അമ്മയ്ക്കും ഭാര്യയ്ക്കും ഇടയിൽ ഒരു വിഡ്ഢിയായ് വിനുവെന്ന ചെറുപ്പക്കാരൻ എരിഞ്ഞു തീരുന്നത് അവളോ..

(രചന: രജിത ജയൻ)

“വിനൂ.. അമ്മയാണ് ലൈനിൽ ,നിന്നോടെന്തോ പറയാനുണ്ടെന്ന് .. നിന്റെ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ലാന്ന് ..

ഞായറാഴ്ച രാത്രി അജയുടെ വീടിലെ പതിവു ഒത്തുചേരലിൽഎല്ലാവരും കൂടിയിരുന്ന് ഒരാഴ്‌ചത്തെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടയിൽ അജയൻ പെട്ടെന്ന് വിനുവിനോടായ് പറഞ്ഞു കൊണ്ട് തന്റെ കയ്യിലെ ഫോണവനു നേരെ നീട്ടിയപ്പോൾ എല്ലാവരും സംസാരം നിർത്തി ശ്രദ്ധ അവരിലേക്ക് തിരിച്ചു.

കിച്ചണിനരുകിലായ് എല്ലാവരുടെയും സംസാരം കേട്ടൊരു ചിരിയോടെ നിന്നിരുന്ന ആര്യ പെട്ടന്നു തന്നെ വിനുവിനരികിലായ് വന്നു നിന്നു

അമ്മയോട് സംസാരിച്ച് ഫോൺ വെയ്ക്കുമ്പോൾ വിനുവിന്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന ടെൻഷൻ ആര്യയിലൊരു പരിഭ്രമം ഉണ്ടാക്കി ..

“എന്താടാ നിനക്കൊരു ടെൻഷൻ ..? അമ്മ എന്തു പറയുന്നു..?

അജയൻ ചോദിച്ചു കൊണ്ടവനരികിലിരുന്നു

“ഏയ് ടെൻഷനൊന്നുമില്ല അജയ് ,അമ്മയ്ക്കെന്തോ ഒരു വയ്യായ്ക പോലുണ്ട് സംസാരത്തിൽ ,ചിലപ്പോൾ നാട്ടിലെ ചൂടിന്റെയാവും ..

” ഒന്ന് നാട്ടിലേക്ക് ചെല്ലാമോന്ന് ചോദിക്കുവായിരുന്നു അമ്മ

“നീ എന്നാലൊന്ന് നാട്ടിൽ പോയ് അമ്മയെ കണ്ടിട്ടു വാടാ .. കുറച്ചായില്ലേ നാട്ടിൽ പോയിട്ടും അമ്മയെ കണ്ടിട്ടും ..

അജയുടെ അടുത്തിരുന്ന ദീപക് വിനുവിനോടായ് പറഞ്ഞു.

“പോണംന്നും നിൽക്കണമെന്നും ആഗ്രഹം മാത്രമുണ്ടായിട്ടു കാര്യമില്ലല്ലോ ദീപു, പെട്ടന്നി വിടെ നിന്ന് പോവാനുള്ള സാഹചര്യം കൂടി വേണ്ടേ..?

“ഒന്ന് മാറി നിന്ന് തിരിച്ചിങ്ങോട്ടു വരുമ്പോഴേക്കും എത്ര രൂപയാണ് നഷ്ട്ടം വരുന്നതെന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയാലോ ..?

”നിനക്കീ കഷ്ട്ടപ്പാടിന്റെയൊന്നും യാതൊരു ആവശ്യവുമില്ലല്ലോ വിനൂ..

” ഇട്ടു മൂടാൻ മാത്രം സമ്പത്തുണ്ട് നിനക്ക് നാട്ടിൽ ..

”നീയൊറ്റ മകനാണ് നിന്റെ മാതാപിതാക്കൾക്ക് എന്നിട്ടും ഈ ബാംഗ്ലൂരിൽ വന്ന് നീയിങ്ങെനെ കഷ്ട്ടപ്പെടുന്നത് എന്തിനാടാ ..?

“നിനക്ക് നാട്ടിൽ തന്നെ നിന്നൂടെ..?
നിന്റെ അച്ഛനും അമ്മയ്ക്കുമെല്ലാം സന്തോഷം ആവുകയും ചെയ്യും ..

