(രചന: Shincy Steny Varanath)
ഇന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷമാകുന്നു…
ഒരു വർഷത്തിന് മുൻപ് വിവാഹമുറപ്പിച്ചു കഴിഞ്ഞ്, മധുരസ്വപ്നങ്ങളുമായി തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ഒരു രാത്രിയിൽ, അമ്മയാണ്ടെ… മന്ദം മന്ദം വരുന്നു. ഒരു നിശ്ചിത ദൂരമിട്ട് അപ്പനും…
ദൈവമേ… ഇവരുടെ വരവിന്റെ ഉദ്ദേശമെന്താണോ… ചെക്കന്റെ വീട്ടുകാരെങ്ങാൻ കല്യാണം വേണ്ടെന്ന് പറഞ്ഞോ? ഒരുപാട് ആലോചിച്ച് കണ്ടുപിടിച്ചതാണ്.
പെണ്ണുകാണാൻ വന്ന ചെക്കൻമാരെയെല്ലാം കൂട്ടി എനിക്ക് വാട്ട്സാപ്പ് ഗ്രൂപ്പുള്ളത് അറിഞ്ഞു കാണുമോ? അതോ അങ്ങേര് ഒളിച്ചോടിയോ…. ‘കൊട്ടും കുരവയും ആളുകളില്ലേലും കെട്ടിയിടാനൊരു താലി… ‘ആ പാട്ടാണൊ കേൾക്കുന്നത്…
കണ്ട സ്വപ്നങ്ങളെല്ലാം ‘എന്തിനോ വേണ്ടി തിളപ്പിച്ച സാമ്പാറ് പോലാകുമോ’.അപ്പന്റെം അമ്മേടെം വരവുകണ്ടിട്ട് ഹൃദയം പൊട്ടുന്ന എന്തോ കുത്തിയിറക്കാനുള്ള വരവാണെന്ന് തോന്നുന്നു.
അമ്മ അടുത്ത് വന്ന്, ചുരുണ്ട് കൂടിയ ബെഡ്ഷീറ്റ് നേരെയാക്കി.
ഭാവി വരന്റെ കൂടെ ബീച്ചിൽ പോകുന്ന സ്വപ്നമായിരുന്നു അപ്പോൾ നടന്നോണ്ടിരുന്നത്. തിര വരുന്നതിന് മുൻപ് കരയിലേക്ക് ഓടിയതതിന്റെ ലക്ഷണമാണ് ബെഡ്ഷീറ്റ് ചുരുണ്ട് പോയത്.
അപ്പൻ കട്ടിളയിൽ ചാരി നിന്നു. താങ്ങു വേണ്ട എന്തോ കാര്യമാണ് പറയാൻ പോകുന്നതെന്ന് എനിക്ക് തോന്നി.
എന്തും കേൾക്കാൻ തയ്യാറായി ഞാൻ എഴുന്നേറ്റ് ഭിത്തിയിൽ ചാരിയിരുന്നു. മണലിൽ ലൗവിനകത്തെഴുതിയ രണ്ട് പേരിതാ മാഞ്ഞ് മാഞ്ഞ് പോകാൻ തുടങ്ങുന്നു. അമ്മ മുരടനക്കി ശബ്ദം ശരിയാക്കുന്നു… സ്റ്റാർട്ടിങ്ങ് ട്രബിളാണ്.
ഞാൻ പറഞ്ഞു “പറയാനുള്ളത് പറഞ്ഞോളു… എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്. നിങ്ങള് വിഷമിക്കണ്ട. ഞാൻ ആത്മഹത്യ ചെയ്യത്തൊന്നുമില്ല.”
ഞാൻ നോക്കുമ്പോൾ, അപ്പനുമമ്മയും ഒന്നിച്ച് ഞെട്ടുന്നു. ഒന്നിച്ചൊരു ഞെട്ടൽ പതിവില്ലാത്തതാണ്. അപ്പോൾ കാര്യം ഞാനുദ്ദേശിച്ചതിലും സീരിയസ്സാണ്. അമ്മ ഞെട്ടലിൽ നിന്ന് പെട്ടെന്ന് മോചിതയായി, സ്ഥലകാലം ബോധം വീണ്ടെടുത്ത്, വീണ്ടും കട്ടിലിലിരുന്നു.
