ഹരിയേട്ടനുമായുള്ള വിവാഹ മോചനതോടെ എല്ലാം ശരിയാകും എന്നാണ് കരുതിയത്, എന്നാൽ..

അർഹത
(രചന: Raju Pk)

നിർത്താതെ അടിക്കുന്ന കോളിംഗ് ബെൽ ശബ്ദം മനസ്സിൽ വല്ലാത്ത അലോസരം ഉണ്ടാക്കി ആരാകും ഈ സന്ധ്യ നേരത്ത്. മക്കൾ രണ്ടും പഠനത്തിലാണ് തുറന്നുകിടക്കുന്ന ജനൽ പാളിയിലൂടെ ഞാൻ പുറത്തേക്ക് ഒന്ന് എത്തിനോക്കി.

നന്ദേട്ടൻ. മാമന്റെ മകൻ ഞങ്ങൾ പഠിച്ചതും വളർന്നതുമെല്ലാം ഒരുമിച്ചാണ് എന്നെക്കാൾ രണ്ടു വർഷം സീനിയർ.

വർഷ ഞാൻ വന്നത് നാളെ കൊച്ചിയിൽ ഒരു കമ്പനിയിലേക്ക് ഇന്റർവ്യൂ നടക്കുന്നുണ്ട് ഒരുപാട് അവസരങ്ങൾ ഉണ്ട് നീ വരുന്നോ എന്നറിയാനാണ് ഞാൻ പോകുന്നുണ്ട് ഇപ്പോൾ ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ അവസ്ഥ വളരെ മോശമാണ്.

എന്ത് ചോദ്യമാ നന്ദേട്ടാ..?

ഇവിടുത്തെ കാര്യങ്ങൾ നന്ദേട്ടന് അറിയില്ലേ മക്കൾ അവരെപ്പറ്റി ഓർക്കുമ്പോഴാണ് സങ്കടം സഹിക്കാൻ കഴിയാത്തത്. എന്ത് ജോലി ആയാലും മതി ഒരു സ്ഥിരവരുമാനം അതില്ലാതെ ഇനി മുന്നോട്ടു പോകാൻ കഴിയില്ല.

എല്ലാം ശരിയാകും നീയൊന്ന് സമാധാനപ്പെടു.

ഹരിയേട്ടനുമായുള്ള വിവാഹ മോചനതോടെ എല്ലാം ശരിയാകും എന്നാണ് കരുതിയത്. എന്നാൽ അതോടെ എല്ലാം തകർന്നടിയുകയായിരുന്നു.

മാസംതോറും കോടതിവിധിയുടെ ആനുകൂല്യത്തിൽ ലഭിച്ചിരുന്ന പണവും ഇല്ലാതായിട്ട് ഒരുവർഷത്തിലേറെ ആയിരിക്കുന്നു. ആൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല.

വർഷ നീ കണ്ണുകൾ തുടയ്ക്ക് കുട്ടികൾ കണ്ടാൽ അവർക്കതു മതി.

എല്ലാം എന്റെ തെറ്റല്ലേ നന്ദേട്ടാ ..?

എത്ര സ്നേഹത്തോടെയാണ് മഹേഷേട്ടൻ എനിക്കൊരു ജീവിതം വച്ചുനീട്ടിയത്. അത് കാണാനുള്ള ഒരു നന്മയുള്ള മനസ്സില്ലായിരുന്നു എനിക്കന്ന്. പണം മാത്രമേ അദ്ദേഹത്തിന് കുറവുണ്ടായിരുന്നുള്ളൂ കാലുകൊണ്ട് തട്ടി തെറിപ്പിക്കുകയായിരുന്നു ഞാൻ.

എല്ലാം വിധിയാണ് വർഷ.

അതെ ഞാൻ ചോദിച്ചു വാങ്ങിയ വിധി ആർഭാടങ്ങളോടുള്ള എന്റെ അടങ്ങാത്ത അഭിനിവേശം എന്റെ അതിരുകടന്ന സംസാരമാണ് പഠനം പോലും പാതിവഴിയിൽ ഉപേക്ഷിച്ചു കോളേജിനോട് വിട പറയാൻ മഹേഷേട്ടനെ പ്രേരിപ്പിച്ചത്.

എന്നോട് പ്രണയാഭ്യർത്ഥന നടത്താൻ തനിക്ക് എന്ത് യോഗ്യതയുണ്ട് എന്ന എന്റെ ചോദ്യത്തിന് മുന്നിൽ നിറഞ്ഞ കണ്ണുകളോടെ കുനിഞ്ഞ ശിരസ്സുമായി നമ്മുടെ മുന്നിലൂടെ നടന്നുപോയ ആ രൂപം ഇന്നും മനസ്സിൽ മായാതെയുണ്ട്.

നന്ദേട്ടന്റെ സുഹ്യത്താണെന്ന പരിഗണനപോലും ഞാൻ നൽകിയില്ല മംഗലത്തെ രാഘവ മേനോന്റെ ഒറ്റ മകൾ എന്നുള്ള അഹങ്കാരം..