“അവർക്കും ഉണ്ടാവില്ലേ അവരുടെ ഏകമകനായ നിന്റെ ഒപ്പം താമസിക്കാനും നിങ്ങളുടെ കുഞ്ഞിനെ കാണാനും കൊഞ്ചിക്കാനും ഒക്കെയുള്ള ആഗ്രഹങ്ങൾ

“നീ എത്രയും വേഗം ആര്യയേയും കൂട്ടി നാട്ടിൽ പോവാൻ നോക്ക്
ഈ അലച്ചിലെല്ലാം നിർത്തി നാട്ടിൽ സ്വസ്തമായ് ജീവിക്കാൻ നോക്ക്, അതോടൊപ്പം ഒരു കുഞ്ഞിനെ പറ്റി കൂടി ചിന്തിക്ക് രണ്ടു മൂന്നു വർഷായില്ലേ കല്യാണം കഴിഞ്ഞിട്ട് .. മതി അടിച്ചു പൊളിച്ചത് ഇനി കുടുംബത്ത് കേറി സ്വസ്തമായ് ജീവിയ്ക്കാൻ നോക്കെടാ…

ഉപദേശ രൂപേണ അജയനും ദീപുവുമെല്ലാം ഓരോന്ന് പറഞ്ഞ് വിനുവിനെ നാട്ടിൽ അമ്മയുടെ അടുത്തെത്തിക്കാനായ് ഓരോന്ന്പറയുമ്പോഴും വിനു നിശബ്ദനായ് അവർ പറയുന്നത് കേട്ടുകൊണ്ടിരുന്നു ഒപ്പം തന്നെ മറ്റാരും കാണാതെ അവന്റെ കൈവിരലുകൾ വിറയ്ക്കുന്ന ആര്യയുടെ കൈയുമായ് മുറുക്കി കോർത്തു വെച്ചിരുന്നു ..

“വിനുവേട്ടാ… വിനുവേട്ടൻ നാട്ടിൽ പോയ് അവരെയെല്ലാമൊന്ന് കണ്ടിട്ട് വന്നോളൂ ..

“ഞാനിവിടെ നിന്നോളാം ഏട്ടൻ വരുന്നത് വരെ ,എനിയ്ക്ക് പേടിയൊന്നുമില്ല തനിച്ച് നിൽക്കാൻ …

അജയുടെ വീട്ടിൽ നിന്ന് തിരിച്ചു വന്ന് തങ്ങളുടെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ വിനുവിന്റെ നെഞ്ചോരം ചാരിയിരിക്കുമ്പോൾ അവനോടായ് ആര്യ പറഞ്ഞു

“അങ്ങനെ നിന്നെ തനിച്ച് നിർത്താനും ഒറ്റപ്പെടുത്തി പോവാനും വേണ്ടിയല്ലല്ലോ പെണ്ണെ ഞാൻ നിന്നെ എന്റെതാക്കിയത് ..?

” എന്നും എപ്പോഴും എനിക്ക് കാണാനും എന്റെ നെഞ്ചിലിതു പോലെയെന്നും ചേർത്തു നിർത്താനും വേണ്ടിയല്ലേ..?

“ആർക്കു വേണ്ടിയും ഒരു നിമിഷത്തേക്ക് പോലും നിന്നെ ഞാൻ മാറ്റി നിർത്തില്ലെടീ .. അതിനു വേണ്ടി മറ്റുള്ളവർ എത്ര തന്നെ നാടകങ്ങൾ നടത്തിയാലും …

അതു പറഞ്ഞു നിർത്തുമ്പോൾ എത്ര ശ്രമിച്ചിട്ടും വിനുവിന്റെ ശബ്ദമൊന്ന് ഇടറിപോയ്

“ആരു നാടകം കളിക്കുന്ന കാര്യമാണ് വിനുവേട്ടൻ പറയുന്നത് ..?വിനുവേട്ടന്റെഅമ്മയോ ..? വെറുതെ പോലും അങ്ങനെയൊന്ന് ചിന്തിക്കല്ലേ വിനുവേട്ടാ .. അമ്മ പാവമാണ് ശരിയ്ക്കും വല്ല വയ്യായ്കയും ഉണ്ടായിട്ടാവും ഏട്ടനെ കാണന്നമെന്ന് തോന്നീട്ടുണ്ടാവുക ,ഏട്ടനൊന്ന് പോയ് കണ്ടിട്ടു വരൂ.. പ്ളീസ് ഏട്ടാ… നമ്മുടെ അമ്മയല്ലേ ..