‘ഞങ്ങളൊരു കാര്യം മോളോട് പറയാൻ വന്നതാ… മോള് ശ്രദ്ധിച്ച് കേൾക്കണം’ – അമ്മ.
അപ്പൻ അതിനനുസരിച്ച് തലയാട്ടുന്നുണ്ട്.
‘മോള് ‘ എന്നുള്ള വിളി ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ‘ടീ…’ അതായിരുന്നല്ലോ ഇതുവരെ എന്റെ ഔദ്യോഗിക നാമം. മോളെന്നു വിളിക്കണമെങ്കിൽ എന്തോ കൂടിയ പ്രശ്നമുണ്ട്…
അമ്മ പറ…
കല്യാണം കഴിയുമ്പോൾ ”പൊന്നുമോളെ, അവിടുത്തെ അമ്മയെ ദേ… ഈ നിക്കുന്ന എന്നെപ്പോലെ കാണരുത്, പരിഗണിക്കുകയുമരുത്…
അവിടുത്തെ അപ്പനെ, ദാ… ആ അവിടെ നിക്കുന്ന നിർഭാഗ്യവാനായ നിന്റെ അപ്പനെപ്പോലെ കാണരുത്…
അവിടുത്തെ സഹോദരങ്ങളെ, നിന്റെ ആങ്ങളയും അനിയത്തിയുമായൊന്നും കാണരുത്.
നിന്റെ സ്വന്തം വീടാണിതെന്ന് അവിടുത്തെ അമ്മ പറഞ്ഞാലും വിശ്വസിക്കണ്ട…
അവരെ വെറുമൊരു സാധാരണ മനുഷ്യരായി മാത്രം കണ്ടാൽമതി.
നിന്റെ നല്ലതിനല്ല ഇതൊക്കെ പറയുന്നത്…
അവരുടെ നല്ലതിനാണ്…
ഞാനൊന്ന് ഞെട്ടി… എല്ലാ അമ്മമാരും പറയുന്നതിനെതിര്… ഇതെന്ത് അമ്മയാടോ…
എന്റെ കുടുംബ ജീവിതം തകർക്കാൻ ഇവർ എന്തിനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് എന്ത് ലാഭമാണ് ഇവരുദ്ദേശിക്കുന്നത്…
സിനിമേലൊക്കെയാണേൽ കേട്ടിരിക്കുന്നത് ‘മോളെ… ഇന്നു മുതൽ ഇതാണ് വീട്..മോളുടെ അമ്മ…അപ്പൻ… സഹോദരങ്ങൾ. ഇവരെയെല്ലാം പപ്പയേയും മമ്മിയെം പോലെ സ്നേഹിക്കണം, സഹായിക്കണം ‘ എന്നാക്കെയല്ലേ? ഇവരെന്താ ഇങ്ങനെ?
കല്യാണം മുടങ്ങി എന്ന വാർത്ത പ്രതീക്ഷിച്ച് തളർന്നുവീഴാൻ തയ്യാറായിരുന്ന എന്നിൽ ഈ വാക്കുകൾ അത്ര വലിയ ആഘാതം സൃഷ്ടിച്ചില്ല.
കൂടുതൽ ചിന്തിച്ച് തലപ്പുകയ്ക്കാതെ ഞാനും ചേട്ടായിംകുടി വീണ്ടും ബീച്ചിലോട്ട് പോയി.
ഇതിനെയൊക്കെ എന്ത് പറഞ്ഞ് മനസ്സിലാക്കും എന്ന ആകുലതയോടെ അപ്പനുമമ്മയും അവരുടെ മുറിയിലേക്കും.
നിശ്ചയിച്ചപോലെ കല്യാണം കഴിഞ്ഞു…
അമ്മായി അമ്മ വിളക്കു തന്ന് സ്വീകരിച്ചു.
