ആൾക്കാരുടെ മുന്നിൽ പത്രാസ് കാണിക്കാൻ കിട്ടുന്ന ഒരു അവസരവും അവൾ കളയില്ല അതിനുള്ള..

(രചന: അനു)

ഇക്കാ…

ഉം..

ഇക്കാ……….

എന്താടി…

ഇങ്ങോട്ടൊക്കീ…..

ഉം..

ഇങ്ങളിങ്ങട്ട് നോക്കി മനുഷ്യനെ.. ഇതെന്ത് ന്ന് ഹലാക്കിലെ വായനേണിത്.. നേരം വെളുത്തപ്പ തൊട്ട് ങ്ങളിതിമ്മലെന്നെല്ലേ.. ഇയ്‌നും മാണ്ടി ന്ത്‌ന്നാണ് ഇതിലിപ്പം.. ങ്ങടെ ഒരു പത്രം വായന..

ഞമ്മളെ സങ്കടം ആരോട് പറയാനാ.. അല്ലേങ്കിലും ഞമ്മക്കറിയാ.. ഞമ്മക്ക് ങ്ങടെ അടുക്കളപ്പൊറത്ത് ങ്ങനെ മണ്ടിപ്പായനെന്നെ യോഗം.. ന്റെ വിധി പടച്ചോനെ..

ഇതും പറഞ്ഞു  തറ ചവിട്ടി പൊട്ടിച്ചാണ് സൈനബ തിരിച്ചു അടുക്കളയിലേക്ക് പോയത്..

ആ പോക്കിൽ എന്തോ ഒരു പന്തികേടില്ലേ.. ആലോചിച്ചിട്ട് നസീമിന് ഒരു പിടിയും കിട്ടിയില്ല..

ഇന്നലെ വൈകിട്ടും അവൾക്കിഷ്ടപ്പെട്ട ഉള്ളിവടയും ഉണ്ടംപൊരിയും തന്നെ ആണല്ലോ കൊണ്ടുവന്നത്.. രാത്രി ഉറങ്ങുന്ന വരെയും പ്രത്യക്ഷത്തിൽ വേറെ ആഭ്യന്തര കലഹങ്ങൾ ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ടുമില്ല..

എന്നാലും ഒന്നു രണ്ടു ദിവസമായി എന്തോ ഒരു കുഴപ്പം സൈനുന് ഇല്ലേ??  സാധാരണ ഞാൻ വൈകിട്ട് വന്നാൽ കലപില പറഞ്ഞു എന്റെ കീഴീന്ന് മാറാത്തവളാ.. രണ്ടു ദിവസമായി എന്തോ വല്യൊരു ആലോചന.. ഉറക്കത്തിൽ എന്തോ പിച്ചും പേയും പറയുന്നതും കേട്ടു.. എന്താ പറഞ്ഞതെന്ന് അങ്ങോട്ട് മനസ്സിലായതും ഇല്ല..

“വയറിലാണിക്കാ.. വയറിലാ.. “

അങ്ങനെ എന്തോ.. വിളിച്ചുണത്തി ചോദിച്ചപ്പോ
“ങ്ങക്കിത് ന്ത് ന്ന് പിരാന്ത് പാതിരാത്രീല് “

എന്നും പറഞ്ഞു അവൾ എന്നെ ചീത്ത പറഞ്ഞതാണല്ലോ.. എന്താരിക്കും കാര്യം?

എടാ ഷാനു നിന്റെ ഉമ്മച്ചിക്ക് എന്താടാ പറ്റിയെ?

അറിയില്ല ഉപ്പച്ചിയേ.. ഇടക്കിടക്ക് എല്ലാരുടേം ഫോണിൽ മാറി മാറി നോക്കുന്നുണ്ട്… എന്നിട്ടെന്തൊക്കെയോ ഒറ്റക്ക് പറഞ്ഞോണ്ട് നടക്കുന്നുണ്ട് ഉപ്പച്ചിയേ.. രണ്ടീസായി ഇത് തൊടങ്ങീട്ട്..

അപ്പൊ സംശയിച്ചത് ശരി തന്നെ.. എന്തോ കാര്യം ഉണ്ട്….

എന്തിന്റെ ശിങ്കാരി മേളമാണ് സൈനു  രാവിലെ എന്റടുത്തു വന്ന് ഉമ്മറത്തും പിന്നെ അടുക്കളയിൽ  ബിരിയാണി ചെമ്പിലും പാത്രങ്ങളിലും നടത്തുന്നതെന്നറിയാൻ നസീo അടുക്കളയിലെത്തി.

സൈനോ.. എന്താടി പെണ്ണെ നിനക്ക്.. നീ കാര്യം പറ.. നമ്മക്ക് പരിഹാരം ണ്ടാക്കാംന്ന്.. അന്റെ ഇക്കാ അല്ലെ പറയണേ മുത്തേ.. നീ കാര്യം പറ.. നസീമിന്റെ വാക്കുകൾ അവളിൽ ഒരു ചിരി വിടർത്തി.

