അവളുടെ നാട്ടിൽ പലവട്ടം അന്വേഷിച്ചു പോയിരുന്നു, അവളുടെ വിവാഹം കഴിഞ്ഞെന്നും വീട് വിറ്റു..

കലിപ്പത്തി
(രചന: Nisha L)

“ടാ മാത്ത… ഒന്നു നിന്നെ… ” എന്റെ വിളി കേട്ട് പെണ്ണ് തിരിഞ്ഞു കലിപ്പിൽ എന്നെ നോക്കി… കലിപ്പത്തികൾ പിന്നെ കലിപ്പിലല്ലേ നോക്കു.

“നിക്കെടാ… ഒരു കാര്യം പറഞ്ഞോട്ടെ..”

അവൾ കുനിഞ്ഞു ഒരു കല്ലെടുക്കുന്നത് കണ്ട് ഞാൻ കണ്ടം വഴി ഓടി രക്ഷപെട്ടു. കല്ലെടുക്കുക മാത്രമല്ല എന്റെ നട്ടപുറത്തു എറിയാനും അവൾ മടിക്കില്ല എന്നറിയാം. എന്തിനാ വെറുതെ തടി കേടാക്കുന്നത്.

മാത്തന്റെ ശരിക്കുള്ള പേര് കാതറിൻ എന്നാ. ആദ്യമായി അവളെ കണ്ടപ്പോൾ, മത്തങ്ങാ പോലുള്ള അവളുടെ മുഖം കണ്ടപ്പോൾ ഞാൻ പോലും അറിയാതെ എന്റെ നാവിൽ നിന്ന് വന്ന പേരായിരുന്നു മാത്തൻ എന്നത്. പിന്നീട് അത് കോളേജ് മുഴുവൻ പടർന്നു.

ജൂനിയർസ് വരെ അവളെ മാത്തൻ എന്ന പേര് വിളിച്ചു. അതിന്റെ മൊത്തം കലിപ്പും അവൾക്ക് എന്നോടുണ്ട്. എപ്പോഴോ മനസ്സിൽ കയറി കൂടിയതാണ് അവളോടുള്ള പ്രണയം. പക്ഷേ പെണ്ണ് അമ്പിനും വില്ലിനും അടുക്കുന്നില്ല.

ഇതൊക്കെയാണെങ്കിലും ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കരുത്തുറ്റ സ്ത്രീയാണ് എന്റെ മാത്തൻ. അവളുടെ അപ്പന്റെ മരണ ശേഷം മൂന്നു കുട്ടികളെയും കൊണ്ട് അവളുടെ അമ്മച്ചി ജീവിതത്തിനു മുന്നിൽ പകച്ചു നിന്നപ്പോൾ ധൈര്യത്തോടെ,

ആത്മവിശ്വാസത്തോടെ കുടുംബത്തെ മുന്നോട്ടു കൊണ്ടു പോയത് അവളാണ്.അമ്മച്ചിയുടെ കൈപ്പുണ്യം വിറ്റ് കാശാക്കിക്കൊണ്ട്.  ടൗണിലെ മൂന്നാല് കടകളിൽ ഓർഡർ എടുത്തു അമ്മച്ചി ഉണ്ടാക്കിയ പലഹാരങ്ങൾ വിറ്റു.

രാവിലെയും വൈകിട്ടും കടകളിൽ പലഹാരങ്ങൾ എത്തിച്ചും,,, അടുത്തുള്ള വീടുകളിലെ കുട്ടികൾക്ക് tuition എടുത്തും പട്ടിണി ഇല്ലാതെ കുടുംബം മുന്നോട്ട് കൊണ്ടു പോകാൻ അവളിലെ പെൺകരുത്തിനു സാധിച്ചു.

നാലു ചുവരുകൾക്കുള്ളിൽ ഭർത്താവിനെയും മക്കളെയും നോക്കി ജീവിക്കാൻ മാത്രം അറിയുന്ന അവളുടെ അമ്മ അന്നമ്മച്ചിയെയും ടൗണിൽ പോകാനും സാധനങ്ങൾ വാങ്ങാനും മറ്റും അവൾ പരിശീലിപ്പിച്ചു. കുഞ്ഞ് അനിയത്തിയും അനിയനും അവരെ കൊണ്ട് സാധിക്കും പോലെ അവളെ സഹായിക്കുന്നു.