വലതുകാല് മാറിപ്പോകാതിരിക്കാൻ വിരലിലൊരടയാളം വച്ചിരുന്ന കൊണ്ട് അകത്തോട്ടുള്ള കേറ്റവും പിഴച്ചില്ല. അങ്ങനെ ജീവിതം തുടങ്ങി…
ആദ്യത്തെ ദിവസങ്ങളിൽ തന്നെ അമ്മ പറഞ്ഞതിലൊരു കാര്യമുണ്ടെന്ന് പിടികിട്ടി തുടങ്ങി.
എന്റെ വീടുപോലെ തോന്നിയിരുന്നെങ്കിൽ,
ഞാൻ 8 മണി കഴിയാതെ കട്ടിലേന്ന് പൊങ്ങില്ല…
എഴുന്നേറ്റ് വരുന്നതോ ചായ…ചായ… എന്ന സൈറൺ മുഴക്കി.
സ്വന്തം വീടല്ല എന്ന തോന്നലുള്ളതുകൊണ്ട് ഞാൻ 5 മണിക്കേ എഴുന്നേറ്റ് തുടങ്ങി. ചായവേണമെന്ന ആവശ്യം അബദ്ധത്തിൽപ്പോലും വായിൽ നിന്ന് വീണില്ല. ചായ കുടി ശീലമേയല്ലാതായി.
സ്വന്തം വീട്ടിൽ, സ്വന്തം തുണിയലക്കിയത് വളരെ വിരളമായി… എന്റെ ബെഡ്ഷീറ്റ്, കൂടുതൽ മുഷിഞ്ഞ തുണികളെല്ലാം അലക്കാൻ പോകുന്ന അമ്മയുടെ ബക്കറ്റിലേക്ക് താഴ്ത്തും.
സ്വന്തം വീടല്ല എന്ന തോന്നലുള്ളതുകൊണ്ടും മാറ്റിയിടാൻ എന്റെ അമ്മയുടെ ബക്കറ്റില്ലാത്തതുകൊണ്ടും മുഷിഞ്ഞ തുണിയൊന്നും നീക്കിവയ്ക്കാതെ അലക്കി വെടിപ്പാക്കി. നാളെക്ക് മാറ്റിവച്ചാലും ഞാൻ തന്നെയലക്കണം.
പറഞ്ഞുവിട്ട സാധനം കൊണ്ടു വന്നില്ലെങ്കിൽ ചാടിക്കടിക്കാൻ സ്വന്തം അപ്പനല്ലെന്ന ബോധ്യമുള്ളതുകൊണ്ട്, ‘എന്തെങ്കിലും വേണോ മോളെ’ എന്നുള്ള അമ്മായിഅപ്പന്റെ ചോദ്യത്തെ ഭയഭക്തി ബഹുമാനത്തോടെ മടക്കി.
പറയാന്നല്ലെയുള്ളു. കൊണ്ടു വന്നില്ലെങ്കിൽ രണ്ട് പറഞ്ഞാലല്ലെ ഒരു സമാധാനം കിട്ടു. അത് പറ്റില്ലല്ലോ…
അടുക്കളയിലെ പലഹാര ഭരണിയിൽ കൈയിട്ട് വാരുന്ന സഹോദരങ്ങളെ കണ്ടപ്പോൾ, ആങ്ങളയെയും അനുജത്തിയുമായി തോന്നിയില്ല. അവരുടെ നല്ല കാലം…
അല്ലെങ്കിലെപ്പോ അടിപൊട്ടീന്ന് ചോദിച്ചാമതി. അനുജത്തീടെ തലമുടി പകുതി എന്റെ കയ്യിലിരുന്നേനെ… ചെരുപ്പോ… ചൂലോ…കെയിൽ കിട്ടുന്ന എന്തും അനിയന്റെ പുറത്തിരുന്നേനെ. അനിയന്റെ ഇടി എന്റെ നടുംപുറത്തും.
