കിടപ്പറയിൽ ഒരിക്കൽപ്പോലും അകന്ന് കിടന്നിട്ടില്ലാത്തവൾ കട്ടിലിൻ്റെ ഓരമായി കിടന്നു ചേർത്ത്..

പിണക്കം
(രചന: Raju Pk)

കൂട്ടുകാരിയുടെ വിവാഹത്തിന് പോയി തിരികെ വരുമ്പോൾ ഭാര്യയുടെ മുഖം കടന്നൽ കുത്തേറ്റതു പോലെ വല്ലാതെ വീർത്തിരുന്നു. എത്ര കാരണം തിരക്കിയിട്ടും പ്രിയ ഒന്നും പറഞ്ഞില്ല.

ആഴ്ച്ചയിൽ ഒരിക്കൽ കിട്ടുന്ന അവധി ദിവസം. കൂട്ടുകാരോടൊത്ത് ഞായറാഴ്ച്ചകളിൽ ഉച്ചക്ക് ശേഷം പതിവുള്ള ഒത്തു കൂടലും കഴിഞ്ഞ് തിരികെ വരുമ്പോഴും പ്രിയയുടെ മുഖഭാവങ്ങളിൽ മാത്രം ഒരു മാറ്റവുംകണ്ടില്ല. മോൻ ഉറങ്ങിയിരിക്കുന്നു.

കളിതമാശകളുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നിടത്ത് വല്ലാത്ത നിശബ്ദത തളം കെട്ടി നിന്നു.

കിടപ്പറയിൽ ഒരിക്കൽപ്പോലും അകന്ന് കിടന്നിട്ടില്ലാത്തവൾ കട്ടിലിൻ്റെ ഓരമായി കിടന്നു ചേർത്ത് പിടിക്കാൻ ശ്രമിച്ച എൻ്റെ കൈകളെ അവൾ ദേഷ്യത്തോടെ തട്ടിമാറ്റി.

”പ്രിയാ എന്താണ് നിൻ്റെ പ്രശ്നം എന്ന് പറയൂ”

”എനിക്കൊരു പ്രശ്നവുമില്ല എൻ്റെ ജീവിതത്തിൽ അച്ഛനമ്മമാരെപ്പോലും മറന്ന് നിങ്ങളോടൊപ്പം ഞാൻ ഇറങ്ങി വരുമ്പോൾ എനിക്ക് ഒരു പാട് പ്രതീക്ഷകളുണ്ടായിരുന്നു നിങ്ങളെപ്പറ്റി.

സത്യസന്ധതയായിരുന്നു നിങ്ങളിൽ ഞാൻ കണ്ട ഏറ്റവും വലിയ യോഗ്യത പക്ഷെ എന്നോട് നിങ്ങൾ ഇക്കാലമത്രയും കള്ളങ്ങൾ മാത്രമാണ് പറഞ്ഞു കൊണ്ടിരുന്നതെന്ന് ഇന്നെനിക്ക് മനസ്സിലായി”.

”ഞാൻ നിന്നോട് എന്ത് കള്ളം പറഞ്ഞെന്നാ നീ പറയുന്നത്”.

”എന്നേക്കൊണ്ട് അധികം പറയിക്കരുത് ഗോപേട്ടാ”….

”സത്യം പറ നിങ്ങൾക്ക് ഏത് കമ്പനിയിലാ ജോലി നിങ്ങളുടെ ഫോർമാൻ ജോലിയെപ്പറ്റി ഞാൻ എൻ്റെ കൂട്ടുകാരിയിൽ നിന്നും അറിഞ്ഞു”.

”അതാണോ നിൻ്റെ പ്രശ്നം നിൻ്റെ കൂട്ടുകാരി പറഞ്ഞതെല്ലാം ശരിയാണ് കണ്ണൂരിലെ മീൻ മാർക്കറ്റിലാണ് എനിക്ക് ജോലി മീൻ കച്ചവടം കൂടെ നാല് ഭായിമാരും”.

