ജന്മപുണ്യം
(രചന: Raju Pk)
രാവിലെ പകുതി തുറന്ന ജനൽ പാളിയിലൂടെ ഇളംവെയിലിനോടൊപ്പം അകത്തേക്ക് കയറുന്ന തണുത്ത കാറ്റിന്റെ കുളിർമയിൽ ഉണർന്നിട്ടും മടിയോടെ കിടക്കുമ്പോഴാണ് അമ്മയുടെ വിളി.
മോനെ ഹരി എഴുന്നേറ്റില്ലേ ഇതുവരെ എന്തൊരു ഉറക്കമാ ഇത്..?
രാഘവേട്ടൻ ഇപ്പോൾ വരും പത്തു മണിക്കാണ് അവിടെ ചെല്ലാമെന്ന് പറഞ്ഞിരിക്കുന്നത്…
എണീക്കു മോനെ…
ദാ വരണൂ അമ്മേ…
ഒരു അധ്യാപകൻ ആകുക എന്നുള്ളതായിരുന്നു ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആഗ്രഹിച്ച ജോലിയും കിട്ടി. അനുജത്തിയുടെ വിവാഹവും കഴിഞ്ഞു.
സത്യത്തിൽ പെണ്ണുകാണൽ മടുത്തു തുടങ്ങി അമ്മയെ പേടിച്ച് പോകാതിരിക്കാനും വയ്യ. ഇന്നു കാണാൻ പോകുന്നത് പതിനെട്ടാമത്തെ പെണ്ണാണ്.
നാളും ജാതകവും എല്ലാം നോക്കിയിട്ടാണ് പോകുന്നത്. കാലം എത്ര മാറിയാലും ഇതിൽ മാത്രം ഒരു വിട്ടുവീഴ്ചയ്ക്ക് ആരും തയ്യാറല്ല. പുറമേ പറയും ഇതിലൊക്കെ എന്തിരിക്കുന്നു എന്ന്. സ്വന്തം കാര്യം വരുമ്പോൾ ആണ് ഇവരുടെയെല്ലാം തനിസ്വഭാവം അറിയുന്നത്…
ഇനിയും എഴുന്നേറ്റില്ലെങ്കിൽ അമ്മ തണുത്ത വെള്ളവുമായി വരും. ഈ അമ്മയ്ക്ക് ഇടയ്ക്ക് വല്ലാത്ത കുറുമ്പാ…
അച്ഛൻ എവിടെ അമ്മേ..?
രാവിലെ കൃഷിഭവൻ ലേക്ക് എന്നും പറഞ്ഞു പോയിട്ടുണ്ട് മാമനും ഉണ്ട് കൂടെ. പച്ചക്കറി വിത്തുകൾ വാങ്ങാൻ ഇനി എപ്പോ വരുമോ ആവോ..?
അച്ഛന്റെ കൃഷിയിലുള്ള താല്പര്യം ഞങ്ങൾക്കും ഈ നാട്ടുകാർക്കും ഒരുപാട് വലിയ ഗുണമാണ്. വിഷവിമുക്തമായ പച്ചക്കറി. മറുനാടൻ പച്ചക്കറികളെ ഞങ്ങൾ അധികം ആശ്രയിക്കാറില്ല…,
ചായ കുടിക്കാൻ ഇരുന്നപ്പോഴേക്കും രാഘവേട്ടൻ എത്തി. പിന്നെ പെൺകുട്ടിയെ പറ്റിയുള്ള സംസാരമായി. പേര് അമൃത വയസ്സ് ഇരുപത്തിമൂന്ന് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു…
മതി നമ്മൾ അങ്ങോട്ട് അല്ലേ പോകുന്നത്…?
പതിനൊന്നു മണിയോടെ ഞങ്ങൾ എത്തി. ഓടിട്ട ഒരു വീട് നല്ല ഐശ്വര്യമുള്ള ഒരു അമ്മ. കൂലിപ്പണിക്കാരനായ അച്ഛൻ ഡിഗ്രിക്ക് പഠിക്കുന്ന അനിയൻ. ഒറ്റനോട്ടത്തിൽ നല്ല സ്നേഹമുള്ള കുടുംബം പരസ്പരമുള്ള പരിചയപ്പെടലുകൾക്ക് ശേഷം അമൃതയെ വിളിച്ചു.
ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി വെച്ചിട്ടുള്ളത് പോലെ തോന്നിക്കുന്ന ഒരു പെൺകുട്ടി. അത്ര പ്രസന്നം അല്ലാത്ത മുഖഭാവം. ചിരിയിൽ പോലും ഒരു…..