ഒന്നിനു പിറകെ മറ്റൊന്നായി അച്ഛന്റെ ബിസിനസ്സുകൾ തകർന്നടിഞ്ഞപ്പോൾ താങ്ങായി നിൽക്കേണ്ട അമ്മ അച്ഛനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് തിരികെ പോയപ്പോൾ അച്ഛന്റെ തകർച്ച പൂർണ്ണമായി.

പിടിച്ചു നിൽക്കാനുള്ള അവസാന ശ്രമം അതായിരുന്നു ഹരിയേട്ടനുമായുള്ള എന്റെ വിവാഹം ഹരിയേട്ടൻ മയക്കു മരുന്നിനടിമയായിരുന്നു എന്നറിയാമായിരുന്നിട്ടു കൂടി വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. ഞങ്ങൾ പിരിയുന്നത് കാണാൻ അച്ഛൻ ഉണ്ടായില്ല. വിധി അങ്ങനെ ആശ്വസിക്കാനാണ് എനിക്കിഷ്ടം.

വർഷ നിനക്കറിയാത്ത വേറൊരു മുഖം കൂടി ഉണ്ടായിരുന്നു മഹേഷിന് സ്വന്തം ചിലവുകൾ ചുരുക്കി മറ്റുള്ള കുട്ടികളെ എത്രയോ സഹായിച്ചിരിക്കുന്നു അവൻ. അവനിൽ നിന്നായിരുന്നു പണമുണ്ടാക്കുന്നതിന്റെ മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെ കഥന കഥകൾ ഞങ്ങൾ അറിയുന്നത്.

നമ്മുടെ മുന്നിൽ കാണുന്ന അവരുടെ കഷ്ടപ്പാടുകൾ പോലും നമ്മൾ പലപ്പോഴും കാണാൻ ശ്രമിക്കാറില്ല ഇപ്പോഴാണ് അവന്റെ വാക്കുകളുടെ വില നമ്മൾ മനസ്സിലാക്കുന്നത്. ഇപ്പോൾ എവിടെ ആണെന്നു പോലും അറിയില്ല.

എവിടെ ആണെങ്കിലും നന്നായിരിക്കട്ടെ നന്ദേട്ടാ.

ശരി അപ്പോൾ രാവിലെ കാണാം. രാത്രിയിൽ യാത്ര പറയുന്നില്ല. രാത്രി നന്നായി ഒന്ന് ഉറങ്ങാൻ പോലും കഴിഞ്ഞില്ല ഒരു ജോലി അത് മാത്രമായിരുന്നു മനസ്സിൽ.

അതിരാവിലെ എഴുന്നേറ്റ് മക്കൾക്കുള്ള ചോറും കറിയും തെയ്യാറാക്കി എല്ലാം അമ്മയെ പറഞ്ഞേൽപ്പിച്ച് നേരെ അമ്പലത്തിലേക്ക് ഭഗവാനെ മനസ്സുരുകി വിളിച്ചു നിറഞ്ഞ കണ്ണുകൾ മറ്റാരും കാണാതെ തുടച്ച് പുറത്തിറങ്ങി പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു നന്ദേട്ടൻ.

എട്ടരയോടെ ഞങ്ങൾ എത്തി ഇ വി എം ഗ്രൂപ്പ് കോടികളുടെ വ്യാപാര ശൃംഗലയുടെ അധിപർ ശക്തമായ സെക്യൂരിറ്റി സംവിധാനം പത്ത് മണിക്കേ അകത്തേക്ക് വിടു എന്നറിഞ്ഞു.

അപ്പോഴാണ് അകത്ത് ചെടികൾ നനച്ചു കൊണ്ട് നിൽക്കുന്ന ആളിൽ കണ്ണുകൾ ഉടക്കുന്നത്

നന്ദേട്ടാ…

മഹേഷേട്ടനല്ലെ അത്.?

ഞങ്ങളുടെ ഉച്ചത്തിലുള്ള വിളിയിൽ അവൻ ഞങ്ങളെ കണ്ടു അവൻ അടുത്തേക്ക് വന്നതും സെക്യൂരിറ്റി വാതിൽ തുറന്ന് തന്നു. അകത്തേക്ക് കയറിയ ഞങ്ങളെ അവൻ വിസ്മയത്തോടെ നോക്കുന്നുണ്ടായിരുന്നു.

മഹേഷേട്ടാ ഇവിടെ ഇതാണോ ജോലി

”എന്ത് ജോലി ചെയ്താലും നമ്മുടെ മനസ്സിന്റെ സന്തോഷവും സമാധാനവും അതല്ലേ വലുത് വർഷ..’

നീ ഒട്ടും മാറിയിട്ടില്ലല്ലോടാ മഹേഷ് അന്നും ഇന്നും ഒരു പോലെ.

