വീട് പണിയുടെ ആവിശ്യം വന്നപ്പോൾ അവൾക്ക് ആകപ്പാടെ ഉള്ള വള ഞാനാണ് വിറ്റത്, അതും ഞാൻ..

(രചന: ശ്രീജിത്ത്‌ കൊച്ചുപുരക്കൽ)

രാവിലെ  ചായയുമായി വന്ന അവൾ വിളിക്കുമ്പോൾ ആണ് ഞാൻ എഴുന്നേറ്റത്. പുറത്തു മഴ തിമിർത്തു പെയ്യുന്നു, ഞാൻ പുതപ്പ് മാറ്റി അവളുടെ കയ്യിൽ നിന്ന്  ചായ മേടിച്ചു കുടിക്കാൻ തുടങ്ങി.

അവൾ കൈ എടുത്തു എന്റെ നെറ്റിയിൽ വെച്ചിട്ട് പറഞ്ഞു പനി  കുറവുണ്ടോ ഏട്ടാ ..ഞാൻ ഒന്ന് മൂളി
അവൾ അടുക്കളയിലോട്ട് പോയി .. ആ പോയത് എന്റെ ഭാര്യ ആണ് പേര് ദിവ്യ ഒരു വിപ്ലവം നടത്തി ഞാൻ നേടിയെടുത്ത എന്റെ നല്ലപാതി..

ഒരാഴ്ചയായി നല്ല പനിയാരുന്നു ഇപ്പോൾ നല്ല കുറവുണ്ട് , വീട്ടിലെകാര്യങ്ങൾ ശകലം ബുദ്ധിമുട്ടിലാണ്, ഒരാഴ്ച്ച ആയി പണിക്ക് പോയിട്ട് , അവൾക്ക്  അയൽക്കൂട്ടം വഴി ലോൺ കിട്ടിയ 5000 രൂപ കൊണ്ട്  കാര്യങ്ങൾ ഒരു വിധം
മുന്നോട്ടു പോയി ..

മഴ തുടങ്ങിയാൽ ഓട്ടോ ഓടിക്കുന്ന ഞങ്ങൾക്ക് ഓട്ടം മടുപ്പാണ് ..ഇത് ഒരു ഗ്രാമ പ്രദേശം ആയത് കൊണ്ടു ആയിരിക്കാം..

ഓട്ടോ ഓടിച്ചു ഒരു വിധം കുഴപ്പം ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് പൊക്കോണ്ടിരിക്കുവാരുന്ന അപ്പോൾ ആണ് പനി പിടികൂടിയത് .. നാളെ  എങ്കിലും ഓടാൻ പോണം എന്ന്  മനസ്സിൽ  പറഞ്ഞു കൊണ്ട് ബെഡിൽ കിടക്കുമ്പോൾ ..

ഒരാൾ പുതപ്പിനു മുകളിൽകൂടി എന്നെ കെട്ടിപ്പിടിക്കുന്നു  ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ചിന്നു മോൾ ആണ്. ഞങ്ങളുടെ ആകപ്പാടെ ഉള്ള സമ്പാദ്യം..ഇപ്രാവശ്യം ഒന്നാം ക്ലാസ്സിൽ ചേർന്നതേ  ഉള്ളൂ.

അടുക്കളയിൽ നിന്ന് അവൾ വിളിക്കുന്നുണ്ട് ചിന്നു  അച്ഛനെ ശല്യപെടുതാണ്ടാ ഇങ്ങു പോരെ.

ഞാൻ വരൂല ഞാൻ അച്ഛന്റെ കൂടെ കിടക്കുവാ ചിന്നു പറഞ്ഞു

ഞാനും തടഞ്ഞില്ല കുറച്ചു ദിവസം ആയി അവളുടെ കൂടെ ഇങ്ങനെ ഇരുന്നിട്ട് പനി പകരണ്ടാ എന്ന് കരുതി ആയിരുന്നു. പിറ്റേ ദിവസം പതിവ് പോലെ അമ്മയ്ക്കും മകൾക്കും ഓരോ ഉമ്മയും കൊടുത്തിട്ട് ഞാൻ ഓട്ടോ എടുത്ത് സ്റാൻഡിലോട്ട് പോയി ..