ഇപ്പോൾ,കൈയിട്ടുവാരിയതിന്റെ പങ്ക് വേണോന്ന് ചോദിച്ച, അനിയനോടും അനിയത്തിയോടും ‘നിങ്ങളു തിന്നോ കുട്ടികളേ’ ഏടത്തിക്ക് വേണ്ട എന്നു പറഞ്ഞ്, നല്ലൊരേട്ടത്തിയായത് അവരെന്റ സ്വന്തം അനുജനോ അനുജത്തിയോ ആണെന്ന് വിശ്വസിക്കാത്തതുകൊണ്ട് മാത്രമാണ്.
വിരുന്നുകാര് വന്നപ്പോൾ, ‘ചായ ഇടാൻ ഞാൻ കൂടാം’എന്ന് അമ്മായി അമ്മ പറഞ്ഞപ്പോൾ, ‘വേണ്ടമ്മേ ,ഞാൻ എടുത്തോളാം. അമ്മ അവരോട് സംസാരിച്ചോളു എന്ന് പറഞ്ഞത്, അത് എന്റെ പെറ്റമ്മയല്ലാത്തതുകൊണ്ടാണ്.
സ്വന്തമമ്മയായി അബദ്ധത്തിലെങ്ങാൻ ഞാൻ വിചാരിച്ചിരുന്നെങ്കിൽ ‘അമ്മേ എനിക്കും കൂടിയൊരു ചായ ‘ എന്ന് പറഞ്ഞ് വിരുന്നുകാരുടെ നടുക്കിരുന്നു ഞാൻ വാചകമടിച്ചേനെ…
എനിക്കെടുക്കാതെ വീട്ടിലാർക്കെങ്കിലും ഡ്രസ്സെടുത്താൽ, വീട് തലതിരിച്ച് വയ്ക്കുന്ന ഞാൻ, എനിക്കെടുക്കാതെ അമ്മായിഅമ്മ പുത്തൻ സാരി വാങ്ങിയത് കണ്ടപ്പോൾ, ‘അമ്മ പുതിയതൊക്കെ ഇട്ട് നടക്കുന്ന കാണാൻ നല്ല ചന്തമാണെന്ന് ‘ഇളിച്ച് കാണിച്ചോണ്ട് പറഞ്ഞൊപ്പിച്ചു.
സ്വന്തമമ്മയായി തോന്നാതിരുന്നത് നന്നായി, അല്ലെങ്കിൽ ‘പെട്ടി നിറയെ ഇത്ര സാരിയുണ്ടായിട്ടും പോര…വയസെത്രയായീന്ന് വല്ല വിചാരവുമുണ്ടോ? ഞാനാകോളേജിൽ പോകുന്നെ, അമ്മയല്ല’… എന്ന് തുടങ്ങിയേനെ.
എവിടെയെങ്കിലും പോയി, ഓടിക്കിതച്ചു വരുന്ന എന്റെ അമ്മ മുറ്റത്തെത്തുന്നതിന് മുൻപേ ഞാൻ കോരിയൊഴിക്കാൻ തുടങ്ങും,’ എവിടെപ്പോയി കിടക്കുവായിരുന്നു, ആരേലും കണ്ടാൽ വായും പൊളിച്ചങ്ങ് നിന്നോളും. വീട്ടിൽ പോരണമെന്ന ഒരു വിചാരവുമില്ല ‘ എന്ന്.
അമ്മായി അമ്മ സ്വന്തമമ്മയല്ലാ എന്ന ബോധ്യമുള്ളതുകൊണ്ട്, രാവിലെ പോയി രാത്രിക്കേറി വന്നാലും ‘അമ്മ കുറച്ചു നേരത്തെയാണല്ലോ വന്നത്. ഇത്രയ്ക്കും തിരക്കിട്ട് വരണ്ടായിരുന്നല്ലോന്ന്’ തേനിൽ മുക്കിയതാണെന്ന് അമ്മയ്ക്ക് തോന്നുമാറ് മൊഴിയും.