നിങ്ങൾ വല്ലതും കഴിച്ചോ എന്താ ഇവിടെ ..?

ഇവിടെ ജോലി ഒഴിവ് അറിഞ്ഞ് വന്നതാണ്.

അവൻ ഞങ്ങളേയും കൂട്ടി അകത്തേക്ക് നടന്നു ഇതൊരു വലിയ കമ്പനിയാണ് ശുപാർശ കൊണ്ട് ഇവിടെ ഒരു ജോലി നേടുക അസാധ്യമാണ് നിങ്ങളുടെ കഴിവും ആത്മവിശ്വാസവും ഭാഗ്യവും പോലിരിക്കും അൽപസമയത്തിനകം ഭക്ഷണം എത്തി ഒരു പാട് വർഷങ്ങൾക്കു ശേഷം ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

പോകുന്നതിനു മുൻപ് വീണ്ടും കാണാം എന്ന ഉറപ്പിൽ എല്ലാ വിധ ആശംസകളും നേർന്ന് മഹേഷേട്ടൻ പുറത്തേക്ക് നടന്നു.

നൂറോളം ഒഴിവിലേക്ക് ആയിരങ്ങൾ ഞങ്ങളെ രണ്ടു പേരേയും ഒരുമിച്ചാണ് അകത്തേക്ക് വിളിച്ചത് അകത്ത് പതിനഞ്ചോളം പേരടങ്ങുന്ന ഇന്റർവ്യൂ ബോർഡ് അതിന്റെ നടുവിൽ സി ഇ ഒ എന്നെഴുതിയ ബോർഡിനു പിറകിൽ മഹേഷേട്ടൻ.

കൺമുന്നിൽ കാണുന്നത് സത്യമോ മിഥ്യയോ എന്നുറപ്പിക്കാൻ അൽപനേരമെടുത്തു..

പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം പോലും നെൽകാൻ കഴിഞ്ഞില്ല മനസ്സാകെ കൈവിട്ടു പോയിരുന്നു.

അവസാനം ഞങ്ങളോട് പുറത്തിരിക്കാൻ പറഞ്ഞു പരസ്പരം ഒന്നും സംസാരിക്കാൻ ഇല്ലാതെ ഞങ്ങളും. കുറെ കഴിഞ്ഞ് വീണ്ടും അകത്തേക്ക് വിളിച്ചു നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു മഹേഷേട്ടൻ.

നന്ദൻ അഭിനന്ദനങ്ങൾ നിനക്ക് നാളെ മുതൽ ജോലിയിൽ പ്രവേശിക്കാം സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു.

സോറി വർഷ താൻ ഈ ജോലി നേടുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു  വരുന്നുണ്ട് നിറയെ അവസരങ്ങൾ വീണ്ടും ശ്രമിക്കണം. അതു വരെ എന്റെ ഒരു സുഹ്യത്തിന്റെ കമ്പനിയിൽ ഒരു ജോലി ശരിയാക്കിയിട്ടുണ്ട് നാളെ മുതൽ തനിക്കും അവിടെ ജോലിയിൽ പ്രവേശിക്കാം..

എന്റെ കണ്ണുകളിലൂടെ സങ്കടം പൊട്ടിയൊഴുകി എന്നാലും മഹേഷേട്ടാ സമ്പത്തിന്റെ മടിത്തട്ടിൽ ജനിച്ച് വളർന്നിട്ടും അന്നും ഇന്നും ഒരുപോലെ എങ്ങനെ കഴിയുന്നു.

വർഷ ജീവിതം ഒന്നേ ഉള്ളൂ നമുക്കെല്ലാവർക്കും ലഭിക്കുന്ന അവസരം നല്ല കാര്യങ്ങൾക്ക് ചില വഴിക്കണം. പണം കൊണ്ട് നേടാൻ കഴിയാത്ത പലതുമുണ്ട് ജീവിതത്തിൽ. പണ്ട് എന്റെ എല്ലാ കാര്യങ്ങളും ഞാൻ സത്യസന്ധമായി പറഞ്ഞിരുന്നെങ്കിൽ ഇന്ന് താൻ എന്റെ കൂടെ ഉണ്ടാകുമായിരുന്നു.

പക്ഷെ എന്നേക്കാൾ എന്റെ സമ്പത്തിനെയായിരിക്കും താൻ കൂടുതൽ സ്നേഹിക്കുക. നമുക്ക് വിധിച്ചതേ ലഭിക്കു അർഹതപ്പെട്ടതേ അനുഭവിക്കാവൂ അർഹതയില്ലാത്തത് ആഗ്രഹിക്കാനേ പാടില്ല..

”അതാണ് എന്റെ അച്ഛനമ്മമാർ എന്നെ പഠിപ്പിച്ചത് ഇപ്പോൾ ജീവിതം എന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതും.”

Leave a Reply

Your email address will not be published. Required fields are marked *