രാവിലെ തന്നെ കുഴപ്പം ഇല്ലാത്ത രണ്ടു ഓട്ടം കിട്ടി ..ഓട്ടം കഴിഞ്ഞ് സ്റ്റാൻഡിൽ ഇരുന്നപ്പോൾ ആണ്  കാലുവയ്യാത്ത ഒരു  ചേട്ടൻ ലോട്ടറി ആയിട്ട് വന്നത്. ലോട്ടറി എടുക്കാറില്ലെങ്കിലും ആ ചേട്ടനെ കണ്ടപ്പോൾ ഒരെണ്ണം എടുക്കാൻ തോന്നി ..

രാവിലെ രണ്ടു ഓട്ടം കിട്ടിയ കൊണ്ട് കുഴപ്പം ഇല്ല എനിക്ക് മുൻപിൽ  അഞ്ചാറു ഓട്ടോ ഉണ്ട്  ഇന്ന്  ഇനി ഓട്ടം കിട്ടാൻ പാടാണ് .ഞാൻ ഓട്ടോയുടെ പുറകു സീറ്റിൽ കയറി കിടന്നു ..

കുറെ നാളായി രണ്ടാളെയും ഒന്ന് പുറത്തു കൊണ്ടു പോയിട്ട് ..ഇന്ന് അല്ലങ്കിൽ നാളെ ഒന്ന് കൊണ്ടു പോകണം  നമ്മുടെ ജീവിതത്തിൽ ഇതക്കെ
അല്ലേ ഉള്ളൂ ഒരു സന്തോഷം ..

അവൾ പഠിക്കാൻ മിടുക്കി ആയിരുന്നു അവളുടെ പഠിപ്പ് മുടങ്ങാൻ ഞാനും ഒരു കാരണം ആണ് ..

ഞങ്ങൾ തമ്മിലുള്ള പ്രണയം അവളുടെ വീട്ടിൽ അറിഞ്ഞപ്പോൾ ..അവളെ എനിക്ക് നഷ്ടപ്പെടും എന്നാ അവസ്ഥ വന്നപ്പോൾ എനിക്ക് അവളെ വിളിച്ചു ഇറക്കേണ്ടി വന്നു …

അത്‌ കൊണ്ട് തന്നെ  അവൾ ഒരിക്കലും വിഷമിക്കരുത് എന്ന്  എനിക്ക് നിർബന്ധം ഉണ്ടാരുന്നു.. അവളെ പലപ്രവിശ്യം ഞാൻ നിര്ബന്ധിച്ചതാണ് തുടർന്ന് പഠിക്കാൻ അവൾ സമ്മതിച്ചില്ല ..

അവളെ പഠിപ്പിക്കണം അത്‌ എന്റെ ഒരു ആഗ്രഹം ആണ് …ഞാനും മോളും മാത്രം ആണ് അവളുടെ ലോകം . അവളായിട്ട് ഒരു ആഗ്രഹവും എന്നോട് ഇത്  വരെ  പറഞ്ഞിട്ടില്ല ..

ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോൾ സമയം നോക്കി 5 കഴിഞ്ഞു .. ഇനി ഇപ്പോൾ സ്റ്റാൻഡിൽ കിടന്നിട്ട് കാര്യമില്ല …

ഒരു ചായ കുടിച്ചിട്ട് പോയേക്കാം എന്നും കരുതി  സ്റ്റാൻഡിനു അടുത്തുള്ള  കടയിൽ ചെന്ന് ഒരു ചായ പറഞ്ഞു ..

ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് രാവിലെ ടിക്കറ് തന്നാ ലോട്ടറി ചേട്ടൻ പോകുന്നത് കണ്ടത് ഞാൻ ആ ചേട്ടനെ വിളിച്ചു …ഇതിന് വല്ലതും ഉണ്ടോ രാവിലെ എടുത്തതാ ഞാൻ ചോദിച്ചു ..