അല്ലെങ്കിലും ഏത് പെണ്ണാണ് കെട്ടിയോന്റെ പഞ്ചാര വാക്കിൽ വീഴാത്തത്.. പാത്രങ്ങളിലെ ശിങ്കാരി മേളം തല്ക്കാലം നിലച്ചു..

അതേ… ഇക്കാ..

ആ.. നീ കാര്യം പറയെടീ..

ഞമ്മക്കും വൈറലാകണം..

ങേ..

ആ ഇക്കാ.. ഈ ഫേസ്ബുക്കിലൊക്കെ ആൾക്കാര് വൈറലാകൂല്ലേ.. അതേ മാരി ഞമ്മക്കും വൈറലാകണം.. ഞമ്മടെ പോസ്റ്റ്‌ കണ്ടിട്ട് ആൾക്കാര് ‌ ഷെയറും ലെയ്ക്കും ഒക്കെ ചെയ്തുങ്ങാണ്ട് ഞമ്മക്കും വൈറലാകണം…

അപ്പൊ ഞമ്മൾ ഫെയ്മസാകും.. ന്നിട്ട് മാണം അരീക്കോട്ട് ന്റോടെ പോയി നാലീസം നിക്കാന്..

അസൂയേണിക്കാ. ന്റോടെ നാട്ടാരിക്ക് മുയ്മനും ഞമ്മളെ ഇപ്പം തന്നെ അസൂയേണ് .. ങ്ങളെ പോലെത്തെ ഉദ്യോഗക്കാരൻ ഞമ്മളെ നാട്ടില് വന്ന് ഞമ്മളെ പ്രേമിച്ചു കെട്ടീല്ലേ.. അയിന്റെ അസൂയക്കാരാ മുയ്മനും..

ന്റെ റബ്ബേ ഞ്ഞിപ്പോ ഞമ്മൾ ഫേയ്മസും കൂടിയായാല്… ന്റെ പടച്ചോനെ ഞമ്മളെ പിന്നെ പിടിച്ചാ കിട്ടൂല്ല..

ഒറ്റ ശ്വാസത്തിൽ അവളിത് പറഞ്ഞു തീർത്തതും അന്തം വിട്ട് കുന്തം വിഴുങ്ങി ഞാനും ഷാനും..

ഇവളെ ഇനി ഇതെങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്..

kseb ഓഫീസിൽ ജോലി ഉണ്ടാരുന്നപ്പോഴാണ് കറന്റ്‌ ബില്ല് അടക്കാൻ ബാപ്പാടെ കൂടെ വന്ന തനി നാട്ടും പുറത്തു കാരി ഈ പൊട്ടി പെണ്ണിനെ ആദ്യം കാണുന്നത്.. കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടായി..

കല്യാണത്തിന് അവളുടെ വീട്ടുകാർ എതിരൊന്നും പറഞ്ഞില്ല.. പഠിക്കാൻ ഭയങ്കര മിടുക്കി ആരുന്നത് കൊണ്ട്  ആള്  എട്ടിൽ തോറ്റു.. പിന്നെ സ്കൂളിൽ പോയില്ല.. അവളുടെ ബാപ്പ അന്നേ മുന്നറിയിപ്പ് തന്നതാ.. ആളിച്ചിരി വാശിക്കാരത്തിയാ.. ബാപ്പാടെ പുന്നാരിപ്പിന്റേയാണെന്ന്.. ..

കല്യാണം കഴിഞ്ഞിട്ടും, പത്തു പന്ത്രണ്ടു  കൊല്ലം ആയി, ഈ ടൗണിൽ താമസം ആയിട്ടും അവളുടെ പൊട്ടത്തരത്തിനും പത്രാസിനും  കുറവൊന്നും ഇല്ല..

ആൾക്കാരുടെ മുന്നിൽ പത്രാസ് കാണിക്കാൻ കിട്ടുന്ന ഒരു അവസരവും അവൾ കളയില്ല.. അതിനുള്ള പുതിയ ഐഡിയ  ആണ് ഇപ്പൊ ഇത്..

എടീ സൈനു .. നീയെന്താണീ പറയണത്..  വൈറൽ ആകാനൊക്കെ നിന്നെ  കൊണ്ട് എങ്ങനെ പറ്റും ന്നാ.. അതിനൊക്കെ ഒരു മിനിമം സാമൂഹ്യ ബോധം എങ്കിലും വേണം .. നിനക്ക് ബിരിയാണിയും നെയ്ച്ചോറും വെക്കാനും അരീക്കോട്ട് പോയി പത്രാസ് കാട്ടാനും അല്ലാതെ വേറെ എന്തറിയാം..

നമ്മടെ നാട്ടില് നടക്കണ എന്തെങ്കിലും കാര്യം നിനക്ക് അറിയോ.. പത്രം വായിക്കുവോ നീ .. tv തുറന്നാല് സീരിയൽ അല്ലാതെ news എന്തെങ്കിലും കാണലുണ്ടോ.. നാട്ടിലെ ഒരു കാര്യോം അറിയാത്ത നീയെങ്ങനെ വൈറൽ ആകും .. അപ്പൊ ഇതാരുന്നു നീ രാത്രി ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞത് അല്ലേ ..

