ഗീതേ അമ്മ വരുന്നുണ്ട്, അടുക്കളയിൽ എന്തോ തിരക്കിട്ട പണികളിലായിരുന്ന ഗീത ഓടി ഉമ്മത്തേക്ക്..

വാർദ്ധക്യം
(രചന: Raju Pk)

തോളിൽ ഒരു സഞ്ചിയും കൈയ്യിൽ ഒന്ന് രണ്ട് കവറുകളുമായി അതിരാവിലെ അമ്മ പടി കടന്ന് വരുമ്പോൾ വലിയ അൽഭുതമൊന്നും തോന്നിയില്ല പ്രതിക്ഷിച്ചതാണ്…

മുഖത്ത് വല്ലാത്തൊരു സങ്കടം പോലെ കണ്ണുകളിൽ രാത്രി ഉറങ്ങാത്തതിൻ്റെയാവും വല്ലാത്ത ഷീണവും തോന്നുന്നുണ്ട്.

ഗീതേ അമ്മ വരുന്നുണ്ട്… അടുക്കളയിൽ എന്തോ തിരക്കിട്ട പണികളിലായിരുന്ന ഗീത ഓടി ഉമ്മത്തേക്ക് വന്നു തൊട്ടു പിറകിൽ കുട്ടികളും.

കവറുകൾ കൈയ്യിൽ വാങ്ങിയ ഗീത അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ട്.

എൻ്റെ നേരെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് അമ്മ പറഞ്ഞു ദിവസം ഇത്ര ആയിട്ടും നീ എന്നെ ഒന്ന് തിരക്കിയതുപോലും ഇല്ല.

അമ്മയോട് അന്ന് ഗിരീഷിൻ്റെ കൂടെ പോകാൻ ഇറങ്ങുമ്പോൾ ഞാൻ പറഞ്ഞതല്ലേ അവിടെ നിൽക്കാനായി പോവണ്ടന്ന്.

അപ്പോൾ അമ്മ പറഞ്ഞത് എനിക്ക് നീ മാത്രമല്ല മകനായി ഗിരീഷിൻ്റേയും സച്ചുവിൻ്റെയും അമലിൻ്റേയും കൂടെ ഇനിയുള്ള കാലം നിൽക്കാൻ പോവുകയാണ് എന്നല്ലേ…?

മാസം ഒന്നായില്ല അതിനു മുന്നേ അമ്മ തിരിച്ചെത്തിയല്ലോ.?

എനിക്കറിയാമായിരുന്നു അമ്മ ഉടനെ വരുമെന്ന്.

രാവിലെ നീ എന്നെ വിമർശിക്കാൻ ഇരിക്കുവാണോ ജയദേവാ..

വിമർശിച്ചതല്ല അമ്മേ..

ഗീതയെപ്പറ്റി എന്തെല്ലാം കുറ്റങ്ങളാ അമ്മ ഇവിടെ അടുത്തുള്ളവരോട് പറഞ്ഞ് നടന്നത് അമ്മ പോയതും അമ്മയുടെ കൂട്ടുകാരികൾ അത് വള്ളി പുള്ളി തെറ്റാതെ ഗീതയുടെ അടുത്തെത്തിച്ചു.

മോനേ ഞാനവളെപ്പറ്റി നേരിട്ടും അല്ലാതെയും പലതും പറഞ്ഞിട്ടുണ്ട് പക്ഷെ പൊറുക്കാനും മറക്കാനും പറ്റാത്തതൊന്നും പറഞ്ഞിട്ടില്ല അതെനിക്ക് നന്നായറിയാം.

എൻ്റെ മനസ്സിന് ശരിയെന്ന് തോന്നുന്നത് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ ഞാനവളെ മരുമകളായിട്ടല്ല മകളായിട്ടാണ് കണ്ടിട്ടുള്ളത് അവൾക്ക് എന്നോട് വഴക്കുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കാനും തയ്യാറാണ്.

മാസങ്ങൾ കൂടുമ്പോൾ എന്നെക്കാണാൻ ഇവിടെ വന്നിരുന്ന മറ്റു മക്കളും മരുമക്കളും എന്നോട് വല്ലാത്ത സ്നേഹമാണ് പ്രകടിപ്പിക്കാറുള്ളത്

കൂടെ നിന്നും ഗീത ഒന്ന് മാറുമ്പോൾ അവളെപ്പറ്റി ഒരു പാട് കുറ്റങ്ങളാണ് നിൻ്റെ അനുജത്തിമാർ എൻ്റെ ചെവിയിൽ പറഞ്ഞിട്ടുള്ളത്. എന്തിനേറെ അടുക്കളയിൽ എന്തെങ്കിലും സഹായം ചെയ്യുമ്പോൾ അതു കൂടി അവർ തടസ്സപ്പെടുത്തും.

അമ്മ ഇവിടെത്തന്നെ എന്തിനാ നിൽക്കുന്നത് ഇടയ്ക്ക് ഞങ്ങളുടെ അടുത്തും കുറച്ച് ദിവസം വന്ന് നിന്നാൽ എന്താ എന്ന് സച്ചു ചോദിച്ചപ്പോൾ എനിക്കും തോന്നി ഒന്ന് പോയേക്കാം എന്ന് അവരും ഞാൻ നൊന്ത് പ്രസവിച്ച മക്കളല്ലേ..

അവരുടെ കുടെ കുറച്ച് ദിവസം നിന്നപ്പോൾ എനിക്ക് മനസ്സിലായി അവർക്ക് എന്നോടുള്ള സ്നേഹത്തിൻ്റെ വലിപ്പവും ആത്മാർത്ഥതയും.