നേരത്തെ,ആരോടെങ്കിലുമൊക്കെയുള്ള ദേഷ്യം മുഴുവൻ ‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ‘ എന്ന പഴമൊഴി അന്വർത്ഥമാക്കിയെ അടങ്ങു.
ഇപ്പോൾ എത്ര ദേഷ്യം വന്നാലും, ആരുമറിയാതെ നോക്കും.
സ്വന്തം വീടായി തോന്നാൻ ശ്രമിക്കാത്തതുകൊണ്ട്, കൃത്യമായി അടിച്ചു വരാറുണ്ട്, തൂത്ത് തുടയ്ക്കാറുണ്ട്, ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ച് പാകം ചെയ്ത് വിളമ്പാറുണ്ട്,
പാത്രങ്ങൾ തേച്ചു കഴുകി മിന്നിത്തിളക്കാറുണ്ട്, മുറ്റമടിക്കാറുണ്ട്, വിറകെടുത്ത് വയ്ക്കാറുണ്ട്,… അങ്ങനെ അങ്ങനെ എന്തൊക്കെ. ഈ പണിയൊക്കെ എന്റെ വീട്ടിൽ ഉണ്ടായിരുന്നോന്നൊരു സംശയം. കണ്ടില്ല… ആരും പറഞ്ഞില്ല…
പറഞ്ഞതാരും കേട്ടില്ല എന്ന് അമ്മ പറയുന്നതായിരുക്കുമല്ലേ സത്യം.
അവിടെയില്ലായിരുന്ന ഒരു സംഭവമേ ഇവിടെയുള്ളു.
കെട്ടിയോൻ… അതുപോലെ ഇതിനെം കാണണം എന്ന് പറയാൻ ഇതിന് പകരം മുൻപില്ലാതിരുന്ന കൊണ്ട് എന്റെ അപ്പനോടും അമ്മയോടും സഹോദരങ്ങളോടും എല്ലാവരോടുമുള്ള സത്യസന്ധമായ സ്നേഹം അനുഭവിക്കാൻ വിധിക്കപ്പെട്ട ഭാഗ്യവാൻ.
എന്റെ അമ്മേടെ ഉപദേശവും, അതിന്റെ പിന്നിൽ പ്രവർത്തിച്ച അപ്പന്റെ ബുദ്ധിയെയും ഞാൻ നന്ദിയോടെ സമരിക്കുന്നു.
ഇപ്പോൾ തന്നെ നോക്ക് വിവാഹ വാർഷികമായിട്ട് ഒരു തുവാല പോലും വാങ്ങി തന്നില്ല. കേക്കുമില്ല.
ചോദിച്ചപ്പോൾ പറയുവാ ‘ഒന്നും കേക്കെണ്ടെങ്കിൽ ‘ ഫോണുംവെച്ചിട്ട് എഴുന്നേറ്റ് പോകാൻ.
എന്റെ പിറന്നാളിന് തലേന്ന് കേക്കുവാങ്ങാൻ മറന്നു പോയതിന് അപ്പനെ രാവിലെ ബേക്കറിയിലേക്ക് ഓടിച്ച എനിക്കിപ്പോഴെന്ത്, പിറന്നാൾ… വിവാഹ വാർഷികം.
അന്ന് ‘സ്വപ്നത്തിൽ കണ്ടതല്ലാതെ പിന്നെ ബീച്ച് കണ്ടതേയില്ല…
അമ്മായിഅമ്മയെ സ്വന്തമമ്മയായി, അമ്മായിഅപ്പനെ സ്വന്തമപ്പനായി, സഹോദരങ്ങളെ സ്വന്തം സഹോദരങ്ങളായും കാണാൻ അമ്മ പറയുകയും ഞാൻ അനുസരിക്കാൻ തയ്യാറാവുകയും ചെയ്തിരുന്നെങ്കിലെ അവസ്ഥ ചിന്തിക്കാനെ പറ്റില്ല.
സ്വന്തമാണെന്നൊക്കെ പറഞ്ഞോളൂ… പ്രവർത്തിച്ച് കാണിക്കരുത്… ജീവിതം കട്ടപൊഹയാകും…