പുള്ളിക്കാരൻ ടിക്കറ് കുറച്ച് നേരം നോക്കിയിട്ട് പറഞ്ഞു അടിച്ചല്ലോ മോനെ അൻപതിനായിരം രൂപ ഉണ്ട്. എന്റെ ഭഗവാനെ രക്ഷപെട്ടു ..തൽക്കാലത്തെ പ്രശ്നങ്ങൾ ഒന്ന് തീർന്നു കിട്ടും ലോണും കാര്യങ്ങൾക്കും ഒരു തീരുമാനംമായി …

ഞാൻ ആ ലോട്ടറി ചേട്ടന് പോക്കറ്റിൽ നിന്ന് ഒരു 100 എടുത്ത് കൊടുത്തിട്ട് പറഞ്ഞു ചേട്ടൻ ഇത് വെച്ചോ ഒരു സന്തോഷത്തിന്..പുള്ളി ചിരിച്ചു കൊണ്ട് പറഞ്ഞു വേണ്ടാ മോനെ ..

ഞാൻ പൈസ പുള്ളിയുടെ പോക്കെറ്റിൽ ഇട്ട് കൊടുത്തു ..ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു ടൗണിലോട്ട് വിട്ടു  കയ്യോടെ തന്നെ ലോട്ടറി മാറി ..പൈസ മേടിച്ചു..

വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോകാൻ എടുക്കുമ്പോൾ ആണ് ഞാൻ ഓർത്തത് അവൾക്കും മോൾക്കും എന്തെങ്കിലും വാങ്ങണമെന്ന് ..പൈസ കയ്യിൽ വരുമ്പോൾ സ്ഥിരം ഉള്ള കൺഫ്യൂഷൻ ആണ് എന്ത് മേടിക്കണം എന്ത് ചെയ്യണം എന്നുള്ളത് .. ഞാൻ വണ്ടിയിൽ ഇരുന്നു ആലോചിച്ചു..

അപ്പോൾ ആണ് ഓർത്തത് വീട് പണിയുടെ
ആവിശ്യം വന്നപ്പോൾ അവൾക്ക് ആകപ്പാടെ ഉള്ള വള ഞാനാണ്  വിറ്റത് .. അതും ഞാൻ ആദ്യമായിട്ട് മേടിച്ചു കൊടുത്ത വള ആയിരുന്നു..

കുറച്ചു സങ്കടത്തോടെ ആണെങ്കിലും അവൾ അത് ഊരി തന്നു .. എനിക്കും അതിന് നല്ല സങ്കടം ഉണ്ടാരുന്നു പക്‌ഷേ അന്നത്തെ സാഹചര്യത്തിൽ വേറെ മാർഗം ഇല്ലാരുന്നു

ഒരു  വള തന്നെ മേടിക്കാൻ ഞാൻ തീരുമാനിച്ചു

അവൾക്ക്  ഒരു വളയും മേടിച്ചു  ചിന്നു മോൾ ക്ക്  ഒരു ചോക്ലേറ്റ് മേടിച്ചു ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു എടുത്തു കുറച്ചു ദൂരം ചെന്നപ്പോൾ
ആണ് ഓർത്തത് …

ചിന്നു മോൾ  എന്നും പറയും അച്ഛാ എനിക്ക് ഇറച്ചി വേണമെന്ന് .. അവൾക്ക് ഭയങ്കര ഇഷ്ടമാണ്
വീട്ടിലോട്ട് പോകുന്ന വഴി മാർക്കറ്റിൽ നിന്ന് ഒരു കിലോ ഇറച്ചി മേടിച്ചു ..

വീട്ടിൽ ചെന്ന് കയറി അകത്തു അകത്തു
നോക്കിയപ്പോൾ അവൾ അകത്തില്ല  .. ചിന്നു മോൾ വരാൻ സമയം ആകുന്നതേ ഉള്ളൂ .അവളെ കൊണ്ട് പോകാനും തിരിച്ചു കൊണ്ട് വരാനും സ്കൂൾ ബസ്  ഉള്ളത് കൊണ്ടു പേടിക്കാൻ ഒന്നും ഇല്ല

പുറത്തു തുണി അലക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്  ഞാൻ ജനലിൽ കൂടി
നോക്കിയപ്പോൾ ആശാത്തി തുണി
അലക്കുകയാണ് . വണ്ടിയുടെ ശബ്ദം കേട്ടു കാണില്ല അല്ലങ്കിൽ ഓടി വരേണ്ടതാണ്    ..

ഞാൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ പുറകിൽ കൂടി ചെന്ന് കെട്ടി പിടിച്ചു പെട്ടന്ന് ആയതുകൊണ്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി ..