എനിക്ക് അവളോട്‌ പ്രണയം മാത്രമല്ല.. ബഹുമാനം, ആദരവ് ഒക്കെയാണ്. ഒരു ആണായ ഞാൻ പോലും തളർന്നു പോകുമായിരുന്ന സാഹചര്യം സ്വന്തം ആത്മവിശ്വാസതത്താൽ തരണം ചെയ്ത പെണ്ണാണ് എന്റെ മാത്തൻ.

കോളേജിലെ ആദ്യ വർഷം മുതൽ ഞാൻ അവളുടെ പിന്നാലെ നടക്കുകയാണ്. ഇതു വരെ ഒരു ഇമ്പ്രൂവ്മെന്റും ഇല്ല.

അവളുടെ അവസ്ഥ അറിയുന്നത് കൊണ്ട് ഞാൻ അവളെ കൂടുതൽ ശല്യം ചെയ്യാറില്ല. എനിക്ക് അവളോടുള്ള പ്രണയം കോളേജിൽ മുഴുവൻ പാട്ടാണ്. പക്ഷേ പെണ്ണ് ഒന്ന് കനിയുന്നില്ല. പാവം ഞാൻ.

“ഡാ റോഷാ.. “

ടൗണിൽ ഒരു തുണി കടയിൽ ഷർട്ട്‌ വാങ്ങാൻ കയറിയതായിരുന്നു ഞാൻ. പെട്ടെന്ന് പിന്നിൽ നിന്ന് ഒരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

എന്റെ മാത്തൻ.. മൂന്നു വർഷങ്ങൾക്ക് ശേഷം എന്റെ മുന്നിൽ തീർത്തും അപ്രതീക്ഷിതമായി…

സെക്കന്റ്‌ ഇയർ അവസാനിക്കാറായപ്പോൾ പെട്ടെന്ന് ഒരു ദിവസം മാത്തനെ കാണാതാവുകയായിരുന്നു. അവളുടെ നാട്ടിൽ പലവട്ടം അന്വേഷിച്ചു പോയിരുന്നു.

അവളുടെ വിവാഹം കഴിഞ്ഞെന്നും വീട് വിറ്റു അമ്മച്ചിയെയും കൂടെപ്പിറപ്പുകളെയും കൂട്ടി ഭർത്താവിന്റെ നാട്ടിലേക്കു പോയെന്നും അറിഞ്ഞു. അന്ന് മുതൽ അവളെ ഞാൻ തിരയുന്നു.

കൂട്ടുകാരോടും,  അവളുടെ നാട്ടുകാരോടും, എന്തിന് ഓരോ ആൾകൂട്ടത്തിലും എന്റെ കണ്ണുകൾ അവളെ തേടി നടന്നു. പക്ഷേ ഒരിക്കൽ പോലും കണ്ടെത്താൻ കഴിഞ്ഞില്ല.ഒരിക്കൽ എങ്കിലും ഒന്ന് കണ്ടാൽ മാത്രം മതിയായിരുന്നു.

എന്താണ് അവൾക്ക് സംഭവിച്ചത്, ഇപ്പോൾ അവൾ ഏത് അവസ്ഥയിലാണ്, സന്തോഷത്തിലാണോ, സങ്കടത്തിലാണോ… അവളെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല……  ആ അവൾ ഇന്ന് പൊട്ടി വീണത് പോലെ എന്റെ മുന്നിൽ നിൽക്കുന്നു.

“ഡാ നീയിത് എന്താ ആലോചിച്ചു നിൽക്കുന്നത്. “?

അവളുടെ വിളി എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി.

“എവിടെ.. എവിടെ ആയിരുന്നു നീ ഇത്ര നാൾ..?  ഞാൻ എവിടെയൊക്കെ നിന്നെ തിരഞ്ഞെന്നോ.. ഏതു മാളത്തിലാടി നീ ഒളിച്ചിരുന്നത്.? “

“ഞാൻ സേവിച്ചന്റെ നാട്ടിലോട്ട് മാറിയിരുന്നെടാ. എന്റെ കുടുംബത്തെയും കൂട്ടി. കോളേജിൽ ആരോടും പറയാനുള്ള സാവകാശം കിട്ടിയില്ല. പെട്ടെന്ന് ആയിരുന്നു വിവാഹവും വീടു മാറ്റവും എല്ലാം.