ആര്യ കെഞ്ചും പോലെ അവനോട് ആവശ്യപ്പെട്ടു

“ഇനി ഇതിനെ പറ്റി ഒരു സംസാരമില്ല ആര്യാ.. ഞാൻ എനിക്കിഷ്ടപ്പട്ട ഒരു പെൺക്കുട്ടിയെ എന്റെ വീട്ടുകാരുടെ സമ്മതമില്ലാതെ കല്യാണം കഴിച്ചുവെന്ന ഒറ്റ കാരണത്താൽ ആ വീട്ടിൽ നിന്ന് എന്നെ ഇറക്കിവിട്ടവരാണ് എന്റെ മാതാപിതാക്കൾ

“തിരിച്ച് എന്നെയിനി അവരുടെ മകനായ് അവർ സ്വീകരിക്കണമെങ്കിൽ നിന്നെ ഉപേക്ഷിച്ച് ഞാൻ തിരികെ അവരുടെ മാത്രം മകനായ് ചെല്ലണമെന്നാണ് അന്നവർ പറഞ്ഞത് ..

“ഇപ്പോഴും അവർ തിരികെ വിളിക്കുന്നതും കാണാൻ ആഗ്രഹിക്കുന്നതും എന്നെ മാത്രമാണ്.

“നിന്നെ അംഗീകരിക്കാത്ത ,നിന്നെ സ്വീകരിക്കാത്ത ഒരിടത്തേക്ക് ഞാനെന്തിന് മടങ്ങിപോവണം ,മടക്കം ഉണ്ടെങ്കിൽ അതു നമ്മൾ ഒന്നിച്ചു മാത്രം

“ഇപ്പോ തന്നെ നീ കണ്ടില്ലേ അമ്മ അജയുടെ ഫോണിൽ വിളിച്ചാണ് എന്നോട് സംസാരിച്ചത് എന്തിനു വേണ്ടി, അവരും കൂടി നിർബന്ധിച്ചെന്നെ നാട്ടിലേക്ക് പറഞ്ഞു വിടാൻ, അതിനു വേണ്ടിയാണിപ്പോഴി വയ്യായ്കയും അസുഖവുമെല്ലാം …

“സ്വന്തം മാതാപിതാക്കൾ ആണവരെന്നും ഞാനൊരിക്കലും അവരെ മറ്റൊരാളുടെ മുന്നിൽ കുറ്റപ്പെടുത്തി സംസാരിക്കില്ലായെന്നും മനസ്സിലുള്ളത് കൊണ്ടാണു ഞാൻ പലപ്പോഴും പലയിടത്തും നിശബ്ദനായ് നിന്ന് കുറ്റങ്ങളെല്ലാം ഏൽക്കുന്നത് ,അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ മുമ്പിൽ ഞാൻ മാതാപിതാക്കളെ നോക്കാത്തവനും അച്ചി കോന്തനും എല്ലാമാണ് …

അവൻ പറഞ്ഞതു കേട്ടതും ആര്യ അവന്റെ നെഞ്ചോരം ചാരിയവനെ ശക്തമായ് പുണർന്നു

“വിനുവേട്ടാ.. അവരുടെയും എന്റെയും ഇടയിൽ നിന്ന് നിങ്ങളൊരുപ്പാട് സങ്കടപ്പെടുന്നുണ്ട് എന്നെനിക്കറിയുന്നത് കൊണ്ടാണ് ഞാൻ ഏട്ടനെ നിർബന്ധിക്കുന്നത് ചെന്ന മ്മയെ കണ്ടിട്ടു വരാൻ…

” എനിക്ക് മനസ്സിലാവും നിങ്ങൾ രണ്ടു കൂട്ടരെയും.

” ഞാൻ കാരണം നിങ്ങൾ തെറ്റുന്നതും അകലുന്നതും എനിക്ക് സഹിക്കാൻ കഴിയില്ല വിനുവേട്ടാ.. ഒന്നു ചെന്ന് കണ്ടിട്ടു വരൂ അമ്മയെ ….

“നിർത്തിക്കോ ആര്യാ ഈ സംസാരം ,നമ്മളെ ഒന്നിച്ചു വിളിക്കുമ്പോഴല്ലാതെയിനി നാട്ടിലേക്ക് ഒരു മടങ്ങിപോക്ക് എനിക്കില്ല ..