ദിവസത്തിൽ കൂടുതൽ സമയവും കുട്ടികളോടൊത്ത് കഴിയുന്ന എനിക്ക് അമൃതയെ ഒറ്റനോട്ടത്തിൽ ഒരുപാട് ഇഷ്ടമായി. ജന്മാന്തരങ്ങളുടെ പരിചയം പോലെ..
നിങ്ങൾക്ക് തനിയെ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ എന്ന ചോദ്യവുമായി രാഘവേട്ടൻ..?
എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ എന്നുള്ള അർത്ഥത്തിൽ ഞാൻ അമൃതയെ നോക്കി..?
ഒന്നും ഇല്ല എന്ന അർത്ഥത്തിൽ എന്നെ കണ്ണുകൾ അടച്ച് കാണിച്ചു…
ചെറുക്കനും പെണ്ണിനും പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് അടുത്ത ദിവസം അച്ഛനും അമ്മയും മറ്റു ബന്ധുക്കളും ഒന്ന് കാണട്ടെ എന്നിട്ട് കാര്യങ്ങൾ തീരുമാനിക്കാം എന്ന് ശേഖരേട്ടൻ…
അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ തിരികെ ഇറങ്ങി… അടുത്ത ദിവസം അച്ഛനും അമ്മയും നിത്യയും മാമന്മാരും വല്യച്ഛനും കൂടി അങ്ങോട്ട് പോയി. എല്ലാവരും വലിയ സന്തോഷത്തിലാണ് തിരികെ വന്നത്.
അനിയത്തി കുട്ടിയുടെ മുഖം മാത്രം ഒരു തെളിച്ചം ഇല്ലാതെ എന്തുപറ്റി ഇവൾക്ക്..?
എല്ലാവരും പിരിഞ്ഞപ്പോൾ അവൾ എന്റെ മുറിയിലേക്ക് വന്നു. ഏട്ടാ.. എനിക്ക് അമൃതയെ നേരത്തെ അറിയാം. അവൾക്ക് എന്നെ മനസ്സിലായിട്ടില്ല നമുക്ക് വേണ്ട ഈ ബന്ധം.
ഞങ്ങൾ പഠിച്ച കോളേജിൽ രണ്ടുവർഷം ഞങ്ങളെക്കാൾ സീനിയർ ആയിരുന്നു അമൃത
അവരുടെ തൊട്ടടുത്ത വീട്ടിലെ കുട്ടിആയിരുന്നു ആൻസി. ആൻസി എന്റെ ബെസ്റ്റ് ഫ്രണ്ടും.
എല്ലാവരുമായി നല്ല സ്നേഹബന്ധം നിലനിർത്തിയിരുന്നവരാണ് അവരുടെ കുടുംബം പ്രത്യേകിച്ചും അയൽവാസികളുമായി. എപ്പോൾ വേണമെങ്കിലുംആർക്കും കയറിച്ചെല്ലാവുന്ന ഒരു വീട്.
അങ്ങനെ ഒരു ദിവസമാണ് സ്വന്തം കൂടപ്പിറപ്പിനെ പോലെ കരുതിയിരുന്ന തൊട്ടടുത്ത വീട്ടിലെ ശരത് സുഹൃത്തിന്റെ അനുജത്തിയുടെ വിവാഹവും അതിന്റെ ആഘോഷങ്ങളും കഴിഞ്ഞ് മ ദ്യത്തിന്റെ ല ഹരിയിൽ വീട്ടിലെത്തുന്നത്.
വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന അവസരത്തിൽ മ ദ്യത്തിന്റെ ല ഹരിയിൽ അയാൾ അമൃതയെ കീഴ്പ്പെടുത്തി. എല്ലാം കഴിഞ്ഞപ്പോഴാണ് വിവേകബുദ്ധി ഉണരുന്നത്. അമൃതയുടെ കാൽക്കൽ വീണ് മാപ്പ് അപേക്ഷിച്ചു എല്ലാം നഷ്ടപ്പെട്ട അമൃത മറ്റേതോ ലോകത്തായിരുന്നു..