ഞാൻ ആണെന്ന് കണ്ടപ്പോൾ അവൾ പറഞ്ഞു എന്റെ ഏട്ടാ മനുഷ്യന്റെ നല്ല ജീവൻ പോയി . ഇത് എപ്പോൾ വന്നു വണ്ടിയുടെ സൗണ്ട് ഒന്നും കേട്ടില്ലല്ലോ അവൾ പറഞ്ഞു ..

ഞാൻ വന്നതേ ഉള്ളൂ എന്നും പറഞ്ഞു അവളെ ഒന്നും കൂടി എന്നോട് ചേർത്ത പിടിച്ചു .വിട് ഏട്ടാ ആൾക്കാർ കാണും അവൾ ചുറ്റുപാടും നോക്കികൊണ്ട്‌ പറഞ്ഞു .

ഇന്ന് ഭയങ്കര സന്തോഷത്തിൽ ആണെല്ലോ എന്ത് പറ്റി അവൾ ചോദിച്ചു..

പിന്നെ എനിക്ക് എന്റെ ഭാര്യയെ കെട്ടിപ്പിടിക്കാൻ നാട്ടുകാരുടെ സമ്മതം വേണോ എന്നും പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ  കൊടുത്തു ..

കുതറി മാറാൻ ശ്രെമിച്ച അവളോട് അത്രക്ക് ആയോ എന്നും പറഞ്ഞു ഞാൻ അവളെ പൊക്കി എടുത്തുകൊണ്ടു റൂമിലോട്ട് നടന്നു.  വിട് ഏട്ടാ ആളുകൾ കാണും അവൾ പറയുന്നുണ്ട് ,ഇ മനുഷ്യന് ഒരു നാണവും ഇല്ല അവൾ പറഞ്ഞു

അവളെ ഞാൻ കട്ടിലിൽ കൊണ്ട് ഇരുത്തി

എന്തോ ഇന്ന് കാര്യമായി സംഭവിച്ചിട്ടുണ്ട്
എന്താണ് ഏട്ടാ പറ്റിയത് അവൾ ചോദിച്ചു
കൊണ്ടിരിക്കുന്നു ..

അവളെ നോക്കി ഞാൻ ഒരു കണ്ണ് അടച്ചു
കാണിച്ചു ..

ഞാൻ പോകുവാ നിങ്ങടെ ഒരു കുട്ടിക്കളി എനിക്ക് ആ തുണി വിരിച്ചിടണം മഴ വരുന്നുണ്ട് .പോകാൻ എഴുന്നേറ്റ അവളുടെ കൈയിൽ പിടിച്ചു ഞാൻ ഇരുത്തി ഷർട്ട്‌ ന്റെ  പോക്കറ്റിൽ നിന്ന് ആ വള
എടുത്തു അവളുടെ കയ്യിൽ ഇട്ട് കൊടുത്തു.

സന്തോഷം കൊണ്ട് വിടർന്ന  അവളുടെ കണ്ണിൽ   നിന്ന് കണ്ണുനീർ പൊഴിയുന്നുണ്ട് .

ഞാൻ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു ഇത് കാണാനാണോ ഞാൻ ഇത് കൊണ്ട് വന്നത് എന്നും പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ഒരു   ഉമ്മ കൊടുത്ത് ..നാളെ തന്നെ അയൽക്കൂട്ടത്തിലെ ലോൺതിരിച്ചു  കൊടുക്കണം . ഇന്ന് ഉണ്ടായത് എല്ലാം ഞാൻ അവളോട് പറഞ്ഞു അവൾ എന്റെ മാറിൽ ചാരി ഇരുന്നു ..

അപ്പോൾ ആണ് ചിന്നു വന്നത് അവൾ അയ്യേ എന്ന് പറഞ്ഞത് കേട്ടത് കൊണ്ടു ഞങ്ങൾ പെട്ടന്ന് നേരെ ഇരുന്നു..

ഞാൻ ചോദിച്ചു എന്താടി…

അവൾ പറഞ്ഞു എന്തിനാ അച്ഛാ ഇ അമ്മ കരയുന്നത് . അച്ഛൻ ആണോ അമ്മയെ
കരയിപ്പിച്ചത് ചിന്നു ചോദിച്ചു ..

ഒന്ന് പോടീ അവിടുന്ന് ഞാൻ ഒന്നുമല്ല നിന്റെ അമ്മേ കരയിച്ചത് ..