” നീ അവരെ മനസ്സിലാക്കിയതുപോലെ അവരും നിന്നെ മനസ്സിലാക്കുന്ന നാൾ വരും അന്നു പോവാം തിരികെ നമ്മുക്ക്

“ഇപ്പോൾ തന്നെ മറ്റുള്ളവരെക്കാളധികം നീയാണെന്നെ നാട്ടിൽ പോവാൻ നിർബന്ധിക്കുന്നത് ,ഇനിയതു വേണ്ട.. നിന്നെയും എന്നെയും പൂർണ്ണമനസ്സോടെ സ്വീകരിക്കാൻ കഴിയുന്ന കാലത്തവർ നമ്മളെ വിളിക്കട്ടെ അന്ന് നമ്മുക്ക് പോവാം
അതുവരെ ഇനിയിതിനെ പറ്റിയൊരു സംസാരമില്ല ..

ഉറപ്പോടെ വിനു പറഞ്ഞു നിർത്തിയതും ആര്യ ഒന്നും മിണ്ടാതെ അവനിൽ നിന്നകന്നു മാറി അകത്തേക്ക് നടന്നു

ആ സമയം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടെങ്കിലും മനസ്സ് സന്തോഷത്താൽ തുടിക്കുകയായിരുന്നു

കാരണം പലവിധ നാടകങ്ങൾ കളിച്ച് വിനുവിനെ തിരികെ പിടിക്കാൻ അവന്റെ വീട്ടുകാർ ശ്രമിക്കുന്നത് വിനുവിന് മുമ്പേ ആര്യ അറിയുന്നുണ്ടായിരുന്നു..

വിനുവിന്റെ മനസ്സിൽ ഇപ്പോൾ വീട്ടുക്കാരെക്കാളധികം സ്ഥാനം തനിക്കാണെന്നവൾക്കറിയാം, അതു തന്നെ ,അവന്റെ വീട്ടുക്കാർ അവരുടെകൂടെ ചേർക്കാതെ അകറ്റി നിർത്തുന്നതു കൊണ്ടാണെന്നും അവൾക്കറിയാം

അങ്ങനെയുള്ളപ്പോൾ അവനെ തന്റേതാക്കി നിർത്താൻ അവൾക്ക് അവനു മുമ്പിൽ അവന്റെ വീട്ടുക്കാരെ ഏറെ സ്നേഹിക്കുന്ന ഭാര്യയായ് അഭിനയിക്കുക മാത്രമേ വഴിയുള്ളു ..

വിനുവിന്റെ വീട്ടുക്കാരെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നൊരു നല്ല മരുമകളായ് അവൾ അവനും മറ്റുള്ളവർക്കും മുമ്പിൽ നിന്നഭിനയിക്കുമ്പോൾ മനസ്സുകൊണ്ടവളെന്നും അവരിൽ നിന്നേറെ അകലെയായിരുന്നു..

വിനുവിന്റെ വീട്ടുകാർക്ക് ആര്യയെ ഉൾക്കൊള്ളാൻ സാധിക്കാത്തതുപോലെ തന്നെ അവൾക്കും ഒരിക്കലും അവരെ തന്റേതായ് കാണാനോ സ്നേഹിക്കാനോ സാധിക്കില്ലായിരുന്നു .

അവളുടെ ലോകത്ത് അവളും വിനുവും പിന്നെ അവർക്ക് പിറക്കാൻ പോവുന്ന കുഞ്ഞുങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു ,എങ്കിലും അവൾ അവനുമുമ്പിൽ അഭിനയിച്ചുകൊണ്ടേയിരുന്നു അവന്റെ വീട്ടുക്കാരെ സ്നേഹിക്കുന്ന ഉത്തമ ഭാര്യയായ് ..

അതിലവളെന്നും വിജയിക്കുമ്പോൾ അമ്മയ്ക്കും ഭാര്യയ്ക്കും ഇടയിൽ ഒരു വിഡ്ഢിയായ് വിനുവെന്ന ചെറുപ്പക്കാരൻ എരിഞ്ഞു തീരുന്നത് അവളോ അവന്റെ അമ്മയോ തിരിച്ചറിയുന്നില്ല ..

വിട്ടുകൊടുക്കാൻ പറ്റാത്ത വിധം ഇറുക്കി പിടിക്കാൻ ശ്രമിക്കുന്ന സ്നേഹത്തിനെന്നും ഒരു നീർ കുമിളയുടെ ആയുസ്സേ ഉള്ളുവെന്ന് അവരൊരു നാൾ തിരിച്ചറിയും …

അന്നവർക്ക് കൈക്കുള്ളിൽ പൊതിഞ്ഞു പിടിക്കാൻ സാധിക്കാത്ത വിധം അവരിൽ നിന്നവൻ അകന്നിട്ടുണ്ടാവും
അതു വരെ ഈ നാടകങ്ങൾ തുടരട്ടെ …