്ടും കിട്ടണമെന്ന് അത്രമേൽ ആഗ്രഹിക്കുന്ന ഒന്ന്..

കാലങ്ങൾ കടന്നുപോയിട്ടും അതിനൊരു മാറ്റവും ഉണ്ടായില്ല… പെട്ടെന്നൊരു ദിവസം നെഞ്ച് വേദനയായി അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ട് പോയപ്പോൾ ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ നിന്ന നീണ്ട പന്ത്രണ്ട് മണിക്കൂർ അവളുടെ കണ്ണിൽ നിന്ന് ഒഴുകിയത് ചോ ര ആണെന്ന് തോന്നി…

അവിടേക്ക് കൊണ്ട് പോയ നാല് പേരിലും ഹൃദയം പുറത്തെടുത്ത് കീറി മുറിച്ചു തുന്നി ചേർത്തപ്പോൾ പുതിയ ജീവൻ അച്ഛനിൽ മാത്രമാണ് മുളച്ചതെന്ന അറിവ് അവളെ സന്തോഷിപ്പിച്ചെങ്കിലും ആരെന്നോ എന്തെന്നോ അറിയാത്ത ആ മൂന്ന് പേരുടെ വേർപാട് അവളെ വേദനിപ്പിച്ചു…

പിന്നീട് ഉള്ള ഇരുപത്തിയെട്ട് ദിവസങ്ങൾ ഒരു കുഞ്ഞിനെ എന്ന പോലെയാണ് അവൾ അച്ഛനെ നോക്കിയത്….

മലമൂത്രവിസർജനം തുടച്ചു മാറ്റിയപ്പോഴും ഡോക്ടർ പറയുന്ന രീതിയിൽ ശരീരത്തിലെ ഓരോ ഭാഗവും തുടച്ചു വൃത്തയാക്കിയപ്പോഴും വെറുപ്പെന്ന വികാരം അവളെ തീണ്ടിയില്ല… പകരം ഓരോ പ്രവർത്തിയിലും ഉള്ളിലെ സ്നേഹം നിർത്താതെ ഒഴുകിക്കൊണ്ടിരുന്നു….

മൂന്ന് ആൺമക്കൾ ഉള്ള തന്റെ സ്വകാര്യഭാഗങ്ങൾ പോലും വൃത്തിയാക്കാൻ മകൾ മാത്രമേയുള്ളു എന്ന വേദനയിൽ ആ അച്ഛന്റെ കണ്ണ് നിറഞ്ഞതും ശാസനയോടെ അതിലേറെ സ്നേഹത്തോടെ അവൾ ആ കണ്ണീരൊപ്പി…

പിന്നെയും മൂന്ന് മാസത്തോളം നന്നായിട്ട് റസ്റ്റ്‌ വേണം എന്ന് പറഞ്ഞ ഡോക്ടറിന്റെ നിർദ്ദേശത്തെ അനുസരിച്ചു അവൾ അച്ഛനെ അവളുടെ വീട്ടിലേക്ക് കൊണ്ട് പോയി…

മിണ്ടില്ലെങ്കിലും അച്ഛന്റെ കാര്യങ്ങൾ പൊന്ന് പോലെ നോക്കുന്ന അമ്മയുടെ ഉള്ളിലെ അച്ഛനോടുള്ള തീവ്രമായ അനന്തമായ സ്നേഹം അവൾ അറിയുന്നുണ്ടായിരുന്നു…

എന്നിട്ടും അച്ഛൻ എന്തെ അത് കാണുന്നില്ല എന്ന ചിന്ത അവളെ വേദനിപ്പിച്ചു… സന്ധ്യയാകുമ്പോൾ കസേരയിൽ ചാരി ഇരുത്തി ഒരു കൊച്ച് കുഞ്ഞിനെ എന്ന പോലെ കുളിപ്പിച്ച് ഒരുക്കി അവൾ അച്ഛനെ ഉമ്മറത്തു കൊണ്ട് വന്നു ഇരുത്തുമായിരുന്നു….