നിനക്ക് അറിയാമല്ലോ അന്നത്തെ ഞങ്ങളുടെ ജീവിതസാഹചര്യം. സേവിച്ചന്റെ ആലോചന വന്നപ്പോൾ, എന്റെ അമ്മച്ചിയേയും കൂടെപ്പിറപ്പുകളെയും കൂടെ കൂട്ടാം എന്ന് പറഞ്ഞപ്പോൾ ഞാൻ മറ്റൊന്നും ആലോചിച്ചില്ല.

പുറമെ ഒരു പാട് ധൈര്യം കാണിച്ചിരുന്നെങ്കിലും ഉള്ളിൽ എപ്പോഴും ഒരു പേടിയായിരുന്നു റോഷാ…

അതുകൊണ്ടാ എന്നേക്കാൾ പന്ത്രണ്ട് വയസ്സ് മൂപ്പുണ്ട് എന്നറിഞ്ഞിട്ടും ഞാൻ സേവിച്ചന്റെ മുന്നിൽ താലിക്കായി കഴുത്തു നീട്ടിയത്. പക്ഷേ അന്ന് ഞാൻ എടുത്ത ആ തീരുമാനം ആയിരുന്നു ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി.”

“നിന്റെ പ്രണയം അംഗീകരിക്കാൻ പറ്റിയ അവസ്ഥ ആയിരുന്നില്ല എന്റേത്. എന്റെ കുടുംബം മുന്നോട്ട് കൊണ്ടു പോകാനുള്ള ഓട്ടത്തിൽ നിന്നെ ഞാൻ മനപ്പൂർവം കാണാഞ്ഞതാ.. “

ഞാൻ അവളെ നോക്കി കാണുകയായിരുന്നു. സ്വതവേ തുടുത്ത കവിൾ ഒന്ന് കൂടി തുടുത്തു ചുവന്നിരിക്കുന്നു. മനസിന്റെ സന്തോഷം മുഖത്തിന് കൂടുതൽ തെളിച്ചം കൊടുത്തിരിക്കുന്നു. മുൻപ് മുഖത്തു പൊതുവെ ഒരു കലിപ്പ് ഭാവം ആയിരുന്നു. ഇപ്പോൾ നിറഞ്ഞ ചിരിയാണ്.

“കാത്തു ആരാ ഇത്..? “

“സേവിച്ച… ഇത് എന്റെ കൂടെ കോളേജിൽ പഠിച്ച റോഷൻ.. “

“ഹായ് റോഷൻ.. കാത്തു പറഞ്ഞ് അവളുടെ കോളേജ് വിശേഷം ഒക്കെ അറിയാം. കൂട്ടത്തിൽ റോഷനെയും.. എന്തുണ്ട് വിശേഷം.. “

സൗമ്യമായ പുഞ്ചിരിയോടെ ആ മനുഷ്യൻ എന്നോട് ചോദിച്ചു.

“സുഖമായിരിക്കുന്നു അച്ചായ.. “

“റോഷൻ ഇപ്പോൾ എന്ത് ചെയ്യുന്നു.? “

“ഞാൻ ഒരു മാർക്കറ്റിംഗ് കമ്പനിയിൽ ജോലി ചെയ്യുന്നു അച്ചായാ.. “

“മാത്തന്റെ പഠിപ്പ് മുടങ്ങി പോയി അല്ലെ… “?

“ഇല്ലെടാ.. ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തു. ഇപ്പോൾ പിജി ക്ക് ജോയിൻ ചെയ്തു.. “

ഞാൻ അത്ഭുതത്തോടെ അവളെ നോക്കി.

“സേവിച്ചന്റെ നിർബന്ധം ആയിരുന്നുഎന്റെ പഠിപ്പ് മുടങ്ങരുത് എന്നുള്ളത്. ഞാൻ പറഞ്ഞതാ എനിക്ക് ഇനി പഠിക്കണ്ട എന്റെ സഹോദരങ്ങളുടെ പഠിപ്പും അതിന്റെ കൂടെ എന്നെ കൂടി പഠിപ്പിക്കേണ്ട എന്ന്.. പക്ഷേ എന്റെ സേവിച്ചൻ എന്നെ നിർബന്ധിച്ചു വിട്ടതാ. “

അവൾ സ്നേഹത്തോടെ ഇച്ചായനെ ചേർത്ത് പിടിച്ചു പറഞ്ഞപ്പോൾ ഞാൻ നിറഞ്ഞ മനസോടെ ആ വലിയ മനുഷ്യനെ നോക്കി നിന്നു പോയി..