”സ്നേഹിച്ച പെണ്ണിനെ താലികെട്ടി കൂടെ ചേർത്ത് പിടിച്ചപ്പോൾ എനിക്കെൻ്റെ ബന്ധുക്കളെല്ലാവരും അന്യരായി നീ അവളേയും കൂട്ടി ജീവിക്കുന്നത് എനിക്കൊന്ന് കാണണം എന്നായി അച്ഛൻ അവരെന്നെ വീട്ടിൽ നിന്നും പുറത്താക്കി.

കയ്യിൽ ഉണ്ടായിരുന്ന കമ്പനി ജോലി കൊണ്ട് വീടിൻ്റെ വാടകയും മറ്റു ചിലവുകളും കഴിയുമ്പോൾ ഒന്നും മിച്ചമില്ലാത്ത അവസ്ഥ കൈയ്യിലെ ബിടെക്ക് ബിരുദവുമായി പലയിടത്തും അലഞ്ഞു നല്ലൊരു ജോലിക്കായി നിരാശയായിരുന്നു ഫലം
അതിനിടയിലാണ് നമുക്കിടയിലേക്ക് നമ്മുടെ മോൻ കടന്ന് വരുന്നത്.

പകൽ കമ്പനിയിലെ ജോലിയും രാത്രി കാലങ്ങളിൽ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തു.വൈകി വരുന്ന ദിവസങ്ങളിൽ കമ്പനിയിൽ ജോലിത്തിരക്കാണെന്ന് പലപ്പോഴും നിന്നോട് കള്ളം പറഞ്ഞു നീ വിഷമിക്കേണ്ടന്ന് കരുതി മാത്രം”

”ഇന്ന് വാടക വീട്ടിൽ നിന്നും മാറി ചെറുതെങ്കിലും സ്വന്തം വീട്ടിലാണ് നമ്മൾ താമസിക്കുന്നത് നിന്നോടിതൊന്നും പറയാതിരുന്നത് വലിയ തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല കാരണം ഞാൻ ആരെയും പറ്റിച്ചിട്ടില്ല മോഷ്ടിച്ചിട്ടില്ല നല്ലപോലെ അധ്വാനിച്ചാണ് കുടുംബം നോക്കുന്നത്.”

നിറഞ്ഞ് തൂവുന്ന കണ്ണുകളോടെ അവളെൻ്റെ അടുത്തേക്ക് തിരിഞ്ഞു.

”എങ്കിലും എന്നോട് പറയാമായിരുന്നു”

കൂട്ടുകാരോട് എൻജിനീയർ ആണെന്ന് പറഞ്ഞിട്ട്.

”മാർക്കറ്റിലെ മീൻകച്ചവടക്കാരനെയാണോ നീ എൻജിനീയർ എന്ന് പറയുന്നത് എന്ന് എൻ്റെ മുഖത്ത് നോക്കി ഹേമ ചോദിച്ചപ്പോൾ ആദ്യം ഒന്ന് തളർന്നെങ്കിലും.

”ചെയ്യുന്ന ജോലി എന്താണെന്ന് നോക്കിയല്ല ഞാൻ എൻ്റെ ഏട്ടനെ സ്നേഹിക്കുന്നത് ഞങ്ങൾക്കു വേണ്ടി എന്ത് ജോലിയും ചെയ്യാനുള്ള ആ മനസ്സിനെയാണ് ഞാൻ സ്നേഹിക്കുന്നത് എന്നവളോട് പറഞ്ഞു”

”പെട്ടന്ന് കേട്ടപ്പോൾ വിഷമമായെങ്കിലും എൻ്റെ ഏട്ടനാണ് ശരി ഉന്നത വിദ്യാഭ്യാസത്തിൻ്റെ പേരും പറഞ്ഞ്…

മറ്റൊരു ജോലിയും ചെയ്യാതെ മാതാപിതാക്കന്മാർക്ക് ഒരു ഭാരമായി നാട്ടിൽ ചുമ്മാ കറങ്ങി നടക്കുന്നവർക്ക് ഒരു മാതൃകയാണ് എൻ്റെ ഏട്ടൻ അതും പറഞ്ഞവൾ എൻ്റെ നെഞ്ചോട് ചേർന്ന് കിടന്നു”.

Leave a Reply

Your email address will not be published. Required fields are marked *