ജീവനേക്കാളേറെ സ്നേഹിക്കുന്നവന്റെ മുന്നിൽ ഏട്ടത്തിയമ്മയായി, ഏട്ടനായി കണ്ടവന് മുന്നിൽ..

(രചന: ശിവാനി കൃഷ്ണ)

“അച്ഛേ…നിക്ക്…നിക്ക് മഹിയേട്ടനെ ആണിഷ്ടം…” പറഞ്ഞതും മുഖം അടച്ചു ഒരടിയായിരുന്നു …

കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടുമ്പോഴും ഒന്നും പറയാനാവാതെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആവാതെ കണ്ണീരൊഴുക്കി നോക്കി നിക്കുന്ന അമ്മയുടെ മുഖം എന്നെ കൂടുതൽ തളർത്തി…

ബെഡിലേക്ക് വീഴുമ്പോഴേക്കും മഹിയേട്ടന്റെ ഓർമ ശരീരവും മനസ്സും ഒരുപോലെ നോവിച്ചു…

ബാല്യത്തിൽ കണ്ണിമാങ്ങ പറിച്ചു തന്ന് ഒരു ചിരിയോടെ കൂടെ നടന്നവൻ… കൗമാരപ്രായത്തിൽ മഞ്ഞപട്ടുപ്പാവാടയിൽ താൻ സുന്ദരിയായിട്ടുണ്ടെന്ന് പറഞ്ഞവൻ…

പതിനെട്ടാം പിറന്നാളിന് തനിക്കായി ഒരു കരിമണികൊലുസ്സ് സമ്മാനിച്ചവൻ… വീടെത്താൻ വൈകുമ്പോൾ സുരക്ഷിതമായി ചേർത്ത് പിടിച്ചവൻ…

പിറകേ നടന്നു ശല്യം ചെയ്തവനെ അടിച്ചു നിലംപരിശാക്കിയവൻ.. എന്നും അമ്പലത്തറയിൽ തനിക്കായി കാത്തുനിന്നവൻ…

സന്ധ്യകളിൽ തനിക്കായി ഞാവൽപഴം നീട്ടി ഒരിളം ചിരിയോടെ നിന്നിരുന്നവൻ…  ആദ്യമായും അവസാനമായും മിഴികളിൽ എന്നെ മാത്രം നിറച്ചു പ്രണയം പറഞ്ഞവൻ…

അവസാനം എന്റെ ഉള്ളിൽ പ്രണയത്തിന്റെ വിത്ത് പാകിയാവാൻ…

വൈകി ആണെങ്കിൽ പോലും താനും പ്രണയിച്ചവൻ… വൈകി ആണോന്ന് അറിയില്ല… അത്രയും നാളും താനും പ്രണയിച്ചിരുന്നോ…അതും അറിയില്ല…എങ്കിലും ന്തൊ ഒരു പ്രിത്യേക വികാരം ആയിരുന്നു മഹിയേട്ടനോട്…

എപ്പോഴും കാണാൻ കൊതിക്കുന്ന മുഖം… ഓർമയിൽ തന്നെ മുഖത്ത് പുഞ്ചിരി വിരിയിപ്പിക്കുന്നവൻ..

അയാളുടെ കൈകളാൽ ചുറ്റി നെഞ്ചിൽ ചേർന്ന് നിൽക്കാൻ എന്ത് മാത്രം കൊതിച്ചിട്ടുണ്ട്…ആ കണ്ണുകളിലൊരു കുരുക്ക് ഇട്ടത് പോലെ കുടുങ്ങി കിടക്കുന്നതോർത്ത് എത്രയോ രാവുകൾ ഇരുട്ടി വെളുപ്പിച്ചിട്ടുണ്ട്…

ഇഷ്ടമാണെന്ന് താൻ പറയുമ്പോഴും ഒന്ന് ചേർത്ത് പിടിക്കുകയായോ ചുംബിക്കുകയോ ചെയ്യാതെ ഒരു നോട്ടത്തിലൂടെ മാത്രം മുഴുവൻ പ്രണയവും പകർന്നു തന്നവൻ…

എങ്ങനെ ഞാൻ അയാളെ ഇഷ്ടപ്പെടാതിരിക്കും… ഇത്രമേൽ ആഴത്തിൽ ഒരുവന് സ്നേഹിക്കാൻ കഴിയുമോ എന്ന് പോലും തോന്നിയിട്ടുണ്ട്… അത്രയും തീവ്രമായ ആത്മാർഥമായ ജീവനായ പ്രണയം…

ഇന്നിപ്പോൾ മഹിയേട്ടന്റെ ഏട്ടനെ ഞാൻ വിവാഹം ചെയ്യണം എന്ന് പറഞ്ഞാൽ എങ്ങനെയാണു…അത് ചതി അല്ലേ..അതിന് നിക്ക് കഴിയോ….ചേട്ടനായി കണ്ടവനെ…അതിനേക്കാളുപരി മഹിയേട്ടനോട് അല്ലാതെ ഒരു ജീവിതം…