വീട്ടിൽ തിരിച്ചെത്തിയ ശരത് ഒരുമുഴം കയറിൽ സ്വന്തം ജീവൻ ഉപേക്ഷിച്ചു. ഇന്ന് അവന്റെ മരണകാരണം അറിയാവുന്നവർ. അമൃതയും അമ്മയും ആൻസിയും ഞാനും ഇപ്പോൾ എന്റെ ഏട്ടനും മാത്രം…
ഇതെല്ലാം എനിക്കറിയാം എന്നുള്ള കാര്യം അമൃതയ്ക്കറിയില്ല. ഞാൻ അറിഞ്ഞ കാര്യങ്ങൾ ഈ അവസരത്തിൽ എനിക്ക് എന്റെ ഏട്ടനോട് പറയാതിരിക്കാൻ കഴിയില്ല.
മോളെ ഈ ഒരു കാരണം കൊണ്ട് എനിക്ക് ഈ ബന്ധം വേണ്ടെന്നു വയ്ക്കാൻ കഴിയില്ല. അമൃത ഇതിൽ പൂർണ്ണമായും നിരപരാധി അല്ലേ നിനച്ചിരിക്കാത്ത നേരത്ത് വന്ന ഒരാപത്ത്. അങ്ങനെ മാത്രമേ ഞാൻ ഇതിനെ കാണുന്നുള്ളൂ…
ഏട്ടാ ഞാൻ…
ഒരുപാട് വലിയ മനസ്സാണ് എന്റെ ഏട്ടന്റെ..
ഈ കാര്യം അറിയാവുന്ന അവസാനത്തെ ആൾ ആയിരിക്കട്ടെ നിന്റെ ഏട്ടൻ..
ഒരുപാട് താമസിയാതെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ആദ്യം കുറേ ദിവസം വലിയ സങ്കടങ്ങൾ ആയിരുന്നു ആ മുഖത്ത്. എന്റെ സ്നേഹത്തിനു മുന്നിൽ അവൾ പതിയെ കീഴടങ്ങുകയായിരുന്നു….
ഞങ്ങൾക്ക് രണ്ടു കുട്ടികളുമായി. ഇന്ന് സ്നേഹനിധിയായ അവളുടെ അമ്മ അല്ല ഞങ്ങളുടെ അമ്മ. ജീവിതത്തിൽ നിന്നും വിടവാങ്ങി.
എല്ലാം കഴിഞ്ഞ് വീട്ടിൽ വന്ന് എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞു കൊണ്ട് അവൾ എന്നോട് പറഞ്ഞു. ഏട്ടാ എന്റെ ജീവിതത്തിൽ ഞാൻ ഏട്ടനോട് ഒരു വലിയ ചതി ചെയ്തിട്ടുണ്ട്. അമ്മ ജീവിച്ചിരിക്കുമ്പോൾ ഞാനിത് വേറൊരാളോട് പറയില്ലെന്ന് അമ്മയ്ക്ക് ഞാൻ വാക്ക് നൽകിയിരുന്നു…
ഇത് പറഞ്ഞു കഴിയുമ്പോൾ ഒരു പക്ഷേ ഏട്ടൻ എന്നെ വെറുക്കുമായിരിക്കും. എനിക്ക് എന്റെ ഏട്ടനെ തന്നെ നഷ്ടപ്പെടുമായിരിക്കും. എല്ലാം എന്റെ വിധിയായി ഞാൻ സമാധാനിച്ചോളാം.
അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
ശരത്തിന്റെ മരണകാരണം അല്ലേ എന്നോട് പറയാൻ പോകുന്നത് നമ്മുടെ കല്യാണത്തിന് എത്രയോ മുന്നേ എനിക്ക് അതറിയാവുന്നതാണ്. എങ്ങനെ ആണ് അറിഞ്ഞത് എന്ന ചോദ്യം വേണ്ട.. ഞാൻ ഇത് പറഞ്ഞതും.
എത്ര പെയ്തിട്ടും തോരാത്ത പേമാരിയായി അവൾ എന്നിലേക്ക് പെയ്തിറങ്ങി. അവസാനം നിറഞ്ഞ കണ്ണുകളോടെ എന്നോട് പറഞ്ഞു എന്റെ ജന്മപുണ്യമാണ് എന്റെ ഏട്ടൻ…
അത് പറഞ്ഞതും തിരിച്ചൊന്നും പറയാൻ കഴിയാത്ത വിധംഎന്നെ നിശബ്ദനാക്കി കൊണ്ട് കെട്ടിപ്പുണർന്നു.
പിന്നീടാണ് എല്ലാം മറന്നുള്ള അമൃതയുടെ സ്നേഹം ഞാൻ അറിയുന്നത്. പിന്നീട് ഒരിക്കലും ആ കണ്ണുകളിൽ സങ്കടങ്ങളുടെ തിരയിളക്കം ഞാൻ കണ്ടിട്ടില്ല…