നിൻ്റെ അനുജന്മാർക്കും ഭാര്യമാർക്കും പരസ്പരം ഒന്ന് സ്നേഹത്തോടെ സംസാരിക്കാൻ പോലും സമയമില്ല മറ്റുള്ളവരുടെ മുൻപിൽ എന്താ പരസ്പര സ്നേഹവും ബഹുമാനവും.

അതോ ഞാനവരുടെ ഒപ്പം സ്ഥിരമായി നിന്നാലോ എന്ന തോന്നൽ ഉള്ളതുകൊണ്ടാണോ എന്നും അറിയില്ല. അച്ഛനമ്മമാരുടെ അഭിനയം കണ്ട് വളരുന്ന കുട്ടികളും മികച്ച അഭിനേതാക്കൾ തന്നെ
വീടിനകത്തേക്ക് ഗീതയേയും ചേർത്ത് പിടിച്ച് നടക്കുമ്പോൾ അമ്മ പറയുന്നുണ്ട്.

നീ എന്നെ ഇടക്കിടെ വിളിക്കാറുള്ള കാര്യമൊന്നും അവനോട് പറഞ്ഞില്ല അല്ലേ..?

അമ്മ പോയതിന് ശേഷം ഇവിടെ ഒരാളനക്കവും ഇല്ലാതായതു പോലെ ആയിരുന്നു. ഒന്ന് രണ്ട് വട്ടം ഏട്ടൻ പറയുകയും ചെയ്തതാണ് കൂട്ടിക്കൊണ്ട് വരുന്നതിനെപ്പറ്റി.

അമ്മ എന്നോട് പറഞ്ഞതൊന്നും ഞാൻ ഏട്ടനോട് പറഞ്ഞില്ല പറഞ്ഞിരുന്നെങ്കിൽ അമ്മ എന്നേ ഇവിടെ വരുമായിരുന്നു.

ഉച്ചയൂണും കഴിഞ്ഞ് ഉമ്മറത്തിരിക്കുബോൾ അമ്മ എൻ്റെ അരികിൽ വന്നിരുന്നു.

എനിക്ക് ആൺമക്കളായി നാല് പേരുണ്ട് നിങ്ങളുടെ അച്ഛൻ മരിച്ചതിന് ശേഷം ഞാൻ മൂത്ത മകനായ നിൻ്റെ ഒപ്പമാണ്, എനിക്ക് ഉണ്ടായിരുന്ന വസ്തുവകകൾ എല്ലാം മക്കൾക്ക് തുല്യമായി നൽകി.

നീ എന്നെ നന്നായി നോക്കുന്നുണ്ട് ഇല്ലെന്നല്ല കുറച്ച് ദിവസം  മക്കളോടും കൊച്ചുമക്കളോടും ഒപ്പം അവധി ദിവസങ്ങൾ ഒന്നാഘോഷിക്കാനായി പോയ ഞാൻ.എന്നെ ഒന്ന് തിരിച്ചിവിടെ എത്തിക്കാൻ പോലും അവർ തയ്യാറായില്ല.

ഞാനവരോട് ഒരു തെറ്റും ചെയ്തിട്ടില്ല ഇന്നിതു വരെ, അവരെ വളർത്തി വലുതാക്കി എന്ന തെറ്റല്ലാതെ.

ഇപ്പോൾ എനിക്ക് തോന്നു സ്വത്തുവകകൾ ഒരുപാട് മുന്നേ ഭാഗം വച്ച് കൊടുത്തത് തെറ്റായിപ്പോയെന്ന്.

സ്വത്തിലൊന്നും ഒരു കാര്യവുമില്ലമ്മേ, കോടികൾ ബാങ്ക് ബാലൻസ് ഉള്ള എത്രയോ മാതാപിതാക്കൾ ആരും നോക്കാനില്ലാതെ അനാഥാലയങ്ങളിൽ കഴിയുന്നു.

നൊന്തു പ്രസവിച്ച് വളർത്തി വലുതാക്കിയ അച്ഛനമ്മമാരാണ് മുന്നിൽ ഉള്ളതെന്നും. അവരെ വാർദ്ധക്യത്തിൽ ചേർത്ത് പിടിക്കേണ്ടത് ഞങ്ങളാണെന്നും ചിന്തിക്കാത്ത മക്കൾക്കെതിരെ നിയമ നടപടികൾ ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളാൻ കഴിയുമായിരിക്കും.

”പക്ഷെ പകർന്ന് നൽകിയ സ്നേഹം അല്പം പോലും അവർ തിരിച്ച് നൽകില്ലല്ലോ”…?

അമ്മ വെറുതെ ചിന്തിച്ച് കാടുകയറണ്ട അമ്മക്ക് ഞങ്ങളില്ലേ.

അമ്മയുടെ നിറഞ്ഞ കണ്ണുകൾ തുടച്ച് ഞാൻ അമ്മയെ ഒന്നു കൂടി എന്നോട് ചേർത്ത് പിടിച്ചു.

ശരിയാണ് മോനേ എനിക്ക് നാല് മക്കളിൽ നീയൊരാളെങ്കിലും ഉണ്ടല്ലോ.എല്ലാവരും വാർദ്ധക്യത്തിലൂടെ കടന്ന് പേകേണ്ടവരാണ് അതോർത്താൽ കൊള്ളാം…

Leave a Reply

Your email address will not be published. Required fields are marked *