ഓർക്കുംതോറും അതെന്നിൽ നിന്നും വിദൂരമാണെന്ന തോന്നൽ ഏറി വരുന്നു…കൊടുത്ത വാക്കിൽ ഉറച്ചുനിൽക്കുന്ന കാർക്കശ്യസ്വഭാവക്കാരനായ അച്ഛനോട് അമ്മയ്ക്ക് പോലും മറുത്തൊന്നും പറയാനാവില്ല…

കുഞ്ഞേച്ചി മുറിയിലേക്ക് വന്നപ്പോൾ ഒരുതരം ആശ്വാസമായിരുന്നു…ഇത്രയും നേരം മുങ്ങിത്താഴ്ന്ന ചുഴിയിൽ നിന്ന് ആരോ കൈനീട്ടിയത് പോലെ…

“മോളെ…മറക്കില്ലേ നീ അവനെ…” ഒരു ഞെട്ടലോടെയാണ് കുഞ്ഞേച്ചിയുടെ വാക്കുകൾ കാതിൽ പതിച്ചത്…

“ചേച്ചി എന്താ ഈ പറയുന്നേ…മഹിയേട്ടൻ ഇല്ലാതെ…പറ്റില്ല…മരിച്ചു പോകും…ദേ ഈ നെഞ്ച് നീറി മരിച്ചു പോകും ഞാൻ…ഇപ്പോ തന്നെ നോക്ക് കുഞ്ഞേച്ചി…നോവുന്നുണ്ട്…ശരീരം പോലും നോവുന്നു…വല്ലാതെ നോവുന്നു…സഹിക്കാൻ പറ്റുന്നില്ലെനിക്ക്….മരിച്ചു പോകുന്ന പോലെ…”

“മോളെ….”

“സത്യാ കുഞ്ഞേച്ചി…എന്ത് വേദന ആണെന്നോ… എവിടുന്നൊക്കെയോ വേദനിക്കുന്നു…നെഞ്ചിൽ ആരോ കത്തി കുത്തി ഇറക്കിയ പോലെ… ചേച്ചിക്കും എന്നെ മനസിലാവുന്നില്ലേ… ഇല്ലല്ലേ.. അതിന് ചേച്ചി പ്രണയിച്ചിട്ടില്ലല്ലോ…”

“മ്മ്ഹ്…നിക്ക് മനസിലാവും കുഞ്ഞി… പ്രണയത്തിന്റെ വേദന എന്തെന്ന് എന്നെക്കാൾ കൂടുതൽ മറ്റാർക്കാണ് മനസിലാവുക…”

“കുഞ്ഞേച്ചി….”

“അറിയണോ നിനക്ക്…നിന്നെ അറിയിക്കാതെ ഇവിടെയുള്ള ജന്മങ്ങൾ മറച്ചു വച്ച എന്റെ എന്നോ കൊഴിഞ്ഞു പോയ ജീവനും ജീവിതവും എന്താണെന്ന് നിനക്ക് അറിയണോ…”

ഒരുവേള ആ കണ്ണുകളിൽ നിന്നൊഴുകുന്നത് ചോര ആണെന്ന് തോന്നി…ഇത്രയും വേദനയോടെ ഒരിക്കൽ പോലും കുഞ്ഞേച്ചിയെ ഞാൻ കണ്ടിട്ടില്ല…

“ദേവേട്ടൻ….എന്റെ പ്രണയം…അന്നും ഇന്നും എപ്പോഴും ഞാൻ പ്രണയിക്കുന്നവൻ…”

“കുഞ്ഞേച്ചി…ന്താ ഈ പറയുന്നേ…നമ്മുടെ… നമ്മുടെ ആദിയേട്ടനോ…”

“മ്മ്….നിങ്ങടെ ആദിയേട്ടൻ…എന്റെ മാത്രം ദേവേട്ടൻ… എന്നോ എപ്പോഴോ ഉള്ളിൽ തോന്നിയ പ്രണയം…തുറന്ന് പറയാൻ ചെല്ലുമ്പോൾ അന്ന് ആ കണ്ണുകളിൽ കണ്ടത് എന്നോടുള്ള പ്രണയത്തിന്റെ തിളക്കം ആണെന്ന് മനസിലായതോടെ തുറന്ന് പറയാൻ നിന്നില്ല…

പറയാതെ തന്നെ ഞങ്ങൾ പ്രണയിച്ചു….ഒരു പുഞ്ചിരിയിലൂടെ എന്നെ മനോഹരമായി പ്രണയിക്കാൻ പഠിപ്പിച്ചവൻ…എനിക്ക് സ്വന്തമായവൻ….

എങ്ങനെയോ അച്ഛൻ അറിഞ്ഞു ഞങ്ങടെ ബന്ധം… മേലേടത്തെ കാര്യസ്ഥന്റെ മകനുമായുള്ള ബന്ധം കുടുംബത്ത് ആർക്കും ഒരിക്കലും സ്വീകാര്യം അല്ലായിരുന്നു…ഒരു താലി കയ്യിൽ കൊടുത്ത് കെട്ടാൻ പറഞ്ഞപ്പോഴും എന്നെ എതിർത്തതെ ഉള്ളു…

എന്നിട്ടും കൊന്ന് കളഞ്ഞില്ലേ അവരെന്റെ ദേവേട്ടനെ….. നീയും കണ്ടതല്ലേ പാതി കണ്ണ് തുറന്ന് ജീവനറ്റു കിടന്ന ആ ശരീരം…എന്റെ ജീവനാരുന്നു… എന്റെ ജീവിതം… സേതുവേട്ടനുമായി കല്യാണം ഉറപ്പിച്ചപ്പോഴും ഞാൻ അയാളോട് തുറന്ന് പറഞ്ഞതാണ് എല്ലാം…

പക്ഷേ അയാൾക്ക് അതൊന്നും ഒരു പ്രശ്നം ആയിരുന്നില്ല…മരിക്കാൻ പോലും നശിച്ച വിധി എന്നെ അനുവദിച്ചില്ല മോളെ….നിനക്കും വേണോ ഇങ്ങനൊരു വിധി…മഹി…അവനെങ്കിലും ജീവനോടെ ഇരിക്കട്ടെ….”

“ചേച്ചി…….വേ…വേണ്ട…നിക്ക് വേണ്ട…ഞ…ഞാൻ സഹിച്ചോളാം…ന്റെ മഹിയേട്ടൻ…”

കരഞ്ഞു തളർന്ന് ഉറങ്ങുമ്പോഴും ആ കണ്ണുകൾ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു…പിറ്റേന്ന് ആൽത്തറയിൽ വെച്ച് നമുക്ക് പിരിയാമെന്ന് പറയുമ്പോൾ ആ മുഖത്തു വിരിഞ്ഞ ഭാവം എന്താണെന്ന് മനസിലായില്ല…

ഞാൻ കള്ളി ആണെന്ന് കരുതി കാണുമോ…വെച്ച് നീട്ടിയ സ്നേഹമെല്ലാം കാപട്യം ആണെന്ന് കരുതി കാണുമോ…ഉണ്ടാവില്ല…മഹിയേട്ടന് അല്ലാതെ ആർക്കാണ് എന്നെ മനസ്സിലാവുക….

ഏറ്റവും അടുത്ത മുഹൂർത്തത്തിൽ മഹിയെട്ടന്റെ ഏട്ടനുമായി എന്റെ വിവാഹം നടത്തുമ്പോഴും ഉള്ളിലും കണ്ണിലും നിറഞ്ഞു നിന്നത് ആ കാപ്പികണ്ണുകൾ  മാത്രമായിരുന്നു….

ജീവനേക്കാളേറെ സ്നേഹിക്കുന്നവന്റെ മുന്നിൽ ഏട്ടത്തിയമ്മയായി,ഏട്ടനായി കണ്ടവന് മുന്നിൽ ഭാര്യയായി അഭിനയിക്കാൻ പഠിച്ചപ്പോഴേക്കും വിധി എന്നെ വിജയിപ്പിച്ചിരുന്നു…

മാറിടത്തിലെ വളർന്ന് തുടങ്ങുന്ന കാൻസർ കോശങ്ങളോട് എനിക്ക് പ്രണയം ആയിരുന്നു… മഹിയേട്ടനെ അല്ലാതെ മറ്റാരെയെങ്കിലും ഞാൻ പ്രണയിച്ചിട്ടുണ്ടെങ്കിൽ അത് അവരെ ആയിരുന്നു…

തലയിൽ തിങ്ങി നിറഞ്ഞു നിന്നിരുന്ന മഹിയേട്ടന് ഏറ്റവും ഇഷ്ടമുള്ള ന്റെ മുടിഴിയികൾ ഊർന്നു വീഴാൻ തുടങ്ങി…മാറിടം ശൂന്യമായി…എന്നിലെ ഞാൻ എവിടെയോ പോയി മറഞ്ഞു….

മരണത്തെ കാത്തിരിക്കുമ്പോഴും താലി കെട്ടിയവൻ ചേർ്ത്ത് പിടിക്കാതെ ഓടി അകന്നിരുന്നു… അപ്പോഴും ഉള്ളിൽ ആ കടുംകാപ്പി മിഴിയെ പ്രണയിച്ചവൾ ഉണർന്നിരുന്നു..ആ വേദന സഹിക്കാൻ കഴിയാതെ ഒരു വാതിലിനപ്പുറം അവനും…

Leave a Reply

Your email address will not be published. Required fields are marked *