ഓഹ്‌.. ങ്ങള് ഒരു വല്യാള്..

ങ്ങക്കും അസൂയേണ്..

ഞമ്മൾ ഫെയ്മസ് ആയാല് അയിന്റെ അസൂയ.. ങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യം നടക്കൂല.. ഞമ്മള്  നോക്കിക്കോളാ..

സൈനബ വീണ്ടും ഹാലിളകി തുള്ളി..

വീട്ടിലെ അരീം സാനങ്ങളൊക്കെ തീർന്നീന്.. ഒന്ന് പോയി വാങ്ങി വെരാനെങ്കിലും ങ്ങക്ക് പറ്റോ.. ഇല്ലെങ്കില് ഒരു മണി അരീന്റെ ചോറ് ങ്ങക്ക് ഞമ്മള് തെരൂല്ല.. ഇനി നിന്നാൽ ശരിയാവില്ല എന്ന് അറിയാവുന്നത് കൊണ്ട് സാധനം വാങ്ങാൻ ലിസ്റ്റും എടുത്തു ഞാൻ അപ്പഴേ സ്ഥലം വിട്ടു..

സൈനബ വീണ്ടും ആലോചന തുടർന്നു.. വൈറൽ ആയെ അവൾക്ക് വിശ്രമം ഉള്ളു.

നേരം കൊറേ ആയല്ലോ റബ്ബേ ഇക്ക പോയിട്ട്.. കാണാനില്ലല്ലാ.. മഴേം പെയ്ത്.. നാശം.. ഇക്ക കോട്ടെടുത്തോ ആവോ..

ആരോ വെരുണുണ്ടല്ലാ..

ആരാപ്പോ ഈ നേരത്ത്.. ഇക്ക അല്ലല്ലോ..

അടുത്ത വീട്ടിലെ ചെക്കനാണ്..

ചേച്ചി… നസീമക്കേടെ സ്കൂട്ടർ  ആ വളവിലെ ഗട്ടറിൽ ഒന്ന് മറിഞ്ഞു.. മഴ ആയതു കൊണ്ട് കണ്ടില്ലന്ന് തോന്നുന്നു.. ഹോസ്പിറ്റലിൽ കൊണ്ടു പോയിട്ടുണ്ട്.. കുഴപ്പം ഒന്നും ഇല്ല.. ചേച്ചി വേഗം ഹോസ്പിറ്റലിലോട്ട് ചെല്ല്..

ന്റെ പടച്ചോനെ.. ന്റെ ഇക്കാ എവിടാണെന്റെ റബ്ബേ..

കേട്ട പാതി കേൾക്കാത്ത പാതി സൈനബ മോനേം എടുത്തു അലച്ചു തുള്ളി ആശുപത്രിയിൽ എത്തി.. നസീമിനെ കണ്ടതും അവൾക്കു സമാധാനം ആയി.. കാര്യമായി ഒന്നും പറ്റിയിട്ടില്ല.. എങ്കിലും കുഴിയിൽ വീണു കാലിനു ചെറിയ പൊട്ടലുണ്ട്..

പിന്നെയാണ് കളി മാറിയത്..അല്പ സമയത്തിനുള്ളിൽ നസീം ഫേസ്‌ബുക്കിലും whatsappilum ഒക്കെ നിറഞ്ഞു..  പിറ്റേ ദിവസം പത്രത്തിലും വന്നു വാർത്ത നസീമിന്റെ ഫോട്ടോ സഹിതം.. പല പ്രാവശ്യം പരാതി കൊടുത്തിട്ടും റോഡ് നന്നാക്കാത്തതിന്റെ പ്രതിഷേധവും..

സൈനുവിന്റെ ഭാഷയിൽ അവളുടെ ഇക്ക അങ്ങനെ വൈറലായി..

ഇതൊക്കെ കണ്ട് പാവം സൈനു..

നസീം ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞു മഴയത്തു ഇറങ്ങി ഓടിയതാ.. ഇപ്പൊ നല്ല തലവേദന, പനി, ചുമ, ശ്വാസം മുട്ടൽ..

കുഴപ്പം ഒന്നും ഇല്ലെന്നേ… ഡോക്ടർ പറഞ്ഞു ഇത് ” വൈറലാ”..മഴ നനഞ്ഞതിന്റെയാ..  രണ്ടാഴ്ച റസ്ററ് എടുക്കു.. മാറിക്കോളും…

ഇതും പറഞ്ഞു dr മരുന്ന് കുറിക്കുമ്പോൾ അവൾ സമാധാനിച്ചു..ന്തായാലും ” വൈറൽ” ആയല്ലോ പടച്ചോനെ.. അത്‌ മതി.. ന്നാലും അരീം സാനങ്ങളും വാങ്ങാൻ ഇക്കാന്റെ ഒപ്പം ഞമ്മളും പോയാ മതിയേര്ന്നു ന്റെ റബ്ബേ..

Leave a Reply

Your email address will not be published. Required fields are marked *