ഇതാണ് നിന്റ അമ്മയുടെ കുഴപ്പം .സന്തോഷം വന്നാലും സങ്കടം വന്നാലും കരയും ദിവ്യയെ നോക്കി പറഞ്ഞു .. ഞാൻ ചിന്നുവിനെ എന്റെ മടിയിൽ ഇരുത്തി എന്നിട്ട് ഞാൻ കവറിൽ നിന്ന്  ആ ചോക്ലേറ്റ് ചിന്നുവിന് കൊടുത്തു അവളുടെ മുഖത്തെ സന്തോഷം കാണണമായിരുന്നു ..

ഞാൻ ചിന്നുവിനോട് ചോദിച്ചു അച്ഛനെ ആണോ അമ്മയെ ആണോ മോൾക്ക് ഇഷ്ടം എന്ന് ചോദിച്ചു ചിന്നു പറഞ്ഞു അച്ഛനെ ആണെന്ന് .. അല്ലേലും നീ അച്ഛന്റ്റെ മോൾ തന്നെ ആണ് എന്റെ  ചിന്നുക്കുട്ടിയെ..

ഓ പിന്നെ ഒരു അച്ഛനും മോളും വന്നിരിക്കുന്നു ദിവ്യ എന്റെ കവിളിൽ നുള്ളിക്കൊണ്ടു പറഞ്ഞു ..

എഴുന്നേറ്റു അടുക്കളയിൽ പോകാൻ ഒരുങ്ങിയ അവളോട് പറഞ്ഞു  എടി അതിൽ ഇറച്ചി ഇരുപ്പുണ്ട് നീ അത്‌ കറി വെക്കാൻ നോക്ക് , ഇന്ന് എന്റെ ചിന്നു കുട്ടിക്ക് ഇറച്ചികറി   …

ഏട്ടാ ഇതൊന്ന്  അരിഞ്ഞു തരാവോ അവൾ അടുക്കളയിൽ നിന്ന് വിളിച്ചു ..

ദാ വരുന്നു ഞാൻ പറഞ്ഞു , മോളെ നീ ഇവിടിരുന്നു ചോക്ലേറ്റ് കഴിക്ക് അച്ഛൻ ഇപ്പോൾ വരാം..

അടുക്കളയിൽ ചെന്ന് അവൾക്ക് ഇറച്ചി അരിഞ്ഞു കൊണ്ടിരിക്കുന്നതിന് ഇടക്ക് ഞാൻ ചോദിച്ചു .. ഡീ മോളെ നമുക്ക് അതങ്ങ് വീണ്ടും തുടങ്ങിയാലോ ..

എന്താണ് ഏട്ടാ അവൾ ചോദിച്ചു ..

നിന്റെ മുടങ്ങി പോയ പഠിപ്പ് നമുക്ക് വീണ്ടും തുടങ്ങിയാലോ ..

ഇനി അതൊന്നും നടക്കില്ല ഏട്ടാ ..
ഞാൻ അതൊന്നും ഇപ്പോൾ ചിന്തിക്കാറില്ല …

ഞാൻ എഴുന്നേറ്റു കൈ കഴുകി അവളുടെ അടുത്ത ചെന്ന് അവളെ എന്റെ നേരെ തിരിച്ചു നിർതിയിട്ട് ഞാൻ ചോദിച്ചു .. ഇനിയും സമയം ഉണ്ട് തുടങ്ങാൻ ,നാളെ നിനക്ക് അതൊരു വേദനയായി നിന്റെ മനസ്സിൽ കിടക്കരുത് ,അത്‌ എനിക്ക് സഹിക്കില്ല..

അവൾ വിതുമ്പി കൊണ്ട് എന്നെ കെട്ടിപിടിച്ചു .. വലത് കൈ കൊണ്ട് അവളെ ചേർത്ത പിടിച്ചു കൊണ്ട് ഞാൻ ആലോചിച്ചു … ഉള്ളത് കൊണ്ട് കഴിയാൻ മനസ്സ് ഉള്ള പെണ്ണിനെ കല്യാണം കഴിക്കുന്നവർ എല്ലാം ഭാഗ്യവാന്മാരാണ് എന്നെ പോലെ..

Leave a Reply

Your email address will not be published. Required fields are marked *