രണ്ട് മാസം പിന്നിടുമ്പോൾ അച്ഛനില്ലാതെ പറ്റില്ലെന്ന് പറഞ്ഞു വീട്ടിലേക്ക് വന്ന അച്ഛന്റെ രണ്ടാംഭാര്യയുടെ… എന്റെ ചിറ്റമ്മയുടെ കൂടെ അച്ഛൻ തിരിച്ചു പോകുമ്പോൾ ഹൃദയം നുറുങ്ങിയിരുന്നു… മറ്റൊന്നും വേണ്ട… നന്നായിരുന്നാൽ മാത്രം മതിയായിരുന്നു…

രണ്ട് ദിവസത്തിന് ശേഷം അച്ഛനെ കാണാൻ അവിടേക്ക് ചെന്നവൾ,കൈ ഒന്ന് പൊക്കി നിൽക്കാൻ പോലും പാടില്ലാത്ത അച്ഛൻ വിറക് കീറുന്നത് കണ്ട് വേദനിച്ചു…”എന്തിനച്ചാ… എന്തിനിങ്ങനെ ചെയ്യുന്നു “എന്ന ചോദ്യം നിസ്സഹായായി നോക്കി നിൽക്കുന്നവളുടെ നിറഞ്ഞ കണ്ണുകൾ ചോദിച്ചിരുന്നു…

ഇന്ന് ആറ് മാസത്തിനകം അത്രയും സൂക്ഷ്മമായി ഹൃദയത്തോട്  ചേർത്ത് പരിപാലിച്ച സ്നേഹിച്ച ഇപ്പോഴൊന്നും മരണത്തിന് കൈ വിടില്ല എന്ന് ആഗ്രഹിച്ചവളുടെ സ്വപ്‌നങ്ങൾ കാറ്റിൽ പറത്തി അച്ഛൻ യാത്രയായി…

സിസ്സേറിയൻ ചെയ്ത പെണ്ണുങ്ങൾ പോലും മൂന്ന് മാസത്തിൽ കൂടുതൽ റസ്റ്റ്‌ എടുക്കുന്നില്ലെന്ന് പറഞ്ഞു പുച്ഛിച്ചു തള്ളിയ അച്ഛനെ കൊണ്ട് വീട്ടിലെ ജോലിയെല്ലാം ചെയ്യിച്ചിരുന്നെന്ന് അറിഞ്ഞ നിമിഷം ആദ്യമായി ഞാൻ അവരെ വെറുത്തു….

നോക്ക് കുത്തി പോലെ ഇതെല്ലാം കണ്ട് നിന്ന ആ മൂന്ന് ആണ്മക്കളോട് അവൾക്ക് ദേഷ്യവും സഹതാപവും തോന്നി…

വെള്ളയിൽ പൊതിഞ്ഞ അച്ഛന്റെ ശരീരം കാൺകെ അവൾക്ക് ഹൃദയം നിശ്ചലമാകുന്നത് പോലെ തോന്നി….

ഉള്ളിലെ സ്നേഹം ഇനിയും എന്തുകൊണ്ട് അറിയുന്നില്ല എന്ന വേദനയോടെ ഒരു അന്ത്യചുംബനം ആ നെറ്റിയിൽ അർപ്പിക്കുമ്പോഴേക്കും അവൾ കണക്ക് ചോദിക്കാൻ തയ്യാറെടുത്തിരുന്നു…

അവൾ നൽകിയ സ്നേഹത്തിന്റെ കണക്ക്… ലോകത്തിലെ ഒരു കണക്ക് പുസ്തകത്തിലും കൂടി കേറാൻ ആകാത്ത വിധം…

മറ്റാർക്കും മനസ്സിലാകാത്ത വിധം അവൾ നൽകിയ സ്നേഹം… ഒരു മകളും അവരുടെ അച്ഛനെ സ്നേഹിക്കാത്ത വിധം ഞാൻ സ്നേഹിച്ചു.. എന്നിട്ടും എന്തെ മനസ്സിലാക്കിയില്ലച്ഛാ എന്ന് ഉള്ളിൽ ആ പെണ്ണ് നെഞ്ച് പൊട്ടി നിലവിളിച്ചു!

അപ്പോഴും കൂട്ടിനായി ചുളിവ് വീണ ആ കൈകൾ അവളെ നെഞ്ചോട് പൊതിഞ്ഞു പിടിച്ചിരുന്നു…. ഏറെ വേദനയോടെ ജീവന്റെ പാതിയായിവന്റെ യാത്ര ഇനി തനിയെ ആണെന്ന ഓർമ്മയിൽ ആ പാട വീണ കണ്ണുകൾ നിറഞ്ഞിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *