എടാ നീ പെട്ടന്നൊന്ന് റെഡിയാവ് നമുക്ക് ഒരിടം വരെ പോവണം, ഒരു പെണ്ണ് കാണാനാ എൻ്റെ..

വളയം
(രചന: Raju Pk)

പത്താം ക്ലാസ്സെന്ന ഉയർന്ന വിദ്യാഭ്യാസ യോഗ്യതക്കും മുപ്പത്തി ഒന്ന് വയസ്സെന്ന വല്ലാത്ത പ്രായത്തിനുമിടയിൽ വിവാഹമെന്ന സ്വപ്നം മാത്രം പൂവണിയാതെ നീണ്ട് പോകുന്നത് കാണുമ്പോൾ മനസ്സിൽ ചെറിയൊരു വിഷമം തോന്നാതിരുന്നില്ല.

ഭാര്യക്കും കുട്ടികൾക്കും നൽകാൻ വച്ചിരുന്ന സ്നേഹം കൂടി തൊടിയിലെ പാവലിനും പയറിനും വാഴക്കും മറ്റു പച്ചക്കറികൾക്കും പകർന്ന് നൽകിയപ്പോൾ…

അവരാ സ്നേഹം ഇരട്ടിയായി തിരിച്ചുനൽകി അതു കൊണ്ട് ഒത്തിരി ബാങ്ക് ബാലൻസ് ഒന്നും ഇല്ലെങ്കിലും  വലുതല്ലെങ്കിലും സ്വന്തമായി പണികഴിപ്പിച്ച വീട്ടിൽ അമ്മയോടൊപ്പം കഴിഞ്ഞ് പോകുന്നു.

എങ്കിലും അമ്മ ഇടക്കിടെ വിവാഹത്തെപ്പറ്റി ഓർമ്മിപ്പിക്കും ശാന്തമായി കത്തുന്ന വിളക്കിലേക്ക് ചെറിയ ഒരു കാറ്റടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഉലച്ചിൽ പെട്ടന്ന് ഞാൻ അമ്മയോട് പറയും,

”ഞാനതിന് പെൺകുട്ടി ഒന്നും അല്ലല്ലോ അമ്മേ  പുരനിറഞ്ഞ് നിൽക്കാൻ പിന്നെ മുപ്പത്തി ഒന്ന് വയസ്സ് കഴിഞ്ഞാൽ…

വിവാഹ സമയം മുപ്പപ്പത്തി അഞ്ച് വയസ്സിലെന്നാണ് ജാതകത്തിൽ അമ്മ വലിയ തിരക്കൊന്നും കൂട്ടണ്ട കുറച്ച് കാലം കൂടി നമുക്ക് സ്നേഹത്തിലിങ്ങനെ പോകാം”

”രാവിലെ ഗോപൻ വരുന്നുണ്ടല്ലോ അമ്മേ ഇവനെന്താ ഇത്ര രാവിലെ..?

”എടാ നീ പെട്ടന്നൊന്ന് റെഡിയാവ് നമുക്ക് ഒരിടം വരെ പോവണം. ഒരു പെണ്ണ് കാണാനാ എൻ്റെ ഏട്ടന് പറഞ്ഞ പെണ്ണാണ് ആളൊരു ഡ്രൈവർ ആണെന്നറിഞ്ഞപ്പോൾ അവൻ പതിയെ കാലുമാറി നിനക്കു വിരോധം ഒന്നും ഇല്ലെങ്കിൽ…

പെട്ടന്ന് റെഡിയാവ് അച്ഛൻ്റെ കൂട്ടുകാരൻ്റെ മകളാണ് ചെല്ലുന്ന സമയം പറഞ്ഞിട്ട് പെട്ടന്ന് വരില്ലെന്ന് പറയാൻ വയ്യ അവിടെ അമ്മയും പെൺകുട്ടിയും തനിച്ചേ ഉള്ളൂ.നമുക്കൊന്ന് കണ്ടിട്ട് പോരാം ഇഷ്ടമായില്ലെങ്കിൽ വിട്ടു കളയാം”

”പോയി നോക്ക് മോനേ എന്ന് അമ്മയും.

പെൺകുട്ടിയുടെ വീട്ടിൽ എത്തുമ്പോൾ മുറ്റത്ത് ഒരാബുലൻസ് ഇനി വല്ല കിടപ്പ് രോഗികൾ ആരെങ്കിലും കാണുമായിരിക്കും പാലിയേറ്റീവ്കാർ വല്ലവരും ആകും.