“റോഷൻ വരുന്നോ വീട്ടിലേക്ക്..? “

“ഇല്ലിച്ചായാ… ഇപ്പോഴില്ല… ഞാൻ വരാം പിന്നീട് ഒരിക്കൽ. “

“തീർച്ചയായും വരണം.. “

“ശരി ഇച്ചായ… “

“ഒരു കാര്യം ചോദിച്ചോട്ടെ ഇച്ചായ.. ഇവളുടെ കലിപ്പ് സ്വഭാവം ഇപ്പോഴുമുണ്ടോ.? “

“ഏയ്‌.. എന്റെ കൊച്ച് വെറും പാവമാ.. ആരാ ഇങ്ങനെ ഒക്കെയുള്ള അപവാദം പറഞ്ഞുണ്ടാക്കുന്നതു. “?

എന്നെ നോക്കി കുസൃതിയോടെ ചിരിച്ചു അവളെ ഇടം കണ്ണിട്ട് നോക്കി അച്ചായൻ പറഞ്ഞു. അതു കേൾക്കെ മാത്തന്റെ മുഖം ചുവന്നു തുടുക്കുന്നത് ഞാൻ അതിശയത്തോടെ നോക്കി നിന്നു. അവളുടെ തുടുത്ത മുഖം പറയുന്നുണ്ടായിരുന്നു അവർക്കിടയിൽ ഉള്ള പരസ്പര സ്നേഹവും വിശ്വാസവും.

അവളുടെ കലിപ്പ് മോഡ് ഇപ്പോഴും പൂർണമായും  ഉപേക്ഷിച്ചിട്ടില്ല എന്ന് അവൾ തന്നെ പറയാതെ പറഞ്ഞു.

“എന്നാൽ നമുക്ക് പോയാലോ കാത്തു… കുട്ടികൾ കാത്തിരിക്കുന്നുണ്ടാകും. “

“എന്നാൽ ഞങ്ങൾ പോകട്ടെ റോഷാ.. “

“ശരി.. കാത്തു.. “

കാത്തു.. സേവിച്ചന്റെ കാത്തു.. അതെ ആ പേരാണ് അവൾക്കു കൂടുതൽ ചേർച്ച.

അവളെ ചേർത്ത് പിടിച്ചു റോഡ് ക്രോസ്സ് ചെയ്തു പോകുന്ന തലയിൽ കഷണ്ടി കയറിയ ആ മനുഷ്യനെ ഞാൻ ആരാധനയോടെ നോക്കി നിന്നു.

ഇന്ന് ആദ്യമായി എന്റെ പ്രണയം നഷ്ടപെട്ടതിൽ ഞാൻ സാന്തോഷിക്കുന്നു. ഒരു പക്ഷേ എന്റെ പ്രണയം സ്വീകരിച്ചു മാത്തൻ എന്റെ ഒപ്പം കൂടിയിരുന്നെങ്കിൽ..

ഇത്രയും സന്തോഷത്തോടെ അവളെയും കുടുംബത്തെയും ചേർത്ത് പിടിക്കാൻ എന്നെ കൊണ്ട് ചിലപ്പോൾ സാധിക്കില്ലായിരുന്നു. അവളുടെ സന്തോഷമാണ് എന്റെയും സന്തോഷം. എന്റെ മാത്തൻ അർഹതപ്പെട്ട കൈകളിൽ തന്നെയാണ് എത്തി ചേർന്നത്.

എങ്കിലും നിനക്കായ് എന്റെ ഹൃദയത്തിൽ ഒരിടം എന്നുമുണ്ടാകും,,, എന്നിൽ ആദ്യമായി പ്രണയത്തിന്റെ വിത്ത് പാകിയ എന്റെ പ്രിയപ്പെട്ട മാത്തന് വേണ്ടി ഒരിടം…

Leave a Reply

Your email address will not be published. Required fields are marked *