കാണാൻ നല്ല മുഖശ്രീ ഉള്ള ഒരമ്മ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.ചെറുതെങ്കിലും നല്ല വൃത്തിയുള്ള വീടും പരിസരവും ഓരോന്ന് പറഞ്ഞിരിക്കുമ്പോൾ വെളുത്ത സുന്ദരിയായ ഒരു പെൺകുട്ടി ചായയുമായി വന്നു. നല്ലൊരു പുഞ്ചിരിയും സമ്മാനിച്ചു.

പേര് ചോദിക്കാനായി ആ മുഖത്തേക്ക് നോക്കിയതും അവൾ പറഞ്ഞു.

”എൻ്റെ പേര് ബൃന്ദ ഞാൻ ആബുലൻസ് ഡ്രൈവറാണ് ഡിഗ്രി കഴിഞ്ഞ് ഒരു ജോലിക്കായി ശ്രമിക്കുമ്പോഴാണ് ഒരു റോഡപകടത്തിൽ പെട്ട് അച്ഛൻ മരിക്കുന്നത്…

ആബുലൻസ് ഡ്രൈവറായ അച്ഛൻ എത്രയോ പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ടാവും അവസാനം അച്ഛനെ ആശുപത്രിയിൽ എത്തിക്കാൻ ആരും ഇല്ലാതെ രക്തം വാർന്ന് ബാക്കി പൂർത്തിയാക്കാൻ കഴിയാതെ ആ കണ്ണുകൾ നിറഞ്ഞൊഴുകി”

”ചെറുപ്രായത്തിലേ അച്ഛനിൽ നിന്നും വാഹനം ഓടിക്കാൻ അത്യാവശ്യം പഠിച്ചിരുന്ന ഞാൻ പതിനെട്ട് വയസ്സ് പൂർത്തിയായപ്പോൾ
ലൈസൻസ് സ്വന്തമാക്കിയിരുന്നു.

പിന്നീട് അമ്മയുടെ മൗനം സമ്മതമായെടുത്ത് ബന്ധുക്കളുടെ പലരുടേയും എതിർപ്പോടെ അച്ഛൻ്റെ വാഹനം ഞാൻ ഏറ്റെടുത്തു. എൻ്റെ അച്ഛനേപ്പോലെ ഒരാളും ഇനി എൻ്റെ കൺമുന്നിൽ പിടഞ്ഞ് തീരരുത്.

ഡ്രൈവിംഗ് സീറ്റിലേക്ക് കയറുമ്പോൾ ഞാൻ ആദ്യം പ്രാർത്ഥിക്കുന്നത് ആബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തുന്നതു വരെ ഒരാളും മരണപ്പെടരുത് എന്നാണ്”

പെട്ടന്നവളുടെ ഫോൺ ശബ്ദിച്ചു.

പള്ളിപ്പടിയിൽ ഒരപകടം ഞാൻ ചെല്ലട്ടെ ഉത്തരം എന്താണെങ്കിലും അറിയിച്ചാൽ മതി ചേട്ടനെപ്പറ്റി എല്ലാം  ഗോപേട്ടൻ പറഞ്ഞിരുന്നു.

മുറ്റത്ത് നിന്നും വല്ലാത്ത വേഗതയിൽ ആബുലൻസുമായി അവൾ പുറത്തേക്ക് പായുമ്പോൾ എൻ്റെ മനസ്സും അവൾക്കൊപ്പം ആയിരുന്നു.

വൈകിട്ട് നേരിൽ കണ്ട് സമ്മതം അറിയിക്കുമ്പോൾ ആ മുഖം നാണത്താൽ വല്ലാതെ പൂത്തുലഞ്ഞിരുന്നു.

അധികം വൈകാതെ ഞങ്ങളുടെ വിവാഹവും കഴിഞ്ഞു. ഇന്ന് വീട്ടുമുറ്റത്ത് ആബുലൻസിൻ്റെ എണ്ണം അഞ്ചായി. അത്യാവശ്യ ഘട്ടങ്ങളിൽ ഞാനും പോകാറുണ്ട്.

ആബുലൻസുമായി രോഗിയുടെ ജീവനുമായി മത്സരിച്ചോടുമ്പോൾ നമ്മൾ അവർക്ക് വഴിമാറി കൊടുക്കുമ്പോൾ…

ആ വാഹനവുമായി കുതിക്കുന്ന ഡ്രൈവർക്കു വേണ്ടിയും നമ്മൾ ഒരു നിമിഷം പ്രാർത്ഥിക്കണം അവർക്കൊരാപത്തും വരുത്തരുതേ എന്ന്…

Leave a Reply

Your email address will not be published. Required fields are marked *